അടുക്കളക്ക് നാലുപാളി കതകായിരുന്നു, അമ്മ അടുക്കളയില്‍ ഇല്ലാത്തപ്പോള്‍ താഴത്തെ രണ്ടു പാളി അടഞ്ഞു കിടക്കും , പൂച്ചയും കോഴിയുമോന്നും കയറാതിരിക്കാന്‍ വേണ്ടിയാണെങ്കിലും ചില അവസരങ്ങളിലെങ്കിലും ചില കുടില ബുദ്ധികളായ പൂച്ചകളും കോഴികളുമൊക്കെ ഈ വാതില്‍ ഞങ്ങള്‍ക്കൊരു പ്രശ്നമല്ല എന്ന മട്ടില്‍ ചാടിയും പറന്നുമൊക്കെ കതകു പാളിയുടെ മുകളില്‍ എത്താറുണ്ട്. അമ്മ അടുത്ത മുറികളില്‍ എവിടെങ്കിലും ഉണ്ടെങ്കില്‍
"പോ പൂച്ചേ ഞാന്‍ ചൂലും കേട്ടെടുക്കും , "ഹ കോഴി മര്യാദക്കിറങ്ങിക്കോ" എന്നൊക്കെയുള്ള ചില ഒച്ചയിടലുകള്‍ വഴി വന്നതിലും വേഗത്തില്‍ അവ തിരികെ ചാടുന്നതും കാണാം. ഈ കോഴികളും പൂച്ചകളുമൊക്കെ വരുന്നതുപോലെയാണ് "ലൈലയും" വരാറുള്ളത് എന്തെങ്കിലും അനക്കം കേട്ട് പൂച്ചയാണെന്നു കരുതി അമ്മ ചൂലും കെട്ടുമായി എത്തുമ്പോള്‍ ലൈല ഒരു പുഞ്ചിരിയോടെ അടുക്കളയില്‍ കാണും .
"എന്‍റെ ലൈലേ ഒന്ന് വിളിച്ചിട്ട് വരണം എന്ന് പറഞ്ഞാല്‍ നീ ഒരിക്കലും കേള്‍ക്കില്ല, മനുഷ്യനെ പേടിപ്പിക്കുമല്ലോ" ?എന്ന അമ്മയുടെ സ്ഥിരം ഡയലോഗ് കേള്‍ക്കുമ്പോഴും ലൈലയുടെ ചുണ്ടില്‍ ചിരി തന്നെ.
വന്നാല്‍ അടുക്കളയില്‍ പാത്രങ്ങള്‍ വല്ലതും ചാരം തേച്ചു കഴുകുവാനുണ്ടെങ്കില്‍ അതൊക്കെയെടുത്തുകൊണ്ട് ലൈല വെളിയിലിറങ്ങും,കരി പിടിച്ച കലങ്ങളൊക്കെ നല്ല പളുപളാ മിന്നിച്ച് അടുക്കളയില്‍ തിരിച്ചെത്തുമ്പോള്‍ അമ്മക്കറിയാം ലൈല വന്നതെന്തിനെന്ന്‍ , പിഞ്ഞാണം നിറയെ ചോറും കറികളും വിളമ്പി കയ്യിലേക്ക് കൊടുക്കുമ്പോള്‍, എന്നത്തെയും പോലെ ലൈല പറയും ,
"ഉയ്യോ എനിക്കിത്രയോന്നും വേണ്ടേ, ഇതൊത്തിരിയുണ്ട്"
"അത് സാരമില്ല പതിയെ ഇരുന്നു കഴിച്ചാല്‍ മതി ലൈലേ" എന്ന് അമ്മ ,
അടുക്കള പടിയില്‍ പതിയെ ഇരുന്ന്‍ ലൈല കഴിക്കുമ്പോള്‍ അത് നോക്കി തൃപ്തിയോടെ ഊണുമുറിയിലേക്കുള്ള വാതില്‍പടിയില്‍ അമ്മയിരിക്കും. ചോറ് രണ്ടുരുള അകത്തേക്ക് ചെന്ന് കഴിയുമ്പോള്‍ ലൈല ചിണുങ്ങാന്‍ തുടങ്ങും,
"ചേച്ചീ ഞാനെന്തിനാ ഇങ്ങനെ ജീവിക്കുന്നെ അതിയാനിന്നും പണിക്കു പോകാന്‍ പറ്റിയില്ല, ശ്വാസം മുട്ടലു മാറിയിട്ട് എന്നിനി പണിക്കു പോകും. ആകെയുണ്ടാരുന്ന അരിയെടുത്തു ചോറ് വെച്ച് വിളമ്പി വന്നപ്പോള്‍ എനിക്കു മാത്രമില്ല അങ്ങേരുടെ പ്രായമായ തള്ളയാണേലും ഇത്തിരി ചോറ് കുറഞ്ഞാല്‍ ചീത്ത വിളിച്ചെന്‍റെ ചെവിട് പൊട്ടിക്കും, എത്രയെന്നു വെച്ചാ ആളുകളോട് കടം മേടിച്ചു ജീവിക്കുന്നെ?" ചേച്ചി ഇവിടുന്നു തരുന്ന ഓരോ സഹായങ്ങള്കൊണ്ട് പട്ടിണി കിടക്കാതെ ഇപ്പൊ പോകുന്നു, എത്ര ദിവസം നനഞ്ഞിടം തന്നെ കുഴിക്കും " പിന്നെ മുള ചീന്തും പോലൊരു കരച്ചില്‍ പൊട്ടി വീഴും , അപ്പോള്‍ അമ്മ കപട ദേഷ്യത്തോടെ പറയും
"ലൈലേ ചോറിനു മുന്നിലിരുന്നാണോ കരയുന്നെ?' ഞാന്‍ ലൈലക്കൊരു സഹായവും ചെയ്തിട്ടില്ല. ലൈല ഇവിടെ ചെയ്തു തരുന്ന ജോലിക്ക് കൂലി മാത്രമേ ഞാന്‍ തന്നിട്ടുള്ളൂ,നീ അതൊക്കെ സഹായമെന്ന് കരുതി നിന്‍റെ വേലക്കൂലി ഇനിയും ചോദിക്കാനുള്ള അടവെടുക്കുവാ ഇല്ലേ? അപ്പണി ഇവിടെ നടക്കൂല ,പെട്ടെന്ന് ചോറ് കഴിച്ചിട്ട് ആ പശൂനിത്തിരി പുല്ലു പറിച്ചിടാന്‍ നോക്ക്.
അത് കേള്‍ക്കുമ്പോള്‍ കണ്ണീരിനിടയിലൂടുള്ള ഒരു ചെറു ചിരിയോടെ ലൈല പെട്ടെന്ന് ഭക്ഷണം കഴിച്ചു തീര്‍ക്കും, പിന്നെ പറഞ്ഞ പണികളൊക്കെ ചെയ്തു തീര്‍ത്ത്
"ചേച്ചീ ഞാന്‍ പോകുവാണേ" എന്ന് വിളിച്ചു പറഞ്ഞു നടക്കുമ്പോള്‍ അമ്മ പിന്നില്‍ നിന്നും വിളിക്കും,
"നില്ല് ലൈലേ ഇങ്ങു വന്നിട്ട് പോ, ഈ സമയത്ത് അമ്മ അരിപ്പെട്ടിയില്‍ നിന്നും അത്യാവശ്യം അരിയും അര മുറി തേങ്ങയും ,കറിവെക്കാനായി വെട്ടിവെച്ച കുലയില്‍ നിന്ന്‍ ഒരു പടല കായും ഒക്കെ കൂടി ഒരു പ്ലാസ്ടിക്കു കൂടിനുള്ളിലാക്കി കൊടുക്കും ,എന്നിട്ട് പറയും "പോയി ആ കിഴക്ക് വശത്തൂന്നിച്ചിരെ കൊതുമ്പും ചൂട്ടുമൊക്കെ എടുത്തോണ്ട് പൊക്കോ ഇനി അതില്ലാന്നും പറഞ്ഞ് അടുത്തിടത്തോട്ടു കരഞ്ഞോണ്ട് പോകണ്ട"
ലൈല സന്തോഷത്തോടെ സാദനങ്ങളൊക്കെ എടുത്ത് ചൂട്ടും കൊതുമ്പും മടലുമോക്കെയടങ്ങുന്ന ഒരു ചെറിയ കെട്ടു തലയിലും ഏറ്റി നടന്നു പോകുമ്പോള്‍,
അമ്മ നെടുവീര്‍പ്പോടെ പറയും പാവം എത്ര നാളായി ദൈവമെ ഇവളുടെ ഈ കഷ്ടപ്പെടീല്‍, ഇത് എന്ന് മാറ്റിക്കൊടുക്കും നീ.....
അമ്മയുടെ ഇല്ലായ്മയില്‍ നിന്നും കൊടുത്ത ആ ചെറിയ സഹായങ്ങളെ ഞങ്ങള്‍ വലിയ പ്രാധാന്യമായിട്ടൊന്നും കണ്ടിട്ടില്ല, അമ്മയുടെ പോളിസി, അവര്‍ക്ക് കൊടുക്കുന്നത് വെറുതെ കൊടുക്കുന്നതായി തോന്നിപ്പിക്കാതെ അവരുടെ ജോലിക്കുള്ള കൂലി എന്ന നിലയില്‍ ആയിരുന്നു താനും...... .
പക്ഷെ ആ ചെറിയ കൂലികള്‍ അതിലേറെ സ്നേഹമായി വളര്‍ന്നു വരുമെന്ന് ആര് ചിന്തിച്ചു? അതിന്‍റെ വിലയറിഞ്ഞത് നാട്ടിലെത്തിയപ്പോള്‍ വര്‍ഷങ്ങള്‍ കൂടി ലൈല എന്ന ആ പഴയ ചെറുപ്പക്കാരിയെ വാര്‍ധക്യഅവസ്ഥയില്‍ വഴിയില്‍ വെച്ചു കണ്ടുമുട്ടിയപ്പോളാണ്.
അമ്മയുടെ വേര്‍പാടിന് ശേഷം ആദ്യമായി കാണുകയായിരുന്നു ലൈലയെ, എന്നെ മനസ്സിലായപ്പോള്‍ ഒരു പൊട്ടിക്കരച്ചിലോടെ അടുത്തു വന്നു കൈപിടിച്ച് ആ കയ്യില്‍ ഒരുമ്മ തന്നുകൊണ്ട് പറഞ്ഞു എന്‍റെ കുഞ്ഞേ എന്നാലും എനിക്കമ്മച്ചിയെ അവസാനമായി ഒന്ന് കാണാന്‍ പറ്റിയില്ലല്ലോ ? ഞാനറിഞ്ഞില്ല മോനെ... ആരും എന്നോടു പറഞ്ഞില്ല.... എന്നുംപറഞ്ഞു പഴയപോലെ തന്നെ ആ മുളചീന്തല്‍ കരച്ചില്‍ , ഒപ്പം അമ്മ ചെയ്തുകൊടുത്ത സഹായങ്ങളുടെ കണക്കുകള്‍ എല്ലാം നിരത്തി.
പിന്നെ എന്നോടു ചേര്‍ന്നുനിന്നുകൊണ്ട് "എന്‍റെ മക്കളേ നിങ്ങള്‍ക്കനുഗ്രഹങ്ങള്‍ മാത്രമേ ഉണ്ടാവൂ അമ്മച്ചിയുടെ മനസ്സ് അതുപോലെയാരുന്നു. എന്നും ഈശ്വരനെ വിളിക്കുമ്പോള്‍ നിങ്ങളെയും ഈ ലൈല ഓര്‍ക്കും അല്ലാത്തൊരു ദിവസവും ഇല്ലെനിക്ക്. മക്കള്‍ക്കറിയത്തില്ല അമ്മച്ചി എനിക്കു ചെയ്തു തന്ന സഹായങ്ങളൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല...
അല്‍പ സമയം ചെറു ചിരിയോടെ എല്ലാം കേട്ടു നിന്നെങ്കിലും, എന്‍റെ അമ്മയെന്ന സാധാരണക്കാരിയായ സ്ത്രീയെ ഈ ആളുകള്‍ എങ്ങനെയൊക്കെ സ്നേഹിച്ചിരുന്നു എന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു, അവര്‍ക്ക് അമ്മയോടുള്ള സ്നേഹം ഞങ്ങളിലേക്കും ഒഴുകിയിറങ്ങുന്നത് കണ്ടപ്പോള്‍ എനിക്കു വീണ്ടും മനസ്സിലായി,
അമ്മയുടെ മക്കളായി പിറക്കാന്‍ സാധിച്ചതാണ് ഞങ്ങളുടെ പുണ്ണ്യമെന്ന്.