Saturday, March 21, 2020

മനസ്സിനെ എന്തുകൊണ്ട് നിറക്കണം

പണ്ട് രണ്ടാം ക്ലാസ്സില്‍ വച്ചു പഠിച്ച ഒരു പാഠം ആര്‍ക്കെങ്കിലും ഓര്‍മ്മയില്‍ നില്ക്കുന്നുണ്ടോ ? 

ഒരു ഗുരുവിനു രണ്ടു ശിഷ്യന്മാര്‍ ഉണ്ടായിരുന്നു അവരുടെ വിദ്യാകാലം ഒക്കെ തീരാറായ കാലത്തില്‍ ഒരു ദിവസം ഗുരു രണ്ടുപേരെയും വിളിച്ച് ഓരോ മുറികള്‍ അവരെ കാണിച്ചു എന്നിട്ട് രണ്ടുപേര്‍ക്കും ഓരോ വെള്ളി നാണയങ്ങളും നല്‍കി .ശേഷം ഗുരു പറഞ്ഞു നിങ്ങള്‍ ഈ വെള്ളി നാണയങ്ങള്‍ കൊണ്ട് നിങ്ങള്ക്ക് കിട്ടിയിരിക്കുന്ന മുറികളെ നിറയ്ക്കണം ഇന്ന് വൈകുന്നേരം വരെ നിങ്ങള്ക്ക് സമയം ഉണ്ട് .
ഒന്നാമന്‍ തനിക്കു കിട്ടിയ വെള്ളി നാണയവുമായി വെളിയിലേക്കിറങ്ങി എന്ത് സാധനമാണ് മുറി മുഴുവന്‍ നിറക്കുവാന്‍ ഈ ഒരു നാണയം കൊണ്ട് ലഭിക്കുന്നത് ? അവന്‍ തേടി നടന്നപ്പോള്‍ കണ്ടു ഗ്രാമത്തിലെ കച്ചട വാരി കളയുവാന്‍ ഒരാള്‍ പോകുന്നത് ,ആ ശിഷ്യന്‍ അയാളെ സമീപിച്ചു പറഞ്ഞു ഞാന്‍ നിനക്കൊരു വെള്ളി നാണയം തരാം നീ ഈ കച്ചട സാധനങ്ങള്‍ മുഴുവന്‍ ഞാന്‍ പറയുന്ന സ്ഥലത്ത് എത്തിച്ചാല്‍, അയാള്‍ സമ്മതിച്ചു .ശിഷ്യന്‍ തന്റെ മുറി ആ കച്ചടകളാല്‍  നിറച്ചു .

അടുത്ത ശിഷ്യന്‍ തന്‍റെ  ഇരുട്ട് നിറഞ്ഞു കിടന്ന തന്‍റെ മുറിയില്‍ പ്രവേശിച്ചു മുറിയുടെ ജാലകങ്ങള്‍ ഒക്കെ തുറന്നു ,മുറി വെളിച്ചം കൊണ്ട് നിറഞ്ഞു ,ശേഷം തനിക്കു കിട്ടിയ വെള്ളി നാണയം കൊണ്ട് ചില സുഗന്ധ ദ്രവ്യങ്ങള്‍ വാങ്ങി വന്നു മുറിയില്‍ അവ കത്തിച്ചു വച്ചു  മുറി സുഗന്ധം കൊണ്ട് നിറഞ്ഞു, പിന്നെ ആ ശിഷ്യന്‍ അവിടെ ഇരുന്നു ഈശ്വര കീര്‍ത്തനങ്ങള്‍ ആലപിക്കുവാന്‍ തുടങ്ങി മുറി സംഗീതത്താല്‍ നിറഞ്ഞു . ഗുരു വന്നു നോക്കി ആദ്യ ശിഷ്യന്റെ മുറിയുടെ മുന്നില്‍ നിന്നും മൂക്ക് പൊത്തി ഓടി ,അടുത്ത ശിഷ്യന്റെ മുറിയില്‍ കയറിയ ഗുരു ശിഷ്യനെ ചേര്‍ത്തണച്ചു .

ഈ രണ്ടു ശിഷ്യരുടെ പ്രവര്‍ത്തികള്‍ പോലെ നാം ഓരോരുത്തരുടെ ജീവിതത്തിലും രണ്ടു സാധ്യതകള്‍ ഉണ്ട് , ഒന്നുകില്‍ നമ്മുടെ ജീവിതത്തെ ഗാർബേജുകൾ കൊണ്ട് നിറക്കാം അല്ലെങ്കില്‍ വെളിച്ചവും സുഗന്ധവും ,പ്രാര്‍ഥനകളും ഒക്കെ കൊണ്ട് നിറക്കാം . 

ജീവിതത്തിലെ ഏതു കാര്യത്തെയും നെഗറ്റീവ് ആയി അപ്രോച് ചെയ്യുന്നവര്‍ തങ്ങളുടെ ജീവിതത്തെ ഗാർബേജുകൾ കൊണ്ട് നിറയ്ക്കുകയാണ് ചെയ്യുന്നത് ,അനാവശ്യമായ ഭയം ,വാക്കുകള്‍ക്കു ആവശ്യമില്ലാത്ത അര്‍ഥങ്ങള്‍ കൊടുക്കല്‍,എന്നിട്ട് ആ അര്‍ത്ഥങ്ങളില്‍ പെട്ട് ടെന്‍ഷന്‍ അടിച്ച് ജീവിക്കുക , ഇതെല്ലാം  ഈ ഗാര്‍ബേജ് നിറക്കല്‍ പരിപാടിയാണ് . 

എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും ഇതിന്റെയെല്ലാം അപ്പുറം മറ്റൊരു സാധ്യത കൂടി ഉണ്ട് എന്ന് തിരിച്ചറിഞ്ഞു പ്രാര്‍ത്ഥനാപൂര്‍വ്വം പ്രശ്നങ്ങളെ നേരിടുന്നവരാണ് സുഗന്ധം ചോരിയുന്നവര്‍.

ഇന്നില്‍ ജീവിക്കുക ഓരോ നിമിഷത്തിലും ജീവിക്കുക അടുത്ത നിമിഷം നമ്മുടെ കയ്യില്‍ അല്ല കഴിഞ്ഞ നിമിഷം മരിച്ചു കഴിഞ്ഞു .നമ്മുടെ കയ്യിലുള്ളത് ഈ നിമിഷം മാത്രം അതിനാല്‍ അതാതു നിമിഷങ്ങളില്‍ ജീവിക്കാം . ഭയം ,കോപം , പക ,പിണക്കം,ഞാനെന്ന ഭാവം, അങ്ങനെയെല്ലാമുള്ള ഗാർബേജുകൾ നമുക്ക് ഉപേക്ഷിക്കാം ...സുഗന്ധം പരത്തുന്നവര്‍ ആവാം.

No comments:

Post a Comment