Thursday, December 26, 2013

ഒരു മഴക്കാല പ്രണയം




വൈകുന്നേരം അവന്‍ സ്കൂള്‍ വിട്ടു ഇറങ്ങിയപ്പോളെ മഴ ഒരു വിധം ശക്തിയാര്‍ജ്ജിച്ചിരുന്നു, കുടയുണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടാത്ത വിധം ശക്തമായ കാറ്റോടുകൂടിയ മഴ, അത് കാര്യമാക്കാതെ ബുക്കുകള്‍,  എന്നോ ജൗളി വാങ്ങിയപ്പോള്‍ കിട്ടിയ പ്ലാസ്ടിക് കൂടിനുള്ളിലേക്ക് അടുക്കി വച്ച് അതിനെ കക്ഷത്തിലേക്കും തിരുകി കുടയുമായി ക്ലാസ് റൂമില്‍ നിന്നും വെളിയിലേക്കിറങ്ങി ,വരാന്തയില്‍ നിന്നുകൊണ്ട് കുട നിവര്‍ത്തി എന്നാല്‍ മഴയിലെക്കിറങ്ങാന്‍ ഒന്ന് അമാന്തിച്ചു അല്‍പ നേരം നിന്നു , അങ്ങനെ നിന്നുകൊണ്ട് മഴയുടെ സംഗീതം കേള്‍ക്കുവാന്‍ ഒരു സുഖം തോന്നി ,ദൂരെ മൈതാനത്തു മഴ കാറ്റിനനുസരിച്ചു ചാഞ്ഞും ചരിഞ്ഞും ഒക്കെ വീഴുന്നത് കാണുവാന്‍ നല്ല ഭംഗി , ജൂണിയര്‍ ക്ലാസിലെ വിരുതന്മാര്‍ കുടയോക്കെ മടക്കി പിടിച്ചു മഴയെ പൂര്‍ണ്ണ മനസ്സോടെ വരവേറ്റുകൊണ്ട് നനഞ്ഞു കുളിച്ചും തളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാലുകളാല്‍ പടക്കം അടിച്ചും നീങ്ങുന്ന കാഴ്ച അവനെയും മഴയിലെക്കിറങ്ങുവാന്‍  പ്രേരിപ്പിച്ചു,കുടയും നിവര്‍ത്തി വരാന്തയില്‍ നിന്നും പതിയെ പടികള്‍ ഇറങ്ങി അവനും  കൂട്ടമായ്‌ നടന്നു  നീങ്ങുന്ന വിദ്യാര്‍ഥികളില്‍ ഒരുവനായി.ശക്തമായ കാറ്റില്‍ ദേഹത്തേക്ക് തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളെ കുടയുപയോഗിച്ചു പ്രതിരോധിക്കാന്‍ ശ്രമിച്ച ശ്രമങ്ങള്‍ ഒക്കെ തന്നെ പാഴായി ,സ്കൂള്‍ കവാടം  കടന്നപ്പോള്‍ തന്നെ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഒക്കെ മഴയില്‍ നനഞ്ഞു കുതിര്‍ന്നു ,ആകെ നനഞ്ഞാല്‍ കുളിരില്ല എന്നാല്‍ പാതി നനഞ്ഞാല്‍ നല്ല കുളിരാണ് ,നനഞ്ഞ പാന്‍റസും വീശിയടിക്കുന്ന കാറ്റും കുളിരിന്റെ തോത് കൂട്ടി പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു നടന്നു നീങ്ങി ,കുടയുടെ സ്റ്റീല്‍ കമ്പി മുഖത്തു മുട്ടുമ്പോള്‍ കുളിര് കോരുന്നു ശരീരത്തിലാകമാനം ഉള്ള കുഞ്ഞു രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നു ,

സ്കൂള്‍ കവാടം കഴിഞ്ഞു വഴിയിലിറങ്ങിയപ്പോള്‍  മുതല്‍ ഒന്നിച്ചു നീങ്ങിയിരുന്ന കുട്ടികള്‍ പല ഗ്രൂപുകളായി തിരിഞ്ഞിരിക്കുന്നു , ചിലര്‍ ഒറ്റക്കും ചിലര്‍ പെട്ടക്കും ഒക്കെയായി പല വഴികളിലായി നീങ്ങി, എന്തോ കാരണത്താല്‍ അവന്‍ അന്ന് ഒറ്റക്കായി.സാധാരണ കൂടെയുണ്ടാവാറുള്ള സുഹൃത്ത് സംഘം അന്നില്ലായിരുന്നു. മഴയില്‍ ബസ് സ്ടോപിനെ ലക്ഷ്യമാക്കി നടന്നു നീങ്ങവേ പെട്ടെന്ന് അവന്‍റെ ശ്രദ്ധ മുന്‍പേ നടന്നു നീങ്ങുന്ന ഒരു ഇളംപച്ച പാവാടകാരിയിലായി ,അവള്‍ പാവാടയുടെ തുമ്പ് അല്പം ഉയര്‍ത്തി പിടിച്ചു ഒരു സര്‍ക്കസുകാരിയുടെ മെയ് വഴക്കത്തോടെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി ചാടി ചാടി നീങ്ങുകയാണ് , അല്പം ഉയര്‍ത്തി പിടിച്ചിരിക്കുന്ന പാവാടതുംബിനടിയില്‍  അവളുടെ വെളുത്തു സുന്ദരങ്ങളായ കണങ്കാലുകള്‍ അവനു കാണാം , അതിനോട് പറ്റിചേര്‍ന്ന് ഒരു വെള്ളി പാദസ്വരവും .അത് ആ കാലുകള്‍ക്ക് ഭംഗി കൂട്ടുന്നുണ്ട് എന്നവനു തോന്നി ,തോന്നല്‍ അല്ല  സത്യമാണ് അത്.  

കുറച്ചു നേരം അവളുടെ സര്‍ക്കസ് ശ്രദ്ധിച്ചു നടന്ന അവനു അവള്‍ ആരാണ് എന്നറിയാനുള്ള ഒരു ആകാംഷ തോന്നി ,ആ മുഖം ഒന്ന് കാണണമല്ലോ .അവന്‍ തന്‍റെ നടപ്പിന്‍റെ വേഗത കൂട്ടി, അവന്‍ തൊട്ടടുത്തെത്തിയതും അവള്‍ ഒരു വെള്ളക്കെട്ടിനെ മറികടക്കാനായി ചാടിയതും ഒരുമിച്ചായിരുന്നു ,പക്ഷെ അവിടെ അവളുടെ സര്‍ക്കസ് പിഴച്ചു, ചാടിയപ്പോള്‍ ബാലന്‍സ് തെറ്റിയ അവള്‍ വെള്ളക്കെട്ടില്‍ കാല്‍മുട്ട് കുത്തി വീണു വെള്ളക്കെട്ടിലെ ചെളിവെള്ളം നാലുപാടും ചിതറി,തൊട്ടടുത്തെത്തിയ അവന്‍റെ മുഖവും ദേഹവുമെല്ലാം ചെളിവെള്ളത്തില്‍ കുതിര്‍ന്നു ,അവന്‍ പതിയെ കൈകൊണ്ടു മുഖത്തെ ചെളിവെള്ളം വടിച്ചു മാറ്റിയതിനു ശേഷം വീണു കിടക്കുന്നിടത്ത് നിന്നും ബദ്ധപ്പെട്ടെഴുന്നെല്‍ക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി , വീണതിന്റെ ഒരു ജാള്യതയും ചെളിവെള്ളം അവന്റെ മേല്‍ പതിച്ചത് കണ്ടുണ്ടായ ഒരു ചമ്മലും എല്ലാം ചേര്‍ന്ന ഭാവത്തില്‍ നമ്രമുഖിയായ് നിന്നുകൊണ്ടവള്‍ മൊഴിഞ്ഞു, “സോറി”. അവളുടെ മുഖത്തെ ഭാവം ഏതോ കുറ്റം ചെയ്തു പിടിക്കപ്പെട്ട ഒരു കുറ്റവാളിയുടെത് പോലെ ആയിരുന്നു. അവളുടെ മുഖത്തേക്ക് തന്നെ നോക്കി ചെളിവെള്ളത്തില്‍ കുളിച്ചു നില്‍ക്കുകയായിരുന്ന അവനെ, ഒരിക്കല്‍ കൂടി ക്ഷമിക്കണേ എന്ന ഭാവത്തില്‍ നോക്കിയിട്ടവള്‍ പതിയെ നടന്നു ,അവനും ഏതോ മായാജാല വിദ്യയാല്‍ മയക്കപ്പെട്ടവനെപ്പോലെ അവളുടെ പിന്നാലെ ,ഇപ്പോള്‍ പാദസരങ്ങളാല്‍ അലങ്കരിച്ചിരുന്ന സുന്ദരമായ ആ പാദങ്ങളില്‍ വീഴ്ചയില്‍ പറ്റിപ്പിടിച്ച ചെളി മൂലം സൌന്ദര്യം കുറഞ്ഞതായി അവനു തോന്നി,അതവനെ വിഷമിപ്പിച്ചു കൊണ്ടിരുന്നു,അവളും ഇടയ്ക്കിടെ തിരിഞ്ഞു അവനെ നോക്കുന്നുണ്ട് ഇപ്പോള്‍, അവളുടെ കണ്ണുകളില്‍ ക്ഷമ ചോദിക്കുന്ന ഭാവമായിരുന്നു പക്ഷെ അവളുടെ ആ ഭാവം അവന്റെ നെഞ്ചിലൊരു പെരുമ്പറ കൊട്ടുന്നപോലെയുള്ള അനുഭവം ഉണ്ടാക്കി അവള്‍ തന്നെ ശ്രെദ്ധിക്കുന്നു എന്ന തോന്നലില്‍ അവന്‍ ഏതൊക്കെയോ സ്വപ്നങ്ങളില്‍ കൂടി ഒഴുകി നടന്നു,

ബസ് സ്റ്റാന്റില്‍ എത്തി വഴി പിരിഞ്ഞ അവര്‍ പിന്നീട് മിക്ക ദിവസങ്ങളിലും വഴിയില്‍ കണ്ടു മുട്ടുകയുണ്ടായി അവന്റെ കൂടെയും അവളുടെ കൂടെയും സുഹൃത്തുക്കളുടെ ഒരു പട എപ്പോഴും ഉണ്ടായിരുന്നു എങ്കിലും ആ മിഴികള്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചിരുന്നു ആ ചുണ്ടുകള്‍ ഒരു പുഞ്ചിരി പരസ്പരം കൈമാറിയിരുന്നു.അവളെ കണ്ടുമുട്ടുംബോളോക്കെയും  അവന്റെ ഹൃദയം തുടികൊണ്ടിരുന്നു വീണ്ടും വീണ്ടും കാണുവാനും ഒരിക്കലെങ്കിലും ഒന്ന്  മിണ്ടുവാനും അവന്‍ കൊതിച്ചിരുന്നു എങ്കിലും ഒറ്റയ്ക്ക് അവളെ കാണുമ്പോള്‍ ഒക്കെയും അവനില്‍ ഒരു പാരവശ്യം നിറഞ്ഞിരുന്നു എന്തോ ഒന്ന് നെഞ്ചില്‍ തങ്ങി നില്‍ക്കുന്ന ഒരു വീര്‍പ്പു മുട്ടല്‍ അവനുണ്ടായിക്കൊണ്ടിരുന്നു ,

പലപ്പോഴും എന്നോടൊന്നും പറയുവാനില്ലേ എന്നാണു അവളുടെ കാതരമായ മിഴികള്‍ ചോദിക്കുന്നത് എന്നവനു തോന്നിയിരുന്നു പക്ഷെ ഒരിക്കല്‍ പോലും അവന്‍ അവളോട്‌ ഒരു വാക്കും മിണ്ടിയില്ല ,

വര്‍ഷങ്ങള്‍ കഴിഞ്ഞു,മഴക്കാലങ്ങള്‍ പിന്നെയും വന്നും പോയുമിരുന്നു ഇപ്പോളും അവളെ ഓര്‍ക്കുമ്പോള്‍ അവന്‍ ആ പഴയ സ്കൂള്‍ കുട്ടി ആയി മാറുന്നു ഹൃദയം പെരുമ്പറ കൊട്ടുന്നു, അവളുടെ ആ കാതരമായ മിഴികള്‍ എന്താണ് തന്നില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത് എന്നവന്‍ അപ്പോളൊക്കെ ഒരു വീര്‍പ്പു മുട്ടലോടെ ചിന്തിക്കും, അവസാനം ആ ഓര്‍മ്മകള്‍ ഒരു പുഞ്ചിരിയായ്‌ അവന്റെ ചുണ്ടില്‍ വിരിയും............

അവള്‍ എപ്പോഴെങ്കിലും, ഏതെങ്കിലും മഴക്കാലത്ത് അവനെ കുറിച്ചു ഓര്‍ത്തിരിക്കുമോ ആവോ !!!!

(ജോഷി കുര്യന്‍ പോള്‍)

Tuesday, December 24, 2013

എന്റെ ക്രിസ്തുമസിന്റെ നിറങ്ങള്‍


ഡിസംബര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖമുള്ള കുളിര്‍ നമ്മെ തഴുകുന്നതായി എനിക്ക് തോന്നാറുണ്ട് കലെണ്ടറില്‍ നോക്കുംബോളും  മറ്റെല്ലാ മാസങ്ങളെക്കാളിലും ഒരു രാജകീയത ഡിസംബര്‍ മാസത്തിനുണ്ട് എന്ന് ഞാന്‍ ചിന്തിച്ചിരുന്നു ,

ഡിസംബര്‍ പിറക്കുമ്പോള്‍ കുഞ്ഞുന്നാളില്‍ മനസ്സിലേക്ക് ഓടിയെത്തിയിരുന്നത് ക്രിസ്തുമസും ,ക്രിസ്തുമസ് ട്രീയും ഒക്കെയായിരുന്നു, ക്രിസ്തുമസ് പരീക്ഷ എന്നറിയപ്പെട്ടിരുന്ന മിഡ്ടേം പരീക്ഷ എന്ന ഒരു കടമ്പ ഡിസംബര്‍ മാസത്തില്‍ ഉണ്ടായിരുന്നു എങ്കിലും ,അതിലുപരിയായി സന്തോഷം തരുന്ന കാര്യങ്ങളായി കരോളും, സാന്താക്ലോസും,പടക്കങ്ങളും ,കേക്കുകളും ഒക്കെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.

ഡിസംബര്‍ പിറക്കുമ്പോള്‍ തന്നെ അമ്മയോട് സ്റ്റാര്‍ വാങ്ങുന്നതിനെ കുറിച്ചു പറഞ്ഞു തുടങ്ങും, ഉള്ള വരുമാനത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ഒറ്റയ്ക്ക് പാടുപെടുന്ന അമ്മക്ക് സ്റ്റാര്‍ ഒക്കെ അധിക ചിലവുകള്‍ ആയിട്ടായിരുന്നു തോന്നിയിരുന്നത് , എങ്കിലും ക്രിസ്തുമസ് അടുത്തു വരുമ്പോള്‍ അമ്മ സ്റ്റാര്‍ വാങ്ങി തന്നിരുന്നു, ആദ്യമായി ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ തൂക്കിയത്‌ സ്റ്റാര്‍ അല്ലായിരുന്നു ഒരു മത്തങ്ങ പോലത്തെ ഷേപുള്ള ഒന്നായിരുന്നു അത് മഞ്ഞു കൊണ്ട് നനഞ്ഞു പോവാതെ വരാന്തയില്‍ ഇലെക്ട്രീഷന്‍ മണിയെ കൊണ്ട് തൂക്കിയിടുവിച്ചു, അത് ആദ്യമായി പ്രകാശിച്ചു കണ്ടപ്പോള്‍ ഞാനും ചേട്ടനും സന്തോഷത്താല്‍ തുള്ളിച്ചാടിയത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട് ,

വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായി, അമ്മയും എന്നോടൊപ്പം ഇവിടെ,ഡിസംബര്‍ മാസം കടന്നു വരുമ്പോള്‍ അമ്മ കുട്ടികളുമായി ചേര്‍ന്ന് ക്രിസ്തുമസ് ട്രീ അലങ്കരിച്ചിരുന്നു ,കേക്കുകള്‍ ഉണ്ടാക്കിച്ചുകൊണ്ട് വരുമ്പോള്‍ അത് പള്ളിക്കുള്ളത്,കുഷ്ടരോഗ ആശുപത്രിക്കുള്ളത്, അങ്ങനെ ഓരോന്നായി തരം തിരിച്ചിരുന്നത് അമ്മയായിരുന്നു .  

ഈ തവണ പതിവുകള്‍ ഒക്കെ തെറ്റി ,ഡിസംബര്‍ എന്ന മാസം പിറന്നപ്പോള്‍ എനിക്ക് പഴയ ഉത്സാഹം തോന്നിയില്ല ,കുട്ടികളും മൂകര്‍ ആയിരുന്നു അവര്‍ക്കറിയാം ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇല്ല ,കേക്ക് ഉണ്ടാക്കില്ല സ്റ്റാര്‍ തൂക്കുന്നില്ല ട്രീ അലങ്കരിക്കുന്നില്ല, ഇവക്കൊക്കെ മുന്നില്‍ നിന്നിരുന്ന അമ്മ ഇന്ന് ഞങ്ങളോടൊപ്പം ഇല്ല, എന്‍റെ മുഖ പുസ്തക സുഹൃത്ത് Shamz kizhadayil എഴുതിയ കവിത പോലെ ,

മരിച്ചു പോവുമ്പോൾ
ഒന്നും കൊണ്ട് പോവില്ല്യാന്നു
ആരാണ് പറഞ്ഞത് ...?

അമ്മേടെ മുഖത്തെ പുഞ്ചിരി
നെറയെ പൂക്കളുള്ള സാരി
കഴുത്തിലെ താലി
അടുപ്പിൻ കലത്തിലെ ചോറ്

അമ്മു കുട്ടീടെ ,
കണിക്കൊന്ന
വിഷു കൈനീട്ടം
തിരുവാതിര
ഊഞ്ഞാൽ
അത്തപ്പൂക്കളം
ഓണക്കോടി
പിറന്നാൾ
കാവിലെ ഉത്സവം
പ്ലാവിലപ്പാത്രങ്ങൾ
കണ്ണ് ചിമ്മി തുറക്കുന്ന കളിപ്പാവ
പിന്നെ,
ചൂടുള്ള നെഞ്ചിന്റെ തൊട്ടിൽ
എല്ലാം കൊണ്ടാണ് അച്ഛൻ
കവിളിൽ ഇരു നീർച്ചാലുകൾ
വരച്ചുവെച്ച് കടന്നുപോയത്..

ഷംസിന്റെ കവിതയില്‍ അച്ഛനാണു കവിളില്‍ നീര്‍ച്ചാലുകള്‍ വരച്ചുകടന്നു പോയതെങ്കില്‍  എന്‍റെ കവിളിൽ നീർച്ചാലുകൾ വരച്ചുവെച്ച് കടന്നുപോയത് അമ്മയാണ്. വിഷുക്കൈ നീട്ടത്തിനും കാവിലെ ഉത്സവത്തിനുമൊക്കെ പകരം ക്രിസ്തുമസും ഈസ്റ്ററും ഓണവുമൊക്കെ നിറമില്ലാത്തവയായി.

എങ്കിലും അമ്മ കാട്ടി തന്ന ചില വഴികളുണ്ട് ഈ ആഘോഷവേളകളില്‍ ചെയ്യേണ്ടത്,സമൂഹത്തിലെ ബലഹീനര്‍ക്കൊപ്പം കഴിവതും ആഘോഷങ്ങള്‍ പങ്കിടണം എന്ന് എന്നും അമ്മ ഓര്‍മ്മിപ്പിച്ചിരുന്നു,കഴിഞ്ഞ ദിവസം അങ്ങനെയുള്ള ഒരു പറ്റം ആളുകള്‍ക്കിടയില്‍ കടന്നു ചെല്ലാനും,അവര്‍ക്ക് ക്രിസ്തുമസ് പാട്ടുകള്‍ പാടികൊടുത്ത് അവരോടൊപ്പം സന്തോഷം പങ്കിട്ടു കേക്ക് മുറിച്ചു വിതരണം നടത്തുവാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു, കൂടെയില്ലെങ്കിലും ദൂരത്തിരുന്നു അമ്മയുടെ ആത്മാവ് സന്തോഷിക്കുന്നു എന്ന് ഞങ്ങള്‍ അറിയുന്നു.

അമ്മയില്ലാത്ത എന്റെ ആദ്യ ക്രിസ്തുമസ് അതിനു പഴയ ക്രിസ്തുമസുകളുടെ അത്ര നിറം പോര, ഇനിയുള്ള ക്രിസ്തുമസുകള്‍ക്കും ആഘോഷങ്ങള്‍ക്കും എത്രയൊക്കെ നിറം ചാര്‍ത്താന്‍ സ്രെമിച്ചാലും അമ്മ കൂടെ കൊണ്ടുപോയ ചില നിറങ്ങള്‍ എന്നും ഒരു കുറവായി നില്‍ക്കും,എങ്കിലും കാലചക്രം മുന്നോട്ടുരുളും പല ഓര്‍മ്മകളും കാലയവനികക്ക് പിന്നില്‍ മറയും എന്നെനിക്കറിയാം എങ്കിലും അമ്മ ചാര്‍ത്തി തന്ന നിറങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ എന്നും തെളിഞ്ഞു നില്‍ക്കട്ടെ എന്ന് ആശിക്കുന്നു,പ്രാര്‍ത്ഥിക്കുന്നു.

“എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്‍റെയും ഐശ്വര്യത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍ നേരുന്നു”

നിങ്ങളുടെ ക്രിസ്തുമസ് എന്നും വര്‍ണ്ണങ്ങള്‍ നിറഞ്ഞവയാവട്ടെ .


( ജോഷി കുര്യന്‍ പോള്‍ ) 

Monday, December 23, 2013

“എന്‍റെ അമ്മ സ്നേഹത്തിന്റെ നിറകുടം”


രാവിലെ മുഖപുസ്തകം തുറക്കുമ്പോള്‍ അവന്‍റെ മനസ്സില്‍ ഇന്നലെയിട്ട പോസ്റ്റിനു എത്ര കംമെന്റും ലൈകും കിട്ടി എന്ന ചിന്ത ആയിരുന്നു ,തുറന്നു നോക്കിയപ്പോള്‍ അല്പം നിരാശ തോന്നി വെറും 55ലൈകും 15കമെന്റുകളും മാത്രം ,ഈയിടെ ആയി പോസ്ടുകള്‍ക്കൊന്നും വേണ്ടത്ര സ്രെദ്ധ ലഭിക്കുന്നില്ല

എന്താണാവോ ആളുകള്‍ ഇങ്ങനെ തുടങ്ങുന്നത് എത്ര കഷ്ട്ടപ്പെട്ടാണ് ഓരോ സൃഷ്ട്ടിയും താന്‍ നടത്തുന്നത് എത്രയോ നേരം മുഖപുസ്തകത്തില്‍ ചിലവിട്ടും എത്രയോ ഗ്രൂപുകളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുമൊക്കെയാണ് ഒരു സൃഷ്ടി നടത്തുവാനുള്ള ബീജം ഉരുത്തിരിയുന്നത് അങ്ങനെ സൃഷ്ട്ടിച്ച തന്‍റെ സൃഷ്ട്ടിയോട് ആളുകള്‍ ഇങ്ങനെ മുഖം തിരിച്ചു നില്‍ക്കുവാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും .

അവന്‍ ചിന്താകുലനായി എന്താണ് തന്റെ സൃഷ്ട്ടികള്‍ക്ക് കുഴപ്പം ,കൂടുതല്‍ ചിന്തിച്ചപ്പോള്‍ അവന്റെ മനസ്സില്‍ അതിനുത്തരം കടന്നു വന്നു

അടുത്തിടെയായി തന്റെ പോസ്ടുകല്‍ക്കൊന്നും ജീവിത ഗന്ധമില്ല ഈയിടെ മുഖപുസ്തകത്തിലെ ട്രെന്‍ഡ് ജീവിത അനുഭവങ്ങളാണല്ലോ, പെട്ടെന്ന് അവന്റെ മുഖത്തേക്കൊരു പുഞ്ചിരി കടന്നു വന്നു, പുതിയൊരു കഥാതന്തു ലഭിച്ച സന്തോഷമാണതു, ഉടന്‍തന്നെ തന്റെ സ്റ്റാറ്റസില്‍ അവന്‍ തലക്കെട്ടെഴുതി ,

“എന്‍റെ അമ്മ സ്നേഹത്തിന്റെ നിറകുടം”

അവന്‍ തുടര്‍ന്നെഴുതി ,”ചോര്‍ന്നൊലിക്കുന്ന പഴയ ഒരു രണ്ടു മുറി വീടിനുള്ളില്‍ കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ ഹോം വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കുന്നതിനിടയില്‍ അടുക്കളയില്‍ നിന്നും ഉയരുന്ന ചില ആത്മഗതങ്ങള്‍ എന്‍റെ കാതില്‍ വീണിരുന്നു ,

‘’എന്‍റെ ഈശ്വരാ അങ്ങേരിതുവരെയും വന്നില്ലല്ലോ ,ഇന്നെങ്കിലും നാലുകാലില്‍ വരാതെ സാധനങ്ങളും വാങ്ങി വന്നാല്‍ മതിയായിരുന്നു,അരി തീര്‍ന്നു എന്ന് പറയുവാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി അയല്‍വക്കത്ത് നിന്നും എത്രയെന്നു കരുതിയാ കടം വാങ്ങുന്നത് ,ഇന്ന് ഒരുമണി അരിയില്ല,ഈ കുഞ്ഞിനു ഞാന്‍ എന്ത് കൊടുക്കും എന്‍റെ ദൈവം തംബുരാനെ”

അമ്മയുടെ അല്പം ഉച്ചത്തിലുള്ള ഈ ആത്മഗതം കേട്ടു വിശന്നു കരിയുന്ന വയറിനെ മറന്നു കൊണ്ട് ഞാന്‍ പഠനത്തില്‍ സ്രെദ്ധിച്ചിരുന്നു, ദിവസവും പണി ചെയ്തു കിട്ടുന്ന കാശിന്റെ ഏറിയ പങ്കും മദ്യപാനത്തിനായി ചിലവിട്ടിരുന്ന പിതാവിനെ ഓര്‍ത്ത്‌ എന്നും വേവലാതിപ്പെട്ടു ജീവിച്ചിരുന്ന എന്റെ അമ്മ ,ആ അമ്മയുടെ ആകെയുള്ള പ്രതീക്ഷ എന്നിലായിരുന്നു ,എന്റെ വയര്‍ നിറക്കുവാനും എന്റെ സ്കൂള്‍ ഫീസും ,യൂണിഫോമും പുസ്തകങ്ങളും വാങ്ങുവാനും അമ്മ ,അയല്‍വക്കത്തുള്ള ബന്ധു വീടുകളില്‍ അടുക്കളപ്പണികളില്‍ സഹായം ചെയ്തു പോന്നു

പണിക്കാരിഎന്ന സ്ഥാനപ്പേര്‍ ഇല്ലാത്ത ഒരു പണിക്കാരിയായിരുന്നു അമ്മ .

ഇന്ന് ഞാന്‍ അമ്മയുടെ വിയര്‍പ്പിനാല്‍ നേടിയെടുത്ത ഡിഗ്രീകളുടെ ബലത്തില്‍ വലിയ കമ്പനിയില്‍ വലിയ സ്ഥാനത്തിരിക്കുമ്പോള്‍ അമ്മയുടെ വിയര്‍പ്പിന്റെ വിലയാണത് എന്ന ബോധം എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു , മദ്യത്തിന്റെ അമിത ഉപയോഗത്താല്‍ അകാലത്തില്‍ ഞങ്ങളെ വിട്ടു പിരിഞ്ഞ അച്ഛന്‍റെ ഓര്‍മ്മകള്‍ ഒരു നിസ്സംഗത മാത്രമേ എന്നില്‍ സൃഷ്ട്ടിക്കുന്നുള്ളൂ ,എന്നാല്‍ എനിക്കായി ജീവിതം മാറ്റിവച്ചു ഓരോ സ്പന്ദനത്തിലും എന്റെ ഭാവിയെ കരുതി ജീവിച്ച എന്‍റെ അമ്മയാണ് ഇന്നും എന്റെ ശക്തി , ആ അമ്മയുടെ മകനായി പിറക്കാന്‍ സാദിച്ചത് എന്‍റെ ഭാഗ്യം

...എന്‍റെ അമ്മെ സ്നേഹത്തിന്റെ നിറകുടമേ .....

എഴുത്ത് പൂര്‍ത്തിയാക്കി അവന്‍ പോസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചു ,

“കൊള്ളാം ഇതിനു ലൈകുകളുടെ പ്രവാഹം ആയിരിക്കും ശെരിക്കും ജീവിതഗന്ധി തന്നെ “

ഒരു പുഞ്ചിരിയോട്‌ കൂടി മുഖപുസ്തകത്തില്‍ പോസ്റ്റ്‌ ചെയ്തവന്‍ കാത്തിരുന്നു ,

നിമിഷങ്ങള്‍ കടന്നു ,ആരും സ്രെദ്ധിക്കുന്നില്ല ,ഒരു ലൈക് പോലും വരുന്നില്ല അവന്‍ ആകെ അസ്വസ്ഥനായി

,അതിനിടയില്‍ അടുത്ത മുറിയില്‍ നിന്നും അമ്മയുടെ വിളി കേട്ടു ,അവന്‍ അത് സ്രെദ്ധിക്കാതെ വീണ്ടും മോണിറ്ററിലേക്ക് കണ്ണ് നട്ടിരിക്കുകയാണ് ,

കൃത്യം ഏഴു മിനിറ്റ് കഴിഞ്ഞപ്പോള്‍ ചുട്ടു പഴുത്തു കിടക്കുന്ന മരുഭൂമിയിലേക്ക് മഴ വീണത്‌ പോലെ ഒരു ലൈക് അവന്റെ പോസ്റ്റില്‍ വന്നു വീണു

കാത്തിരുന്ന മഴ ലഭിച്ച ഒരു വേഴാമ്പലിനെ പോലെ അവന്‍റെ ഹൃദയം തുടിച്ചു ,

തൊട്ടു പിറകെ കമ്മെന്റ് എത്തി

“നമിക്കുന്നു ആ അമ്മയെ ,സ്നേഹിതാ നീ ഭാഗ്യവാന്‍ ആണ് ഇതുപോലൊരു അമ്മയെ നിനക്ക് ലഭിച്ചല്ലോ”

ഉടന്‍ അവന്‍ മറുപടി എഴുതി “ താങ്ക്സ് ,അതെ എന്റെ കൂട്ടുകാരാ എന്റെ അമ്മ ദൈവത്തിന്റെ പ്രതിരൂപമാണ് “

അപ്പോളും ഉള്മുറിയില്‍ നിന്നും മോനെ... മോനെ എന്ന നേര്‍ത്ത വിളികള്‍ അവന്റെ കാതുകളില്‍ വന്നടിച്ചു
കൊണ്ടിരുന്നു ...അവന്‍ അല്പം ഈര്‍ഷപ്പെട്ടു ആ ഭാഗത്തേക്ക് ഒന്ന് നോക്കി വീണ്ടും മോണിട്ടരിലേക്ക് സ്രെദ്ധ തിരിച്ചു ,

കൂടുതല്‍ കൂടുതല്‍ കമ്മെന്റുകള്‍ വന്നുകൊണ്ടിരുന്നു ,
ഓരോരുത്തര്‍ക്കും അവന്‍ തന്റെ അമ്മ തനിക്കു ദൈവമാണെന്നും അതുപോലെ തന്നെ എല്ലാവരും അമ്മമാരെ കാണണം എന്നും ഉപദേശങ്ങളും മറുപടിയായി നല്‍കിക്കൊണ്ടിരുന്നു ,

“അകത്തു നിന്നും അമ്മയുടെ ശബ്ദം നേര്‍ത്തു നേര്‍ത്തു വന്നുകൊണ്ടിരുന്നു.’’പതിയെ പതിയെ എപ്പോളോ അത് നിലച്ചു.

അവസാനം കമ്മെന്റുകളുടെ തിരക്കൊന്നു കഴിഞ്ഞപ്പോള്‍ വിശപ്പിന്റെ വിളി അവനെ സീറ്റില്‍ നിന്നും ഉയര്‍ത്തി , ഡൈനിംഗ് ടേബിളിനരികിലേക്ക് നടക്കെ അവന്‍ അമ്മയുടെ മുറിയിലേക്കൊന്നു എത്തി നോക്കി , എന്തോ പന്തികേട്‌ തോന്നിയ അവന്‍ മുറിക്കുള്ളിലേക്ക് കടന്നു ചെന്നു,

അമ്മയുടെ കൈകള്‍ കട്ടിലിനു വെളിയിലേക്ക് കിടന്നിരുന്നു. കൈകള്‍ നേരെ വെക്കുവാന്‍ അവന്‍ ആ കൈകളില്‍ പിടിച്ചു,തൊരു തണുപ്പവന്റെ കൈകളിലേക്ക് അരിച്ചു കയറി ഒരു ഞെട്ടലോടെ അവന്‍ ആ കൈകളില്‍ നിന്നും വിട്ടു,

പതിയെ പതിയെ അവന്‍ ആ മുറിയില്‍ നിന്നും വെളിയിലേക്കിറങ്ങി ,

വീണ്ടും മുഖപുസ്തകത്തില്‍ അവന്‍ എഴുതി

“ എന്‍റെ അമ്മ എന്‍റെ വഴികാട്ടി ഇപ്പോള്‍ എന്നെ വിട്ടു കടന്നുപോയി”

ഫോണില്‍ ബന്ധുക്കളെയും സ്നേഹിതരെയും വിവരം അറിയിക്കുമ്പോളും അവന്റെ കണ്ണുകള്‍ മുഖപുസ്തകത്തിലെ തന്‍റെ പോസ്റ്റിലേക്ക് വരുന്ന ലൈകുകളുടെയും കംമെന്റുകളുടെയും എണ്ണം തിട്ടപ്പെടുത്തുന്നതില്‍ വ്യാപൃതമായിരുന്നു .... 


(ജോഷി കുര്യന്‍ പോള്‍ )

Tuesday, December 10, 2013

ജോനാഥാനും ഡ്രാക്കുളയും പിന്നെ മാത്യുവും




കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ജീവിതത്തിലെ പല കാര്യങ്ങളും മറവിയുടെ ഭാണഡക്കെട്ടിനുള്ളില്‍ ആയി പോകുന്നു,വെറുതെ ഇരിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ ഇന്ന് കുറവായിക്കൊണ്ടിരിക്കുന്നതിനാല്‍ ഓര്‍മ്മകളിലൂടെയുള്ള യാത്രയും കുറവാണ്, എങ്കിലും തിരക്കേറിയ പട്ടണത്തിലെ വഴികളിലൂടെ രാവിലെയും വൈകിട്ടുമുള്ള യാത്രാ സമയത്ത് പലപ്പോഴും പഴയ ചില ഓര്‍മ്മകളിലൂടെ കടന്നു പോകാറുണ്ട്,യാത്രാ വേളകളില്‍ കണ്ണില്‍ പെടുന്ന ചില മുഖങ്ങള്‍ എന്നോ പരിചിതര്‍ ആയിരുന്ന ചില ആളുകളുടെ  ഓര്‍മ്മകള്‍ എന്നില്‍ ഉണര്‍ത്താറുണ്ട്.

ഇന്നലെ പെട്ടെന്ന് വണ്ടിക്കു മുന്നിലൂടെ ഓടി റോഡ്‌ മുറിച്ചു കടക്കാന്‍ സ്രെമിച്ച ഒരു മുഖം കണ്ടപ്പോള്‍ പെട്ടെന്ന് എന്റെ ഉള്ളിലേക്ക് കടന്നുവന്നത് സ്കൂള്‍ കാലത്ത് എന്നെ പഠിപ്പിച്ച ജോണ്‍ സാറിന്‍റെ രൂപം ആയിരുന്നു, സൂക്ഷിച്ചു നോക്കിയാല്‍ അയാളില്‍ ജോണ്‍ സാറുമായി വലിയ സാദൃശ്യം ഒന്നുമില്ല ,പക്ഷെ പെട്ടെന്നുള്ള ഏതോ ഒരു കാഴചയില്‍ എനിക്കങ്ങനെ തോന്നി .

ജോണ്‍ സാര്‍, പട്ടണത്തിലെ സ്കൂളില്‍ ഏഴാംതരത്തിലാണ് അദ്ദേഹം എന്നെ പഠിപ്പിക്കുവാന്‍ തുടങ്ങിയത്.എന്റെ ക്ലാസ് ആയ B ഡിവിഷനിലെ ക്ലാസ്ടീച്ചര്‍ ആയിരുന്നു അദ്ദേഹം , ഞങ്ങളുടെ ക്ലാസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ തുടക്കത്തിലെ മുറി ഞങ്ങളുടെ ക്ലാസ്, അതിനു ശേഷം സ്കൂളിലെ ഉച്ചക്കഞ്ഞി മുറി ,പിന്നെ 7c .അങ്ങനെ മൂന്ന് മുറികള്‍ ഉള്ള കെട്ടിടത്തില്‍ ഞങ്ങള്‍ കടന്നു ചെന്നപ്പോള്‍ എന്റെ നാട്ടുകാരനും എന്റെ സുഹൃത്തുമായ മാത്യു ഏഴാം ക്ലാസ്സില്‍ ഒരു വര്ഷം കൊണ്ട് പഠിച്ചു തീര്‍ക്കാന്‍ പറ്റാത്ത ഭാഗങ്ങള്‍ കൂടി തീര്‍ത്തിട്ടെ മുന്നോട്ടുള്ളൂ എന്ന് പ്രഖ്യാപിച്ചു അവിടെ ഉണ്ടായിരുന്നു,

 അവന്‍ എന്നോട് ആദ്യമേ പറഞ്ഞു 

“നിന്നിലും പ്രായത്തില്‍ മുതിര്ന്നവനാണ് ഞാന്‍ ആ ഒരു ബഹുമാനം ഒക്കെ എനിക്ക് തന്നോണം അല്ലെങ്കില്‍ അത് നിനക്ക് ദോഷമായിരിക്കും”
ഞാന്‍ തല കുലുക്കി അത് സമ്മതിച്ചു ,

അതിനു ശേഷം അവന്‍ പറഞ്ഞു നീ ഈ ക്ലാസ്സില്‍ വന്നത് നന്നായി ,ഇത് അല്ലെങ്കില്‍ അപ്പുറത്തെ c ഡിവിഷന്‍ ഇത് രണ്ടുമാണ് ഏഴാം തരത്തിലെ ഏറ്റവും മികച്ച ക്ലാസുകള്‍ ,

“അതെന്താ മാത്യൂ  അങ്ങനെ” ? ഞാന്‍ എന്റെ സംശയം ചോദിച്ചു 

“അതങ്ങനാ ,നിനക്ക് രണ്ടു ദിവസം കഴിയുമ്പോള്‍ മനസ്സിലാവും” .

ബഹുമാനക്കൂടുതല്‍ കൊണ്ട് ,ഞാന്‍ അവനോടു കൂടുതല്‍ ഒന്നും ചോധിച്ചില്ല,രണ്ടു ദിവസം കാത്തിരുന്നാല്‍ കാര്യം അറിയാമല്ലോ....

ബെല്ലടിച്ചു, എല്ലാവരും അവരവര്‍ തിരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ മര്യാദരാമന്മാര്‍ ആയി ഇരുപ്പുറപ്പിച്ചു,  ആ നിശബ്ദതക്കു നടുവിലേക്ക് ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ ആയ ജോണ്‍ സാര്‍ കടന്നു വന്നു 

കണ്ടാല്‍ നല്ല സുമുഖന്‍ ,സുന്ദരമായ ചിരി, ചീവിയോതുക്കിയ തലമുടികള്‍, അതില്‍ ഒന്നുപോലും ഇല്ല അനുസരണം ഇല്ലാതെ എഴുന്നു നില്‍ക്കുന്നത് .വൃത്തിയായി ഇസ്തിരിയിട്ട് ചുളിവുകള്‍ നിവര്‍ത്തിയ ഷേര്‍ട്ടും പാന്‍റസും ഒറ്റ നോട്ടത്തിലെ എനിക്ക് സാറിനോടൊരു മതിപ്പ് തോന്നി ,എന്റെ ക്ലാസ് ടീച്ചര്‍ ആവാന്‍ പറ്റിയ ഗമയുണ്ട് സാറിനു, 

അപ്പോളേക്കും പുറകിലെ ബെഞ്ചില്‍ ഇരുന്ന മാത്യു എന്നെ തോണ്ടി, 

എന്താ ? ഞാന്‍ തിരിഞ്ഞു കൊണ്ട് ചോദിച്ചു .
  
‘”ഇതാണ് കട്ടിങ്ങ് കുട്ടപ്പന്‍’” ആദ്യം തന്നെ സാറിന്റെ ഇരട്ടപേര്‍ അവന്‍   പറഞ്ഞു തന്നു ,എന്നിട്ട് താനെന്തോ വലിയ ആള്‍ ആണെന്ന ഭാവത്തില്‍ ഇരുന്നു .പക്ഷെ അവന്‍ അത്രയ്ക്ക് അങ്ങ് ഞെളിഞ്ഞത് എനിക്ക് സുഖിച്ചില്ല ഞാന്‍ പറഞ്ഞു
 
“അതെനിക്കറിയാം നേരത്തെ തന്നെ” 

ഇപ്പോള്‍ അവന്റെ മുഖത്തേ ആ വലിയ ഭാവത്തില്‍ അല്പം വ്യത്യാസം വന്നു,അതെന്നെ അല്പം സന്തോഷിപ്പിച്ചു.

പോകെ പോകെ മാത്യു പറഞ്ഞ “നല്ല ക്ലാസിന്റെ” ഗുട്ടന്‍സ് എനിക്ക് പിടി കിട്ടി ,ഒരു 12മണി അടുക്കുമ്പോള്‍ ക്ലാസ്സിനുള്ളില്‍ നല്ല ഒരു സുഗന്ധം പരക്കും.ഉച്ചക്കഞ്ഞി മുറിയില്‍ പയര്‍ ഉലര്തുന്നതിന്റെ സുഗന്ധമാണത്,..പതിയെ പതിയെ അടുക്കള കാര്യം നോക്കുന്ന ഏലിയാമ്മ ചേച്ചിയെ കൈമണി അടിച്ചു ഉച്ചക്ക് അല്പം പയര്‍കറി ഞങ്ങളും വാങ്ങി പൊതിച്ചോറിനൊപ്പം കഴിക്കുമായിരുന്നു,വീട്ടില്‍ നിന്നും ഇടക്ക് കൊണ്ട് വരുന്ന ഇറച്ചിക്കറി ,മീന്‍ വറുത്തത് മുതലായവയിലും ഒക്കെ രുചികരമായിരുന്നു അന്ന് ആ പയറുകറി എന്ന് തോന്നിയിരുന്നു.
മാത്യുവിന്‍റെ  സീനിയര്‍ ചമച്ചില്‍ ദിവസം പ്രതി കൂടിക്കൊണ്ടിരുന്നു എന്നാല്‍ ഒരു ദിനം മാത്യുവിനൊരു  പറ്റു പറ്റി അതോടെ ആള്‍ ശെരിയായി

ഒരു വെള്ളിയാഴ്ച് ദിവസം അവസാന പീരിയഡ് ECA (Extra Caricular Activity) ആണ് ,സാധാരണ ECA യില്‍ ഞങ്ങള്‍ ഓരോരുത്തരും എന്തെങ്കിലും പാട്ട് പാടും, കഥ പറയും ,ചിലര്‍ പ്രസംഗിക്കും അങ്ങനെ എന്തെങ്കിലും ഒക്കെയായിരുന്നു ,അന്ന് പക്ഷെ ജോണ്‍ സാര്‍ കടന്നു വന്നത് നല്ല ഒരു മൂഡില്‍ ആരുന്നു , കടന്നു വന്നയുടനെ ഞങ്ങളോട് ചോദിച്ചു എല്ലാ ECA ക്കും നീയൊക്കെ അല്ലെ കഥ പറയുന്നതും പാട്ട് പാടുന്നതും
ഇന്ന് ഞാന്‍ ഒരു കഥ പറയട്ടെ ?

ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു സാറ് പറ

ശെരി എല്ലാവരും സ്രെദ്ധിച്ചിരിക്കണം ... 

ഓക്കേ 

ഒരു നിമിഷം എല്ലാവരെയും ഒന്ന് വീക്ഷിച്ച ശേഷം സാര്‍ പറഞ്ഞു തുടങ്ങി .

“ലണ്ടന്‍ നഗരത്തില്‍ അഭിഭാഷകനായി ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്‍ ജോനാഥാന്‍ എന്നാണു പേര്‍ ,തന്റെ ജോലിയുടെ ഭാഗമായി പട്ടണത്തില്‍ നിന്നും വളരെ ദൂരെയുള്ള ഒരു സ്ഥലത്തെ ഒരു പ്രഭുവിനെ കാണുവാനായി പുറപ്പെടുന്നു ,തീവണ്ടിയില്‍ ആണ് യാത്ര

,തീവണ്ടി എന്ന് കേട്ടപ്പോളെ മാത്യു പുറകില്‍ ഇരുന്നു തീവണ്ടിയുടെ ശബ്ദം ഉണ്ടാക്കുവാന്‍ തുടങ്ങി അത് സാറിനു ഇഷ്ടപ്പെട്ടു ,അത്രയ്ക്ക് യോജിക്കും വിധമാണ് മാത്യു ആ ശബ്ദം അനുകരിച്ചത്,  
         
സാര്‍ അവനെ മുന്നിലേക്ക്‌ വിളിച്ചു എന്നിട്ട് പറഞ്ഞു “ഇനി കഥയില്‍ കടന്നു വരുന്ന ഓരോ വണ്ടികളുടെയും മൃഗങ്ങളുടെയും ഒക്കെ ശബ്ദം നീ ഇവിടെ നിന്ന് കേള്പ്പിച്ചോണം”

 മാത്യു ഒരു അവാര്‍ഡ് കിട്ടിയ ഭാവത്തോടെ ഞങ്ങളെ നോക്കി, 

എനിക്ക് അവനോടു അല്പം അസൂയ തോന്നി. പതിയെ ഞാനും സീറ്റില്‍ ഇരുന്നുകൊണ്ട് തീവണ്ടിയുടെ ശബ്ദം ഉണ്ടാക്കി ,ഉടനെ സാറിന്റെ ഗര്‍ജ്ജനം വന്നു ഇനി ഒരുത്തനെങ്കിലും ശബ്ദം കേള്പിച്ചാല്‍ ക്ലാസ്സില്‍ നിന്നും ഇറക്കി വിടും ....
ഞാന്‍ ചമ്മിയ മുഖത്തോടെ ഇരുന്നു .

സാര്‍ വീണ്ടും കഥ തുടര്‍ന്നു... നിര്‍ദിഷ്ട സ്ഥലത്ത് ജോനാഥാന്‍ തീവണ്ടി ഇറങ്ങിയപ്പോള്‍ വൈകുന്നേരമായി , തീവണ്ടി ആപ്പീസിനു വെളിയില്‍ ഇറങ്ങിയ ജോനാഥാന്‍ ഒരു  കുതിരവണ്ടി പിടിച്ചു ഏതെങ്കിലും നല്ല ഹോട്ടലില്‍ കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടു ,കുതിരവണ്ടി മുന്നോട്ടു നീങ്ങി ,

ഒപ്പം മാത്യു  ടപ്പ്,ടപ്പ് ,ടപ്പ്‌ എന്ന ശബ്ദം ഉണ്ടാക്കി കുതിര വണ്ടി പോകുന്ന പ്രതീതി സൃഷ്ടിച്ചു ,

ഹോട്ടലില്‍ ചെന്നിറങ്ങിയ ജോനാഥാന്‍ ഒരു മുറി വാടകക്കെടുത്തു കുളിയും കാര്യങ്ങളുമൊക്കെ കഴിഞ്ഞു വസ്ത്രം മാറി യാത്രക്ക് തയ്യാറായി വീണ്ടും താഴെ എത്തി ,അപ്പോള്‍ മാനേജര്‍ സ്ഥാനത്തു ഇരുന്ന സ്ത്രീയോട് (അവര്‍ ആ ഹോട്ടലിന്റെ ഉടമയുടെ ഭാര്യ ആണ്), ഡ്രാക്കുള പ്രഭുവിന്റെ  കൊട്ടാരത്തിലേക്കുള്ള വഴിയും അങ്ങോട്ട്‌ പോകുന്നതെങ്ങനെ എന്നും ഒക്കെ ചോധിച്ചു മനസ്സിലാക്കി അപ്പോള്‍ തന്നെ പോകുവാന്‍ തയ്യാറെടുത്തു 
,ആ സ്ത്രീ ജോനാഥാനെ വിലക്കി ഇന്ന് വെള്ളിയാഴ്ച ദിവസം ഇന്ന് ആ വഴിക്ക് പോകുന്നത് അപകടമാണ് ,ആത്മാക്കള്‍ വിഹരിക്കുന്ന താഴ്വരയാണവിടെക്കുള്ള വഴിയില്‍ ,പോകരുത്
ജോനാഥാന്‍ പക്ഷെ ചെവിക്കൊണ്ടില്ല, രണ്ടു കുതിരയെ പൂട്ടിയ ഒരു കുതിരവണ്ടിയില്‍ ജോനാഥാന്‍ അവിടേക്ക് യാത്ര തുടങ്ങി 

മാത്യുവിന്റെ ടപ്പ് ടപ്പ് ടപ്പ് ഒപ്പം മുഴങ്ങിക്കൊണ്ടിരുന്നു
ഇപ്പോള്‍ ക്ലാസ് മുഴുവന്‍ ശ്രെദ്ധയോടെ ഇരിക്കുകയാണ് ,

ദുര്ഗ്ഗടമായ വഴികളിലൂടെ കുതിരവണ്ടി ചീറിപായുന്നു,ഇരുട്ട് പരന്നിരിക്കുന്നു അവിടവിടങ്ങളില്‍ നിന്നും ചീവീടിന്റെ ശബ്ദങ്ങളും ഒപ്പം ചെന്നായ്ക്കളുടെ മുരള്‍ച്ചയും കേള്‍ക്കുന്നു ,ജോനാഥാനെ അല്പം ഭയം ഗ്രസിക്കുവാന്‍ തുടങ്ങി (ഞങ്ങളും പേടിച്ചാണിപ്പോള്‍ ഇരിക്കുന്നത്) 

പെട്ടെന്ന് നാല് കുതിരയെ കെട്ടിയ ഒരു വണ്ടി മിന്നല്‍ പോലെ പാഞ്ഞു വന്നു ജോനാഥാന്‍ വന്ന വണ്ടിയുടെ മുന്നില്‍ നിര്‍ത്തി ,അതില്‍ നിന്നും ഡ്രാക്കുള പ്രഭു ഇറങ്ങി ജോനാഥാനെ സ്വീകരിച്ചു തന്റെ വണ്ടിയിലേക്ക് ക്ഷണിച്ചു, ഹസ്തദാനം നടത്തിയപ്പോള്‍ ഉരുക്ക് പോലുള്ള കൈകള്‍ ആണ് പ്രഭുവിന്റെതെന്നു ജോനാഥാന് തോന്നി ,പ്രഭു തന്നെ ജോനാഥാന്‍റെ പെട്ടിയും എടുത്തു തന്റെ വണ്ടിക്കുള്ളില്‍ വച്ചു യാത്രയായി 

വന്നതുപോലെ തന്നെ പ്രഭുവിന്റെ കുതിരവണ്ടി അതിവേഗം പാഞ്ഞു പോയി ,അത് ചെന്ന് നിന്നത് അവിടിവിടങ്ങളില്‍ ഇടിഞ്ഞു വീഴാന്‍ തുടങ്ങിയ ഒരു കൊട്ടാരത്തിനു മുന്നിലായിരുന്നു ,അവിടിറങ്ങി പ്രഭു ജോനാഥാനെ കൊട്ടാരത്തിലേക്ക് ആനയിച്ചു , 

പിറ്റേന്ന് പ്രഭാതത്തില്‍ ഉണര്‍ന്നു ജോനാഥാന്‍ ഷേവ് ചെയ്തുകൊണ്ടിരിക്കെ ഡ്രാക്കുള പ്രഭു പിന്നില്‍ വന്നു
എന്നാല്‍ പ്രഭുവിന്റെ രൂപം മുന്നിലെ കണ്ണാടിയില്‍ പതിഞ്ഞിരുന്നില്ല

പുറകില്‍ എന്തോ അനക്കം കണ്ടു തിരിഞ്ഞ ജോനാഥാന്‍ പ്രഭുവിനെ കണ്ടു ഞെട്ടി ബ്ലേഡിനാല്‍ മുഖം മുറിഞ്ഞു ,

രക്തം പടരുന്നത്‌ കണ്ട ഡ്രാക്കുള പ്രഭുവിന്റെ കണ്ണുകളില്‍ ഒരു ഭീകരഭാവം നിറഞ്ഞു ,പ്രഭുവിന്റെ കൈകള്‍ ജോനാഥാന് നേരെ നീണ്ടു ................
“ഠിം ഠിം  ഠിം” പെട്ടെന്ന് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മണി അടിച്ചു

സ്കൂള്‍ സമയം കഴിഞ്ഞു എന്നതിന്റെ അറിയിപ്പ് മണി മുഴക്കിയത് കേട്ടു സാറിനു അടുത്തു നിന്നിരുന്ന മാത്യുവിന്റെ ഞെട്ടല്‍ ഞങ്ങള്‍ എല്ലാവരും വ്യക്തമായി കണ്ടു ...

എല്ലാവരും ചിരിച്ചു പക്ഷെ മാത്യു  ഡ്രാക്കുളയുടെ കയ്യില്‍ അകപ്പെട്ട ജോനാഥാനെ പോലെ വിളറി വെളുത്തു നില്‍ക്കുന്ന ഭാവം  അത് ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല 
..അതിനു ശേഷം വന്ന രണ്ടു പ്രവര്‍ത്തി ദിനങ്ങളില്‍ മാത്യുവിന് പനിയായിട്ട് ക്ലാസ്സില്‍ വരാനും സാധിച്ചില്ല എന്നത് ഇന്നൊരു നറു ചിരിയോടെ ഞാന്‍ ഓര്‍ക്കുന്നു 

...............................വീണ്ടും അടുത്ത ECA പീരിയഡ് വരെ കാത്തിരിക്കേണ്ടി വന്നു ഞങ്ങള്‍ക്ക് ഡ്രാക്കുള കഥ മുഴുവന്‍ കേള്‍ക്കാന്‍ ..............  

ജോഷി കുര്യന്‍ പോള്‍ .