Tuesday, April 29, 2014

എന്‍റെ ദൈവം /നിന്റെ ദൈവം

എന്‍റെ നാട്ടിലെ ക്ഷേത്ര ഉത്സവ സമയത്ത് എന്‍റെ കളിക്കൂട്ടുകാര്‍ക്കൊപ്പം ഞാന്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമായിരുന്നു,എനിക്കതില്‍ ഒരു പ്രത്യേകതയും തോന്നിയിരുന്നില്ല അറിയാത്ത കാര്യങ്ങള്‍ കാണുന്നതിലുള്ള ഒരു അമ്പരപ്പ് ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആ അമ്പലത്തിനുള്ളിലെ ദൈവം വേറേതോ ദൈവമാണെന്നോ അവിടെ കയറുന്നത് വലിയ പാപമാണെന്നോ ഒന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല എന്റെയൊപ്പം എന്‍റെ കൂട്ടുകാര്‍ പള്ളികളിലും വന്നിരുന്നു തിരി കത്തിച്ചിരുന്നു പ്രാര്തിച്ചിരുന്നു അവര്‍ കണ്ണുകളടച്ചു പ്രാര്തിച്ചത് യേശുവിനോടാണോ കൃഷ്ണനോടാണോ എന്ന് എനിക്കറിയില്ല ഞാന്‍ ചോദിച്ചിട്ടില്ല .അവരും ,അമ്പലത്തിനുള്ളില്‍ കയറിയ ഞാന്‍ പ്രാര്തിച്ചത് ആരോടാണ് എന്ന് ചോദിച്ചിരുന്നില്ല പക്ഷെ ഒന്നറിയാം ഞങ്ങള്‍ക്കിടയില്‍ എന്‍റെ ദൈവം നിന്‍റെ ദൈവം എന്ന തര്‍ക്കം ഉണ്ടായിരുന്നില്ല,ഞങ്ങള്‍ കൂട്ടുകാര്‍ ആയിരുന്നു ദിവസവും തമ്മില്‍ കണ്ടില്ലെങ്കില്‍ വീടുകളില്‍ സ്വാതന്ത്ര്യത്തോടെ കയറിച്ചെന്നു തിരക്കുന്നവര്‍ ആയിരുന്നു ഞങ്ങള്‍ ഞങ്ങളുടെ മനസ്സാലും ബുദ്ധിയാലും ചിന്തിക്കുന്നവര്‍ മാത്രമായിരുന്നു ഞങ്ങള്‍ക്കുള്ളില്‍ വിഷ ചിന്തകള്‍ ഒന്നുമില്ലായിരുന്നു ....
ഞങ്ങള്‍ മുതിര്‍ന്നു ഞങ്ങളുടെ വിശ്വാസങ്ങളും ഞങ്ങളോടൊപ്പം വളര്‍ന്നു പരസ്പരം ഞങ്ങള്‍ ഇന്നും നല്ല സൌഹൃദം ഉള്ളവരാണെങ്കില്‍ കൂടി ഇന്ന് അവരോടൊപ്പം ക്ഷേത്രത്തിലേക്ക് കടക്കാന്‍ എനിക്ക് പഴയതുപോലെ സാധിക്കില്ല അവര്‍ക്കും എന്നോടൊപ്പം പള്ളിയിലേക്ക് കടന്നു വരാന്‍ സാധിച്ചു എന്ന് വരില്ല എനിക്കറിയാം എന്റെ പള്ളിക്കുള്ളില്‍ അവന്‍ വന്നാല്‍ ഒന്നുമുണ്ടാകാന്‍ പോകുന്നില്ല ഒരു ദൈവവും കൊപിക്കില്ല ആരും അവനെ എതിര്‍ക്കില്ല എന്ന് പക്ഷെ അവനു ആ ഉറപ്പു ചിലപ്പോള്‍ ഉണ്ടാവില്ല. എനിക്ക് ക്ഷേത്രത്തില്‍ കടക്കാന്‍ പേടി പോലെ തന്നെ അവനും ഉള്ളില്‍ പേടിയാവാം, കാരണം ഞങ്ങള്‍ ആരെയോ പേടിക്കുന്നു ആരാണത്? ഞങ്ങളെ പേടിപ്പിച്ചു നിര്‍ത്തുന്ന ആ ശക്തികളാണ് ഇന്ന് സമൂഹത്തില്‍ മതത്തിന്റെ പേരില്‍ വിദ്വേഷം വളര്‍ത്തുന്നത് അവര്‍ വെറും ന്യൂനപക്ഷമാണ് പക്ഷെ അവര്‍ ഭൂരിപക്ഷത്തെ പേടിയില്‍ നിര്‍ത്തിയിരിക്കുകയാണ് ,ശങ്കരനും കുര്യനും,മുഹമ്മദിനും തോമാസിനും പരസ്പരം പേടിയില്ല പക്ഷെ അവരുടെ വിശ്വാസത്തിന്‍റെ പേരിലുള്ള മുതലെടുപ്പുകളെ ചെറുക്കാന്‍ അവര്‍ക്കാവുന്നില്ല അവിടെയാണ് ഈ ന്യൂനപക്ഷം തങ്ങളുടെ വിഷം കുത്തിയിറക്കുന്നത് അതില്‍ ചില ശങ്കരന്മാരും ,തോമസുമാരും,മുഹമ്മുദുമാരും അറിയാതെ പെട്ടുപോകും അപ്പോള്‍ വിജയം വിശ്വാസങ്ങളുടെ പേരില്‍ മുതലെടുപ്പ് നടത്തുന്ന ആ ന്യൂനപക്ഷത്തിനാവും,അങ്ങനെ മുതലെടുപ്പ് നടത്തുന്ന ഒരു ന്യൂനപക്ഷം ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്നുവോ കേരളത്തില്‍ എന്ന സംശയമാണ് ഇന്ന് വാര്‍ത്തകളിലൂടെ പലതും കാണുമ്പോള്‍ തോന്നുന്നത് ,

ഇതൊക്കെ കാണുമ്പോള്‍ ആണ് ഒരു വിധത്തിലുമുള്ള മതത്തിന്‍റെ പേരിലുള്ള വിഷങ്ങള്‍ പുരളാതിരുന്ന മനസ്സിന്‍റെ ഉടമകള്‍ ആയിരുന്ന ആ ബാല്യം തന്നെ മതിയായിരുന്നു ഞങ്ങള്‍ക്കെന്നു തോന്നിപ്പോവുന്നത്.......

No comments:

Post a Comment