Saturday, May 24, 2014

സഹയാത്രികര്‍............

യാത്രയില്‍ ഇടയ്ക്കു വച്ച് പരിചയപ്പെട്ട്, തുടര്‍ന്നൊരുമിച്ച് ഒരേ ലക്ഷ്യത്തിലേക്ക് യാത്രയാവാമെന്നു തീരുമാനിച്ചവര്‍ ഇടയിലെപ്പോഴോ അറിയാതെ വഴി പിരിഞ്ഞു പോകുമ്പോള്‍ ഒരു നൊമ്പരമുണ്ട് ,തുടര്‍ന്നുള്ള യാത്രയില്‍ കുറെ ദൂരം പിരിഞ്ഞവരെ കുറിച്ചുള്ള ഓര്‍മ്മ നമ്മെ വല്ലാതെ പിന്തുടര്‍ന്നേക്കാം ,പിന്നീട് എപ്പോഴോ പുതു വഴിയാത്രക്കാരെ കണ്ടുമുട്ടുകയും പഴയ സഹായാത്രക്കാരനെ മറവിയുടെ ആഴങ്ങളിലെക്കല്ലെങ്കിലും ഹൃദയത്തിലെ ഏതോ അറയില്‍ ഒളിപ്പിച്ചു വച്ച്, പുതിയ സുഹൃത്തുമായി യാത്ര തുടരുകയും ചെയ്യും പക്ഷെ ഇടക്കെപ്പോഴെങ്കിലും ആ അറ തുറന്നു പഴയ ഓര്‍മ്മകള്‍ ഒരു മുള്ളായി ഹൃദയത്തിലെങ്ങോ തുളഞ്ഞു കയറുന്നത് അനുഭവപ്പെടും.....അങ്ങനെ യാത്ര തുടരുന്ന അവസരത്തില്‍ വീണ്ടുമൊരു തിരുവില്‍ പഴയ സഹചാരിയെ കണ്ടുമുട്ടിയാല്‍ ?? ആ പഴയ ചങ്ങായിക്കും നമ്മെപ്പോലെ തന്നെ പുതിയ സഹചാരിയെ കിട്ടിയിട്ടുണ്ട് എങ്കില്‍ ആ കൂടിക്കാഴ്ചക്ക് വലിയ തീവ്രതകള്‍ ഉണ്ടാവില്ല....... ഇടയ്ക്കിടെ അറയില്‍ നിന്നും തുറന്നു വന്നു കുത്തി നോവിച്ചിരുന്ന മുള്ളുകള്‍ക്ക് പിന്നീട് കുത്തി വേദനിപ്പിക്കാന്‍ സാധിക്കുകയുമില്ല മാത്രമല്ല അവ തലോടലുകള്‍ പോലെ സുന്ദരമാവുകയും ചെയ്യും...........

ശുദ്ധന്‍

പരനാറി പ്രയോഗത്തെ അത് പറഞ്ഞയാളുടെ ശുദ്ധതയും നന്മയും കൊണ്ടാണ് പ്രയോഗിച്ചത് എന്ന് പാര്‍ട്ടി പത്രം വാഴ്തുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു.

ഇതുപോലെ പണ്ടൊരു ശുദ്ധനെ എനിക്ക് പരിചയമുണ്ടായിരുന്നു അദ്ദേഹവും വായെടുത്താല്‍ "താ യും ,മായും ,പൂ യും അങ്ങനെ മലയാള നിഘണ്ടുവില്‍ കടന്നു കയറാത്ത പലവാക്കുകളും പുട്ടിനിടയില്‍ തെങ്ങാപീരപോലെ തിരുകി കയറ്റിയെ സംസാരിക്കുമായിരുന്നുള്ളൂ ആള്‍ക്ക് പത്തറുപത്തഞ്ചു വയസായി സ്ഥലവും കാലവുമോന്നും നോക്കാതെ ഈ സ്വഭാവം തുടര്‍ന്നുകൊണ്ടേയിരുന്നു , 

ആയിടക്കു പള്ളിയില്‍ പുതിയ വികാരി ചാര്‍ജെടുത്തു, ഇദ്ധേഹത്തിന്റെ ഈ സംസാര രീതി കണ്ടു വികാരി അദ്ദേഹത്തെ ഒരുപാടുപദേശിച്ചു ,അച്ചായ പ്രായമൊക്കെ ആകുവല്ലേ ഇനിയെങ്കിലും ഈ രീതിയിലുള്ള സംസാരങ്ങളൊക്കെ ഒഴിവാക്കി നല്ല വര്‍ത്തമാനം പറയുവാന്‍ സ്രെമിക്ക് അല്പം അത്മീയതിയില്‍ ഇനിയുള്ള കാലമെങ്കിലും ജീവിക്ക് ,ഒരാഴ്ച ഒന്ന് സ്വയം തിരുത്താന്‍ സ്രെമിച്ചിട്ടു അടുത്ത ഞായറാഴ്ച വന്നു കുമ്പസാരിച്ചു ഖുര്ബ്ബാന കൈക്കൊള്ളു ... 

അച്ചായന്‍ കാര്യങ്ങളൊക്കെ സമ്മതിച്ചു പോയി ,അടുത്ത ഞായറാഴ്ച പള്ളിയിലെത്തി , കുമ്പസാരിക്കാന്‍ അച്ചന്റെ മുന്നില്‍ മുട്ട് കുത്തി ഇരുന്നു ..അച്ചന്‍ സ്ഥിരം പല്ലവി പോലെ " കഴിഞ്ഞ കുംബസാരത്തിനു ശേഷം ദൈവമുന്പാകെചെയ്ത തെറ്റുകള്‍ പാപങ്ങളില്‍ നിന്നുമുള്ള മോചനത്തിനായി ഏറ്റുപറഞ്ഞു ദൈവത്തോട് നിരപ്പാവാനുള്ള സമയമാണ് , അച്ചായന്‍ ചെയ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞാലും .............

അതിപ്പോ അച്ചോ അങ്ങനെ പറഞ്ഞാല്‍ ഞാനൊരു " മ--രും " ചെയ്തിട്ടില്ല പിന്നെ അച്ഛന്‍ പറഞ്ഞതുകൊണ്ട് വന്നു എന്ന് മാത്രം .....

ആ അച്ചന്‍ ആ അച്ചായനെ പിന്നെ ഉപടെഷിക്കാനെ പോയില്ല ,ചോദിക്കുന്നവരോട് അച്ചന്‍ പറയും ഓ ആ അചായനൊരു ശുദ്ധഗതിക്കാരനാ ......

ഓർമ്മതൻ വാസന്ത നന്ദന തോപ്പിൽ

ഓഫീസിൽ നിന്നിറങ്ങിയപ്പോൾ മഴ ഒരുമാതിരി നല്ല വിധം ചാറുന്നുണ്ടായിരുന്നു,വകവെക്കാതെ നമ്മുടെ ഇരുചക്രവാഹനമായ എൻഫീൽഡിൽ യാത്രയായി മഴ നനഞ്ഞു നീങ്ങവെ ഓർമ്മകൾ ഘൊഷയാത്ര പൊലെ കടന്നു വന്നു പതിയ പഴയ കാലത്തേക്കു, പഴയ കാലമെന്നു പറഞ്ഞാൽ ആ ചുവന്ന ബി എസ്‌ എ എസ്‌ എൽ ആർ സൈകിൾ കാലത്തേക്കു മനസ്സു പാഞ്ഞു, ആ ഓർമ്മയിൽ 
"ഓർമ്മതൻ വാസന്ത നന്ദന തോപ്പിൽ ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം" 
 പാട്ടും പാടി രസിച്ചു ബൈകിൽ കൈവിട്ടു, കൈകൾ വായുവിൽ വിരിച്ചു പിടിച്ചു വരവേ നേരേ ഡൽഹി പോലീസിന്റെ വായിലേക്ക്, "പോയല്ലോ രൂപാ ഇരുന്നൂറു" ദൈവമേ എന്നു കരുതി വണ്ടി സൈടൊതുക്കി ഹെൽമെറ്റ്‌ ഊരി ചെന്നപ്പോൾ പോലീസുകാരനൊരു ആക്കിയ് ചിരി മേനേ സോചാ കോയി ലൌണ്ടാ ഹോഗാ ആപ് ഭായിസാബ് ഐസേ ?കോൻസാ ഫിലിംകി യാദ്‌ മേ ദാ? ഞാൻ അല്പംചമ്മലോടെ മൊഴിഞ്ഞു മലയാളം ഫിലിം ദാ!! പോലീസുകാരൻ അൽപം കലാബോദമുള്ള മനുഷ്യനായിരുന്നു ,ഒരു ആക്കിയ ചിരിയോടെടെ അയാളെന്നോടു പറഞ്ഞു ::::ഹോതാ ഹേ ഭായി സാബ് ഹോതാ ഹേ ഇസ് മൗസം മേ ഹോതാ ഹേ മഗർ ഹാത്ത് ചോട്കെ നഹി ,നഹിതോ ബാബിജി കോ മുഷ്കിൽ ഹോ ജായേഗാ ,ചലോ !! ഞാനൊരു നിമിഷം അവനെ തന്നെ നോക്കി നിന്ന് ഇവൻ പോലീസുകാരൻ തന്നോ? എന്റെ നോട്ടം കണ്ടയാൾ പറഞ്ഞു ചലോ ബായിസാബ് കോയി ബാത് നഹി !! അവനൊരു നന്ദിയും പറഞ്ഞു ഞാൻ പതിയെ ഓർമ്മകളിൽ നിന്നും വര്തമാനകാലത്തിലേക്ക് വണ്ടിയോടിച്ചു നീങ്ങി!!!!!""

ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍.....

ചെറുപ്പത്തില്‍ എന്ന് വച്ചാല്‍ വളരെ ചെറുപ്പത്തില്‍ ഞാന്‍ "ഫയങ്കര" പാട്ടുകാരനായിരുന്നു ഏതു പാട്ടും ഒരു പ്രാവശ്യം കേട്ടാല്‍ ഞാന്‍ വളരെ സുന്ദരമായി പാടിയിരുന്നു ..എന്തേ സംശയമുണ്ടോ ?

പക്ഷെ വരികള്‍ ഒറിജിനല്‍ പാട്ടിന്‍റെ തന്നെയാവണം എന്ന് യാതോരുറപ്പുമില്ലാരുന്നു എന്നേയുള്ളു, പ്രത്യേകിച്ചും ഹിന്ദി പാട്ടുകള്‍ ഒക്കെ ... സ്കൂള്‍ അവധിക്കാലം തുടങ്ങുമ്പോളാണ് കവലയിലെ സ്കൂള്‍ മൈതാനിയില്‍ കബഡി മത്സരം ഉള്ളത് അവിടെ കോളാമ്പി മൈക്ക് വച്ച് കെട്ടി കേള്പ്പിക്കുന്നതാണ് ഹിന്ദി പാട്ടുകള്‍ അതിന്റെ അറ്റവും മുറിയും കേട്ടു ഞാന്‍ എന്‍റെ സ്വന്തം വരികളുമിട്ടു നല്ല സ്ടയിലന്‍ പാട്ടുണ്ടാക്കും 

ആ സമയത്തെ ഹിറ്റു പാട്ടുകളിലോന്നായിരുന്നു 
"ആപ് ജൈസാ കോയി മേരെ സിന്ദഗി മേ ആയെ ,ബാത് ബന്ജായെ.... ("ട്യൂം".).... ബാത് ബന്ജായെ "

ഇത് ഞാന്‍ പാടിയിരുന്നത് "ആപ് വച്ചാ പോരെ മേരെ സിന്ദഗീ മേ ആകേ പാപ്പനിച്ചായോ.... (ട്യൂം)....ഓാാ പാപ്പനിച്ചായോ" 

ആ "ട്യൂം"എന്ന മ്യൂസിക് ഒക്കെ വളരെ ഉച്ചത്തില്‍ തന്നെ പാടും ഈ പാപ്പനിചായന്‍ തറവാട് വീടിനു തൊട്ടടുത്തു താമസിക്കുന്ന എന്‍റെ ഫാതെരിന്റെ കസിനാണ്, പുള്ളി പണ്ട് എയര്‍ഫോഴ്സില്‍ ഒക്കെ ആയിരുന്നതിനാല്‍ ഹിന്ദി അറിയാവുന്ന പാര്‍ട്ടിയാണ് .ഒരു ദിവസം എന്റെ ഈ പാട്ട് കേട്ടു പുള്ളി എന്നോട് ചോദിച്ചു "നിനക്കിട്ടു ഞാന്‍ എപ്പോളാടാ ആപ്പ് വച്ചത്? നീ കൊള്ളാല്ലോ ആള്". അപ്പോളാണ് ഞാന്‍ പാടുന്നതില്‍ അങ്ങനെ ഒരര്‍ത്ഥം ഒളിച്ചിരുപ്പുണ്ട് എന്നെനിക്കു മനസ്സിലായത്‌ 

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഡല്‍ഹി നഗരത്തില്‍ എത്തിയ സമയം അപ്പോഴും ഹിന്ദിയില്‍ ആപ് വച്ചാല്‍ തിരിച്ചു വക്കാനറിയാത്ത സമയമാണ് ഡല്‍ഹിയില്‍ ചെന്ന് പെട്ടതോ പെന്തെക്കൊസ്തുകാരനായ ഒരമ്മാച്ചന്റെ മടയില്‍, ടി.വി കാണില്ല സിനിമാ പാട്ട് വെക്കില്ല ഫുള്ളി ആത്മീയവാദിയായ് അമ്മാചാനും കുടുംബവും അവിടെ ആന്റിയുടെ മാതാപിതാക്കളുണ്ട് ആന്റിയുടെ അനുജത്തിയുമുണ്ട് എല്ലാരും ഒന്നിനൊന്നു മെച്ചമായ ആത്മീയ വാദികള്‍,ഞാനാണെങ്കില്‍ പതിനേഴു വയസ്സുകാരനായ നല്ലൊന്നാന്തരം സിനിമാ ഭ്രാന്തന്‍.

കുറച്ചു ദിവസം ഞാന്‍ സഹിച്ചും ക്ഷമിച്ചും നിന്നും എന്നിലെ പാട്ടുകാരന് പാട്ട് പാടാതെ നിവര്‍ത്തിയില്ലാന്നു വന്ന ഒരു നിമിഷത്തില്‍ വരാന്തയില്‍ ഇറങ്ങി നിന്നു ഞാന്‍ ആ സമയത്തെ ഒരു ഹിന്ദി ഗാനം കുറച്ചുച്ചത്തില്‍ തന്നെ പാടി " ചുമ്മാ ചുമ്മാ ദേദോ ചുമ്മാ ചുമ്മാ ദേദോ ചുമ്മാ" ഇത്രയുമായപ്പോള്‍ വരാന്തയില്‍ അലക്കിയ തുണി വിരിച്ചു കൊണ്ട് നിന്ന ആന്റിയുടെ അനുജത്തിയെന്നെ കടുപ്പിച്ചൊന്നു നോക്കി 

,"ഫക്തി" കാരണം സിനിമാ പാട്ട് കേട്ടതിന്റെ കലിപ്പിലാണ് നോക്കുന്നതെന്ന് തോന്നിയപ്പോള്‍ എന്നിലെ പെന്തെക്കോസ്ത് വിരോധി സട കുടഞ്ഞുണര്‍ന്നു ഞാന്‍ പുള്ളിക്കാരിയെ നോക്കി വീണ്ടും ഉച്ചത്തില്‍ പാടി "ചുമ്മാ ചുമ്മാ ദേദോ ചുമ്മാ ചുമ്മാ ദേദോ ചുമ്മാ" ഇത്തവണ പുള്ളിക്കാരി നോട്ടത്തിന്‍റെ കടുപ്പം കുറച്ചു കൂടി കൂട്ടി എന്നെ ദഹിപ്പിക്കും വിദമാക്കി ചവിട്ടി തുള്ളി അകത്തേക്ക് പോയി,

അപ്പോള്‍ എനിക്ക് തോന്നി ഇതില്‍ പണ്ടത്തെ "ആപ്പുവച്ചാ പോരെ പോലെ എന്തോ കുഴപ്പമുണ്ട്" അന്നുകൊണ്ട് ഞാനെന്റെ ഉണ്ടാക്കി പാട്ടുകളും അര്‍ത്ഥമറിയാതെ പാടുന്ന പരിപാടികളും നിര്‍ത്തി അല്ലെങ്കില്‍ മാനം കപ്പല് കേറുന്ന വഴി അറിയുവേലാന്നു മനസ്സിലായി ....

പൂച്ച ..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ ഫ്ലാറ്റില്‍ ഭയങ്കര പൂച്ച ശല്യം രാത്രി ആയാല്‍ ബാല്‍ക്കണിയില്‍ നിന്നും പൂച്ചയുടെ കരച്ചിലും ബഹളവുമാണ് ഉറങ്ങാതെ കിടക്കുന്ന അവസരങ്ങളില്‍ അനക്കം കേട്ടു ബാല്‍ക്കണി തുറന്നു നോക്കുന്ന എന്നെ ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകള്‍ ഉരുട്ടി സൂക്ഷിച്ചു നോക്കി പേടിപ്പിക്കുന്ന ഒരു പൂച്ച.

പൊ പൂച്ചേ എന്ന് പറഞ്ഞാലൊന്നും അവന്‍ പോവില്ല ഹിന്ദിയില്‍ തന്നെ "അരെ ജാവോ ബില്ലി കി ഔലാത്" എന്ന് കടുപ്പിച്ചു പറയുമ്പോള്‍ മാത്രമാണ് അവനല്പം പിന്നിലേക്ക്‌ മാറുന്നത് ഗ്രില്ലിനിടവഴി പാതിയിറങ്ങി അവനവിടെ നിന്ന് വീണ്ടുമെന്നെ കണ്ണുരുട്ടി കാണിക്കും "നിന്നെ പേടിച്ചിട്ടൊന്നുമല്ല നിന്നോടോന്നും മൂപ്പിച്ചു നില്‍ക്കാന്‍ എനിക്ക് സമയമില്ല മനുജാ" എന്നാണു അവന്‍റെ ആ നോട്ടത്തിന്‍റെ അര്‍ത്ഥമെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,മനസ്സില്‍ ഞാന്‍ പറയും എന്നെ ബഹുമാനിച്ചു നടന്നില്ലേല്‍ ഞാന്‍ ചന്ദ്രന്‍ ചേട്ടനെ വിളിച്ചു വരുത്തും നിനക്കറിയില്ല ചന്ദ്രന്‍ ചേട്ടനെ, കേരളത്തിലെ "നിന്‍റെ ഒരു കുടുംബത്തെ മുഴുവന്‍ ഒരു സന്ധ്യാ സമയത്ത് ഒറ്റയ്ക്ക് നേരിട്ട് കൊന്നവനാ ചന്ദ്രന്‍ ചേട്ടന്‍. സൂക്ഷിച്ചും കണ്ടും നിന്നാല്‍ നിനക്ക് നല്ലത്" .

എന്‍റെ ചിന്തകള്‍ മനസ്സിലാക്കിയിട്ടോ എന്തോ അവന്‍ വാലു പൊക്കി അവന്‍റെ പ്രിഷ്ടം എന്നെ കാട്ടിക്കൊണ്ട് ഒരുമാതിരി ലാലേട്ടന്റെ മനുഷ്യനെ ആസാക്കുന്ന ചിരി പോലെ ഒരു "ങ്ങ്യാവൂ" വെച്ച് ഒരു പോക്കാണ് 

ചെറുപ്പത്തില്‍ എന്നുപറഞ്ഞാല്‍ ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയത്തു എന്‍റെ ആരാധ്യ പുരുഷനാരുന്നു ഞങ്ങളുടെ ഹെയര്‍സ്ടയിലിസ്റ്റ്നാരായണന്‍ ചേട്ടന്‍റെ അനുജന്‍ ചന്ദ്രന്‍ചേട്ടന്‍ ,കാരണം മറ്റൊന്നുമല്ല തോളില്‍ ഒരു തോക്കും കയ്യിലൊരു സഞ്ചിയുമായി കപ്പടാ മീശയും വിറപ്പിച്ചു ചന്ദ്രന്‍ ചേട്ടന്‍റെ വരവൊരു വരവാണ് ,
അന്ന് പാടത്തെ കൊക്കുകള്‍ക്കും മുണ്ടികള്‍ക്കും,ഒപ്പം പൂച്ചകള്‍ക്കും അണ്ണാറകണ്ണന്‍മാര്‍ക്കുമൊക്കെ ഒരു പേടി സ്വപ്നമായിരുന്നു ചന്ദ്രന്‍ ചേട്ടന്‍,പൂച്ചകളെ എവിടെ കണ്ടാലും കൊല്ലുകയും അതിനെ കയ്യിലുള്ള സഞ്ചിയിലിട്ടു കൊണ്ടുപോയി കറിവച്ചു തിന്നുകയും ചെയ്യുമായിരുന്നു ചന്ദ്രന്‍ ചെട്ടനെന്നാണ് കേട്ടിരിക്കുന്നത് ... 

പക്ഷെ ഒരവധിക്ക് ചെന്നപ്പോള്‍ പഴയ തറവാട് വീടിനടുത്തുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ കണ്ടു ചന്ദ്രന്‍ ചേട്ടന്റെ ഒരു നിഴലിനെ....., മീശയുടെ കനമൊക്കെ പോയി തോക്ക് പിടിച്ചുന്നം തെറ്റാതെ പൊട്ടിച്ചിരുന്ന കൈകള്‍ ഇന്ന് വിറച്ചു വിറച്ചു തന്റെ മടിയില്‍ ചാടിക്കേറിയ ഒരു വെളുമ്പി പൂച്ചയെ തലോടിക്കൊണ്ടിരിക്കുന്നു .....

ചന്ദ്രന്‍ ചേട്ടന്റെ വിശേഷം ഞങ്ങളുടെ ഫ്ലാറ്റിലെ പൂച്ചയും അറിഞ്ഞിരിക്കാം അല്ലെങ്കില്‍ പണ്ട് "ഒപെരെഷന്‍ കയാറ്റ് സ്ടാറിനു" ഒരിക്കല്‍ ചന്ദ്രന്‍ ചേട്ടനെ അനുഗമിച്ച എന്നെ പ്രുഷ്ടം പൊക്കി കാണിക്കുവാന്‍ ഈ മാര്‍ജ്ജാരന് എങ്ങനെ ധൈര്യം വന്നു ....................

Saturday, May 10, 2014

അമ്മദിനം


നാളെ മാതൃദിനം ഓരോന്നിനും ഓരോ ദിനങ്ങള്‍ ക്രമീകരിച്ചു വച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ അമ്മമാര്‍ക്ക് വേണ്ടിയും ഒരു ദിനം. അവര്‍ നമുക്കായി അനുഭവിച്ച വേദനയും, നമുക്ക് വേണ്ടി വേണ്ടാന്നു വച്ച സുഖങ്ങളും നമ്മുടെ നന്മയെ കരുതി നഷ്ട്ടപ്പെടുത്തിയ അവരുടെ നന്മകളും ഓര്‍ത്താല്‍ എല്ലാ ദിനങ്ങളും മാതൃ ദിനങ്ങളായി ആഘോഷിക്കപ്പെടെണ്ടതാണ്,എന്നാലും ഈയൊരു ദിനത്തിലെങ്കിലും അവരെ വിഷമിപ്പിക്കാത്ത മക്കള്‍ ഉണ്ടായാല്‍ അതൊരു നല്ല കാര്യം,ഇടയ്ക്കിടെ ചാന്നെലുകളിലും പത്ര മാധ്യമാങ്ങളിലൂടെയുമൊക്കെ വായിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചില അധമ ജന്മങ്ങളായവര്‍ അവരുടെ മാതാക്കളോട് കാട്ടുന്ന നെറിയില്ലായ്മ കാണുമ്പോള്‍ അറിയാതെ വികാര വിക്ഷോഭങ്ങള്‍ ഉണ്ടാവും ,എന്നാല്‍ ആ സമയത്ത് നമ്മള്‍ നമ്മിലേക്ക്‌ തന്നെ ഒന്ന് തിരിഞ്ഞു നോക്കുന്നതും നല്ലതല്ലേ?

ഞാന്‍ എന്റെ മാതാവിനോട് നീതി പ്രവര്‍ത്തിച്ചിട്ടാണോ മറ്റൊരുവനോട് ദേഷ്യം കാട്ടുന്നത് ?
അവര്‍ നമ്മില്‍ നിന്നും കിട്ടണം എന്ന് ആഗ്രഹിച്ച കാര്യങ്ങളോട് മുഴുവനല്ലെങ്കിലും അമ്പതു ശതമാനമെങ്കിലും നീതി പുലര്‍ത്തുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്നൊന്നു തിരിഞ്ഞു നോക്കണം,ജീവിതത്തിന്‍റെ തിരക്ക് പിടിച്ച പാച്ചിലിനിടയില്‍ ചിലപ്പോള്‍ അവരുടെ പല പ്രാധാന ദിനങ്ങളും നമ്മള്‍ മറക്കും , ആ ദിനങ്ങളില്‍ മകന്‍/മകള്‍ ഒന്ന് വന്നിരുന്നെങ്കില്‍ ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നുവെങ്കില്‍ കൊച്ചുമക്കളെ കൊണ്ട് ഒരു നേരിയതു സമ്മാനമായി തന്നിരുന്നുവെങ്കില്‍ എന്ന് ആശിച്ചു വൈകുവോളം പടിക്കലേക്കു കണ്ണ് പായിച്ചു തനിയെ ഇരുന്നോരമ്മ നമുക്കുണ്ടോ? ദൂരെ നാട്ടിലായിരിക്കുന്ന മകന്‍റെ ഫോണ്‍ വരുമ്പോള്‍ അത് തന്നെ ആശംസകള്‍ അറിയിക്കാനാണന്നു കരുതി സന്തോഷത്തോടെ ഫോണ്‍ എടുക്കുന്നോരമ്മ വീടുപണിയുടെ അനാവശ്യ ചിലവുകള്‍ കുറക്കാന്‍ സ്രെമിക്കണമെന്നും , മരുഭൂമിയില്‍ കഷ്ട്ടപ്പെടുന്നതിന്റെ കണക്കുകളും കേട്ടു കണ്ണുകള്‍ നിറഞ്ഞു നില്‍ക്കുവാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടോ ? അങ്ങനെ നമ്മള്‍ നിസ്സാരമെന്നു കരുതിയ പലതും അവരേ വേദനിപ്പിക്കുന്നവ ആയിട്ടുണ്ടോ കുറച്ചു സമയം കണ്ണുകള്‍ അടച്ചു ഒന്ന് പുറകോട്ടു തിരിഞ്ഞു നോക്കൂ, എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും നാളെ ആ മാതൃ ദിനത്തില്‍ അമ്മയുടെ അടുത്ത് ചെല്ലുവാന്‍ പറ്റുന്നവര്‍ അടുത്തു ചെന്ന് ആ കൈകളൊന്നെടുത്തു സ്വന്തം സ്വന്തം കവിളുകളില്‍ അല്‍പ നേരം ചേര്‍ത്ത് വക്കുക എന്നിട്ട് അമ്മയെ ചേര്‍ത്ത് അമ്മക്കൊരു ഉമ്മ കൊടുക്കുക നിങ്ങള്‍ ഒന്നും പറയണ്ട ആ അമ്മ നിങ്ങളുടെ ഹൃദയം അറിയും അമ്മയോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ ആഴമറിയും , ഇനി അടുത്തില്ലാത്തവരോ അമ്മക്കൊരു ഫോണ്‍ കോള്‍ അമ്മയുടെ വിശേഷങ്ങള്‍ സകലതും ചോദിക്കുക അമ്മക്കിഷ്ടമുള്ള കാര്യങ്ങളെകുറിച്ചൊക്കെ ഒന്ന് അന്വേഷിക്കുക നിങ്ങളുടെ മകന്‍ /മകളെ കൊണ്ട് അമ്മൂമ്മയോടെ /അമ്മച്ചിയോട്‌ ഒന്ന് സംസാരിപ്പിക്കുക കഴിവതും നല്ല മലയാളത്തില്‍, അറിയാത്തവര്‍ ഒന്നുരണ്ടു വാക്കുകള്‍ എങ്കിലും അവരെ പഠിപ്പിച്ചു സംസരിപ്പിക്കുക അമ്മക്ക് ആശംസകള്‍ നേരുക, അവരുടെ പുഞ്ചിരി കാതങ്ങള്‍ അകലെയിരുന്നു നിങ്ങള്ക്ക് കാണാം ആ പുഞ്ചിരി എന്നും മായാതെ നിര്‍ത്താന്‍ ഇനിയുള്ള നാളുകള്‍ സ്രെമിക്കാം.......

ഞാനും തിരിഞ്ഞൊന്നു നോക്കി, അമ്മയുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്ന മകനാവാന്‍ എനിക്കായോ? അറിയല്ല, അവസാനനാളുകള്‍ വരെ എന്നോടൊപ്പം ഉണ്ടായിരുന്ന അമ്മ ആശിച്ച സമയങ്ങളിലൊക്കെ ആശിച്ച പോലെ പ്രവര്‍ത്തിക്കുവാന്‍ എനിക്കായോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാവാം ഉത്തരം, പക്ഷെ അവസാന കാലങ്ങള്‍ ഈ മകന് ഒരുപാട് സ്നേഹവും സന്തോഷങ്ങളും,അനുഗ്രഹങ്ങളും വാരിച്ചൊരിഞ്ഞിട്ടാണ് കടന്നു പോയത്. ഇന്നും കാണാമറയത്തെവിടെയോ ഇരുന്നു ഞങ്ങളെ അനുഗ്രഹിക്കുന്ന അമ്മേ ഈ മാതൃ ദിനത്തില്‍ മാത്രമല്ല ഇനിയുള്ള ജീവിതം മുഴുവനും അമ്മയെ ഞങ്ങള്‍ മിസ്‌ ചെയ്യും......

ഈ മാതൃദിനത്തില്‍ ലോകത്തിലെ സ്നേഹനിധികളായ സകല അമ്മമാര്‍ക്കും ഈയുള്ളവന്റെയും കുടുംബത്തിന്റെയും ആശംസകള്‍ മുന്നമേ അറിയിക്കട്ടെ.

Friday, May 9, 2014

ദൈവ നീതി ?????

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്നതും കാണുന്നതുമായ ഓരോ വാര്‍ത്തകളും മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നവയാണ് ,അതില്‍ മനസ്സിനെ ഏറ്റവുമധികം സ്പര്‍ശിച്ച ഒരു വാര്‍ത്തയാണ് ഡല്‍ഹിക്കടുത്തു ഫരിദാബാദിലെ ഒരു മലയാളി കുടുംബത്തിന്‍റെ കഥ,

ഭര്‍ത്താവും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന സാദാരണക്കാരായ ആ കുടുംബത്തിലേക്ക് ഇടിത്തീ പോലെയാണ് കുടുംബനാഥനെ കാന്‍സര്‍ ബാധിച്ചു എന്നാ വാര്‍ത്ത വന്നത് ,കുറച്ചു നാളുകള്‍ ആയുള്ള ചികിത്സയും മരുന്നും ആ കുടുംബത്തിന്‍റെ നില അവതാളത്തിലാക്കി സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ആ കുടുംബനാഥ ഒരാളുടെ ജോലിയില്‍ നിന്നുള്ള ചെറിയ വരുമാനം കൊണ്ട് വാടകയും കൊടുത്ത് ഭര്‍ത്താവിന്റെ ചികിത്സയും കുട്ടികളുടെ പഠിപ്പും എല്ലാം കൂട്ടിമുട്ടിക്കുവാന്‍ പാട് പെടുകയായിരുന്നു , ബാലഹീനനെ വീണ്ടും തകര്‍ത്തു തരിപ്പണമാക്കുന്നതുപോലെയാണ് ആ കുടുംബത്തില്‍ വീണ്ടും ദുരന്തം വന്നെത്തിയത് .

ജോലിക്ക് പോയി മടങ്ങുന്ന ആ സഹോദരി ട്രെയിനില്‍ നിന്നും താഴെ വീണു രണ്ടു കാലുകളും മുട്ടിനു മുകള്‍ വച്ച് മുറിഞ്ഞു പോയി, ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗ്ഗവും നിലച്ചു നല്ലവരായ പല സുഹൃത്തുക്കളുടെയും സഹായങ്ങള്‍ കൊണ്ട് ഇപ്പോള്‍ ചികിത്സയും മറ്റു കാര്യങ്ങളും നടന്നു പോകുന്നു പക്ഷെ എത്രനാള്‍? അതൊരു ചോദ്യമായി അവരുടെ മുന്നില്‍ അവശേഷിക്കുന്നു , ഞങ്ങളുടെ ദേവാലയത്തിലെ വനിതാ സമാജം പ്രവര്‍ത്തകര്‍ സ്വരൂപിച്ചതായ ഒരു ചെറിയ കൈത്താങ്ങുമായി അവരെ കാണുവാന്‍ പോയി വന്ന ഞങ്ങളുടെ സഹോദരിമാര്‍ ആ അവസ്ഥ വിവരിക്കുമ്പോള്‍ എവിടൊക്കെയോ ഒരു വിങ്ങല്‍ ഉള്ളില്‍ നിന്നുമോരു തേങ്ങല്‍.......ദൈവമേ ഇതെന്തു നീതി എന്താണ് നിന്‍റെ നീതിബോധമെന്നൊരു ചോദ്യം ഉള്ളില്‍ ഉയരുന്നു......

സ്കൂള്‍

സ്കൂളിന്‍റെ പടിയിറങ്ങാറായപ്പോള്‍ പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നിയില്ല ,കാരണം അങ്ങനെ ഒരു വികാരം തോന്നാന്‍ മാത്രം ഒരു ബിന്ദുവോ ,സിന്ദുവോ , ജെസ്സിയോ മേരിയോ ഒന്നും ഞങ്ങളുടെ സ്കൂളില്‍ ഇല്ലായിരുന്നു പത്തു രണ്ടായിരം ആണ്‍കുട്ടികളുടെ ഇടയില്‍ ശങ്കരാടിയുടെ പറച്ചില്‍ പോലെ ,ഉച്ചക്കഞ്ഞിപ്പുരയിലെ ഒരു ഏലിയാമ്മ ഒരു അന്നമ്മ ടീച്ചര്‍ പിന്നെ ഇടയ്ക്കു സ്കൂള്‍ മാനേജുമെന്റിന്റെ തന്നെ ടി ടി സി സ്കൂളില്‍ നിന്നും ഞങ്ങളുടെ മുന്നിലൂടെ പോകുന്ന ചില ചേച്ചിമാരും അല്ലാതെ വികാരിക്കാന്‍ പറ്റിയ ഒന്നും ഇല്ലായിരുന്നു , ഇന്ന് പക്ഷെ ഓര്‍ക്കുമ്പോള്‍ ആ കാലഘട്ടം സുന്ദരമായൊരു വികാരം ഉള്ളില്‍ സൃഷ്ട്ടിക്കുന്നു ....

ഒരച്ഛന്റെ ജനനം

ഞങ്ങള്‍ ഞങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്ന ദിവസങ്ങള്‍ .2003 may 29ആണ് ഡോക്ടര്‍ ഡേറ്റ് പറഞ്ഞിരിക്കുന്നത്, 27നു ഞാന്‍ ഡ്യൂട്ടി കഴിഞ്ഞെത്തുമ്പോള്‍ പ്രിയതമയുടെ മുഖഭാവത്തില്‍ നിന്നും കാര്യം ഏതാണ്ട് മനസ്സിലായി "

ഇന്ന് മിക്കവാറും രാത്രി സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും അങ്ങനെ പല നായകന്മാരും ലേബര്‍ റൂമിന് മുന്നിലൂടെ മൂട്ടില്‍ തീ പിടിച്ചപോലെ പായുന്ന സീന്‍ ഞാന്‍ സ്വന്ത ജീവിതത്തില്‍ അനുഭവിക്കുവാന്‍ പോവുകയാണെന്നോര്‍ത്തപ്പോള്‍ ചെറിയൊരു നെഞ്ചിടിപ്പ് എനിക്കുമുണ്ടായി എന്നത് സത്യം ,

രാത്രി ഏകദേശം രണ്ടു മണിയോടടുത്തപ്പോള്‍ അവള്‍ക്കു വിഷമം കൂടുതലായി
പിന്നെ ഒന്നും ചിന്തിച്ചില്ല ഒരുങ്ങി പതിയെ റോഡ്‌ ക്രോസ് ചെയ്തു ഹോസ്പിറ്റലില്‍ എത്തി ,വാര്‍ഡില്‍ സ്ടാഫുകള്‍ എല്ലാം തന്നെ അവളുടെ കൂട്ടുകാരികളും പരിചയക്കാരും , അവര്‍ അവളെ കൂട്ടി അകത്തേക്ക് പോയി അല്പം കഴിഞ്ഞപ്പോള്‍ ഒരു കൂട്ടുകാരി വന്നു അമ്മയെയും അകത്തേക്ക് കൊണ്ട് പോയി,

സിനിമയില്‍ കാണാത്ത വിധം കുറെ നോര്‍ത്തിന്ത്യന്‍ ഗാവുകളിലെ പോണ്ണത്തടിച്ചികളും, ചുള്ളിക്കമ്പുകള്‍ പോലുള്ളവരും ആണും പെണ്ണും എല്ലാം ലേബര്‍ റൂമിന് വാതുക്കല്‍ അട്ടിയടുങ്ങി കിടക്കുന്ന കാഴ്ചയും അവരുടെ കൂര്‍ക്കം വലിയുടെയും ,കീഴ്ശ്വാസ ശബ്ദങ്ങളുടെയും നടുവില്‍ മൂട്ടില്‍ തീ പിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും എങ്ങനെ നടക്കും എന്നാലോചിച്ചു ഇതികര്തവ്യാ മൂഡനായി ഞാന്‍ നിന്നു, ഒന്ന് കുത്തിയിരിക്കുവാന്‍ പോലും അടുത്തെങ്ങും സ്ഥലമില്ല ഒരുമാതിരി മുശുക്ക് വാടയും ,കുറച്ചു നേരം അവിടെ നിന്നാല്‍ ഗര്‍ഭിണികളുടെ ആദ്യകാല ഛര്‍ദിയിലും ഭയങ്കരമായി ഞാന്‍ വാള് വക്കും എന്ന് മനസ്സിലായതിനാല്‍ അല്പം ദൂരെ മാറി ഒരു കോണില്‍ പോയി ഒതുങ്ങി ഇരുന്നു ,ഇടയ്ക്കിടെ എഴുന്നേറ്റു വാതുക്കല്‍ പോയി നോക്കും അകത്തു എന്തേലും സംഭവിച്ചോ എന്നറിയാന്‍,

അവളുടെ സുഹൃത്തുക്കള്‍ ആരേലും വന്നു പറയും ഇല്ല സമയമായിട്ടില്ല ,എന്താ അകത്തു കേറിയൊന്ന് അവളെ കാണണോ ?

ഹേയ് വേണ്ട ഞാനിവിടിരുന്നോളാം ഇടക്കൊന്നു വന്നു വിവരം പറഞ്ഞാല്‍ മതി.
കൊതുകുകള്‍ ആണെങ്കില്‍ ഇഞ്ചെക്ഷന്‍ എടുക്കാന്‍ നന്നായി പഠിച്ചവര്‍ ആണ് കുത്തികേറ്റുവാണ് യാതൊരു മയവുമില്ലാതെ,അങ്ങനെ ഇരുന്നിരുന്നു നേരം വെളുപ്പിച്ചു

ഏഴു മണി കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഏലിയാമ്മ ചേച്ചി വന്നു,ചേച്ചി വാര്‍ഡ്‌ ഇന്ചാര്‍ജു ആണ് നേരെ അകത്തു കയറി വിവരങ്ങള്‍ ഒക്കെ അറിഞ്ഞു വന്നു എന്നോട് പറഞ്ഞു,

"വാ പെയിന്‍ ആയിട്ടുണ്ട്‌ അവളെ ഒന്ന് കണ്ടിട്ട് ഇറങ്ങി പോര് പെട്ടെന്ന്"

എന്തായാലും ഞാന്‍ രണ്ടും കല്‍പ്പിച്ചു അകത്തു കയറി. ചെന്നപ്പോള്‍ സ്റാഫിന്റെ ഒരു മുറിയില്‍ ആണ് അവള്‍, ഇടക്കിരിക്കുന്നു പെട്ടെന്ന് ചാടി എഴുനേറ്റു നില്‍ക്കുന്നു, ആ ഒരു നില്‍പ്പിനിടയില്‍ അവള്‍ എന്നെ കണ്ടു ഒരു നോട്ടം നോക്കി

"എടൊ മനുഷ്യാ എന്നെ ഈ പരുവത്തിലാക്കിയിട്ട് താന്‍ അത് കണ്ടു രസിക്കാന്‍ വന്നതാണോ എന്നാണു ആ നോട്ടത്തിന്‍റെ അര്‍ഥം എന്ന് എനിക്ക് തോന്നി"
ഇനി കൂടുതല്‍ അവിടെ നിന്നാല്‍ അവള്‍ ചിലപ്പോള്‍ എനിക്കിട്ടൊന്നു പൊട്ടിക്കാനും സാധ്യതയുണ്ട് എന്ന് തോന്നിയതിനാല്‍ ഞാന്‍ പതിയെ പിന്‍വാങ്ങി,

വീണ്ടും വെളിയില്‍ കുത്തിയിരുന്ന എന്‍റെ അരികിലേക്ക് ഒരു എട്ടേമുക്കാല്‍ ആയപ്പോള്‍ ,കണ്ടോടീ പെണ്ണെ നിന്‍റെ അപ്പനെ കണ്ടോടീ എന്നും പറഞ്ഞു ഏലിയാമ്മ ചേച്ചി ഒരു തുണിക്കെട്ടുമായി വന്നു, ഞാന്‍ അതിലേക്കു സൂക്ഷിച്ചു നോക്കി ആകെ ഇത്തിരിയുള്ള ഒരു "കുഞ്ഞിക്കാ" കണ്ണുമടച്ചു വിരലുകള്‍ ചുരുട്ടി ഇന്ക്വിലാബ് വിളിച്ചു കിടക്കുന്നു, എന്താണ് അപ്പോള്‍ മനസ്സില്‍ തോന്നിയതെന്ന് എനിക്കറിയില്ല എന്‍റെ കണ്ണുകള്‍ രണ്ടും നിറഞ്ഞിരുന്നു ഈ സന്തോഷ കണ്ണീര്‍ എന്ന് പറയുന്ന സാധനേ അത് ഒരു ലക്കും ലഗാനുമില്ലാതെ ഇങ്ങു പോരും, ഈ ഇരുപത്തിയെട്ടാം തീയതി ആ സന്തോഷക്കണ്ണീരിനു 11 വര്‍ഷം പഴക്കമാവും ...