Saturday, March 21, 2020

മനസ്സിനെ എന്തുകൊണ്ട് നിറക്കണം

പണ്ട് രണ്ടാം ക്ലാസ്സില്‍ വച്ചു പഠിച്ച ഒരു പാഠം ആര്‍ക്കെങ്കിലും ഓര്‍മ്മയില്‍ നില്ക്കുന്നുണ്ടോ ? 

ഒരു ഗുരുവിനു രണ്ടു ശിഷ്യന്മാര്‍ ഉണ്ടായിരുന്നു അവരുടെ വിദ്യാകാലം ഒക്കെ തീരാറായ കാലത്തില്‍ ഒരു ദിവസം ഗുരു രണ്ടുപേരെയും വിളിച്ച് ഓരോ മുറികള്‍ അവരെ കാണിച്ചു എന്നിട്ട് രണ്ടുപേര്‍ക്കും ഓരോ വെള്ളി നാണയങ്ങളും നല്‍കി .ശേഷം ഗുരു പറഞ്ഞു നിങ്ങള്‍ ഈ വെള്ളി നാണയങ്ങള്‍ കൊണ്ട് നിങ്ങള്ക്ക് കിട്ടിയിരിക്കുന്ന മുറികളെ നിറയ്ക്കണം ഇന്ന് വൈകുന്നേരം വരെ നിങ്ങള്ക്ക് സമയം ഉണ്ട് .
ഒന്നാമന്‍ തനിക്കു കിട്ടിയ വെള്ളി നാണയവുമായി വെളിയിലേക്കിറങ്ങി എന്ത് സാധനമാണ് മുറി മുഴുവന്‍ നിറക്കുവാന്‍ ഈ ഒരു നാണയം കൊണ്ട് ലഭിക്കുന്നത് ? അവന്‍ തേടി നടന്നപ്പോള്‍ കണ്ടു ഗ്രാമത്തിലെ കച്ചട വാരി കളയുവാന്‍ ഒരാള്‍ പോകുന്നത് ,ആ ശിഷ്യന്‍ അയാളെ സമീപിച്ചു പറഞ്ഞു ഞാന്‍ നിനക്കൊരു വെള്ളി നാണയം തരാം നീ ഈ കച്ചട സാധനങ്ങള്‍ മുഴുവന്‍ ഞാന്‍ പറയുന്ന സ്ഥലത്ത് എത്തിച്ചാല്‍, അയാള്‍ സമ്മതിച്ചു .ശിഷ്യന്‍ തന്റെ മുറി ആ കച്ചടകളാല്‍  നിറച്ചു .

അടുത്ത ശിഷ്യന്‍ തന്‍റെ  ഇരുട്ട് നിറഞ്ഞു കിടന്ന തന്‍റെ മുറിയില്‍ പ്രവേശിച്ചു മുറിയുടെ ജാലകങ്ങള്‍ ഒക്കെ തുറന്നു ,മുറി വെളിച്ചം കൊണ്ട് നിറഞ്ഞു ,ശേഷം തനിക്കു കിട്ടിയ വെള്ളി നാണയം കൊണ്ട് ചില സുഗന്ധ ദ്രവ്യങ്ങള്‍ വാങ്ങി വന്നു മുറിയില്‍ അവ കത്തിച്ചു വച്ചു  മുറി സുഗന്ധം കൊണ്ട് നിറഞ്ഞു, പിന്നെ ആ ശിഷ്യന്‍ അവിടെ ഇരുന്നു ഈശ്വര കീര്‍ത്തനങ്ങള്‍ ആലപിക്കുവാന്‍ തുടങ്ങി മുറി സംഗീതത്താല്‍ നിറഞ്ഞു . ഗുരു വന്നു നോക്കി ആദ്യ ശിഷ്യന്റെ മുറിയുടെ മുന്നില്‍ നിന്നും മൂക്ക് പൊത്തി ഓടി ,അടുത്ത ശിഷ്യന്റെ മുറിയില്‍ കയറിയ ഗുരു ശിഷ്യനെ ചേര്‍ത്തണച്ചു .

ഈ രണ്ടു ശിഷ്യരുടെ പ്രവര്‍ത്തികള്‍ പോലെ നാം ഓരോരുത്തരുടെ ജീവിതത്തിലും രണ്ടു സാധ്യതകള്‍ ഉണ്ട് , ഒന്നുകില്‍ നമ്മുടെ ജീവിതത്തെ ഗാർബേജുകൾ കൊണ്ട് നിറക്കാം അല്ലെങ്കില്‍ വെളിച്ചവും സുഗന്ധവും ,പ്രാര്‍ഥനകളും ഒക്കെ കൊണ്ട് നിറക്കാം . 

ജീവിതത്തിലെ ഏതു കാര്യത്തെയും നെഗറ്റീവ് ആയി അപ്രോച് ചെയ്യുന്നവര്‍ തങ്ങളുടെ ജീവിതത്തെ ഗാർബേജുകൾ കൊണ്ട് നിറയ്ക്കുകയാണ് ചെയ്യുന്നത് ,അനാവശ്യമായ ഭയം ,വാക്കുകള്‍ക്കു ആവശ്യമില്ലാത്ത അര്‍ഥങ്ങള്‍ കൊടുക്കല്‍,എന്നിട്ട് ആ അര്‍ത്ഥങ്ങളില്‍ പെട്ട് ടെന്‍ഷന്‍ അടിച്ച് ജീവിക്കുക , ഇതെല്ലാം  ഈ ഗാര്‍ബേജ് നിറക്കല്‍ പരിപാടിയാണ് . 

എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും ഇതിന്റെയെല്ലാം അപ്പുറം മറ്റൊരു സാധ്യത കൂടി ഉണ്ട് എന്ന് തിരിച്ചറിഞ്ഞു പ്രാര്‍ത്ഥനാപൂര്‍വ്വം പ്രശ്നങ്ങളെ നേരിടുന്നവരാണ് സുഗന്ധം ചോരിയുന്നവര്‍.

ഇന്നില്‍ ജീവിക്കുക ഓരോ നിമിഷത്തിലും ജീവിക്കുക അടുത്ത നിമിഷം നമ്മുടെ കയ്യില്‍ അല്ല കഴിഞ്ഞ നിമിഷം മരിച്ചു കഴിഞ്ഞു .നമ്മുടെ കയ്യിലുള്ളത് ഈ നിമിഷം മാത്രം അതിനാല്‍ അതാതു നിമിഷങ്ങളില്‍ ജീവിക്കാം . ഭയം ,കോപം , പക ,പിണക്കം,ഞാനെന്ന ഭാവം, അങ്ങനെയെല്ലാമുള്ള ഗാർബേജുകൾ നമുക്ക് ഉപേക്ഷിക്കാം ...സുഗന്ധം പരത്തുന്നവര്‍ ആവാം.

Thursday, March 19, 2020

The power of language.

കാര്യങ്ങൾ നിലനിൽക്കുന്നത് രണ്ടു വിധത്തിൽ ആണ് എന്ന് നമുക്ക് പറയാം 1.Physically existing things
2.Things which exists in Language .

ഫിസിക്കലി ഉള്ളവ  ഉദാഹരണം . മേശ ,കസേര ,കല്ല് ,മരം , മനുഷ്യൻ . എന്നാൽ ഭാഷയിൽ ഉള്ളവ എന്തൊക്കെയാണ് സ്നേഹം , വെറുപ്പ് , ആത്മവിശ്വാസം , സൗന്ദര്യം ഇങ്ങനെ പലകാര്യങ്ങളും നിലനിൽക്കുന്നത് ഭാഷയിൽ ആണ് ഇവക്കൊക്കെ ഉദാഹരണങ്ങൾ വേണമെങ്കിൽ ചില ആശയങ്ങളിലൂടെ,ചില ആംഗ്യങ്ങളിലൂടെ ഒക്കെ  നമുക്ക് പ്രകടിപ്പിക്കാമെങ്കിലും സ്നേഹത്തെ നമുക്ക് സ്പർശിച്ചു കാണിക്കാനോ ,എടുത്തു മുന്നിൽ വച്ച് കാണിക്കാനോ സാധിക്കില്ല .


ഫിസിക്കലി നിലനിൽക്കുന്ന കാര്യങ്ങൾക്ക് സ്ഥാനമാറ്റം വേണമെങ്കിൽ അതിന്റെ മേൽ ഫിസിക്കലി ഊർജ്ജം പ്രയോഗിക്കണം .ഉദാഹരണത്തിന്  ഒരു മേശ കിടക്കുന്ന സ്ഥാനത്തു നിന്നും മാറ്റണമെങ്കിൽ അതിന്റെ മേൽ ശക്തി പ്രയോഗിച്ച പറ്റൂ .അതുപോലെ ഭാഷയിൽ നിലനിൽക്കുന്ന കാര്യങ്ങളെ മാറ്റണമെങ്കിൽ ഭാഷ തന്നെ പ്രയോഗിക്കണം  അല്ലാതെ ശക്തി പ്രയോഗിച്ചിട്ടു കാര്യമില്ല


എന്നാൽ പലപ്പോഴും നാം ഇതിനെ മനസ്സിലാക്കാതെ ഭാഷയിൽ നിലനിൽക്കുന്ന കാര്യങ്ങളെ ഫിസിക്കലി ശക്തി ഉപയോഗിച്ച് മാറ്റുവാൻ ശ്രമിക്കുകയാണ് .

സ്വയം കഴിവുകെട്ടവൻ എന്ന് ചിന്തിക്കുന്നവർ മറ്റുള്ളവരുടെ മുന്നിൽ അങ്ങനെ അല്ല എന്ന് കാണിക്കുവാൻ പല കാര്യങ്ങൾ ചെയ്തു കഴിവ് തെളിയിക്കുവാൻ ശ്രമിക്കുന്നു എന്നാൽ സ്വയം അവന്റെ ഉള്ളിൽ ഞാൻ കഴിവുകെട്ടവനാണ് എന്ന കാര്യം നിലനിൽക്കുംവരെക്കും അവന്റെ പ്രവർത്തികളിൽ അവ നിഴലിക്കും .

 ഉള്ളിൽ തനിക്കു സൗന്ദര്യമില്ല എന്നു കരുതുന്നവർ ഈ ലോകത്തിലെ ഏറ്റവും മികച്ച ബ്യുട്ടീഷൻ ഒരുക്കിയാലും തനിക്കു സന്ദര്യമുണ്ട് എന്നു സ്വയം വിശ്വസിക്കാത്ത കാലത്തോളം ഒരു പ്രയോജനവുമില്ല.എത്ര ഒരുക്കിയാലും തൃപ്തി വരികയുമില്ല.

ഇവിടെയെല്ലാം നാം ചെയ്യുന്നത് .നമ്മൾ ഭാഷയിൽ സൃഷ്ടിക്കപ്പെട്ട ഒരു കാര്യത്തെ .ഫിസിക്കലി create ചെയ്യപ്പെട്ട ഒരു കാര്യം പോലെ കാണുകയും.അതിനെ ശരിയായ സ്ഥാനത്ത് ആക്കുവാൻ ഫിസിക്കലി വർക്ക് ചെയ്യുകയും ചെയ്യുന്നു.ഒരു പ്രയോജനവുമില്ല.


ഞാൻ ആത്മവിശ്വാസമില്ലാത്തവനാണ് എന്ന് പറയുന്നവൻ അതിനെ മാറ്റണമെങ്കിൽ ഞാൻ ആത്മവിശ്വാസമുള്ളവനാണ് എന്ന് ഭാഷ തന്നെ പ്രയോഗിക്കണം
അല്ലാതെ  ആരെങ്കിലും അവനെ തല്ലിയോ ചവിട്ടിയോ തലോടിയോ ആത്മവിശ്വാസം സൃഷ്ടിക്കാൻ സാധിക്കില്ല.

എനിക്ക്  സൗന്ദര്യം ഇല്ല ,കുറവാണ് എന്നു കരുതുന്നവർ എത്ര പൂട്ടിയിട്ടു മിനുക്കിയാലും കാര്യമില്ല.ആദ്യം എനിക്ക് സൗന്ദര്യമുണ്ട് എന്ന് ഭാഷയിൽ തന്നെ create ചെയ്യണം.

ഈ കാര്യം മനസ്സിലാക്കാതെ നമ്മൾ നമ്മളെയും നമ്മുടെ മക്കളെയുമൊക്കെ ഫിസിക്കൽ പവറിൽ മിടുക്കരും,സുന്ദരരും ഒക്കെ ആക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.........


ജോഷി

Integrity

പൂര്‍ണ്ണത എന്നാല്‍ എന്താണ്? to be whole and complete.

മതങ്ങൾ പറയുന്നതിനനുസരിച്ചു നോക്കിയാൽ .ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ട്ടിച്ചു. തന്നെപ്പോലെ തന്നെ പൂർണ്ണതയിൽ.

ഈ പൂര്‍ണ്ണതയില്‍ സൃഷ്ട്ടിക്കപ്പെട്ട നമ്മള്‍ പാലിക്കെണ്ടതായ ചില പ്രമാണങ്ങള്‍ ഉണ്ട് നാം അതിനെ അംഗീകരിച്ചാലും ഇല്ലെങ്കിലും അത് അവിടെ ഉണ്ടാവും. നമ്മള്‍ അതിനെ എത്രകണ്ട് മനസ്സിലാക്കുന്നോ പാലിക്കാന്‍ തുടങ്ങുന്നുവോ അത്രകണ്ട് നാം
 ആത്മാവില്‍ ബലപ്പെടുവാന്‍ തുടങ്ങും.


ഗുരുത്വാകര്‍ഷണ ബലം എന്നത് ഭൂമിയുടെ ഒരു അടിസ്ഥാന സത്യം ആണ് നമുക്ക് അതറിയാം. നാം അതില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അത് അവിടെ ഉണ്ട് , പക്ഷെ നാം അതിനെക്കുറിച്ചു  എപ്പോഴും ബോധവാന്മാരായിക്കൊള്ളണം എന്നില്ല.

 നമ്മുടെ നിത്യജീവിതത്തില്‍ ഗുരുത്വാകര്‍ഷണ ബലത്തെ ഉള്‍പ്പെടുത്തിയുള്ള സംഭാഷണങ്ങള്‍ ഒന്നും നാം നടത്താറില്ല .ഇന്നലെ ഗുരുത്വാകര്‍ഷണം വളരെ കൂടുതലാരുന്നു ഫ്ലാറ്റിന്റെ സ്റെപ്പു കേറാന്‍ എന്തൊരു പാടാരുന്നെന്നോ ,ഗുരുത്വാകര്‍ഷണം കാരണം ഭയനകര സ്പീഡിലാ താഴേക്കിറങ്ങിയതെന്നോ ഒന്നും നാം പറയാറില്ല. എന്ന് പറഞ്ഞതുപോലെ തന്നെ നാം വിശ്വസിച്ചാലും ഇല്ലെങ്കിലും ഓരോ മനുഷ്യനോടും കൂടെ ഉണ്ടായിരിക്കേണ്ട ഒരു പ്രമാണമാണ്‌ integrity(പൂർണ്ണത)



എന്താണ്  integrity? അതിനെ നമുക്ക് പൂര്‍ണ്ണത എന്നും വിളിക്കാം to be whole and complete .


എന്താണ് whole and complete എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത് എന്ന്‍ ഒരു ചെറിയ ഉദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം .


ഒരു സൈക്കിള്‍ ചക്രം അതില്‍ അതിന്‍റെ റിമ്മും ,ടയറും ,സ്പോക്സും എല്ലാം ശരിക്കും അതാത് സ്ഥാനങ്ങളിൽ ഉറപ്പിച്ചു ഫിറ്റ് ആയിരിക്കുമ്പോൾ  ആണ് അതിനെ whole and complete എന്ന് പറയുവാന്‍ നമുക്ക് സാധിക്കുന്നത് അതായത് 100% സൈക്കിൾ വർക്കിങ് ആവുന്ന അവസ്ഥയെ ആണ് whole and complete എന്നോ അല്ലെങ്കിൽ പെർഫെക്ട് എന്നോ നമുക്ക് പറയുവാൻ സാധിക്കുന്നത്  .

 ഇങ്ങനെ പെർഫെക്റ്റ് ആയ ഈ സൈക്കിള്‍ നമ്മള്‍ ചവിട്ടിക്കൊണ്ട്‌ നടക്കുന്നു പതിയെ അതിലെ ഒരു കമ്പി ഒടിയുന്നു, പക്ഷെ സൈക്കിള്‍ ചവിട്ടിക്കൊണ്ട്‌ നടക്കുന്നതില്‍ നമുക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. നമ്മളെ സംബന്ധിച്ചിടത്തോളം സൈക്കിള്‍ 100% working ആണ്.എന്നാല്‍ ശെരിക്കും നമ്മള്‍ നോക്കിക്കേ is it whole and complete ?100% പെർഫെക്റ്റ് ആണോ? അല്ല  അതിന്‍റെ workability ല്‍ അല്പം കുറവ് വന്നിട്ടുണ്ട് ഉദാഹരണത്തിന് ഒരു ഒരു കമ്പി ഒടിഞ്ഞപ്പോള്‍ 2% workability കുറഞ്ഞു എന്ന് കരുതുക.


 പക്ഷെ നാം അപ്പോളും അതിനെ പൂര്‍ണ്ണം എന്ന ചിന്തയോടെ ആണ് കൊണ്ട് നടക്കുന്നത് നമ്മുടെ മുന്നില്‍ 98% = 100%  അല്പം കഴിയുമ്പോള്‍ ഒരു കമ്പി കൂടെ ഒടിയുന്നു അപ്പോഴും സൈക്കിള്‍ ചവിട്ടിക്കൊണ്ട്‌ നടക്കുവാന്‍ നമുക്ക് ബുദ്ധിമുട്ടൊന്നും ഇല്ല നമ്മുടെ മുന്നില്‍ അപ്പോഴും സൈക്കിള്‍ പെര്‍ഫെക്റ്റ് ആണ് എന്നാല്‍ ശരിക്കും നോക്കിയാല്‍ വര്‍ക്കബിലിട്ടി എത്രയായി 98%÷98% = 96.04 % ആയി മാറിയിരിക്കുന്നു .നമ്മള്‍ വീണ്ടും അതിനെ പൂര്‍ണ്ണത ആയി കരുതി പോകുന്നു. ഇത് ഒരു downward spiral പോലെ താഴേക്കു പതിച്ചു പൂജ്യത്തില്‍ എത്തിച്ചേരാന്‍ അധിക സമയം ഒന്നും വേണ്ട .


 ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും അത് ആത്മീയമാണെങ്കിലും ലൌകികമാണെങ്കിലും.


ഒരു തെറ്റ് ചെയ്യുന്ന ആള്‍ക്ക് അത് തെറ്റാണ് എന്ന്‍ ബോദ്യം ഉണ്ടാവണം എന്നില്ല. അല്ലെങ്കില്‍ പുക വലിച്ചു തുടങ്ങുന്ന ഒരുവന് അതില്‍ ഒരു തെറ്റ് അല്ലെങ്കില്‍ പാപം എന്ന തോന്നല്‍ ഇല്ല. (ഇതൊന്നും പാപം ആണ് എന്ന് സ്ഥാപിക്കുകയല്ല ഞാന്‍. കേവലം ഉദാഹരണങ്ങള്‍ കാട്ടുന്നു എന്ന് മാത്രം.)

പതിയെ പുകവലിയെ ഒരു കുറവായി നാം കാണാതെ ഇരിക്കുന്നു .നമ്മളെ സംബന്ധിച്ചു നാം 100% ആണ് അതിനു ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് അല്പം ബിയര്‍ സേവിക്കുവാന്‍ തുടങ്ങുന്നു (ബിയറും,വൈനും ഒന്നും മദ്യം അല്ല എന്ന്‍ ഗവ:തന്നെ കോടതിയില്‍ പറഞ്ഞ സ്ഥിതിക്ക് അതുകൊണ്ട് അതൊരു തെറ്റല്ല എന്നതാണ് നമ്മുടെ വാദം).


പതിയെ നാം നമ്മെ തന്നെ വിശ്വസിപ്പിക്കുന്നു WE ARE COMPLETE AND PERFECT .പക്ഷെ നമ്മുടെ ആത്മീകവും ലൗകികവുമായ വര്‍ക്കബിലിട്ടിയില്‍ അത് കുറവ് വരുത്തിയിട്ടുണ്ട് ഇതേ നിലയില്‍ നമ്മള്‍ തുടര്‍ന്നാല്‍ സൈക്കിള്‍ സ്പോക്സ് ഒടിഞ്ഞു സൈക്കിള്‍ ഉപയോഗിക്കാന്‍ പറ്റാതാവുന്നതുപോലെ നമ്മുടെ ജീവിതവും പ്രശ്നങ്ങളാലും ഭാരങ്ങളാലും നിറയുന്നു .



ഓരോ നിമിഷത്തിലും ജീവിതത്തെ ജീവിക്കുവാന്‍ സാധിക്കുക, ശക്തമായി തന്നെ പൂര്‍ണ്ണ സന്തോഷത്തോടു കൂടി ജീവിക്കുക എങ്ങനെയാണ് അത് സാധ്യമാകുന്നത്?


നമ്മുടെ ശക്തിയെ പിന്നോട്ട് വലിക്കുന്ന ഘടകം ഒന്നേ ഒന്നു മാത്രമാണ്. നമ്മള്‍ ഇന്റെഗ്രിടറ്റിയില്‍(പൂർണ്ണത ) നിന്നും വെളിയിൽ  ആവുന്നു എന്നത് ആണത്.


സൈക്കിള്‍ ചക്രത്തിന്‍റെ സ്പോക്സ് പോലെ തന്നെയാണ് നമ്മുടെ ജീവിതത്തിലെ ഓരോ പാപങ്ങളും. അതിനെ ആത്മീയതയുടെ തലത്തില്‍ നിന്നുകൊണ്ട് നാം വിളിക്കുന്നു പാപം എന്ന്‍ ,പാപം എന്ന് പറയുമ്പോള്‍ നാം ചിലപ്പോള്‍ ഗില്‍റ്റ് മൂഡില്‍ അല്ലെങ്കില്‍ മൊറാലിട്ടി മൂഡിലേക്ക് ഒക്കെ കടക്കുവാന്‍ സാധ്യതയുണ്ട്,ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ ഔട്ട്‌ ഇന്റെഗ്രിറ്റികളും പാപം എന്ന കണ്ണില്‍ കൂടി നോക്കാന്‍ ശ്രമിക്കണ്ട, അതിലും നമുക്ക് പവ്വര്‍ തരുന്നത് അതൊരു അപൂർണ്ണത  ആയി കാണുകയും അതിനെ തിരികെ ഇന്റെഗ്രിട്ടിയില്‍(പൂർണ്ണത) കൊണ്ടുവരാന്‍ തയ്യാറാവുകയും ചെയ്യുമ്പോഴാണ്.


എങ്ങനെയാണ് നമുക്ക് ഔട്ട്‌ ഇന്റെഗ്രിട്ടിയില്‍(അപൂർണ്ണത) നിന്നും ഇന്റെഗ്രിട്ടിയിലെക്ക്(പൂർണ്ണത) തിരികെ വരുവാന്‍ സാധിക്കുന്നത്? അതിനാണ് restoration എന്ന വഴി.


എങ്ങനെയാണ് restore ചെയ്യുന്നത് ഒരു ചെറിയ  ഉദാഹരണത്തിലൂടെ ഇതിനെ വ്യക്തമാക്കാന്‍ ശ്രമിക്കാം ഞാന്‍ ഒരാളോട് 1ലക്ഷം രൂപ കടം വാങ്ങിഎന്ന് കരുതുക ഇന്നദിവസം തിരികെ തരാം എന്ന് വാക്കു പറഞ്ഞാണ് ഞാൻ വാങ്ങിയത് പക്ഷെ ആ ദിവസം അടുത്ത് വന്നപ്പോൾ എനിക്ക് മനസ്സിലായി സമയത്തു തിരികെ കൊടുക്കുവാൻ സാധിക്കില്ല എന്ന് ,ഞാൻ ആ ആളിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയാണ് അല്ലെങ്കിൽ പുള്ളി വിളിക്കുമ്പോൾ ഞാൻ ഫോൺ എടുക്കുന്നില്ല അല്ലെങ്കിൽ എന്തെങ്കിലും ഒഴിവു കഴിവുകൾ പറയുന്നു നുണ പറയുന്നു അങ്ങനെയൊരു സാഹചര്യത്തിൽ  എന്റെ അവസ്ഥ എന്താണ്? ആ വ്യക്തിയെ ഫേസ് ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല ഞാൻ ഗിൽറ്റി ഫീലിൽ ആണ് ഞാൻ പൂർണ്ണമായും ഫ്രീ ആയ അവസ്ഥയിൽ അല്ല.


എന്നാൽ മറ്റൊരു സാധ്യത അവിടെ ഉണ്ട് എന്താണത് ? പറഞ്ഞ സമയത്തു തിരികെ കൊടുക്കുവാൻ സാധിക്കില്ല എന്ന് എനിക്ക് മനസ്സിലായ ആ നിമിഷം ഞാൻ ആ വ്യക്തിയെ വിളിച്ച്‌ പറയുകയാണ് സഹോദരാ ഞാൻ ഇന്ന ദിവസം തരാം എന്ന് പറഞ്ഞാണ് താങ്കളിൽ നിന്നും പണം വാങ്ങിയത് പക്ഷെ ഇപ്പോൾ ഞാൻ ലഭിക്കും എന്ന് വിചാരിച്ചിരുന്ന പണം കിട്ടുവാൻ കുറച്ചു ദിവസം കൂടെ താമസം വരും എന്നാണു മനസ്സിലാകുന്നത് എനിക്ക് ഇത്ര ദിവസത്തെ കൂടി അവധി തരാൻ സാധിക്കുമോ, അതോ താങ്കൾക്ക് ആ സമയത്തു തന്നെ അത്യാവശ്യം ഉള്ളതാണോ? മറ്റെന്തെങ്കിലും നഷ്ടങ്ങൾ താങ്കൾക്ക് ഇതുമൂലം സംഭവിക്കുമോ ?അങ്ങനെ എന്തെങ്കിലും നഷ്ടം ഉണ്ടെങ്കിൽ എന്നോട് പറയണം ഞാൻ അതിന്റെ ഉത്തരവാദിത്വം എടുത്തുകൊള്ളാം ആ നഷ്ടം ഞാൻ പരിഹരിച്ചുകൊള്ളാം .ഇന്ന തീയതിയിൽ എന്റെ പണം ശരിയാകും ഞാൻ അന്ന് തരാം അഥവാ അന്ന് ശരിയായില്ലെങ്കിൽ പോലും ഞാൻ മറ്റു വഴിയിൽ ( സ്വർണ്ണം പണയം വച്ചോ,ലോൺ എടുത്തോ) സംഘടിപ്പിച്ചു തന്നുകൊള്ളാം. ഇപ്പോൾ എന്റെ  അവസ്ഥ എങ്ങനെയാവും. ആളെ ഫേസ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ടാവില്ല , സാധാരണപോലെ തന്നെ ആളോട് പെരുമാറുവാൻ എനിക്ക് സാധിക്കുന്നു . ഇതാണ് restoration.

ഇങ്ങനെ റീസ്റ്റോർ ചെയ്ത ഒരു വ്യക്തിക്ക് തന്റെ പവ്വറിൽ ഒരു കുറവും വരുന്നില്ല .അയാൾക്ക്‌ സാധാരണ പോലെ തന്നെ ആയിരിക്കുവാൻ സാധിക്കുന്നു.എന്നാൽ restore ചെയ്യാത്ത ഒരുവന് തന്റെ പവ്വറിൽ കുറവുണ്ടാകുന്നു.അവൻ പിന്നീട് എടുക്കുന്ന എല്ലാ തീരുമാനങ്ങളും കുറഞ്ഞ പവ്വറിൽ നിന്നുകൊണ്ടാണ്.അത് ചിലപ്പോൾ ശരിയായ തീരുമാനങ്ങൾ ആവണം എന്നില്ല.

ഏതു ബന്ധങ്ങളിലും എവിടെയെങ്കിലും നമുക്ക് ഒരാളെ സമീപിക്കുമ്പോൾ പവർ കുറവായി തോന്നുന്നുവോ മനസ്സിലാക്കുക അവരുമായുള്ള ബന്ധത്തിൽ നാം ഇന്റഗ്രിറ്റിയിൽ അല്ല.ഭാര്യാ ഭർതൃ ബന്ധത്തിൽ ഭാര്യയോടോ ഭർത്താവിനോടോ എന്തും തുറന്നു പറയുവാൻ നമുക്ക് ഭയം തോന്നുന്നു എങ്കിൽ കരുതാം ആ ബന്ധം ഇന്റഗ്രിറ്റിയിൽ അല്ല. നമ്മുടെ മുന്നിലുള്ള പല ബന്ധങ്ങളും അങ്ങനെയാണ്.

ആ അവസ്‌ഥ എന്നു പറയുന്നത് മാലിന്യത്തിനു മുകളിൽ ക്രീം വച്ചു അലങ്കരിച്ചു കേക്ക് ആണെന്ന് പറയും പോലെ ആണ്. വെളിയിൽ നോക്കിയാൽ നല്ല കേക്ക് പക്ഷെ മുറിച്ചാൽ നാറ്റം വക്കുന്ന അവസ്ഥ.

ഒരേ കാര്യത്തിൽ വീണ്ടും വീണ്ടും outintegrity ആവുകയും.വീണ്ടും വീണ്ടും restore ചെയ്യുകയും ചെയ്യേണ്ടി വരുന്നവരില്ലേ,അതിൽ എന്തു അർത്ഥമാണ് ഉള്ളത്.

ശരിയാണ് ചിലർക്ക് ഒരിക്കൽ restore ചെയ്തതിനു ശേഷവും.വീണ്ടും അതേ കാര്യത്തിൽ outintegrity യിലേക്ക് പോകുവാൻ tendency ഉണ്ടാവും.ഇപ്പൊ ചെയ്യാം പിന്നെ restore ചെയ്താൽ മതിയല്ലോ എന്നു ചിന്തിക്കുന്ന ആളുകൾ.അവർ ശ്രദ്ധിക്കേണ്ടത്  നമ്മളുടെ വാക്കുമായി ഒരു ബന്ധം സൃഷ്ടിക്കാനാണ്.

നമ്മൾ ഒരാളോട് ഒരു വാക്ക് പറയുന്നു..ഉദാ: നമ്മുടെ കുഞ്ഞിനോട്  നാം പറയുന്നു ഇന്ന് വൈകിട്ട് ഞാൻ നിന്നെ പാർക്കിൽ കൊണ്ടുപോകാം.അവൻ ആകെ സന്തോഷത്തിൽ ഇരിക്കുകയാണ്.വൈകിട്ട് നാം ഓഫിസിൽ നിന്നും ആകെ ടെന്ഷനിൽ ആണ് തിരിച്ചെത്തുന്നത് ..കുഞ്ഞു പാർക്കിൽ പോകാമെന്ന് പറയുന്നു ..നമ്മൾ ഇന്ന് പറ്റില്ല എന്ന് പറയുന്നു.അച്ഛന്റെ വലിഞ്ഞു മുറുകിയ മുഖഭാവം കണ്ടു കുഞ്ഞു സങ്കടത്തോടെ പിൻവാങ്ങുന്നു.നമ്മൾ പറയുന്നു നാളെയാവട്ടെ..നാളെ നാം വരുന്നത് ലേറ്റ് ആയിട്ട്.ഇങ്ങനെ രണ്ടോ മൂന്നോ പ്രാവശ്യം ആകുമ്പോൾ കുഞ്ഞിന് നമ്മുടെ വാക്കിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു.അച്ഛൻ പറയുന്നത് വിശ്വസിക്കണ്ട ..നടക്കാത്ത കാര്യമാണ് എന്നു കുഞ്ഞു വിശ്വസിക്കാൻ തുടങ്ങുന്നു.

എന്നാൽ നമ്മളുടെ വാക്കിനെ നമ്മൾ തലപോയാലും പാലിക്കുന്നവൻ ആണെങ്കിലോ.ആളുകൾക്ക് നമ്മളുടെ വാക്കിൽ പരിപൂർണ്ണ വിശ്വാസം ആവും.നമ്മുടെ കഴിവിന്റെ അപ്പുറം ശ്രമിച്ചിട്ടും നടക്കാതെ പോകുന്ന കാര്യങ്ങളിലാണ് നാം restore ചെയ്തു പവർ നേടേണ്ടത് .അതു തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചാൽ നമ്മിൽ ഒരു പവ്വറും ഉണ്ടാവില്ല.

നമുക്കെല്ലാവർക്കും നമ്മുടെ വാക്കുകളുമായി നല്ല ബന്ധം ഉണ്ടാക്കി ഇന്റഗ്രിറ്റിയിൽ ജീവിക്കാം.പൂർണ്ണ ശക്തിയിൽ ജീവിതത്തിന്റെ പൂർണ്ണത ആസ്വദിച്ചു ജീവിക്കാം

സ്നേഹത്തോടെ നിങ്ങളുടെ

ജോഷി.

Monday, March 16, 2020

I am that i am ....ഞാൻ ആകുന്നവൻ ഞാൻ ആകുന്നു

അടുത്ത കാലത്തെപ്പോഴോ സോഷ്യൽ  മീഡിയായിൽ കണ്ട ഒരു വാർത്തയുണ്ട് ഏതോ ഒരു വിദേശ രാജയത്തു തൂക്കുമരം വിധിക്കപ്പെട്ടു ജെയിലിൽ കഴിയുന്ന ഒരുവൻ വര്ഷങ്ങളായി താൻ പ്രണയിച്ച പെൺകുട്ടിയുമായുള്ള വിവാഹം ജയിലിൽ വച്ച് നടത്തി എന്ന് .ഒരു ദിവസം പോലും ഒരുമിച്ചു കഴിയുവാൻ സാധിക്കില്ല എന്ന് അറിയുമായിരുന്നിട്ടും ആ പെൺകുട്ടി എന്തിനാണ് ഈ വിവാഹത്തിന് തയ്യാറായത് എന്ന് നാം ചിന്തിച്ചു പോകും .അതുപോലെ തന്നെ പലപ്പോഴും നാം കേട്ടിട്ടുള്ളതും വായിച്ചറിഞ്ഞിട്ടുള്ളതുമായ കഥകളാണ് അപകടത്തിൽ അല്ലെങ്കിൽ തീപിടുത്തത്തിലൂടെ സൗന്ദര്യം മുഴുവൻ നഷ്ടപ്പെട്ടു വിരൂപ അല്ലെങ്കിൽ വിരൂപൻ  ആയി തീർന്നവരെ അവർ  പ്രണയിച്ചിരുന്നവർ യാതൊരു വൈമനസ്യവും കൂടാതെ വിവാഹം ചെയ്ത് ഒന്നിച്ചു ചേർന്നത്.എത്ര വലിയ ഹൃദയം ആണ് അവന്റേതു അല്ലെങ്കിൽ അവളുടേത്‌ എന്നൊക്കെ നാം പറയുമ്പോഴും .നമ്മുടെ ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ വന്നാൽ നാം എടുക്കുന്ന തീരുമാനം എന്താവും എന്ന് ആത്മാർത്ഥമായി ചിന്തിച്ചിട്ടുണ്ടോ? 

പലപ്പോഴും അങ്ങനെ ഒരു അവസ്ഥയിൽ ഭൂരിഭാഗം ആളുകളും  ആ ബന്ധത്തിൽ നിന്നും പിൻവാങ്ങുകയാവും ചെയ്യുന്നത് ഇല്ലേ ? അവിടെ നാമൊക്കെ  പ്രായോഗിക ബുദ്ധിയുടെ ആളുകൾ ആയി മാറുന്നു . എന്തിനു ജീവിത കാലം മുഴുവനും ഇങ്ങനെയൊരു കുരിശു ഞാൻ ചുമക്കണം എന്ന് നാം ചിന്തിക്കുന്നു. ഇന്നലെ വരെ അവളില്ലാതെ അല്ലെങ്കിൽ അവനില്ലാതെ ജീവിതം ഇല്ല എന്ന് കരുതിയിരുന്നവർ പെട്ടെന്ന് ആരുമല്ലാതായി മാറുന്നു .അതും പോട്ടെ  ഒരുപക്ഷെ യാതൊരു പ്രശ്നങ്ങളും കൂടാതെ പ്രണയിച്ചു ഒന്നായി ചേർന്നവർ  കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ  പ്രണയം നഷ്ടപ്പെട്ട്  ഒരു കൂരക്കുള്ളിൽ  രണ്ടു ശത്രുക്കളെ പോലെ കഴിയുന്നത് എന്തുകൊണ്ടാവും ? പലപ്പോഴും മാതൃകാ ജീവിതം നയിക്കുന്ന ദമ്പതികൾ എന്ന് നാം കരുതുന്നവരുടെ കുടുംബത്തിലേക്കും നാം ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ കാണാം  അഗ്നിപർവ്വതം പോലെ ഉള്ളിൽ പുകഞ്ഞു നിൽക്കുന്ന വീടുകൾ ആണ് അവ എന്ന് . എന്തുകൊണ്ടാണിങ്ങനെ ?

നാം നമ്മെ തന്നെ "വസ്തുക്കൾ "(Things) ആയിട്ടാണ് കാണുന്നത് . നമ്മോടു ഒരാൾ ചോദിക്കുന്നു ചേട്ടൻ എവിടെ ? നമ്മൾ ഉത്തരം പറയുന്നു ചേട്ടൻ ഓഫീസിൽ പോയിരിക്കുന്നു.'അമ്മ അടുക്കളയിലാണ് ,കുഞ്ഞു സ്‌കൂളിൽ പോയിരിക്കുന്നു. ശരിക്കും നമ്മൾ പറയുന്ന ഉത്തരം ശരി തന്നെയാണ് എന്നാൽ ഓഫീസിൽ പോയിരിക്കുന്നതും ,അടുക്കളയിൽ ആയിരിക്കുന്നതും ,സ്‌കൂളിൽ ആയിരിക്കുന്നതുമൊക്കെ ആരാണ് ? നമ്മൾ ശരീരത്തെ വ്യക്തികളായി കാണുന്നതുകൊണ്ടാണ് നാം ഇങ്ങനെ ഉത്തരം പറയുന്നത്. നാം നമ്മുടെ ശരീരം ആണോ ?ആരാണ്  നാം ? 

ആരാണ് നീ എന്ന് നമ്മോടു ചോദിക്കുന്നവരോട് നാം എന്താണ് ഉത്തരം പറയുന്നത് ? 

"ഞാൻ ജോഷി".

"അല്ല അത് നിന്റെ പേരല്ലേ  നീ ആരാണ്?"

"ഞാൻ ഒരു മലയാളി" 

"അത് നീ ആയിരിക്കുന്ന നാടല്ലേ ? നീ ആരാണ് ?"

"ഞാൻ ഇന്ത്യക്കാരൻ." 

"അത് നിന്റെ  നാഷണാലിറ്റി അല്ലെ ,നീ ആരാണ്?"

"ഞാൻ ഒരു എഞ്ചിനീയർ" 

"അത് നിന്റെ  പ്രൊഫെഷൻ അല്ലെ ,നീ ആരാണ് ?"

"ഞാൻ രണ്ടു കുട്ടികളുടെ പിതാവ്" 

"അത് നിനക്ക് നിന്റെ കുട്ടികൾ അല്ലെങ്കിൽ സമൂഹം തന്നിരിക്കുന്ന സ്ഥാനം അല്ലെ".

"നീ ആരാണ്?"

ഇങ്ങനെ ചോദ്യങ്ങൾ നീണ്ടു പോകുന്തോറും നാം ഓരോന്നിനും ഓരോ ഉത്തരങ്ങൾ നൽകുന്നു ,നോക്കൂ നീ ആരാണ് എന്ന ചോദ്യത്തിന്  നാം എത്ര ഉത്തരങ്ങൾ ആണ് നൽകിയിരിക്കുന്നത് . ഞാൻ അച്ഛനാണ്,ഭർത്താവാണ്, മകനാണ്, എൻജിനീയർ ആണ് ,ഇന്ത്യക്കാരൻ ആണ് ,മലയാളി ആണ് എന്റെ പേരാണ് .അവസാനം ഉത്തരം ഒന്നും അവശേഷിക്കാതെ വരുമ്പോൾ നാം പറയുന്നു ഇതെല്ലാം ചേർന്നതാണ് ഞാൻ . അതെങ്ങനെ ശരിയാവും നീ ജനിച്ചപ്പോൾ നീ ഇതൊന്നും ആയിരുന്നില്ലല്ലോ ? ഒരു പേരില്ലായിരുന്നു, ഒരു പ്രഫഷൻ ഇല്ലായിരുന്നു ഒരു നാഷ്‌നാലിറ്റി ഇലായിരുന്നു പിന്നീടാണ് മാതാപിതാക്കൾ നിന്നെ ആ രാജ്യത്തിന്റെ പൗരനായി രെജിസ്റ്റർ ചെയ്തത്. നീ ജനിക്കുമ്പോൾ നീ ഇതൊന്നും ആയിരുന്നില്ല .പിന്നെ നീ എങ്ങനെയാണ് പറയുന്നത് ഇതെല്ലാം ചേർന്നതാണ് നീ എന്ന്? 

ശരിയല്ലേ ?നാം ഇതെല്ലാം പിന്നീട് ആയി തീർന്നതല്ലേ .എങ്ങനെയാണ് നാം ഇതൊക്കെ ആയി തീർന്നത് ഭാഷയിലൂടെ (Language).അച്ഛനും അമ്മയും നമുക്ക് ഒരു പേരിട്ട്  അങ്ങനെ വിളിക്കുവാൻ തുടങ്ങിയപ്പോൾ, ബെർത്ത് സർട്ടിഫിക്കറ്റിൽ ആ പേര് വന്നപ്പോൾ ഞാൻ ജോഷി ആയി . ഇന്ത്യക്കാരനായി ,എന്റെ എൻജിനീയറിങ് മേഖലയിൽ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ആ ജോലിയിൽ ഞാൻ പ്രവേശിച്ചപ്പോൾ ഞാൻ എഞ്ചിനീയർ ആയി. വിവാഹം കഴിഞ്ഞപ്പോൾ ഞാൻ ഭർത്താവായി,മക്കൾ ഉണ്ടായപ്പോൾ ഞാൻ അച്ഛനായി .ഇതെല്ലാം ഭാഷയിലൂടെ എനിക്ക് ഓരോ സമയത്തും നൽകപ്പെട്ട സ്ഥാനങ്ങൾ ആണ്. എന്നാൽ ഞാൻ ആരാണ് ? ഞാൻ എന്റെ ശരീരമല്ല , എന്റെ പേരല്ല,എന്റെ ദേശീയതയല്ല , അച്ഛനോ ,ഭർത്താവോ എന്ന സ്ഥാനമല്ല ..... 

"പിന്നെയോ ഇവയെല്ലാം  ആയി തീരാൻ പറ്റുന്ന ഒരു സ്പേസ് മാത്രമാണ് ഞാൻ"കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ എന്തും ആയി തീരാൻ പറ്റുന്ന ശൂന്യമായ ഒന്ന്.എങ്ങനെ ആയിത്തീരണം എന്നത് നമ്മുടെ കയ്യിലാണ് അതാണ് ദൈവം നമുക്ക് നൽകിയ അധികാരം .മനുഷ്യൻ പേര് വിളിച്ചത് അവക്ക് പേരാകും.  നമുക്ക് എന്ത് വേണമെങ്കിലും ആവാം  എല്ലാം ഭാഷയിലാണ് സ്ഥിതി ചെയ്യുന്നത് .അതായത് വാക്കിൽ . വാക്കിലൂടെയാണ് എല്ലാം ഉളവായതു. ഉണ്ടാവട്ടെ  എന്ന് പറഞ്ഞു ഉണ്ടായി. വാക്ക് അല്ലെങ്കിൽ വചനം അല്ലെങ്കിൽ ഭാഷ ......  ബൈബിളിൽ പറയുന്നു . ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോട് കൂടി ആയിരുന്നു .വചനം ദൈവം ആയിരുന്നു ...in the beginning was word, word was with God.and word was God.(john 1-1)


എങ്ങനെ വേണമെങ്കിലും നമുക്ക്  നമ്മുടെ ജീവിതത്തെ  ക്രമീകരിക്കാം ,ഇന്നലെ വരെ പ്രേമിച്ചിരുന്ന പ്രണയിനിയെ  വസ്തുവായി കണ്ടാൽ അവളുടെ വിരൂപത  നമുക്ക് പ്രശ്നമാകും , എന്നാലോ വസ്തുവല്ലാതെ അവളെ  അവൾ ആയിരിക്കുന്ന സ്‌പേസ് ആയി കണ്ടാൽ ശരീരത്തിന്റെ വിരൂപതകൾ നമുക്ക് പ്രശ്നമല്ല . വസ്തുക്കളായി കണ്ടാൽ  നമ്മുടെ  മാതാപിതാക്കൾ കടന്നു പോയതിനു ശേഷം അവർ നമുക്ക് മുന്നിൽ ഇല്ല. എന്നാൽ  അവർ അവരുടെ ശരീരം അല്ല എന്ന് തിരിച്ചറിഞ്ഞാലോ അവർ എവിടെയും പോയിട്ടില്ല നമ്മോടു കൂടെ  അവരും ഉണ്ട്.വസ്തുക്കൾ ആയി കാണാതിരുന്നാൽ വര്ഷങ്ങള്ക്കു ശേഷവും  ആദ്യ പ്രണയം ജീവിതത്തിൽ അവശേഷിക്കും. വീടുകൾക്കുള്ളിൽ  എരിയുന്ന അഗ്നി പര്വ്വതങ്ങൾ ഉണ്ടാവുകയില്ല. 

വസ്തുക്കൾ ആയി കണ്ടാൽ കുറി തൊടുന്നവൻ ഹിന്ദുവും ,തൊപ്പി ധരിക്കുന്നവൻ മുസ്ലീമും കുരിശുവരക്കുന്നവൻ ക്രിസ്ത്യാനിയും,പകിടി ധരിക്കുന്നവർ സിക്കുകാരനും ആയി കാണാം സ്‌പേസ് ആയി കണ്ടാൽ  അല്ലെങ്കിൽ എന്തുമാവാൻ പറ്റുന്ന ശൂന്യതയായി  കണ്ടാൽ  ഓരോരുത്തരും നാം തന്നെ ആവും .

ശൂന്യതക്ക് എന്ത് നാമും അവരും .  

ഭാഷയിലൂടെ  എന്ത് നാം സൃഷ്ടിക്കുന്നുവോ നാം അതായി തീരും .ക്രിസ്ത്യാനിയും  ,ഹിന്ദുവും ,മുസൽമാനും,സിക്കും .... തീവ്രവാദിയും  മിതവാദിയും ഒക്കെ ....അതുപോലെ തന്നെ  സ്നേഹവും, കരുണയും, പ്രണയവും, അമ്മയും ,അച്ഛനും ,അനാഥനും ,സനാഥനും,വെറുപ്പും, വിദ്വേഷവും  സുന്ദരനും ,സുന്ദരിയും , എന്തും  ആയി തീരുവാൻ  നമുക്ക് സാധിക്കും ..... നമുക്ക് മാത്രമേ സാധിക്കൂ ...കാരണം നാം Human Beings ആണ്. 

ഒരു പോസിറ്റിവ് ചിന്തക്ക് വേണ്ടിയെങ്കിലും നാം  അങ്ങനെ കരുതിയാൽ  തന്നെ എന്തൊരു വ്യത്യാസമാണ് നമ്മളിൽ കൊണ്ടുവരാൻ പറ്റുന്നത് ? നാം എന്തും ആയി തീരാൻ പറ്റുന്ന ഒരു സ്‌പേസ് ആണെങ്കിൽ നമ്മുടെ മുന്നിൽ എന്തൊക്കെ സാധ്യതകളാണ് ,

ശൂന്യമായിരിക്കുന്ന ഒരു കാൻവാസിൽ  നമുക്ക് ഏതു ചിത്രവും വരക്കാം എന്നപോലെ നമുക്ക് നമ്മെത്തന്നെ എങ്ങനെയും ഒരുക്കിയെടുക്കാം .ഇന്നലെവരെ എനിക്ക് കഴിവില്ല എന്ന് സ്വയം വിശ്വസിച്ചവന് ഞാൻ എന്തും ആയി തീരാൻ പറ്റുന്ന ഒരു സ്‌പേസ് ആണെന്ന് കരുതുമ്പോൾ തന്നെത്തന്നെ പുതുതായി ക്രിയേറ്റ് ചെയ്യുവാൻ സാധിക്കും അവൻ ആഗ്രഹിക്കുന്നപോലെ.എനിക്ക് സൗന്ദര്യമില്ല എന്ന് കരുതുന്നവർക്ക് ,ബുദ്ധിയില്ല എന്ന് കരുതുന്നവർക്ക് അങ്ങനെ തങ്ങളെത്തന്നെ വസ്തുക്കളായി കരുതിയിരിക്കുന്നവർക്ക് സ്വയം ഒരു ഉടച്ചുവാർക്കലിന്  ഉതകുന്ന ചിന്തയാണതു. 

ഞാൻ ആകുന്നവൻ ഞാൻ ആകുന്നു .... ചിന്തിക്കാം  നമുക്ക് ഓരോരുത്തർക്കും ............. ഞാൻ ആകുന്നവൻ ആരാണ് .?

ബാബേല്‍...

ബൈബിളില്‍ മനുഷ്യരുടെ ഭാഷ പലതാക്കിയതിനെക്കുറിച്ച് പറയുന്ന ഒരു സംഭവമുണ്ട് (ഉല്പത്തി 11ല്‍). ഒരേ ഭാഷയായിരുന്ന ജനത്തിന്‍റെ ഭാഷ പലതായി കലക്കി കളഞ്ഞതിനാല്‍ അതിനു ബാബേല്‍ എന്ന് പേരായി. 

ഇന്ന് നമ്മുടെ പല വീടുകളും ഈ ബാബേലിന്‍റെ അനുഭവത്തിലാണ്, വീടിനുള്ളില്‍ വസിക്കുന്നവര്‍ക്ക് പരസ്പരം ഭാഷകള്‍ മനസ്സിലാവുന്നില്ല ,ഭാര്യയുടെ ഭാഷ ഭര്‍ത്താവിനു മനസ്സിലാവുന്നില്ല ,ഭര്‍ത്താവിന്‍റെ ഭാഷ ഭാര്യക്ക് മനസ്സിലാവുന്നില്ല ,അപ്പന്‍റെയും അമ്മയുടെയും ഭാഷ മക്കള്‍ക്ക്‌ മനസ്സിലാവുന്നില്ല മക്കളുടെ ഭാഷ മാതാപിതാക്കള്‍ക്കും മനസ്സിലാവുന്നില്ല . ഇങ്ങനെ ഒരവസ്ഥയിലാണ് പല വീടുകളും. എന്നാല്‍ ബൈബിള്‍ തന്നെ പറയുന്ന മറ്റൊരു അനുഭവം കൂടിയുണ്ട്, അങ്ങനെയുള്ള വീടുകളും ഒത്തിരി ഉണ്ട് ,ഏതു ഭാഷ പറഞ്ഞാലും കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാവുന്ന പെന്തക്കൊസ്തിയുടെ അനുഭവം(അ.പ്ര 2).


അടുത്ത ദിവസം പരിചയപ്പെട്ട ഒരു ചെറുപ്പക്കാരന്‍ അവന്‍റെ വീടെന്ന ബാബേലനുഭവത്തെ പെന്തക്കൊസ്തിയുടെ അനുഭവമാക്കി മാറ്റുവാന്‍ പറ്റിയ സന്തോഷം പങ്കുവെക്കുകയായിരുന്നു,

"ഓര്‍മ്മ വെച്ച കാലം മുതല്‍ അപ്പന്‍ പട്ടാളത്തില്‍ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍, അപ്പനും അമ്മയും തമ്മില്‍ സ്വരചേര്‍ച്ച നല്ലതായിരുന്നതിനാല്‍ അപ്പന്‍ ഒറ്റക്കും അമ്മയും മക്കളും നാട്ടിലുമായിട്ടായിരുന്നു ജീവിതം,അപ്പന്‍ ആര്‍മിയിലും അമ്മ വീട്ടിലും ബ്രിഗേഡിയര്‍.

അപ്പന്‍ ആര്‍മിയില്‍ നിന്നും വിരമിച്ചു വീട്ടിലെത്തിയപ്പോളും അമ്മ വീട്ടിലെ ബ്രിഗേഡിയര്‍ സ്ഥാനത്ത് വിരമിക്കാതെ തുടര്‍ന്നു,അപ്പന്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം അമ്മ കുറ്റം കണ്ടെത്തിയിരുന്നു,അപ്പനുമായി അധികം അറ്റാച്ച്മെന്റ് ഇല്ലാതെ വളര്‍ന്ന മക്കള്‍ക്കും അമ്മ പറയുന്നതിലാണ് ശരിയെന്നു തോന്നിയിരുന്നു. മക്കളും എല്ലാക്കാര്യങ്ങള്‍ക്കും അപ്പനെ കുറ്റപ്പെടുത്തി.അപ്പന്‍ തന്‍റെ ലോകത്തിലേക്ക് സ്വയം ചുരുങ്ങി,അപ്പോളും കുറ്റപ്പെടുത്തലുകള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് മകന്‍ ഒരു ട്രാന്‍സ്ഫെര്‍മേഷന്‍ സെമിനാറില്‍ പങ്കെടുക്കുവാനിടയായത്, കാര്യങ്ങളെ കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടില്‍ കാണുവാനുള്ള ഒരു ശക്തി അവനു ലഭിച്ചു സെമിനാറിന്‍റെ അവസാന ദിനം അവന്‍ വീട്ടിലെത്തിയപ്പോള്‍ അത്താഴ മേശയില്‍ പതിവ് പോലെ അപ്പനെതിരെയുള്ള കുറ്റപ്പെടുത്തലുകള്‍, അന്ന് പക്ഷെ അതിലെ ശരികെടുകള്‍ അവനു കാണുവാന്‍ സാധിച്ചു, അവന്‍ അമ്മയോടും സഹോദരിയോടും ഒരു നിമിഷം തങ്ങളുടെ വാദങ്ങള്‍ നിര്‍ത്തിയിട്ട് താന്‍ പറയുന്നതൊന്നു ശ്രദ്ധിക്കുവാന്‍ ആവശ്യപ്പെട്ടു, ശേഷം പറഞ്ഞു തുടങ്ങി, ഈ കാര്യത്തില്‍ അപ്പന്‍ തെറ്റുകാരനല്ല ഇതിലെന്നപോലെ പല അവസരങ്ങളിലും അപ്പന്‍ തെറ്റുകാരനല്ലായിരുന്നു നാം പലപ്പോഴും കാരണമില്ലാതെ അപ്പനെ കുറ്റക്കാരനാക്കുകയായിരുന്നു ,ഒരു നിമിഷം ഊണ് മുറിയില്‍ ഒരു നിശബ്ദത നിറഞ്ഞു.അമ്മ വിശ്വസിക്കാനാവാത്തതുപോലെ മകനെ നോക്കി, അവന്‍ അമ്മയോട് പതിയെ പറഞ്ഞു ശരിയല്ലേ അമ്മെ ഒന്ന് ചിന്തിക്കൂ, അവന്‍ ചില പഴയ കാര്യങ്ങള്‍ പറഞ്ഞു അമ്മയും സഹോദരിയും കണ്ണീരോടെ സമ്മതിച്ചു ശെരിയാണ് നീ പറഞ്ഞത് ശെരിയാണ് ,

അപ്പന്‍ ഒരു സ്തംഭനാവസ്ഥയില്‍ ആയിരുന്നു താന്‍ എന്താണ് കേള്‍ക്കുന്നത് തനിക്കനുകൂലമായി ഒരു ശബ്ദം ഈ വീട്ടില്‍ നിന്നുയരുകയോ? മകന്‍ അപ്പനോട് പറഞ്ഞു "പപ്പാ അങ്ങ് കടന്നുപോയ അനുഭവങ്ങള്‍ എത്ര കഠിനമായിരുന്നു എന്ന്‍ എനിക്കിപ്പോള്‍ മനസ്സിലാക്കുവാനാകുന്നുണ്ട് എത്ര ക്രൂരമായിരുന്നു അതെന്ന്‍ വ്യക്തതയോടെ കാണുവാനാകുന്നുണ്ട്,ആ നിമിഷങ്ങളെ തിരികെ കൊണ്ടുവരുവാന്‍ എനിക്കാവില്ല പക്ഷെ ഇനിയുള്ള ദിവസങ്ങള്‍ അതുപോലുള്ളവ ആയിരിക്കില്ലെന്ന ഉറപ്പു മാത്രം ഞാന്‍ നല്‍കാം, അപ്പന്‍റെ കണ്ണുകള്‍ നിറഞ്ഞു അദ്ദേഹത്തിന് ഒരു വാക്ക് പോലും ശബ്ദിക്കാനായില്ല ,തന്‍റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് മകന്‍റെ അടുത്തു ചെന്ന് അവനെ കെട്ടിപ്പുണര്‍ന്നുകൊണ്ട് പറഞ്ഞു "താങ്ക്യു മൈ സണ്‍......താങ്ക്യു.. ഇതുമതി ഒരിക്കലെങ്കിലും ഇങ്ങനൊന്ന് കേള്‍ക്കുവാന്‍ സാധിച്ചല്ലോ, ഇതുമതിയെനിക്ക് ഇനിയുള്ള കാലം കഴിച്ചു കൂട്ടുവാന്"‍. അവസാന വാചകം പറഞ്ഞപ്പോള്‍ ശത്രുക്കളുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പോലും പതറാതെ നിന്നിരുന്ന ആ പഴയ ബ്രിഗേഡിയര്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പി കരഞ്ഞുപോയി. .

നാട് മുഴുവന്‍ ആദരിക്കുന്ന വ്യക്തിത്വങ്ങള്‍ ആണെങ്കിലും സ്വന്തം വീടെന്ന ഇത്തിരി ഇടത്തില്‍ സ്ഥാനം ഉണ്ടാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അവരുടെ നേട്ടങ്ങള്‍ എല്ലാം പരാജയമായി മാറാന്‍ ഒരു നിമിഷം മതി, ടോള്‍സ്റ്റോയിയുടെ ചരിത്രം നമുക്കറിയാം, വലിയ എഴുത്തുകാരന്‍ ച്ക്രവര്‍ത്തികള്‍ക്ക് തുല്യനായി ആദരിക്കപ്പെട്ടവന്‍ പക്ഷെ വീടെന്ന ഇത്തിരി ഇടത്തില്‍ തനിക്ക് ഇടമില്ലാതെയായി.പനിച്ചു വിറയ്ക്കുന്ന ഒരു രാത്രിയില്‍ ഭാര്യയുമായി പിണങ്ങി പുറത്തെ തണുപ്പിലൂടെ നടന്നു പോയ ആ വലിയ മനുഷ്യനെ പിന്നെ കാണുന്നത് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ ഒരു ബെഞ്ചില്‍ കിടക്കുന്ന അനാഥ ശവമായിട്ടാണ്.

വീണ്ടും നമുക്ക് കാണാം വീടെന്ന ഇത്തിരി സ്ഥലം ലോകം കണ്ട വലിയൊരു ക്രൂരനെ എങ്ങനെ സൃഷ്ടിച്ചു എന്ന്‍, ഹിറ്റ്ലരുടെ ഓര്‍മ്മയില്‍ അദ്ദേഹത്തിന്‍റെ പിതാവ് അതിക്രൂരനായിരുന്നു വീട്ടിലെത്തുമ്പോള്‍ അയാള്‍ കൊച്ചു ഹിറ്റ്ലെരുടെ വിരലുകളില്‍ ബൂട്സിട്ട് ചവിട്ടിയിരുന്നു ഒരു ആന്‍റിയുള്ളതിനാണെങ്കില്‍ അംഗവൈകല്യവും ഒപ്പം ഭ്രാന്തും ,ഭ്രാന്തു മൂക്കുന്ന അവസരങ്ങളില്‍ അവര്‍ കൊച്ചു ഹിറ്റ്ലറെ ആക്രമിക്കുവാനായിട്ടോടിച്ചിരുന്നു. വളര്‍ന്ന്‍ വന്നപ്പോള്‍ അധികാരം കിട്ടിയപ്പോള്‍ അവന്‍ ആദ്യം ചെയ്തത് സെമിത്തേരിയിലെ അപ്പന്‍റെ കുഴിമാടം വണ്ടിയില്‍ വന്ന്‍ ഇടിച്ചു പൊളിക്കുകയായിരുന്നു,കൂടാതെ തന്‍റെ അധികാരത്തിനു കീഴിലുള്ള ദേശത്ത്‌ അംഗവൈകല്യമോ ഭ്രാന്തോ ഉള്ള ഒരാളെ പോലും വച്ചു വാഴിക്കരുതെന്ന്‍ കല്പനയും പുറപ്പെടുവിച്ചു,ജര്‍മ്മന്‍കാരനായ ഒരു പ്രഭുവിന് യഹൂദയായ വേലക്കാരിയില്‍ ജനിച്ചതാണ് തന്‍റെ പിതാമഹന്‍ എന്ന സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ അയാളെക്കൊണ്ട് ചെയ്യിച്ചതെന്തൊക്കെയെന്നും നാം ചരിത്രത്തില്‍ വായിക്കുന്നു. വീടുകള്‍ ബാബേല്‍ ആവുന്നതിന്റെ പരിണിത ഫലങ്ങളാണ് ഇതൊക്കെ.

വീടുകല്‍ക്കുള്ളിലെ പ്രശ്നങ്ങളെ നമ്മുടെ മാത്രം കാഴ്ചപ്പാടില്‍ കാണാതെ അടുത്തയാളുടെ സ്ഥാനത്തു നിന്നുകൊണ്ട്കൂടി ഒന്ന് കാണുവാന്‍ ശ്രമിക്കുക, പലപ്പോഴും ആ ഒരു കാഴ്ച പല ബാബേല്‍ അനുഭവങ്ങളുള്ള വീടുകളെയും പെന്തക്കൊസ്തിയുടെ അനുഭവങ്ങളാക്കി മാറ്റുവാന്‍ സാധിച്ചേക്കാം .അങ്ങനെയുള്ള സന്തോഷത്തിന്‍റെ വീടുകളാവട്ടെ നമുക്ക് ചുറ്റിലും എന്ന പ്രാർത്ഥനയോടെ.

സ്നേഹത്തോടെ നിങ്ങളുടെ ജോഷി .

നമുക്ക് ലഭിച്ച ഓരോ നന്മകള്‍ക്കും നന്ദിയുള്ളവര്‍ ആവുക

നാം നമ്മുടെ ജീവിതത്തില്‍ എന്തിനൊക്കെ ആരോടൊക്കെ നന്ദി പറഞ്ഞാലാണ് പൂര്‍ണ്ണമാവുക ,ജന്മം തന്നത്തിനു ദൈവത്തോട് ,മാതാപിതാക്കളോട് ,അറിവ് പകര്‍ന്നു തന്ന അദ്ധ്യാപകരോട് നമ്മുടെ സഹോദരങ്ങളോട് ,ജീവിതപങ്കാളിയോട് ,സുഹൃത്തുക്കളോട് ,മേലധികാരികളോട് തുടങ്ങി നാം നിസ്സാരരെന്നു ചിന്തിക്കുന്ന ഒരു റിക്ഷാക്കാരന്‍ തുടങ്ങി എത്ര ആളുകളോട് നമുക്ക് നന്ദി പറയുവാന്‍ എന്തെല്ലാം കാരണങ്ങള്‍ ഉണ്ടാവാം? പക്ഷെ പലപ്പോഴും നാം നന്ദി പറയുവാന്‍ മറന്നു പോകുന്നു എന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസം ക്ലാസ്സില്‍ പാര്ട്ടിസിപ്പന്‍സിനുള്ള അസ്സൈന്മെന്‍റ് അതായിരുന്നു , ജീവിതത്തില്‍ നിങ്ങള്‍ നിത്യേന കാണുന്ന ആളുകളോട് നിങ്ങളുടെ പ്രിയപ്പെട്ടവരോട്, അല്ലാത്തവരോട് ഒക്കെ ഒരു കാര്യത്തിനെങ്കിലും നന്ദി എഴുതുക. ഒരുപാടുപേര്‍ ഒരുപാട് കാര്യങ്ങള്‍ക്ക് നന്ദി എഴുതി അവര്‍ ഒരിക്കല്‍ പോലും ചിന്തിക്കാത്ത തലത്തില്‍ നോക്കിക്കണ്ട്‌ ഓരോരുത്തര്‍ക്കും നന്ദി പറയുവാന്‍ സാധിക്കുമെന്ന്‍ അവരില്‍ പലര്‍ക്കും ബോധ്യമായി.
എന്നാല്‍ ഒരു പാര്‍ട്ടിസിപ്പന്‍റിന്‍റെ പേപ്പറില്‍ തീരെ ചുരുക്കം ആളുകള്‍ക്ക് മാത്രം നന്ദി എഴുതിയിരിക്കുന്നു ,ഞാന്‍ നോക്കിയപ്പോള്‍ മാതാപിതാക്കള്‍ക്ക് അവന്‍ ഒരുവരിപോലും നന്ദി എഴുതിയിട്ടില്ല .ഞാന്‍ അവനോടു തിരക്കി എന്തേ ഇത് ഇങ്ങനെ? അവന്‍ പറഞ്ഞു എന്‍റെ ജീവിതത്തില്‍ ഇത്രയും പേരെ ഉള്ളു. ഞാന്‍ തിരക്കി മാതാിതാക്കള്‍ക്ക് നന്ദി എഴുതുവാന്‍ നീ മറന്നതാണോ? അപ്പോള്‍ അവന്‍റെ മുഖമാകെ വലിഞ്ഞു മുറുകി. പിന്നെ പൊട്ടിത്തെറിക്കും വിധം എന്നോട് ചോദിച്ചു
" ദിവസങ്ങള്‍ പ്രായമുള്ളപ്പോള്‍ എന്നെ ഒരു ഹാര്ഡ് ബോര്‍ഡ് പെട്ടിയിലാക്കി കുപ്പയില്‍ ഉപേക്ഷിച്ച അവരോടു ഞാന്‍ എന്ത് കാരണത്തിനാണ് നന്ദി പറയേണ്ടത്?"
പിന്നെ ആര്‍ത്തലച്ചൊരു കരച്ചിലും, ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യേണ്ട് എന്നറിയാതെ നിന്നുപോയ്.
പിന്നെ പതിയെ ഞാന്‍ അവന്‍റെ തലയില്‍ തഴുകി കരച്ചിലിന്‍റെ ശക്തി ഒന്നു കുറയുന്നിടം വരെ ഞാന്‍ അങ്ങനെ തന്നെ ചെയ്തുകൊണ്ട് നിന്നു .അവസാനം ഞാന്‍ അവനോടു പറഞ്ഞു അവരോടും നിനക്ക് നന്ദി പറയാം. അവന്‍ എന്നെ ക്രൂദ്ധനായി നോക്കിക്കൊണ്ട്‌ ചോദിച്ചു "എന്ത് കാരണത്തിന് ?"
ഞാന്‍ പതിയെ പറഞ്ഞു "നിന്നെ ഈ ലോകത്തില്‍ ജനിക്കുവാന്‍ അനുവദിച്ചതിന് -
അവര്‍ക്ക് വേണമെങ്കില്‍ നീ ജനിക്കും മുന്നേ നിന്നെ നശിപ്പിക്കാമായിരുന്നു,- പിന്നെ നിന്നെ ഉപേക്ഷിച്ചപ്പോള്‍ പോലും നിന്നോട് സ്നേഹം കാട്ടി അവര്‍ , അതിന്. ആ കടലാസ് പെട്ടിപോലും നിന്നോടുള്ള അവരുടെ സ്നേഹത്തെ സൂചിപ്പിക്കുന്നു .നിനക്ക് തണുപ്പടിക്കാതിരിക്കാന്‍ നിന്നെ തെരുവു പട്ടികള്‍ കടിച്ചു കീറാതിരിക്കാന്‍ അവര്‍ ശ്രദ്ധയോടെ നിന്നെ ആ പെട്ടിക്കുള്ളില്‍ ആക്കിയാണ് അവിടെ ഉപേക്ഷിച്ചത്, അതിനു നിനക്ക് നന്ദി പറയാം.
അങ്ങനെ ചിന്തിച്ചാല്‍ എത്രയെത്ര കാര്യങ്ങള്‍ക്ക് നമുക്ക് നന്ദി പറയുവാനുണ്ട്. വീണ്ടും അവന്‍ ഏങ്ങിയേങ്ങി കരയുവാന്‍ തുടങ്ങി പതിയെ അവനെ തനിയെ വിട്ടു മടങ്ങാം എന്ന് കരുതിയ എന്നെ അവന്‍ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു "നന്ദി എന്‍റെ മാതാപിതാക്കള്‍ എന്നെ സ്നേഹിച്ചിരുന്നു എന്ന ഒരു കാഴ്ച്ചപ്പാട് എനിക്ക് കാട്ടിത്തന്നതിന് നന്ദി ഒരായിരം നന്ദി.... ഇതുമതി എനിക്ക്.... അവര്‍ ജീവിച്ഛിരിക്കയോ മരിക്കയോ ചെയ്തിരിക്കാം അതെന്തുമാവട്ടെ പക്ഷെ ഇന്നുമുതല്‍ ഞാന്‍ അവരെയും സ്നേഹിക്കുവാന്‍ തുടങ്ങിയിരിക്കുന്നു .നന്ദി നന്ദി....... ഇപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞൊഴുകുവാന്‍ തുടങ്ങി......,
നമ്മള്‍ പലപ്പോഴും നമ്മുടെ ഭാഗത്ത് നിന്ന് മാത്രമാണ് ചിന്തിക്കുന്നത്,നമ്മുടെ ഭാഗം പൂര്‍ണ്ണമായും ശരിയുമാവാം പക്ഷെ അതുകൊണ്ട് അടുത്തവന്‍ തെറ്റാവണം എന്നില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഒരു ചിത്രം പോലെ 6 എന്ന അക്കത്തിന്‍റെ തലക്കലും കാല്‍ക്കലും നിന്ന്‍ രണ്ടു പേര്‍ തര്‍ക്കിക്കുന്നു ഇത് 6 ആണ് ഇത് 9 ആണ് ആരാണ് ശരി ? രണ്ടുപേരും ശരിയാണ് .. പക്ഷെ അടുത്തവന്റെ ശരിയെ കാണാന്‍ നമ്മള്‍ അവന്‍റെ കാഴ്ചപ്പാടിലൂടെ കാണുവാന്‍ നോക്കണം അങ്ങനെ നോക്കുമ്പോള്‍ നമുക്ക് ജീവിതത്തിലെ പല വാശികളും ഒഴിവാക്കുവാന്‍ സാധിക്കും പലതിനെയും പുതിയൊരു വീക്ഷണത്തിലൂടെ നോക്കിക്കാണുവാന്‍ നമുക്ക് സാദിക്കും .
ഈ ദിവസങ്ങളിൽ നമുക്ക് നമ്മുടെ കാഴ്ചപ്പാടുകള്‍ മാത്രം ശരിയെന്നു ചിന്തിക്കാതെ അടുത്തവന്‍റെ കാഴ്ച്ചപ്പടിലൂടെയും നോക്കുകയും മനസ്സിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്യാം.അതിലൂടെ തന്നെ ചെറിയ കാര്യങ്ങള്‍ക്കുപോലും നന്ദിയുള്ളവര്‍ ആയി ജീവിക്കാം .
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം
ജോഷി

ഒരു കഥ സൊല്ലട്ടുമാ ....


1960കളുടെ അവസാനം തങ്ങളുടെ വിവാഹ ജീവിതത്തിന്റെ നല്ല നാളുകളിലൂടെ കടന്നു പോകുന്ന ഒരു യുവാവും യുവതിയും , തങ്ങളുടെ വീടുകളിൽ നിന്നും ദൂരെ അവന്റെ ജോലി സ്ഥലമായ എസ്റ്റേറ്റിൽ സന്തോഷത്തോടെ വസിക്കുന്ന കാലം അവരുടെ ദാമ്പത്യ വല്ലിയിലേക്ക് ആദ്യപുഷ്പമായി ഒരു ആൺ പ്രജ പിറന്നു,നാലുവര്ഷത്തിനു ശേഷം അവരെ കൂടുതൽ സന്തോഷത്തിലാക്കിക്കൊണ്ടു ഒരു പ്രജ കൂടി ഭൂജാതനായി.
സന്തോഷത്തിന്റെ നാളുകളിലൂടെ അവർ കടന്നു പൊയ്ക്കൊണ്ടിരിക്കെ അവൻ അസുഖ ബാധിതൻ ആവുന്നു സന്തോഷത്തിന്റെ നാളുകൾ കടന്നു പോയ് ,ചികിത്സയുടെ കാലഘട്ടം. വൈദ്യശാസ്ത്രം ഇത്ര വളർന്നിട്ടില്ലാത്ത കാലം, അവളുടെ പ്രാർത്ഥനയുടെയും സ്നേഹകരുതലുകളുടെയും നിറവിൽ മൂന്നു വർഷക്കാലം പിന്നെയും നീങ്ങി , അവൻ മരിച്ചു എന്ന് വൈദ്യന്മാർ വിധിയെഴുതിയ ഇടത്തു നിന്നും അവൾ ദൈവത്തോട് യാചിച്ചു വാങ്ങിയ മൂന്നു വർഷങ്ങൾ ആയിരുന്നു അത് ,അതിനു മുൻപ് ഒരു പ്രാർത്ഥന പോലും ചൊല്ലില്ലായിരുന്ന അവനെ പ്രാർത്ഥിപ്പിക്കുവാൻ വേണ്ടി എനിക്ക് തരണേ എന്ന യാചനക്കു മുന്നിൽ ദൈവത്തിനു കണ്ണടക്കാൻ ആയില്ല എന്ന് പറയാം , അടുത്ത മൂന്നു വർഷകാലം അവൻ ദൈവ മകനായി ജീവിച്ചു അവസാനം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ,ഹൃദയത്തിന്റെ വാൽവ് മാറ്റിവക്കുവാനുള്ള ഓപ്പറേഷന് വേണ്ടി അവർ കടന്നു ചെന്നു. ഓപ്പറേഷൻ കഴിഞ്ഞു പക്ഷെ ആറാം നാൾ അവൻ ഈ ലോകത്തോട് യാത്ര പറഞ്ഞു കടന്നു പോയി. ഏഴരയും , മൂന്നരയും വയസു പ്രായമുള്ള രണ്ടു കുട്ടികളും 28 വയസ്സുള്ള അവളും ഈ ലോകത്തു എന്ത് ചെയ്യേണ്ടു എന്നറിയാതെ പകച്ച് .......
അവന്റെ യാത്രക്ക് ശേഷം പതിയെ പതിയെ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ തുടങ്ങിയ അവൾക്കായി അവൻ അവശേഷിപ്പിച്ചു പോയിരുന്ന അവന്റെ ഒരു ഡയറി ഉണ്ടായിരുന്നു , ആശുപത്രി കിടക്കയിൽ വച്ച് അവൻ കുനു കുനാ എന്തൊക്കെയോ എഴുതിയിരുന്നത് അവൾ കണ്ടിരുന്നു , അവൾ ആ പേജുകളിലൂടെ കടന്നു പോയി ,
താൻ കടന്നു പോയി കഴിയുമ്പോൾ അവൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ,വ്യക്തമായി അവൻ എഴുതിയിരുന്നു . മക്കൾ തിരിച്ചറിവിന്റെ കാലം എത്തുമ്പോൾ അവർക്കു വായിക്കുവാനും , അവന്റെയും അവളുടെയും മാതാപിതാക്കൾക്ക് വായിക്കുവാനും അവൻ പ്രത്യേകം പ്രത്യേകം എഴുതിയിരുന്നു. അവളുടെ തുടർ ജീവിതത്തെ കുറിച്ചായിരുന്നു അവന്റെ ഉത്കണ്ഠ മുഴുവൻ സ്നേഹിക്കാൻ മാത്രമറിയാവുന്ന അവനാകുന്നു ലോകം മാത്രം കണ്ടിട്ടുള്ള അവളെ ഒറ്റക്കാക്കി കടന്നു പോകുന്നതിൽ അവൻ വിഷമിച്ചിരുന്നു , മാതാപിതാക്കൾക്കുള്ള കുറിപ്പിൽ അവൻ കുറിച്ചിട്ടു "അവളെ മറ്റൊരു വിവാഹം കഴിപ്പിച്ചയക്കണം " .അവൾക്കവൻ എഴുതി മക്കളെക്കുറിച്ചു ഭാരപ്പെടേണ്ട ആൺകുട്ടികൾ ആണവർ .അവർ എങ്ങനെയും വളർന്നോളും നിന്റെ ജീവിതം നീ നശിപ്പിക്കരുത് ........
പക്ഷെ അവൾ അവന്റെ വാക്കുകൾ ചെവിക്കൊണ്ടില്ല മറ്റൊരു വിവാഹത്തിന് അവൾ സമ്മതിച്ചില്ല രണ്ടു മക്കൾക്കായി അവൾ ജീവിച്ചു , അല്പം തിരിച്ചറിവായ കാലത്തു അപ്പന്റെ ഡയറി മക്കൾ വായിച്ചു പക്ഷെ തങ്ങളെ അനാഥരാക്കി പൊയ്ക്കൊള്ളാൻ അമ്മയെ ഉപദേശിച്ച അപ്പനോട് ആദ്യം ദേഷ്യമാണ് തോന്നിയത് . അപ്പോഴും 'അമ്മ ചെയ്ത ത്യാഗത്തിന്റെ വലിപ്പം ഉൾക്കൊള്ളാൻ മക്കൾക്ക് സാധിച്ചിരുന്നില്ല . ചെറുപ്പത്തിൽ കൂട്ടുകാർക്കുള്ള പല സൗകര്യങ്ങളും തങ്ങൾക്കില്ലാത്തതിൽ അമ്മയോട് കലഹിച്ചിരുന്നു ആ മക്കൾ.
വർഷങ്ങൾ കഴിഞ്ഞു മക്കൾക്ക് അത്യാവശ്യം ജീവിത സാഹചര്യങ്ങൾ ഒക്കെയായി , രണ്ടുപേരുടെയും വിവാഹം ഒക്കെ കഴിഞ്ഞു കുഞ്ഞുമക്കളും ഒക്കെയായി സന്തോഷമായി കടന്നു പോകുന്ന കാലം. അപ്പോഴും മക്കൾക്ക് അമ്മയുടെ വലിയ മഹത്വം കാണുവാൻ അല്ലെങ്കിൽ അതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാനോ സാധിച്ചിരുന്നില്ല , അങ്ങനെ ഇരിക്കെ 'അമ്മ പെട്ടെന്ന് അസുഖ ബാധിത ആവുന്നു അധികം കാലം കഴിയും മുന്നേ അവൾ ഈ ലോകത്തു നിന്നും കടന്നു പോകുന്നു .
'അമ്മ കടന്നു പോയിക്കഴിഞ്ഞപ്പോൾ ആണ് എത്ര പെട്ടെന്നാണ് തങ്ങൾ അനാഥരായി പോയത് എന്ന് മക്കൾ തിരിച്ചറിയുന്നത് , പെട്ടെന്ന് നടുക്കടലിൽ ആയിപ്പോയ അവസ്ഥ , 'അമ്മ തങ്ങളുടെ ജീവിതത്തിന്റെ മൂലക്കല്ല് ആയിരുന്നു എന്ന് അപ്പോഴാണ് മക്കൾക്ക് പൂർണ്ണമായി ഉൾക്കൊള്ളാൻ ആവുന്നത് .'അമ്മ ചെയ്ത ത്യാഗത്തിന്റെ വലിപ്പം മനസ്സിലാക്കുന്നത് അതിനു ശേഷം അപ്പന്റെ ഡയറി വായിക്കുമ്പോൾ ആണ്. എവിടൊക്കെയോ എങ്ങിനൊക്കെയോ എന്ന് പറയാൻ ആവില്ലാത്ത വിധത്തിൽ ആകേണ്ടിയിരുന്ന രണ്ടു കുഞ്ഞുങ്ങളെ ആരൊക്കെയോ ആക്കിയതിനു പിന്നിൽ ഒരു പാവം സ്ത്രീയുടെ ജീവിതത്തിന്റെ വിലയുണ്ട് എന്ന് പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിച്ചത് .
എന്റെ അപ്പനും അമ്മയുമാണ് മുകളിൽ പറഞ്ഞ ചെറുപ്പക്കാരനും ,ചെറുപ്പക്കാരിയും.എനിക്കും എന്റെ സഹോദരനും വേണ്ടി എരിഞ്ഞു തീർന്ന ജീവിതമാണ് ഞങ്ങളുടെ 'അമ്മ . 28 വയസ്സ് ഇന്നൊരു പെൺകുട്ടിയുടെ വിവാഹപ്രായമാണ് ,ആ പ്രായത്തിൽ വിധവയായി അന്നുമുതൽ മക്കൾക്കായി ജീവിച്ച ജീവിതം ,എത്ര വിശുദ്ധമാണത് . എത്ര ത്യാഗപൂര്ണമാണത് ?
സമയം നമ്മുടെ കയ്യിൽ നിൽക്കുന്ന ഒന്നല്ല ഇന്ന് ചെയ്യേണ്ടത് ഇന്നുതന്നെ ചെയ്യണം , എന്തിനെയെങ്കിലും ഒക്കെ പ്രതി അഹങ്കാരം തോന്നുന്നുണ്ടെങ്കിൽ അതൊക്കെ നിമിഷ നേരം കൊണ്ട് തീർന്നു പോകാവുന്നതേയുള്ളു എന്ന് മനസ്സിലാക്കുക.മനുഷ്യ ജീവിതം എന്ന് പറയുന്നത് വലിയ സംഭവം ഒന്നുമല്ല ,അഹങ്കരിക്കുവാൻ ഒന്നുമില്ല അതിൽ.ആരുടെയൊക്കെയോ ദാനമാണ് നമ്മൾ ഓരോരുത്തരുടെയും ജീവിതം ,ആരൊക്കെയോ തങ്ങളുടെ ജീവിതം എരിച്ചു തീർത്ത് ദാനം നല്കുന്നതാവും നിങ്ങളുടെ ജീവിതം ,ഞാൻ ആരിൽ നിന്നും ഒന്നും വാങ്ങിയിട്ടില്ല എന്റെ സ്വന്ത കഷ്ടപ്പാടിനാൽ ഉണ്ടാക്കിയതാണിവയെല്ലാം എന്നൊക്കെ വീമ്പിളക്കുന്നവർ ഉണ്ട് .പോഴന്മാർ എന്നേ അവരെ വിളിക്കാൻ പറ്റൂ .
നീ പനിച്ചു കിടന്ന രാത്രിയിൽ നിന്നെ ചേർത്തു പിടിച്ചു കരഞ്ഞു പ്രാർത്ഥിച്ച നിന്റെ അമ്മയുടെ കണ്ണീരിന്റെഉപ്പാണ് നിന്റെ ജീവിതം, ഓരോ നാഴിക കൂടുമ്പോഴും വന്ന് നെറ്റിയിൽ തൊട്ടു നോക്കി മുറിയിലൂടെ എരിപിരി കൊണ്ട് നടന്ന അപ്പന്റെ ഉറക്കളപ്പാണ് നിന്റെ ജീവിതം ............... അങ്ങനെ എത്രയെത്ര കാര്യങ്ങൾ .
നിന്നെ ഈ ഭൂമിയിൽ ജനിക്കാൻ സമ്മതിച്ചു എന്നത് തന്നെ വലിയൊരു ദാനമാണ് .എത്രയോ പേരാണ് ഗർഭത്തിൽ തന്നെ മക്കളെ നശിപ്പിച്ചു കളയുന്നത് ?
അല്പം നേരത്തെ ഈ തിരിച്ചറിവ് കിട്ടിയിരുന്നുവെങ്കിൽ അമ്മയെ കുറേക്കൂടി രാജകീയമായി കൊണ്ട് നടക്കാ മായിരുന്നു എന്ന് ഇന്ന് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ, ഈ കുറിപ്പ് എഴുതിയത് മറ്റുള്ളവർക്കായിട്ടാണ് , നിങ്ങൾക്കൊപ്പമുള്ള അപ്പനെ അമ്മയെ, സഹോദരനെ ,സഹോദരിയെ ,ഭാര്യയെ,ഭർത്താവിനെ അല്പം കൂടി കരുതാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ട് കാര്യമില്ല .ജീവിതം ഇന്നിലാണ് , ഇപ്പോൾ ചെയ്യേണ്ടത് ഇപ്പോൾ ചെയ്യുക. നാളെ ചിലപ്പോൾ അവർ ഉണ്ടാവില്ല അല്ലെങ്കിൽ നാം ഉണ്ടാവില്ല.
സ്നേഹം തന്നെ ആവട്ടെ ജീവിതം , ആ നസ്രേത്തിലെ മരപ്പണിക്കാരൻ അവസാനം തന്നേച്ചു പോയ കല്പന പോലെ സ്നേഹം .. സ്നേഹം .. സ്നേഹം അതാവട്ടെ നമ്മുക്ക് ചുറ്റിലും .
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം
ജോഷി