“മരണമെത്തുന്ന നേരത്തു നീയെന്‍റെ
അരികിലിത്തിരി നേരമിരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍”
മേല്‍പറഞ്ഞ വരികള്‍ ഈ അടുത്ത കാലത്തിറങ്ങിയ “സ്പിരിറ്റ്” എന്ന മലയാളം
സിനിമയിലുള്ള റഫീക് അഹമ്മദിന്‍റെ കവിതയാണ്. ഞാന്‍ ഇന്നലെയാണ് ഈ സുന്ദരമായ
കവിത ശെരിക്കും കേള്‍ക്കുന്നത് അത് കേട്ട സമയം മുതല്‍ നെഞ്ചില്‍
എവിടൊക്കെയോ ഒരു വിങ്ങല്‍ ആയി ചില മുഖങ്ങള്‍ കടന്നു വന്നു. അവരില്‍ ചിലരുടെ
ഓര്‍മ്മകള്‍ ഞാന്‍ ഇവിടെ പങ്കു വക്കുന്നു ..... പട്ടണത്തിലെ സ്കൂളില്‍
പഠിക്കുവാന്‍ പോകുന്ന ആദ്യദിനം കൊച്ചുപാലം കവലയില്‍ എത്തി ബസില്‍ കയറിയ
കാര്യം മുന്‍പു സൂചിപ്പിച്ചിരുന്നല്ലോ ആ ദിനത്തിന്‍റെ ഓര്‍മ്മകള്‍ തന്നെ
ഇപ്പോഴും, "ബസിന്‍റെ ജാലകത്തിനപ്പുറത്തു കെട്ടിയിരിക്കുന്ന പടുതയുടെ
കീറലുകള്‍ക്കിടയിലൂടെ തെറിച്ചു വീഴുന്ന മഴത്തുള്ളികളുടെ തണുപ്പ് പോലെ
സുന്ദരമാണ്". ആ യാത്ര ഒരു പേടിയും ജിജ്ഞാസയും ഒക്കെ നിറഞ്ഞതായിരുന്നു
എങ്കിലും ജ്യെഷ്ടനോടും കൂട്ടുകാരോടുമൊപ്പം സ്കൂളില്‍ മെയിന്‍ ഗേറ്റിനു
അടുത്ത് തന്നെയുള്ള അഞ്ചാംക്ലാസ്സിന്‍റെ ക്ലാസ്സുമുറികളിലെ ഏറ്റവും
വലത്തെയററത്തായിരുന്ന
എന്‍റെ ക്ലാസ് മുറിയില്‍ എത്തി. ആദ്യ ബെഞ്ചില്‍ അപ്പോളേക്കും കുട്ടികള്‍
നിറഞ്ഞിരുന്നു. തൊട്ടു പുറകിലെ ബെഞ്ചില്‍ കടന്നിരിക്കുമ്പോള്‍ ഒരു
“ഉണ്ടകണ്ണന്‍” മിടുക്കന്‍ എന്നെ പുഞ്ചിരിയോടെ സ്വീകരിച്ചു അവന്‍ തന്നെ
സംഭാഷണത്തിന് ആരംഭം കുറിച്ചു, പേരും ,വീടും,കാര്യങ്ങളുമൊക്കെ പരസ്പരം
ചോദിച്ചറിഞ്ഞു, ഒരു സൌഹൃദത്തിന്‍റെ ആരംഭം കുറിച്ചപ്പോളെക്കും അമ്മയുടെ
വിരല്‍തുമ്പില്‍ പിടിച്ചു ഒരു സുന്ദരന്‍ ഞങ്ങളുടെ അടുത്തേക്ക് കടന്നു വന്നു
.അവനെ ഞങ്ങളുടെ ഒപ്പമിരുത്താന്‍ നോക്കിയെങ്കിലും അവന്‍ എതിര്‍ത്തു നിന്നു.
ആ അമ്മ ഞങ്ങളോട് പേരും,വീടും വീട്ടില്‍
ആരൊക്കെയുണ്ട് എന്നുമൊക്കെയുള്ള വിവരങ്ങള്‍ തിരക്കി ‘ഉണ്ടകണ്ണന്‍’തന്‍റെ
പേര് "ലിജു ജോസഫ് "എന്നും ഞാന്‍ "ജോഷി കുര്യന്‍ പോള്‍" എന്നും
പറഞ്ഞപ്പോളും ആ സുന്ദരന്‍ ഇപ്പോള്‍ കരയും എന്ന മട്ടില്‍ അമ്മയുടെ
സാരിപ്പുറകില്‍ ഒളിച്ചു നില്‍പ്പാണ് .അവന്‍റെ അമ്മയുടെ നിര്‍ബന്ധത്തിനു
വഴങ്ങി ഒടുവില്‍ അവന്‍ തന്‍റെ പേര് "ഈപ്പെന്‍ ജേക്കബ്" എന്ന് പറഞ്ഞു .ആ
അമ്മ കൂടുതല്‍ നേരം ഞങ്ങളുമായി സംസാരിച്ചപ്പോള്‍ എന്‍റെപോലെ തന്നെ അവന്‍റെ
പപ്പയും മരിച്ചു പോയെന്നും, ആ അമ്മക്ക് ഇവന്‍ മാത്രമാണ് മകന്‍ എന്നുമൊക്കെ
ഞങ്ങള്‍ക്ക് മനസ്സിലായി ആ അമ്മ എന്നോടും വളരെ സ്നേഹത്തോടെ സംസാരിച്ചു.
ഞങ്ങളെ അവനുമായി സൌഹൃധത്തില്‍ ആക്കി .അവന്‍റെ ആദ്യത്തെ കരച്ചില്‍ ഭാവം
ഒക്കെ
മാറി ഞങ്ങളുടെ കൂടെ സംസാരിക്കാനും ഒക്കെ തുടങ്ങി. ലിജു ആണ് അതിനു മുന്‍കൈ
എടുത്തത് എല്ലാവരുമായി സൗഹൃദം സ്ഥാപിക്കാന്‍ അവനൊരു പ്രത്യേക
കഴിവായിരുന്നു. ആ ഉണ്ടകണ്ണന്‍ കൂട്ടുകാരനെ ഞാന്‍ പത്താം തരത്തിന് ശേഷം
ഒരിക്കല്‍പോലും കണ്ടിട്ടില്ല എങ്കിലും ഇന്നും അവനെ നന്നായി ഓര്‍ക്കുന്നു
പുതിയ സ്കൂളിലെ എന്‍റെ ആദ്യ കൂട്ടുകാരന്‍ ആയിരുന്നല്ലോ അവന്‍ . അവനെ
കുറിച്ചല്ല ഞാനിവിടെ എഴുതുവാന്‍ തുടങ്ങിയത്. ഞങ്ങളുടെ ഇടയിലേക്ക് ആ
അമ്മയുടെ
വിരല്‍തുമ്പില്‍ തൂങ്ങി കടന്നു വന്ന "ഈപ്പെന്‍ ജേക്കബ്" എന്ന ആ സുന്ദരനെ
കുറിച്ച് ആണ്, തനിക്കാകെയുള്ള ആ മകന് വേണ്ടി ജീവിച്ച ആ അമ്മ, ഇന്നും അവര്‍
എന്‍റെ കണ്മുന്നില്‍ നിറഞ്ഞു നില്ക്കു ന്നു,പഠിത്തത്തില്‍ അത്ര കേമന്‍
ആയിരുന്നില്ല ഈപ്പെന്‍ .പലപ്പോഴും അവന്‍റെ പഠിത്തത്തെ കുറിച്ച്
അധ്യാപകരുമായി സംസാരിക്കുവാന്‍ അവന്‍റെ അമ്മ സ്കൂളിലേക്ക് കടന്നു
വന്നിരുന്നു. വരുംബോളെല്ലാം ഞങ്ങളോടും സംസാരിച്ചിട്ടെ ആ അമ്മ
പോയിരുന്നുള്ളൂ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാനും ഈപ്പെനും,ലിജുവും പിന്നീട്
ഡിവിഷന്‍ മാറിയും തിരിഞ്ഞും ഒക്കെ ക്ലാസുകളില്‍ മുന്നോട്ടു
പോയ്കൊണ്ടിരുന്നു എങ്കിലും ഏതാണ്ട് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം വരെ
ആ അമ്മ സ്കൂളില്‍ വന്നാല്‍ എന്നെയും ലിജുവിനെയും കണ്ടിട്ടാണ് പോയിരുന്നത്
എന്നാണു എന്‍റെ ഓര്‍മ്മ്.. അങ്ങനെ നാളുകള്‍ കൊഴിഞ്ഞു, സ്ക്കൂള്‍ മുറ്റത്തെ
ചൂളമരങ്ങള്‍ പലരുടെയും കൊഴിഞ്ഞുപോക്കിനും കടന്നു വരവുകള്‍ക്കും മൂക
സാക്ഷികളായി നിന്നു, അങ്ങനെ ഞങ്ങളുടെ കൊഴിഞ്ഞു പോക്കിന്‍റെയും കാലമായി,
പത്താം ക്ലാസ്സിന്‍റെ നാല് ഡിവിഷനുകളിലായി ഉണ്ടായിരുന്ന ഞങ്ങള്‍ എല്ലാം
പരസ്പരം യാത്ര പറഞ്ഞു, ഓട്ടോഗ്രാഫുകളില്‍ തങ്ങള്‍ക്കറിയാവുന്ന രീതികളില്‍
യാത്ര പറച്ചില്‍ വാചകങ്ങള്‍ കുറിച്ച് യാത്രയായി. തുടരുന്ന ജീവിതയാത്രയില്‍
എവിടെയെങ്കിലും ഒക്കെ വച്ച് കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ. എന്നാല്‍
അധികം ആരെയും പിന്നീട് അങ്ങനെ കണ്ടുമുട്ടാന്‍ സാധിച്ചിട്ടില്ല .പിന്നീട്
എപ്പോളോ ആരോ പറഞ്ഞു ഞാന്‍ അറിഞ്ഞു ആ സുന്ദരന്‍ ഈപ്പെന്‍ ജേക്കബ് ആ അമ്മയെ
തനിച്ചാക്കി ഈ ലോകത്തില്‍ നിന്നും കടന്നു പോയതായി, ആ വാര്‍ത്ത വളരെ
താമസിച്ചാണ് ഞാന്‍ അറിഞ്ഞത് അപ്പോളേക്കും സ്കൂളില്‍ നിന്നും ലഭിച്ച റോസ്
നിറത്തിലുള്ള പുറച്ചട്ടയോടുകൂടിയ ആ അഡ്രെസ്സ് ബുക്ക് എന്‍റെ കയ്യില്‍
നിന്നും നഷ്ടപ്പെട്ടിരുന്നു. ആയതിനാല്‍ ആ അമ്മയെ പോയി ഒന്ന് കാണുവാനോ
ആശ്വസിപ്പിക്കുവാനോ കഴിഞ്ഞില്ല .കേട്ട വാര്‍ത്ത ശെരിയാണോ എന്നുപോലും
തിരക്കുവാന്‍ സാധിച്ചില്ല .പിന്നീടും ആരൊക്കെയോ പറഞ്ഞു അങ്ങനെയാണ് എന്ന്
അറിഞ്ഞു .ഈ ‘കവിത” കേള്‍ക്കുന്ന സമയത്ത് എന്‍റെ ഉള്ളിലേക്ക് കടന്നു വന്ന
പലമുഖങ്ങളില്‍ ഒന്നാണ് എന്‍റെ ആ കൂട്ടുകാരന്‍ അവനെക്കാള്‍ ഉപരി എന്നില്‍
നൊമ്പരമുണര്‍ത്തിയത് അവനു വേണ്ടി ജീവിച്ച അവന്‍റെ അമ്മയുടെ മുഖമാണ്.....
സുഹൃത്തേ നിന്നെ ഓര്‍ക്കാത്ത ദിനങ്ങള്‍ ഇല്ല എന്ന് ഞാന്‍ പറയില്ല, വിരളമായേ
നിന്നെ കുറിച്ച് ഞാന്‍ ഒര്‍ത്തിട്ടുള്ളൂ പക്ഷെ ഓര്‍ക്കുംബോളോക്കെയും
മിഴികള്‍ നനയിക്കുന്ന ഒരു തേങ്ങലായി നീയും നിന്‍റെ അമ്മയും എന്നും എന്‍റെ
ഉള്ളില്‍ നിറയുന്നു.................................
അടുത്തതായി ദുഃഖകരമായ ഒരു ഓര്‍മ്മയായി നിറയുന്നത് എന്‍റെ വീടിനടുത്ത്
തന്നെയുള്ള എന്നിലും ഒന്നോ രണ്ടോ വയസ്സിനു മുതിര്‍ന്നവനായ സന്തോഷ് ആണ്
സന്തോഷിനെ ഓര്‍ക്കു മ്പോള്‍ ഒക്കെയും എനിക്ക് ഓര്‍മ്മ വരുന്നത്...... ഞാന്‍
സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുന്ന കാലം ഇല്ലിക്കല്‍ പാലത്തിനു അടുത്തായി
ഒരു പഴയ വണ്ടിയുടെ ബോഡി കടയാക്കി ഒരു സൈക്കിള്‍ റിപ്പയറുകാരന്‍ ഉണ്ട്
അയാളുടെ അടുത്ത് പച്ച നിറത്തിലുള്ള ഒരു ചെറിയ സൈക്കിള്‍ ഉണ്ട് അര സൈക്കിള്‍
എന്നാണു ഞങ്ങള്‍ പറഞ്ഞിരുന്നത് അത് വാടകക്ക് എടുക്കാന്‍ ഒരു മണിക്കൂറിനു
50 പൈസയാണ് വാടക, അതും അവിടെ ചെന്ന് പേരും വീട്ടുപേരും ഒക്കെ എഴുതിച്ചു
അയാള്ക്ക് കുഴപ്പമില്ല എന്ന് ബോധ്യപ്പെട്ടാല്‍ മാത്രം....അങ്ങനെ
പലയാവര്‍ത്തി വാടകക്ക് എടുത്തു ഞാന്‍ സൈകിള്‍ ഓടിക്കാന്‍ ഒരുമാതിരി പഠിച്ചു
അങ്ങനെ ഒരു ദിവസം സൈക്കിള്മെടുത്തു പതിയെ റോഡിന്‍റെ ഓരം ചേര്‍ന്ന് ഞാന്‍
വീട്ടിലേക്കു വരുകയാണ് ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയില്‍ അന്ന്
സന്തോഷിന്‍റെ വീടിന്‍റെ അടുത്തായി ഒരു ചെറിയ സ്ലാബു വാര്‍ത്തിട്ട
പാലമുണ്ട് രണ്ടു പടികള്‍ കയറി വേണം ആ പാലത്തില്‍ കയറി അപ്പുറം കടക്കാന്‍
പാലത്തിന്‍റെ സ്ലാബിനു തീര്‍ത്തും വീതി കുറവാണ് ഒരാള്‍ക്ക് നടക്കാനുള്ള
വീതി മാത്രം എനിക്കാണെങ്കില്‍ സൈകിള്മെടുത്തു അപ്പുറം കടക്കാന്‍ ദൈര്യമില്ല
ഞാന്‍, ആരെങ്കിലും വരുന്നതും നോക്കി അങ്ങനെ അവിടെ നില്‍ക്കു കയാണ്
അപ്പോളാണ് സന്തോഷു കുളിക്കുവാനായി കടവിലേക്ക് വരുന്നതു അനുജന്‍ സാമും
ഒപ്പമുണ്ട് സാം എന്നിലും ഒരു വയ്സ്സിളപ്പം, ഞാന്‍ പാലത്തിനടുത്ത്
സൈക്കിള്മായി നില്‍കുന്നത് കണ്ടു സന്തോഷ് ഓടിവന്നു എന്നോട് സൈക്കിള്‍
വാങ്ങി ഞാന്‍ കരുതി എന്നെ സഹായിക്കാന്‍ ആവും എന്ന്, കാരണം സന്തോഷ് നല്ല
തടിമിടുക്കുള്ള ആള്‍ ആണ് അവരുടെ വീട്ടില്‍ വലിയ സൈക്കിള്‍ ഒക്കെ സന്തോഷ്
ചവിട്ടി നടക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട് ...എന്നാല്‍ എന്നോട് ആ സൈകിളും
വാങ്ങി സന്തോഷ് അതില്‍ കയറി ചവിട്ടി നടക്കാന്‍ തുടങ്ങി ,കുറച്ചു
നേരമായിട്ടും തിരികെ ലഭിക്കാതായപ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി...സൈക്കിള്‍
ചവിട്ടി വീട്ടില്‍ ചെല്ലുന്നതും വീടിന്‍റെ തൊട്ടടുത്തുള്ള കൂട്ടുകാരെ
അങ്ങനെ ഒന്ന് കാണിക്കുന്നതും മനക്കോട്ട കെട്ടി എത്തിയ എന്നെ
സങ്കടപ്പെടുത്തിക്കൊണ്ട് സമയം മുഴുവന്‍ സന്തോഷ് അപഹരിച്ചു എന്‍റെ
കരച്ചില്‍ കേട്ട് സന്തോഷിന്‍റെ അമ്മ വന്നാണ് എനിക്ക് സൈക്കിള്‍ വാങ്ങി
തന്നത്, അപ്പോളേക്കും സൈക്കിള്‍ തിരികെ കൊടുക്കേണ്ട സമയം ആയതിനാല്‍ എനിക്ക്
കൂട്ടുകാരുടെ മുന്നില്‍ ആളുകളിക്കാന്‍ പറ്റിയില്ല... സന്തോഷ് എന്നും
ഞങ്ങള്‍ അല്പം ആരാധനയോടെയും പേടിയോടെയും അത്ബുദത്തോടെയും ഒക്കെ കാണുന്ന ഒരു
കഥാപാത്രം ആയിരുന്നു എന്തിനും നല്ല ചൊടിയും ഉത്സാഹവും, ഞങ്ങള്‍
എല്ലാവരെക്കള്‍ മുന്‍പ്. സൈക്കിള്‍ ഓടിക്കാനും,അല്പം കഴിഞ്ഞപ്പോള്‍ ബൈക്ക്
ഓടിക്കാനും,മീന്‍ പിടിക്കുന്ന വല വീശാനും അങ്ങനെ എല്ലാ വിധത്തിലും
മിടുക്കനായി വന്ന സന്തോഷ്.... ഒരു ദിവസം ഞാന്‍ കോളേജില്‍ നിന്നും തിരികെ
എത്തുമ്പോള്‍ ആ സന്തോഷിന്‍റെ മരണവാര്‍ത്ത കേട്ട് ഞടുങ്ങി...ഇപ്പോളും ആ
വീടിനു മുന്നിലൂടെ പോകുമ്പോള്‍ സന്തോഷിന്‍റെ ഓര്‍മ്മ ഒരു ചെറിയ നൊമ്പരമായി
കടന്നുവരുന്നു അത് ഈ കവിത കേട്ടിരിക്കുമ്പോള്‍ വീണ്ടും കടന്നു
വന്നു..............
അതുപോലെ തന്നെ ഒരു നൊമ്പരമായി അവശേഷിക്കുന്ന
ഒരു മുഖമാണ് വേണുവിന്‍റെത് "വേണുവെന്നു ഞാന്‍ പേര് നല്‍കുന്നു"... ഈ
ആളുമായി ഞങ്ങളുടെ നാട്ടില്‍ ഒരു കുട്ടികള്‍ക്കും അത്ര അടുപ്പം
ഇല്ലായിരുന്നു അതിനാല്‍ പിന്നീട് പരിചയം ആയെങ്കിലും ആളുടെ പേര് ഇന്ന്
എനിക്ക് കൃത്യമായി ഓര്‍മയില്ല പക്ഷെ അയാളുടെ മുഖവും സംസാരവും എല്ലാം ഞാന്‍
ഇപ്പോളും നന്നായി ഓര്‍ക്കുന്നു. ആളുടെ വീട് തിരുവാര്‍പ്പിലെ പഴയ വില്ലേജ്
ഓഫീസ് കെട്ടിടത്തിന്‍റെ തൊട്ടടുത്തു തന്നെ മെയിന്‍ റോഡിനോട് ചേര്‍ന്ന് .
വില്ലേജ് ഓഫീസിനും ഈ വീടിന്‍റെ മതിലിനും ഇടയില്‍ കഴിഞ്ഞ കുറിപ്പിലെ
നമ്മുടെ സണ്ണിച്ചായന്‍റെ ഒക്കെ വീട്ടിലേക്കു പോകുവാനുള്ള ഇടവഴി മാത്രം, ഈ
വീടിന്‍റെ മുന്നില്‍ എനിക്ക് ഓര്‍മ്മയുള്ള സമയം മുതല്‍ ഒരു അമ്പാസ്സിഡര്‍
കാറ് മൂടിയിട്ടിട്ടുണ്ട് ,വല്ലപ്പോളും അതിന്‍റെ കവര്‍ മാറ്റി വേണുവിന്‍റെ
അച്ചന്‍ ആ കാര്‍ എടുത്തു അടുത്ത് എവിടെക്കെങ്കിലും ഒന്ന് ഓടിച്ചു തിരികെ
കൊണ്ടേ ഇടുന്നത് കാണാം, വേണുവിന്‍റെ അമ്മയെ ഞാന്‍ ഒരിക്കല്‍പോലും
കണ്ടിട്ടില്ല,..പിന്നീട് വേണുവുമായുള്ള സംഭാഷണത്തില്‍ നിന്നും അമ്മ
രോഗിയാണെന്നും കിടപ്പില്‍ ആണെന്നും ഒക്കെ അറിഞ്ഞു, വേണുവിനെ കണ്ടാല്‍ പഴയ
ഇന്ത്യന്‍ ക്രിക്കെറ്റ് താരമായിരുന്ന മുഹമ്മദു അസ്സറുദീന്‍റെ ഒരു വിദൂര
ഛായ തോന്നിയിരുന്നു .സ്കൂള്‍ കാലങ്ങളിലോ കോളേജു കാലങ്ങളിലോ വേണുവുമായി
ഒരിക്കല്‍പോലും സംസാരിച്ചതായി എനിക്കോര്‍മ്മയില്ല കാണുമ്പോള്‍ ഒരു ചെറു
പുഞ്ചിരി അതിലപ്പുറം ഒരു ബന്ധം ആ നാളുകളില്‍ ഉണ്ടായിരുന്നില്ല ...കോളേജു
കാലത്ത് എത്തിയപ്പോള്‍ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ കൂട്ടുകാര്‍ കൊച്ചുപാലം
കവലയിലുള്ള പള്ളിയുടെ കുരിശിന്‍തൊട്ടിക്കു സമീപം ഒത്തു കൂടുകയും
സംസാരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നു,ആ കൂട്ടത്തില്‍
ഒന്നും ഒരിക്കലും വേണു വരികയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല ആരുമായും
അദികം അടുപ്പമില്ലാത്ത ഒരു ജീവിതം ,വേണുവിന്റെ അച്ചനും ആ രീതി തന്നെ
ആയിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഡല്‍ഹി ജീവിതത്തിനിടയില്‍ അവധിക്കു
നാട്ടില്‍ എത്തുമ്പോള്‍, ഞങ്ങളുടെ പഴയ സൌഹൃദ കമ്മറ്റി സ്ഥലമായ
കുരിശിന്‍തൊട്ടിയുടെ അടുത്ത് എല്ലാവരുടെയും കൂടെ ഞാന്‍ വേണുവിനെയും കണ്ടു
,എനിക്ക് സന്തോഷം തോന്നി, വേണു ഇത്രയെങ്കിലും സൗഹൃദം കൂടി തുടങ്ങിയല്ലോ
എന്ന്. ആ കൂട്ടത്തിലിരുന്നു ഞാനും വേണുവുമായി സംസാരിച്ചു എന്‍റെ പേര്‍
ഒക്കെ ആള്‍ക്കു അറിയാമെന്ന് അന്നാണ് ഞാന്‍ അറിഞ്ഞത് വളരെ പഴക്കമുള്ള ഒരു
സുഹൃത്തിനോടെന്നപോലെ ആള്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി, ആ അവധിക്കാലത്ത്
പലപ്പോഴും ഞങ്ങള്‍ അങ്ങനെ വൈകുന്നേരങ്ങളില്‍ കണ്ടു മുട്ടിയിരുന്നു
പലപ്പോഴും വേണു തന്‍റെ ഒറ്റപ്പെടലിന്‍റെ വേദന ഞങ്ങളോട് ഒരു ചിരിയോടു കൂടി
തന്നെ വിവരിച്ചിരുന്നു,എന്നോട് പറയുമായിരുന്നു ജോഷി താനൊക്കെ എത്രയോ
ഭാഗ്യവാന്‍ ഇഷ്ടമുള്ള ദേശത്ത് പഠിക്കുവാനും ജോലി ചെയ്യുവാനും ഒക്കെ
പറ്റുന്നുണ്ടല്ലോ ഞാന്‍ എന്നും എന്‍റെ വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍
തന്നെ കഴിഞ്ഞു കൂടണം ജീവിതത്തില്‍ ഞാന്‍ സന്തോഷം അനുഭവിക്കുവാന്‍
ഭാഗ്യമുള്ളവന്‍ ആണെന്ന് തോന്നുന്നില്ല, എന്നൊക്കെയുള്ള വേണുവിന്‍റെ
സങ്കടങ്ങള്‍ക്ക് മുന്നില്‍ എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു ,അര്ത്ഥ
മില്ലാത്ത കുറെ ആശ്വസിപ്പിക്കലുകള്‍ മാത്രം നടത്തി ഞാന്‍
ചോദിക്കുമായിരുന്നു തനിക്കും ദൂരെ എവിടെക്കെന്കിലും ജോലി തേടി പോയ്കൂടെ
എന്ന്, അമ്മയുടെ അവസ്ഥയാണ് വേണുവിനെ അതില്‍ നിന്നും പിന്തിരിപ്പിചിരുന്നത്.
അങ്ങനെ ഒന്ന് രണ്ടു അവധിക്കാലങ്ങളില്‍ വേണുവിനോട് സംസാരിക്കാനും സൗഹൃദം
പങ്കിടാനും പറ്റി,ഇടയിലെപ്പോളോ നാട്ടിലേക്കുള്ള ഫോണ്‍ വിളിയിലറിഞ്ഞു എല്ലാ
ദുഖങ്ങളോടും വിടചോല്ലുവാന്‍ വേണു കുറുക്കു വഴി തേടിയെന്ന്.... കേട്ട
മാത്രയില്‍ മനസ്സില്‍ ഒരു വിങ്ങലായി വേണുവിന്‍റെ മുഖം കടന്നെത്തി.
എന്തിനാണ് സ്നേഹിതാ നീ അത് ചെയ്തത് നിന്‍റെ എല്ലാ ദുഖങ്ങളും പങ്കിടുവാന്‍
തക്ക ഒരു സൗഹൃദം താമസിച്ചെങ്കിലും നിനക്ക് ലഭിചിരുന്നല്ലോ ? ഇന്നും നിന്നെ
ഒരു തേങ്ങലോടെ ഓര്‍ക്കുവാന്‍ മാത്രമേ എനിക്ക് സാധിക്കുന്നുള്ളൂ, നീയുമായി
ഒരു നല്ല സൗഹൃദം സ്ഥാപിച്ചിരുന്നു എങ്കില്‍ എഴുത്തുകളിലൂടെയെങ്കിലും
നിന്‍റെ ദുഖങ്ങളില്‍ പങ്കു ചേരുവാന്‍ സാധിക്കുന്ന ഒരു സൗഹൃദം
ഉണ്ടായിരുന്നുവെങ്കില്‍ നിന്നെ ഞങ്ങള്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു എന്ന്
മനസ്സില്‍ തോന്നുന്നു.. ....
അകാലത്തില്‍ നഷ്ടപ്പെട്ട എന്‍റെ ഈ
സുഹൃത്തുക്കളെ മിഴികള്‍ തുളുമ്പുന്ന ഒരു വേദനയായി,ഇടനെഞ്ചുവിങ്ങുന്ന ഒരു
നൊമ്പരമായി മാത്രമേ ഓര്‍ക്കുവാന്‍ സാദിക്കുന്നുള്ളൂ നിങ്ങളുടെ
ഓര്‍മകള്‍ക്ക് മുന്നില്‍ ഈ സുഹൃത്തിന്‍റെ രണ്ടുതുള്ളി കണ്ണീര്‍കണങ്ങള്‍
അര്‍പ്പിക്കട്ടെ................
വേദനയോടെ നിങ്ങളുടെ സുഹൃത്ത്