Tuesday, January 29, 2013

ചില സുഹൃത്തുക്കളും....രക്തദാനവും


കുട്ടിക്കാലം അതു എന്നും ഒരു സുഖമുള്ള ഓര്‍മ്മയാണ്ഓരോരുത്തര്‍ക്കും.ഓരോ പ്രായത്തില്‍ ഉള്ളവരും പറയും അവരുടെ കുട്ടിക്കാലം എത്രയോ മനോഹരമായിരുന്നു, നമ്മുടെ മാതാപിതാക്കളുടെ കാലത്ത് അവര്‍ സഹോദരങ്ങള്‍ തന്നെ കളിച്ചു തിമിര്‍ക്കാന്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു. പക്ഷെ അന്ന് ജാതിവ്യവസ്തകള്‍ നില നിന്നിരുന്നതിനാല്‍ തങ്ങളിലും താഴ്ന്ന ജാതിയില്‍ പെട്ട കുട്ടികളോടൊതു കളിക്കൂട്ടുകാര്‍ ആവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അതില്‍ ഒരു നല്ല പരിധി വരെ നമ്മുടെ തലമുറ ഭാഗ്യമുള്ളവരാണു നമ്മുടെയൊക്കെ മാതാപിതാക്കളുടെ പോലെ അത്രയും സഹോദരങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും സഹോദരരെക്കാള്‍ അധികം സ്നേഹമുള്ള നല്ല കൂട്ടുകാരെ നമുക്ക് അയല്‍വക്കങ്ങളില്‍ നിന്നും കിട്ടിയിരുന്നു. അവ മിക്കവയും നമ്മുടെ ജീവിത കാലം മുഴുവന്‍ നിലനില്‍ക്കുന്ന ബന്ധങ്ങളും ആവും. അതിനു പ്രായഭേദങ്ങള്‍ ഇല്ല,അവക്ക് ജാതി ചിന്തകളില്ല അവിടെ പരസ്പരം കടിച്ചു കീറത്തക്ക വൈരാഗ്യങ്ങള്‍ ഇല്ല അങ്ങനെയുള്ള ഒരുപാട് നല്ല കൂട്ടുകാരാല്‍ അനുഗ്രഹിക്കപ്പെട്ടവനാണ് ഈയുള്ളവനും,


ഒരു മഹാ നഗരത്തിന്‍റെ തിരക്കുകളില്‍ ആണെങ്കിലും,സൌഹൃദത്തിന്‍റെ കുളിരുള്ള ഓര്‍മ്മകള്‍ ഒരു സ്പന്ദനമായി സൂക്ഷിക്കുകയാണ്,.... പരസ്പരം എല്ലാമറിയാവുന്ന സൗഹൃദം അത് ഒരു അനുഗ്രഹം തന്നെയാണ് പക്ഷെ പലപ്പോഴും കുടുംബ ജീവിതത്തിന്‍റെയും,ജോലി തിരക്കിന്‍റെയുമിടയില്‍ ഇപ്പോള്‍ പരസ്പരം എല്ലാം, സമയാസമയങ്ങളില്‍ അറിയാരില്ലായിരിക്കാം, എങ്കിലും ഇടക്കെപ്പോഴെങ്കിലും   
മൊബൈല്‍ ഫോണിന്‍റെ ഡിസ്പ്ലേയില്‍ തെളിഞ്ഞു വരുന്ന കൂട്ടുകാരന്‍റെ ഇരട്ടപ്പേര് കാണുമ്പോള്‍ ഉണ്ടാവുന്ന ഒരു  സന്തോഷം അത് പറഞ്ഞറിയിക്കുവാനാവാത്ത ഒരു വികാരമാണ്,പച്ച ബട്ടണില്‍ അമര്‍ത്തി ഫോണ്‍ ചെവിയില്‍ ചേര്‍ക്കുമ്പോള്‍, അങ്ങോട്ടു ഹല്ലോ പറയുന്നതിന് മുന്‍പായി ഇങ്ങോട്ട് കേള്‍ക്കുന്ന ഇരട്ടപ്പേര്‍ അതൊരു നിറഞ്ഞ ചിരിയായി സ്വീകരിക്കുമ്പോള്‍ ആ ബന്ധങ്ങളുടെ ആഴമാണ് മനസില്‍ ആവുന്നത്,വിളിക്കാന്‍ താമസിക്കുന്നതിലുള്ള പരിഭവങ്ങള്‍ കളിയാക്കലുകളായും,മറ്റു സുഹൃത്തുക്കളെകുറിച്ചുള്ള വിവരങ്ങള്‍ തമാശകളായും പറയുമ്പോള്‍ ജോലിയുടെ സകല ടെന്‍ഷനുകളും മാറി ഒരു തൂവെള്ള കടലാസ്സു പോലെ ആയി തീരും മനസ്സ്. അങ്ങനെയുള്ള  സുഹൃത്തുക്കളെ ഒന്ന് പരിചയപ്പെടാം  ...........


കൂട്ടുകാരെ കുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ അഞ്ചാം ക്ലാസ്സ് മുതല്‍ പ്രീഡിഗ്രീ വരെ ഒന്നിച്ചു പഠിച്ച എന്‍റെ ഉറ്റസുഹൃത്തും,കളിക്കൂട്ടുകാരനുമായ എബിയെന്ന, ബിജോയ്‌ കെ ഇട്ടി വര്‍ഗീസ്‌ എന്ന നീളമുള്ള പേരുകാരനെ കുറിച്ച് പറഞ്ഞു തുടങ്ങേണ്ടേ , KMSല്‍ കയറി പട്ടണത്തിലെ സ്കൂളില്‍ പഠിക്കാന്‍ പോയിത്തുടങ്ങിയ കാലം മുതല്‍ ബസില്‍ ഒരു ഒരു എരിപിരിയനെ കാണാന്‍ തുടങ്ങി. അതിനു മുന്‍പും കാണാറുണ്ടായിരുന്നെന്കിലും അവയൊക്കെ വെറും പുഞ്ചിരിയിലോതുങ്ങി നിന്നിരുന്ന കാഴചകള്‍  ,നില്‍ക്കുന്നിടത്ത് നിന്ന് അവന്‍ കാട്ടാത്ത പരിപാടികളില്ല ആകെ കാലിലൊരു സ്പ്രിംഗ് പിടിപ്പിച്ചതുപോലെയാണവന്‍, അവനെയോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത്.......രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയിലെ വഴക്ക് കൂടലുകള്‍ ആണ് എന്‍റെ ജ്യേഷ്ഠന്‍ ജോബി, , അതുപോലെ ജ്യേഷ്ഠ സ്ഥാനീയനായ രെഞ്ചിച്ചായന്‍, പണ്ടാരത്തിലെ സതീഷ്‌ ,സജീവ്‌ എന്ന ജ്യെഷടാനുജന്മാര്‍ നെര്യന്തറയിലെ അച്ചന്‍കുഞ്ഞു. സിബി, ജിബി ,ബോബ്ബി എന്നിങ്ങനെയുള്ളവരെല്ലാം  ചേര്‍ന്ന് ഒരു ഗ്രൂപ്‌ ആയിട്ടാണ് സ്കൂളിലേക്ക് പോകുന്നത് കൂടെ ഞങ്ങളും.  ഇവരെല്ലാം ഞങ്ങളെക്കാള്‍ രണ്ടും മൂന്നും നാലും ക്ലാസ്സുകള്‍  മുകളില്‍ പഠിക്കുന്നവര്‍ ആണ്. ഈ ഗ്രൂപ്പില്‍ ഇടയ്ക്കു വഴക്കുകള്‍ ഉണ്ടാവുന്നതും സാധാരണമായിരുന്നു,ഒരിക്കല്‍ “ദീപിക തൊണ്ടില്‍” വച്ച് നടന്ന വഴക്കിന്‍റെ ബാക്കി ചോദിക്കാനായി എന്നെയും വലിച്ചുകൊണ്ട് എബി മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന സജീവിനെയും അച്ചന്‍കുഞ്ഞിനെയും തല്ലാന്‍ പോകുന്നതാണ് ഇന്നും എന്‍റെ ഓര്‍മ്മയില്‍ നിന്നും മായാതെ നില്‍ക്കുന്നത്. അന്നത്തെ ആരോഗ്യ സ്ഥിതി വച്ച് ചേട്ടന്മാരുടെ തല്ലു കൊള്ളാതെ പോരാന്‍ പറ്റിയത്, അവര്‍ക്കെന്നോട് തോന്നിയ കാരുണ്യം മൂലമാണ്.അന്നു അവന്‍ “ധീരന്മാര്‍ക്ക് മരണമില്ല” എന്ന സിദ്ധാന്തക്കാരനും ഞാന്‍ “പിന്തിരിപ്പനും” ആയിരുന്നു . ആ അഞ്ചാം ക്ലാസ്സ് മുതല്‍ തുടങ്ങിയ സുഹൃത്ത്‌ ബന്ധം, സ്കൂള്‍ ജീവിതകാലവും കഴിഞ്ഞു ആദ്യകോളേജു കാലവും പിന്നിട്ടാണ് ഞങ്ങള്‍ ഇരുവഴിയായത്.ഇന്നും എന്‍റെ കുറിപ്പുകളുടെ ചുവട്ടില്‍  പ്രോത്സാഹനങ്ങളായും,കളിയാക്കലുകളായും,വിമര്‍ശനങ്ങളായും ഒക്കെ അവന്‍ നിറഞ്ഞു നില്‍പ്പുണ്ട്.പേരിനു അനുസരിച്ചുള്ള വലുപ്പം അവനില്ലെങ്കിലും നാക്കിലും നോക്കിലും പ്രവര്‍ത്തിയിലും അതില്‍ കൂടുതല്‍ വലുപ്പമുണ്ട്....

സുഹൃത്തുക്കള്‍ എന്ന് പറയുമ്പോള്‍ തന്നെ എടുത്തുപറയേണ്ടതു പഴയ Golden Eleven cricket club പുതിയ രൂപത്തില്‍ ആക്കിയ TIBDAയെ കുറിച്ചാണ് Thiruvarppu Blood Donors Association എന്ന ഞങ്ങളുടെ സംഘടന. അതിന്‍റെ ഭാഗങ്ങള്‍ ആയിരുന്ന എന്‍റെ സുഹൃത്തുക്കള്‍ ഒരുപാടുപേര്‍ ഉണ്ട് ഓരോരുത്തരെ കുറിച്ച് പ്രത്യേകം പ്രത്യേകം വിവരിക്കാന്‍ പോയാല്‍ അതൊരു വന്‍ ലേഖനം ആയി മാറും,ഞാനൊക്കെ അതിന്റെ അവസാനവട്ട അംഗങ്ങള്‍ ആയിരുന്നു പ്രധാനമായും എടുത്തു പറയേണ്ടവര്‍  ജോണ്‍ കുരിയന്‍, ബിജി , സന്തോഷ്, രഞ്ചി, രഥിരവി ,ജോജോ,എബി ലെനിന്‍ എന്നിങ്ങനെയുള്ളവരാണു ഇതൊക്കെ വീട്ടുകാര്‍ ഇട്ട പേര് എല്ലാ സുഹൃത്തുക്കളെയും പോലെ ഞങ്ങള്‍ക്കിടയിലും ഇരട്ട പേരുകള്‍ ഉണ്ടായിരുന്നു പേരുകള്‍ ആരുടെയൊക്കെ  എന്ന് എടുത്തു പറയുന്നില്ല ,ശക്തന്‍,കോഴി,പാത്താ,വാഴ,ഇടിയന്‍,കുണ്ടപ്പന്‍,തോട്ടി എന്നിങ്ങനെഒക്കെയുള്ള പേരുകള്‍ ആയിരുന്നു ഇരട്ടപ്പെരുകള്‍,പേരുകള്‍ ഉണ്ടാക്കുവാന്‍ ജോണ്‍ കുരിയന്‍ വിദഗ്ദനായിരുന്നു, ഓരോ പേരിനും ജോണ്‍ ഒരു കഥ അകമ്പടിയായി കൊടുത്തിരുന്നു ഇതില്‍ ശക്തനു മാത്രം തന്റേതല്ലാത്ത കാരണത്താല്‍ ആണ് ആ പേര് വീണത്‌,അതൊരു കഥയാണ്‌ ഒരു വിശ്വാസയാത്രയുടെ കഥ ഒരു തീര്‍ഥാടനത്തിന്റെ കഥ ജോണ്‍ കുര്യന്‍ പറഞ്ഞ കഥ....

ശക്തന്‍റെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു തീര്‍ഥാടന യാത്ര നടത്തി കേരളത്തിനുള്ളില്‍ തന്നെയുള്ള പല പ്രധാന ദേവാലയങ്ങളും സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തി വരാനായി അവര്‍  ഒരു ജീപ്പില്‍ നാട്ടില്‍ നിന്ന് യാത്ര തിരിച്ചു, പല ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു ,പല കുരിശടികളില്‍ നേര്‍ച്ചയിട്ടു അങ്ങനെ വരുകയാണ് തിരികെ വരുന്ന വഴി ഒരു കുരിശിന്‍തൊട്ടി പോലും ഒഴിവാക്കാതെ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചു വരുന്നു. അങ്ങനെ സന്ധ്യാ സമയത്ത് തൃശൂര്‍ ടൌണില്‍ കൂടി അവര്‍ വരുന്നു പെട്ടെന്ന് അവരില്‍ ഒരാള്‍ "വണ്ടി ചവിട്ടെടാ" എന്നൊരു അലര്‍ച്ച.പെട്ടെന്ന് വണ്ടി നിര്‍ത്തി. എന്താണ് കാര്യം എന്ന് മറ്റുള്ളവര്‍ അന്വേഷിച്ചു അപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞയാള്‍ പിന്നില്‍ റോഡിന്റെ വശത്തേക്ക് കൈചൂണ്ടി അതാ ഒരു കുരിശിന്‍തൊട്ടി എല്ലാവരും നോക്കി ശെരിയാണ് ഒരു വിശുദ്ധന്‍റെ രൂപം കാണുന്നുണ്ട് ചുറ്റും  കമ്പികൊണ്ട് കെട്ടി വേര്‍തിരിച്ചു മനോഹരമാക്കിയിട്ടുണ്ട്, ഏതോ വിശുദ്ധന്‍റെ കുരിശടി തന്നെ സംശയമില്ല ...ഒട്ടും നേരം കളയാതെ അവരില്‍ രണ്ടു മൂന്നുപേര്‍ ഇറങ്ങി അടുത്ത കടയില്‍ കയറി മെഴുകുതിരിയൊക്കെ വാങ്ങി ചെന്ന് കുരിശടിയുടെ കമ്പിവേലിക്കു ചുറ്റുമായി കത്തിച്ചു വയ്ക്കുവാന്‍ തുടങ്ങി ,ഇതുകണ്ട് അടുത്തുള്ള കടക്കാര്‍ ഒക്കെ ഇവരുടെ അടുത്തേക്ക് വന്നു ഇവരെ ഒരു പ്രത്യേക നോട്ടം നോക്കാന്‍ തുടങ്ങി അവരില്‍ ഒരാള്‍ വന്നു ചോദിച്ചു നിങ്ങള്‍ രാജ കുടുംബക്കാരാണോ? ഹേ അല്ല. ..പിന്നെന്തേ ഇവിടെ തിരി കത്തിക്കുന്നു ? ഹേ ഇതെന്താ ഇവിടെ രാജ കുടുംബക്കാര്‍ക്കെ തിരി കത്തിക്കാവൂ എന്ന് നിയമമുണ്ടോ ഇത് ഏത് നാടാണപ്പാ? എന്നായി നമ്മുടെ ആളുകള്‍. അപ്പോള്‍ ആദ്യം ചോദിച്ച ആള്‍ പറഞ്ഞു അല്ല.... ഈ ശക്തന്‍ തമ്പുരാന്‍റെ പ്രതിമക്കു ചുറ്റും തിരി കത്തിക്കണമെങ്കില്‍ അദ്ധേഹത്തിന്‍റെ കുടുംബക്കാര്‍ ആവുമല്ലോ എന്ന് കരുതി ചോദിച്ചതാ ..... അപ്പോളാണ് നമ്മുടെ ആളുകള്‍ മുകളില്‍ നില്‍ക്കുന്ന "വിശുദ്ധനെ" സൂക്ഷിച്ചു നോക്കിയത് പിന്നീട് ഒന്നും ഉരിയാടാതെ വന്നു ജീപ്പില്‍ കയറി. ആരോടും പറയണ്ട പറ്റിയ അബദ്ധം എന്ന് പറഞ്ഞിരുന്നെങ്കിലും അവിടെ തിരി കത്തിക്കാന്‍ ഇറങ്ങാത്ത ഒരാള്‍ കഥ നാട്ടില്‍ പാട്ടാക്കി അങ്ങനെയാണ് ശക്തന്‍റെ പിതാവിന് ശക്തന്‍ എന്ന പേര് വീണത്‌ അത് പിന്നീട് ജോണ്‍ തന്നെ ഞങ്ങളുടെ സുഹൃത്തിനു പകര്‍ന്നു കൊടുത്തു.. .

അത് നില്‍ക്കട്ടെ ഞങ്ങളുടെ ബ്ലെഡ് ഡോണേഴ്സ് അസ്സോസ്സിയെഷനെ കുറിച്ച് പറഞ്ഞല്ലോ,അത് ഒരു വലിയ സേവനം തന്നെ ആയിരുന്നു. ഞങ്ങള്‍ നാട്ടിലുള്ളവര്‍ക്കും,ദൂരെയുള്ളവര്‍ക്കും ഒക്കെയായി ഒരുപാട് പേര്‍ക്ക് യാതൊരു ലാഭേശ്ചയും ഇല്ലാതെ രക്തം ദാനം ചെയ്തു,പലരും ഞങ്ങളെ അഭിനന്ദിച്ചു നാട്ടിലെ പല കാര്യങ്ങളിലും ഞങ്ങള്‍ മുന്നിട്ടിറങ്ങി പ്രധാനമായും നാട്ടിലെ പ്രധാന ഗോവണിപ്പാലമായിരുന്ന മൂരിപ്പാറ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ ഞങ്ങള്‍ ഒരു വിജയം തന്നെ ആയിരുന്നു. തുടര്‍ന്ന് വഴിപണിക്കായി സ്രെമദാനം,അങ്ങനെ പല നാട്ടു പ്രശനങ്ങളിലും ഞങ്ങള്‍ ഇടപെട്ടിരുന്നു.അതില്‍ ഒരിക്കല്‍ രക്തദാനത്തിനു പോയ ഒരു സംഭവം പറയാം.. ഞങ്ങളുടെ നാട്ടില്‍ തന്നെയുള്ള ഒരു ചെട്ടനുവേണ്ടിയാണ് രക്തം കൊടുക്കേണ്ടത് കൃത്യം രക്തം കൊടുക്കേണ്ട ദിവസം ബസ്‌ സമരമോ  മറ്റോ ആണ് ആകെ തിരുവാര്‍പ്പ് വഴി കേരള സ്റെറ്റ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ഒരു ബസ്‌ മാത്രം അതില്‍ കയറാനാണെങ്കില്‍ല്‍ തൃശൂര്‍ പൂരത്തിന്‍റെ ആളും,ഞങ്ങള്‍ നാലോ അഞ്ചോ പേരാണ് രക്തദാനത്തിന് പോകുന്നത് ഒരുവിധത്തില്‍ വണ്ടിയില്‍ കയറിപ്പറ്റി കോട്ടയം ചെന്ന് അവിടുന്നും മെഡിക്കല്‍ കൊളെജിലും എത്തി രണ്ടുപേര്‍ രക്തം കൊടുത്തു തിരിച്ചിറങ്ങിയപ്പോള്‍ രോഗിയായ ഞങ്ങളുടെ നാട്ടുകാരന്‍ ചേട്ടന്‍റെ അളിയന്‍ ഞങ്ങള്‍ക്ക് പ്രതിഫലം തരാനുള്ള പുറപ്പാടായി, ഞങ്ങള്‍ പറഞ്ഞു ഇല്ല ചേട്ടാ ഞങ്ങള്‍ പ്രതിഫലത്തിനായിട്ടല്ല ഇത് ചെയ്യുന്നത്,ഞങ്ങള്‍ക്കതിന്‍റെ കാര്യമില്ല മറ്റതാണ് മറിച്ചതാണ് എന്നൊക്കെയുള്ള ഡയലോഗുകള്‍.അവസാനം ഞങ്ങടെ നാട്ടുകാരന്‍ ഇദ്ദേഹത്തിന്റെ ബന്ധു ചേട്ടന്‍ പറഞ്ഞു ഒരു കാര്യം ചെയ്യ് അളിയാ അവര്‍ക്ക് കാപ്പിയെങ്കിലും മേടിച്ചു കൊടുത്തു വിട്. അതുപോലും വേണ്ടാന്നു പറയരുത് മക്കളെ എന്ന് എല്ലാവരും ആ നിര്‍ബന്ധ സ്നേഹത്തിന് മുന്നില്‍ കീഴടങ്ങി ഞങ്ങള്‍ മെഡിക്കല്‍ കോളേജിനു എതിര്‍വശമുള്ള ഹോട്ടല്‍ ആന്‍ഡ്‌ ബാര്‍ എന്ന ബോര്‍ഡു ലക്ഷ്യമാക്കി നീങ്ങി, അവിടെ ചെന്ന് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്നു,കഴിക്കുന്നതില്‍ ആരും ഒരു മോശവും പറയാത്തവിധം തന്നെ അഞ്ചു പേരും കഴിച്ചു. കൂടെ വന്ന ചേട്ടന്‍ ഇടയ്ക്കു ഞങ്ങളെ വളരെ ദയനീയമായി നോക്കുന്നത് ഞങ്ങള്‍ സ്രെദ്ധിച്ചില്ല എല്ലാവരും ഭക്ഷണത്തില്‍ മാത്രം കൊണ്സേന്ട്രെട്ടു ചെയ്തിരിക്കുകയായിരുന്നു. അവസാനം ഹോട്ടലില്‍ നിന്നുമിറങ്ങി ഞങ്ങളെ യാത്രയാക്കിയ ചേട്ടന്റെ മുഖത്ത് ഇങ്ങോട്ട് വന്നപ്പോള്‍ കണ്ട സന്തോഷമില്ല.യാത്ര പറഞ്ഞു പിരിയാന്‍ നേരം ചെറു ചിരിയോടെ ചേട്ടന്‍ പറഞ്ഞു മക്കളെ നിങ്ങള്‍ പ്രതിഫലം വാങ്ങി രക്തദാനം നടത്തുന്നതല്ലേ നല്ലത് ? അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത് എന്ന് ഞങ്ങള്‍ ? ഓ ഒന്നുമില്ല മക്കളെ എന്ന് ചേട്ടന്‍ പറഞ്ഞെങ്കിലും നിന്റെയൊക്കെ കഴിപ്പിന്‍റെ ബില്‍ അതിലും ഭീകരമാണെടാ മക്കളെ എന്നൊരു ഭാവം ഞങ്ങള്‍ ആ മുഖത്ത് നിന്നും വായിച്ചു ....     

ജോഷി കുര്യന്‍ പോള്‍           

Friday, January 18, 2013

ഒരു മഴക്കഥ ............



ഡല്‍ഹിയില്‍ ഇന്നലെ രാത്രി മുതല്‍ നല്ല മഴയുണ്ട്. ഏകദേശം രാത്രി പതിനൊന്നു മണി ആയപ്പോള്‍ തുടങ്ങി. ഞാന്‍ ബാല്കണിയില്‍ ഇറങ്ങി നോക്കിയപ്പോള്‍  നല്ല ശക്തമായ മഴയും ഒപ്പം "ആലിപ്പഴം" വീഴലും ,ഞാന്‍ കുട്ടികളെ വിളിച്ചു ബാല്‍ക്കണിയില്‍ നിര്‍ത്തി ആലിപ്പഴം വാരി കയ്യില്‍ കൊടുത്തു ഇതാണ് മക്കളെ ആലിപ്പഴം  എന്ന് പറഞ്ഞു .അവര്‍ വളരെ ആവേശത്തോടെ അവ വാരിക്കളിക്കുവാന്‍ തുടങ്ങി അകത്തു നിന്ന് ഭാര്യയും, അമ്മയും , പിള്ളേരെ അകത്തു കേറ്റ് പനി പിടിക്കും, നാളെ സ്കൂളില്‍ പോകേണ്ടതാണ് എന്നൊക്കെ പറയാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു മക്കള് കളിച്ചോ, അച്ചയോക്കെ കൊച്ചിലെ മഴയും നനഞ്ഞു എന്തോരം കളിച്ചു നടന്നിട്ടുള്ളതാണെന്നു അറിയാമോ ? അത് ഇതുപോലെ ബാല്കണിയില്‍  ഇരുന്നൊന്നുമല്ല , പറമ്പിലും തോട്ടിലും എവിടെയാണെങ്കിലും  കളിക്കിടയില്‍ മഴയെന്നതോ വെയിലെന്നതോ ഒന്നും ഞങ്ങള്‍ക്ക് വിഷയമല്ലായിരുന്നു,നനഞ്ഞു കുതിര്‍ന്നു കയറി വരുമ്പോള്‍ അമ്മ കയ്യില്‍ കിട്ടുന്ന വടിയെടുത്തു അത് ചിലപ്പോള്‍ ഈര്‍ക്കിലിയാവാം ,പൂവരശിന്‍റെ വടിയാവാം ചിലപ്പോള്‍ മടപ്പൊളിയാവാം കിട്ടുന്നത് വച്ച് രണ്ടു അടി തരും ,അയ്യോ പൊത്തോന്നു രണ്ടു കരച്ചിലും കരഞ്ഞു ചാടി അകത്തു കയറി കുളിമുറിയില്‍ കയറി ഒന്നുകൂടി കുളിച്ചു തുണിയും മാറി വരുമ്പോള്‍ ചിലപ്പോള്‍ നിങ്ങടെ വലിയച്ച (എന്റെ സഹോദരന്‍)  കളിയാക്കും അടി മേടിച്ചില്ലെടാന്നും ചോദിച്ചു .ഞാന്‍ പറയും ഹേയ് ഇത് വല്ലോം അടിയാണോ?പിന്നെ നീ കരയുന്ന കേട്ടല്ലോ ? അത് പിന്നെ കരഞ്ഞില്ലേല്‍ അമ്മ, കരയുന്നിടം വരെ തല്ലും ,ഒറ്റ അടിക്കേ കരഞ്ഞെക്കുവാണെങ്കില്‍  ആ കുഴപ്പമില്ല ,നമ്മുടെ കാര്യോം  നടന്നു അമ്മയുടെ കാര്യോം നടന്നു.

 ..... പിന്നേം മഴയാണെലും വെയിലാനെലും അച്ചയോക്കെ കളിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതൊന്നും ഓര്‍ക്കാറില്ല നനഞ്ഞു കുതിര്‍ന്നും,വെയിലേറ്റു വാടിക്കരിഞ്ഞും ഒക്കെ അങ്ങ് മദിച്ചു നടക്കുമായിരുന്നു .... ഇത്രയുമായപ്പോള്‍  കുട്ടികള്‍ ചോദിച്ചു പിന്നെ ഞങ്ങളെ അതുപോലെ കളിക്കാനോന്നും വിടാത്തത് എന്താ അച്ചേ ? കുട്ടികളുടെ  ന്യായമായ ചോദ്യം ... അത് മക്കളെ, "അച്ചയോക്കെ നാട്ടിന്‍പുറത്തല്ലേ ജീവിച്ചിരുന്നത്" ,അവിടെ അയല്‍വക്കത്തെ കുട്ടികളും വീടുകളുംഎല്ലാം നമ്മുടെ സ്വന്തം വീടുകള്‍ പോലെ നമുക്ക് പ്രിയപ്പെട്ടവയും,ആളുകള്‍ എല്ലാം പരസ്പരം പ്രിയപ്പെട്ടവരും ആയിരുന്നു" ...ഇവിടെ അങ്ങനെയാണോ നമ്മുടെ അപ്പുറത്തെ ഫ്ലാറ്റില്‍ ഉള്ളവരോടും വാതുക്കല്‍ എവിടെയെങ്കിലും വച്ച് കണ്ടാല്‍ ഒന്ന് ചിരിക്കും  രണ്ടു വാക്ക് മിണ്ടും അല്ലാതെ ബന്ധങ്ങള്‍ ഒന്ന്മില്ലല്ലോ ? അപ്പോള്‍ വെളിയിലോക്കെ കളിക്കാന്‍  വിടാന്‍ അച്ചയോ.മമ്മയോ ആരേലും ഇല്ലാതെ പറ്റില്ലല്ലോ അതുകൊണ്ടല്ലേ ? ഇനി പോയി കിടന്നോ രാവിലെ സ്കൂളില്‍ പോകേണ്ടതാ .. കുട്ടികള്‍ കൂടുതല്‍ എന്തെങ്കിലും ചോദിക്കും മുന്‍പ് ഞാന്‍ അവരെ കിടക്കുവാന്‍ പറഞ്ഞു വിട്ടു ....

അവര്‍ കയറി പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ കുഞ്ഞുന്നാളിലെപ്പോലെ. വീഴുന്ന ആലിപ്പഴവും പെറുക്കി ബാല്യത്തിലേക്കൊന്നു തിരിച്ചുപോകാന്‍ സ്രെമിച്ചു ..ഒന്ന് രണ്ടു വട്ടം കുനിഞ്ഞു നിവര്‍ന്നപ്പോള്‍  ഇടക്കൊന്നു കാല്‍ വഴുതി, ഭാഗ്യത്തിന് ഗ്രില്ലില്‍   പിടുത്തം കിട്ടിയതുകൊണ്ട് വീണില്ല.പതിയെ, ഇനി ബാല്യത്തിലേക്ക് തിരിച്ചുപോക്ക്  "ഓര്‍മ്മകളില്‍ മതി എന്ന് കരുതി അകത്തേക്ക് കയറി ,എല്ലാവരും ഉറക്കത്തിലേക്ക് കടക്കുവാന്‍ തയ്യാറായി 
റജായിക്കടിയില്‍ കയറിയിരിക്കുന്നു ,ഞാനും പതിയെ കൈകാലുകള്‍ കഴുകി വന്നു കട്ടിലിലേക്ക് കയറി ,രജായിക്കടിയിലേക്ക് നൂണ്ടുകൊണ്ട്  ഭാര്യയോട് പറഞ്ഞു ..എടീ വെളിയില്‍ നല്ല രസമായിരുന്നു എന്തോരം ആലിപ്പഴമാ വീഴുന്നത് .... ഊം  ...ഒരു മൂളല്‍ , ഞാന്‍ വീണ്ടും....നമ്മുടെ ഒക്കെ കുഞ്ഞുന്നാളില്‍  എന്താരുന്നു രസം അല്ലെ ? ഊം ..വീണ്ടും ഭാര്യയുടെ മൂളല്‍ .. "ഓ ഞാന്‍ ഇന്നലെ കഴിഞ്ഞപോലെ ഓര്‍ക്കുവാ മഠത്തിപ്പറമ്പിലെ സന്തോഷും,മാമ്പിലായിലെ ബിജുവും,ഞാനും ഒക്കെ കൂടെ  മഴയത്തു ചാടി മറിഞ്ഞു ആറ്റിലും ചാടി ,പറമ്പിലൂടെ ഓടി ,വിരകൊര്‍ത്തു ചൂണ്ടലിട്ടു ,ചിലപ്പോള്‍ വള്ളത്തില്‍ തുഴഞ്ഞുമൊക്കെ നടന്നത്"....ഇത്രയുമായപ്പോള്‍ ഭാര്യയുടെ  ഒരു ഇടപെടല്‍ ...നിങ്ങള് മനുഷ്യാ ചൂണ്ടയിടുവോ ,വള്ളത്തില്‍ക്കേറുവോ ,ചാടി മറിയുവോ എന്തേലും ചെയ്യ്  അന്ന് ഞാന്‍ കൂടെയോന്നുമില്ലാരുന്നല്ലോ? പിന്നെ ഇപ്പോളെന്തിനാ എന്നോടിതൊക്കെ പറയുന്നത്...ഉറങ്ങാനും സമ്മതിക്കില്ല ...രാവിലെ 'അഞ്ചു' മണീന്നാവുമ്പോള്‍ എഴുന്നെല്‍ക്കുന്നതാ ,നിങ്ങള്‍ക്കും  മക്കള്‍ക്കും അമ്മയ്ക്കും എല്ലാം ഉണ്ടാക്കീട്ട് വേണം എനിക്ക് ഡ്യൂട്ടിക്ക്‌ പോകാന്‍ അത് കഴിഞ്ഞു വന്നാലോ വീണ്ടും അടുക്കള തന്നെ എന്റെ ശരണം ,അതിനിടയില്‍ കുട്ടികളെ പഠിപ്പിക്കണം  ഇതെല്ലാം കഴിഞ്ഞൊന്നു വന്നു നടുവ് നിവര്‍ക്കാംഎന്നു കരുതി വരുമ്പോള്‍ അങ്ങേരുടെ ഒരു പഴംകഥ.....ഒരു നിമിഷത്തേക്കിനു ചമ്മിയ ഞാന്‍ പതിയെ  തിരിഞ്ഞു കിടന്നുകൊണ്ട് ...ഒരു കലാ ഹൃദയമില്ലാത്തവള്‍ എന്ന് പിറുപിറുത്തു...എന്താ പിറുപിറുക്കുന്നത് എന്ന് അടുത്ത ചോദ്യം ....ഒന്നുമില്ലേ ...എന്ന് പറഞ്ഞു ഞാന്‍ കിടന്നപ്പോള്‍.... ഹും അങ്ങനെ മിണ്ടാതെ കിടന്നുറങ്ങെന്നു ഭാര്യയുടെ കുസൃതിയോടെയുള്ള പറച്ചില്‍ .. ..അതും കേട്ട് പതിയെ ഞാന്‍ വായ്പൂട്ടി ...പഴയ ഒരു സിനിമാ ഡയലോഗ് ഓര്‍ത്തു കിടന്നു "അനുസരണാ ശീലം ദാമ്പത്യ ജീവിതത്തിനു  വളരെ വളരെ അത്യന്താപേക്ഷിതമാണ് ".........

Sunday, January 13, 2013

എന്‍റെ ഗ്രാമം .....തിരുവാര്‍പ്പ്

തിരുവാര്‍പ്പിനെ കുറിച്ചു പറഞ്ഞതില്‍ കൊച്ചുപാലം കവലയില്‍ മാത്രം നില്‍കയാണ് നമ്മള്‍ അവിടെ നിന്നും നമുക്ക് മുന്‍പോട്ടു ഒന്ന് സഞ്ചരിക്കാം ശിവരാമന്‍ കുഞ്ഞു ചേട്ടന്‍റെ ചായക്കടയും,രാമന്‍റെ കടയും ഒക്കെ പിന്നിട്ടു മുന്‍പോട്ടു നടക്കുമ്പോള്‍ ഇടതുവശത്താണ് തിരുവാര്‍പ്പിന്‍റെ സ്വന്തം ഹോമിയോ ഡോക്ടര്‍ ആയ ലാലിന്‍റെ വീട്,കുഞ്ഞുന്നാള് മുതലേ ലാലിന്‍റെ പഞ്ചാരമുട്ടായി ഗുളിക കഴിക്കാത്ത ആരും തന്നെ തിരുവാര്‍പ്പില്‍ ഉണ്ടാവില്ല എപ്പോള്‍ കണ്ടാലും വെള്ള ഉടുപ്പും,വെള്ള മുണ്ടും ഉടുത്താണ് ലാലിനെ കാണാന്‍ സാധിക്കുക,സ്വന്തം വീട്ടുമുറ്റത്താണ് മരുന്ന് കട എങ്കിലും അദ്ദേഹം ആ വേഷത്തില്‍ മാത്രമേ വെളിയില്‍ കണ്ടിരുന്നുള്ളൂ,അതിനു കുറച്ചു പുറകില്‍ കവലയില്‍ തന്നെ ഇടതുവശത്താണ് “ദേവീസദനം” അത് എന്നെ പഠിപ്പിച്ച മണി സാറിന്‍റെ വീടാണ് ,മുറ്റത്തു ഒരു മാവ് നില്‍പുണ്ട് വീടിനു ചുറ്റും ഒരു കൊച്ചു വരാന്തയുണ്ട് ആ വരാന്തയില്‍ നിന്നും തിണ്ണയിലേക്ക് കയറുന്നു അവിടെ നിന്നും അകത്തേക്ക് നാലുപാളി കതകു.തിണ്ണയിലെ നീലകളര്‍ ഭിത്തിയില്‍ “ദേവീസദനം” എന്നെഴുതിയിരിക്കുന്നു,മണിസാറിന്‍റെ അനുജന്‍ ഉണ്ണിചേട്ടന്‍ അന്ന് പട്ടാളത്തിലാണ്,ആ മുറ്റത്തു ഒരുപാട് ഓടികളിച്ചിട്ടുണ്ട് ഞങ്ങള്‍....ഈ ലാല്‍ ഡോക്ടറുടെ വീടും കഴിഞ്ഞു മുന്നോട്ടു ചെല്ലുമ്പോള്‍ ആദ്യ വളവില്‍ ഇടതുവശത്താണ് നാരായണന്‍റെ ബാര്‍ബര്‍ഷോപ്പ് വെള്ളമുണ്ടുമുടുത്തു ഉടുപ്പിടാതെ സ്വതവേ മെലിഞ്ഞ ശരീരം അല്പം കൂടി വളച്ചു പിടിച്ചു നിന്ന് മുടിവെട്ടുന്ന നാരായണന്‍റെ രൂപം ഓര്‍മ യില്‍ ഇപ്പോളുമുണ്ട് അടുത്തായി രാജുവിന്‍റെ കറങ്ങുന്ന കസേരയുള്ള കട വന്നപ്പോളും അപ്പച്ചന്‍ നാരായണന്‍റെ അടുത്തെ ഞങ്ങളുടെ മുടി വെട്ടിക്കുമായിരുന്നുള്ളൂ,കസേരയുടെ കൈകള്‍ക്ക് മുകളില്‍ ഒരു പലക വിലങ്ങനെ വച്ച് അതില്‍ കയറ്റി ഇരുത്തി,വെള്ളത്തുണി കഴുത്തിന്‌ ചുറ്റും കെട്ടി ശരീരത്തു മുടി വീഴാതെ പുതപ്പിച്ചിരുത്തി മുടിവെട്ടാന്‍ തുടങ്ങുന്ന സമയം ,തല തിരിച്ചു കൂടെ വന്നവരെ നോക്കാന്‍ ശ്രെമിക്കുമ്പോള്‍ നാരായണന്‍ ബലമായി തല തിരിച്ചു വക്കും. ആ ബാര്‍ബര്‍ഷോപ്പിനു പുറകിലായിട്ടാണ് തങ്കപ്പന്‍റെ വീട്, "റേഡിയോ തങ്കപ്പന്‍" എന്ന് പറഞ്ഞാലേ ആളുകള്‍ അറിയൂ,വളവു കഴിഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ പാറേകാട്ടിലേ അവറാച്ചന്‍ ചെട്ടന്‍റെ പലചരക്ക് കട, ആ കടയില്‍ എപ്പോള്‍ നോക്കിയാലും രണ്ടു മൂന്നുപേര്‍ കാണും,കാരണം ചെല്ലുന്നവരെ പെട്ടെന്നൊന്നും അവറാച്ചന്‍ചെട്ടന്‍ പറഞ്ഞു വിടില്ല,ഒരു സാധനം എടുക്കുന്നതിനിടയില്‍ പത്തു പ്രാവശ്യം ഓരോ വര്‍ത്തമാനം പറഞ്ഞു നില്കും ..ഇറാക്ക് കുവൈറ്റ്‌ യുദ്ധകാലത്ത് അവറാച്ചന്‍ചെട്ടന്‍റെ അതി പ്രശസ്ത ഡയലോഗ് എനിക്കോര്‍മ്മഉണ്ട് ഇന്നും. സവാളയുടെ വില കൂടിയതിനെ പറ്റി ചോദിച്ചപ്പോള്‍ അത് പിന്നെ "ഇറാക്ക് കുവൈറ്റ്‌ യുദ്ധം നടക്കുവല്ലേ അവിടുന്നിപ്പോള്‍ സവാള വരുന്നില്ല" അതുകൊണ്ടാണെന്നു ചിരിയുടെ ഒരു പൊട്ടുപോലുമില്ലാതെ പറയുവാന്‍ അവറാച്ചന്‍ചേ്ട്ടനു മാത്രമേ സാധിക്കൂ.....ഈ കാര്യങ്ങള്‍ പറയുമ്പോള്‍ ഓര്‍ക്കുന്നു അന്ന് കൊച്ചുപാലം തിരുവാര്‍പ്പ് റോഡ്‌ ടാര്‍ ചെയ്തിട്ടില്ല. ഉരുളന്‍ കല്ലുകളും ചെമ്മണ്ണും ആയുള്ള റോഡ്‌.....,ഒരു വളവുകൂടി കഴിഞ്ഞു മുന്നോട്ടു ചെല്ലുമ്പോള്‍ സ്വാമിയാര്‍ മ‌ഠം,അതിനു ശേഷം ശിവന്‍ കോവില്‍(ശിവന്റെപേരിലുള്ള അമ്പലം),ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ആനയോട്ടം നടത്തിയിരുന്നത് അമ്പലകുളത്തിന്‍റെ മുന്നില്‍ നിന്നും ശിവന്‍കോവില്‍ വരെ ആയിരുന്നു..........."തിരുവാര്‍പ്പ് അമ്പലത്തിലെ ഉത്സവകാലം മനസ്സില്‍ നിന്നും മാറാതെ നില്കു്ന്ന ഓര്‍മ്മ യാണ്" വലിയവധി കാലമായ ഏപ്രില്‍ മാസത്തിലാണ് ഉത്സവം 10ദിവസം,തിരുവാര്‍പ്പിന്‍റെ മുഴുവന്‍ ആഘോഷ കാലമാണത്, ആനകളും, എഴുന്നള്ളിപ്പും, ചെണ്ടമേളവും, വിളക്കെടയും ഒക്കെയായി ഒരു കൊഴുപ്പാണ് ആ ദിവസങ്ങള്‍ , വിളക്കെട എന്നാല്‍ 5 വയസ്സില്‍ താഴെയുള്ള ഹിന്ദു കുടുംബങ്ങളിലെ പെണ്കുട്ടികള്‍ ദിവസവും നോമ്പ് നോറ്റു കസവ് ചേലയോക്കെഉടുത്തു,സര്‍വ്വാഭരണ വിഭൂഷകളായി, എണ്ണയൊഴിച്ച് തെളിയിക്കാവുന്ന മൂന്നു കുഴി വിളക്കോട് കൂടി തടിപ്പിടിയുമായുള്ള വിളക്കുമേന്തി കൃഷ്ണനെ പൂജിക്കുവാനായി പ്രദിക്ഷിണമായി ക്ഷേത്രത്തിലേക്ക് നീങ്ങുന്നു ആ കാഴ്ച,അതൊന്നു കാണേണ്ടത് തന്നെ.നേരം നന്നേ വെളുക്കുന്ന സമയത്തു ഈ കുരുന്നുകള്‍ ഉണര്‍ന്നു അമ്പലകുളത്തില്‍ മുങ്ങി തുവര്‍ത്തി അമ്പലത്തിലേക്ക് പോകുന്നു,അങ്ങനെ ഒരു പെണ്കുട്ടി ഒരിക്കല്‍ കുളിക്കുവനിറങ്ങി,പിന്നീട് ആ കുട്ടിയുടെ മൃതദേഹം പോലും ലഭിച്ചില്ല,നല്ല സുന്ദരിയായ ഒരു പെണ്കുഞ്ഞായിരുന്നു അവള്‍,കൃഷ്ണന്‍ അവളെ മോഹിച്ചു കൊണ്ടുപോയി എന്നൊരു കഥയായ് തിരുവാര്‍പ്പില്‍ പ്രചാരമുണ്ട്,എന്റെ ഓര്‍മ്മ ശെരിയെങ്കില്‍ ഇന്നും ആ കുഞ്ഞിന്‍റെ തറവാട്ടിലേക്ക് ഉത്സവസമയത്തു ക്ഷേത്രത്തില്‍ നിന്ന്,ആനയും അമ്പാരിയും ഒക്കെയായി ചെന്ന് കാണിക്ക കൊടുക്കുന്ന പതിവുണ്ട്.അമ്പലകുളത്തിനും,അമ്പലത്തിനും നടുവിലൂടെയാണ് റോഡ്‌ കടന്നു പോകുന്നത് ആ റോഡില്‍ നിന്നും അമ്പലത്തിനും,തിരുവാര്‍പ്പി ലെ,-അല്ല കോട്ടയം ജില്ലയിലെ തന്നെ- കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവായിരുന്ന R.Kമേനോന്‍ സാറിന്‍റെ വീടിനും, അമ്പലത്തിന്‍റെ ഊട്ടുപുരക്കും ഇടയിലൂടെ ഉള്ള വഴിയിലൂടെ അമ്പലത്തിന്റെ മുന്‍ വശത്തു എത്തുന്നു,അങ്ങോട്ട്‌ ചെല്ലുമ്പോള്‍ വലതു വശത്ത് ഒരു തയ്യല്‍കടയും,അതിനു ശേഷം അശോകന്‍റെ പീടികയും പിന്നീട് പാര്‍ട്ടി ഓഫീസും ഉണ്ട്,അവിടെ നിന്നും അല്പം മുന്‍പിലായി സോമന്‍റെ ചായക്കട.. ഇന്നത്‌ "ഹോട്ടല്‍ അമ്പാടി" എന്നപേരില്‍ മോഡേണ്‍ ആയിരിക്കുന്നു,അവിടെ നിന്നും അമ്പലത്തിനു മുന്നിലൂടെ തന്നെ പടിഞ്ഞാട്ടെക്ക് നടക്കുമ്പോള്‍ വലതു വശത്താണ് “നിര്‍മ്മലാ ആശുപത്രി” തിരുവാര്‍പ്പി ല്‍ ആകെയുണ്ടായ ഒരു ആശുപത്രി അന്നു അതാണ്‌, ആശുപത്രിക്ക് അന്ന് കാഞ്ഞിരത്തിലും ബ്രാഞ്ച് ഉണ്ടായിരുന്നു, തിരുവാതുക്കലുള്ള ആശുപത്രിയുടെ ബ്രാഞ്ച് ആണ് ഇത് രണ്ടും... വൈകിട്ട് മാത്രമേ ഡോക്ടര്‍ വരൂ, അവിടുത്തെ ഡോക്ടര്മാര്‍ ആയിരുന്ന ജോസഫ്‌ ഡോക്ടറെയും, വിനോദു ഡോക്ടറെയും നല്ല പരിചയം ആണ്,കാരണം കുഞ്ഞിലെ മുതലേ ഓരോ പ്രശനങ്ങളാല്‍ ഞാന്‍ അവിടുത്തെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു.അതിനെപറ്റി പിന്നീട് പറയാം, അന്ന് തിരുവാര്‍പ്പിലൂടെ കാറില്‍ സഞ്ചരിക്കുന്ന ചുരുക്കം ചിലരില്‍ രണ്ടു വ്യക്തികളായിരുന്നു ഈ ഡോക്ടര്‍മാര്‍ ജോസഫ്‌ ഡോക്ടറിന് ഒരു അംബാസിഡര്‍ കാറും വിനോദു ഡോക്ടറിന് ഒരു ഫീയറ്റും ആണുണ്ടായിരുന്നത്,ഈ നിര്‍മല ആശുപത്രിയുടെ മുന്‍പിലാണ് വോളീബോള്‍ കോര്‍ട്ട്,ഈ വോളീബോള്‍ കോര്‍ട്ടിലും അല്പം ഉയര്‍ന്നാണ് അമ്പലപ്പറമ്പ് ,ഒരു സ്ടെപ്പു പോലെ ആണ് അവിടെ, നീളന്‍ കരിങ്കല്ലുകള്‍കൊണ്ട് അവിടെ ഒരു സ്ടെപ്‌ ഉണ്ട് കൊര്ട്ടിന്‍റെ ഇടതു വശത്തായി പടിഞ്ഞാട്ടെക്ക് പോകുന്ന വഴി ,ആ വഴിയുടെ സൈഡില്‍ നിന്നും സ്ടെപ്പിനായി പാകിയിരിക്കുന്ന രണ്ടാമത്തെ കല്ലില്‍ "ഇഴഞ്ഞു പോകുന്ന ഒരു പാമ്പിന്‍റെ പടം കൊത്തിവച്ചിട്ടുണ്ട്"......., കുഞ്ഞുന്നാളില്‍ ആ കല്ലിന്‍റെ അടുത്ത് പോകാന്‍ ഉള്ളില്‍ ഭയം ആയിരുന്നു,അന്നൊക്കെ എല്ലാവര്‍ഷവും വോളീബോള്‍ ടൂര്‍ണമെന്‍റെു നടക്കുമായിരുന്നു. പൂഞ്ഞാര്‍ ടീമും,പോലീസ്‌ ടീമും,തിരുവാര്‍പ്പിന്‍റെ സ്വന്തം ടീമും ഒക്കെ മാറ്റുരക്കുന്ന അതി വാശിയേറിയ മല്‍സരങ്ങള്‍...... അതൊരു ആവേശം തന്നെ ആയിരുന്നു,.....കോര്‍ട്ടു കഴിഞ്ഞു കുറച്ചുകൂടി മുന്നിലേക്ക്‌ ചെല്ലുമ്പോള്‍ വലതുവശത്ത് പോലീസ്‌ എയിഡു പോസ്റ്റ്‌ പക്ഷെ അവിടെ,ഉത്സവ സമയത്തും, വോളീബോള്‍ ടൂര്‍ണമെന്‍റെു സമയത്തും അല്ലാതെ ഒരിക്കലും പോലീസ്‌ ഉണ്ടാവാറില്ല, അതിന്‍റെ ആവശ്യവും ഉണ്ടായിരുന്നില്ല അത്ര സാധുക്കളും സ്നേഹം നിറഞ്ഞവരുമായിരുന്നു എന്റെ ഗ്രാമ നിവാസികള്‍.ഉത്സവ സമയത്ത് സന്ധ്യ കഴിഞ്ഞാല്‍ അമ്പലത്തിനു മുന്‍പിലുള്ള ഈ മൈതാനത്തും, വോളീബോള്‍ കോര്‍ട്ടിലും വഴിയിലുമെല്ലാം ആളുകള്‍ തിങ്ങി നിറയും,എല്ലാ ദിവസവും നല്ല നല്ല പ്രോഗ്രാമുകള്‍ ഉണ്ടാവും,ബാലെ,കഥാപ്രസംഗം,നാടകം,കഥകളി,അങ്ങനെ പത്തുദിവസവും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടാവും,അവധി സമയം ആയിരുന്നതിനാല്‍ നാടകവും മറ്റും കാണുവാന്‍ ഞങ്ങള്‍ കുട്ടികളും അയല്‍വക്കത്തുള്ള ചേട്ടന്മാരുടെ കൂടെ പോകുമായിരുന്നു,അല്പം മുതിര്‍ന്നുകഴിഞ്ഞപ്പോള്‍ പിന്നെ കൂട്ടുകാരുമായി വെളുക്കപ്പുറം വരെ നാടകവും മറ്റും കണ്ടു നടന്നത് മറക്കാന്‍ പറ്റില്ല.രാജന്‍ പി ദേവിന്‍റെ കാട്ടുകുതിര,ആദിത്യമങ്കലം ആര്യവൈദ്യശാല,എന്നീ നാടകങ്ങളും വി.ഡി രാജപ്പന്‍റെ ചികയുന്ന സുന്ദരി എന്ന കഥാപ്രസംഗവും ഒക്കെ ഈ അമ്പലമുറ്റത്തുഇരുന്നാണ് ഞാന്‍ കണ്ടതും,കേട്ടതും. തിരുവാര്‍പ്പ് എന്ന് പറയുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നതും,ഈ അമ്പലവും പരിസരങ്ങളുമാണ്.........എന്റെ കുട്ടികള്‍ക്ക് ഇവയെല്ലാം ഒന്ന് കാട്ടികൊടുക്കണം എന്ന് ആഗ്രഹംഉണ്ടെങ്കിലും ഒരിക്കലും ഉത്സവ സമയത്ത് നാട്ടില്‍ എത്താന്‍ പറ്റാറില്ല......... ഇവയെല്ലാം സുഖമുള്ള ഓര്‍മ്മകളായി നിലനില്‍ക്കുന്നു ...............

ജോഷി കുര്യന്‍ പോള്‍

ശിവരാമന്‍ ചേട്ടനും,ഗോപാലിയും പിന്നെ രാമനും മറ്റു ചിലരും .....

അങ്ങനെ ബസ്‌ കയറാന്‍ കൊച്ചുപാലം കവലയില്‍ എത്തിയ കാര്യം പറഞ്ഞല്ലോ ‘തിരുവാര്‍പ്പ് ദേശത്തെ കൊച്ചുപാലം ആണ് നമ്മുടെ നമ്മുടെ ലൊക്കേഷന്‍. കൊച്ചുപാലം കവലയില്‍ തന്നെയാണ് എന്‍റെ അമ്മാച്ചന്‍(അമ്മാവന്‍)താമസിക്കുന്നത് മുന്‍പത്തെ കുറിപ്പില്‍ പറഞ്ഞ ഗോപാലിയുടെ മാടക്കട അമ്മാച്ചന്റെ പുരയിടത്തിന്‍റെ മതിലിനോട് ചേര്‍ന്നാണ് ഇരുന്നത് –പിന്നീടാണ് മതില്‍ വന്നത് അന്നത്തെ കാലത്ത് മുള്ളുകമ്പി കൊണ്ടുള്ള വേലി ആയിരുന്നു,ഗോപാലി നിലക്കടലയുടെ കച്ചവടമായിരുന്നു കൂടുതലും നടത്തിയിരുന്നത്,ഒപ്പം ബീഡി ,സിഗരറ്റ് മുതലായവയും,പകല്‍ സമയത്ത് പച്ചക്കടല ഉപ്പുനീര്‍ പുരട്ടി വെയില് കൊള്ളിക്കാന്‍ വയ്ക്കും,വൈകിട്ട് പാടത്തെ പണി കഴിഞ്ഞു ആളുകള്‍ മടങ്ങുന്ന സമയത്ത് ,ചീനച്ചട്ടിയില്‍ കിടന്നു പഴുക്കുന്ന മണലില്‍ ഈ ഉപ്പ് പുരട്ടി വച്ചിരിക്കുന്ന നിലക്കടല ഇട്ടു വറക്കും,ആ സമയത്ത് കവലയിലാകെ ആ ഗന്ധമായിരിക്കും. ആളുകളെ ആ ഗന്ധം ഗോപാലിയുടെ മാടത്തിലേക്ക് അറിയാതെ തന്നെ നയിക്കും,കടല വാങ്ങാന്‍ ചെന്ന് പണം കൊടുക്കുമ്പോള്‍ ,ഒരു രൂപക്ക് ആയാലും,2രൂപക്ക് ആയാലും കണ്ണാടി കുപ്പിയിലേക്ക് ഗോപാലിയുടെ കൈ പൂര്‍ണമായും വിടര്‍ന്നാണ് കടക്കുന്നത് പക്ഷെ തിരികെ കൈ എടുക്കുമ്പോള്‍ മൂന്നു വിരലുകള്‍ക്കുള്ളില്‍ മാത്രമാവും കടല, അത് പണത്തിനനുസരിച്ചു രണ്ടു പ്രാവശ്യമോ നാല് പ്രാവശ്യമോ ആവര്‍ത്തി ക്കും ,പക്ഷെ കൈ ഇടുന്നത് കാണുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് ഒരു സന്തോഷമാണ് കൈ നിറയെ കടല കിട്ടുമല്ലോ എന്നോര്‍ത്ത് ....... ഗോപാലിയുടെ മാടം കഴിഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ അമ്മാച്ചന്‍റെ പറമ്പില്‍ തന്നെയുള്ള കടമുറികള്‍- അന്നത്തെ കാലത്ത് അപ്പച്ചന്‍ ആയിരുന്നു അതിന്‍റെ മുതലാളി,(പില്‍കാലത്ത് ആ മുറികള്‍ ഒക്കെ ഇടിച്ചു നിരത്തി അവിടെയൊക്കെ തെങ്ങ് നട്ടു) - കടമുറികള്‍ വാടകക്ക് കൊടുതിരിക്കുകയാണ്, ആദ്യം കാണുന്നത് ഒരു ചെറിയ പീടിക, വിജയന്‍ ആണ് അത് നടത്തുന്നത് വിജയന്‍റെ ആ പീടികയില്‍ മുന്‍പിലെ മേശയില്‍ ഒരു ചെറിയചില്ലിട്ട പെട്ടിക്കൂട് കാണാം അതിനുള്ളില്‍ പല നിറങ്ങളില്‍ സിഗരറ്റ് കൂടുകള്‍,ഇളംറോസ്നിറത്തിലുള്ള കൂടില്‍ കേരള ദിനേശു ബീഡി,വെള്ളയില്‍ നീല വരകളോട് കൂടിയ കൂടില്‍ കാജാ ബീഡി അങ്ങനെ പുകവലിക്കാര്‍ക്കായി സിഗരറ്റുകളും ബീഡികളും ചില്ലുകൂട്ടില്‍ സൂക്ഷിച്ചിരിക്കയാണ് വിജയന്‍,ആ ചില്ലുകൂടിനു ഇപ്പുറമായി ഒരു നിറം മങ്ങിയ ചുവന്ന ബേസിന്‍ അതില്‍ കുറച്ചു വെള്ളമുണ്ട് അതിനുള്ളില്‍ മൂന്നുനാല് ചില്ല് ഗ്ലാസ്സുകളും,ചില്ലുകൂടിനും ബേസിന്നും ഇടയിലായി വട്ടുസോഡാ കുപ്പികള്‍ വച്ചിരിക്കുന്നു കടും പച്ച നിറമുള്ള ആ സോഡാ കുപ്പികളുടെ മുകളിലായി ഓരോ ചെറു നാരങ്ങകള്‍ വച്ചിരിക്കുന്നു,ദാഹിച്ചു വരുന്നവര്‍ക്ക് സോഡാ നാരങ്ങാ വെള്ളം കൂട്ടി കൊടുക്കുന്ന വിജയന്‍റെ രീതി ഒന്ന് കാണേണ്ടത് തന്നെ,വിജയന്‍റെ പീടികകഴിയുന്ന ഉടന്‍ തന്നെ ശിവരാമന്‍കുഞ്ഞു ചേട്ടന്‍റെ ചായക്കട,ചായക്കടയിലേക്ക് കേറുന്നത്തിന്‍റെ ഇടതു വശത്ത് തന്നെ വലിയ ചില്ലിട്ട അലമാരയില്‍ ,മുകളിലെ തട്ടില്‍ പപ്പട ബോളി ,അതിനു താഴെ ബോണ്ടാ, പരിപ്പുവട ,ഉഴുന്ന് വട,സുഖിയന്‍ അങ്ങനെ പലവിധമായ പലഹാരങ്ങള്‍ നിരത്തി വച്ചിരിക്കുന്നു, ആ കടയിലെ പരിപ്പ് വടയുടെയും,സുകിയന്‍റെയുമൊന്നും രുചി ഇപ്പോളും നാവില്‍ നിന്ന് മാറിയിട്ടില്ല,വലതു വശത്ത് ഒരു മേശയും കസേരയും അത് പണ മേശയാണ്,ചില അവസരങ്ങളില്‍ മാത്രമേ ശിവരാമന്‍കുഞ്ഞുചേട്ടന്‍ ആ സ്ഥാനത് ഇരിക്കാറുള്ളൂ,മിക്കവാറും തന്നെ അടുക്കളയില്‍ ചായ എടുക്കുന്ന തിരക്കിലാവും ,ആ ചായ അടിക്കുന്നത് ഒരു കാണേണ്ട കാഴ്ചയാണ്,കപ്പ് പോലെയുള്ള രണ്ടു പാത്രങ്ങളില്‍ ഒരു കൈയിലുള്ള പാത്രത്തിലെ ചായ കൈ ഉയര്‍ത്താവുന്ന അത്ര ഉയരത്തില്‍ നിന്ന് താഴ്ത്തി പിടിച്ചിരിക്കുന്ന മറ്റേ കയ്യിലെ പാത്രത്തിലേക്കുള്ള ആ ഒഴിക്കല്‍ ഞങ്ങള്‍ നോക്കി നില്‍കാറുണ്ട് ഒരു തുള്ളി പോലും താഴെ വീഴാതെ ആ ചായ പരസ്പരം ആ പാത്രങ്ങളില്‍ രണ്ടാവര്‍ത്തി അടിച്ചു കഴിയുമ്പോള്‍ നന്നായി പതഞ്ഞു ഗ്ലാസിനുള്ളിലേക്ക് പകര്‍ന്നു തരും, ആ ചൂടോടെ അത് കുടിച്ചിട്ടുള്ളവര്‍ക്ക് അറിയാം ആ ചായയുടെ രുചി,ഞാന്‍ നാട്ടിലെ സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്താണ് അമ്മാച്ചന്‍റെ വീടുപണി ആ പുരയിടത്തില്‍ നടക്കുന്നത്,വെള്ളം കയറുന്ന സ്ഥലം ആയിരുന്നതിനാല്‍ തറക്ക് ഉറപ്പു കിട്ടുവാന്‍ വാനം മാന്തി താഴെ നാലിഞ്ചു കനത്തില്‍ കൊണ്ക്രീറ്റ്‌ ഇട്ടു അതിനു മുകളിലാണ് കല്ല്കൊണ്ട് തറ കെട്ടിയത്, ഈ കൊണ്ക്രീറ്റ്‌ ഇട്ടു കിടന്നിരുന്ന ദിവസങ്ങളില്‍ ,അത് നനക്കുവാന്‍ അപ്പച്ചനോടൊപ്പം ഞങ്ങളും അവിടെ വരുമായിരുന്നു ,വരുന്നത് കൊണ്ക്രീറ്റ്‌ നനക്കാനുള്ള ഉദ്ധേശത്തിലല്ല,നനക്കലെല്ലാം കഴിയുമ്പോള്‍ ചായക്കടയില്‍ നിന്നും അപ്പച്ചന്‍ ചായയും, ബോളിയോ, പരിപ്പുവടയോ അങ്ങനെ ഏതേലും പലഹാരമോ വാങ്ങിത്തരും, അതിന്‍റെ രുചിയോര്‍ത്താണ് വരുന്നത്. ചായക്കടയോട് ചേര്‍ന്നു തന്നെ "രാമന്‍റെ" അങ്ങാടിക്കട,ആ ഭാഗത്ത്‌ എത്തുമ്പോള്‍ തന്നെ രാമന്‍റെ റേഡിയോയുടെ ശബ്ദം കേള്‍ക്കാം തിരുവാര്‍പ്പ് ദേശത്ത് അന്ന്കാലത്തു രാവിലെ മുതല്‍ രാത്രി കട അടക്കുന്ന വരെ പ്രവര്ത്തി ക്കുന്ന ഏക റേഡിയോ ആയിരുന്നു രാമന്‍റെത്, പാട്ടുകളും വാര്‍ത്തകളും മാറി മാറി അതില്‍ നിന്നും ഒഴുകി വന്നുകൊണ്ടേ ഇരിക്കും,ഉച്ചക്ക് വാര്‍ത്തകള്‍ക്ക് ശേഷം ചലച്ചിത്ര ഗാനം, വൈകുന്നെരമാവുമ്പോള്‍ “വയലും വീടും”,ഞായറാഴ്ച ഉച്ചക്ക് “രഞ്ജിനി” അതിനു മുന്പ്‍ രാമചന്ദ്രന്‍ വായിക്കുന്ന “കൌതുകവാര്‍ത്തകള്‍” ,വായിക്കുന്നതിനിടയില്‍ “എന്താ കൌതുകം തോന്നുന്നില്ലേ എന്ന രാമചന്ദ്രന്റെ ചോദ്യം കേള്‍ക്കു മ്പോള്‍ ഒരു പുഞ്ചിരിയോടെ നില്കുന്ന രാമന്‍,,,രാമന്‍ പുഞ്ചിരിക്കുന്നത് അപൂര്‍വ്വ മാണ് സ്വതവേ ഒരു കുത്തിവീര്‍ത്ത ഭാവമാണ് രാമന് രാമന്‍റെ കടയില്‍ ചെന്നാല്‍ എല്ലാം "പുരാ" വസ്തുക്കള്‍ പോലെയേ തോന്നൂ , അതിനിടയില്‍ മറ്റൊരു പുരാവസ്തുവായി രാമനും രാമന്‍റെ റേഡിയോയും,(രാമന്‍ ഈ ലോക വാസം വെടിഞ്ഞു എന്നുള്ളത് ഖേദത്തോടെ വായനക്കാരെ അറിയിക്കട്ടെ).ഇത്രയും മുന്നോട്ടു വരുന്നതിനു മുന്‍പ് ഒന്ന് രണ്ടു പ്രധാന ആളുകള്‍ ഉണ്ട് അവരെ വിട്ടു കളയുന്നത് ശെരിയല്ല കോട്ടയത്ത്‌ നിന്നും തിരുവാര്പ്പി ലേക്ക് പോകുമ്പോള്‍ കൊച്ചുപാലം കവലയ്ക്കു മുന്‍പാ്ണ് പാലം, അതിനു തൊട്ടു മുന്‍പായി ഇടതു വശത്ത് ഉദയന്‍റെ ചെറിയ ഒരു സ്റ്റേഷനറി കടയുണ്ട് ,ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ജ്യൂസ് കൊടുക്കുന്ന അപൂര്‍വ്വം കടകളില്‍ ഒന്നായിരുന്നു അത്, അതിന്‍റെ പടിഞ്ഞാറ് വശത്തായി ശങ്കരമ്മാവന്‍റെ മുറുക്കാന്‍ കട ,മുറുക്കാന്‍ കടയെന്കിലും “സംഭാരം” കുടിക്കാന്‍ കിട്ടുന്ന ഒരു കടയായിരുന്നു അത് , ശങ്കരമ്മാവനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു കുറച്ചാളുകള്‍ അവിടെ കാണും മിക്കപ്പോളും,അവരില്‍ പ്രധാനമായും മീന്‍ പിടിച്ചു നടക്കുന്ന കുട്ടന്‍, കുട്ടന്‍റെ അനിയന്‍ ജോയി പിന്നെ ശെയ്തു എന്നിവരായിരിക്കും ,ഇവിടെ നിന്ന് പടിഞ്ഞാട്ടു നടന്നു പാലം അക്കരെ കടന്നാണ് കവലയിലേക്ക് എത്തുന്നത്‌ കവലയില്‍ എത്തുന്നതിനു മുന്‍പായി കൃഷ്ണന്‍റെ ചെറിയ ഒരു മുറുക്കാന്‍ കട ആ കടക്കു മുന്നില്‍ മടിയില്‍ വച്ച ഒരു മുറത്തില്‍ ബീഡിയില വെട്ടി സൈസ് ആക്കി ബീഡി തെറുക്കുന്ന കൃഷ്ണന്‍, മൂവന്തി വരെ കൃഷ്ണന്‍ സാധുവാണ്,ഗൌരവക്കാരനാണ്. പാറേക്കാട്ടിലെ കുഞ്ഞുതോമാച്ചന്‍റെ ജൌളിക്കടയുടെ തിണ്ണയിലിരുന്നു ബീഡിയും തെറുത്തു ,വര്‍ത്തമാന രാഷ്ട്രീയവും പറഞ്ഞിരിക്കുന്ന കൃഷ്ണന്‍, മൂവന്തി കഴിഞ്ഞാല്‍ ജഗജില്ലിയാണ് വായില്‍ സരസ്വതി വിളയാടും. കാരണം ആ സമയത്ത് കൃഷ്ണന്‍ അടുത്തുള്ളചാരായ ഷാപ്പില്‍ ഒന്ന് കയറി മിനുങ്ങി വരും ,കൃഷ്ണനെ കണ്ടാല്‍ നീര്‍ക്കോലി രൂപമെങ്കിലും വൈകിട്ട് കൃഷ്ണന്‍ തനി രാജവെമ്പാല ആകും,ഇങ്ങനെ ഒക്കെ ആണെങ്കിലും ബഹുമാനിക്കേണ്ട ആളുകള്‍ ആ പരിസരത്ത് കൂടി വന്നാല്‍ കൃഷ്ണന്‍ വെടിച്ചില്ല് പോലെ കടക്കുള്ളിലേക്ക് കയറി മര്യാദക്കാരന്‍ ആവും,  ഇവരെ കൂടാതെ ചിറ്റപ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന മരംവെട്ടുകാരന്‍, എവിടെ നിന്നോ വരുന്ന “അമ്മായി” അവര്‍ക്ക് തലയ്ക്കു അല്പം സ്ഥിരത കുറവ് എന്ന് തോന്നുമെന്കിലും മറ്റു പലരെകാളിലും സ്ഥിരത അവര്‍ക്കു ണ്ട് എന്നും തോന്നിയിട്ടുണ്ട്, “എടാ കൊതുകെ നിന്‍റെമ്മേ കെട്ടിയോനാരാടാ” എന്നൊരു പാട്ടും അവരുടെ വായില്‍ എപ്പോളും ഉണ്ടായിരുന്നു. ഇങ്ങനെ മറക്കാന്‍ പറ്റാത്ത ഒരുപാട് സാധാരണക്കാരായ സ്നേഹമുള്ള ആളുകള്‍ നിറഞ്ഞതാണ് എന്‍റെ ഗ്രാമം.....“എന്‍റെ തിരുവാര്‍പ്പ് ”. ഇനിയും ഒരുപാട് എഴുതുവാനുണ്ട് തിരുവാര്‍പ്പി ലെ വിശേഷങ്ങള്‍, അവയെല്ലാം പിന്നാലെ ഓരോ കുറിപ്പുകളായി കടന്നു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം,........................(തുടരും)
(ജോഷി കുര്യന്‍ പോള്‍)

ഡ്രൈവര്‍ ശിവന്‍

അങ്ങനെ നാട്ടിലെ സ്കൂളിലെ ജീവിതം അവസാനിപ്പിച്ചു ,ടി.സി വാങ്ങി പട്ടണത്തിലെ സായിപ്പുമാര്‍ തുടങ്ങിയ സ്കൂളിലേക്ക്(സി.എം.എസ്). അമ്മയുടെ കസിന്‍ രാജന്‍ സാര്‍ അവിടെ മുതിര്‍ന്ന അദ്ധ്യാപകനാണ്,അത് മൂലവും, ചേട്ടന്‍റെ കാര്യങ്ങള്‍ക്കായി അമ്മയോടൊപ്പം സ്കൂളില്‍ പലതവണ പോയിട്ടുണ്ടായിരുന്നതിനാലും മിക്ക അദ്ധ്യാപകര്‍ക്കും എന്നെ അറിയാമായിരുന്നു,എങ്കിലും പ്രവേശനത്തിന് ചെന്ന അന്ന് ജോസഫ്‌സര്‍- (അദ്ദേഹത്തെ വെറും ജോസഫ്‌ സാര്‍ എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാവില്ല അദ്ധേഹത്തിനു കുട്ടികള്‍ ഇട്ട പേരും കൂടി പറയണം “കരിപ്പെട്ടി” എന്നാണു സാറിനെ എല്ലാവരും വിളിച്ചിരുന്നത്‌ ഏഴഴകുള്ള കരിം കറുപ്പായിരുന്നു അദ്ദേഹം അങ്ങനെയാണ് അദ്ദേഹത്തിനു ആ പേര് വീണത്‌ എന്ന് തോന്നുന്നു) ഇവന്‍ തന്നെയാണോ ആളു എന്ന് നോക്കട്ടെ, നിന്‍റെ അടയാളങ്ങള്‍ കാണട്ടെ എന്ന് പറഞ്ഞു ഷര്‍ട്ട് ‌ ഊരിച്ചു മറുക്‌ ഒക്കെ നോക്കി ,രെജിസ്റ്റ്റില്‍ രേഖപ്പെടുത്തി,ബുക്കും പുസ്തകവും ഒക്കെ വാങ്ങുവാനുള്ള തീയതിയും പറഞ്ഞു വിട്ടു.അന്ന് വീട്ടിലേക്കു തിരികെ വന്നത് ഒരു രാജ പ്രൌഡിയോടെ ആയിരുന്നു,വീടിനടുത്തുള്ള മറ്റു കൂട്ടുകാരോട്-നാട്ടില്‍ തന്നെയുള്ള സ്കൂളില്‍ പടിക്കുന്നവരോട്-പട്ടണത്തിലെ സ്കൂളിന്‍റെ വര്‍ണ്ണനകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എത്ര പറഞ്ഞിട്ടും മതിയായില്ല.ഇനി എന്നും ബസില്‍ കയറി ആണ് ഞാന്‍ സ്കൂളില്‍ പോകുന്നത് എന്ന് പറഞ്ഞു ഗമ കാണിക്കുമ്പോള്‍ കൂട്ടുകാരുടെ കണ്ണിലെ ഒരു ആരാധനാ ഭാവം എന്നെ സന്തോഷിപ്പിച്ചു.അങ്ങനെ അവധിക്കാലം കഴിഞ്ഞു,പുതിയസ്കൂളിലേക്കുള്ള ആദ്യ ദിനം ,രാവിലെ തന്നെ കോരിച്ചൊരിയുന്ന മഴ,പുതുതായി വാങ്ങിയ കാലന്‍കുടയും, പുസ്തക സഞ്ചിയും പുത്തന്‍ യൂണിഫോമും അണിഞ്ഞു ചേട്ടനോടൊപ്പം ബസ്‌ സ്റ്റാന്റിലേക്ക്- ആദ്യ ദിനത്തില്‍ നേരത്തെ എത്തുവാനായി നേരത്തെ തന്നെ വീട്ടില്‍ നിന്നുമിറങ്ങി,വഴിയിലെല്ലാം വെള്ളം കയറി തുടങ്ങിയിരിക്കുന്നു, എടാ നോക്കി നടക്കെടാ,പെട്ടെന്ന് വാടാ എന്നൊക്കെയുള്ള ചേട്ടന്‍റെ അധികാര വിനിയോഗങ്ങള്‍ കേട്ടുകൊണ്ട് ഞാന്‍ നടന്നു ,ഈ ഒരു ദിവസവും പുതിയ സ്കൂളും ഒന്നുമല്ലായിരുന്നെങ്കില്‍ അപ്പോള്‍ അടി തുടങ്ങിയേനെ ഇത് പുതിയ സ്കൂള്‍ പുതിയ ലോകം ആകെ പരിചയം ചേട്ടന്‍ മാത്രം അപ്പോള്‍ പുള്ളിയുമായി അടി തുടങ്ങുന്നത് ശെരിയല്ലല്ലോ,ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ അതെ നിറത്തിലെ യൂണിഫോമും അണിഞ്ഞു കുറച്ചു കുട്ടികള്‍ കൂടി, പലരും പരിചയക്കാര്‍ അപ്പോള്‍ ഒരു സന്തോഷമായി നോക്കി നില്ക്കെ തിരുവാര്‍പ്പിന്‍റെ അഭിമാനമായിരുന്ന KMS സ്റ്റാന്റിലേക്ക് കടന്നു വന്നു ,പഴയ ഫര്‍ഗോ വണ്ടി,വണ്ടിയുടെ വലിപ്പത്തിന് അനുസരിച്ച് ഒട്ടും ചേരാത്ത വിധം ആജാനുബാഹു ആയ ഡ്രൈവര്‍, ശിവന്‍ചേട്ടന്‍,കാക്കി ഷര്‍ട്ടും അതിന്‍റെ കോളര്‍ അല്പം പുറകോട്ടു വലിച്ചു വച്ച് അതിനും കഴുത്തിന്‌മിടയില്‍ തൂവാല തിരുകി,കറുത്ത ദീക്ഷക്ക് മുകളില്‍ ചുരുട്ടിയ കൊമ്പന്‍ മീശയും സ്വതവേ അല്പം ചുവന്ന കണ്ണുകളുമായി ഒരു ഗുസ്തിക്കാരനെ അനുസ്മരിപ്പിച്ചു കൊണ്ട് സീറ്റില്‍ ഇരിക്കുന്നു,മഴമൂലം രണ്ടു വശത്തും കാക്കി നിറത്തിലുള്ള പടുത വലിചിട്ടിരിക്കുന്നു, ബസ്‌ വന്നു നില്കുന്നത് ഗോപാലിയുടെ മാടക്കടയുടെ മുന്നില്‍ ,ഗോപാലിയുടെ മാടക്കടയുടെ അടുത്തെത്തുമ്പോള്‍ അന്ന് മീന്‍ ഉളുംപ് മണക്കുമായിരുന്നു, കാരണം എല്ലാ ദിവസവും വൈകിട്ട് അവിടെയിരുന്നാണ് ,"സോമനും ,"രവി"യുമൊക്കെ മീന്‍ വില്‍കുന്നത് ,അവരെ ചുറ്റിപറ്റി ചില കണ്ടന്‍ പൂച്ചകളും,ചക്കി പൂച്ചകളും മ്യാവൂ മ്യാവൂ എന്നും കരഞ്ഞു കൊണ്ട് അവിടെ കാണും,ഒപ്പം തന്നെ ചില ദിവസങ്ങളില്‍ ചമ്പന്‍ പറിക്കാന്‍ നടക്കുന്ന സാബുവിന്‍റെ നല്ല കൊമെഡി ഷോകളും ലൈവ് ആയി അവിടെ നടക്കും,ഇന്നത്തെ അയ്യപ്പ ബൈജുവിന്‍റെ തനി സ്വരൂപമായിരുന്നു അന്ന് തിരുവാര്പ്പിന്‍റെ മാത്രം സ്വന്തമായിരുന്ന സാബുവിനു,പറഞ്ഞു വന്നപ്പോള്‍ ശിവന്‍ ചെട്ട്നില്‍ നിന്നും സാബുവിലെത്തി,ഇനിയും മറക്കാന്‍ പറ്റാത്ത ഒരുപാട് മുഖങ്ങള്‍ ഉണ്ട് ഓരോരുത്തരെയും നമുക്ക് പിന്നാലെ പരിചയപ്പെടാം, ഇപ്പോള്‍ ശിവന്ചെട്ടനിലേക്ക് മടങ്ങി വരാം...... KMS ബസും ശിവന്‍ചേട്ടനും തിരുവാര്‍പ്പുകാര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കഥാപാത്രങ്ങളാണ്, ആ നാളുകളില്‍ ശിവന്‍റെ വാഹനം ഏതു എന്ന് കുട്ടികളോട് ചോദിച്ചാല്‍ KMS എന്നായിരുന്നു ഉത്തരം പറഞ്ഞിരുന്നത്,അത്രയ്ക്ക് ഇഴചേര്‍ന്ന ബന്ധമായിരുന്നു ശിവന്‍ചേട്ടനും ആ ബസും തമ്മില്‍,കുരിശുപള്ളി-യൂണിയന്‍ ക്ലബ്‌ കയറ്റം കയറുമ്പോള്‍ മറ്റു ഡ്രൈവര്‍മാര്‍ ആ വണ്ടിയുമായി ഓടിച്ചു കയറാന്‍ ബുദ്ധിമുട്ട് പറയുമ്പോള്‍,ശിവന്‍ചേട്ടന്‍റെ സ്ഥിരം വാചകമായിരുന്നു “എന്റെ മക്കളെ ഇവളെന്നെ ഒരിക്കലും ചതിക്കില്ല ഏതു കയറ്റവും എല്ലാ ഗീയറും കഴിഞ്ഞു ഹനുമാന്‍ ഗീയറിട്ടു ഇവള് കയറും” ഇത് മനപ്പാഠമാക്കിയ കുട്ടികളായ ഞങ്ങള്‍ കയറ്റം എത്തുംബോളെക്കും ചേട്ടാ "ഹനുമാന്‍"- ഗീയറിട്ടോ" എന്ന് വിളിച്ചു ചോദിക്കുമായിരുന്നു,ചിരിച്ചുകൊണ്ട് "വേണ്ട മക്കളെ വേണ്ട" എന്നുള്ള ഉത്തരമല്ലാതെ ഒരിക്കലും ഞങ്ങളോട് ചേട്ടന്‍ ദേഷ്യം കാട്ടിയിട്ടില്ല.
(തുടരും)
ജോഷി കുര്യന്‍ പോള്‍