Monday, September 18, 2023

ജീവിതം മനോഹരമാക്കാം

 ഒരു സെമിത്തേരിയിൽ കടന്ന് ചെന്നാൽ മിക്ക ഖബറുകളുടെയും മുന്നിൽ ഇന്ന് മാർബിൾ ഫലകങ്ങളിൽ അതിൽ അടക്കിയിരിക്കുന്നവരുടെ പേരും ,വീട്ടുപേരും ജനിച്ച വർഷവും മരിച്ച വർഷവുമൊക്കെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ജനന വർഷത്തിനും മരണ വര്ഷത്തിനും ഇടയിലൊരു കുഞ്ഞു വര ഉണ്ടാവും
(1943-2023 ) ആ കുഞ്ഞു വരയാണ് നമ്മുടെ ഈ ലോക ജീവിതം .
വരയെ എത്ര മനോഹരം ആക്കാൻ പറ്റുമോ അത്രയും മനോഹരമാക്കുക. അതിനു സമ്പത്തോ, സൗന്ദര്യമോ മറ്റു ബാഹ്യ ഘടകങ്ങളോ അല്ല ,പിന്നെയോ നല്ലൊരു മനസ്സാണ് ആവശ്യം . ഈ ലോകത്തു നിന്നും നാം കടന്നു പോയാലും നമ്മെ ലോകം കാണുന്നത് ആ കുഞ്ഞു വരയെ നോക്കിയാണ്.
എന്തുകൊണ്ടാണ് "ഉമ്മൻ ചാണ്ടി "എന്ന മനുഷ്യൻ മരിച്ചപ്പോൾ ലോകത്തുള്ള നല്ലൊരു ശതമാനം മലയാളികളും തേങ്ങിയത്. നേടുവീർപ്പിട്ടത്. ഇന്നും ആ ഖബറിനരുകിലേക്ക് പല നാടുകളിൽ നിന്നും മനുഷ്യർ വന്നുകൊണ്ടിരിക്കുന്നത്?
ഒരുത്തരം മാത്രം ആ മനുഷ്യൻ തന്റെ ജനന വര്ഷത്തിനും മരണ വര്ഷത്തിനും ഇടയിലെ ആ കുഞ്ഞു വരയെ അത്രമേൽ മനോഹരമാക്കി. താൻ വഹിച്ചിരുന്ന പദവികളിൽ എല്ലാം അദ്ദേഹം നോക്കിയത് ആ പദവിയിലൂടെ തനിക്കു ചുറ്റുമുള്ള നിസ്സഹായ മനുഷ്യരെ എങ്ങനെയൊക്കെ തനിക്കു കരുതുവാൻ സാധിക്കും എന്ന കാഴ്ചപ്പാടിലാണ്.
വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്ന ബൈബിൾ വാക്യം പോലെ ,അദ്ദേഹം ചെയ്തതൊന്നും വിളിച്ചു പറഞ്ഞില്ല.മരണശേഷമാണ് നാം ഒരുപാടുപെരുടെ തുറന്നു പറച്ചിലുകളിലൂടെ അതൊക്കെ അറിയുവാനിട വന്നത്.
തന്നെയും കുടുംബത്തെയും ക്രൂരമായി വേട്ടയാടിയപ്പോഴും അദ്ദേഹം അങ്ങനെ ചെയ്തവരോട് ഒരു വിരോധവും വെച്ചു പുലർത്തിയില്ല.തന്റെ മക്കൾക്കു തന്റെ ജീവിതം കൊണ്ടാണ് അദ്ദേഹം മാതൃക കാട്ടിയത്.
ഇങ്ങനെയും ഒരു രാഷ്ട്രീയക്കാരൻ ആയിരിക്കാൻ , ഒരു മനുഷ്യനായിരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം സ്വന്ത ജീവിതം കൊണ്ട് നമ്മെ കാണിച്ചു തന്നു.
ജീവിതത്തിൽ അടുത്തവനോട് വേണമെങ്കിൽ നമുക്ക് പകയും വിദ്വേഷവും വെറുപ്പും ഒക്കെ കൊണ്ടു നടക്കാം പക്ഷെ അതെല്ലാം ആ കുഞ്ഞു വരയെ മനോഹരമല്ലാത്തതാക്കും. സ്നേഹം, കരുണ പരോപകാരം തുടങ്ങിയവയെല്ലാം ആ വരയെ മനോഹരമാക്കുന്ന ഘടകങ്ങൾ ആണ്.
നമുക്കും തീരുമാനിക്കാം നമ്മുടെ ജനന വര്ഷത്തിനും മരണ വര്ഷത്തിനും ഇടയിലെ ആ കുഞ്ഞു വരയാകുന്ന ഇന്നുള്ള നമ്മുടെ ജീവിതത്തെ എങ്ങനെ മനോഹരമാക്കാമെന്നു.