1960കളുടെ അവസാനം തങ്ങളുടെ വിവാഹ ജീവിതത്തിന്റെ നല്ല നാളുകളിലൂടെ കടന്നു പോകുന്ന ഒരു യുവാവും യുവതിയും , തങ്ങളുടെ വീടുകളിൽ നിന്നും ദൂരെ അവന്റെ ജോലി സ്ഥലമായ എസ്റ്റേറ്റിൽ സന്തോഷത്തോടെ വസിക്കുന്ന കാലം അവരുടെ ദാമ്പത്യ വല്ലിയിലേക്ക് ആദ്യപുഷ്പമായി ഒരു ആൺ പ്രജ പിറന്നു,നാലുവര്ഷത്തിനു ശേഷം അവരെ കൂടുതൽ സന്തോഷത്തിലാക്കിക്കൊണ്ടു ഒരു പ്രജ കൂടി ഭൂജാതനായി.
സന്തോഷത്തിന്റെ നാളുകളിലൂടെ അവർ കടന്നു പൊയ്ക്കൊണ്ടിരിക്കെ അവൻ അസുഖ ബാധിതൻ ആവുന്നു സന്തോഷത്തിന്റെ നാളുകൾ കടന്നു പോയ് ,ചികിത്സയുടെ കാലഘട്ടം. വൈദ്യശാസ്ത്രം ഇത്ര വളർന്നിട്ടില്ലാത്ത കാലം, അവളുടെ പ്രാർത്ഥനയുടെയും സ്നേഹകരുതലുകളുടെയും നിറവിൽ മൂന്നു വർഷക്കാലം പിന്നെയും നീങ്ങി , അവൻ മരിച്ചു എന്ന് വൈദ്യന്മാർ വിധിയെഴുതിയ ഇടത്തു നിന്നും അവൾ ദൈവത്തോട് യാചിച്ചു വാങ്ങിയ മൂന്നു വർഷങ്ങൾ ആയിരുന്നു അത് ,അതിനു മുൻപ് ഒരു പ്രാർത്ഥന പോലും ചൊല്ലില്ലായിരുന്ന അവനെ പ്രാർത്ഥിപ്പിക്കുവാൻ വേണ്ടി എനിക്ക് തരണേ എന്ന യാചനക്കു മുന്നിൽ ദൈവത്തിനു കണ്ണടക്കാൻ ആയില്ല എന്ന് പറയാം , അടുത്ത മൂന്നു വർഷകാലം അവൻ ദൈവ മകനായി ജീവിച്ചു അവസാനം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ,ഹൃദയത്തിന്റെ വാൽവ് മാറ്റിവക്കുവാനുള്ള ഓപ്പറേഷന് വേണ്ടി അവർ കടന്നു ചെന്നു. ഓപ്പറേഷൻ കഴിഞ്ഞു പക്ഷെ ആറാം നാൾ അവൻ ഈ ലോകത്തോട് യാത്ര പറഞ്ഞു കടന്നു പോയി. ഏഴരയും , മൂന്നരയും വയസു പ്രായമുള്ള രണ്ടു കുട്ടികളും 28 വയസ്സുള്ള അവളും ഈ ലോകത്തു എന്ത് ചെയ്യേണ്ടു എന്നറിയാതെ പകച്ച് .......
അവന്റെ യാത്രക്ക് ശേഷം പതിയെ പതിയെ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ തുടങ്ങിയ അവൾക്കായി അവൻ അവശേഷിപ്പിച്ചു പോയിരുന്ന അവന്റെ ഒരു ഡയറി ഉണ്ടായിരുന്നു , ആശുപത്രി കിടക്കയിൽ വച്ച് അവൻ കുനു കുനാ എന്തൊക്കെയോ എഴുതിയിരുന്നത് അവൾ കണ്ടിരുന്നു , അവൾ ആ പേജുകളിലൂടെ കടന്നു പോയി ,
താൻ കടന്നു പോയി കഴിയുമ്പോൾ അവൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ,വ്യക്തമായി അവൻ എഴുതിയിരുന്നു . മക്കൾ തിരിച്ചറിവിന്റെ കാലം എത്തുമ്പോൾ അവർക്കു വായിക്കുവാനും , അവന്റെയും അവളുടെയും മാതാപിതാക്കൾക്ക് വായിക്കുവാനും അവൻ പ്രത്യേകം പ്രത്യേകം എഴുതിയിരുന്നു. അവളുടെ തുടർ ജീവിതത്തെ കുറിച്ചായിരുന്നു അവന്റെ ഉത്കണ്ഠ മുഴുവൻ സ്നേഹിക്കാൻ മാത്രമറിയാവുന്ന അവനാകുന്നു ലോകം മാത്രം കണ്ടിട്ടുള്ള അവളെ ഒറ്റക്കാക്കി കടന്നു പോകുന്നതിൽ അവൻ വിഷമിച്ചിരുന്നു , മാതാപിതാക്കൾക്കുള്ള കുറിപ്പിൽ അവൻ കുറിച്ചിട്ടു "അവളെ മറ്റൊരു വിവാഹം കഴിപ്പിച്ചയക്കണം " .അവൾക്കവൻ എഴുതി മക്കളെക്കുറിച്ചു ഭാരപ്പെടേണ്ട ആൺകുട്ടികൾ ആണവർ .അവർ എങ്ങനെയും വളർന്നോളും നിന്റെ ജീവിതം നീ നശിപ്പിക്കരുത് ........
പക്ഷെ അവൾ അവന്റെ വാക്കുകൾ ചെവിക്കൊണ്ടില്ല മറ്റൊരു വിവാഹത്തിന് അവൾ സമ്മതിച്ചില്ല രണ്ടു മക്കൾക്കായി അവൾ ജീവിച്ചു , അല്പം തിരിച്ചറിവായ കാലത്തു അപ്പന്റെ ഡയറി മക്കൾ വായിച്ചു പക്ഷെ തങ്ങളെ അനാഥരാക്കി പൊയ്ക്കൊള്ളാൻ അമ്മയെ ഉപദേശിച്ച അപ്പനോട് ആദ്യം ദേഷ്യമാണ് തോന്നിയത് . അപ്പോഴും 'അമ്മ ചെയ്ത ത്യാഗത്തിന്റെ വലിപ്പം ഉൾക്കൊള്ളാൻ മക്കൾക്ക് സാധിച്ചിരുന്നില്ല . ചെറുപ്പത്തിൽ കൂട്ടുകാർക്കുള്ള പല സൗകര്യങ്ങളും തങ്ങൾക്കില്ലാത്തതിൽ അമ്മയോട് കലഹിച്ചിരുന്നു ആ മക്കൾ.
വർഷങ്ങൾ കഴിഞ്ഞു മക്കൾക്ക് അത്യാവശ്യം ജീവിത സാഹചര്യങ്ങൾ ഒക്കെയായി , രണ്ടുപേരുടെയും വിവാഹം ഒക്കെ കഴിഞ്ഞു കുഞ്ഞുമക്കളും ഒക്കെയായി സന്തോഷമായി കടന്നു പോകുന്ന കാലം. അപ്പോഴും മക്കൾക്ക് അമ്മയുടെ വലിയ മഹത്വം കാണുവാൻ അല്ലെങ്കിൽ അതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാനോ സാധിച്ചിരുന്നില്ല , അങ്ങനെ ഇരിക്കെ 'അമ്മ പെട്ടെന്ന് അസുഖ ബാധിത ആവുന്നു അധികം കാലം കഴിയും മുന്നേ അവൾ ഈ ലോകത്തു നിന്നും കടന്നു പോകുന്നു .
'അമ്മ കടന്നു പോയിക്കഴിഞ്ഞപ്പോൾ ആണ് എത്ര പെട്ടെന്നാണ് തങ്ങൾ അനാഥരായി പോയത് എന്ന് മക്കൾ തിരിച്ചറിയുന്നത് , പെട്ടെന്ന് നടുക്കടലിൽ ആയിപ്പോയ അവസ്ഥ , 'അമ്മ തങ്ങളുടെ ജീവിതത്തിന്റെ മൂലക്കല്ല് ആയിരുന്നു എന്ന് അപ്പോഴാണ് മക്കൾക്ക് പൂർണ്ണമായി ഉൾക്കൊള്ളാൻ ആവുന്നത് .'അമ്മ ചെയ്ത ത്യാഗത്തിന്റെ വലിപ്പം മനസ്സിലാക്കുന്നത് അതിനു ശേഷം അപ്പന്റെ ഡയറി വായിക്കുമ്പോൾ ആണ്. എവിടൊക്കെയോ എങ്ങിനൊക്കെയോ എന്ന് പറയാൻ ആവില്ലാത്ത വിധത്തിൽ ആകേണ്ടിയിരുന്ന രണ്ടു കുഞ്ഞുങ്ങളെ ആരൊക്കെയോ ആക്കിയതിനു പിന്നിൽ ഒരു പാവം സ്ത്രീയുടെ ജീവിതത്തിന്റെ വിലയുണ്ട് എന്ന് പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിച്ചത് .
എന്റെ അപ്പനും അമ്മയുമാണ് മുകളിൽ പറഞ്ഞ ചെറുപ്പക്കാരനും ,ചെറുപ്പക്കാരിയും.എനിക്കും എന്റെ സഹോദരനും വേണ്ടി എരിഞ്ഞു തീർന്ന ജീവിതമാണ് ഞങ്ങളുടെ 'അമ്മ . 28 വയസ്സ് ഇന്നൊരു പെൺകുട്ടിയുടെ വിവാഹപ്രായമാണ് ,ആ പ്രായത്തിൽ വിധവയായി അന്നുമുതൽ മക്കൾക്കായി ജീവിച്ച ജീവിതം ,എത്ര വിശുദ്ധമാണത് . എത്ര ത്യാഗപൂര്ണമാണത് ?
സമയം നമ്മുടെ കയ്യിൽ നിൽക്കുന്ന ഒന്നല്ല ഇന്ന് ചെയ്യേണ്ടത് ഇന്നുതന്നെ ചെയ്യണം , എന്തിനെയെങ്കിലും ഒക്കെ പ്രതി അഹങ്കാരം തോന്നുന്നുണ്ടെങ്കിൽ അതൊക്കെ നിമിഷ നേരം കൊണ്ട് തീർന്നു പോകാവുന്നതേയുള്ളു എന്ന് മനസ്സിലാക്കുക.മനുഷ്യ ജീവിതം എന്ന് പറയുന്നത് വലിയ സംഭവം ഒന്നുമല്ല ,അഹങ്കരിക്കുവാൻ ഒന്നുമില്ല അതിൽ.ആരുടെയൊക്കെയോ ദാനമാണ് നമ്മൾ ഓരോരുത്തരുടെയും ജീവിതം ,ആരൊക്കെയോ തങ്ങളുടെ ജീവിതം എരിച്ചു തീർത്ത് ദാനം നല്കുന്നതാവും നിങ്ങളുടെ ജീവിതം ,ഞാൻ ആരിൽ നിന്നും ഒന്നും വാങ്ങിയിട്ടില്ല എന്റെ സ്വന്ത കഷ്ടപ്പാടിനാൽ ഉണ്ടാക്കിയതാണിവയെല്ലാം എന്നൊക്കെ വീമ്പിളക്കുന്നവർ ഉണ്ട് .പോഴന്മാർ എന്നേ അവരെ വിളിക്കാൻ പറ്റൂ .
നീ പനിച്ചു കിടന്ന രാത്രിയിൽ നിന്നെ ചേർത്തു പിടിച്ചു കരഞ്ഞു പ്രാർത്ഥിച്ച നിന്റെ അമ്മയുടെ കണ്ണീരിന്റെഉപ്പാണ് നിന്റെ ജീവിതം, ഓരോ നാഴിക കൂടുമ്പോഴും വന്ന് നെറ്റിയിൽ തൊട്ടു നോക്കി മുറിയിലൂടെ എരിപിരി കൊണ്ട് നടന്ന അപ്പന്റെ ഉറക്കളപ്പാണ് നിന്റെ ജീവിതം ............... അങ്ങനെ എത്രയെത്ര കാര്യങ്ങൾ .
നിന്നെ ഈ ഭൂമിയിൽ ജനിക്കാൻ സമ്മതിച്ചു എന്നത് തന്നെ വലിയൊരു ദാനമാണ് .എത്രയോ പേരാണ് ഗർഭത്തിൽ തന്നെ മക്കളെ നശിപ്പിച്ചു കളയുന്നത് ?
അല്പം നേരത്തെ ഈ തിരിച്ചറിവ് കിട്ടിയിരുന്നുവെങ്കിൽ അമ്മയെ കുറേക്കൂടി രാജകീയമായി കൊണ്ട് നടക്കാ മായിരുന്നു എന്ന് ഇന്ന് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ, ഈ കുറിപ്പ് എഴുതിയത് മറ്റുള്ളവർക്കായിട്ടാണ് , നിങ്ങൾക്കൊപ്പമുള്ള അപ്പനെ അമ്മയെ, സഹോദരനെ ,സഹോദരിയെ ,ഭാര്യയെ,ഭർത്താവിനെ അല്പം കൂടി കരുതാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ട് കാര്യമില്ല .ജീവിതം ഇന്നിലാണ് , ഇപ്പോൾ ചെയ്യേണ്ടത് ഇപ്പോൾ ചെയ്യുക. നാളെ ചിലപ്പോൾ അവർ ഉണ്ടാവില്ല അല്ലെങ്കിൽ നാം ഉണ്ടാവില്ല.
സ്നേഹം തന്നെ ആവട്ടെ ജീവിതം , ആ നസ്രേത്തിലെ മരപ്പണിക്കാരൻ അവസാനം തന്നേച്ചു പോയ കല്പന പോലെ സ്നേഹം .. സ്നേഹം .. സ്നേഹം അതാവട്ടെ നമ്മുക്ക് ചുറ്റിലും .
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം
ജോഷി
No comments:
Post a Comment