Thursday, March 28, 2013

ഗംഗയിലെ നെല്ലിമരം ....ഒരു ഓര്‍മ്മ

എന്‍റെ  ഓര്‍മ്മകളില്‍ എന്നും മായാതെ നില്‍ക്കുന്ന ഒരു വീടുണ്ട് ,അതിനെ ചുറ്റിയുള്ള കുറച്ചു വീടുകളും ആളുകളുമുണ്ട്‌. "ഗംഗ" എന്ന ആ വീടിന്‍റെ അകത്തും പുറത്തും രണ്ടോ മൂന്നോ വയസ്സ് പ്രായമുള്ള എന്‍റെ കാല്‍പാദങ്ങളുടെ അടയാളങ്ങള്‍ പതിഞ്ഞിട്ടുണ്ട്,ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും ആ വീട് ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നു

ആ സ്ഥലവുമായി അത്രയ്ക്ക്  ഒരു മാനസ്സിക അടുപ്പമുണ്ട് എനിക്ക്. അവിടെ നിന്നു താമസം മാറിയതിനു ശേഷവും കുറച്ചു തവണ അമ്മയോടൊപ്പം അവിടെ പോയിട്ടുള്ളത് കൊണ്ടാവാം  ആ ഭാഗത്തെക്കുറിച്ചു കുറച്ചു ഓര്‍മ്മ നില നില്‍ക്കുന്നത്, ആ വീട്ടിലാണ്  ഞാന്‍ എന്‍റെ ":അച്ച"യോടൊപ്പം താമസിച്ചിരുന്നത് ,

എന്‍റെ  അച്ചയെ ഓര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ തെളിയുന്നത് "ഗംഗ" എന്ന ആ വീടും അതിന്‍റെചുറ്റുപാടുകളുമാണ് ,

എന്ന് പറഞ്ഞാല്‍ കൃത്യമായ ഒരു കാഴ്ചയല്ല ..ഒരു മങ്ങിയ ഓര്‍മ്മ. ആ മുറികളില്‍ ഞാന്‍ ഓടിക്കളിക്കുന്നതിന്‍റെ ചെറിയോരോര്‍മ്മ ,ഓഫീസില്‍ നിന്നും വരുന്ന അച്ചയെന്നെ എടുത്തുയര്‍ത്തുന്ന ഒരോര്‍മ്മ പക്ഷെ ആ മുഖം എനിക്ക് വ്യക്തമായി ഓര്‍മ്മിക്കുവാന്‍ സാധിക്കുന്നില്ല .പക്ഷെ ആ മുഖം എന്‍റെ  വയറില്‍ മുട്ടിച്ചു എന്നെ ഇക്കിളി കൂട്ടുന്നത്‌ എനിക്ക് ഇപ്പളെന്നപോലെ  അനുഭവപ്പെടാറുണ്ട്.

.അടുക്കളയിലെക്കോടി "അമ്മേ അച്ച വന്നു" എന്ന് വിളിച്ചു പറയുന്ന എന്നെ എനിക്കോര്‍മ്മയുണ്ട് ,

"അച്ചേ കുളിക്കാന്‍ "കുമ്മുമുറിയില്‍ " ചൂട് വെള്ളം വച്ചിരിക്കുന്നു എന്ന് പറയുന്ന ഞാന്‍,   "അണ്ടവയാര്‍" എടുത്തോ അച്ചേ എന്ന് വിളിച്ചു ചോദിക്കുന്ന ഞാന്‍.

ഞാന്‍ ഇപ്പോളും  ആ വീടിന്‍റെ  പരിസരത്തെവിടെയോ കളിച്ചുകൊണ്ട് നില്‍ക്കുന്നതായി എനിക്ക് തോന്നാറുണ്ട് എന്നോടൊപ്പം "കൈസര്‍" എന്ന് പേരുള്ള ഒരു പട്ടിയുണ്ട് ...കൈസറിന്‍റെ  വാലില്‍ പിടിച്ചു ഞാന്‍ വലിക്കുന്നുണ്ട്. അവന്‍  തിരിഞ്ഞു  വന്നു സ്നേഹത്തോടെ എന്നെ നക്കുന്നുണ്ട്.

ഇപ്പോള്‍ മുന്നിലെ തൊണ്ടിലൂടെ നടന്നു വന്നു മുറ്റത്തിന് നേരെയുള്ള ഗേറ്റ്കടന്നു എന്‍റെ ജ്യേഷ്ടന് സ്കൂളില്‍ നിന്നും തിരികെ വരുന്നത് കാണാം , കൈസര്‍ ജ്യേഷ്ടന്  അടുത്തേക്ക് ഓടുകയാണ്,ഞാന്‍ മുറ്റത്തു തന്നെ നില്‍ക്കുന്ന ആ കൊച്ചു നെല്ലിമരത്തിന്‍റെ കൊമ്പില്‍  തൂങ്ങി ആടി ജ്യേഷ്ടനെ കാണിക്കുന്നു,

ആ നെല്ലിമരം എന്നുമെന്‍റെ  ഓര്‍മ്മകളില്‍ നില്‍ക്കുന്നു ...സന്ധ്യാ സമയത്ത് എന്നെയും കയ്യില്‍ പിടിച്ചു എന്‍റെ അച്ച  ആ മുറ്റത്തു കൂടി നടക്കുന്നു ,ആ നെല്ലിമരത്തിന്‍റെ മുകളില്‍ നിറയെ മിന്നാമിന്നികള്‍  മിന്നിക്കളിക്കുന്നു, നെല്ലിമരത്തിന് അടുത്തേക്കെന്നെയുയര്‍ത്തി   മിന്നാമിന്നികളെ കാട്ടിത്തരുന്ന എന്‍റെ അച്ച...

അങ്ങനെ മങ്ങിയ ചില ഓര്‍മ്മകളുമായി ഇപ്പോളും ചില സമയങ്ങളില്‍  ആ വീടും പരിസരവും എന്‍റെ മനസ്സിലേക്ക് കടന്നു വരും.  ഞാന്‍ അപ്പോള്‍ ആ മൂന്നു വയസ്സുകാരന്‍ ആയി മാറും ,എന്‍റെ അച്ചയെ നോക്കി ഞാന്‍ ആ വീടിന്‍റെ  ഓരോ മുറികളും കയറി ഇറങ്ങും. അവിടെയെങ്ങും കാണാതെ  ഞാന്‍ വീടിന്‍റെ മുന്നിലെ നാലുപാളി കതകു തുറന്നു  വെളിയിലെ  തിണ്ണയിലേക്കിറങ്ങും  അച്ചേ ,അച്ചേ എന്ന് നീട്ടി വിളിച്ചു കൊണ്ട്  അരഭിത്തിയില്‍  കയറി ഇരിക്കും ,എന്നിട്ടും കാണാതെ ഞാന്‍ വീടിനു ചുറ്റുമുള്ള ഇളംതിണ്ണയിലൂടെ  വീടിനു ചുറ്റും ഒന്ന് ഓടും  പക്ഷെ കാണുന്നില്ല ....

എവിടെപോയിക്കാണും അച്ച ? ഞാന്‍ വീണ്ടും വാതില്‍ക്കലെത്തി മുറ്റത്തു നിന്ന് നേരെ  ഗേറ്റിനടുത്തേക്ക് നടക്കും ,ഗേറ്റിറങ്ങി  'തൊണ്ട്" മറി കടന്നു  അപ്പുറത്തെ കയ്യാലയുടെ  ഇടയിലൂടെ കയറി നേരെ നടന്നാല്‍ ആണ് രമ ചേച്ചിയുടെ  വീട് രമേചിയുടെ അച്ഛനോട് വര്‍ത്തമാനം പറയാന്‍ അച്ച അവിടെ പോകാറുണ്ട്,   ആ വഴിയില്‍ ഒരു വലിയ പാറ ഉണ്ട് ,അതിനു അരികുവശം ചേര്‍ന്ന് ഞാന്‍ നടന്നു ചെല്ലും, രമചേച്ചിയുടെ വീടിന്‍റെ മുറ്റത്തേക്ക് ...രമചെച്ചി  വാതുക്കല്‍ തിണ്ണയില്‍ ഇരുന്നെന്തോ തയിക്കുന്നുണ്ട് ,രമേച്ചിയുടെ അച്ചന്‍ പത്രം വായിക്കുന്നു .അച്ചയെ അവിടെങ്ങും കാന്നാനില്ല ,...കുട്ടാ നീ ഒറ്റയ്ക്ക് വന്നോടാന്നു ചോദിച്ചു  എന്നെ വാരിയെടുത്തുമ്മ വയ്ക്കുന്ന  രമേച്ചി ..രമേച്ചിക്ക് എപ്പോളും  വാസന സോപ്പിന്‍റെ സുഗന്ധമാണ് ,

രമേച്ചിയുടെ കയ്യില്‍ നിന്നും  കുതറിയിറങ്ങി  തിരികെ വീട്ടിലെക്കൊടുന്ന ഞാന്‍, രമേച്ചി സൂക്ഷിച്ചു ഓടെടാ കുട്ടാന്നും പറഞ്ഞു എന്‍റെ പുറകെ തന്നെയുണ്ട് ..അവിടെ നിന്നും തിരികെ വീട്ടിലെത്തിയ ഞാന്‍ പുറകുവശത്തെ മുറ്റത്തു നിന്ന് മൂപ്പാ ,മൂപ്പാ എന്നുച്ചത്തില്‍ വിളിക്കുന്നു അപ്പോള്‍ മൂപ്പന്‍റെ  മകന്‍ "പാഞ്ചി " വന്നു എന്നെയുമെടുത്തു  മൂപ്പന്‍റെ വീട്ടിലേക്കു പോകും ,അവിടെയെത്തിയാല്‍  നല്ല രസമാണ് "പാഞ്ചി" എന്നെ ഓടക്കുഴല്‍  ഊതി കേള്‍പ്പിക്കും,തബല  കൊട്ടി കേള്‍പ്പിക്കും...അതിനു ശേഷം എന്നെയുമെടുത്തുകൊണ്ട് അടുത്തുള്ള റെയില്‍വേ പാളത്തിനടുത്ത് കൊണ്ടെ  ട്രെയിന്‍ വരുന്നത് കാണിക്കും ...

ട്രെയിന്‍ കടന്നു പോകുമ്പോള്‍ കൈസര്‍ നിര്‍ത്താതെ കുരയ്ക്കും ,ഞാന്‍ ചെവി പൊത്തും.  ഇവയെല്ലാം മങ്ങിയ ഒരു കാഴ്ചയായി  എനിക്കിപ്പോളും കാണാം .

ഇന്നും  അച്ചയെ ഓര്‍മ്മിക്കുമ്പോളെല്ലാം  ഗംഗ എന്ന ഞങ്ങള്‍ താമസിച്ചിരുന്ന  ആ വീടും പരിസരവും , മിന്നാമിന്നികള്‍  വട്ടമിട്ടു പറക്കുന്ന  ആ നെല്ലിമരവും .കൈസര്‍ എന്ന ആ നായയും ...പിന്നെ മൂപ്പന്‍,പാഞ്ചി ,രമേച്ചി എന്നീ ആളുകളും കൃത്യമായ ഒരു മുഖമില്ലാതെ  എന്‍റെ മനസ്സിലേക്ക് ഓടിയെത്തും ,

മുഖങ്ങള്‍ എനിക്ക് കൃത്യമായി ഒര്‍ത്തെടുക്കുവാന്‍  സാധിക്കുന്നില്ല ...പക്ഷെ കറുത്ത ഒരു തുകല്‍ ബാഗും  പിടിച്ചു  നട കയറി വരുന്ന അച്ചയെ ഞാന്‍ ഓര്‍ക്കുന്നു ഒരു മഞ്ഞിനാല്‍ മൂടപ്പെട്ട രീതിയില്‍ മങ്ങിയ കാഴ്ച ആണെന്ന് മാത്രം....

അവിടെ നിന്നുമാണ്  അച്ചയെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത് ....അവിടെ ഡോക്ടര്‍ ആയിരുന്ന അമ്മയുടെ കസിന്‍റെ വീട്ടിലെ പൊട്ടും പൊടിയും പോലുള്ള ചില ഓര്‍മ്മകള്‍ ആണ് അവസാനമായി എന്‍റെ അച്ചയെക്കുറിച്ചു എനിക്കുള്ളത് ... പക്ഷെ 'അച്ച' എന്ന വാക്ക് ഉരുവിടുമ്പോളെല്ലാം  ഒരു വീടും മുറ്റവും ഒരു ചെറിയ നെല്ലിമരവും എന്‍റെ  ഓര്‍മ്മകളില്‍ തെളിയും ....

എന്‍റെ കുട്ടികള്‍ ഇന്നെന്നെ  അച്ച  എന്ന് വിളിക്കുന്നു, അപ്പോള്‍ എല്ലാ ദിനവും ഈ ദൃശ്യങ്ങള്‍ എന്‍റെ മനസ്സിലൂടെ കടന്നു പോകാറുണ്ട് ,മുതിര്‍ന്നതിനു ശേഷം പലയാവര്‍ത്തി കരുതി ...ആ വീട്ടില്‍ ഒന്ന് പോകണം , ആ ചുറ്റുപാടുകള്‍ ഒന്ന് കാണണം എന്ന് പക്ഷെ അപ്പോളെല്ലാം  എന്‍റെ ഉപബോധ മനസ്സ് എന്നെ വിലക്കി.

ഇന്ന് ആ വീടിന്‍റെയും പരിസരത്തിന്‍റെയും അവസ്ഥ മാറിയിട്ടുണ്ടാവാം അത് കാണുവാന്‍ എനിക്ക് താത്പര്യമില്ല .എന്‍റെ ഓര്‍മ്മകളില്‍  ആ നെല്ലിമരം ചെറുതാണ്  അത് അങ്ങനെ തന്നെ നില്‍ക്കട്ടെ, അതിന്‍റെ  ചുറ്റും എന്‍റെ ബാല്യത്തിലെ വികൃതികളുടെ  കാല്‍പ്പാടുകളുണ്ട് ,എന്‍റെ അമ്മയുടെ സന്തോഷകാലമുണ്ട് ,കുഞ്ചായന്‍റെ ആദ്യാക്ഷരങ്ങളുടെ  പാടുകള്‍ വീണ ചുവരുകള്‍ ഉണ്ട് ,
അവിടെ ഞങ്ങള്‍ പോന്നതിന് ശേഷം  ട്രെയിനിന്‍റെ അടിയില്‍ പോയി കൊല്ലപ്പെട്ട കൈസറിന്‍റെ  ബൌ ,ബൌ എന്ന് മുഴങ്ങുന്ന  ജീവനുള്ള ശബ്ദമുണ്ട്. ഞങ്ങളെ സ്നേഹിച്ചിരുന്ന  ഒരുപിടിയാളുകളുടെ  നല്ല ഓര്‍മ്മകള്‍ ഉണ്ട് ......

മൂലേടം എന്ന ആ ഗ്രാമത്തിലൂടെ  ആ റെയില്‍  ക്രോസ്സ്   കടന്നു പോകുമ്പോള്‍ മുതല്‍ എന്നില്‍ ഒരു വേദന നിറഞ്ഞ  നിശബ്ദത കടന്നു വരും ,എന്‍റെ ബാല്യത്തിന്‍റെ  വര്‍ണ്ണങ്ങള്‍ വിധി കവര്‍ന്നെടുത്തതു അവിടെ വച്ചാണ് ,ഞങ്ങളുടെ അച്ചയെ  ഞങ്ങളില്‍ നിന്നും കവര്‍ന്നെടുത്തത് അവിടെനിന്നുമാണ് ....എങ്കിലും  അച്ചയോടൊന്നിച്ചുള്ള  ചില ഓര്‍മ്മകള്‍ എന്നില്‍ അവശേഷിപ്പിച്ച   ആ ഗ്രാമത്തെ  എനിക്കിന്നും ഇഷ്ടമാണ് .........

ജോഷി  കുര്യന്‍ പോള്‍

Friday, March 22, 2013

എന്‍റെ ആദ്യപ്രണയം


പേര് കാണുന്നതുപോലെ സുന്ദരമായ ഓരോര്‍മ്മയല്ല ഈ പ്രണയാനുഭവത്തിനു. വായിക്കുന്ന എല്ലാവര്‍ക്കും ഒരു ആകാംക്ഷ ഒക്കെ കാണും പക്ഷെ എനിക്കതൊരു നടുക്കമാണ്, അറിയാതെ നെറ്റി തടവി പോകുന്ന ഒരു നടുക്കം ........ ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലം നാട്ടിലെ പള്ളിക്കൂടത്തില്‍, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന ക്ലാസ്സുകള്‍ എല്ലാവരും സ്വന്തം ഗ്രാമത്തില്‍ തന്നെയുള്ള വീട്ടിലെ കുട്ടികള്‍, പ്രണയമെന്ന വികാരം മനസ്സില്‍ നാമ്പിടാന്‍ തുടങ്ങാത്ത കാലമാണ് എങ്കിലും സിനിമകളിലൂടെ എന്തോ ഒരു ഇക്കിളി തോന്നി തുടങ്ങിയിരുന്നു എന്നതും സത്യം.അങ്ങനെ മുന്‍പോട്ടു നീങ്ങി കൊണ്ടിരിക്കെ ക്ലാസ്സില്‍ നിന്ന് എല്ലാവരെയും അടുത്തുള്ള കൊട്ടകയില്‍ സിനിമ കാണിക്കുവാന്‍ കൊണ്ടുപോകുന്നു,തോമസ്‌ സാര്‍ അത് പറഞ്ഞപ്പോള്‍ കുട്ടികളെല്ലാം ഹര്‍ഷാരവത്തോടെ അത് വരവേറ്റു,അടുത്ത ശനിയാഴ്ച്ചക്ക് വേണ്ടിയുള്ള കാത്തിരുപ്പ്... അത് ഒരു ദുര്‍ഘടം തന്നെ ആയിരുന്നു ,രാത്രിയില്‍ ഉറക്കമില്ല.... സിനിമ കാണുന്നതിനെ കുറിച്ച് തന്നെ ചിന്തിച്ചു ചിന്തിച്ചു ഇടയ്ക്കു അമ്മയോട് ഏതു സിനിമ ആയിരിക്കും എന്താണ് കഥ ,നല്ല അടി ഉള്ള പടം ആയാല്‍ മതിയായിരുന്നു എന്നൊക്കെ പറഞ്ഞു കിടക്കുമ്പോള്‍ അമ്മയുടെ വായില്‍ നിന്നും.... "ഡാ കിടന്നുറങ്ങിയില്ലേല്‍ സിനിമയുമില്ല ഒരു മണ്ണാങ്കട്ടയും ഇല്ല" എന്ന ഭീഷണിയുടെ സ്വരം. അപ്പോള്‍ വായടക്കി കിടന്നുറങ്ങാന്‍ നോക്കി പറ്റാതെ "ഈ രാത്രിക്കെന്തേ വെളുക്കാന്‍ ഒരു മടി", എന്നൊക്കെ ചിന്തിച്ചു എപ്പോളോ ഉറങ്ങിപ്പോയ ദിവസങ്ങള്‍. അങ്ങനെ കാത്തു കാത്തിരുന്നു ആ സുദിനം വന്നെത്തി രാവിലെ കുളിച്ചു നല്ല ഉടുപ്പും നിക്കറുമൊക്കെയിട്ടു  തയ്യാറായി ഇരുപ്പ് തുടങ്ങി .......,അമ്മ അനുവാദം തരുന്നില്ല പോകാന്‍, ഇടയ്ക്കിടെ അടുക്കളയില്‍ ചെന്ന് അമ്മയെ ഒന്ന് സോപ്പിടും അമ്മെ സന്തോഷു പോയെന്നാ തോന്നുന്നേ,താമസിക്കുമോ? “ താമസിച്ചാല്‍ താമസിക്കട്ടു..... അവനു ബാക്കി ദിവസം സ്കൂളില്‍ പോകാന്‍ ഈ ഉത്സാഹമോന്നും കാണാറില്ല’” അമ്മയുടെ നിര്‍ദാക്ഷിണ്യ വാക്കുകള്‍ കേട്ട് വീണ്ടും വരാന്തയില്‍ വന്നു വഴിയിലെക്കും നോക്കി ഇരുപ്പായി അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ക്ലോക്കില്‍ മണി 9.45 ആയപ്പോള്‍ അമ്മ പറഞ്ഞു ഇനി പോക്കൊളാന്‍......ആ ഒരു നിമിഷം ഞാന്‍ ലോകം മുഴുവന്‍ സ്വന്തമാക്കിയവനെപോലെ ഒരു ആരവം പുറപ്പെടുവിച്ചുകൊണ്ട് ഒരു ഓട്ടമായിരുന്നു സ്കൂളിനെ ലക്ഷ്യമാക്കി. എന്‍റെ ജീവിതത്തില്‍ ഇന്നുവരെ ആ വേഗത്തില്‍ ഞാന്‍ ഓടിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്,സ്കൂളില്‍ എത്തിയപ്പോള്‍ സഹപാഠികള്‍ ഓരോരുത്തരായ്‌ എത്തികൊണ്ടിരിക്കുന്നു. 
എന്‍റെ  അടുത്സുഹൃത്തുക്കളായ,സന്തോഷ്‌,നിര്‍മല്‍   
എന്നിവര്‍ എത്തിയിട്ടുണ്ട്. ഞങ്ങള്‍ ഒരു സെറ്റ്‌ ആയി സ്കൂള്‍ മുറ്റത്തു കൂടി നടന്നു, പെണ്‍കുട്ടികള്‍ അവരുടെ സെറ്റുകളായി തിരിഞ്ഞു സോറ പറയുന്നു....കാത്തിരുന്ന നിമിഷം സമാഗതമായി തോമസ്‌ സാറും മണി സാറും എല്ലാവരെയും വരി വരിയായി നിര്‍ത്തി പതിയെ കൊട്ടകയെ ലക്ഷ്യമാക്കിയുള്ള പ്രയാണം ആരംഭിച്ചു,...കൊട്ടകയുടെ മുന്‍പിലെത്തി,ടീച്ചര്‍മാര്‍ ഒക്കെ അവിടെ എത്തിയിട്ടുണ്ടായിരുന്നു  അവിടെ നിര്‍ത്തികൊണ്ട് മണി സര്‍ ഒരു ലഘുവായ ക്ലാസ്‌ എടുത്തു കൊട്ടകയില്‍ പാലിക്കെണ്ടതും,അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ചുള്ള ഒരു വിവരണം....മണി സാറിന് എന്തൊക്കെ കാര്യങ്ങള്‍ ആണ് അറിയാവുന്നത് എന്ന് മനസ്സില്‍ ആലോചിക്കുമ്പോള്‍ പുറകില്‍ നിന്നും സന്തോഷ്‌ “ ഈ മണിസാറിന് കാര്യം പറയാന്‍ കണ്ട നേരം” അവന്‍ ആകെ പൊറുതിമുട്ടി നില്‍ക്കയാണ് ....അങ്ങനെ അവസാനം മണിസാറിന്‍റെ ക്ലാസും കഴിഞ്ഞു കൊട്ടകക്കുള്ളിലേക്ക് പ്രവേശിക്കുന്ന അവസരം വന്നു കുട്ടികള്‍ എല്ലാവരും ഏറ്റവും മുന്‍ നിരയിലുള്ള ബെഞ്ചുകളിലേക്ക് നയിക്കപ്പെട്ടു അവിടെ നടുവിലൂടെ കവുങ്ങിന്‍ തടി കൊണ്ടുള്ള ഒരു പ്രതിബന്ധതിലൂടെ സ്ത്രീ പുരുഷന്മാരുടെ ഇരിപ്പിടം വേര്‍തിരിച്ചിരിക്കുന്നു ,ഇടതു വശം ചേര്‍ന്ന് ആണ്‍കുട്ടികളും വലതു വശത്ത് പെണ്‍കുട്ടികളും കവുങ്ങിന്‍ തടിയുടെ അപ്പുറവും ഇപ്പുറവുമായി ഇരുപ്പുറപ്പിച്ചു,ഞാന്‍ ഇരിക്കുന്നത് കവുങ്ങിന്‍ തടിയോടു ചേര്‍ന്നാണ് ,തടിയുടെ അപ്പുറവശം ഇരിക്കുന്നത് ഞങ്ങളുടെ ടീച്ചറുടെ മകള്‍ ആനി ,അവളോട്‌ ചേര്‍ന്ന് ബിന്ദു, റജീന അങ്ങനെയുള്ളവരും, എന്നോട് ചേര്‍ന്ന് സന്തോഷ്‌ ,നിര്‍മല്‍ അങ്ങനെയും. എല്ലാവരും ആകാംഷയോടെ വെള്ളിത്തിരയിലേക്ക് കണ്ണ് നട്ടിരിക്കുകയാണ്, അവസാനം ആ നിമിഷം എത്തി വെള്ളിത്തിരയില്‍ “കിളിരൂര്‍ ഷാജിയിലേക്ക് സ്വാഗതം” എന്ന അക്ഷരങ്ങള്‍ തെളിഞ്ഞു വന്നു ഞങ്ങള്‍ ആണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ഒരു ആര്‍പ്പുവിളി ഉയര്‍ന്നു അപ്പോള്‍ പുറകില്‍ കസേരകളുടെ വിഭാഗത്തില്‍ നിന്നും മണിസാറിന്‍റെ ഒച്ച പൊങ്ങിക്കേട്ടു എടാ...മിണ്ടാതിരുന്നോണം അല്ലെങ്കില്‍ ഇപ്പോള്‍ ഇറക്കി വിടും, അതോടെ പൂര്‍ണ നിശബ്ദത ....പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ചെറിയ ചിരികള്‍ കേട്ടു അത് ഞങ്ങളെ വഴക്ക് പറഞ്ഞതിന്‍റെ സന്തോഷത്തില്‍ നിന്നും ഉണ്ടായതാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായെങ്കിലും പ്രതികരിക്കാതെയിരുന്നു,അങ്ങനെ സിനിമയുടെ പേര് തെളിഞ്ഞു “ഭാര്യ” എന്നാണു എന്‍റെ ഓര്‍മ നസീര്‍ സാറിന്‍റെ പടം നായിക ഷീലാമ്മ (ഇതെല്ലാം പില്‍കാലത്ത് മനസ്സില്‍ കയറിപറ്റിയതാണ് ഇവരോക്കെതന്നെയാണോ ആ പടത്തില്‍ എന്ന് എനിക്ക് നല്ല ഉറപ്പില്ല.)സന്തോഷ്‌ വളരെ വ്യഗ്രതയോടെ തന്നെ സ്ക്രീനിലേക്ക് കണ്ണ് നട്ടിരുപ്പായി.എന്‍റെ കൈകള്‍ ഞാന്‍ പെണ്‍കുട്ടികളുടെയും ഞങ്ങളുടെയും ഇടയില്‍ കൂടി കടന്നു പോകുന്ന കവുങ്ങിന്‍ തടിയില്‍ വച്ച് സ്ക്രീനിലേക്ക് ശ്രെദ്ധിച്ചു ഇരിക്കുകയാണ്....സ്ക്രീനില്‍ നായകനും നായികയുമായ നസീറും ഷീലയുമായുള്ള പ്രേമപുരസരമായ സംഭാഷണങ്ങള്‍ നടക്കുന്നു  പെട്ടെന്ന് എന്‍റെ കൈമേല്‍ ആരോ കൈ വച്ചു ഞാന്‍ നോക്കിയപ്പോള്‍ ‘ആനി’ സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരുപ്പാണു,അവളുടെ കൈ ആണ് എന്‍റെ കൈപ്പുറത്തു വച്ചിരിക്കുന്നത്. അവളുടെ ശ്രെദ്ധ മുഴുവന്‍ സ്ക്രീനിലും കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കൈ ഒന്ന് അനക്കി പെട്ടെന്ന് അവള്‍ എന്നെ നോക്കി അവളുടെ കൈ പിന്‍വലിച്ചു എന്നിട്ട് നാണം നിറഞ്ഞ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു,ഞാന്‍ സിനിമയിലേക്ക് എന്‍റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിചെങ്കിലും,എന്തോ ഒരു നഷ്ടബോദം എന്നില്‍ നിറഞ്ഞു,കൈ അനക്കാന്‍ തോന്നിയ നിമിഷത്തെ ഉള്ളാലെ ശപിച്ചു, ഞാന്‍ ഓട്ടകണ്ണിട്ടു പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് നോക്കി,അവളും എന്നെ ശ്രേദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി ,ഞാന്‍ വീണ്ടും എന്‍റെ കൈ എടുത്തു തടിപ്പുറത്തു വച്ച് ചെറുതായി താളം കൊട്ടുവാന്‍ തുടങ്ങി അപ്പോള്‍ ആനിയും അവളുടെ കൈ, അറിയാത്ത ഭാവത്തില്‍ തടിപ്പുറത്തു എന്‍റെ കൈയോടു ചേര്‍ത്ത് വച്ചു കുറച്ചു സമയം രണ്ടുപേരും ഒന്നുമറിയാത്ത ഭാവത്തില്‍ കൈകള്‍ ഇടയ്ക്കു മുട്ടിയും,തട്ടിയും നീക്കി അവസാനം മടുത്തിട്ടെന്നപോലെ അവള്‍ കൈകള്‍ എന്‍റെ കൈക്ക്‌ മുകളില്‍ തന്നെ വച്ചു, എന്‍റെ മനസ്സില്‍ ചെണ്ടമേളം(ഇപ്പോളത്തെ കുട്ടികളുടെ ഭാഷയില്‍ “മനസ്സില്‍ ലഡ്ഡു പൊട്ടി”) ഞാന്‍ കഴിവതും കൈ അനങ്ങാതിരിക്കുവാന്‍ ശ്രെദ്ധിച്ചു സ്ക്രീനിലേക്ക് ഉറ്റു നോക്കുന്നതായി ഭാവിച്ചിരുപ്പാണ് ,സ്ക്രീനില്‍ നസീറും ഷീലയുമായുള്ള ഒരു ചുംബനത്തിന്‍റെയോ മറ്റോ സീന്‍ ആയിരുന്നു, അത് കണ്ടു സന്തോഷ്‌ പറഞ്ഞു “ഭാര്യയാ” .പെട്ടെന്ന് ആനി എന്‍റെ കൈക്ക് മുകളില്‍ നിന്ന് കൈ പിന്‍വലിച്ചുകൊണ്ട് “:പോ സന്തോഷേ ഞാന്‍ അങ്ങനെയൊന്നുമല്ല” സന്തോഷിന്‍റെ കാര്യം ഞാന്‍ അമ്മയോട് പറഞ്ഞു കൊടുക്കുമല്ലോ” ആനിയുടെ ഡയലോഗ് കേട്ട് സന്തോഷ്‌ കാര്യമറിയാതെ,എന്തുചെയ്തിട്ടാണോ ഈ കൊച്ചു ടീച്ചറിനോട് പറയുമെന്ന് പറയുന്നത് എന്നോര്‍ത്ത് ആനിയോടു ചോദിച്ചു
“അതിനു ഞാന്‍ കൊച്ചിനെ ഒന്നും പറഞ്ഞില്ലല്ലോ? പിന്നെ എന്താ ടീച്ചറിനോട് പറയുന്നത്? ഞാന്‍ ജോഷിയുടെ കൈയില്‍ കൈ വച്ചതിനു സന്തോഷ്‌ എന്തിനാ ഭാര്യ ആണെന്ന് പറഞ്ഞത് ? ആനിയുടെ മറു ചോദ്യം .......ഇതിനിടയില്‍ ഞാന്‍ ഒന്നുമറിയാത്തവനെപോലെ സിനിമയിലേക്ക് തന്നെ ശ്രേദ്ധിച്ചിരിപ്പാണു,ഇത് കേട്ടപ്പോള്‍ സന്തോഷ്‌ എന്‍റെ വാരിയെല്ലിനിട്ടു  കൈമുട്ടുകൊണ്ട് ഒരു താങ്ങ് തന്നിട്ട് എനിക്കിട്ടൊരു നോട്ടം നോക്കി.....എന്‍റെ മനസ്സില്‍ ഇന്നും ആ നോട്ടം മായാതെ നില്പുണ്ട്, എന്നിട്ട് ആനിയോടു “കൊച്ചെ ഞാന്‍ സിനിമയിലെ കാര്യമാ പറഞ്ഞത് അത് അയാളുടെ ഭാര്യ ആണെന്ന് അല്ലാതെ കൊച്ചിനെയല്ല പറഞ്ഞെ, കൊച്ചു എവിടെ വേണേലും കൈ വച്ചോ ഞാന്‍ ഒന്നും പറയത്തില്ല വെറുതെ ടീച്ചറോട് പറഞ്ഞു അടി കൊള്ളിക്കരുത്”.അമളി മനസ്സിലായെങ്കിലും ആനി കടിച്ചിടം വിടാത്ത നീറിനെ പോലെ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു “ഞാന്‍ ടീചെറിനോടു പറഞ്ഞു കൊടുക്കും, ഞാന്‍ ടീചെറിനോടു പറഞ്ഞു കൊടുക്കും.സന്തോഷ്‌ ആകെ എരിപിരി കൊണ്ടിരുപ്പു തുടങ്ങി അവന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു “മുള്ളാന്‍ വിടുന്ന സമയത്ത് വെളിയിലോട്ടു വാടാ നിനക്കിട്ടു ഞാന്‍ വച്ചിട്ടുണ്ട്”, ഇപ്പോള്‍ നെഞ്ചിടിപ്പ് എനിക്കായി കാരണം സന്തോഷ്‌ പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുന്നവനാണ് അവന്‍ ആരോഗ്യപരമായും എന്നിലും വളരെ മുന്നിലാണ്,അങ്ങനെ ഞാന്‍ പേടിച്ചിരുന്ന ആ സമയമെത്തി ഇന്‍റെര്‍വെല്‍.... സന്തോഷ്‌ എന്നെ വിളിച്ചു വാടാ മുള്ളിയിട്ടു വരാം ,ഞാന്‍ പറഞ്ഞു “ഇല്ല”, ശെരിക്കും എനിക്ക് മൂത്രമൊഴിക്കാന്‍ കലശലായി മുട്ടുന്നുണ്ടായിരുന്നു എങ്കിലും സന്തോഷിനെ പേടിച്ചു ഞാന്‍ ബലം പിടിച്ചിരുന്നു ,അവനുണ്ടോ വിടുന്നു അവനും നിര്‍മലും കൂടി ബലപ്രയോഗം നടത്തി എന്നെ വെളിയില്‍ കൊണ്ടുപോയി മൂത്രപ്പുരയുടെ വെളിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചു സന്തോഷും,നിര്‍മലും ചേര്‍ന്ന് എന്നെ ചോദ്യം ചെയ്യാനാരംഭിച്ചു........എന്താടാ അവിടെ നടന്നത്,ആനി എന്തിനാ നിന്‍റെ കൈമേല്‍ കൈ വച്ചത് ? പറയെടാ ,ഞാന്‍ ഒന്നുമറിയാത്തവനെ പോലെ പറഞ്ഞു “ആ” എനിക്കറിയത്തില്ല”. പിന്നെ നീ അറിയാതെയാണോടാ അവളു നിന്‍റെ കൈയുടെ മേലില്‍ കൈ വച്ചത്, സന്തോഷ്‌ താടിക്കിട്ടു ഒരു തട്ട് തന്നു പോലീസ്‌ മുറയില്‍ ചോദ്യം തുടങ്ങി.ഞാന്‍ വീണ്ടും എന്‍റെ നിലപാടില്‍ തന്നെ ഉറച്ചു,,,,, ഞാന്‍ സിനിമയില്‍ ശ്രേദ്ധിച്ചിരിക്കുവാരുന്നു ആ കൊച്ചു എന്‍റെ കൈയുടെ മേലില്‍ കൈ വച്ചതോന്നും ഞാനറിഞ്ഞില്ല,,, വളരെ നിഷ്കളങ്ക മുഖ ഭാവത്തോടെയുള്ള എന്‍റെ പറച്ചിലില്‍ നിര്‍മല്‍ മനസ്സലിവുള്ളവനായി പറഞ്ഞു “വിട്ടെരെടാ സന്തോഷേ അവനറിഞ്ഞില്ലാരിക്കും”,സന്തോഷ്‌ വീണ്ടും “പിന്നേ ഇവനറിയാതെയാണോ? എന്നിട്ട് ഒന്നുമറിയാത്ത എന്നെ തല്ലു കൊള്ളിക്കുമെന്നും.......... “അവളും ഇവനും തമ്മില്‍ ആ സിനിമയിലെ പോലെയാ” അതാ കൈ വച്ചത്....സന്തോഷ്‌ പുതിയ ഒരു കണ്ടു പിടിത്തം നടത്തിയിട്ട് എന്നെ സൂക്ഷിച്ചു നോക്കി,ഞാന്‍ മനസ്സില്‍ വിചാരിച്ചു ഇവന്‍റെ അച്ഛന്‍ പോലീസാന്നു പറയുന്നത് വെറുതെയല്ല, പോലീസുകാര് സിനിമയില്‍ കള്ളന്മാരെ ചോദ്യം ചെയ്യുന്നപോലെ തന്നെയല്ലേ ഇവനെന്നെ ചോദ്യം ചെയ്യുന്നത്.അവസാനം സന്തോഷ്‌ ഒരു ഒത്തു തീര്‍പ്പിന് തയ്യാറായി വ്യവസ്ഥ പറഞ്ഞു ഞാന്‍ ടീച്ചറിനോട് തല്ലു മേടിച്ചോളാം,പക്ഷെ നീ അവളോട്‌ ഇനി മിണ്ടുകയോ അടുതിരിക്കുകയോ ചെയ്യാന്‍ പറ്റില്ല ,കൂടാതെ ഞാന്‍ തരുന്ന ശിക്ഷ നീ ഏല്‍ക്കുകയും വേണം ,,,ഇതില്‍ കൂടുതലെന്തു ശിക്ഷ ഇനി എന്ന് മനസ്സില്‍ കരുതി ഞാന്‍ അവന്‍റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി,,,, അവന്‍ യാതൊരു ദാക്ഷിണ്യവും കാണിക്കാതെ പറഞ്ഞു ഞാന്‍ നിന്നെ ഒരു ഇടി ഇടിക്കും അത് നീ ഒന്നും മിണ്ടാതെ കൊണ്ടോണം,സമ്മതമാണെങ്കില്‍ പറഞ്ഞോ ഇല്ലെങ്കില്‍ എന്നെ അടിക്കാന്‍ പിടിക്കുമ്പോള്‍ നീയും ആനിയും തമ്മില്‍ സിനിമേലെ പോലെ ഉമ്മവച്ചു എന്ന് ഞാന്‍ ടീച്ചറിനോട് പറയും,,, അവന്‍റെ ആ പ്രസ്താവനയുടെ മുന്നില്‍ ഞാന്‍ മുട്ടുമടക്കി ഏതു ശിക്ഷയും ഏല്‍ക്കാന്‍ തയ്യാറായി നിന്നു....മാനം മാത്രം തിരിച്ചു കിട്ടിയാല്‍ മതി എന്നെ എനിക്കാ നിമിഷം ആഗ്രഹമുള്ളായിരുന്നു,,,,ഞാന്‍ മുഖം കുനിച്ചു ശിക്ഷ ഏല്‍ക്കാന്‍ തയ്യാറായി നിന്നു,,,, സന്തോഷ്‌ അവന്‍റെ മുഷ്ടി ചുരുട്ടി പിടിച്ചു ഇടിക്കുവാന്‍ തയ്യാറായി ,,,,നേരെ നോക്കെടാ എന്ന ഒരു ശബ്ദം കേട്ട് ഞാന്‍ മുഖം ഉയര്‍ത്തിയതും എന്റെ നെറ്റിയിലേക്ക് എന്തോ വന്നു പതിച്ചതുമേ എനിക്കൊര്‍മയുണ്ടായിരുന്നുളളു കുറച്ചു നേരത്തേക്ക് ആകാശത്തിലുള്ള സകല നക്ഷത്രങ്ങളും എന്‍റെ മുന്നില്‍ വന്നതായി എനിക്ക് തോന്നി ,,,പെട്ടെന്ന് നിര്‍മല്‍ എന്നെ താങ്ങി കൊട്ടകക്കുള്ളിലേക്ക് കൊണ്ടുപോയി ബെഞ്ചില്‍ ഇരുത്തി കുറേയേറെ സമയത്തിനു ശേഷമാണ് എനിക്ക് പൂര്‍ണമായ ബോധം തിരികെ കിട്ടിയത്.......സന്തോഷ്‌ ആ സമയമത്രയും അല്പം പേടിച്ചിരിക്കയായിരുന്നു, ഞാന്‍ നേരെ ആയി എന്ന് കണ്ടപ്പോള്‍ അവന്‍ എന്റെ ചെവിയില്‍ വീണ്ടും പറഞ്ഞു ഇനി മേലില്‍ അവളോട്‌ മിണ്ടിപ്പോകരുത് ഞാന്‍ ദയനീയമായി അവനെ നോക്കി തലയാട്ടി........എന്‍റെ ആദ്യ പ്രണയത്തെ കലക്കിയ സാമദ്രോഹി.....ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇന്നും നെറ്റിയില്‍ തലോടി ഞാന്‍ ആ സമദ്രോഹിയെ മനസ്സിലെങ്കിലും രണ്ടു ചീത്ത വിളിക്കാറുണ്ട്.....................

ജോഷി കുര്യന്‍ പോള്‍

Saturday, March 16, 2013

ചില ധൈര്യശാലികള്‍......

ഇനി എന്‍റെ നാട്ടിലെ ചില അതീവ ധൈര്യശാലികളെ നമുക്ക് പരിചയപ്പെടാം.... ധൈര്യശാലി എന്ന് പറയുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഞങ്ങളുടെ വീടിന്‍റെ തൊട്ടടുത്ത്‌ താമസിക്കുന്ന “കുട്ടായി”യെ ആണ്,കുട്ടായിക്ക് കട്ടകുത്താണ് പണി ,കുട്ടായിയുടെ അപ്പന്‍ പെന്തെകൊസ്തില്‍ ചേര്ന്ന്താണ്, ഏത് സമയവും ബൈബിളും വായിച്ചിരിക്കുമായിരുന്നു പുള്ളി, പക്ഷെ കുട്ടായിയും, കുട്ടായിയുടെ സഹോദരി അമ്മിണിയുമൊക്കെ അവരുടെ ജാതിയില്‍ തന്നെ തുടരുന്നു,കുട്ടായി കട്ടകുത്ത് ഒക്കെ കഴിഞ്ഞു ഉച്ചക്ക് കരക്ക് കയറും അതിനു ശേഷം ഒരുറക്കമൊക്കെ കഴിഞ്ഞു ആള്‍ കവലയിലേക്ക് ഒരു കറക്കമുണ്ട് കടയില്‍ നിന്നും വാങ്ങാനുള്ള സാധനങ്ങള്‍ ഒക്കെ വാങ്ങി കഴിവതും ഇരുട്ടുന്നതിനു മുന്‍പ് കുട്ടായി തിരികെ എത്തും. അഥവാ അല്പം ഇരുട്ടിപോയാല്‍ കഴിവതും ആ ഭാഗത്തേക്ക് പോരുന്ന മറ്റുള്ളവരുടെ കൂട്ടത്തില്‍ വര്‍ത്തമാനം ഒക്കെ പറഞ്ഞെ കുട്ടായി പോരൂ. കുട്ടായിയെ കുറിച്ച് പറഞ്ഞാല്‍ (ആള്‍ ഇന്ന് ഈ ലോകത്തില്‍ നിന്നും കടന്നു പോയി)കറുത്ത് നല്ല കരുവീട്ടി നിറം ,അഞ്ചടി ഉയരം കുറിയ കൈകാലുകള്‍ പക്ഷെ മസിലുകള്‍ ഉരുണ്ടു കളിക്കുന്നു കൈകളിലും കാലുകളിലും. കുട്ടയിക്കും അമ്മിണിക്കും ഫോട്ടോ എടുത്താല്‍ ചില്ലിട്ടു വക്കാന്‍ പറ്റില്ലാരുന്നു "പല്ലുകൊണ്ട് ചില്ലുടയുമായിരുന്നു" ഇന്നത്തെ പോലെ അന്ന് ലാമിനേഷന്‍ പരിപാടി ഒന്നും ആയിരുന്നില്ലല്ലോ... അല്പം ഇരുട്ടികഴിഞ്ഞു കുട്ടായി തിരിച്ചു വരുന്ന ദിവസങ്ങളില്‍ ഞങ്ങളുടെ പറമ്പില്‍ ഭയങ്കര ബഹളം ആയിരിക്കും, കുട്ടായിക്ക് വീട്ടിലേക്കുള്ള വഴി ഞങ്ങളുടെ പറമ്പിലൂടെയാണ്,പറമ്പില്‍ നിറയെ വാഴകളും ,തെങ്ങിന്‍ തൈകളും ഒക്കെയാണ് കുട്ടായി നടന്നു വരുന്ന സമയത്ത് ഏതേലും വാഴ കാറ്റിലിളകും കുട്ടായി അവിടെ നിന്ന് ഒന്ന് സൂക്ഷിച്ചു നോക്കും അതിനു ശേഷം ചോദ്യം തുടങ്ങും "ആരാടാ അത്" ?ഉത്തരവും കുട്ടായി തന്നെയാണ് ആഹാ നീ മിണ്ടില്ല അല്ലെ നിന്നെ മിണ്ടിക്കാമോ എന്ന് ഞാനൊന്ന് നോക്കട്ടെ,മര്യാദക്ക് പറഞ്ഞാല്‍ നിനക്ക് നല്ലത് ....എന്റെ സ്വഭാവം നിനക്കറിയില്ല ....ഇങ്ങനെ തുടങ്ങുന്ന സംഭാഷണ ശകലങ്ങള്‍ കേട്ട് ആദ്യകാലങ്ങളില്‍ ഞാനും ചേട്ടനും ടോര്‍ചൊക്കെ അടിച്ചു പറമ്പിലാകെ നോക്കുമായിരുന്നു പിന്നീട്,കാര്യം മനസ്സിലായി കഴിഞ്ഞപ്പോള്‍ സ്രെദ്ധിക്കാതായി എങ്കിലും കുട്ടായിയുടെ അതി സാഹസിക കഥകള്‍ പകല്‍ സമയങ്ങളില്‍ കുട്ടായി ഞങ്ങളെ വര്‍ണി ച്ചു കേള്‍പിക്കുമായിരുന്നു,അത് കുട്ടായിയുടെ വീരചരിതങ്ങള്‍ എന്നാ പേരില്‍ നാട്ടില്‍ പ്രസിദ്ധവുമായിരുന്നു ........

അതീവ ധൈര്യശാലിയായ മറ്റൊരു കഥാപാത്രമായിരുന്നു പഞ്ചായത്ത് ഓഫീസിനു അക്കരെ കടംബനാട്ടെ ജോര്ജ്കു ട്ടിച്ചായന്റെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന "സണ്ണിച്ചായന്‍".സണ്ണിച്ചായനും നല്ല ഒന്നാന്തരം വാചകമടി വീരന്‍ ആയിരുന്നു തന്റെ ധൈര്യത്തെ കുറിച്ച് പല കഥകളിലൂടെ അദ്ദേഹം വൈകുന്നേരങ്ങളില്‍ ബാറ്റ്മിന്‍റെന്‍ കളിക്കാന്‍ പഞ്ചായത്ത് പറമ്പില്‍ ഒത്തുകൂടുന്ന ഞങ്ങളെ വര്‍ണിച്ചു കേള്‍പിക്കാറുണ്ടായിരുന്നു പലതും കള്ളം എന്നറിഞ്ഞിട്ടും ഞങ്ങള്‍ മറുത്തൊന്നും പറഞ്ഞിരുന്നില്ല കാരണം “കഥയില്‍” ചോധ്യമില്ലല്ലോ?സണ്ണിച്ചായാനു രണ്ടു പെണ്മക്കള്‍ ആയിരുന്നു തന്മൂലമാവാം സന്ധ്യ കഴിഞ്ഞാല്‍ ആ വീടിന്റെ വാതിലുകളും ജനലുകളും എല്ലാം ഭദ്രമായി അടച്ചു പൂട്ടിയാണ് കാണപ്പെട്ടിരുന്നത്...... അങ്ങനെ കഥകള്‍ ഒക്കെ കേട്ടും ബാറ്റ് കളിച്ചും ഒക്കെ മുന്നോട്ടു പോകുന്ന കാലം എല്ലാ ജൂണ്‍ മാസതെപോലെ ആ വര്‍ഷം ജൂണ്‍ മാസത്തിലും തിരുവാര്‍പ്പ് കരയെ വെള്ളത്തില്‍ താഴ്ത്തികൊണ്ട് വര്‍ഷ്കാലം കടന്നെത്തി സണ്ണിച്ചായന്‍റെ വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴയും നിറഞ്ഞു കവിഞ്ഞു ...പറമ്പുകളില്‍ ഒക്കെ വെള്ളം നിറഞ്ഞിട്ടുണ്ട് ഈ വീടിന്റെ മുറ്റത്തു നിന്നും വീടിനുള്ളിലേക്ക് കയറുവാന്‍ രണ്ടു പടികളാണുള്ളത് നാലുപാളി കതകിനു വശത്തായി കട്ടിളയില്‍ തന്നെ കോളിംഗ് ബെല്ലിന്റെ സ്വിച്ച് പിടിപ്പിച്ചിട്ടുണ്ട്,വാതുക്കലെ ആ മുറി അന്ന്കാലത്ത് ആസ്ബറ്റോസ് ഷീറ്റ് ആണിട്ടിരുന്നത് എന്നാണു എന്റെ ഓര്‍മ ,കൃത്യം വാതിലിനു മുകളിലായെവിടെയോ ഒരു ഷീറ്റില്‍ അല്പം പൊട്ടല്‍ വന്നു വെള്ളം ഇറ്റു വീഴുന്നുണ്ട് ...അങ്ങനെ നല്ല മഴയുള്ള ഒരു സന്ധ്യാ സമയം സണ്ണിച്ചായന്റെ വീട്ടില്‍ നിന്നും സണ്ണിച്ചായന്റെ ഒച്ചയും അട്ടഹാസങ്ങളും ഒക്കെ കേള്ക്കാം അദ്ദ്യം കടന്നുപോയവര്‍ അത്ര സ്രെദ്ധിചില്ലെന്കിലും തുടര്ന്നും അട്ടഹാസങ്ങള്‍ കേട്ടുകൊണ്ടിരുന്നപ്പോള്‍ മുന്നിലെ വഴിയിലൂടെ കടന്നു പോയവരും ,തോട്ടയല്പക്കത്തു താമസിക്കുന്നവരും ഒക്കെ മുറ്റത്തേക്ക് കയറിച്ചെന്നു അപ്പോള്‍ നിര്ത്താ തെയുള്ള കോളിംഗ്ബെല്‍ ശബ്ദം കേള്കാം സണ്ണിച്ചായന്‍ ജനലിലൂടെ ബെല്ലടിക്കുന്നവനെ അതിഭയങ്കര ചീത്തവിളിയാണ് “ധൈര്യമുണ്ടെങ്കില്‍ ഈ ജനലിനടുത്തോട്ടുവാടാ” എന്നൊക്കെ വിളിച്ചു കൂവുകയാണ് അപ്പോള്‍ കേട്ട് ചെന്നവര്‍ ഒരുമിച്ചു ജനലിനു അടുത്ത് ചെന്ന് ചോദിച്ചു സണ്ണിയെ എന്ത് പറ്റി? എന്താണ് പ്രശ്നം?ആഹാ നിങ്ങള്‍ എന്നോടാണോ ചോദിക്കുന്നത് പ്രശ്നം എന്താണെന്ന് ?ആ ബെല്‍ അടിക്കുന്നവനെ നിങ്ങള്‍ കാണുന്നില്ലേ അവനെ പിടിച്ചേ ഞാന്‍ വരുന്നു വിടരുതവനെ എന്നും പറഞ്ഞു സണ്ണിച്ചായന്‍ കതകു തുറന്നു വെളിയില്‍ വന്നു ....കയ്യില്‍ വെട്ടുകത്തിയുമൊക്കെ ആയിട്ടാണ് ആളുടെ വരവ്, വന്നപ്പോള്‍ മുറ്റത്തു അയല്‍വക്കത്തുള്ളവര്‍ അല്ലാതെ മറ്റാരും ഇല്ല ബെല്ലടി അപ്പോളും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു .....അപ്പോളാണ് ആളുകള്‍ സ്രെദ്ധിച്ചത് പൊട്ടിയിരിക്കുന്ന ഷീറ്റിനിടയിലൂടെ വരുന്ന വെള്ളം ബെല്ലിന്റെ സ്വിച്ചിനുള്ളിലേക്ക് തുള്ളിതുള്ളിയായി വീഴുന്നു അതുമൂലം സംഭവിച്ച എന്തോ ടച്ചിംഗ് മൂലമാണ് ബെല്‍ തുടര്‍ച്ചയായി ശബ്ദിച്ചുകൊണ്ടിരുന്നത് എന്തായാലും ആ ഒറ്റ സംഭവത്തിനു ശേഷം സണ്ണിച്ചായന്‍റെ അതി 'ഫയങ്കരങ്ങള്‍' ആയ കഥകള്‍ ഒന്നും ഞങ്ങള്ക്ക് കേള്‍ക്കേണ്ടി വന്നില്ല ... ഇവരെ കൂടാതെ പല ധൈര്യ കഥാപാത്രങ്ങളും ഉണ്ടെങ്കിലും എല്ലാവരെയും ഇവിടെ വിവരിപ്പാന്‍ സാധ്യമല്ലാത്തതിനാല്‍ വിടുന്നു... എങ്കിലും അവരില്‍ ചില പ്രധാനികളുടെ പേരുകള്‍ ഇട്ടില്ലെങ്കില്‍ അത് അവരോടു ചെയ്യുന്ന ഒരു ക്രൂരത ആവില്ലേ ? പൂരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന “അനി”,തിരി എന്ന പേരില്‍ അറിയപ്പെടുന്ന ബാബു, svgvp സ്കൂളിനോട് ചേര്‍ന്നു വീടുണ്ടായിരുന്ന "സാജന്‍" ഇവരൊക്കെ അതില്‍ പ്രധാനികള്‍ ആണ്... പൂരന്‍ എന്ന് അനി അറിയപ്പെടാന്‍ കാരണം അനി സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് സ്കൂളില്‍ വച്ച് കൂട്ടുകാരോട് പറഞ്ഞ ഒരു മണ്ടത്തരത്തിന്റെ പേരില്‍ ആണ് ...അനിക്ക് അല്പം കൊഞ്ഞയുണ്ട് “സംസാരിക്കുമ്പോള്‍ മാത്രം “ =D അനിയുടെ വീട്ടില്‍ കോഴിയെ അടവച്ചു മുട്ട വിരിഞ്ഞപ്പോള്‍ കിട്ടിയത് അഞ്ചു കുഞ്ഞുങ്ങള്‍ ആണ് അത് അല്പം പൊടിപ്പും തൊങ്ങലോടും കൂടി അനി കൂട്ടുകാരോട് വിവരിച്ചതിങ്ങനെ “ ഞങ്ങടെ “കോരി” പെറ്റു മൂന്നു “പൂരനും” രണ്ടു “പിരേം” കൊഞ്ഞയോടു കൂടി അനി ഇത് പറഞ്ഞു കേട്ട വിരുതന്മാര്‍ അപ്പാടെ നാട്ടില്‍ പാട്ടാക്കി അന്നും ഇന്നും അനി അറിയപ്പെടുന്നത് “പൂരന്‍” എന്നപേരില്‍ ആണ് അങ്ങനെ രസകരങ്ങളായ പേരുകളും അതിനു പുറകില്‍ അതിലും രസകരങ്ങളായ എത്ര കഥകളും ആണ് നമ്മുടെ നാടുകളില്‍ പ്രചാരത്തിലുള്ളത്.............

ജോഷി കുര്യന്‍ പോള്‍

Friday, March 8, 2013

"ചാക്കൊച്ചായന്‍റെ വിശേഷങ്ങള്‍"

"ചാക്കൊച്ചായന്‍"  ഞങ്ങളുടെ  നാട്ടിലെ ഒരു ബഹുമുഖ പ്രതിഭ ആണ് ,എന്ത് കാര്യത്തിനും  മുന്നിട്ടിറങ്ങാന്‍ ചാക്കൊച്ചായനുണ്ട് . ആളൊരു നല്ല സരസ്സനുമാണ് പറയുന്ന കാര്യങ്ങളിലെ ആന്തരിക തമാശകള്‍ മനസ്സിലാക്കാന്‍ പറ്റുന്നത്  ചാക്കൊച്ചായന്‍റെ  സംസാരശൈലി  അറിയാവുന്നവര്‍ക്ക് മാത്രം,അതോടൊപ്പം ആളൊരു ക്ഷിപ്ര കോപിയുമാണ് .

പള്ളിയിലെ  എല്ലാവിധ പ്രവര്‍ത്തനങ്ങളിലും ചാക്കൊച്ചായന്‍ മുന്നില്‍ തന്നെയുണ്ട്,പാട്ടുകാരന്‍,സണ്ടേസ്കൂള്‍,യുവജനപ്രസ്ഥാനംപ്രാര്‍ത്ഥനായോഗം  ,തുടങ്ങി പള്ളിയിലെ എന്ത് കാര്യത്തിനും ചാക്കൊച്ചായനാണ് ആശാന്‍, സണ്ടേസ്കൂള്‍ വാര്‍ഷികത്തിന് കുട്ടികളെ പരിചമുട്ടുകളി ,മാര്‍ഗ്ഗം കളി ,കഥാപ്രസംഗം ,പ്രസംഗം പാട്ട് ഇവയൊക്കെ അഭ്യസിപ്പിക്കുന്നതും ചാക്കൊച്ചായന്‍റെ നേതൃത്വത്തില്‍, ഇവയെല്ലാം കൂടാതെ  ചാക്കൊച്ചായന്‍ ഒരു കൊണ്ഗ്രെസ് അനുഭാവി ,അത്യാവശ്യം പൊതുകാര്യം അങ്ങനെ എല്ലാ കാര്യത്തിലും ചാക്കൊച്ചായന്‍റെതായ സംഭാവനകള്‍ പുള്ളി  നല്‍കാറുണ്ട് .മനുഷ്യ ജീവിതത്തിന്‍റെ ചെറിയ കാലയളവില്‍ തങ്ങളാലാകുന്ന ഉപകാരങ്ങള്‍,മറ്റുള്ളവര്‍ക്ക് ചെയ്യണം എന്നതാണ് ചാക്കൊച്ചായന്‍റെ പോളിസി .ചാക്കൊച്ചായന്‍ പള്ളിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു പ്രവര്‍ത്തിച്ചു നാട്ടിലെ ക്ലെബ്ബുകള്‍ക്കു വേണ്ടി നാടകമെഴുതിയാലും ബൈബിള്‍ നാടകമായി മാറിപ്പോകും. അങ്ങനെയൊരു പരാതി മാത്രമാണ് നാട്ടുകാര്‍ക്ക് ചാക്കൊച്ചായനെപ്പറ്റി പറയുവാനുള്ളൂ ,എല്ലാ തവണയും ചാക്കൊചായന്‍ വാക്ക് പറയും അടുത്ത തവണ ഞാന്‍ നല്ല കിടിലന്‍ കഥ തരാം ,അതും ആനുകാലിക  പ്രസക്തിയോടെയുള്ള പ്രാദേശിക സംഭവ വികാസങ്ങള്‍ നിറഞ്ഞ കഥ , പക്ഷെ അടുത്ത തവണയും എഴുതി വരുമ്പോള്‍കഥയിലെ നായകന്‍ ജെയിംസിനു കര്‍ത്താവിനോട് സാമ്യവും  നായിക അന്നമ്മക്ക് മഗ്ദാലക്കാരതി മറിയമിനോടും , നായകന്‍റെ  പിതാവ് കുഞ്ചെറിയാ ചേട്ടന് ഔസേപ്പ് പിതാവിന്‍റെ സാമ്യവും,അമ്മ അമ്മിണി ചേച്ചിക്ക് കന്യാമറിയത്തിന്‍റെ   സാമ്യവും  ഒക്കെ വരുമെന്ന് മാത്രം.  ഡയലോഗുകളും ഒരു ബൈബിള്‍ ചുവ നിറഞ്ഞത് ആവും.

അങ്ങനെ  പള്ളിയുടെയും ,നാട്ടുകാരുടെയും ഒക്കെ കണ്ണിലുണ്ണിയായി ചാക്കൊച്ചായന്‍ വിലസുന്ന സമയത്താണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത് , ചാക്കൊച്ചായനിലെ കൊണ്ഗ്രെസ്സുകാരന്‍ ഉണര്‍ന്നു ,തേങ്ങിക്കരഞ്ഞുകൊണ്ട് അതിരാവിലെ  കവലയിലേക്ക് എത്തി,കവലയില്‍ ആകെ വിഷണ്ണരായി നില്‍ക്കുന്ന യൂത്തന്മാരുടെ അടുത്തേക്ക് ഓടിയെത്തി ചാക്കൊച്ചായന്‍ വാവിട്ടു നിലവിളിച്ചു, മക്കളെ പോയല്ലോടാ , ചാക്കൊച്ചായന്‍റെ പ്രകടനത്തില്‍ അന്തം വിട്ട യൂത്തന്മാര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു തങ്ങളുടെ  സങ്കടവും നാട്ടുകാരെ അറിയിച്ചു , കരച്ചില്‍ ഒക്കെ ഒട്ടൊന്നു ശമിച്ചപ്പോള്‍, ചാക്കൊച്ചായന്‍ തിരക്കി "മക്കളെ പന്തലിടെണ്ടേ? സമൂഹ പ്രാര്തനവേണ്ടേ ? യൂത്തന്മാര്‍ ഒരുമിച്ചു പറഞ്ഞു "വേണം അച്ചായാ,ഞങ്ങള്‍ പടുതായും കാലുമൊക്കെ  എടുത്തുവരാം" അച്ചായന്‍ അന്നേരം മറ്റുള്ളവരെ കൂടെ കൂട്ടിക്കോ ,എല്ലാവരും കര്‍മ്മനിരതരായി പെട്ടെന്ന് തന്നെ  കവലയില്‍ ഒരു ചെറിയ പന്തല്‍ ഇട്ടു ,മൈക്ക് സെറ്റ്‌ വന്നു ,ചാക്കോച്ചായന്‍ അപ്പോള്‍ തന്നെ ഓടിപ്പോയി ബൈബിളും പാട്ട് പുസ്തകവും കൊണ്ടുവന്നു,ചന്ദ്രന്‍ചേട്ടന്‍ അതുകണ്ട് ഓടിച്ചെന്നു ഭാഗവതം കൊണ്ടുവന്നു സര്‍വ്വമത പ്രാര്‍ത്ഥന എന്ന്  വിചാരിച്ചെങ്കിലും ക്രിസ്ത്യാനി ഹിന്ദു പ്രാര്‍ത്ഥനമാത്രമേ നടന്നുള്ളൂ ,കൊണ്‍ഗ്രെസ്സുകാരനായ ഒരു മുസ്ലീമിനെ തപ്പി നടന്നിട്ട് കിട്ടിയില്ല , ചന്ദ്രന്‍ചേട്ടന്‍,ഭാഗവതം വായിക്കുന്ന സമയം ചാക്കോച്ചായന്‍ പന്തലിലിരുന്നു    എന്തൊക്കെയോ കുത്തിക്കുറിക്കുന്നു ,ഓ ഈ ചാക്കൊച്ചായാന്‍ ഈ സമയത്ത് അത്യാവശ്യമായിട്ടു ഇതെന്തോന്നാ ഈ എഴുതുന്നത്‌ എന്ന്  ആളുകള്‍ വിചാരിച്ചു , അതിനുത്തരവും ഉടനെ തന്നെ  ആളുകള്‍ അറിഞ്ഞു ...

ചന്ദ്രന്‍ ചേട്ടന്‍ വായന നിര്‍ത്തിയ ഉടനെ ,മൈക്ക് തന്‍റെ മുന്നിലേക്ക്‌ നീക്കി വച്ച്  ചാക്കോച്ചായന്‍ ഒരു ചെറിയ മുഖവുര പ്രസംഗം നടത്തി  അത് ഇപ്രകാരമായിരുന്നു "പ്രിയ നാട്ടുകാരെ  ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന നമ്മുടെ പ്രിയങ്കരനായ രാജീവ് ഗാന്ധി ഇന്ന് ഒരു ബോംബു സ്ഫോടനത്തിലൂടെ കൊല്ലപ്പെട്ടു നമ്മെ വിട്ടു പിരിഞ്ഞുപോയ കാര്യം  നാം  ഓരോരുത്തരും അറിഞ്ഞല്ലോ ?ഇലെക്ഷന്‍ പ്രചാരണത്തിനായി നമ്മുടെ നാട്ടില്‍ വന്നപ്പോളും സുരക്ഷാ ജീവനക്കാരെ  വിട്ടു ജനങ്ങളുടെ  ഇടയിലേക്ക് നടന്നു വരാന്‍ സ്രെമിക്കുന്ന രാജീവിനെ നാം കണ്ടു, അന്നേ ഇതൊരു അപകടം പിടിച്ച രീതി ആണല്ലോ എന്ന് എന്‍റെ അന്തരംഗം എന്നോട് മന്ത്രിച്ചിരുന്നു,പക്ഷെ അത് അദ്ദേഹത്തോട് പറയണം എന്ന് എനിക്ക് തോന്നിയില്ല അതില്‍ ഇന്ന് ഞാന്‍ വ്യസനിക്കുന്നു , ആ വ്യസനത്തില്‍ നിന്നും ആ സുന്ദരവധനനായ ,സുസ്മേരവധനനായ  രാജീവിനെ സ്മരിച്ചുകൊണ്ട് ഞാന്‍ ഈ പന്തലില്‍ ഇരുന്നു ഇപ്പോള്‍ എഴുതിയ ഒരു പാട്ട്  ഇവിടെ ആലപിക്കുകയാണ് . നിങ്ങള്‍ ഏവരും അത് ഏറ്റു ചൊല്ലുക " ഇത്രയും പറഞ്ഞു  ചാക്കൊച്ചായന്‍ തന്‍റെ ക്ഷിപ്ര കവിത  ചൊല്ലുവാന്‍ ആരംഭിച്ചു "

                    "കൊണ്ഗ്രെസ് ഐയുടെ  അദ്ധ്യക്ഷനായി വാണരുളിയോന്‍ 
                     രാജീവ്‌ ഗാന്ധി വഞ്ചനയാല്‍ കൊല്ലപ്പെട്ടല്ലോ
                    ശ്രീപെരംബതൂര്  മണ്ണില്‍ വോട്ടുതേടി താന്‍
                    പോയ നേരം ബോംബു പൊട്ടി കൊല്ലപ്പെട്ടല്ലോ "

ഇങ്ങനെ വാഴ്ത്തിടുന്നൂ ,വാഴ്ത്തിടുന്നൂ വഴ്ത്തിടുന്നൂ ഞാന്‍ എന്ന ക്രിസ്ത്യന്‍ പാട്ടിന്‍റെ ട്യൂണില്‍ ചാക്കോച്ചായനെഴുതിയ  വരികള്‍ ചോല്ലിക്കൊണ്ടിരിക്കെ   ചാക്കൊച്ചായന്‍ മോഹാലസ്യപ്പെട്ടു  വീണു ,ആദ്യം അമ്പരന്ന യൂത്തന്മാര്‍ അടുത്ത കടയില്‍ നിന്നും വട്ടുസോഡാകുപ്പി ഒന്നെടുത്തു പൊട്ടിച്ചു ചാക്കൊച്ചായന്‍റെ മുഖത്തേക്ക് നല്ല  ശക്തിയില്‍ തന്നെ ചീറ്റിച്ചു .. പെട്ടെന്ന് " ഫാ  ഏത് നായിന്‍റെ മോനാടാ" മുഖത്തു  വെള്ളം ചീറ്റിക്കുന്നത് എന്നും ചോദിച്ചു  ചാക്കൊച്ചായന്‍ ഉണര്‍ന്നു , പക്ഷെ മൈക്ക് ഓണ്‍ ആയിരുന്നതുകൊണ്ടും  കവലയില്‍ നാല് വശത്തേക്കും  ഒന്നൊന്നര കിലോമീറ്റര്‍ ദൂരത്തോളം കോളാമ്പി മൈക്ക് വച്ച് കേട്ടിയിരുന്നതുകൊണ്ടും നാട്ടുകാര് മുഴുവനും  ചാക്കൊച്ചായന്‍റെ അനുഗ്രഹീത ഭാഷ കേട്ട് ഞെട്ടി , പക്ഷെ  ഇതൊന്നും മനസ്സിലാവാതിരുന്ന  ചാക്കൊച്ചായന്‍ ഉണര്‍ന്നു മുഖവും തുടച്ചു  ബൈബിള്‍ വായന തുടങ്ങി

 ""ദൈവമേ എന്‍റെ വായിലെ വചനങ്ങളെ നീ ഇഷ്ട്ടപ്പെടെണമേ "" 

എന്ന് തുടങ്ങുന്ന സങ്കീര്‍ത്തനം വായിച്ചതും  ,ചാക്കൊച്ചായന്‍റെ തൊട്ടടുത്തിരുന്ന  ചന്ദ്രന്‍ ചേട്ടന്‍ "ഹ ഹ ഹ" എന്ന് ആര്‍ത്തൊരു ചിരിയും ചിരിച്ചു എഴുന്നേറ്റതും അത് മൈക്കിലൂടെ കേട്ട ജനം ഒന്നടങ്കം ചിരിച്ചതും അങ്ങനെ  ദുഃഖ പ്രാര്‍ത്ഥന ഒരു തമാശായി മാറിയതും,   അന്ന് ഒന്നും മനസ്സിലാകാതെ ചാക്കൊച്ചായന്‍ ഇരുന്നതും എന്‍റെ കണ്മുന്നില്‍ മായാതെ നില്‍ക്കുന്നു .ഞങ്ങളുടെ പ്രിയങ്കരനായ ചാക്കൊച്ചായന്‍റെ കൂടുതല്‍ രസകരങ്ങളായ കാര്യങ്ങള്‍ ഇനിയുമൊരുപാടുണ്ട് അവ പിന്നീട് എപ്പോളെങ്കിലും  ഇവിടെ പങ്കു വക്കാം ......

ജോഷി കുര്യന്‍ പോള്‍

Thursday, March 7, 2013

സ്നേഹത്തിന്‍റെ രുചികള്‍...............

രാവിലെ ദോശയും സാമ്പാറും കഴിക്കുന്നതിനിടയില്‍ മനസ്സിലേക്ക് പെട്ടെന്ന് ഓടി വന്നത് ,നാട്ടിലെ ഞങ്ങളുടെ അയല്‍വക്കമായിരുന്ന മടത്തിപറമ്പിലെ രാജമ്മ ചേച്ചിയെ ആണ് , എന്‍റെ കൂട്ടുകാരനായ സന്തോഷിന്‍റെ അമ്മ,അവധി ദിവസങ്ങളില്‍ ഞങ്ങള്‍ തകര്‍ത്തു വാരി നടക്കുമ്പോള്‍ വിശപ്പിന്‍റെ വിളി ചിലപ്പോള്‍ അറിയാറില്ല ,എന്നും അവരുടെ പറമ്പിലെ വലിയ  പുളി മരത്തിന്റെ ചുവട്ടില്‍ ആയിരുന്നു ഞങ്ങളുടെ കേളീരംഗം ,സന്തോഷിനെ കഴിക്കുവാന്‍ വിളിക്കുന്ന കൂടെ രാജമ്മ ചേച്ചി നിര്‍ബന്ധമായി എന്നെയും  വിളിക്കുമായിരുന്നു. നല്ല നേര്‍മ്മയുള്ള ദോശയും ഒപ്പം ഒരു പൊടി ചമ്മന്തിയും,എന്‍റെ വീട്ടില്‍ ദോശയോടൊപ്പം സാമ്പാര്‍ അല്ലെങ്കില്‍ തേങ്ങാ ചമ്മന്തി ആണ് ഉണ്ടാക്കിയിരുന്നത് ,പക്ഷെ ഇത് ഒരു പ്രത്യേക പൊടി ചമ്മന്തി ,  അതില്‍ അല്പം എണ്ണ ചാലിച്ച് ദോശയോടൊപ്പം മുക്കിതിന്നുവാന്‍ ഒരു രുചി ആയിരുന്നു, മോനെ  ഒരെണ്ണം കൂടെ കഴിക്കൂ എന്ന് നിര്‍ബന്ധിച്ചു ചേച്ചി  ചൂടോടെ ചുട്ടെടുക്കുന്ന ദോശകള്‍ എന്‍റെയും സന്തോഷിന്‍റെയും പാത്രങ്ങളില്‍ നിന്ന് നൊടിയിടയില്‍ അപ്രത്യക്ഷമാവുമായിരുന്നു. എന്താണ് ആ ചമ്മന്തിക്കും ദോശക്കും ഇത്ര രുചി ഉണ്ടാവാന്‍ കാരണം എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ,ഉഴുന്നും അരിയും ചേര്‍ത്ത് അരചെടുക്കുന്ന മാവില്‍ രാജമ്മചെച്ചി അല്പം സ്നേഹം കൂടി ചാലിച്ചാവാം ആ ദോശകള്‍ ചുട്ടെടുക്കുന്നത് .ഒപ്പം ചമ്മന്തിയിലേക്ക്  പകരുന്ന എണ്ണയോടൊപ്പവും   ആ സ്നേഹം കലര്‍ന്നിരിക്കാം  ആ സ്നേഹത്തിന്റെ രുചി ഇന്നും നാവില്‍ നില്‍ക്കുന്നു .


അതുപോലെ  അവലോസുണ്ട എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമാണ് ഞങ്ങള്‍ ഇന്ദിരാ ഗാന്ധി അമ്മച്ചി എന്ന് കളിയാക്കി വിളിക്കുന്ന ഉമ്മമ്മച്ചിയുടെ മുഖം,ഇന്ദിരാഗാന്ധിയുടെ ഹെയര്‍ സ്റ്റൈല്‍ ആയിരുന്നു അമ്മചിയുടെയും, അതുപോലെ നീണ്ടു വിടര്‍ന്ന മൂക്കും  അങ്ങനെയാണ് എല്ലാവരും അമ്മച്ചിയെ, അമ്മച്ചി കേള്‍ക്കാതെ ഇന്ദിരാഗാന്ധി എന്ന് വിളിക്കുവാന്‍ തുടങ്ങിയത് ,ഞങ്ങള്‍ ചെല്ലുംമ്പോളൊക്കെയും അകത്തെ അലമാരയിലെ തകരപാത്രത്തിനുള്ളില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന അവലോസുണ്ട  'കഴിക്കെടാ' എന്ന് പറഞ്ഞു സ്നേഹത്തോടെ എടുത്തു തരുമ്പോള്‍ അതിന്‍റെ രുചി  അതില്‍ ചേര്‍ന്ന ചേരുവകളുടെയല്ല മറിച്ചു അത് നമ്മളെ കഴിപ്പിക്കുവാന്‍ കാട്ടുന്ന ആ സ്നേഹത്തിന്‍റെ   രുചിയാണ് ,മുതിര്‍ന്നതിനു ശേഷവും  വല്ലപ്പോളും അവധിക്കു നാട്ടില്‍ എത്തിയിരുന്നപ്പോളും അമ്മച്ചിയെ കാണുവാന്‍ പോയിരുന്നു,അങ്ങോട്ട്‌  നടക്കുമ്പോളെ ആ അവലോസുണ്ടയുടെ രുചി നാവില്‍ എത്തുമായിരുന്നു ,മറക്കാതെ അമ്മച്ചി അത് കഴിപ്പിച്ചേ വിട്ടിരുന്നുള്ളൂ ,ഇന്ന് അമ്മച്ചി ഞങ്ങളെ വിട്ടു കടന്നുപോയി പക്ഷെ അമ്മച്ചി പകര്‍ന്നുതന്ന ആ രുചി നാവില്‍ഒരു സ്നേഹ സ്മരണയായി തങ്ങി നില്‍ക്കുന്നു .


മറ്റൊരു  സ്നേഹ രുചിയുടെ ഓര്‍മ്മയുള്ളത് എന്‍റെ സുഹൃത്തും നാട്ടിലെ സ്കൂളിലെ സഹപാഠിയും ഒക്കെ ആയിരുന്ന പതിനഞ്ചിലെ നിമ്മച്ചന്‍റെ മമ്മി ഉണ്ടാക്കി തന്നിരുന്ന പഴംപൊരിയുടെതാണ്,ഞാനും നിമ്മച്ചനും പള്ളിസ്കൂളില്‍ പഠിക്കുന്ന കാലം രാവിലെ  സ്കൂളില്‍ പോകുന്നത് നേരെ നിമ്മച്ചന്‍റെ വീട്ടില്‍ എത്തി അവനെ വിളിച്ചു അവിടുന്ന് നേരെ സ്കൂളിലേക്ക്, വഴിയില്‍ സന്തോഷ്‌ ,പിന്നെ മറ്റു ചില സഹപാഠികള്‍ ഒക്കെ കൂടെ കൂടിയിരുന്നു.അന്ന് പതിനഞ്ചിലെ പുരയിടതിലേക്ക് കയറുമ്പോള്‍ ജാതിയും,ഗ്രംബുവും ,തെങ്ങും,കവുങ്ങും ,പശുക്കളും ഒക്കെയായി "പാലും തേനുമൊഴുകുന്ന കനാന്‍ ദേശ"മെന്നു സണ്ടേസ്കൂളില്‍ പഠിച്ച ഓര്‍മ്മ ആയിരുന്നു എനിക്ക് വന്നിരുന്നത്. അന്ന് അവരുടെ പുതിയ വീടിന്‍റെ പണി നടക്കുന്നതേയുള്ളൂ ,പഴയ വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്  അതേ പറമ്പില്‍ തന്നെ . അങ്ങോട്ട്‌ ചെന്ന് കയറുവാന്‍ എനിക്ക് പേടിയായിരുന്നു കാരണം അവിടുത്തെ ഒരു ഉഗ്രന്‍ അല്സേഷന്‍ നായ  ഒന്ന് കുരക്കുംബോളെ എന്‍റെ നിക്കര്‍ നനക്കുമോന്നു എനിക്ക് ഭയമായിരുന്നു ,പക്ഷെ വൈകുന്നേരം സ്കൂളില്‍ നിന്നും എത്തുമ്പോള്‍,ഞാനും നിമ്മച്ചനും  ആ പറമ്പ് മുഴുവന്‍ ഓടി കളിച്ചു വിയര്‍ത്തൊലിച്ചു, പോകും മുന്‍പ്  നിമ്മച്ചന്‍റെ മമ്മി ,ആ നായയെ  അവിടെ നിന്നും മാറ്റി ഞങ്ങളെ വിളിച്ചു കയ്യും കാലും മുഖവും കഴുകിച്ചു ,നല്ല ചൂടന്‍ പഴംപൊരി  പ്ലേറ്റ്കളിലാക്കി മുന്നില്‍ വച്ച് അടുത്ത് നിന്ന് സ്നേഹത്തോടെ നിര്‍ബന്ധിച്ചു കഴിപ്പിക്കുമായിരുന്നു ,ഈ ലോകത് ഞാന്‍ കഴിച്ചിട്ടുള്ള  ഏറ്റവും രുചിയുള്ള പഴംപൊരി ആ കൊച്ചമ്മ ഉണ്ടാക്കി  കഴിപ്പിചിട്ടുള്ളതാണ് എന്നെനിക്ക് തോന്നുന്നു , സ്നേഹത്തിന്റെ  ഒരു മേമ്പൊടി വിതറിയിട്ടുള്ളതാവാം  ഈ രുചികള്‍ക്ക് കാരണം എന്ന് ഞാന്‍ കരുതുന്നു .


ഇന്നിന്‍റെ കുട്ടികള്‍ക്ക്  ഈ സ്നേഹത്തിന്റെ  രുചികള്‍ തിരിച്ചറിയാന്‍ പറ്റുന്നുണ്ടോ ആവോ , നാളെ മുതിര്‍ന്നു കഴിയുമ്പോള്‍ ഓര്‍ത്തിരിക്കാന്‍ അവര്‍ക്ക് ഇതുപോലുള്ള രുചിക്കൂട്ടുകള്‍ പകര്‍ന്നു നല്‍കാന്‍ നമ്മള്‍ സ്രെദ്ധിക്കാറുണ്ടോ,എല്ലാവരും എന്റെ എന്റെ എന്ന സ്വാര്‍ത്ഥതയിലേക്ക് ഒതുങ്ങുമ്പോള്‍ ഇതുപോലുള്ള സ്നേഹത്തിന്റെ രുചികള്‍ നമ്മുടെ കുട്ടികള്‍ക്ക് അന്യമാവുന്നു ,എന്റെ കുട്ടിക്കാലം എനിക്ക് നല്‍കിയത്  ദുഖങ്ങളും എന്നാല്‍ അതിലുമധികം  സന്തോഷങ്ങള്മാണ്.  ഇവ രണ്ടും    സൂര്യാസ്തമയ സമയത്തെ സായന്തനത്തിന്‍റെ വിഷാദശ്ചായ പോലെയും, കുളിരാര്‍ന്ന  പ്രഭാതങ്ങളിലെ പുല്‍ക്കൊടികളില്‍ ഇറ്റ് നില്‍ക്കുന്ന മഞ്ഞിന്‍കണങ്ങള്‍പോലെയും സുന്ദരവും മനസ്സിന് ആനന്ദകരവുമാണ്. ഈ സ്നേഹത്തിന്റെ  സൌന്ദര്യങ്ങളെ ആസ്വദിക്കുവാന്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരം കിട്ടിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു ...................

ജോഷി കുര്യന്‍ പോള്‍



Wednesday, March 6, 2013

"ഒരു അരഞ്ഞാണത്തിന്‍റെ കഥ"

ദീപ  റസ്റ്ററന്റിലെ കടുപ്പമുള്ള കാപ്പി കുടിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്‍റെ ഒരു സുഖം ,നല്ല "ബ്രൂ" കാപ്പിയാണ് അതും സാമാന്യം വലുപ്പമുള്ള ഗ്ലാസില്‍.
അതും കുടിച്ചു ഷിബുചായനോട് തമാശും  പറഞ്ഞു ഇറങ്ങാന്‍ നേരം

"ഷിബുചായോ കുറിചേര് കേട്ടോ"

എന്ന് പറഞ്ഞിറങ്ങുമ്പോള്‍,ഷിബുചായന്‍ ഓര്‍മ്മപ്പെടുത്തും
എടാ കൂവേ പറ്റ് ഇച്ചിരി  കൂടുതല്‍ ആയി കേട്ടോ ..

"പേടിക്കേണ്ട ഷിബുചായാ അഥവാ തന്നില്ലെലും പെട്ടി മേടിക്കാന്‍ വരുമ്പോള്‍ വീട്ടുകാരോട് അതും കൂടെ ചേര്‍ത്ത് മേടിചാല്‍ മതി "

  റസ്റ്ററന്റിനോട് ചേര്‍ന്ന ഷിബുചായന്‍റെ  തന്നെ ശവപ്പെട്ടിക്കടയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞിറങ്ങുമായിരുന്ന കാലം .അത് കേള്‍ക്കുമ്പോള്‍ ദേഷ്യം കാട്ടിയിരുന്ന ഷിബുചായനെ ഒരു കണ്ണിറുക്കി ചിരിച്ചു കാട്ടി കോളേജിലേക്ക് നടന്നു കയറുമായിരുന്നു,

കോളേജിലെ അത്യാവശ്യം കുട്ടികളുടെ അന്നദാതാവായിരുന്നു ഷിബുചായന്‍,വീട്ടിലെ പോതിചോര്‍ എടുത്തു കൊണ്ടുവരാന്‍ മടിക്കുന്ന പലരും ഉച്ചക്ക് ഷിബുച്ചായനെ   ആശ്രയിക്കുമായിരുന്നു ,ഇന്നത്തെപോലെ കുട്ടികളുടെ ഇടയില്‍ പോക്കെറ്റ്മണി അത്ര സുലഭമല്ലാരുന്ന കാലം ,ഉച്ചക്ക് പോക്കെറ്റില്‍ ഉള്ളതു തപ്പിപ്പെറുക്കിയാലും രണ്ടു പോറോട്ടക്ക് ഉള്ളതെ കാണൂ  അതുമായി ചെന്ന് ഷിബുചായാ രണ്ടു പൊറോട്ട തന്നേര് കറിയൊന്നും വേണ്ട ....,അല്ലേല്‍ ഇച്ചിരെ ഗ്രേവി ഒഴിചെരു കേട്ടോ എന്ന് ഒരു വളിച്ച ചിരിയോടെ പറഞ്ഞു ഇരിക്കുമ്പോള്‍, കാര്യമറിയാവുന്ന ഷിബുചായന്‍ പുട്ടിന്റെ ഇടയിലെ തെങ്ങാപീര പോലെ  പോത്ത്ചാറിന്‍റെ കൂടെ അഞ്ചാറു കഷ്ണവും ഇട്ടു തരുമായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ ഒരു കമ്പനി ആയിരുന്ന, അനിലും,ലിജോയും ദീപുവും,ഞാനുമൊക്കെ ഒന്നിച്ചാണ് ഉച്ചക്ക് കഴിക്കാന്‍ പോയിരുന്നത്

ഞങ്ങളുടെ കൂടെയുള്ള ബിജോയ്‌ ഒരിക്കലും വെളിയില്‍ കഴിക്കാന്‍ വരില്ലായിരുന്നു അവന്‍ പോതിചോറുമായി തന്നെ ആണ് വന്നിരുന്നത് ,പക്ഷെ ഉച്ചകഴിഞ്ഞു ഫ്രീ പീരിയഡ് ഉണ്ടെങ്കില്‍ അവനു കാപ്പി കുടിക്കണം അത് നിര്‍ബന്ധമായിരുന്നു ,അനില്‍ കൂടെയുള്ള ദിവസങ്ങളില്‍ അവനാണ് ബില്‍ കൊടുത്തിരുന്നത് ,അവനെ ഞങ്ങള്‍ അന്ന് നേതാവായി അങ്ങ് അന്ഗീകരിക്കും നീ കൊടുത്തോടാന്നു പറയും കൂട്ടത്തില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നത് അവനാണ് , അവന്‍ പണം സൂക്ഷിക്കുന്നത് എവിടെയൊക്കെയാണ് എന്ന് ഞങ്ങള്‍ക്കറിയാം ,ചിലപ്പോള്‍ കൈയുടെ മടക്കിനുള്ളില്‍,ചിലപ്പോള്‍ സോക്ക്സിനുള്ളില്‍ അങ്ങനെ ശരീരത്തില്‍ പല ഭാഗത്ത്‌ ആയിട്ടാണ് ,അവന്‍ പെര്‍സു തുറന്നു പണമില്ല എന്ന് കാട്ടിയാലും ,നീ എവിടുന്നെലും എടുത്തു കൊടുത്തോ എന്ന് പറഞ്ഞു ഞങ്ങള്‍ നടക്കും.


 അങ്ങനെ അനിലിന്‍റെ ലേബലില്‍ ആണ് ഷിബുചായന്‍ എനിക്കും പറ്റു തന്നു തുടങ്ങിയത്, കണ്ടീഷന്‍ നൂറു രൂപ ആകുമ്പോള്‍ കൊടുത്തു തീര്‍ക്കണം . സംഗതി സമ്മതിച്ചു, പറ്റു തുടങ്ങി ആദ്യ അവസരങ്ങളിലൊക്കെ കൃത്യം നൂറു രൂപ അടുത്തപ്പോള്‍ കൊടുത്തു തീര്‍ത്തു ,അത് പള്ളിപ്പെരുന്നാളിനോക്കെ അപ്പാപ്പന്മാരും ,അപ്പച്ചനുമൊക്കെ തന്നിരുന്ന പൈസ സൂക്ഷിച്ചു വച്ചാണ് കൊടുത്തിരുന്നത് , കോളേജില്‍ പോയി വരാന്‍ അമ്മ കൃത്യം 30പൈസ S.T കാശേ തന്നിരുന്നുള്ളൂ ,അഥവാ ചില ദിവസങ്ങളില്‍ 50 പൈസയോ മറ്റോ തന്നാല്‍ അടുത്ത ദിവസം 10 പൈസയേ കിട്ടുമായിരുന്നുള്ളൂ .ഹോട്ടലില്‍ കഴിക്കാന്‍ അമ്മ സമ്മതിക്കില്ല കഴിക്കാന്‍ പൊതി കൊണ്ട് പോക്കോണം  ആദ്യമൊക്കെ  പൊതി കൊണ്ടുപോയിരുന്നെന്കിലും പിന്നെ മടിയായി , നാട്ടില്‍ നിന്നും  മറ്റു കോളേജില്‍ പഠിക്കുന്ന സുഹൃത്തുക്കള്‍ രണ്ടു ബുക്കുകള്‍ മാത്രമായി പോകുന്നത് കാണുമ്പോള്‍ ഈ പൊതിയും ഒക്കെ ചുമന്നു പോകാന്‍ മടിയായി എന്നതാണ് സത്യം ,അവരുടെ കോളേജില്‍ ഷിഫ്റ്റ്‌ ആയിരുന്നു പക്ഷെ ഞങ്ങള്‍ക്ക് ഫുള്‍ ഡേ  ക്ലാസും , അങ്ങനെ മടി തുടങ്ങിയപ്പോള്‍ അമ്മയുടെ മുന്നില്‍ ആവശ്യം വച്ചു എനിക്ക് ഇനി പൊതി വേണ്ട ,ഉച്ചക്ക് കഴിക്കാന്‍ ദിവസവും 4 രൂപ തന്നാല്‍ മതി , അമ്മ ഒരു ദാക്ഷിണ്യവും കാണിക്കാതെ അപേക്ഷ തള്ളി .അപ്പോള്‍ വാശിയായി ,അമ്മ പറഞ്ഞു പൊതി വേണ്ടെല്‍ കഴിക്കണ്ട പക്ഷെ പൈസ തരില്ല ,അങ്ങനെയാണ് ഷിബുചായന്‍റെ പോറോട്ടയിലും ബീഫ്‌ ഗ്രെവിയിലും അഭയം പ്രാപിച്ചത് ..



ആദ്യ  കാലങ്ങളില്‍ സൂക്ഷിച്ചും കണ്ടും പൊറോട്ടയും ഗ്രെവിയും കഴിച്ചിരുന്നതിനാല്‍ പെരുന്നാളുകള്‍ക്ക് കിട്ടുന്ന കൈമടക്ക് 'പറ്റു' തീര്‍ക്കുവാന്‍ ഉപകാരപ്പെട്ടിരുന്നു ,ഷിബുചായന്‍ ആദ്യ കാലങ്ങളിലെ  കൃത്യത കണ്ടു നൂറു രൂപ എന്ന ക്രെഡിറ്റ്‌ ലിമിറ്റ് അല്പം കൂട്ടി തന്നു കഴിഞ്ഞപ്പോള്‍ മുതല്‍ സംഗതി കൈവിട്ടു തുടങ്ങി ,ഗ്രെവിയില്‍ നിന്നും  ഇടയ്ക്കു ബീഫ്‌ ഫ്രൈ ലേക്ക് ഒരു പ്രൊമോഷന്‍ ഒക്കെ ഞാന്‍ തന്നെ കൊടുത്തു ,കൂടാതെ ഇടയ്ക്കു വല്ലപ്പോഴും ഉച്ച കഴിഞ്ഞൊരു കാപ്പികുടിയും,  അങ്ങനെ ആയപ്പോള്‍ പറ്റുബുക്കിലെ അക്കങ്ങളുടെ ആകെത്തുക  എനിക്ക് അക്കൌണ്ടന്‍സി ക്ലാസ്സില്‍ ജോര്‍ജു സര്‍ പഠിപ്പിക്കുന്ന ബാലന്‍സ് ഷീറ്റില്‍ ഒതുങ്ങാത്ത വിധം ആയി ...എങ്ങനെയൊക്കെ നോക്കിയാലും  ബാലന്‍സ് ഷീറ്റു  ടാലിയാവുന്നില്ല .

 ഇതിനെങ്ങനെ പരിഹാരം കാണും എന്ന് കൂലങ്കഷമായി ചിന്തിക്കുന്നത് ഷിബുചായന്റെ കടയിലെ  "ബ്രൂ" കാപ്പി കുടിച്ചുകൊണ്ടായിരുന്നു അതും പറ്റു ബുക്കിലെ അക്കങ്ങളില്‍ വര്‍ധനവ്‌ വരുത്തിയതല്ലാതെ , ഒരു ഉത്തരം ലഭിച്ചില്ല അടുത്തൊന്നും ഇനി പെരുന്നാളുകള്‍ വരാനുമില്ല ...എന്ത് ചെയ്യും എന്ന ആലോചനയ്ക്ക് ഒടുവില്‍, ഞാന്‍ കേരളത്തിലെ നാണ്യക്കുരുവില്‍ തന്നെ കൈവയ്ക്കാന്‍ തീരുമാനിച്ചു . ആദ്യമായിട്ടു  വീട്ടില്‍ നിന്നും ഒരു സാമ്പത്തിക ക്രമക്കേട്‌ കാണിക്കുവാന്‍ ഉള്ള ആലോചന ദിവസങ്ങള്‍ നീണ്ടു, അപ്പോളും ഷിബുചായന്‍റെ പറ്റുബുക്കിലെ തുക ദിവസവും കൂടി വന്നുകൊണ്ടുമിരുന്നു .

അങ്ങനെ ആ ദിവസം വന്നെത്തി അമ്മ അമ്മച്ചിയുടെ ഓര്‍മ്മ ദിനം പ്രമാണിച്ചു അമ്മവീട്ടിലെ ഇടവക പള്ളിയില്‍ പോകുന്നു ,ഞാന്‍ ബുദ്ധിപരമായി അതില്‍ നിന്നും ഒഴിവായി .അമ്മ പോയി അധികം താമസിയാതെ ഞാന്‍ കിഴക്കേ പറമ്പിലെ  നന്നായി കായിക്കുന്ന തൈ തെങ്ങിന്‍ ചുവട്ടില്‍ എത്തി  ഒരു കമ്പുമായി ഒരു തെങ്ങ കുത്തിയിട്ടു കുലുക്കി നോക്കി "ഉം വിളഞ്ഞിട്ടുണ്ട് "തൃപ്തനായി ചുറ്റുപാടും നോക്കി , സ്വന്തം പറമ്പില്‍ നിന്നുമാണെങ്കിലും ആദ്യ മോഷണത്തിന്‍റെ ഒരു വിറവല്‍ എന്നെ  പിടി കൂടിയിരുന്നു ,ഒന്ന് ചുറ്റും നോക്കിയപ്പോള്‍ അടുത്തു താമസിക്കുന്ന കുട്ടായി പറമ്പില്‍ നിന്ന് എന്നെ ശ്രെദ്ധിക്കുന്നു ... പെട്ടെന്നു ഒരു ഉള്‍ഭയം എന്നെ ബാധിച്ചു ,കുട്ടായി എങ്ങാനും അമ്മയോട് പറഞ്ഞാലോ ,ഞാന്‍ പതിയെ കമ്പും താഴെയിട്ടു ആദ്യം കുത്തിയിട്ട തെങ്ങായുമെടുത്തു തിരികെ നടന്നു കുട്ടായി വിളിച്ചു ചോദിച്ചു "എന്താ മോനെ രാവിലെ കരിക്ക് ഇടുവാണോ ? " ഞാന്‍ അതെ എന്ന് മറുപടി കൊടുത്തെങ്കിലും ഉള്ളില്‍,. തനിക്ക് പെരക്കകത്തെങ്ങാനും പോയിരിക്കാന്‍ മേലേന്നാണ് തോന്നിയത്.

അങ്ങനെ ആദ്യ ശ്രമം പരാജയപ്പെട്ടു ,ആലോചനാ നിമഗ്നന്‍ ആയി തിണ്ണയിലിരിക്കെ എനിക്ക് തോന്നി അല്ലേലും തെങ്ങ വിറ്റാല്‍ ശരിയാവില്ല, കാരണം ഒരു തേങ്ങക്ക് അഞ്ചു രൂപയില്‍ കൂടുതല്‍ കിട്ടില്ല .അപ്പോള്‍ നൂറു രൂപയേലും കിട്ടണം എങ്കില്‍ ഇരുപതു തെങ്ങ വില്‍ക്കേണ്ടി വരും അത്രയും  തെങ്ങ ഇട്ടാല്‍  വീട്ടില്‍ പിടിക്കും എന്നത് ഉറപ്പു ..പിന്നെ എന്ത് ചെയ്യും ? വീണ്ടും ആലോചന .. ഇനി എന്തായാലും കുളിച്ചിട്ടു വരാം എന്ന് കരുതി  ആറ്റുകടവിലേക്ക് നടന്നു .

കുളിച്ചു സോപ്പ് തേക്കുന്നതിനിടയില്‍ കൈവിരലുകള്‍ അരയിലെ അരഞ്ഞാണത്തിന്‍റെ കൊളുത്തില്‍ കൊണ്ട് വേദനിച്ചു, "ദേഷ്യത്തോടെ അരഞ്ഞാണത്തെ നോക്കിയ  എന്റെ ഉള്ളില്‍ ഒരു അഞ്ഞൂറ് വാട്ട് ബള്‍ബു കത്തി" നീ ഇത്രയും നാള്‍ ഒളിച്ചിരിക്കുവാരുന്നോടാ കള്ളാ എന്ന ഒരു ചോദ്യത്തോടെ അരഞ്ഞാണത്തെ ഞാന്‍ സ്നേഹപൂര്‍വ്വം  തലോടി .പെട്ടെന്ന് കുളിയും കഴിഞ്ഞു വീട്ടിലെത്തി ,ശ്രെദ്ധാ പൂര്‍വ്വം  കൊളുത്തകത്തി അരഞ്ഞാണം ഞാന്‍ ഊരിയെടുത്തു . പെട്ടെന്ന് തന്നെ തയ്യാറായി കോട്ടയം ടൌണിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു ,കോട്ടയത്ത്‌ ചെന്നിറങ്ങി ഞാന്‍ ചുറ്റുപാടും ഒന്ന് നോക്കി ,എവിടെ വേണം ഇവനെ ഒന്ന് കൊടുത്തു കാശാക്കാന്‍? അധികം തിരക്കില്ലാത്ത വെള്ളിക്കടകള്‍ നോക്കി ഞാന്‍ നടന്നു അവസാനം മിഡാസ് റബ്ബര്‍ കമ്പനിയുടെ ഓഫീസിനടുത്തുള്ള ഒരു ചെറിയ കടയില്‍ ഞാന്‍ സാധനം കൊടുത്തു ,കട മുതലാളി അച്ചായന്‍ എന്നെ സൂക്ഷിചോന്നു നോക്കി ഞാന്‍ ഒട്ടും പതറാതെ നിന്ന് ,വില തിരക്കി  ഏകദേശം 400 രൂപ അദ്ദേഹം പറഞ്ഞു ഞാന്‍ തര്‍ക്കത്തിന് ഒന്നും നില്‍ക്കാതെ ,ആഹ് ശേരി എന്ന് പറഞ്ഞു പണം വാങ്ങി പോക്കെട്ടില്‍ ഇട്ടു നടന്നു ,

നേരെ അനുപമ തീയേറ്റര്‍ ലക്ഷ്യമാക്കി, ലാലേട്ടന്റെ  പുതിയ പടം കാണണം "അധിപന്‍"   അതാണ് ഉദ്ദേശം കാരണം ഷിബുച്ചായന്റെ പറ്റു തീര്‍ത്താലും ഏകദേശം നൂറു രൂപയോളം മിച്ചം . ഞാന്‍ ഒരു  കൊച്ചുമുതലാളി ഗമയില്‍ അനുപമയുടെ  ബാല്ക്കണിയിലിരുന്നു  സിനിമ കണ്ടു ,അതിനു ശേഷം ഇറങ്ങി നേരെ ഷിബുചായന്റെ ഹോട്ടെലിനെ ലക്ഷ്യമാക്കി വച്ച് പിടിച്ചു ,അവിടെ ചെന്ന്  പറ്റു തീര്‍ത്തു ,ഒരു പ്ലേറ്റ് പൊറോട്ടയും  ബീഫ്‌ഫ്രൈയും കഴിച്ചിട്ടും  60 രൂപയോളം മിച്ചം ...ഞാന്‍ അതും പോക്കെറ്റില്‍ സൂക്ഷിച്ചു  സന്തോഷത്തോടെ നടന്നുകൊണ്ട് ചിന്തിച്ചു എന്നാലും എന്‍റെയൊരു "ഫുദ്ധിയെ" അരഞ്ഞാണം  വിറ്റത് ആര് അറിയാനാ ... എന്തായാലും  ഇനി അടുത്ത പറ്റു തീര്‍ക്കാന്‍ പെരുന്നാളിന്റെ പൈസ തന്നെ മതി ,അല്ലാതെ വേറെ അരഞ്ഞാണം എവിടുന്നു കിട്ടാന്‍ ......

 ജോഷി കുര്യന്‍ പോള്‍