ഇന്ന്
പ്രവാസി എന്ന് കേള്‍ക്കുമ്പോള്‍ ആ വാക്കിനു പഴയ ഫോറിന്‍കാരന്‍റെ ഗമ
വരുന്നില്ല , പ്രവാസി എന്ന വാക്കിനു എന്തോ ഒരു കഞ്ഞിപ്പറ്റന്‍ എന്ന
തോന്നലാണുണ്ടാക്കുന്നത് മറ്റൊന്നുംകൊണ്ടല്ല വേണ്ടിടത്തും
വേണ്ടാത്തിടത്തുമെല്ലാം ഉപയോഗിച്ച് പ്രവാസി എന്ന വാക്ക് ഒരു ദരിദ്രവാസിയായി
മാറിയിരിക്കുന്നു. ഇത് എന്റെ തോന്നലാണ് ദയവായി പ്രവാസികള്‍
ക്ഷമിക്കുമല്ലോ?
എന്നാല്‍ പഴയ ഫോറിന്‍കാരന്‍ അങ്ങനെയല്ലായിരുന്നു ആ വാക്കിനു തന്നെ അത്തറിന്റെ സുഗന്ധമായിരുന്നു പളപള മിന്നുന്ന കുപ്പായങ്ങളുടെ തിളക്കമായിരുന്നു സംഗീതമൊഴുകുന്ന പാട്ടുപെട്ടികളുടെ ശബ്ദമായിരുന്നു
എന്‍റെ ചെറുപ്പത്തില്‍ ഇതുപോലൊരു ഫോറിന്‍കാരന്‍ അമ്മാച്ചന്‍ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വലിയൊരു ചാരകളറുള്ള പെട്ടിയും ചെറിയ ഒന്ന് രണ്ടു പെട്ടികളും ആയി വരുമായിരുന്നു, അന്ന് നെടുമ്പാശേരിയില്‍ വിമാനത്താവളം ഇല്ല കൊച്ചി നാവിക സേനയുടെ കീഴിലുള്ള വിമാനത്താവളത്തിലാണ് എത്തുന്നത് ,പൂവാണിലെ ഒരു പച്ച അമ്ബാസ്സിഡര്‍ കാര്‍ ആണ് ഈ ഫോരിന്‍കാരനെ കൊണ്ടുവരുവാനും തിരികെ കൊണ്ടുചെന്നാക്കാനും ഉണ്ടാവുക ,ചിലപ്പോള്‍ അമ്മായി ചോദിക്കും നീയും വരുന്നോടാ കുട്ടാ അങ്കിളിനെ കൊണ്ടുവരാന്‍? ചോദിക്കാന്‍ കാത്തു നില്‍ക്കും, ഞാന്‍ ഇട്ടിരിക്കുന്ന ഷേര്‍ട്ടും നിക്കറും പറിച്ചിട്ടിട്ടു കടവിലെക്കൊരു ഓട്ടമാണ് ചെന്ന് ചാടി മുങ്ങി കുളിച്ചു ഓടിവന്നു ഉള്ളതില്‍ നല്ല നിക്കറും ഉടുപ്പുമണിഞ്ഞു തയ്യാറായെത്തും അമ്മായീ ഞാന്‍ റെഡി കാറില്‍ കൊച്ചിവരെ പോകുവാന്‍ ഒരു ചാന്‍സ് കിട്ടുന്നത് അന്ന് വലിയൊരു കാര്യമായിരുന്നു ,കാറില്‍ ഒരു നീണ്ടയാത്ര എത്രയോ സ്ഥലങ്ങള്‍ കാണാം അടുത്ത ദിവസങ്ങളില്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ യാത്രയുടെ വിശേഷങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തു കൂട്ടുകാരോട് വര്‍ണ്ണിക്കാം അതിലുമൊക്കെ വലിയ ആവേശം അമ്മാചെനെയും കൂട്ടി തിരികെ വരുന്ന വഴിയില്‍ ഭക്ഷണം കഴിക്കാന്‍ വലിയ ഹോട്ടെലില്‍ കയറും അവിടെ അമ്മാച്ചന്റെ പെട്ടിയില്‍ ഒട്ടിച്ചിരിക്കുന്ന സ്ടിക്കെരില്‍ കാണുന്ന തലപ്പാവ് ധരിച്ച രാജാവിനെ പോലെ തോന്നിക്കുന്ന ആളെപ്പോലെ തന്നെയുള്ള ആള്‍ വാതില്‍ തുറന്നു തരും ,അന്നത്തേ വിചാരം അയാള്‍ വലിയപുള്ളിയാണ് പക്ഷെ ഫോറിന്‍കാരന്‍റെ മുന്നില്‍ അയാള്‍ ഒന്നുമല്ല എന്നായിരുന്നു.
കൂളിംഗ് ഗ്ലാസും വച്ച് തിളങ്ങുന്ന കുപ്പായവും ജീന്സുമോക്കെയിട്ടു വരുന്ന അങ്കിളിനെ നോക്കുന്നത് ഒരു ആരാധനാ ഭാവത്തോടെയാണ് ഇടക്കൊന്നു തൊട്ടു നോക്കും അപ്പോള്‍ അങ്കിള്‍ ചോദിക്കും എന്താടാ കുട്ടാ? ഞാന്‍ കണ്ണടച്ച് തോള് അടുപ്പിച്ചു "മ്ചും" എന്ന് വക്കും, സംസാരിക്കാന്‍ ഒരു വൈക്ലബ്യം ആണ് ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കും അമ്മായിയുടെ തോളില്‍ കയ്യിട്ടിരിക്കുന്ന അമ്മാച്ചനെ നോക്കുമ്പോള്‍ എനിക്ക് ചിലപ്പോള്‍ നാണം വരുമായിരുന്നു അപ്പോള്‍ ഞാന്‍ ജാലകത്തിലൂടെ വെളിയിലെ കാഴ്ചകള്‍ നോക്കി ഇരിക്കും അപ്പച്ചന്‍ അപ്പോള്‍ ഗൌരവത്തില്‍ മുന്നിലെ സീറ്റില്‍ ഡ്രൈവര്‍ക്ക് ചില നിര്‍ദേശങ്ങള്‍ ഒക്കെ കൊടുത്ത് ഇരിപ്പായിരിക്കും , അങ്ങനെ നീണ്ടയൊരു യാത്രക്ക് ശേഷം വീട്ടിലെത്തും, അന്ന് കുശലം പറച്ചിലുകല്‍ക്കൊക്കെ ശേഷം ഞങ്ങള്‍ കുട്ടികള്‍ ഉറക്കം പിടിക്കും, ഇടക്കുണരുമ്പോഴും ഊണ് മുറിയില്‍ വലിയവരെല്ലാവരുടെയും വര്‍ത്തമാനങ്ങള്‍ കേള്‍ക്കാം ,
അടുത്ത ദിവസം ആണ് ആ ചാരനിറമുള്ള പെട്ടി തുറക്കുന്നത് അതൊരു മായാജാല കാഴ്ചയായിരുന്നു പല വര്‍ണ്ണത്തിലുള്ള പളപള തിളങ്ങുന്ന തുണികള്‍, ഞങ്ങള്‍ക്കായുള്ള മഞ്ഞ നിറത്തില്‍ മൂട്ടില്‍ റബ്ബര്‍ വച്ച പെന്‍സില്‍ കൂടാതെ ആപ്പിള്‍ ,കാര്‍ അങ്ങനെ പല ഷേപ്പിലുള്ള റബ്ബറുകള്‍,കനം തീരെയില്ലാത്ത പച്ചയും ,നീലയും ഒക്കെ വര്‍ണ്ണത്തിലുള്ള വള്ളിചെരുപ്പുകള്‍ അങ്ങനെ ഒരു വലിയ കടക്കുള്ളിലെ സാധനങ്ങള്‍ മുഴുവന്‍ ഉള്ള ഒരു പെട്ടിയായിരുന്നു അത്, പിന്നെ കുറച്ചുകാലത്തെക്കിനു അമ്മയ്ക്കും അമ്മച്ചിക്കും അമ്മായിക്കുമൊക്കെ മുല്ലപ്പൂവിന്‍റെ സുഗന്ധമായിരിക്കും, ഇന്നത്തെ ഏതു മുന്തിയ കൊളോണുകള്‍ക്കും ആ സുഗന്ധം കിട്ടുന്നില്ല അതുപോലെ ഒരു മണം എന്ന തോന്നല്‍ സൃഷ്ട്ടിക്കുവാന്‍ പോലും പറ്റുന്നില്ല....
കാലങ്ങള്‍ കഴിഞ്ഞു അമ്മാച്ചന്‍ ഫോറിന്‍കാരനില്‍ നിന്നും നാട്ടുകാരനായി,പക്ഷെ ഇപ്പോളും പഴയ ആ ചാര നിറമുള്ള വലിയ പെട്ടി ഞങ്ങളുടെ മായാജാലകാഴ്ച്ചകളുടെ ലോകം അതിന്‍റെ പഴയ പ്രതാപം ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അമ്മാചെന്റെ ബെഡ്റൂമിലെ ഷേടിനു മുകളില്‍ വിശ്രമിക്കുന്നു.അതിന്‍റെ പ്രതാപത്തെ വെല്ലുന്ന ഒരു ഫോറിന്‍കാരനേയും അവന്‍റെ പെട്ടിയും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല കാണുകയുമില്ല......
No comments:
Post a Comment