Friday, May 9, 2014

ഒരച്ഛന്റെ ജനനം

ഞങ്ങള്‍ ഞങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്ന ദിവസങ്ങള്‍ .2003 may 29ആണ് ഡോക്ടര്‍ ഡേറ്റ് പറഞ്ഞിരിക്കുന്നത്, 27നു ഞാന്‍ ഡ്യൂട്ടി കഴിഞ്ഞെത്തുമ്പോള്‍ പ്രിയതമയുടെ മുഖഭാവത്തില്‍ നിന്നും കാര്യം ഏതാണ്ട് മനസ്സിലായി "

ഇന്ന് മിക്കവാറും രാത്രി സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും അങ്ങനെ പല നായകന്മാരും ലേബര്‍ റൂമിന് മുന്നിലൂടെ മൂട്ടില്‍ തീ പിടിച്ചപോലെ പായുന്ന സീന്‍ ഞാന്‍ സ്വന്ത ജീവിതത്തില്‍ അനുഭവിക്കുവാന്‍ പോവുകയാണെന്നോര്‍ത്തപ്പോള്‍ ചെറിയൊരു നെഞ്ചിടിപ്പ് എനിക്കുമുണ്ടായി എന്നത് സത്യം ,

രാത്രി ഏകദേശം രണ്ടു മണിയോടടുത്തപ്പോള്‍ അവള്‍ക്കു വിഷമം കൂടുതലായി
പിന്നെ ഒന്നും ചിന്തിച്ചില്ല ഒരുങ്ങി പതിയെ റോഡ്‌ ക്രോസ് ചെയ്തു ഹോസ്പിറ്റലില്‍ എത്തി ,വാര്‍ഡില്‍ സ്ടാഫുകള്‍ എല്ലാം തന്നെ അവളുടെ കൂട്ടുകാരികളും പരിചയക്കാരും , അവര്‍ അവളെ കൂട്ടി അകത്തേക്ക് പോയി അല്പം കഴിഞ്ഞപ്പോള്‍ ഒരു കൂട്ടുകാരി വന്നു അമ്മയെയും അകത്തേക്ക് കൊണ്ട് പോയി,

സിനിമയില്‍ കാണാത്ത വിധം കുറെ നോര്‍ത്തിന്ത്യന്‍ ഗാവുകളിലെ പോണ്ണത്തടിച്ചികളും, ചുള്ളിക്കമ്പുകള്‍ പോലുള്ളവരും ആണും പെണ്ണും എല്ലാം ലേബര്‍ റൂമിന് വാതുക്കല്‍ അട്ടിയടുങ്ങി കിടക്കുന്ന കാഴ്ചയും അവരുടെ കൂര്‍ക്കം വലിയുടെയും ,കീഴ്ശ്വാസ ശബ്ദങ്ങളുടെയും നടുവില്‍ മൂട്ടില്‍ തീ പിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും എങ്ങനെ നടക്കും എന്നാലോചിച്ചു ഇതികര്തവ്യാ മൂഡനായി ഞാന്‍ നിന്നു, ഒന്ന് കുത്തിയിരിക്കുവാന്‍ പോലും അടുത്തെങ്ങും സ്ഥലമില്ല ഒരുമാതിരി മുശുക്ക് വാടയും ,കുറച്ചു നേരം അവിടെ നിന്നാല്‍ ഗര്‍ഭിണികളുടെ ആദ്യകാല ഛര്‍ദിയിലും ഭയങ്കരമായി ഞാന്‍ വാള് വക്കും എന്ന് മനസ്സിലായതിനാല്‍ അല്പം ദൂരെ മാറി ഒരു കോണില്‍ പോയി ഒതുങ്ങി ഇരുന്നു ,ഇടയ്ക്കിടെ എഴുന്നേറ്റു വാതുക്കല്‍ പോയി നോക്കും അകത്തു എന്തേലും സംഭവിച്ചോ എന്നറിയാന്‍,

അവളുടെ സുഹൃത്തുക്കള്‍ ആരേലും വന്നു പറയും ഇല്ല സമയമായിട്ടില്ല ,എന്താ അകത്തു കേറിയൊന്ന് അവളെ കാണണോ ?

ഹേയ് വേണ്ട ഞാനിവിടിരുന്നോളാം ഇടക്കൊന്നു വന്നു വിവരം പറഞ്ഞാല്‍ മതി.
കൊതുകുകള്‍ ആണെങ്കില്‍ ഇഞ്ചെക്ഷന്‍ എടുക്കാന്‍ നന്നായി പഠിച്ചവര്‍ ആണ് കുത്തികേറ്റുവാണ് യാതൊരു മയവുമില്ലാതെ,അങ്ങനെ ഇരുന്നിരുന്നു നേരം വെളുപ്പിച്ചു

ഏഴു മണി കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഏലിയാമ്മ ചേച്ചി വന്നു,ചേച്ചി വാര്‍ഡ്‌ ഇന്ചാര്‍ജു ആണ് നേരെ അകത്തു കയറി വിവരങ്ങള്‍ ഒക്കെ അറിഞ്ഞു വന്നു എന്നോട് പറഞ്ഞു,

"വാ പെയിന്‍ ആയിട്ടുണ്ട്‌ അവളെ ഒന്ന് കണ്ടിട്ട് ഇറങ്ങി പോര് പെട്ടെന്ന്"

എന്തായാലും ഞാന്‍ രണ്ടും കല്‍പ്പിച്ചു അകത്തു കയറി. ചെന്നപ്പോള്‍ സ്റാഫിന്റെ ഒരു മുറിയില്‍ ആണ് അവള്‍, ഇടക്കിരിക്കുന്നു പെട്ടെന്ന് ചാടി എഴുനേറ്റു നില്‍ക്കുന്നു, ആ ഒരു നില്‍പ്പിനിടയില്‍ അവള്‍ എന്നെ കണ്ടു ഒരു നോട്ടം നോക്കി

"എടൊ മനുഷ്യാ എന്നെ ഈ പരുവത്തിലാക്കിയിട്ട് താന്‍ അത് കണ്ടു രസിക്കാന്‍ വന്നതാണോ എന്നാണു ആ നോട്ടത്തിന്‍റെ അര്‍ഥം എന്ന് എനിക്ക് തോന്നി"
ഇനി കൂടുതല്‍ അവിടെ നിന്നാല്‍ അവള്‍ ചിലപ്പോള്‍ എനിക്കിട്ടൊന്നു പൊട്ടിക്കാനും സാധ്യതയുണ്ട് എന്ന് തോന്നിയതിനാല്‍ ഞാന്‍ പതിയെ പിന്‍വാങ്ങി,

വീണ്ടും വെളിയില്‍ കുത്തിയിരുന്ന എന്‍റെ അരികിലേക്ക് ഒരു എട്ടേമുക്കാല്‍ ആയപ്പോള്‍ ,കണ്ടോടീ പെണ്ണെ നിന്‍റെ അപ്പനെ കണ്ടോടീ എന്നും പറഞ്ഞു ഏലിയാമ്മ ചേച്ചി ഒരു തുണിക്കെട്ടുമായി വന്നു, ഞാന്‍ അതിലേക്കു സൂക്ഷിച്ചു നോക്കി ആകെ ഇത്തിരിയുള്ള ഒരു "കുഞ്ഞിക്കാ" കണ്ണുമടച്ചു വിരലുകള്‍ ചുരുട്ടി ഇന്ക്വിലാബ് വിളിച്ചു കിടക്കുന്നു, എന്താണ് അപ്പോള്‍ മനസ്സില്‍ തോന്നിയതെന്ന് എനിക്കറിയില്ല എന്‍റെ കണ്ണുകള്‍ രണ്ടും നിറഞ്ഞിരുന്നു ഈ സന്തോഷ കണ്ണീര്‍ എന്ന് പറയുന്ന സാധനേ അത് ഒരു ലക്കും ലഗാനുമില്ലാതെ ഇങ്ങു പോരും, ഈ ഇരുപത്തിയെട്ടാം തീയതി ആ സന്തോഷക്കണ്ണീരിനു 11 വര്‍ഷം പഴക്കമാവും ...

No comments:

Post a Comment