Saturday, February 23, 2013

അന്നമ്മ ടീച്ചര്‍


നാട്ടിലെ പള്ളിക്കൂട കാലമൊക്കെ കഴിഞ്ഞു പട്ടണത്തിലെ സ്കൂളിലേക്കുള്ള പറിച്ചു നടലിന്‍റെ കാലം, നാലാം ക്ലാസിലെ വലിയ പരീക്ഷ എഴുതി നില്കുന്നു, എതോ IAS പരീക്ഷ എഴുതി നില്കുന്ന ഭാവത്തിലാണ് നടപ്പ്, ഫലം അറിഞ്ഞിട്ടു വേണം പട്ടണത്തിലെ വലിയ സ്കൂളില്‍ ജ്യേഷ്ഠനോടോന്നിച്ചു പോകാന്‍. 

ഇനി എനിക്കും സമര ദിവസങ്ങളില്‍ അവധി കിട്ടും നാട്ടിലെപള്ളിക്കൂടത്തിലാരുന്നപ്പോള്‍  ഒരു സമരക്കാര്‍ പോലും വരത്തില്ലാരുന്നു,ഒരിക്കല്‍ വന്നവരെ മണി സാറ് ചൂരല്‍ വീശി ഓടിച്ചു വിടുകയും ചെയ്തു,ഉച്ചക്ക് ഊണിനു വീട്ടിലെത്തുമ്പോള്‍ സമരം മൂലം അവധി ലഭിച്ചു വീട്ടിലെത്തിയിരിക്കുന്ന ചേട്ടനെ കണ്ടു “കുഞ്ചാച്ചനു സമരമാണേല്‍ എനിക്കും സമരമാണു എന്ന് നിലവിളിച്ചു സ്കൂളില്‍ പോകാന്‍ മടിച്ചതും, അമ്മയുടെ കയ്യില്‍ നിന്നു അടിവാങ്ങി സ്കൂളിലേക്കൊടിയതും മറക്കാതെ ഓര്‍മയിലുണ്ട്,അതിനാല്‍ എനിക്ക് ഏറ്റവും സന്തോഷം തന്ന കാര്യം ഇനി സമര ദിനങ്ങളില്‍ എനിക്കും അവധി കിട്ടും എന്നതായിരുന്നു, ഫലം വന്നു ജയിച്ചു,സ്കൂളിലേക്ക് ടി.സി വാങ്ങാന്‍ പോകുന്ന ദിവസം,അച്ചയുടെ പഴയ വാച്ച് എടുത്തു കയ്യില്‍ കെട്ടി -അമ്മ നിധിപോലെ സൂക്ഷിച്ചു വച്ചിരുന്നതാണ് - ,ഒരു ഗള്‍ഫുകാരന്‍റെ ഗമയോടെ സ്കൂളില്‍ ചെന്ന് ടി.സി വാങ്ങി ,പ്രധാനാധ്യാപകനായ ജോര്‍ജു സാര്‍ നന്നായി പഠിക്കണം എന്നുപദേശിച്ചു യാത്രയാക്കി,അപ്പോളാണ് അന്നമ്മ ടീച്ചര്‍ എന്‍റെ കയ്യിലെ വാച്ച് കണ്ടത്,എടാ ഇങ്ങു വന്നെ നീ വലിയ ആളായി പോയല്ലോ എന്നും പറഞ്ഞു ടീച്ചര്‍ അടുത്തേക്ക് വിളിച്ചു,എന്‍റെ ജീവിതത്തില്‍ പിന്നീട് ഒരു കാലത്തും ഇത്രയും സ്നേഹമുള്ളതും സുന്ദരിയുമായ ഒരു ടീച്ചര്‍ എന്നെ പഠിപ്പിച്ചിട്ടില്ല,സ്കൂള്‍ കാലത്തിനു ശേഷം ഞാന്‍ ടീച്ചറിനെ കണ്ടിട്ടുമില്ല എങ്കിലും ടീച്ചറിന്‍റെ മുഖം ഇന്നും മനസില്‍ മായാതെ നില്ക്കു ന്നു, പക്ഷെ അടുത്തേക്ക് വിളിച്ച ടീച്ചര്‍ എന്നെ എല്ലാവരുടെയും മുന്നില്‍ നാണിപ്പിച്ചുകളഞ്ഞു “സമയം എത്രയായെന്നു പറയെടാ എന്നൊരു പറച്ചില്‍ ,ഞാന്‍ വിഷമത്തോടെ വാച്ചിലേക്ക് നോക്കി വലിയ സൂചിയും ചെറിയ സൂചിയും ഓട്ടക്കാരന്‍ സൂചിയെയുമൊക്കെ നോക്കിയിട്ടും സമയം മാത്രം പിടികിട്ടുന്നില്ല,എന്‍റെ “സമയം” മോശമാരുന്നു എന്ന് മാത്രം ഓര്‍ത്തു നില്‍കുമ്പോള്‍ ടീച്ചര്‍ വിളിച്ചു സമയം നോക്കാന്‍ പഠിപ്പിച്ചു തന്നുകൊണ്ട് പറഞ്ഞു.
 “വാച്ച് ഒക്കെ കെട്ടി വലിയ ആളായി നടന്നാല്‍ പോര ,വലിയ സ്കൂളില്‍ ചെന്ന് പഠിച്ചു വലിയ ആളാവണം എന്നിട്ട് ടീച്ചറിനെ ഒക്കെ കാണാന്‍ വരണം" .തലയാട്ടി സമ്മതിച്ചു പോന്നെങ്കിലും ആ വാക്ക് പാലിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല അവധിക്കു നാട്ടിലേക്ക് ഓരോ പ്രാവശ്യം പോകുമ്പോളും ചിന്തിക്കും ടീച്ചറിനെ കാണാന്‍ പോയാലോ എന്ന് അപ്പോള്‍ ഒരു മറു ചിന്ത കടന്നു വരും ...ടീച്ചര്‍ പറഞ്ഞപോലെ ഞാന്‍ വലിയ ആള്‍ ആയോ?.... എത്ര വലുതായാലും ടീച്ചറിന്‍റെ മുന്നില്‍ ഞാന്‍ ആ വള്ളി നിക്കറുകാരന്‍ തന്നെയല്ലേ..... , അതുമല്ല എന്‍റെ മനസ്സില്‍ സ്നേഹത്തിന്‍റെയും സൌന്ദര്യത്തിന്‍റെയും പ്രതീകമായി നിന്ന ടീച്ചറിന്‍റെ ഇപ്പോളത്തെ രൂപം.... അത് കാണുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ മായാതെ നില്കു്ന്ന ആ രൂപത്തിനൊരു ഉടച്ചില്‍ വന്നാലോ? വേണ്ട ടീച്ചറിന്‍റെ സ്നേഹ സൌന്ദര്യം നിറഞ്ഞ രൂപം എന്നില്‍ മായാതെ നില്കട്ടെ.ഓര്‍മ്മ്കളിലെന്നും ആ പുഞ്ചിരിക്കുന്ന മുഖവും,സ്നേഹം നിറഞ്ഞ വാക്കുകളും ഒരു കുളിര്‍മ്മയായി നിലനില്കട്ടെ........................................................ 


ജോഷി കുര്യന്‍ പോള്‍

Friday, February 22, 2013

ഓര്‍മ്മകളുടെ മഴക്കാലം ........................

നാടും ,വീടും, മഴയും ,പുഴയും മരങ്ങളും,എല്ലാം വിട്ട് കൊണ്ക്രീറ്റ്‌ വനങ്ങള്‍ നിറഞ്ഞ പട്ടണങ്ങളില്‍ യൌവ്വനവും ,മധ്യവയസ്സും എല്ലാം എരിഞ്ഞുതീരപ്പെടുന്നവന്‍റെ  ഓര്‍മ്മകളില്‍ ഒരു മരുപ്പച്ചയായി നിറഞ്ഞു നില്‍ക്കുന്നത് താന്‍ ബാല്യത്തില്‍ അനുഭവിച്ച  സൌഭാഗ്യങ്ങള്‍ ആണ്. ദിവസവും യന്ത്രം കണക്കെചെയ്തുപോകുന്ന ജോലികള്‍ക്കിടയില്‍ അവന്റെ  സ്വന്തമായ ചില നിമിഷങ്ങളില്‍ അറിയാതെയെങ്കിലും  ബാല്യകാലതിലേക്ക് കടന്നുപോകാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല.എനിക്കുമുണ്ട് അങ്ങിനെ ബാല്യത്തിലേക്ക് കടന്നു പോകുന്ന ചില നിമിഷങ്ങള്‍,പ്രത്യേകിച്ചും തലസ്ഥാന നഗരത്തില്‍ വല്ലപ്പോളും ലഭിക്കുന്ന മഴ എന്ന സുന്ദരമായ  കാലാവസ്ഥയില്‍ എത്തുമ്പോള്‍ ഞാന്‍ വളരെയധികം  നോസ്ടാള്‍ജിക് ആവും .ചിലപ്പോള്‍  സുന്ദരമായ ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വരും ,ചിലപ്പോള്‍ ദുഃഖകരമായ അവസ്ഥയിലാവും,മറ്റുചിലപ്പോള്‍ രണ്ടും കലര്‍ന്ന അവസ്ഥയിലാവാം  അങ്ങനെ മഴ എന്നില്‍ പല ഭാവങ്ങള്‍ കൊണ്ടുവരാറുണ്ട് .
 
നാട്ടിലെ ജൂണ്‍ മാസത്തിലെ നല്ല മഴക്കാല സമയം, മഴയുടെ  സംഗീതം ആസ്വദിച്ചു ജാലകത്തിനടുത്തു ഇരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഓടിട്ട പുരയുടെ മുകളില്‍ മഴത്തുള്ളികള്‍ വന്നു പതിക്കുന്ന ശബ്ദം, ഹാ എന്തൊരു സുഖമാണത് കേള്‍ക്കാന്‍.ഓടിന്‍റെ മുകളില്‍ കൂടി പാത്തികളിലേക്ക് ഒഴുകി  താഴേക്കു വീഴുന്ന മഴവെള്ളം താഴെ വച്ചിരിക്കുന്ന വലിയ പാത്രങ്ങളില്‍ ശേഖരിച്ചു വയ്ക്കുമായിരുന്നു  , അത് നിറഞ്ഞു കവിഞ്ഞു  മുറ്റത്തേക്ക് ഒഴുകുമ്പോള്‍ തിണ്ണയോടു ചേര്‍ന്ന് മുറ്റത്തു  ഒരു ചെറു തോടുപോലെ രൂപപ്പെടുമായിരുന്നു ,അതില്‍ കടലാസു വഞ്ചികള്‍ ഒഴുക്കി കളിച്ചിരുന്ന കുട്ടിക്കാലം ആര്‍ക്കാണ് മറക്കുവാന്‍ കഴിയുന്നത്. ഇപ്പോളും മഴ പെയ്യുമ്പോള്‍ അറിയാതെ അറിയാതെ ആ മഴയില്‍ നനഞ്ഞു കുളിക്കുന്ന ഒരു ചെറു ബാലനായി  മാറുവാന്‍ ഞാന്‍ ആശിക്കും ,പെയ്യുന്ന സമയത്ത് മഴക്കൊരു സംഗീതമുണ്ട് ഒരു ചെറു മൂളല്‍ പോലെ അതിങ്ങനെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരിക്കും,മഴതോരുമ്പോള്‍ മരങ്ങള്‍ ആ സംഗീതം  തുടരുവാന്‍ സ്രെമിച്ചു പരാജയപ്പെടുന്നതും കാണാം ,  മഴ  എവിടെയും ഗൃഹാതുരത്വത്തിന്‍റെ    അന്തരീക്ഷം  സൃഷ്ടിക്കുന്ന ഒന്നാണ് ,അത് ഗ്രാമങ്ങളില്‍ ആയാല്‍ മനോഹരം ആവും .മഴയുടെ സംഗീതം ആസ്വദിച്ചു ജാലകത്തോട് ചെര്‍ത്തിട്ടിരിക്കുന്ന  ഒരു കിടക്കയില്‍ പുതപ്പും ചുറ്റി വെളിയില്‍ മഴയിലേക്ക് നോക്കി കിടക്കാന്‍ എന്തൊരു രസമാണ് .ഇടയ്ക്കു ശക്തമായ കാറ്റില്‍ തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ മുഖത്തടിക്കുമ്പോള്‍കുളിര് കോരുന്ന ശരീരം. ആ ഓര്‍മ്മകള്‍ക്ക് തന്നെ ഒരു കുളിര് കോരുന്ന ഭാവം ........

ഞങ്ങള്‍ തിരുവാര്‍പ്പുകാരെ സംബന്ധിച്ച് മഴക്കാലം അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാലമാണ്.ആറുകള്‍ കവിഞ്ഞൊഴുകാന്‍ തുടങ്ങും. വഴികളും പുഴകളും തമ്മില്‍ തിരിച്ചറിയാത്ത വിധം വെള്ളം നിറയും. .പല താഴ്ന്നവീടുകള്‍ക്ക് അകത്തും വെള്ളം കയറും . ചില ആളുകളുടെ നിത്യ വരുമാനം  ഇല്ലാതാവും. പക്ഷെ ഇതൊക്കെയാണെങ്കിലും വെള്ളം കയറി വരുന്ന ആ വരവില്‍ രാത്രി ടോര്‍ച്ചും  വെട്ടുകത്തിയുമായി പറമ്പില്‍ മീനെ വെട്ടിപ്പിടിക്കാന്‍ ഇറങ്ങുന്നത് എല്ലാവര്‍ക്കും ഒരു ആവേശമായിരുന്നു ,  .രാവിലെ സ്കൂളില്‍ പോകുമ്പോള്‍ നീന്തി തുടിച്ചു പോകുന്നത് ഒരു രസമായിരുന്നു,തുള്ളിക്കൊരു കുടം എന്ന രീതിയില്‍ പെയ്യുന്ന മഴയില്‍ കുടയും പിടിച്ചു കൂട്ടുകാരോടൊപ്പം നടന്നു നീങ്ങുന്ന ആ സ്കൂള്‍ കാലം ഓര്‍ക്കുമ്പോള്‍,കുടപിടിച്ചു നടക്കെ പിടിയോടു ചേര്‍ന്നുള്ള കമ്പിയില്‍ മുഖം മുട്ടിക്കുമ്പോള്‍ അനുഭവപ്പെടുന്ന ആ തണുപ്പില്‍ പല്ലുകള്‍ കൂട്ടിയിടിക്കുന്നതായി ഇപ്പോളും തോന്നുന്നു.  ക്ലാസ്‌ മുറികളിലിരുന്നു വെളിയില്‍ തകര്‍ത്തു പെയ്യുന്ന മഴയിലേക്ക് നോക്കിയിരിക്കുമ്പോള്‍ പഠിപ്പിക്കുന്ന മാഷിന്‍റെകയ്യിലെ ചോക്ക് കഷ്ണങ്ങള്‍ തലയെ ലക്ഷ്യമാക്കി പാഞ്ഞു വരുന്നത് ഓര്‍ക്കുന്നു ,തകര്‍ത്തു പെയ്യുന്ന മഴയെ അങ്ങനെ ക്ലാസ് മുറികളില്‍ ഇരുന്നു ആസ്വദിക്കുവാന്‍ എന്തൊരു രസമാണ്........

ചിലപ്പോള്‍ മഴ ദുഃഖത്തിന്‍റെ ഭാവമാണ് എനിക്ക് പകര്‍ന്നു തരുന്നത്.   മഴക്കാലത്തെ ചില സങ്കടകരമായ ഓര്‍മ്മകള്‍ കടന്നു വരുമ്പോള്‍,പെയ്യുന്ന മഴപോലെ അറിയാതെ  കണ്ണുകളും പെയ്തിറങ്ങും, മഴക്കാലത്ത് മിക്കവാറും നനഞ്ഞ വസ്ത്രം ധരിച്ചെത്തിയിരുന്ന ഏഴാം  ക്ലാസിലെ ഒരു സഹപാഠി, അവനെ ഓര്‍ക്കുമ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറയും,എന്നും നനഞ്ഞത് ഇട്ടുകൊണ്ട് വരുന്നത് എന്ത് എന്ന് ചോദിച്ചപ്പോള്‍കുടയെടുക്കാന്‍ മറന്നു മഴ നനഞ്ഞതാണ് എന്ന്  പറഞ്ഞിരുന്ന അവന്‍ ഒരിക്കല്‍ ക്ലാസിലേക്ക് വന്നപ്പോള്‍ മഴപെയ്തിരുന്നില്ല മൂടികെട്ടി നില്‍ക്കുന്നതെ ഉണ്ടായിരുന്നുള്ളൂ ,എങ്കിലും അവന്റെ ഉടുപ്പും  വെള്ള ഒറ്റമുണ്ടും  നനവാര്‍ന്നതായിരുന്നു ,അന്ന് ഞങ്ങള്‍ അവനെ മഴയില്ലാതെ തന്നെ മഴ നനഞ്ഞവന്‍ എന്ന് വിളിച്ചു കളിയാക്കി, ,കുറച്ചു സമയം പ്രതികരിക്കാതിരുന്ന അവന്‍ പരിഹാസം ഏറിയപ്പോള്‍ തിരിഞ്ഞു ഞങ്ങളോട് പറഞ്ഞു "ശെരിയാണ് മഴയില്ലെങ്കിലും ഞാന്‍ മഴക്കാലത്ത് നനഞ്ഞേ വരൂ നിങ്ങളെ പോലെ എല്ലാ ദിവസവും മാറ്റിയുടുക്കാന്‍ എനിക്ക് ഒരുപാട് തുണികള്‍ ഇല്ല, ഇത്രയുമായപ്പോള്‍ അവന്റെ  തൊണ്ടയിടറി ,കണ്ണുകള്‍ നിറഞ്ഞു  ,ഒരു നിമിഷം അതുവരെ കളിയാക്കി കൊണ്ട് നിന്ന ഞങ്ങള്‍ ഒരു സ്തംഭനാവസ്ഥയില്‍ ആയി ,പിന്നീട് ഓരോരുത്തരും അവനോടു സ്വകാര്യമായി ക്ഷമ പറഞ്ഞുവെങ്കിലും ,അന്നത്തെ അവന്‍റെ ആ ഭാവം ഇന്നും എന്‍റെ കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്നു ,അറിയാതെ തന്നെ എന്റെ തല കുനിഞ്ഞു പോകും ,ദൈവമേ എന്നോട് ക്ഷമിക്കേണമേ എന്നൊരു പ്രാര്‍ത്ഥന മനസ്സില്‍ നിറയും...മറ്റൊരു സങ്കടകരമായ ഓര്‍മ്മ കടന്നു വരുന്നത് എന്‍റെ സ്കൂള്‍ കാലത്തില്‍ തന്നെയുള്ള ഒരു കറുത്ത വെള്ളിയാഴ്ചയാണ് അന്നാണ് കേരളത്തിന്‍റെ മുഴുവന്‍ എക്കാലത്തെയും ദുഖമായി മാറിയ പെരുമണ്‍ ദുരന്തം ഉണ്ടായത് ,അടുത്ത ദിവസം ഇറങ്ങിയ പത്രത്തില്‍ കണ്ട ഒരു ചിത്രം മനസ്സില്‍ മായാതെ  നില്‍ക്കുന്നു താഴ്ന്നു പോകുന്ന ബോഗിയുടെ ജനല്‍കമ്പികള്‍ക്കിടയിലൂടെ നീണ്ടു നില്‍ക്കുന്ന ഒരു കൊച്ചു കയ്യുടെ ചിത്രം അതൊരു നൊമ്പരമായി മനസ്സിലേക്ക് കൊണ്ടുവരും മഴക്കാലം .

അങ്ങനെ ദുഖങ്ങളുടെ ഓര്‍മ്മകള്‍  തരുന്നതാണ് മഴക്കാലമെങ്കിലും ,അതിനിടയിലും സന്തോഷകരമായ ഒരുപാട് ഓര്‍മ്മകള്‍ കടന്നു വരുന്നതിനാല്‍ മഴക്കാലത്തെ എനിക്ക് ഇന്നും ഇഷടമാണ്,സ്കൂള്‍ കാലത്ത് വഴിയില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ചാടി വെള്ളം തെറുപ്പിച്ചു പടക്കം പൊട്ടുന്ന ശബ്ദം കേള്പിക്കുന്നതും ,മഴപെയ്തു തോര്ന്നതിനു ശേഷം വേലിയായി നാട്ടിയിരിക്കുന്ന കൊന്നകൊമ്പുകള്‍ കുലുക്കി കൂട്ടുകാരുടെമേല്‍ വെള്ളം വീഴ്തുന്നതും ,ചേമ്പില കുടയാക്കി പിടിച്ചു ഓടുന്നതും ,വെള്ളപ്പൊക്കസമയത്തു കളിവഞ്ചികള്‍ ഉണ്ടാക്കി ഒഴുക്കുന്നതും മുതിര്‍ന്നതിനു ശേഷം മീന്‍കൂട് ഇട്ടു മീന്‍ പിടിക്കുന്നതും അങ്ങനെ എത്ര ഓര്‍മ്മകള്‍ ആണ് മഴക്കാലം സമ്മാനിക്കുന്നത് ഓര്‍മ്മകളുടെ തേരിലേറി യാത്ര ചെയ്യുവാന്‍ എനിക്കിഷ്ടമാണ് ഓര്‍മ്മകളില്‍ ഞാന്‍ ബാലനായും,കൌമാരക്കാരനായും,യുവാവായും കാമുകനായും ,നായകനായും ,ചിലപ്പോള്‍ ദുഖഗായകനായും ഒക്കെ കൂട് വിട്ടു കൂടുമാറും ,എങ്കിലും ഒരു ബാലനായി മഴയെ വീക്ഷിക്കുവാനാണ് എനിക്കിഷ്ടം തിരിച്ചു കിട്ടാത്ത ബാല്യത്തിലേക്ക് എന്നെ നയിക്കുന്ന മഴയെ എനിക്കെന്നും ഇഷ്ടമാണ് ..............................

ജോഷി കുര്യന്‍ പോള്‍

Monday, February 18, 2013

ദൈവങ്ങളുടെ വികൃതികള്‍.............

ഇന്നലെ  വളരെയധികം ദുഖിപ്പിച്ച ഒരു സംഭവം ഉണ്ടായി , പതിമൂന്നു വയസ്സുള്ള ഒരു മലയാളി പെണ്‍കുട്ടി, ഒരു സുന്ദരി കുറുമ്പി ,ഇന്നലെ ഞങ്ങളുടെ ഇടയില്‍ നിന്നും കടന്നു പോയി .രണ്ടാഴ്ച മുന്‍പ് അവള്‍ ഞങ്ങളുടെ കോളനിയിലെ മലയാളി അസോസിയേഷന്‍റെ  പരിപാടികളില്‍ വളരെ ഭംഗിയായിനൃത്തം ചെയ്തതാണ് ,ഇന്നവള്‍ ഈ ലോകത്തില്ല ,ഒരുഅപകടത്തില്‍ പെട്ട് നാല് അഞ്ചു ദിവസങ്ങള്‍ ആയി അവള്‍ആശുപത്രി കിടക്കയില്‍ ആയിരുന്നു , അവളുടെ അമ്മയും രണ്ടു കാലുകളും ഒരു കയ്യുമോടിഞ്ഞു  കിടക്കയില്‍ ആണ് . ആ അമ്മയുടെ വേദന ഞാന്‍ കണ്ടു, ശരീരത്തിലെ അസ്ഥികള്‍ തകരുന്നതിലും  എത്രയോ അധികം നോവ്‌ സഹിച്ചാണവര്‍ ആ കുഞ്ഞിനെ ഈ ലോകത്തിലേക്ക്‌ ജനിപ്പിച്ചത് ,അതിലും എത്രയോ അധികം വേദന സഹിച്ചാണവര്‍ ഇന്നലെ ആ കുരുന്നിനെ ഈ ലോകത്തു നിന്നും യാത്രയാക്കിയത്,ആ അമ്മയുടെ ദുഃഖം കണ്ടുനില്കെ കണ്ണീര്‍പൊഴിക്കാത്ത ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. സന്തോഷകരമായ ഒരു യാത്ര വലിയൊരു ദുരന്തത്തില്‍ കലാശിച്ചതോര്‍ത്തു ദുഖിക്കുകയാണ് ആ കുടുംബത്തെ അറിയുന്ന സകലരും.എന്നാല്‍ കണ്ടു നില്‍ക്കുന്നവരിലും എത്രയധികം ദുഖമാണ് ആ മാതാവും പിതാവും അവളുടെ കുഞ്ഞനുജത്തിയും   അനുഭവിക്കുന്നത് .

പുതുതായി വാങ്ങിയ വാഹനത്തില്‍ ഒരു ദേവാലയ ദര്‍ശനയാത്ര, അതാണവര്‍ കരുതിയത്‌  അതിനായി അവര്‍ തിരഞ്ഞെടുത്തത്  തങ്ങളുടെ ഇഷ്ട ദൈവമായ "കള്ളകൃഷ്ണന്‍റെ ജന്മ സ്ഥലമായ "മഥുര" ക്ഷേത്രവും ,ദേവാലയ ദര്‍ശനം കഴിഞ്ഞു മടങ്ങവേ വഴിയില്‍ തങ്ങളെ കരുതിയിരിക്കുന്നത് വലിയോരപകടം ആണെന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതിയില്ല,അല്ലെങ്കിലും തങ്ങള്‍ ആരാധിക്കുന്ന ദൈവത്തിനു മുന്‍പില്‍ തൊഴു കയ്യുമായി നിന്ന് പ്രാര്‍ഥനയും ,സ്തുതിപ്പുകളും നടത്തിയിറങ്ങുമ്പോള്‍ വഴിയില്‍ പതിയിരിക്കുന്ന സകല ദുര്‍ഘടങ്ങളിലും  ആ ദൈവം തങ്ങളെ തുണക്കും എന്നൊരു വിശ്വാസം സകല വിശ്വാസികളിലും ജനിക്കുമല്ലോ ,ദൈവങ്ങള്‍ അങ്ങനെ ഒരു വിശ്വാസം തങ്ങളുടെ ഭക്തരില്‍ കാലാ കാലങ്ങള്‍ ആയി പകര്‍ന്നിരിക്കുകയാണല്ലോ.പിന്നെ എന്തെ ആ വിശ്വാസം നിങ്ങള്‍ തകര്‍ത്തു എന്ന് ആ കുടുംബം ചോദിച്ചാല്‍ നിങ്ങള്‍ക്കെന്തുണ്ട് മറുപടി ദൈവങ്ങളേ ? ആ മാതാവിന് ആശ്വാസം പകരാന്‍ നിങ്ങള്‍ക്കെന്തുണ്ട് മറുപടി? ,ആ പിതാവിന്‍റെ ചുട്ടുപൊള്ളുന്ന മനസ്സിന് തണുപ്പേകാന്‍ നിങ്ങള്‍ക്കാവുമോ ? നിന്നെ കീര്‍ത്തിച്ചു   നിന്റെ മുന്നില്‍ ഒരു ഗോപികയായി വേഷം പകര്‍ന്നാടിയ എന്റെ ചേച്ചിയെ എന്തിനെന്നില്‍ നിന്നുമകറ്റി എന്ന ആ കുഞ്ഞനുജത്തിയുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്കെന്തുണ്ട് മറുപടി ? 
എന്താണ് നീ അവള്‍ക്കു കൊടുക്കുന്ന മറുപടി ,ആ കുഞ്ഞിന്റെ  മനസ്സ് നീ  കാണുന്നില്ലേ?  അവള്‍ എന്താണ് നിന്നെ കുറിച്ച് കരുതുന്നത്, അവള്‍ പറയുന്നത് എന്താണെന്ന് ഒന്ന് കേള്‍ക്കൂ................... "എനിക്കറിയാം നീ എന്തിനാണിത് ചെയ്തതെന്ന് ,എന്റെ ചേച്ചി നിന്നെ ഒരുപാട് സ്നേഹിചിരുന്നല്ലോ  കണ്ണാ അവള്‍  നിന്റെ ഭക്ത ആയിരുന്നല്ലോ ..അവള്‍ നിനക്കായിട്ടല്ലേ ചിലങ്കകള്‍ അണിഞ്ഞത് ,നിന്‍റെ മുന്‍പിലല്ലേ അവള്‍ നൃത്തമാടിയത്  നീയവളെ മോഹിച്ചുവല്ലേ കണ്ണാ ? അവളുടെ നൃത്തം നിന്നെ വല്ലാതെ കൊതിപ്പിച്ചുവല്ലേ ? അവള്‍ നിന്റെ മുന്നില്‍ മാത്രം നൃത്തം ചെയ്യണം എന്ന് നീ കരുതിയല്ലേ ? അതിനല്ലേ നീ അവളെ ഞങ്ങളില്‍ നിന്നും പിടിച്ചെടുത്തത് ?നീ ഇത്രക്കും സ്വാര്‍ത്ഥന്‍ ആവേണ്ടിയിരുന്നോ കണ്ണാ? അവളോടൊപ്പം ജീവിച്ചെനിക്ക് കൊതി തീര്‍ന്നിരുന്നില്ലല്ലോ കണ്ണാ ,എന്‍റെ അഛന്റെയും അമ്മയുടെയും നൊമ്പരം നീ കാണുന്നില്ലേ ? അച്ഛന്‍ അനുഭവിക്കുന്ന വേദന നീ എന്തേ മനസ്സിലാക്കാത്തത് ? ആ ഒരു നിമിഷ നേരത്തെക്കിനു എന്തിനാണ് അച്ഛന്റെ കണ്ണുകളില്‍ നീ നിദ്രയെ കൊടുത്തത് ? എന്താണ് നീ  ആ നിമിഷം  വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാഞ്ഞൂ? ക്രൂരനാണ് നീ കണ്ണാ ക്രൂരനാണ് നീ ... എന്റെ അമ്മ പരിക്കുകളുടെതിലും അധികം ഹൃദയ വേദനയാല്‍ കരയുന്നത് നീ കാണുന്നില്ലേ ? എന്റെ അച്ഛന്‍ ഉറങ്ങാനാവാതെ  ഹൃദയ വേദനയോടെ ഉഴറി നടക്കുന്നത് നീ കാണുന്നില്ലേ .ചേച്ചിയുടെ സ്നേഹമില്ലാതെ  മുന്നോട്ടു ജീവിക്കേണ്ട  എന്നെ നീ കാണുന്നില്ലേ ?എന്തിനാണ് കണ്ണാ നീ നിന്‍റെ സ്വാര്‍ത്ഥതക്കായി ഞങ്ങളെ തീരാ ദുഖത്തിലാഴ്ത്തിയത് ?

കേട്ടില്ലേ   നീ ഈ കുരുന്നിന്റെ ചോദ്യങ്ങള്‍? ഇത്രക്ക് നീ സ്വാര്‍ത്ഥന്‍ ആവെണ്ടിയിരുന്നോ ? ഉത്തരമുന്ടെന്കില്‍ കൊടുക്കൂ നീ ഈ കുരുന്നു കിടാവിന് .........എന്ത് അവളുടെ സന്തോഷത്തിനാണ് നീ അവളെ കൂട്ടികൊണ്ടുപോയതെന്നോ ? വിശ്വസിക്കില്ല ഞാന്‍... നുണ പറയുകയാണ്‌ നീ .
എന്ത് നീ നുണ പറയാറില്ലെന്നോ ,പിന്നെ എന്താണിപ്പോള്‍ നീ പറഞ്ഞത്.? അവള്‍ നിന്നിലലിഞ്ഞാണ് നൃത്തച്ചുവടുകള്‍ വച്ചിരുന്നതെന്നോ ?അവള്‍ നിന്നിലലിഞ്ഞു ചേരുവാന്‍ കൊതിച്ചിരുന്നുവെന്നോ ?അതാണവള്‍ നിന്‍റെ  ആലയത്തില്‍ വന്നു പ്രാര്‍ത്ഥിച്ചതെന്നോ ? നാണമില്ലേ നിനക്കിത് പറയാന്‍..അപ്പോള്‍ അവളുടെ പ്രാര്‍ത്ഥനകള്‍ മാത്രമേ നീ കേട്ടുള്ളൂ ? ആ പിതാവും ,മാതാവും ,ഈ കുരുന്നും നിന്നോട്  യാചിച്ചതോന്നും നീ കേട്ടില്ലെന്നോ ?കൊള്ളാം,   നിങ്ങള്‍ ദൈവങ്ങളുടെ വികൃതികള്‍,നിങ്ങളുടെ ന്യായങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ലല്ലോ ?ലോകമുണ്ടായ കാലം മുതല്‍ നിങ്ങളെ വിളിച്ചു കരയുന്ന ഞങ്ങള്‍ മനുഷ്യര്‍,നിങ്ങളുടെ പേരില്‍ ആലയങ്ങള്‍ സൃഷ്ടിച്ചു പരസ്പരം പൊരുതുന്ന ഞങ്ങള്‍,നിങ്ങള്ക്ക് നിവേദ്യം അര്‍പ്പിക്കാനും,നിങ്ങളുടെ മുന്നില്‍ ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചു  മനോഭാരം ഇറക്കി വയ്ക്കുവാനും  സ്രെമിക്കുന്ന ഞങ്ങള്‍ക്ക് നിങ്ങളുടെ ഇതുപോലുള്ള പ്രവര്ത്തികളിലെ ന്യായങ്ങള്‍ മനസ്സിലാവുന്നില്ല .എങ്കിലും ഞങ്ങള്‍ അന്ധമായി നിങ്ങളില്‍ വിശ്വസിക്കുന്നു .എല്ലാം നല്ലതിനായി മാത്രം നിങ്ങള്‍ ചെയ്യുന്നുവെന്ന് ഞങ്ങള്‍ സ്വയം വിശ്വസിപ്പിക്കാന്‍ സ്രെമിക്കുന്നു , ആ വിശ്വാസങ്ങളെ നിങ്ങള്‍ തകര്‍ക്കല്ലേ ദൈവങ്ങളേ,ഇതുപോലുള്ള പ്രവര്‍ത്തികളാല്‍..... നിങ്ങളെ ചോദ്യം ചെയ്യുന്നത്  നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെടില്ല എന്ന് ഞങ്ങളെ വിശ്വസിപ്പിച്ചിരിക്കുകയാണല്ലോ? എങ്കിലും നിങ്ങളോട് ഇത്രയെങ്കിലും ചോദിച്ചില്ല എങ്കില്‍, ഒരു ദൈവ വിശ്വാസി എന്ന നിലയില്‍ നിന്നും ഞങ്ങളൊരു  അന്ധവിശ്വാസി എന്ന തലത്തിലേക്ക് താഴ്ന്നു പോകില്ലേ........................

ക്ഷമിക്കൂ, ദൈവത്തെ ചോദ്യം ചെയ്യുവാന്‍ ഞങ്ങള്‍ ആരുമല്ല ,നിന്റെ ന്യായങ്ങള്‍ ഞങ്ങളുടെ ചിന്താമണ്ഡലത്തിനുമപ്പുറമാണ് എന്ന് ഞങ്ങള്‍ അറിയുന്നു ,എങ്കിലും ചില നിമിഷങ്ങളില്‍ അറിയാതെ അറിയാതെ ഞങ്ങള്‍ നിന്നെ കുറ്റപ്പെടുത്തിപ്പോകും.   അതിനുള്ള സ്വാതന്ത്ര്യം നീ ഞങ്ങള്‍ക്ക് തന്നിട്ടുണ്ടല്ലോ ,നിന്നോടല്ലേ ഞങ്ങള്‍ക്ക് പരാതിയും പരിഭവവും പറയാന്‍ പറ്റൂ,നീയല്ലേ ഞങ്ങള്‍ക്ക് ഈ ജീവനെ തന്നവന്‍ നീ അത്  തിരിച്ചെടുക്കുമ്പോള്‍ നിന്നെ ചോദ്യം ചെയ്യുവാന്‍ ഞങ്ങള്‍ ആര്‍ ? കഴിയുമെങ്കില്‍ ദുഖതിലായിരിക്കുന്ന ആ കുടുംബത്തിന് ആശ്വാസം പകര്‍ന്നു നല്‍കൂ..........

ആ കുരുന്നിന്‍റെ വേര്‍പാടില്‍ മനംനൊന്തിരിക്കുന്ന കുടുംബത്തിന്‍റെ വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട് ,രണ്ടു തുള്ളി കണ്ണീരിനാല്‍ ആ കുഞ്ഞിനു യാത്രാമൊഴി നേര്‍ന്നുകൊണ്ട് ...................

വേദനയോടെ
ജോഷി കുര്യന്‍ പോള്‍



Tuesday, February 5, 2013

തിരുവാര്‍പ്പിലെ മറ്റുചില മുഖങ്ങള്‍ ......

തിരുവാര്‍പ്പിന്‍റെ സ്വന്തം KMSനേ പറ്റിയും,ശിവന്‍ചേട്ടനെ പറ്റിയുമൊക്കെ കഴിഞ്ഞ ചില കുറിപ്പുകളിലൂടെ നാം ഓര്‍ത്തു ,അവരില്‍ ഇനിയും മറക്കാന്‍ പറ്റാത്ത ചിലരുണ്ട് KMSലെ തന്നെ കണ്ടക്ടെര്‍ ആയിരുന്ന മാത്യു,അദ്ദേഹവും തിരുവാര്‍പ്പു കാരുടെ മറക്കുവാന്‍ പറ്റാത്ത ഒരു കഥാപാത്രമാണ് KMS എന്ന ആ പഴയ ബസ്‌ തിരുവാര്‍പ്പു കാരുടെ ജീവിതത്തോട് എങ്ങനെ കൂടിച്ചേര്‍ന്നു നിന്നിരുന്നുവോ അതുപോലെ തന്നെ സ്ഥാനം അതിലെ ജീവനക്കാരായിരുന്ന ശിവന്‍ചേട്ടന്‍, മാത്യു, അതിന്‍റെ മുതലാളിമാരില്‍ ഒരാളായിരുന്ന ആലിചെന്‍ എന്നിവര്‍ക്കുമുണ്ട്, മാത്യുവിനെ കുറിച്ച് പറഞ്ഞാല്‍ കറുത്ത് മെലിഞ്ഞ ഒരാള്‍,എന്നാല്‍ ശരീരത്തിന് ചേരുന്ന വിധത്തില്‍ തുന്നിയ കാക്കി ഷര്‍ടും,പാന്റ്സും ധരിച്ചു വൃത്തിയായി മാത്രമേ എപ്പോളും ആളെ കാണുവാന്‍ സാധിചിരുന്നുള്ളു,മുഖത്തിന്‌ ചേരുന്ന ഒരു ദീക്ഷയും എപ്പോഴും ചീവിയോതുക്കിയ മുടിയിഴകളുമായി ഒരു സൌമ്യന്‍,ഇവരെ ഓര്‍ക്കു മ്പോള്‍ KMSപോലെ തന്നെ പ്രാധാന്യമേറിയ TCM എന്ന കൊച്ചു ബസിനെയും മറക്കാന്‍ പറ്റുമോ TCM നേ ഒര്‍കുമ്പോള്‍ അതില്‍ പ്രധാനമായും ഓര്‍മ്മ വരുന്നത് കണ്ടക്ടെര്‍ കരുണാകരനെയാണ്,കാക്കി ഷര്‍ട്ടും കാക്കി പാന്‍റും അണിഞ്ഞു പതറിയ ശബ്ദത്തില്‍ സംസാരിക്കുന്ന കരുണാകരന്‍ ചേട്ടന്‍, ചീവിയോതുക്കാത്ത ചുരുണ്ട നരച്ച മുടി,ഇസ്തിരിയിട്ടു ചുളിവ് നിവര്‍ക്കാത്ത കാക്കി ഷര്‍ട്ട് ,കാലിന്റെ കണ്ണക്ക് മുകളില്‍ വരെ മാത്രം എത്തുന്ന കാക്കി പാന്റ്സ്, കാലില്‍ പഴയതരം പ്ലാസടിക് ചെരുപ്പ്... ഇവയുമോക്കെയായി, ആളുകള്‍ തിങ്ങി നിറഞ്ഞ ബസില്‍ "ആന കരിമ്പിന്‍ കാട്ടില്‍" കയറിയപോലെ ആളുകളെ തള്ളി മാറ്റി തന്‍റെ പതറിയ ഒച്ചയില്‍ ടിക്കെറ്റ്‌ ടിക്കെറ്റ്‌ എന്ന് വിളിച്ചു പറഞ്ഞു പണം വാങ്ങി ടിക്കെറ്റ്‌ കൊടുത്തു നടക്കുന്ന കരുണാകരന്‍ചേട്ടന്‍ ,ഇപ്പോളും ഒരു ടിക്കെറ്റ്‌ ബുക്കുമായി മുന്നില്‍ നില്‍കുന്ന പോലൊരു തോന്നല്‍, അതോടൊപ്പം ആ ബസില്‍ ചെക്കറായി വന്നിരുന്ന പേരറിയാന്‍ പാടില്ലാത്ത ഒരു അപ്പച്ചന്‍ ഉണ്ടായിരുന്നു,വളരെ സൌമ്യനായ അപ്പച്ചന്‍... ഖാദി ഷര്‍ട്ടും വെള്ള കോട്ടന്‍ ഡബിള്‍ മുണ്ടുമുടുത്തു കാലില്‍ കറുത്ത തുകല്‍ ഷൂസും അണിഞ്ഞു വരുന്ന ആരോടും അധികം മിണ്ടാതിരിക്കുന്ന അപ്പച്ചനെ എങ്ങനെ മറക്കാന്‍....ഇവരെ ഒക്കെ ഓര്‍ക്കുന്ന കൂടെ... ഞാന്‍ കഴിഞ്ഞ ഒരു കുറിപ്പില്‍ ചെറുതായി സൂചിപ്പിച്ച മീന്‍പിടിച്ചു നടക്കുന്ന കുട്ടന്‍, കുട്ടനെ അങ്ങനെ സൂചിപ്പിച്ചാല്‍ ശെരിയാവില്ല കുട്ടനെ അറിയപ്പെടുന്നത് “വരാല്‍ കുട്ടന്‍” എന്നപേരില്‍ ആണ് കാരണം കുട്ടന്‍ മറ്റു മീനുകളെക്കാളിലും കൂടുതല്‍ പിടിക്കുന്നതും വില്ക്കു്ന്നതും വരാല്‍ ആണ്,ഈ കുട്ടന്‍റെ മകന്‍ ഷാജി എന്‍റെ സഹപാഠി ആയിരുന്നു നാട്ടിലെ പള്ളിക്കൂടത്തില്‍, ഞങ്ങള്‍ അന്ന് അവനെ കാരി എന്നാണു വിളിച്ചിരുന്നത്‌,സാറുമാര്‍ സ്നേഹം കൂടുമ്പോള്‍ എടാ കാരിപിളുന്തേ എന്നും...,കുട്ടന്‍ ഏതെങ്കിലും തോട്ടില്‍ നിന്നും വരാലും കാരിയും ഒക്കെ പിടിച്ചു വിറ്റ് കിട്ടുന്ന പൈസയുമായി നേരെ കള്ളുഷാപ്പിലേക്ക് വച്ച് പിടിക്കും,തിരുവാര്‍പ്പിലെ ഇടവക ഷാപ്പ് കൊച്ചുപാലം കവലയില്‍ നിന്നും ഇടതു വശത്തേക്ക് കിടക്കുന്ന ഇട വഴിയിലൂടെ (മണി സാറിന്‍റെ വീടായ ദേവീസദനത്തിന്റെയും സദാശിവന്‍റെയും വീടിനു ഇടയിലൂടെ )നേരെ മര്‍ത്തശ്മൂനി പള്ളിയിലേക്ക് പോകുന്ന വഴിയിലൂടെ മുന്നോട്ടു ചെന്ന് ആറ്റിനക്കരെ കടക്കുന്ന ഉടനെ ഇടതു വശത്താണ്.ആറു കടക്കാന്‍ ഒരു തടിപ്പാലമാണ് അന്നുള്ളത്. അത് രണ്ടടി വീതിയിലുള്ള ഒന്‍പ്തു സ്ടെപ്പുകള്‍ മുകളിലേക്ക് അക്കരെയും ഇക്കരെയും പണിതിട്ടു അതിനു മുകളിലാണ് ഈ തടിപ്പാലം , അന്ന് കാലത്തു ചരക്കു വള്ളങ്ങള്‍ ഒക്കെ അതുവഴി കടന്നു പോകുമായിരുന്നു ആ വള്ളങ്ങള്‍ക്ക് കടന്നു പോകുവാനുള്ള സൌകര്യത്തിനാണ് ഇത്ര ഉയരത്തില്‍ പാലം ഇട്ടതു.പക്ഷെ അക്കരെ ഷാപ്പിലേക്ക് പോകുന്ന സമയത്ത് വളരെ സ്പീഡില്‍ പാലം കടക്കുന്ന പലരും ഷാപ്പില്‍ നിന്നുമിറങ്ങി തിരികെ ഇക്കരെ പറ്റുവാന്‍ വളരെയേറെ സമയം എടുക്കാറുണ്ടായിരുന്നു ചില ആളുകള്‍ സ്ടെപ്പു കയറാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ ആറ്റിലിറങ്ങി ഒരു കുളി നടത്തി ഇക്കരെയിലേക്ക് നീന്തുന്നതും ഒരു പതിവ് കാഴ്ച ആയിരുന്നു... എന്നാല്‍ കുട്ടന്‍ സ്ഥിരമായി പാലത്തിലൂടെ മാത്രമേ അക്കരെ ഇക്കരെ കടന്നിരുന്നുള്ളൂ.പക്ഷെ ഇക്കരെക്ക് വരുമ്പോള്‍ കുട്ടന്‍ "വിനീതനാവുമായിരുന്നു",സ്ടെപ്‌ കയറി ബുദ്ധിമുട്ടി മുകളില്‍ എത്തി പാലത്തില്‍ കയറുമ്പോള്‍ ആരെങ്കിലും അക്കരെ നിന്നും പാലത്തിലൂടെ വന്നാല്‍ കുട്ടന്‍ തിരിച്ചിറങ്ങും,ഇങ്ങനെ പലയാവര്‍ത്തി കയറ്റവും ഇറക്കവും നടത്തി മാത്രമേ കുട്ടന്‍ അക്കരെ പറ്റാറുള്ളൂ, പാലം കടന്നു കവലയില്‍ തിരികെ എത്തിയാല്‍ പിന്നെ കുട്ടന്‍റെ വക ഗാനമേള ആരംഭിക്കുകയായി,..മിക്ക ദിവസങ്ങളിലും വേദിയാവുന്നത് പാറേക്കാട്ടില്‍ കുഞ്ഞുതോമാചെന്‍റെ ജൌളിക്കടയുടെ തിണ്ണയാണ് ,ചില ദിവസങ്ങളില്‍ കലാകാരന്മാരുടെ എണ്ണം കൂടും,തെങ്ങ് കയറ്റക്കാരന്‍ "സാബുവിന്‍റെ ബ്രേക്ക്‌ ഡാന്‍സ്"(കുഴഞ്ഞുള്ള ആട്ടം) ,"കൃഷ്ണന്‍റെ വായ്ത്താരി".... ഒപ്പം ചില ദിവസങ്ങളില്‍ "തിരുവാര്‍പ്പിന്‍റെ ഐശ്വര്യാ റായി" ആയി നടന്നിരുന്ന “അമ്മായി” എന്ന് വിളിക്കുന്ന സ്ഥിരത കുറവുള്ള സ്ത്രീയുടെ അതി "ഗംഭീര പെര്‍ഫോര്‍മെന്‍സും" ഒക്കെയായി കവല ആകെ മേളക്കൊഴുപ്പിലാവും,ഇതിനിടയില്‍ ചിലപ്പോള്‍ തിരുവാര്‍പ്പിലൂടെ കടന്നു വരുമായിരുന്ന "ഷാജി" എന്ന് വിളിക്കുന്ന ഒരു ചെറുപ്പക്കാരനെ ഓര്‍മ്മി വരുന്നു ,മുണ്ടും ഷര്‍ട്ടുമണിഞ്ഞെത്തുന്ന ഷാജി ഏതോ ഡോക്ടെര്‍ ദമ്പതികളുടെ മകന്‍ ആണെന്നാണ്‌ കേട്ടിരിക്കുന്നത്,ചെറുപ്പകാലത്തെ മയക്കു മരുന്നിന്‍റെ ഉപയോഗംമൂലം സംഭവിച്ച ചില കുഴപ്പങ്ങള്‍ ആണ് ആ ചെറുപ്പക്കാരനുള്ളത് എന്നും, അല്ല ജന്മനാ സംഭവിച്ച ചില പോരായ്മകള്‍ ആണ് എന്നും കേട്ടിട്ടുണ്ട് ഏതാണ് വാസ്തവം എന്ന് അറിയില്ല,എപ്പോഴും മുഖത്തൊരു പുഞ്ചിരിയുമായിട്ടാണ് ഷാജി കടന്നു വരുന്നത് പക്ഷെ സംസാരിക്കുമ്പോള്‍ ഒരുമാതിരി ഒരു കുഴഞ്ഞ ശബ്ദം അല്പം മന്ദബുദ്ധി ഭാവം...........അതുപോലെ മറ്റൊരു കഥാപാത്രമായിരുന്നു ബസുകളില്‍ കാണപ്പെട്ടിരുന്ന അല്പം സ്ത്രൈണ ഭാവത്തോട് കൂടി വന്നിരുന്ന "തങ്കച്ചന്‍" ആളുകളുടെ ഇടയില്‍ നില്കുമ്പോള്‍ ഇന്നത്തെ മിമിക്രിക്കാര്‍ കാണിക്കുന്ന “തത്തമ്മ ചുണ്ടന്‍” കഥാപാത്രത്തെപോലെ “ഹേ മനുഷ്യാ ഒന്ന് മുട്ടാതെ നില്ക്കൂ” എന്ന ഡയലോഗുമായി വന്നിരുന്ന തങ്കച്ചനെ എങ്ങനെ മറക്കാന്‍....... അതുപോലെ മാമ്പിലയിലെ ചന്ദ്രന്‍,.... “കു കു കു കുഞ്ഞച്ചന്‍”എന്ന് വിളിക്കുന്ന അല്പം വിക്കുള്ള കുഞ്ഞച്ചന്‍.... വിക്കിനോടൊപ്പം തന്നെ കുഞ്ഞച്ചന് ശരീരത്തിന് ഒരു വളവുമുണ്ട്, ഒപ്പം പറഞ്ഞ കാര്യം തന്നെ വീണ്ടും പറയുന്ന ശീലവും ,ചന്ദ്രന്‍ ആണെങ്കില്‍ ഏത് വലിയ ചുമടും എടുത്തു വീടുകളില്‍ എത്തിക്കും ,പക്ഷെ പണം ചില്ലറ പൈസ ആയി തന്നെ വേണമായിരുന്നു,നോട്ടു കൊടുത്താലും ഇല്ല പൈസ താ ,പൈസ താ എന്ന് പറയുമായിരുന്നു, അതുപോലെ ഒരു കുട്ടമ്മാവാന്‍ ഉണ്ടായിരുന്നു മറ്റുള്ളവരോട് ഒന്നും സംസാരിക്കാത്ത ഒരാള്‍ ഒറ്റമുറി വീട്ടില്‍ തനിയെ പാര്‍ത്തിരുന്ന ഒരു താടിക്കാരന്‍ മനുഷ്യന്‍... സ്കൂളില്‍ നിന്നും വരുമ്പോള്‍ കുട്ടമ്മാവനെ കാണുമ്പോള്‍ പേടിച്ചു ഓടുമായിരുന്നു ഞങ്ങള്‍ കുട്ടികള്‍, പക്ഷെ ഒരിക്കലും കുട്ടമ്മാവന്‍ ആക്രമണകാരിയായി കണ്ടിട്ടില്ല, കുട്ടമ്മാവനു പോസ്റ്റുകള്‍ ഒരു ബലഹീനത ആയിരുന്നു പോസ്റ്റുകളുടെ ചുവട്ടില്‍ നിന്ന് “ഈ പോസ്റെടുത്തു അവിടെ വെയ് ആ പോസ്റെടുത്തിവിടെവെയ്” എന്ന് പറഞ്ഞു കൊണ്ട് കയ്യില്‍ ഒരു വടിയുമായി നിന്നിരുന്ന കുട്ടമ്മാവനെ മറക്കുവാന്‍ സാധ്യമല്ല.......ഇങ്ങനെ ചില വ്യക്തികള്‍ കൂടി ചേര്‍ന്ന താണ് നമ്മുടെ സമൂഹം അവരെ നമ്മില്‍ ഒരാളായി കാണേണ്ടവര്‍ തന്നെയാണ് എന്ന ചിന്ത എന്നിലും എന്‍റെ പ്രായതിലുണ്ടായിരുന്ന എന്റെ കൂട്ടുകാരിലുമൊക്കെ പകര്‍ന്നു തന്നത് എന്‍റെ നാടും നാട്ടുകാരുമാണ്, ഈ പറയുന്ന വ്യക്തികളെ ആരെയും നാട്ടു ജീവിതത്തിലെ ഒരു കാര്യങ്ങളില്‍ നിന്നും നാട്ടുകാര്‍ മാറ്റി നിര്‍ത്തിയിരുന്നില്ല,അവര്‍ക്ക് കൊടുക്കേണ്ടതായ പരിഗണനയും കാര്യങ്ങളും തിരുവാര്‍പ്പ് എന്ന എന്‍റെ കൊച്ചു ഗ്രാമത്തിലെ സ്നേഹ നിധികളായ നാട്ടുകാര്‍ നല്കി്യിരുന്നു,ഗ്രാമത്തില്‍ നിന്നും മാറി മേട്രോ സിറ്റി ജീവിതം തുടങ്ങിയിട്ട് ഇരുപത്തൊന്നു വര്‍ഷങ്ങള്‍ ആയെങ്കിലും ഞാന്‍ ഇന്നും ഹൃദയംകൊണ്ട് ആ പഴയ "തിരുവാര്‍പ്പുകാരന്‍" തന്നെ .ഇനിയുമുണ്ട് എന്റെ ഗ്രാമത്തെ വര്‍ണിക്കാന്‍..തിരുവാര്‍പ്പ് അമ്പലം,ഉത്സവം,കൊച്ചമ്പലം,ശിവന്‍കോവില്‍ മീന്‍ചിറവള്ളം കളി, മൂരിപ്പാറ പാലം,മാര്‍ത്തോമ പള്ളി,യോഗപ്പറമ്പ്, അങ്ങനെ ഒരുപാടൊരുപാട്.. സമയമനുസരിച്ച് ഇവയൊക്കെ ഇതിവൃത്തങ്ങള്‍ ആവുന്ന കുറിപ്പുകള്‍ കടന്നു വരും എന്ന് കരുതാം......

ജോഷി കുര്യന്‍ പോള്‍

Saturday, February 2, 2013

ഒരു മഴക്കഥയുടെ അനന്തര ഫലം .........

ഞാന്‍ മുന്‍പെഴുതിയ "ഒരു മഴക്കഥ" എന്ന കുറിപ്പ് വായിച്ചിട്ട് കുറെയേറെ ആളുകള്‍ കമെന്‍റ്കള്‍ ആയും മെസേജുകള്‍ ആയും ചിലര്‍ ഫോണിലൂടെയും  എന്നോട് പറഞ്ഞു നീ കാണിച്ചത് ശെരിയായില്ല ,ഈ കാലഘട്ടത്തിലും നിന്നെപ്പോലെ  "മൂരാച്ചി" ഭര്‍ത്താക്കന്മാര്‍ ഉണ്ടോടാ ? നാണമില്ലേ നിനക്ക് ?ഭാര്യയെ പണികളില്‍ അല്പം സഹായിച്ചു എന്ന് കരുതി ഒരു കുഴപ്പവും വരാന്‍ പോകുന്നില്ല. എന്നിങ്ങനെയോക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ ആയിരുന്നു അവയില്‍ പലതും. കുറെയൊക്കെ ആളുകള്‍ ഭാര്യയോടും ഇതിനെപ്പറ്റി പറഞ്ഞു ,അപ്പോള്‍ ആള്‍ക്കും തോന്നിക്കാണും ''ഹോ ഇവരുടെയെല്ലാം വീട്ടില്‍ ഇവരൊക്കെ ഭാര്യയെ സഹായിക്കുന്നുണ്ട്'' എന്‍റെ കെട്ടിയവന്‍ മാത്രം കാലിന്മേല്‍ കാലും കെട്ടിയിരുന്നു  അതുണ്ടാക്കു ഇതുണ്ടാക്കു എന്ന് കല്പ്പിക്കല്‍ മാത്രമേയുള്ളൂ. .അതൊന്നു മാറ്റിയെടുക്കണോല്ലോ? അവള്‍ എന്നോട് പതിയെ ചില ആവശ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങി,പണ്ട് കല്യാണം കഴിഞ്ഞു വന്ന സമയത്ത് എന്‍റെ  സുഹൃത്തുക്കള്‍ ആളോട് പറഞ്ഞു കേള്‍പ്പിച്ചിരുന്നു ഞാന്‍ നല്ല ഒന്നാന്തരം കുക്ക് ആണ് ,മീന്‍കറിയും,ഇറച്ചിക്കറിയും ഒക്കെ നന്നായി വക്കും ,അവിയല്‍,സാമ്പാര്‍,തോരന്‍ മെഴുക്കുപുരട്ടി ഒക്കെ വെക്കാന്‍ ഇവനില്‍ കഴിഞ്ഞു മറ്റാരുമില്ല എന്നൊക്കെ    ഇതെല്ലാം  കേട്ട് "ഫാര്യ" അന്നേ സ്വപ്നം കണ്ടതാണ് ഇതെല്ലാം ഞാന്‍ ഉണ്ടാക്കി കൊടുക്കുന്നത് ,  ചെറിയ ഒരു സൂചന അങ്ങനെ തന്നപ്പോളെ "ഞാന്‍ പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ ആയി ഒറ്റക്കാണ് വെപ്പും കുടിയും അതുകൊണ്ട് ഇനി കുറച്ചു കാലത്തേക്ക് അടുക്കള പ്രവേശനം ഇല്ല" എന്ന് പറഞ്ഞു  ആ ആവശ്യത്തെ  മുളയിലെ നുള്ളിയിരുന്നു. അതിനു ശേഷം അങ്ങനെ ഒരു ആവശ്യം ഉയരുന്നത് എന്‍റെ തന്നെ കുഴപ്പം കൊണ്ടാണ് .ആ ഒരു കുറിപ്പ് അങ്ങനെ എഴുതിയില്ലായിരുന്നു എങ്കില്‍ ചിലപ്പോള്‍ ഈ  ആവശ്യം ഇപ്പോള്‍ ഉയരില്ലായിരുന്നു .... എന്ത് ചെയ്യാം  "സംഭവാമി യുഗേ യുഗേ " എന്നാണല്ലോ.........

അങ്ങനെ ജനുവരി 26 ന്‍റെ  അവധി ദിനം വന്നെത്തി .അന്ന് എനിക്കും പ്രിയതമക്കും,കുട്ടികള്‍ക്കും എല്ലാം അവധി  . തന്‍റെ ആവശ്യം  നടപ്പിലാക്കാന്‍ പറ്റിയ ദിവസം ഇത് തന്നെ  എന്ന് എന്‍റെ "വാരിയെല്ല്" മുന്നമേ നിശ്ചയിച്ചിരുന്നു എന്ന് തോന്നുന്നു .രാവിലത്തെ തണുപ്പില്‍ കമ്പിളിക്കുള്ളില്‍ ചുരുണ്ട് കിടന്നുറങ്ങിയിരുന്ന  എന്നെ ഒരു ദാക്ഷിണ്യവുമില്ലാതെ അവള്‍ വിളിച്ചുണര്‍ത്തി പറഞ്ഞു "ഇന്ന് ഞാന്‍ അടുക്കളയിലേക്കില്ല, എന്താന്നു വച്ചാല്‍ തന്നെ നോക്കിക്കോണം".അതൊരു നിശ്ചയിച്ചുറപ്പിച്ച സ്വരം ആണ് എന്ന് മനസ്സിലാക്കിയ ഞാന്‍ ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല ,പ്രകടിപ്പിച്ചിട്ടു കാര്യമില്ല ചുറ്റിയ പാമ്പ് കടിച്ചേ പോകൂ എന്ന രീതിയില്‍ ആണ് "ആഭ്യന്തര മന്ത്രി" .രാവിലത്തെ സുഖമുള്ള ചുരുണ്ട് കൂടിയുള്ള ഉറക്കം നഷ്ടപ്പെട്ട ഞാന്‍,പതിയെ പുതപ്പിനുള്ളില്‍ നിന്നും വെളിയില്‍ കടന്നു ,കൈകള്‍ വിരിച്ചു  ഒന്ന് മൂരി നിവര്‍ത്തി ,വായിക്കോട്ട വിട്ടു. ഭാര്യയുടെ നേര്‍ക്ക്‌ ഒന്ന്  പാളി നോക്കി ,അവള്‍ പുതപ്പിനിടയിലൂടെ എന്നെ വീക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി ഞാന്‍, പതിയെ സോപ്പിടലുമായി അടുത്തുകൂടി , "വാ നമുക്ക് രണ്ടുപേര്‍ക്കും കൂടി ഇന്നത്തെ കുക്കിംഗ് നടത്താം". പിണറായിസഖാവിനെ കണ്ട വി.എസ്സിനെ പോലെ  "ഫാര്യ" ഒരു മൈന്‍റും ചെയ്യാതെ തിരിഞ്ഞു കിടന്നു.എന്തായാലും ഇന്ന് ഇനി അനുസരണാ ശീലം തന്നെ നല്ലത് എന്ന് കരുതി എഴുന്നേറ്റു,നേരെ പ്രിയതമയുടെ മാത്രം അധീനതയില്‍ ഉണ്ടായിരുന്ന അടുക്കള എന്ന സാമ്രാജ്യത്തിലേക്ക് ഒരു അഭായര്‍തഥിയെപ്പോലെ ഞാന്‍ കടന്നു ചെന്നു .   സ്ഥിരം കട്ടിലില്‍ വച്ച് തന്നെ കുടിച്ചിട്ട് പാദം നിലത്ത് തോടുവിക്കാന്‍ ശീലിച്ചിരുന്ന ബ്ലാക്ക്‌ കോഫീ  എന്ന കട്ടന്‍ കാപ്പിയില്‍ തന്നെ ഇന്നത്തെ ഹരിശ്രീ കുറിക്കാം എന്ന് കരുതി .സോസ്പാന്‍ എടുത്തു വച്ച് വെള്ളം ഒഴിച്ച്  തീ കത്തിച്ചു, വെള്ളം തിളച്ചപ്പോള്‍ പൊടിയിട്ട് പഞ്ചസാരയിട്ട് വാങ്ങി . പതിയെ കപ്പുകളില്‍ ആക്കി ആദ്യം അമ്മയുടെ അടുത്തേക്കും പിന്നെ  ഭാര്യയുടെ അടുത്തേക്കും നീങ്ങി ,അമ്മ കാപ്പി വായില്‍ വച്ച ഉടനെ മുഖം ഒന്നു കോടിയെങ്കിലും  അത് പ്രകടിപ്പിക്കാതെ  എന്നോട് പറഞ്ഞു  കുറച്ചു പഞ്ചാര കൂടി ഇട്ടേക്കൂ, ഞാന്‍ ഒരു സ്പൂണില്‍ പഞ്ചസാര കൊടുത്തു .ഭാര്യയുടെ അടുത്ത് കാപ്പിയുമായി ചെന്നപ്പോള്‍ ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കാതെ അവള്‍ പറഞ്ഞു ,"ഞാന്‍ പല്ല് തേച്ചിട്ടെ കാപ്പി കുടിക്കാറുള്ളൂ അവിടെ വച്ചേക്കൂ ,എന്നിട്ട് കഴിക്കാന്‍ വല്ലതും ഉണ്ടാക്കാന്‍ നോക്ക്" .കലിച്ചു വന്നെങ്കിലും കുട്ടികളും ,ഭാര്യയും പുതപ്പിനടിയില്‍ കിടന്നു ചിരിക്കുന്ന ഒച്ച കേട്ടപ്പോള്‍, ഇവര്‍ നമ്മളെ കളിയാക്കുവാനുള്ള സ്രേമം ആണ് എന്ന് മനസ്സിലാക്കി ''എന്നാല്‍ ഇന്ന് കാണിച്ചു കൊടുത്തിട്ട് തന്നെ  എന്ന് കരുതി അടുക്കളയിലേക്കു നീങ്ങി .

ആദ്യമേ  കുറച്ചു നേരം ആലോചിച്ചു  എന്താണ് ഉണ്ടാക്കേണ്ടത് ? എളുപ്പ വഴി നോക്കിയിട്ട്  ആകെ രണ്ടു "മാഗ്ഗി ന്യൂഡില്‍സ്‌ " മാത്രം അത് കുട്ടികള്‍ക്കുണ്ടാക്കാം ,ബാക്കിയുള്ളവര്‍ക്ക് എന്തുണ്ടാക്കും എന്ന് ആലോചിച്ചു പല്ലുതേരും ബാക്കി കാര്യങ്ങളുമൊക്കെ നടത്തി വന്നപ്പോളെക്കും ചപ്പാത്തി തന്നെ എന്ന് ഉറപ്പിച്ചു ,അതാവുമ്പോള്‍ ഒരു മുട്ടക്കറിയും ഉണ്ടാക്കി കാര്യം പെട്ടെന്ന് തീര്‍ക്കാം വെരി  സിമ്പിള്‍. എന്ന് കരുതി , ആട്ട എടുത്തു പാത്രത്തില്‍ ഇട്ടു വെള്ളമൊഴിച്ചു കുഴക്കുവാന്‍ തുടങ്ങി കുഴച്ചു വന്നപ്പോള്‍ മാവ് ഒരുമാതിരി വാള്‍പോസ്റ്റ്‌ ഒട്ടിക്കാന്‍ മാവ് കുരുക്കിയപോലെ ആയി ആരെയും കാണിക്കാതെ പെട്ടെന്ന് കുറെ ആട്ടയും കൂടി  എടുത്തിട്ട് വീണ്ടും കുഴച്ചു അങ്ങനെ ,വെള്ളം ,പൊടി.....പൊടീ വെള്ളം ഇങ്ങനെ ചേര്‍ത്ത് ചേര്‍ത്ത് രണ്ടു ദിവസം മൂന്നുനേരം ചപ്പാത്തി കഴിക്കാനും മാത്രം മാവ് കുഴച്ചു ,അപ്പോളേക്കും ഭാര്യ ഒരു സൂപ്പെര്‍വൈസറെപ്പോലെ  കുട്ടികളുടെ അകമ്പടിയോടെ എത്തി ,ഒരു വീക്ഷണം നടത്തി ... "ഇതെന്താ ഒരാഴ്ചത്തേക്കിനാണോ  ആട്ട കുഴച്ചിരിക്കുന്നത് ? ചോദ്യം കേട്ട് എനിക്ക് നാവു ചൊറിഞ്ഞു വന്നെങ്കിലും ..ഉത്തരം കൊടുത്തത് നിനക്ക് നാളെയും മറ്റന്നാളും ഒന്നും ഈ തണുപ്പത്തു രാവിലെ ആട്ട കുഴക്കെണ്ടല്ലോ എന്ന് കരുതി കൂടുതല്‍ കുഴച്ചതാ എന്നാരുന്നു ."ഹും ..രണ്ടു ദിവസത്തേക്കിനുള്ള ആട്ട നശിപ്പിച്ചു" എന്നും പറഞ്ഞു അവള്‍ തിരിഞ്ഞു നടന്നു. ഒരു വിധത്തില്‍ കുഴക്കല്‍ ഒക്കെ കഴിഞ്ഞു , ഇനി കറി വച്ചിട്ട് ചപ്പാത്തി പരത്തിചുടാം എന്ന് കരുതി .മുട്ടക്കറിക്കുള്ള പരിപാടികള്‍ ആരംഭിച്ചു .മുട്ട പുഴുങ്ങുവാന്‍ ഇട്ടു ,ഉള്ളി,ഇഞ്ചി,വെളുത്തുള്ളി ഇവയൊക്കെ  അരിഞ്ഞു ,തക്കാളി എടുത്തു കഴുകി വച്ച് .സ്റൌവ്വില്‍ ചീനച്ചട്ടിവച്ചു ,ഉള്ളിവഴറ്റി ,ഉപ്പുചേര്‍ത്ത് മഞ്ഞളുചെര്‍ത്തു,മുളകുപൊടി മല്ലിപ്പൊടി, മീറ്റ്‌ മസാല എല്ലാം ചേര്‍ത്ത് തക്കാളി ഇട്ടു നന്നായി സ്മാഷു ചെയ്തു ഇനി ആവശ്യത്തിന് വെള്ളം ചേര്‍ക്കാം എന്ന് കരുതി കപ്പില്‍ നല്ല വെള്ളമെടുത്ത് ഒഴിക്കാന്‍ തുടങ്ങിയതും  ദേണ്ടു കിടക്കുന്നു കപ്പു പിടിവിട്ടു ചീനച്ചട്ടിക്കുള്ളില്‍,  മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആകപ്പെടുന്ന ഏറണാകുളം,കോട്ടയം ജില്ലകള്‍ പോലെ ആയി ചീനച്ചട്ടി  അതില്‍ മുങ്ങിയും പൊങ്ങിയും ഉള്ളിയും തക്കാളിയും ഒക്കെ ..... ഞാന്‍ ഏതാണ്ട് പോയ അണ്ണാനെപ്പോലെ ചീനച്ചട്ടിയിലേക്ക് നോക്കി വിഷണ്ണനായി നിന്നു ,ഇടയ്ക്കു മക്കള്‍ വന്നു എത്തി നോക്കിയിട്ട് പോകുന്നുണ്ട് ,ഭാര്യ വന്നാല്‍ കാണണ്ട എന്ന് കരുതി ഞാന്‍ ഒരു അടപ്പെടുത്തു ചട്ടി അടച്ചു . വീണ്ടും ചപ്പാത്തിയിലേക്ക് തിരിഞ്ഞു ,പതിയെ പരത്തുവാന്‍ ആരംഭിച്ചു എത്ര പരത്തിയിട്ടും ,ശ്രീലങ്കയുടെയും ,കേരളത്തിന്റെയും ഭൂപടത്തെക്കാള്‍ മനോഹരമാക്കുവാന്‍ എനിക്ക് സാധിച്ചില്ല ,അവസാനം ഒരു വട്ടപ്പാത്രം എടുത്തു അടച്ചു വെളിയിലുള്ള ഭാഗം കട്ടുചെയ്തു കളഞ്ഞു ചപ്പാതികള്‍ എല്ലാം ഒരേ വട്ടത്തില്‍ ഒപ്പിച്ചു , ചുടാന്‍ തുടങ്ങിയപ്പോള്‍ പലതും ,"തവയില്‍ ഒട്ടിപ്പിടിക്കാനും ,കരിഞ്ഞു പിടിക്കാനും തുടങ്ങി എന്തായാലും കുഴപ്പമില്ല എന്ന് കരുതി ഞാന്‍ പുതിയ പാട്ടായ "അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി" എന്നാ പാട്ടും ഒക്കെ പാടി എല്ലാ ചപ്പാത്തിയും ചുട്ടു ബാക്കി മാവ്  ഒരു പാത്രത്തില്‍ ആക്കി ഫ്രിട്ജിലും ആക്കി .ഈ സമയത്തും മുട്ടക്കറി ജൂണ്‍ മാസത്തിലെ തിരുവാര്‍പ്പ് ദേശം പോലെ വെള്ളം നിറഞ്ഞു കിടക്കുകയാണ് . ഒരു വിധത്തില്‍ അടപ്പ് തുറന്നു വച്ച് തീ കൂട്ടിവച്ച് "പാടത്തു മോട്ടോര്‍ വച്ച് വെള്ളം പറ്റിക്കുന്നത് പോലെ പറ്റിക്കുവാനുള്ള ശ്രെമത്തിലായി ഞാന്‍ ഒരു വിധം ഒക്കെ ആയപ്പോള്‍ തീ നിര്‍ത്തി ഇന്നിനി വേറെ ഒന്നും വയ്യ ...പിള്ളേരും ഇതൊക്കെ തന്നെ കഴിച്ചാല്‍ മതി എന്നുറപ്പിച്ചു ഞാന്‍ എല്ലാവരെയും കഴിക്കാന്‍ വിളിച്ചു അപ്പോളാണ് ചായ ഇട്ടില്ല എന്നാ കാര്യം ഓര്‍ത്തത്‌ അതും  ഒപ്പിച്ചു...

കഴിക്കുവാന്‍ തയ്യാറായി എല്ലാവരും ഡൈനിംഗ് റൂമില്‍ എത്തി മേശക്ക് ചുറ്റും സ്ഥാനം പിടിച്ചു ,പിള്ളേര്‍ ആകെ ഒരു അത്ബുദത്തില്‍ ആണ് "അച്ച ഇന്ന് കുക്കിംഗ് നടത്തിയിരിക്കുന്നു " എല്ലാം എടുത്തു വച്ചിട്ട് ഞാനും ഇരുന്നു , ഭാര്യയുടെ ചുണ്ടില്‍ ഒരു ചെറു ചിരി കാണുന്നുണ്ട് ....ആഹാ നിങ്ങളെ അങ്ങനെ ഞാന്‍ അടുക്കളയില്‍ കയറ്റി എന്നാണു അതിന്‍റെ അര്‍ഥം എന്ന്  എനിക്ക് മനസ്സിലായി ...കുട്ടികള്‍ പതിയെ ചപ്പാത്തി മുട്ടക്കറിയില്‍ മുക്കി വായില്‍ വച്ചു ഒരു നിമിഷം കഴിയും മുന്‍പേ അമ്മെ വെള്ളം എന്ന് ആര്‍ത്തു വിളിക്കാന്‍ തുടങ്ങി... ഭാര്യ ഓടിപ്പോയി  വെള്ളം എടുത്തു കൊടുത്തു .ഇതെന്തിനാ ഇത്ര കാറുന്നത് എന്ന് കരുതി ഞാന്‍ അലപം കറിയെടുത്തു വായില്‍ വച്ച് നോക്കി എന്‍റെ ദൈവമേ.... എരുവ് കാരണം  കണ്ണ് നിറഞ്ഞു ,അപ്പോളേക്കും അമ്മയും വെള്ളത്തിനായി ആഗ്യം കാണിക്കാന്‍ തുടങ്ങി സംഗതി പന്തിയല്ല എന്ന് കണ്ടു ഞാന്‍ വേഗം അമ്മയുടെ കൈപാങ്ങില്‍ നിന്നും മാറിയിരുന്നു ദയനീയമായി ഭാര്യയെ നോക്കി .അവള്‍ "NSS ജെനെറല്‍സെക്രട്ടറിയെ കണ്ട കൊണ്ഗ്രെസ്സുകാരനെപ്പോലെ" എന്നെ കലിപ്പിച്ചു നോക്കി .ഞാന്‍ പതിയെ തല കുനിച്ചിരുന്നു ഒന്നും സംഭവിക്കാത്തപോലെ  ചപ്പാത്തി തിന്നാന്‍ തുടങ്ങി ....ഭാര്യ പെട്ടെന്ന് തന്നെ കറിയുമായി അടുക്കളയില്‍ കയറി അതിനുള്ളില്‍ അല്പം പാലൊക്കെ ഒഴിച്ച് എരിവ് കുറച്ചു കൊണ്ടുവന്നു  അമ്മക്കും പിള്ളേര്‍ക്കും നല്‍കി ...ഞാന്‍ ഒന്നും സംഭവിക്കാത്തതുപോലെ  ആ എരിവുള്ള കറി കൂട്ടി  കഴിച്ചു . നമ്മള്‍ ഉണ്ടാക്കിയത് ശെരിയല്ല എന്ന് ഭാവിച്ചാല്‍ കുറച്ചില്‍ ആവും എന്ന് കരുതിയാണ് അങ്ങനെ ചെയ്തതെങ്കിലും ഇപ്പോള്‍ തോന്നുന്നു വേണ്ടായിരുന്നു എന്ന്. ഒരാഴ്ച കഴിഞ്ഞിട്ടും വയര്‍ ശരിയായിട്ടില്ല .......

എന്തായാലും ഈ ഒരൊറ്റ സംഭവം കൊണ്ട് അവള്‍ എന്നെ അടുക്കള ഭരണത്തില്‍ നിന്നും പിരിച്ചു വിട്ടു എന്ന ഗുണം ഉണ്ടായെങ്കിലും ....കൂട്ടുകാര്‍ ചേര്‍ന്ന് അവളുടെ മനസ്സില്‍ സ്ഥാപിച്ചിരുന്ന "കെട്ടിയോന്‍ ഫയങ്കര കുക്ക്" ആണ് എന്ന ആ ചിന്ത തകര്‍ന്നു തരിപ്പണം ആയി ........................