Thursday, December 4, 2014

അച്ചായന്‍റെ സ്വപ്‌നങ്ങള്‍



കാലത്തെഴുന്നേറ്റാലുടന്‍  വരാന്തയില്‍ ഇട്ടിരിക്കുന്ന ചാരുകസേലയില്‍ കിടന്ന് അന്നത്തെ പത്രം മുഴുവന്‍ അരിച്ചു പെറുക്കി വായിക്കുകയാണെന്‍റെ ആദ്യ പണി, കസാലയില്‍ വന്നിരിക്കുന്ന ഉടന്‍ ഒരു ഗ്ലാസ് കട്ടന്‍ മധുരം കൂട്ടി ആനി കൊണ്ടെത്തരും,അതിനു ശേഷവും പത്രവായനക്കിടയില്‍ രണ്ടു മൂന്നാവര്‍ത്തി  ഞാന്‍  അകത്തേക്ക് നോക്കി ആനിയേന്നൊരു വിളി വിളിക്കും.  ആ വിളി കേള്‍ക്കുമ്പോള്‍.......
"അച്ചായന് കാപ്പികുടി ഇത്തിരി കൂടുതലാ,അതുപോലെ  ഇച്ചിരെ നേരം തെറ്റിയാലെന്നാ കുഴപ്പമാ വരാന്‍ പോകുന്നെ വിളിച്ചങ്ങ്‌ കൂവുവല്ലേ ആനിയേ..കൂനിയേ ” 

കയ്യില്‍ നല്ല കട്ടന്‍ കാപ്പിയുടെ ഗ്ലാസ്സുമായി കപട ദേഷ്യം കാട്ടി  ആനി കടന്നു വരും , കാപ്പി കപ്പു കൈമാറുമ്പോള്‍ ആ കയ്യില്‍ പിടിച്ചു ഇവിടെ ഇരിയെടി എന്നും പറഞ്ഞു മടിയില്‍ പിടിച്ചിരുത്താന്‍ നോക്കും ഞാന്‍, 

"ഓ വയസാന്‍ കാലത്ത് നിങ്ങക്കെന്തിന്‍റെ കേടാ മനുഷ്യാന്നും" പറഞ്ഞു നാണത്തോടെ അവള്‍ അകത്തേക്കോടും 

ഓടുന്ന  അവളുടെ പുറകും നോക്കി വൈക്ലബ്യത്തോടിരിക്കുന്ന എന്നെ വാതിലിന്നരികെ ചെന്ന് നാക്ക് നീട്ടി കൊഞ്ഞനം കുത്തി കാട്ടിക്കൊണ്ട് അവള്‍ അകത്തേക്ക് പോകുമ്പോള്‍, ചെറു ചിരിയോടെ കാപ്പി മോന്തി  ഞാന്‍ മുറ്റത്തേക്കു നോക്കിയിരിക്കും . അങ്ങനെയിരിക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ നയന മനോഹരങ്ങളാണ്  

മുറ്റം നിറയെ പ്ലാസ്റ്റിക് പായില്‍ ഉണങ്ങാനിട്ടിരിക്കുന്ന കൊപ്ര ,അല്പം കുരുമുളക് ,തെക്കുവശത്തെ അഴയില്‍ ഞാന്നു കിടന്നുണങ്ങുന്ന അന്നത്തെ നാലോ അഞ്ചോ റബ്ബര്‍ഷീറ്റുകള്‍, വടക്ക് വശത്തെ കൊച്ചുപുരയില്‍ പുകയടിപ്പിക്കാനിട്ടിരിക്കുന്ന  ഷീറ്റുകള്‍, മുറ്റം കഴിഞ്ഞു രണ്ടു നടയിറങ്ങി പറമ്പിലേക്ക് ചെല്ലുമ്പോള്‍ അച്ചായോ വാ എന്ന് തലയാട്ടി വിളിക്കുന്ന റബ്ബര്‍ മരങ്ങള്‍, “ഞങ്ങളുമിവിടുണ്ടേ എന്നോര്‍മ്മിപ്പിക്കാന്‍ വേണ്ടി  ഓലകള്‍ ഇളക്കി ശബ്ദമുണ്ടാക്കുന്ന കായ്ഫലമുള്ള തൈ തെങ്ങുകള്‍ , ആനി അടുക്കള വരാന്തയിലേക്കിറങ്ങി "ബാ ബാ ബ  ബ്ബ ബബ്ബ" എന്ന് വിളിക്കുമ്പോള്‍ ഓടിയടുക്കുന്ന പത്തോ പതിനഞ്ചോ കോഴിപ്പിടകള്‍, അവരുടെ ഭര്‍ത്താക്കന്മാരായി വിലസുന്ന നാലോ അഞ്ചോ പൂവന്മാര്‍, ഷെഡില്‍ കിടക്കുന്ന ഒരു ചെറിയ എസ് യു വി  (ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ കസിന്‍സിന്‍റെ കൂടെയോ സുഹൃത്തുക്കളുടെ കൂടെയോ എനിക്കും ആനിക്കും ഏതേലും കുന്നും മലയും കയറി ഒന്ന് രണ്ടു ദിവസം അടിച്ചു പൊളിക്കാന്‍ പോകാന്‍  എസ് യു വി തന്നെയാ നല്ലത് )
അങ്ങനെ ഓരോന്നോര്‍ത്തു കിടക്കെ ആനി അകത്തു നിന്നും വിളിച്ചു പറഞ്ഞു 

“അച്ചായാ നാളെ ഞായറാഴ്ചയാ രാവിലെ നേരത്തെ പള്ളിയില്‍ പോണം തുണി തേക്കാനുള്ളതൊക്കെ ഇന്നേ ചെയ്തു വെക്കണം അല്ലേല്‍ കാലത്തെ കിടന്നു മുണ്ടില്ല ,ജുബ്ബ തേച്ചില്ല എന്നൊന്നും പറഞ്ഞു സമയം കളയല്ല് നേരത്തേ പറഞ്ഞേക്കാം”  

ഞായറാഴ്ച ദിവസം രാവിലെ ഞാന്‍ വെള്ള ജുബ്ബയും മുണ്ടുമുടുത്തും, ആനി വെള്ള കോട്ടന്‍ സാരിയുടുത്തും ഭക്തി നിര്‍ഭരരായിട്ടാണ് പള്ളിയിലേക്ക് പോകുന്നത് , പോകുന്ന വഴിയില്‍ 

"അച്ചായാ പള്ളിയില്‍ ചെന്നാല്‍ അകത്തു കേറി നിന്നോണം ,പള്ളി മുറീലല്ല കുര്‍ബ്ബാന നടക്കുന്നത്" 

എന്ന പതിവുപദേശം ആനി മുടക്കില്ല, പ്രയോജനമില്ല എന്നറിഞ്ഞിട്ടും അത് പറയാതിരിക്കാന്‍ അവള്‍ക്ക് കഴിയില്ല,
പള്ളിയില്‍ നിന്നും തിരികെ വരും വഴി കവലയിലെ കോള്‍ഡ് സ്റ്റോറെജില്‍ മരിച്ചു മരവിച്ചിരിക്കുന്ന പോത്തിറച്ചി ഒരു കിലോ വാങ്ങും, എനിക്ക് കൊളെസ്ട്രോള്‍ ആണേലും ആനി വഴക്കുണ്ടാക്കുമെങ്കിലും "ഞായറാഴ്ച എനിക്ക് പോത്ത് രണ്ടു കഷ്ണം കൂട്ടണം അല്ലേല്‍ ഒരിതില്ലന്നേ" എന്ന് ഞാന്‍ പറയും കാരണം മറ്റൊന്നുമല്ല ഞാനങ്ങനെ നിര്‍ബന്ധം പിടിച്ചു വാങ്ങിയില്ലേല്‍ ആനി ഇതൊന്നും കൂട്ടത്തില്ലെന്നേ!!!

ഞായറാഴ്ച പള്ളിയില്‍ നിന്നും വന്നു ഊണൊക്കെ കഴിഞ്ഞാലൊരു മയക്കം പതിവാ കഴിഞ്ഞ ഞായറാഴ്ച  ഉച്ച മയക്കം കഴിഞ്ഞെഴുന്നേറ്റൊരു കട്ടനും കുടിച്ചിരിക്കുമ്പോള്‍ ഗേറ്റിനു വെളിയില്‍ വികാരിയച്ചന്‍റെ തലവെട്ടം കണ്ടു അപ്പോളെ ഞാന്‍ ആനിയോടു  പറഞ്ഞു  

"ആനിയേ ഈ മാസത്തെ ഷീറ്റിന്‍റെ കാശ് പോയെടിയേന്നു"
അല്പം ഉറക്കെ അങ്ങനെ പറഞ്ഞ എന്നെ നോക്കി 70mm ചിരിയുമായി കടന്നു വന്ന അച്ചനും കപ്യാരും കമ്മറ്റിക്കാരും , വര്‍ത്തമാനത്തില്‍ എന്നെ ജാക്കി വെക്കാതെ തന്നെ ഒരുപാട്  പൊക്കാന്‍ നോക്കീട്ടും എനിക്കനക്കമില്ലെന്നു കണ്ടു ആനിയുടെ മുഖത്തേക്ക് ദയനീയമായി നോക്കിക്കൊണ്ടച്ചന്‍

"നിങ്ങളൊക്കെ സഹായിച്ചില്ലേല്‍ നമ്മുടെ പാരീഷു ഹാള്‍ പണി എങ്ങനെ നടക്കും"?, "വരാന്‍ പോകുന്ന കൊച്ചുമകന്‍റെ മാമ്മോദീസാ ചടങ്ങ് പുതിയ പാരീഷ് ഹാളില്‍ വെച്ചു നടത്തണമെന്നു ആനി ചേച്ചിക്ക് ആഗ്രഹമില്ലേന്നൊരു ചോദ്യം  ?"

 അച്ചന്‍ ആനിയുടെ വീക്ക്‌ പോയിന്‍റൊയ മക്കള്‍-കൊച്ചുമക്കള്‍ ഭാഗത്ത് തന്നെ ആക്രമണം നടത്തിയത്  കണ്ടപ്പോളേ ഞാന്‍ എഴുനേറ്റു പോയി ചെക്കുബുക്കെടുത്തു ഒപ്പിട്ടു തുകയെഴുതി അച്ചന്‍റെ കയ്യില്‍ കൊടുത്തു, അല്ലേല്‍  ആനിയുടെ ചെക്കുബുക്കില്‍ ഒപ്പ് വീണാല്‍ തുക ഇരട്ടിയായി പോകുമെന്ന് എനിക്കറിയാമല്ലോ... 

അച്ചനും കൂട്ടരും ഇറങ്ങിയപ്പോളാണ്  മൂത്ത മകളും മരുമോനും കൊച്ചുമക്കളും കൂടിയുള്ള വരവ് പിന്നെയൊരു തകര്പ്പാരുന്നു, ആനിക്ക് പിന്നെ എന്നാ ഉണ്ടാക്കിയാലും പോര പോരാന്നൊരു തോന്നലാ.
"അച്ചായോ കവലേ പോയിത്തിരി അത് വാങ്ങി വാ ഇത് വാങ്ങി വാ എന്നൊക്കെ പറഞ്ഞവള്‍ എന്നെക്കൊണ്ടെന്തേലുമൊക്കെ വാങ്ങിപ്പിക്കും , പഴയ റോയല്‍ എന്ഫീല്‍ടില്‍ കൊച്ചുമകനേം മുന്നില്‍ വെച്ചു ഞാന്‍ കവലയില്‍ പോകുന്ന കൂടെ പട്ടാളം തോമയുടെ വീട്ടില്‍ കയറി മുന്തിയ ഒരെണ്ണം വാങ്ങി എന്ഫീല്ടിന്റെ ബോക്സില്‍ ഒളിപ്പിച്ചു , ആനി അറിഞ്ഞാല്‍ കുഴപ്പമാ വീട്ടില്‍ ഈ സാധനം കേറ്റാനവള്‍ സമ്മതിക്കുവേല പിന്നെ "മരുമോന്‍ വരുമ്പോള്‍ അവന്‍റെ കൂടോരെണ്ണം അടിച്ചില്ലേല്‍ എന്തോന്നമ്മായിഅപ്പന്‍" അവള്‍ക്കിത് വല്ലോം അറിയാമോ. മരുമോന്‍ അടിക്കുമെങ്കിലും  എന്‍റെ മുന്നില്‍ നിന്നൊന്നും അടിക്കുവേല കേട്ടോ, ഞാന്‍ ഒഴിച്ച് വെച്ചേച്ച് അടുക്കള വഴി ഒരു ചുറ്റല്‍ കഴിഞ്ഞു വരുമ്പോള്‍ ഗ്ലാസ്സ് കാലിയാക്കിയിട്ടുണ്ടാവും ,അടുക്കളയില്‍ കേറി കറങ്ങി വന്ന കൂട്ടത്തില്‍ ആനി ഉലര്‍ത്തി വെച്ചിരുന്ന പോത്തൊരു ഡവറായില്‍ കോരിക്കൊണ്ടാണ് ഞാന്‍ പോന്നത് അതും കൊണ്ടേ അവനു കൊടുക്കുമ്പോള്‍ " ഓ വേണ്ടച്ചായാ എന്ന് ബഹുമാനത്തോടെ പറയുന്ന മരുമോന്‍, അവന്‍റെ ബഹുമാനം കണ്ടപ്പോള്‍ എന്‍റെ മനം കുളിര്‍ത്തു ..
അത് കഴിഞ്ഞു പതിയെ ഒരെണ്ണം കനത്തിലോഴിച്ച് വെള്ളവും ചേര്‍ത്ത് ചുണ്ടോടടുപ്പിച്ചതാണ് ഞാന്‍ അപ്പോളാണ് 

"നിങ്ങള് മനുഷ്യാ ആ കൊച്ചിനേം നശിപ്പിക്കുമല്ലോന്നുള്ള" അലര്‍ച്ച
അതുകേട്ടു കേട്ട് ഞെട്ടി ഗ്ലാസ് കയ്യീന്ന് പോയി കൂടെ കൈ തട്ടി കുപ്പിയും ആകെ ബഹളമയമായിരുന്നു നോക്കുമ്പോള്‍ ഈറ്റപ്പുലിപോലെ ആനി
“ഞാന്‍ അവനു കൊടുത്തില്ലെടീ സത്യായിട്ടും കൊടുത്തില്ല എന്നുള്ള പറച്ചില്‍ പക്ഷെ അവളുണ്ടോ കേള്‍ക്കുന്നു അവള് തിരിഞ്ഞ് ചൂലുമായി വരുന്നത് കണ്ടപ്പോള്‍ ഞാന്‍ കണ്ണുകളടച്ചു ദൈവമേ ഇവളെന്നെ ഇന്ന് ചൂലിനടിക്കുമോ? ആനീ വേണ്ട...... ആനീ വേണ്ടാ ഞാന്‍ പതിയെ പുറകോട്ടു മാറിക്കൊണ്ട് പറഞ്ഞുകൊണ്ടിരുന്നു   

പെട്ടെന്ന് എന്നെയാരോ പിടിച്ചു കുലുക്കിയതായിട്ടെനിക്ക് തോന്നി ഞാന്‍ കണ്ണുകള്‍ പതിയെ തുറന്നു... ആനി മുന്നിലുണ്ട് പക്ഷെ അവള്‍ക്കിപ്പോ ഒട്ടും പ്രായം തോന്നുന്നില്ല ങേ ഇതെന്തല്‍ബുദം... ഞാന്‍ അവളെ അത്ബുടത്തോടെ നോക്കുന്നത് കണ്ടു അവള്‍ ചോദിച്ചു 

“എന്നാ പറ്റി മനുഷ്യാ ഉറക്കത്തില്‍ കിടന്ന്‍ ആനീ വേണ്ട, ആനീ വേണ്ടാന്നൊക്കെ പറയുന്നേ” ?

ഞാന്‍ പെട്ടെന്ന് ചുറ്റും നോക്കി അടുത്തു കുപ്പിയുമില്ല മരുമോനുമില്ല നാട്ടിലെ വീടുമില്ല മുറ്റത്തെ കൊപ്രയും ഷീറ്റുകളുമോന്നുമില്ല,ഞാനിപ്പോ എന്‍റെ ഫ്ലാറ്റിലാണ് പിള്ളേര്‍ ആണേല്‍ സ്കൂളില്‍ പോകാനൊരുങ്ങുന്നു ,ഞാനൊന്നൂടെ നോക്കി ങ്ങേ അപ്പോള്‍ ഈ അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന ഇവളുമാരെയാണോ ഞാന്‍  കെട്ടിച്ചതും കൊച്ചുമക്കളുമായി നടന്നതും ഒക്കെ............... 

“എന്‍റെ കര്‍ത്താവേ ഞാന്‍ കണ്ടത് സ്വപ്നമാരുന്നോ ? ഹാ പോയല്ലോ എല്ലാം ന്നാലും ന്‍റെ കര്‍ത്താവേ പാരീഷു ഹാള് പണിക്കു വേണേല്‍ ഞാന്‍ കാശിനീം തരാരുന്നല്ലോ ഈ ചതി എന്നോട് വേണ്ടാരുന്നു”...എന്‍റെ നാടും വീടും റബ്ബര്‍ഷീറ്റും ,കുരുമുളകും കുപ്പീം എല്ലാം പോയല്ലോ!!!!!!!!!!

ജോഷി പുച്ചന്താലില്‍

 

വിജയേട്ടന്‍ പറഞ്ഞ കഥ

സൌഹൃദ സദസ്സിലെ വെടിവട്ടത്തില്‍ അന്ന് എല്ലാവരും ഇരിക്കെ കണ്ണനാണ് ആ ടോപിക് എടുത്തിട്ടത്       "പ്രണയം" ,

“പ്രണയത്തിലധിഷ്ടിതമാണ് ജീവിതം, ആരെയെങ്കിലും അല്ലെങ്കില്‍ എന്തിനോടെങ്കിലും പ്രണയമില്ലാത്ത മനുഷ്യരുണ്ടോ? അപ്പോള്‍ നമുക്കിന്നു പ്രണയത്തെ കുറിച്ച് സംസാരിക്കാം ഓരോരുത്തരും തങ്ങളുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഏറ്റവും പഴയ പ്രണയം ഇവിടെ പറയണം”

കണ്ണന്‍ നിബന്ധന വെച്ചപ്പോള്‍ എല്ലാരും അംഗീകരിച്ചു , ഓരോരുത്തരും തങ്ങളുടെ ഓര്‍മ്മകളിലെ ആദ്യ പ്രണയത്തെ തേടി അല്‍പ സമയം മൌനമായിരുന്നു....

അല്പം കഴിഞ്ഞപ്പോള്‍ വിജയേട്ടന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ എഴുനേറ്റു മേശക്കരികിലേക്ക് നടന്നു ,എല്ലാവരുടെയും കണ്ണുകള്‍ വിജയേട്ടന് പിന്നാലെ പോയി, അതുവരെ കഴുത്തു പിരിയാതിരുന്ന ബക്കാര്‍ഡിയുടെ പിടലിക്ക് കൈ വെച്ച് വിജയേട്ടന്‍ എന്നെയൊന്നു നോക്കി ആ നോട്ടത്തിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായി, ഞാന്‍ എഴുനേറ്റു ഫ്രിട്ജിനുള്ളില്‍ നിന്നും മൂന്നു നാല് പച്ച മുളകും ഒരു നാരങ്ങയുമെടുത്തു കഴുകി ഒരു സോസറിലാക്കി മേശയില്‍ വെച്ചു ഒപ്പം തണുത്ത വെള്ളവും, വിജയേട്ടന്‍ പതിയെ അതിലൊരു മുളകെടുത്തു നടുവേ കീറി ഗ്ലാസ്സിലെക്കിട്ടു ശേഷം ചെറുനാരങ്ങയുടെ ഒരു ചെറിയ മുറിയെടുത്തു ഗ്ലാസ്സിലേക്ക്‌ രണ്ടുതുള്ളി ഇറ്റിച്ചു, ശേഷം ആ നാരങ്ങാ മുറിയും ഗ്ലാസ്സിലേക്കിട്ടു പിന്നെ കുപ്പിയെടുത്ത് ഗ്ലാസ്സിന്‍റെ പകുതിയില്‍ കൂടുതല്‍ ബക്കാര്‍ഡി നിറച്ചു ഒട്ടും ധൃതിയില്ലാതെ വെള്ളക്കുപ്പിയെടുത്ത് ശേഷിക്കുന്ന ഭാഗത്ത്‌ വെള്ളവും നിറച്ചു ആ ഗ്ലാസ്സുമായി പതിയെ ജനാലക്കരികിലേക്ക് നീങ്ങി ,വെളിയിലേക്ക് നോക്കിക്കൊണ്ട്‌ ഒന്നു സിപ് ചെയ്ത ശേഷം ഗ്ലാസ് ജനല്‍പ്പടിയില്‍ വെച്ച് തിരിഞ്ഞു ഞങ്ങളെ നോക്കി.... ഒരു വിളറിയ ചിരി ആ ചുണ്ടില്‍ വിരിഞ്ഞിരുന്നു ...

എല്ലാവരും സ്രെദ്ധിച്ചിരിക്കുകയാണ് ,വിജയേട്ടന്റെ കഥകള്‍ക്ക് ഒരു വശീകരണ ശക്തിയുണ്ട് അറിയാതെ നാം അതിലെ കഥാപാത്രങ്ങലായ് മാറും അതുകൊണ്ടുതന്നെ വിജയേട്ടന്റെ കഥ കേള്‍ക്കാന്‍ എല്ലാവര്ക്കും താത്പര്യമാണ്.....

വിജയേട്ടന്‍ മെല്ലെപ്പറഞ്ഞു ആ ആദ്യ പ്രണയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇവന്‍ എരിഞ്ഞിറങ്ങുംപോലെ ഒരു നീച്ചലാണെനിക്ക്...തെറ്റ് ചെയ്തു പിടിക്കപ്പെട്ടൊരു കുട്ടിയുടെ അവസ്ഥയിലാവുമെന്റെ മനസ്സ്.. വീണ്ടും തിരിഞ്ഞ് ഒരു സിപ് കൂടി എടുത്ത ശേഷം വിജയെട്ടനൊരു സിഗരറ്റിനു തീകൊളുത്തി ജനലിനു വെളിയിലേക്ക് പുക ഊതി വിട്ടുകൊണ്ട് പതിയെ പറഞ്ഞു തുടങ്ങി........

"അന്ന് ഞാന്‍ നാട്ടിലെ ഗവ; ഹൈസ്കൂളില്‍ പഠിക്കുകയാണ് ,പഠിക്കുക എന്ന് പറഞ്ഞാല്‍ സ്കൂളില്‍ പോകുന്നുണ്ട് എന്നാല്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അവധി ആയിരിക്കും കാരണം അമ്മാവന്‍റെ പുരയിടത്തില്‍ എന്തെങ്കിലും പണിയുണ്ടാവും മറ്റു പണിക്കാരോടൊപ്പം ഞാനും അവരില്‍ ഒരാളാവും, അത്രയും കുറച്ചു അമ്മ കഷ്ട്ടപ്പെട്ടാല്‍ മതിയല്ലോ എന്ന ചിന്ത ആയിരുന്നു.എന്ന് കരുതി അമ്മാവനൊരു ക്രൂരനൊന്നും അല്ലാരുന്നു കേട്ടോ അതിനൊക്കെ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോ.. പക്ഷെ അമ്മാവനൊരു മകളുണ്ടായിരുന്നു ഞങ്ങളുടെ രീതിയില്‍ പറഞ്ഞാല്‍ എന്‍റെ മുറപ്പെണ്ണ്‍, പക്ഷെ ഞാനൊരിക്കലും ആ രീതിയില്‍ ചിന്തിച്ചിട്ടുമില്ല അതിനുള്ള യോഗ്യതയൊട്ടെനിക്കില്ലായിരുന്നു താനും, അവള്‍ക്കു പക്ഷെ എന്നെക്കാണുന്നത് കലിപ്പായിരുന്നു, പണിക്കു ചെല്ലുംബോളൊക്കെ ഒറ്റയ്ക്ക് കിട്ടിയാല്‍ എന്തെങ്കിലും ക്രൂരമായ പരിഹാസ വാക്കുകള്‍ പറയാതെ അവള്‍ വിട്ടിരുന്നില്ല, പലപ്പോഴും ഹൃദയത്തില്‍ ആഴത്തിലുള്ള മുറിപ്പാടുകള്‍ വീഴ്ത്തുന്നവയായിരുന്നു അവളുടെ വാക്കുകള്‍, പക്ഷെ ഒരിക്കലും ഞാന്‍ ആരോടും ഒരു പരാതിയും പറഞ്ഞിരുന്നില്ല.

ഇങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോളാണ് അമ്മാവന്‍റെ വീടിനു തൊട്ടടുത്തുള്ള വീട്ടിലെ, എന്‍റെ തൊട്ടു താഴെ ക്ലാസ്സില്‍ പഠിക്കുന്ന റേച്ചലിനെ ഞാന്‍ സ്രെദ്ധിക്കാന്‍ തുടങ്ങിയത്, പലപ്പോഴും അമ്മാവന്‍റെ പുരയിടത്തില്‍ പണിയെടുക്കുന്ന അവധി ദിവസങ്ങളില്‍ അവളെന്നെ സ്രെദ്ധിക്കുന്നത് ഞാന്‍ മനസ്സിലാക്കി, നോട്ടം തമ്മില്‍ കൂട്ടി മുട്ടുമ്പോള്‍ അവള്‍ എനിക്കായൊരു പുഞ്ചിരി പൊഴിച്ചിരുന്നു,അത്ര മനോഹരമായി ഒരു പെണ്ണിന് പുഞ്ചിരിക്കാന്‍ കഴിയുമെന്നു അന്നാണെനിക്ക് മനസ്സിലായത്‌, പക്ഷെ തിരികെ ഒരു പുഞ്ചിരി കൈമാറുവാന്‍ പോലുമുള്ള ഒരു ആത്മ വിശ്വാസം അന്നെനിക്കുണ്ടായിരുന്നില്ല, ഞാന്‍ നോട്ടം മാറ്റി രക്ഷപ്പെടുകയായിരുന്നു പതിവ് ,പക്ഷെ ഒരു ദിവസം അവള്‍ സ്കൂളില്‍ വെച്ച് എന്‍റെ മുന്നില്‍ വന്നു

"വിജയേട്ടനെന്താ എന്നോട് ദേഷ്യം ? എന്നൊരു ചോദ്യവുമായി, ഞാന്‍ പെട്ടെന്ന് പറഞ്ഞു

"ഹേ ഇല്ല ഒന്നുമില്ല"

പിന്നെന്തേ ഒന്നു ചിരിച്ചു കാട്ടാന്‍ പോലും ഇത്ര മടി?

എന്നില്‍ നിന്നും ഒരു വിളറിയ ചിരി പിറന്നു ,മറ്റൊന്നും പറയുവാന്‍ എനിക്കില്ലായിരുന്നു ,പതിയെ പതിയെ ആ സൗഹൃദം വളര്‍ന്നു ഇടക്കൊക്കെ ഒരു പുഞ്ചിരി, സ്കൂളില്‍ വെച്ച് രണ്ടു വാക്ക് സംസാരം, അങ്ങനെ ആരുമറിയാതെ ഞങ്ങളുടെ രണ്ടുപെരുടെയുള്ളിലും എന്തോ ഒരു വികാരം വളര്‍ന്നു വരുന്നുണ്ടായിരുന്നു. രാത്രിയുടെ യാമങ്ങളില്‍ ഞാനാ വികാരത്തെ മനസ്സിലിട്ടു താലോലിച്ചു അതെന്നോടൊപ്പം വളര്‍ന്നുകൊണ്ടിരുന്നു.......

വര്‍ഷങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു ഞാന്‍ ഡിഗ്രി കഴിഞ്ഞ് ജോലിയന്വേഷിക്കുന്ന കാലം,ഒരു ഞായറാഴ്ച പള്ളിയില്‍ നിന്നും മടങ്ങി വന്ന അവള്‍ നേരെ എന്‍റെ കൊച്ചു കുടിലിലേക്ക് വന്നു, അമ്മ അമ്മാവന്‍റെ വീട്ടിലായിരുന്നു മുറ്റത്തു നിന്നുകൊണ്ടവള്‍ സംസാരിച്ചു,

വിജയേട്ടന് ജോലി എന്തെങ്കിലുമായോ?

ഇല്ല ശ്രമിക്കുന്നു

അവളുടെ മുഖം ചെറുതായി വാടുന്നത് കണ്ടു ഞാന്‍ തിരക്കി,

എന്താ റേച്ചല്‍ ?

ഇല്ല,ചോദിച്ചൂന്നു മാത്രം ,അമ്മെ തിരക്കിയതായി പറ ഞാന്‍ പോട്ടെ....

ശരി

രണ്ടു ചുവടു നടന്നിട്ട് അവള്‍ തിരിഞ്ഞു നിന്നു എന്നിട്ട് മെല്ലെ പറഞ്ഞു,

വീട്ടില്‍ എനിക്ക് ചില ആലോചനകള്‍ ഒക്കെ വരുന്നുണ്ട്.. പക്ഷെ ഞാന്‍ വിജയേട്ടന് ജോലി ആവുന്നത് വരെ പിടിച്ചു നില്‍ക്കും...

എന്നിട്ട് പ്രതീക്ഷയോടെ അവള്‍ എന്‍റെ മുഖത്തേക്ക് നോക്കി
ഒരു പുഞ്ചിരികൊണ്ട് ഞാനവളെ സമാധാനിപ്പിച്ച് യാത്രയാക്കി

പക്ഷെ ജോലി കിട്ടുന്നതിനു മുന്നേ തന്നെ എല്ലാം തകിടം മറിഞ്ഞു ,അവളുടെ പക്ഷത്തു നിന്നല്ല, അവള്‍ വരുന്ന ആലോചനകള്‍ ഓരോന്നും തന്ത്രപരമായി ഒഴിവാക്കിക്കൊണ്ടിരുന്നു ,പക്ഷെ ഒരു ദിവസം അമ്മാവന്‍ വീട്ടിലേക്കു വിളിപ്പിച്ചപ്പോള്‍ പുരയിടത്തിലെ എന്തെങ്കിലും പണിക്കായിരിക്കും എന്നാണു കരുതിയത്‌ പക്ഷെ എന്‍റെ ജീവിതത്തെ എന്‍റെ സ്വപ്നങ്ങളെ തകിടംമറിച്ച ഒരു വിളി ആയിരുന്നു അത്

അമ്മയും അമ്മായിയും അമ്മാവന്‍റെ അടുത്തുണ്ടായിരുന്നു മുഖവുരയില്ലാതെ അമ്മാവന്‍ വിഷയത്തിലേക്ക് കടന്നു നിന്‍റെ വിവാഹക്കാര്യം സംസാരിക്കാനാണ് ഞാന്‍ നിന്നെ വിളിപ്പിച്ചത്...ഞാനൊരു നിമിഷം അന്ധാളിച്ചു പെട്ടെന്നിങ്ങനെ ഒരു സംസാരം അതും ജോലിയൊന്നും ആയിട്ടുമില്ല???

അതമ്മാവാ ജോലി എന്തെങ്കിലും ആയിട്ട്..........

ജോലി ഒക്കെ ആവുമ്പോള്‍ ആവട്ടെ ഇവിടെ ഇപ്പോള്‍ ജോലി ചെയ്യാതെ തന്നെ ജീവിക്കാനുള്ള വകയുണ്ടല്ലോ ?എനിക്കുള്ളതെല്ലാം അവള്‍ക്കുള്ളതല്ലേ? എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് രണ്ടാള്‍ക്കും

ങ്ങേ ..ഒരു നിമിഷം ഞാന്‍ ഞെട്ടിപ്പോയി ,അമ്മാവന്‍ പറഞ്ഞു വരുന്നത് ????

അത് തന്നെ വനജയും നീയും തമ്മിലുള്ള കല്യാണക്കാര്യം തന്നെ, നിന്നോട് പറഞ്ഞിട്ട് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം എന്ന് കരുതി, നിനക്ക് എതിര്‍പ്പോന്നുമില്ലല്ലോ ല്ലേ ?

അമ്മാവന്‍ എന്‍റെ മുഖത്തേക്ക് നോക്കി ഞാന്‍ ഞെട്ടലില്‍ നിന്നും വിമുക്തനായിരുന്നില്ല എങ്കിലും പറഞ്ഞൊപ്പിച്ചു...

വനജക്ക് നല്ല ആലോചനകള്‍ വരുമല്ലോ അമ്മാവാ അവള്‍ക്കിഷ്ടമുള്ള ഒരു കല്യാണം നടത്തു ,അവള്‍ക്കെന്നെ കണ്ണിനു പിടിക്കത്തില്ല,അമ്മാവന് ആകെയൊരു ,മകളല്ലെയുള്ളൂ അവളുടെ ഇഷ്ടം ചോദിച്ചു അങ്ങനെയൊരു കല്യാണം നടത്തിക്കൊടുക്കമ്മാവാ.....

"ഞാന്‍ അതാണ്‌ ചെയ്യുന്നത് ,അവളുടെ ഇഷ്ടം അവള്‍ നിന്‍റെ അമ്മായിയോട് പറഞ്ഞു അതിനു ഞങ്ങള്‍ എതിര് നില്‍ക്കുന്നില്ല"

ഇപ്പോള്‍ ഞാന്‍ അത്യധികം ഞെട്ടി..വനജ ആവശ്യപ്പെട്ടിട്ടാണീ ആലോചനയെന്നോ ? ഇതില്‍ നിന്നും എങ്ങനെ തലയൂരും? എന്നെ കണ്ടാല്‍ കുത്ത് വാക്കുകള്‍ പറയുന്നവള്‍ എന്‍റെ ഹൃദയത്തെ ഒരുപാട് മുറിപ്പെടുത്തിയവള്‍ എനിക്കാലോചിക്കുവാനേ സാധിക്കുന്നില്ല കൂടാതെ വര്‍ഷങ്ങളായി എന്‍റെയുള്ളില്‍ ഞാന്‍ താലോലിക്കുന്ന എന്‍റെ സ്വപ്നം, എനിക്കായി കാത്തിരിക്കുന്ന എന്‍റെ റേച്ചല്‍, അവളെ മറന്നുകൊണ്ടിതിനു സമ്മതിക്കാന്‍ എനിക്കെങ്ങനെ സാധിക്കും ?

ഞാന്‍ ഒന്നും മിണ്ടാതെ വനജയുടെ മുറിയിലേക്ക് നടന്നു ,എന്നെ കണ്ടയുടനെ അവള്‍ ചോദിച്ചു

"ആഹാ പണിക്കാരന്‍ എപ്പോള്‍ വന്നു? ഇന്നെന്താ പറമ്പില്‍ പണിയൊന്നുമില്ലേ ?"

ഇവള്‍ പഴയ പടി തന്നെ അപ്പോള്‍ അമ്മാവന്‍ പറഞ്ഞത് ? എനിക്കൊന്നും മനസ്സിലായില്ല... പിന്നെ രണ്ടും കല്‍പ്പിച്ച് ഞാനവളോട് തിരക്കി,

"അമ്മാവന്‍ ചില കാര്യങ്ങള്‍ പറഞ്ഞു അത് ശരിയാണോന്നറിയാനാ ഞാന്‍ വന്നത്"....

"ഞാനെന്നാ ജ്യോത്സരോ അമ്മാവന്‍ പറഞ്ഞത് ശരിയാണോന്നു പറയാന്‍"

.....വീണ്ടും അവള്‍ പഴയ ലൈനില്‍ തന്നെ

അല്ല അമ്മാവന്‍ പറഞ്ഞു വനജ ഞാനുമായിട്ടുള്ള കല്യാണത്തിനായി പറയുന്നു എന്ന്...എന്നെ ഇത്ര വെറുക്കുന്ന വനജ എന്തിനാണ് അങ്ങനെ പറഞ്ഞത് ?

പെട്ടെന്നവളുടെ മുഖം മാറി ,വിജയേട്ടനെ ഞാന്‍ വെറുക്കുന്നു എന്നാരാ വിജയേട്ടനോട് പറഞ്ഞത്?

അവളുടെ കണ്ണുകള്‍ ഇപ്പോള്‍ പെയ്യും എന്ന നിലയിലായി.......... ഞാനാകെ അമ്പരപ്പിലും

ഇത്രയും പറഞ്ഞു വിജയേട്ടന്‍ വീണ്ടും ജനാലപ്പടിയില്‍ നിന്ന് ഗ്ലാസ് കയ്യിലെടുത്തു പതിയെ പതിയെ രണ്ടു സിപ് ഇറക്കി ,വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് ഞങ്ങളെ നോക്കി, എല്ലാവരും അക്ഷമരായി ഇരിക്കുകയാണ്.... വിജയേട്ടന്‍ പതിയെ തുടര്‍ന്നു

വനജ.... അവളെന്നെ ഞെട്ടിച്ചു കളഞ്ഞു ,തിരിച്ചറിവായ കാലം മുതല്‍ അവള്‍ എന്നെ പ്രണയിക്കുകയായിരുന്നു ,പക്ഷെ അവളതു പ്രകടിപ്പിച്ചിരുന്നത് പരിഹാസത്തിലൂടെ ആയിരുന്നു ,ഞാന്‍ ഒരു പണിക്കാരനായി അവിടെ ചെല്ലുന്നത് അവള്‍ക്കിഷ്ടമാല്ലായിരുന്നു അതിനാണവള്‍ അങ്ങനെ ചെയ്തിരുന്നത് ...

പൊട്ടി ...അവള്‍ കരുതി പരിഹസിച്ചാല്‍ അത് കേട്ടു ഞാന്‍ പണിക്കു ചെല്ലാതാവുമെന്നു ,

അവള്‍ക്കറിയില്ലല്ലോ അവിടെയല്ലെങ്കില്‍ മറ്റെവിടെയെങ്കിലും പണിക്കുപോയാലെ എനിക്ക് പഠിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ എന്നത് അപ്പോള്‍ സ്വന്തക്കാരുടെ പണിക്കാരന്‍ ആവുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതിയതാണ് എന്ന്,
 പഠിക്കുക എന്ന എന്‍റെ ആഗ്രഹത്തെ തോല്‍പ്പിക്കാന്‍ അവളുടെ പരിഹാസങ്ങള്‍ക്കാവില്ലായിരുന്നു എന്ന് ...

അവള്‍ ഏല്‍പ്പിച്ച സകല മുറിവുകളും ഒരു നിമിഷംകൊണ്ട് എന്നില്‍ നിന്നും മാഞ്ഞു പോയ്‌ പക്ഷെ വലിയൊരു മുറിവ് ഇപ്പോള്‍ എനിക്കവള്‍ തന്നു... റേച്ചല്‍ അവളെ മറന്ന് വനജയെ ഞാനെങ്ങനെ സ്വീകരിക്കും

പക്ഷെ മിക്ക പ്രേമകഥകളിലെയും പോലെ അവസാനം അമ്മയുടെയും ,അമ്മാവന്റെയും വനജയുടെയുമൊക്കെ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ എന്നെ തന്നെ ചതിച്ചു , വനജയെ കെട്ടി അമ്മാവന്‍റെ സ്വത്തിനു അവകാശിയായി...
 വിജയേട്ടന്റെ ചുണ്ടിലൊരു പുച്ഛ ചിരി വിരിഞ്ഞു

"റേച്ചല്‍ അവള്‍..... അവളൊരു ഞെട്ടലില്‍ ആയിരുന്നു കുറച്ചു നാളേക്ക്..... പിന്നീടാണ് അവള്‍ എന്നെ ഞെട്ടിച്ചത്!!!!!!! എന്‍റെ മണവാട്ടിയാകാന്‍ ഒരുങ്ങിയിരുന്നവള്‍ ക്രിസ്തുവിന്‍റെ മണവാട്ടിയായി..........

ശേഷം പലതവണ കണ്ടെങ്കിലും അവളുടെ മുഖത്തേക്ക് നോക്കുവാന്‍ എനിക്ക് ശക്തിയുണ്ടായിട്ടില്ല...

ഇന്നും കുറ്റബോധത്തോടെയല്ലാതെ അവളെ ഓര്‍ക്കുവാന്‍ എനിക്ക് സാധിക്കില്ല,

ന്യായീകരിക്കാന്‍ സ്രെമിച്ചാല്‍ പലതുമുണ്ട് ഒരിക്കലും പ്രണയിക്കുന്നു എന്ന് ഞാനോ അവളോ പറഞ്ഞിട്ടില്ല പക്ഷെ സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചങ്ങനെ പറയാന്‍ എനിക്കാവില്ലല്ലോ " ആ സഭാ വസ്ത്രത്തില്‍ അവളെ കാണുമ്പോഴൊക്കെ ഞാനെന്ന പുരുഷന്‍ ചെറുതായി ചെറുതായി ഒരു ക്രിമിയായ് മാറാറുണ്ട്...

ഇതാണെന്‍റെ പ്രണയം ആരോടും പറയാതെ മനസ്സില്‍ മാത്രം ഞാനിതുവരെ സൂക്ഷിച്ച എന്‍റെ നഷ്ടപ്രണയം അല്ല ഞാന്‍ നഷ്ടപ്പെടുത്തിയ പ്രണയം ......................

വിജയേട്ടന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞങ്ങളില്‍ ആകെയൊരു മൂകത പടര്‍ന്നു ,പിന്നെ മറ്റാര്‍ക്കും തന്നെ അന്ന് അവരുടെ പ്രണയം പറയുവാനുള്ള മൂഡ്‌ ഉണ്ടായില്ല പലരും ബക്കാര്‍ഡിയില്‍ തങ്ങളുടെ വേദനകളെ മുക്കിക്കൊന്നു!!!!

സൌഹൃദത്തിന്റെ മരണങ്ങള്‍

സൌഹൃദങ്ങള്ളുടെ ജനനം പലവിധമുള്ള പോലെ തന്നെ സൌഹൃദങ്ങളുടെ മരണവും പലവിധമാണ് കാര്‍ഡിയാക് അറെസ്റ്റ്‌ പോലെ ഒറ്റ നിമിഷംകൊണ്ടുള്ള മരണമുണ്ട് ,ഇനിയൊന്നു സാവധാനമാണ്‌ വാര്‍ധക്യത്തില്‍ മെല്ലെ മെല്ലെ വരുന്ന മരണം പോലെ കത്തുകളും ഫോണ്‍വിളികളും കുറഞ്ഞു കുറഞ്ഞു വരും.....
ജീവിതം പറയാനും കേള്‍ക്കാനുമുള്ളതാണെന്നു പഠിപ്പിച്ചത് ഒരു സുഹൃത്തായിരുന്നു, ഞങ്ങളുടെ സൌഹൃദമായിരുന്നു ആ പാഠം പകര്‍ന്നു തന്നത്, പക്ഷെ മുകളില്‍ പറഞ്ഞതുപോലെ ആ സൌഹൃദത്തിന് കാര്‍ഡിയാക് അറെസ്റ്റ്‌ മൂലം പെട്ടെന്നൊരുനാള്‍ മരണം സംഭവിച്ചു,
വര്‍ഷങ്ങള്‍ക്കു ശേഷം അതേ സൌഹൃദം വീണ്ടും പെട്ടെന്നൊരുനാള്‍ പുനര്‍ജനിച്ചു വന്നു, ഇടിയും, മിന്നലും ഒപ്പം തുള്ളിക്കൊരുകുടം എന്നപോലെ പെയ്തുമായിരുന്നു അത് പുനര്‍ജനിച്ചു വന്നത്, ആ പെയ്ത്ത് കുറച്ചു നാളേക്ക് നീണ്ടു നിന്നിരുന്നു, അപ്പോഴും അറിയാമായിരുന്നു ഈ പെയ്ത്ത് എപ്പോള്‍ വേണമെങ്കിലും നിലക്കാമെന്ന് ,കരുതിയിരുന്നപോലെ തന്നെ അത് നിലച്ചു പക്ഷെ ഇത്തവണ കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നില്ല മെല്ലെ മെല്ലെയുള്ള മരണമായിരുന്നു അത് ,
ഇപ്പോള്‍ ഇടക്കൊക്കെ ഒരു പുഞ്ചിരികൊണ്ടു ആ സൌഹൃദത്തിന്റെ ജഡത്തിനു പുഷ്പചക്രം സമര്‍പ്പിക്കാറുണ്ട് ഞങ്ങള്‍........

കടപ്പാടുകളുടെ വിജയങ്ങള്‍

എന്‍റെ സ്കൂള്‍ പഠന കാലത്ത് ഞങ്ങളുടെ സ്കൂളില്‍ എല്ലാ ക്ലാസ്സുകളിലും വര്‍ഷാവസാന പരീക്ഷക്ക്‌ മുന്നായി 15പൈസ വിലയുള്ള ഒരു പോസ്റ്റ്‌ കാര്‍ഡ് സ്വന്തം അഡ്രെസ്സ് എഴുതി ക്ലാസ് ടീച്ചറിനെ ഏല്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു, വര്‍ഷാവസാന പരീക്ഷയുടെ റിസള്‍ട്ടും അടുത്ത വര്ഷം ഇരിക്കേണ്ട ക്ലാസ്സും ഡിവിഷനും ആ പോസ്റ്കാര്‍ഡില്‍ രേഖപ്പെടുത്തി തിരികെ വരുമായിരുന്നു, അതില്‍ പച്ച മഷികൊണ്ട് ചിലപ്പോള്‍ ഫസ്റ്റ് ക്ലാസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും, 5 മുതല്‍ 9വരെയുള്ള ക്ലാസ്സുകളില്‍ എന്‍റെ പോസ്ടുകാര്‍ഡില്‍ ഒന്നോ രണ്ടോ പ്രാവശ്യം അങ്ങനെ പച്ച മഷിയിലെഴുതിയ ആ വാക്ക് കടന്നു കൂടിയിട്ടുണ്ട്. ബാക്കി കൊല്ലങ്ങളില്‍ കാര്‍ഡ് എഴുതി പോസ്റ്റ്‌ ചെയ്ത മാഷിന്‍റെ കയ്യില്‍ "പച്ച മഷിയുള്ള പേന ഇല്ലാതിരുന്നത്" മൂലമാവാം രേഖപ്പെടുത്താഞ്ഞത്‌
"ഫസ്റ്റ്ക്ലാസ്" വലിയ സംഭവമായിരുന്ന കാലമാണത്. അന്ന് പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുട്ടികളെ കുറിച്ച് മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നത്
"കണ്ടോടാ അവന്‍ എല്ലാത്തിനും ഫസ്റ്റ്ക്ലാസ്സാ അങ്ങനെ പഠിക്കണം" എന്നായിരുന്നു,
എന്‍റെ സ്കൂള്‍ കാലത്തും ഇന്നും എന്നെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണ് കണക്ക്, ഈ കണക്കാണ് പത്താംക്ലാസ്സില്‍ എനിക്ക് ഫസ്റ്റ്ക്ലാസ് നിഷേധിച്ചത് കേവലം കൈവിരലുകളില്‍ എണ്ണാവുന്ന മാര്‍ക്കുകള്‍ക്ക് അത് നഷ്ട്ടപ്പെടുത്തിയപ്പോള്‍ കണക്കിനെ ഞാന്‍ വല്ലാതെ വെറുത്തുപോയ്, അതെന്നെ തിരിച്ചും വെറുത്തുകാണും പിന്നീടൊരിക്കലും അതെനിക്ക് വഴങ്ങിത്തന്നില്ല. എന്‍റെ പല കണക്കു കൂട്ടലുകളും തെറ്റാന്‍ തുടങ്ങിയത് അവിടെ നിന്നാവാം, അതോടെ ഞാന്‍ കണക്കുകള്‍ സൂക്ഷിക്കുന്ന സ്വഭാവം അവസാനിപ്പിച്ചു, അല്ലെങ്കിലും എന്‍റെ ജീവിതത്തിലെ കണക്കുകള്‍ അങ്ങനെ അക്കങ്ങളില്‍ എഴുതി സൂക്ഷിക്കെണ്ടാവയല്ലല്ലോ അവ കടപ്പാടുകള്‍ എന്ന ഗണത്തില്‍ വരുന്നവ ആയിരുന്നുവല്ലോ,
ജീവിതത്തിന്‍റെ ഓരോ തിരുവുകളിലും അങ്ങനെ കടപ്പെട്ടവര്‍ ഒരുപാടുണ്ട് സാമ്പത്തികമായുള്ള കടപ്പാടുകള്‍ മാത്രമല്ല, അതും ഉണ്ടെങ്കിലും അതിലും അധികമായ്‌ ഒരുപാട് കടപ്പാടുകള്‍ നിറഞ്ഞതാണ്‌ ഞങ്ങളുടെ ജീവിതം അതിനെ അക്കങ്ങളുടെ ഗുണന ഹരണ പട്ടികകളിലിട്ടു വില കൂട്ടുവാനോ കുറക്കുവാനോ ഞാനൊരുക്കമല്ല, അതിനാല്‍ തന്നെ ആവാം പലപ്പോഴും പലരുടെയും കണക്കു കൂട്ടലുകളില്‍ ഞങ്ങള്‍ പരാജിതര്‍ ആവുന്നത് അക്കങ്ങളെ സ്നേഹിച്ചു അവയെ പെരുപ്പിച്ചു മുന്നോട്ടു പോകുന്നവ്ര്‍ക്കാണിന്നു ഫസ്റ്റ്ക്ലാസ്, സോറി ഫസ്റ്റ് ക്ലാസ്സിന്‍റെ കാലം കഴിഞ്ഞല്ലോ അങ്ങനെയുള്ളവര്‍ക്കിന്ന് എല്ലാത്തിനും A+,
അങ്ങനെ കൂട്ടല്‍ കുറക്കല്‍ പേജുകളിലൊതുക്കി അക്കങ്ങളിലെഴുതി സൂക്ഷിക്കാന്‍ പറ്റാത്ത കടപ്പാടുകളെന്ന കണക്കിനെ തള്ളിക്കളയുവാന്‍ ഞങ്ങള്‍ക്കാവില്ല, അങ്ങനെയുള്ള ഫസ്റ്റ് ക്ലാസ്സുകളോ A+കളോ ഞങ്ങള്‍ക്കാവശ്യമില്ല പലരുടെയും കണ്ണില്‍ അതൊരു പരാജയമാവാം പക്ഷെ അങ്ങനെ പരാജിതനായി ജീവിക്കുന്നതിനും ഒരു സുഖമുണ്ട്, ആ സുഖം നഷ്ടപ്പെടുത്തുവാന്‍ ഇനിയും തയ്യാറല്ലാത്തതിനാല്‍ എന്‍റെ കണക്കുകളോടുള്ള വെറുപ്പ്‌ തുടരും, അത് മൂലം നഷ്ട്ടപ്പെടുന്ന ഫസ്റ്റ് ക്ലാസ്സുകളെയോര്‍ത്തു ഇന്നെനിക്കൊരു ദുഖവുമില്ല..................

Tuesday, October 14, 2014

ഇതൊന്നും സ്വപനം അല്ലായിരുന്നു എങ്കില്‍ ......

വരുന്ന കാര്യം അറിയിക്കാതെ നാട്ടിലേക്ക് പോന്നതൊരു പാരയായി എന്ന് തോന്നിയതാണ് ട്രെയിന്‍ താമസിച്ചപ്പോള്‍, വൈകി വൈകി രാത്രിയില്‍ സ്റെഷനില്‍ വന്നിറങ്ങിയപ്പോള്‍ ഓട്ടോ സമരം ആണെന്നറിഞ്ഞു, നേരെ നടന്നു ബസ് സ്റ്റാണ്ടിലേക്കു ഭാഗ്യമെന്നു പറയട്ടെ ഗ്രാമത്തിലേക്കുള്ള അവസാന ബസ് കിട്ടി, കവലയില്‍ വന്നു ബസിറങ്ങുമ്പോള്‍ നല്ല ഇരുട്ടായിരുന്നു പെട്ടെന്ന് ഇരുട്ടില്‍ നിന്നുമൊരു ചോദ്യം "
"ആരാ ജോഷിയാണോടോ?
നല്ല പരിചയമുള്ള സ്വരം എങ്കിലും ഞാനൊന്ന് ഞെട്ടി ഈ ഇരുട്ടിലും എന്നെ തിരിച്ചറിയുന്നവനാരാ.. അതും വല്ലകാലത്തും വന്നു പോവുന്ന എന്നെ, എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ ഉത്തരം പറഞ്ഞു
"അതേ"
ഇപ്പോള്‍ ഒരു നിഴലെനിക്ക് കാണാം സ്വരവും അടുത്തെത്തി
"ഓ വേണുവാരുന്നോ?"
പഞ്ചായത്ത് ബസ്സ്‌ സ്റ്റോപ്പിന് അടുത്തു തന്നെയുള്ള വീട്ടിലെ മൊഹമ്മദ്‌ അസഹ്രുദ്ദീന്റെ ഛായ ഉള്ള വേണു
"താന്‍ വരുന്ന വഴിയാണോ ജോഷീ
"അതെ"
"എങ്കില്‍ ചെല്ല് നാളെ കാണാം ,അമ്മ നോക്കിയിരിക്കുകയാവും"
"ശെരി അപ്പൊ നാളെ കാണാം വേണു" എന്ന് പറഞ്ഞു പതിയെ നടന്നു
മെയിന്‍ റോഡില്‍ നിന്നും വീട്ടിലേക്കുള്ള പഞ്ചായത്ത് വഴിയിലെക്കിറങ്ങുമ്പോള്‍ പാലത്തിന്‍റെ കലുങ്കില്‍ ആരോ ഇരുന്നു ബീഡി വലിക്കുന്നുണ്ടായിരുന്നു
സ്രെദ്ധിക്കാതെ പതിയെ താഴേക്കു നടന്നു നീങ്ങുമ്പോള്‍പുറകില്‍ നിന്നും വിളി വന്നു
"എടാ ജോഷിയെ വരുന്ന വഴിയാണോ"?
അതെ എന്നുത്തരം പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കി "തമ്പാന്‍"
"തമ്പാനെ സുഖയിരിക്കുന്നോ"
"സുഖം തന്നെടേ,നീ ഇവിടെ കാണുമല്ലോ കുറച്ചു ദിവസം ല്ലേ" ?
"ഉണ്ടാവും",
"ചിലവുണ്ട് മറക്കണ്ട"
"ശരി ഏറ്റു നാളെ കാണാം",
പറഞ്ഞുകൊണ്ട് പതിയെ മുന്നോട്ടു നീങ്ങി !!
അടുത്തത്‌ പട്ടണത്തിലെ ഒരു പ്രധാന ബേക്കറിക്കാരുടെ വീടും അതിനടുത്തു ബോര്‍മ്മയും, വീടിനു മുന്നിലെത്തിയപ്പോള്‍ കടവില്‍ ഒരു ഓളം കേട്ടു നോക്കി, അപ്പോള്‍ ഒരു ചോദ്യം
"ആരാ ജോഷിയാണോടോ'
"ആഹാ സന്തോഷായിരുന്നോ എന്താ ഈ രാത്രി വൈകിയൊരു കുളി" ?
"എന്താ ചൂട്".......... ,'വരുന്ന വഴിയാവും ല്ലേ" ?
"അതെ ,പിന്നെക്കാണാം", വീണ്ടും മുന്നോട്ടു നീങ്ങി
അപ്പോള്‍ പുറകില്‍ നിന്നും ഒരു വിളി കേട്ടു
"മോനേ നില്‍ക്കു ഞാനും അങ്ങോട്ടാ"
പതിയെ തിരിഞ്ഞു നോക്കിയപ്പോള്‍ "വാസന്തി" ഓടി വരികയാണ്
"ന്താ വാസന്തി ഇത്ര വൈകി ഇതെവിടുന്നാ"?
"ഒരു വഴി വരെ പോയതാ മോനെ,അല്പം താമസിച്ചു പോയ്‌ ,മോന്‍ വരുന്ന വഴിയാ" ?
"അതെല്ലോ ട്രെയിന്‍ ലേറ്റ് ആയി, അമ്മയെ അറിയിക്കാതെയാ വന്നത് ചെല്ലുമ്പോള്‍ ഇന്ന് വഴക്കുറപ്പാ",
അപ്പോഴേക്കും കട്ടത്തറ കടവ് നീന്തിക്കടന്ന് ആരോ വരുന്നത് കണ്ടു വാസന്തി ചോദിച്ചു
"ആരാ ഈ രാത്രി കടവ് നീന്തി വരുന്നേ" അതിന്റെ മറുപടി ഒരു ചോദ്യമാരുന്നു
"വാസന്തി ആണോടിയെ"?
"ചന്ദ്രന്‍ ചേട്ടന്‍ ആരുന്നോ ഞാന്‍ കരുതി ഇതാരാ ഈ രാത്രിയില്‍ കടവിലൂടെന്നു" ,
വെട്ടുകാരന്‍ ചന്ദ്രന്‍ പതിയെ ഞങ്ങളോടൊപ്പം നടന്നുകൊണ്ട് തിരക്കി
"മോനിതെന്താ ഇത്ര വൈകി"?
"ഒന്നും പറയണ്ട ചന്ദ്രാ ട്രെയിന്‍ വൈകിയാ എത്തിയെ"
"ഇനി കുറച്ചു ദിവസം ഉണ്ടാവുമോ ?
"ആ പത്തു ദിവസം ഉണ്ടിവിടെ" ,
"ആ കിഴക്ക് വശത്തെ തയ്‌തെങ്ങിനൊരു കമ്പി കെട്ടണംന്നു അമ്മ പറഞ്ഞാരുന്നു, തേങ്ങ പുരപ്പുറത്തോട്ടു വീഴുന്നു പോലും, ന്നാല്‍ മോനുള്ളപ്പോള്‍ അതങ്ങു ചെയ്യാം ല്ലേ" ?
"ശരി ചന്ദ്രാ ന്നാല്‍ നാളെ കാലത്ത് തന്നെ അങ്ങ് പോന്നോളൂ!!!!
പതിയെ നടന്നു വീടിനോടടുത്തപ്പോള്‍ തങ്കച്ചന്റെ വീടിനു മുന്നില്‍ കണ്ണന്‍ നില്‍പ്പുണ്ടാരുന്നു , "കണ്ണോ എന്തുണ്ടെടാ വിശേഷം" എന്ന് തിരക്കി ഞാന്‍ പതിയെ പറമ്പിലേക്കിറങ്ങി, മുറ്റത്തേക്കു കയറും മുന്‍പേ ഒന്ന് തിരിഞ്ഞു നോക്കി അപ്പോഴേക്കും ചന്ദ്രനും ,വാസന്തിയും ഒക്കെ പോയ്കഴിഞ്ഞിരുന്നു ഇത്രപെട്ടെന്നിവര്‍ നടന്നോ എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ അമ്മയെ വിളിച്ചു
"അമ്മെ..... അമ്മെ" മുന്‍വശത്തെ ലൈറ്റ് തെളിഞ്ഞു ,ജനലിലൂടെ അമ്മയുടെ മുഖം
ഞാന്‍ ജനലിനു മുന്നിലേക്ക്‌ നീങ്ങി നിന്ന് ,"അമ്മെ ഞാനാ"
"ങേ നീയോ ,ഇതെങ്ങനെ ഇപ്പൊ ? നീ വരുന്ന കാര്യമൊന്നു അറിയിച്ചുകൂടിയില്ലല്ലോ മോനെ"? ചോധിച്ച്ചുകൊണ്ട് അമ്മ വാതില്‍ തുറന്നു
"അറിയിക്കാതിങ്ങു പോരണംന്നു തോന്നി ഇങ്ങു പോന്നു"
"വഴിയിലൊക്കെ നല്ല ഇരുട്ടല്ലാരുന്നോ നീ അക്കരെ കേറി ഒരു റ്റൊര്‍ച്ച് എടുത്തിട്ടു പോരാമായിരുന്നില്ലേ" ?
"ഓ രാത്രിയില്‍ അവിടെ കേറണ്ട എന്ന് കരുതി, പിന്നെ വഴിക്ക് കൂട്ടുണ്ടാരുന്നു ,ആ വാസന്തിയും പിന്നെ ചന്ദ്രനും "
"ങേ ? നീയെന്താ ഈ പറയുന്നേ വാസന്തീം ചന്ദ്രനുമോ ?
"അതെ അമ്മെ" ,
"എടാ വാസന്തി ട്രെയിന്‍ മുട്ടി മരിച്ച കാര്യം ഞാന്‍ പറഞ്ഞിരുന്നതല്ലേ നിന്നോട് ,അത് പോലെ ചന്ദ്രന്‍റെ കാര്യവും അത് കഴിഞ്ഞിട്ടിപ്പം കുറച്ചു വര്‍ഷങ്ങളായല്ലോ? നീ വേറെ ആരെ എങ്കിലും ആവും കണ്ടത്
പെട്ടെന്ന് ഞാന്‍ ഒരു തരിപ്പില്‍ ആയി പോയി പിന്നെ പറഞ്ഞു ഇല്ലമ്മേ നാളെ രാവിലെ കിഴക്ക് വശത്തെ തയ്തെങ്ങിനു കമ്പി വലിച്ചു കെട്ടാന്‍ ചന്ദ്രന്‍ വരും ,
"തയ് തെങ്ങോ? അത് വെട്ടിക്കളഞ്ഞിട്ടു കൊല്ലം എത്ര ആയെടാ"?
"ന്നാല്‍ അമ്മ കണ്ണനോട് ചോദിച്ചു നോക്ക്, അവര് തന്നെ ആരുന്നു എന്‍റെ ഒപ്പം, കണ്ണന്‍ മുറ്റത്തു നിന്ന് കണ്ടാരുന്നു"
"നീ എന്തോക്കെയാടാ ഈ പറയുന്നത് ? കണ്ണന്‍റെ കാര്യവും ഞാന്‍ നിന്നോട് പറഞ്ഞതല്ലേ അവന്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചത്? അതിനു ശേഷവും നീ വന്നതല്ലേ?
"ഇപ്പോള്‍ ഞാനാകെ ഒരു ഞെട്ടലില്‍ ആയി ശെരിയാണല്ലോ? കണ്ണന്‍ മരിച്ചു കഴിഞ്ഞു ഞാന്‍ വരികയും തന്കച്ചനോട് സംസാരിക്കുകയുമൊക്കെ ചെയ്തതാണല്ലോ ? അമ്മെ അപ്പോള്‍ ഞാന്‍ ഇന്ന് കണ്ടവരൊക്കെ ???
എന്താടാ നീ വേറെ ആരെയാ കണ്ടത് ?
"സന്തോഷിനെ ,തമ്പാനെ, വേണുവിനെ" ഞാന്‍ പതിയെ പറഞ്ഞു...... ഒപ്പം തന്നെ ഓര്‍ത്തു..... ഇവരെല്ലാവരും കടന്നു പോയവരാണല്ലോ !!!!!!,പക്ഷെ എനിക്ക് നല്ല ഉറപ്പാ ഞാന്‍ ഇവരോടൊക്കെ സംസാരിചിട്ടാ വരുന്നത്
"നീ കഞ്ഞി കുടിച്ചിട്ട് കേറി കിടക്കു, പ്രാര്‍ഥനയും ബൈബിള്‍ വായനയുമോന്നുമില്ലാഞ്ഞിട്ടാ ഇതൊക്കെ , പ്രാര്‍ത്ഥന എപ്പോളും കൂടെയുണ്ടാവണം എന്ന് പറഞ്ഞാല്‍ ആര്‍ക്കും വിലയില്ല കണ്ടില്ലേ ഇപ്പൊ"
അമ്മ പതിയെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു ,
ഞാന്‍ കഞ്ഞികുടിചിട്ട് കിടക്കുവാന്‍ നീങ്ങുമ്പോഴും എന്നാലും അവരോടൊക്കെ ഞാന്‍ സംസാരിച്ചുകൊണ്ടാണല്ലോ വന്നത്, എന്താ ഇപ്പൊ ഇങ്ങനെ എന്ന ചിന്തയില്‍ ആരുന്നു!!!!
ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ ഞാനുറങ്ങി ,
രാവിലെ കുട്ടികളുടെ ഒച്ച കേട്ടാണ് ഉണര്‍ന്നത് ഞാന്‍ ഒന്നും മനസ്സിലാവാതെ ചുറ്റും നോക്കി, അല്‍പ സമയം എടുത്തു ബോധത്തിലേക്ക് വരുവാന്‍ ,ഇപ്പോള്‍ ഞാന്‍ ഡല്‍ഹിയിലെ എന്‍റെ ഫ്ലാറ്റില്‍,കുട്ടികള്‍ സ്കൂളിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ് , ഞാന്‍ പതിയെ വാതുക്കല്‍ മുറിയിലേക്ക് ചെന്നു ,അമ്മയുടെയും അച്ചയുടെയും ഫോട്ടോ ഭിത്തിയില്‍ ഇരിക്കുന്നു ......
ഭാര്യ അടുക്കളയില്‍ നിന്നും വിളിച്ചു ചോദിച്ചു എന്താ ജോഷിചായാ എഴുന്നേറ്റോ ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാമെന്നു കരുതി ?,രാത്രി മുഴുവന്‍ എന്താരുന്നു വര്‍ത്താനം ? തെങ്ങിന് കമ്പിയിടുന്നെന്നോ, ആരുടെയൊക്കെയോ പേരു വിളിക്കുന്നു ,ഇടയ്ക്കു അമ്മെ വിളിച്ചു, എന്താരുന്നു ബഹളം ?
"ഓ ഒന്നുമില്ല എന്ന് പറഞ്ഞു ഞാന്‍ പതിയെ ബാത്റൂമിലേക്ക്‌ നീങ്ങി ,അപ്പോള്‍ എല്ലാം ഒരു സ്വപ്നമായിരുന്നോ എന്ന ചിന്ത എന്നില്‍ വളരുകയായിരുന്നു",
ഇതൊന്നും സ്വപനം അല്ലായിരുന്നു എങ്കില്‍ ......................

ഒരു സമരകഥ

ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹവും മറ്റു സ്വാതന്ത്ര്യ സമരങ്ങളുമൊക്കെ കണ്ടു ആകൃഷ്ടരായി പിന്‍പറ്റിയ പലരും പിന്നീട് നാടറിയുന്ന നേതാക്കളായി,അക്കൂട്ടത്തിലെ നല്ല നേതാക്കളില്‍ ആകൃഷ്ടരായ പല വിധ്യാര്തികളും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കേരളവും ഇന്ത്യയുമൊക്കെ അറിയുന്ന നേതാക്കളായി.
അതുപോലെ തന്നെ സിനിമയിലും, ചില അഭിനേതാക്കളെയും സിനിമയെയും സ്നേഹിച്ചു സിനിമക്ക് പുറകെ നടന്നു കഷ്ടത അനുഭവിച്ചവര്‍ പിന്നീട് അറിയപ്പെടുന്ന നടന്മാരും സംവിധായകരുമൊക്കെ ആയി "ലോറ നീ എവിടെ" എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ മതിലു വലിഞ്ഞു കയറി, കണ്ടു തിരികെ സ്കൂളില്‍ വന്നപ്പോള്‍ ക്ലാസ്സിനു വെളിയിലായ സിബി ജോസഫ്‌ എന്ന വിദ്യാര്‍ഥി പിന്നീട് സിബി മലയില്‍ എന്ന സിനിമ സംവിധായകനായി,
അതുപോലെ ഓരോ ഫീല്‍ഡിലും ആഗ്രഹത്തോടെ ആദ്യകാലങ്ങളില്‍ കഷ്ടതയനുഭവിച്ചവര്‍ പിന്നീട് ആ ഫീല്‍ഡില്‍ അറിയപ്പെടുന്നവര്‍ ആയി മാറി ഇതൊക്കെ പണ്ട് മുതലേ ഓരോരുത്തര്‍ പറഞ്ഞു കേട്ടിരുന്നു കൂടുതലും മാതാപിതാക്കളും ഗുരുക്കന്മാരും,നമ്മില്‍ എന്തെങ്കിലും ആയി തീരുവാന്‍ പ്രചോദനം ചെലുത്തുന്നതിനായി അവര്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓരോന്ന് പറയുക പതിവായിരുന്നു ,
ഇതൊക്കെ കേട്ടു ഉത്തേജിതനായ ഞാനും രാഷ്ട്രീയമെന്ന ഫീല്‍ഡില്‍ ഹരിശ്രീ കുറിക്കുവാനായി ആദ്യമായി സ്കൂള്‍ രാഷ്ട്രീയത്തിലെ സമരങ്ങളില്‍ അണിചേരാന്‍ തുടങ്ങി,രാവിലെ സ്കൂളിലേക്ക് പോകും വഴി സി എം എസ് കോളേജിന്റെ കവാടത്തില്‍ കാണുന്ന ഖദര്‍ ധാരികളെയും ബാസിട്ടു സംസാരിക്കുന്ന എസ് എഫ് ഐ ചേട്ടന്മാരോടും ഇന്ന് സമരത്തിനുള്ള കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് തിരക്കി പോവുക പതിവായിരുന്നു,
അങ്ങനെ ഒരിക്കല്‍ സഖാവ് നായനാര്‍ ഭരണ കാലത്ത് നന്ദാവനം പോലീസ് ക്യാമ്പില്‍ വെച്ച് കെ എസ് യു നേതാക്കളെ പോലീസ് മര്ധിച്ചതില്‍ പ്രതിഷേദിച്ചു കേരളമൊട്ടുക്ക് സമരം, ഞങ്ങളും തുടങ്ങി സമരം, എന്ന് പറഞ്ഞാല്‍ സി എം എസ് കോളേജില്‍ നിന്നും സമരം എത്തും ഞങ്ങള്‍ ആ കൂടെ ചേര്‍ന്ന് സമരിക്കും. രണ്ടു ദിവസം സമരം നടന്നു സ്കൂള്‍ വിട്ടു. മൂന്നാം ദിവസം സമരം ഉണ്ടോ ഇല്ലയോ എന്ന് ഒരു പിടിയുമില്ല ചെട്ടന്മാരോടോന്നും ചോദിക്കാനും പറ്റിയില്ല, ഞാനാണെങ്കില്‍ നാളത്തെ രാഷ്ട്രീയ നേതാവാവാന്‍ വേണ്ടി കഷ്ടപ്പെട്ട് സ്കൂളില്‍ സമരം ചെയ്യാനാഗ്രഹിച്ചു വരികയാണ് ,
മൂന്നാം ദിവസം രാവിലെ സ്കൂളില്‍ അസ്സെംബ്ളി നടക്കെ ഞാനും ഗോവിന്ദന്‍ എന്ന സുഹൃത്തും കൂടെ മുങ്ങി, ഗോവിന്ദന്റെ വീടു സ്കൂളിനടുത്താണ്, അവിടെ ചെന്ന് ഡയറക്ടറിയില്‍ തപ്പി ഡി സി സി ഓഫീസ് നമ്പര്‍ എടുത്തു വിളിച്ചു ചോദിച്ചു "ഇന്ന് സമരം ഉണ്ടോ ഇല്ലയോ?"
യാതൊരു വിധ കണ്ണില്‍ ചോരയുമില്ലാത്ത വിധം ഫോണ്‍ എടുത്തവന്‍ ഞങ്ങളെ വഴക്ക് പറഞ്ഞു "രണ്ടു ദിവസം സമരിച്ചത് മതിയായില്ലെടാ ഇന്ന് സമരമോന്നും വേണ്ട പോയി ക്ലാസ്സില്‍ കേറി വല്ലോം പഠിക്കെടാ പിള്ളേരെ" ,
ഗോവിന്ദന്‍ അപ്പോളെ പറഞ്ഞു
"അല്ലേലും ഈ കെ എസ് യു കാരുടെ കൂടെ നടന്ന നമ്മളെ പറഞ്ഞാല്‍ മതിയല്ലോ എസ് എഫ് ഐ കാര്‍ ആരുന്നെങ്കില്‍ ഒരാഴ്ചയെങ്കിലും നടന്നേനെ" ഇനി വാ അസ്സെംബ്ളി കഴിയും മുന്നേ സ്കൂളിലെത്താം"
പക്ഷെ സ്കൂളിലെത്തിയപ്പോള്‍ അസ്സെംബ്ളി കഴിഞ്ഞു എല്ലാവരും ക്ലാസ്സില്‍ കയറി,ഞങ്ങളുടെ ആദ്യ പീരിയഡ് വേദപാഠം,എടുക്കുന്നത് എന്‍റെ അമ്മാച്ചനും ക്ലാസ് ടീച്ചറുമായ രാജന്‍ സര്‍ ക്ലാസ്സിലേക്ക് കയറും മുന്നെ കയ്യിലിരുന്ന നീല കോടി ഞാന്‍ പാന്റിനും പ്രുഷ്ടത്തിനുമിടയിലായി തിരുകി, അകത്തേക്ക് വിളിച്ച രാജന്‍ സര്‍ ചോദിച്ചു നീയൊക്കെ എവിടാരുന്നു " എടുത്ത വായില്‍ ഞാന്‍ പറഞ്ഞു ജേകബ് സാറിനു സ്കൂള്‍ മാഗസിന്‍ കൊടുക്കാന്‍ പോയി" ജേകബ് സര്‍ മുന്‍ ഹെട്മാസ്റെര്‍ ആണ് സ്കൂളിനടുത് തന്നെ താമസം തലേന്ന് ഞാനാണ് ജെയിംസ് സര്‍ എന്നെ ഏല്‍പിച്ച മാഗസിന്‍ അവിടെ കൊണ്ടേ കൊടുത്തത് ആ കാര്യം ഞാന്‍ ഇന്നത്തെക്കാക്കി പറഞ്ഞു എന്നേയുള്ളു , പക്ഷെ ക്ലാസ്സിലെ ഏതോ കരിങ്കാലി മുന്നമേ തന്നെ ഞങ്ങളെ ഒട്ടിയിരുന്നു , കൂടെ നുണയും കൂടെ ആയപ്പോള്‍ അമ്മാച്ചന്‍ നല്ല കലിപ്പിലായി ,ഗോവിന്ദന്റെ കയ്യില്‍ രണ്ടടി കൊടുത്ത സര്‍ എന്നെ തിരിച്ചു നിര്‍ത്തി പ്രുഷ്ടത്തില്‍ തന്നെ നല്ല കീറന്‍ അടി, പക്ഷെ നല്ല നീലവര്‍ണ്ണ കൊടി രണ്ടെണ്ണം ചുരുട്ടി പുറകില്‍ വെച്ചതിനിട്ടാണ് സംഭവം എല്ക്കുന്നത് രണ്ടാമത്തെ അടി ആയപ്പോള്‍ സറിന് സംശയമായി "എന്താടാ പുറകില്‍"? ഹേ ഒന്നുമില്ല എന്ന് ഞാന്‍ ,പക്ഷെ പുള്ളി വിടുമോ കൈയിട്ടു കൊടി പൊക്കി, പിന്നെ അടിയുടെ ഒരു പൂരമായിരുന്നു ......
അന്നത്തെ ദിവസം ആ പ്രുഷ്ടം കുത്തി ബെഞ്ചില്‍ ഇരിക്കാന്‍ പെട്ട പാട് എനിക്കറിയാം , ഓര്‍ക്കുമ്പോള്‍ ഇന്നും പുകയുന്നു അവിടം ,
എന്നാലും എന്‍റെ രാജുച്ചായാ ഒരു ഭാവി നേതാവിന്‍റെ വളര്‍ച്ചയാണ് അന്നുകൊണ്ട് രാജുചായന്‍ കരിച്ചു കളഞ്ഞത്.......... അങ്ങ് കേരളത്തെ രക്ഷിച്ചു

സരോജിനി........

എന്‍റെ കുഞ്ഞുന്നാള് മുതല്‍ അമ്മവീട്ടില്‍ മീനുമായി വരുമായിരുന്ന സ്ത്രീയാണ് സരോജിനി,അതായത് ഞാനൊക്കെ അരഞ്ഞാണം മാത്രം ദേഹത്തണിഞ്ഞു ചുടുക്കാമണിയൊക്കെ കാണിച്ചു നടക്കുന്ന പ്രായം മുതല്‍ കാണുന്ന ഞങ്ങളുടെ "സരോയിനി"

അന്ന് മീന്കുട്ടയുമൊക്കെ ചുമന്ന് വീട്ടില്‍ വരുമ്പോള്‍ സരോജിനിക്കൊപ്പം
"ങ്ങ്യാവൂ ..ങ്ങ്യാവൂ വെച്ച് അയല്‍വക്കത്തുള്ള പൂച്ചകളും കൂടെ കാണുമായിരുന്നു സരോജിനി വീട്ടിലെത്തി മീന്കുട്ട താഴെ വെക്കുംബോളെക്കും മിക്കവാറും മുകളില്‍ പറഞ്ഞതുപോലെ കാച്ചട്ട ഇടാന്‍ വിളിക്കുന്ന അമ്മയെ പറ്റിച്ചോടിവന്ന് ചുടുക്കാമണിയും കാട്ടി ഞാന്‍ പൂച്ചകള്‍ക്കൊപ്പം മീന്കുട്ടയിലേക്ക് നോക്കി ഇരിക്കുമായിരുന്നു ,എന്നിട്ട് സരോയിനിയോടു ചോദിക്കും 

"സരോയിനീ സരോയിനീ എനിച്ചു വരത്തു തിന്നാനുള്ള മീനാണോ ?

"അതേല്ലോ എന്‍റെച്ചക്കുട്ടനു വറത്ത് തിന്നാനുള്ള മീനാ ,പക്ഷേലെ അതിനു മുന്നേ പോയി കാച്ചട്ട ഇട്ടോണ്ട് വാ അല്ലേല്‍ ഈ ചുടുക്കാമണി മീനാന്നു കരുതി പൂച്ച കൊണ്ടുപോകും"

അത് കേള്‍ക്കുമ്പോളെ "അമ്മേ കാച്ചട്ട തായോ" എന്നും വിളിച്ചു ഞാന്‍ പൂച്ച കടിക്കാതിരിക്കാന്‍ സംഭവം പൊത്തി പിടിച്ചുകൊണ്ട് ഓടും...
നന്നേ ചെറുപ്പത്തിലെ ഈ സംഭവങ്ങള്‍ ഓര്‍ക്കാന്‍ ഒരു കാരണമുണ്ടായി ,ഈ മാസം കസിന്‍റെ കല്യാണത്തിനായി നാട്ടിലെത്തി, രാത്രി യാത്രയും ഫ്ലയിറ്റ് താമസിച്ചായിരുന്നതുമൊക്കെക്കൊണ്ടു കല്യാണത്തലെന്നു ഉച്ചയായപ്പോളാണ് വീട്ടിലെത്തുന്നത് ചെന്ന് കുളിയും കഴിഞ്ഞു ഊണും കഴിച്ചു ഒന്ന് കിടന്നതാണ് അങ്ങുറങ്ങിപ്പോയി, ഉണര്‍ന്നത് കുറെ വൈകിയാണ്, ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ചേടത്തിയാര് പറഞ്ഞു നിന്നെ കാണാനായി ഒരു സരോജിനി ഇത്രേം നേരം നോക്കിയിരുന്നിട്ടാ പോയത് ഉറക്കമാന്നു പറഞ്ഞിട്ടും ഒരുപാട് നേരം നോക്കിയിരുന്നു,

ആദ്യമെനിക്ക് മനസ്സിലായില്ല ഏതു സരോജിനി ? അപ്പോളാണ് അമ്മായി പറഞ്ഞത് എടാ മോനെ പഴേ മീന്‍കാരി സരോജിനിയെ നീ ഓര്‍ക്കുന്നില്ലേ? ഇപ്പൊ പ്രായമൊക്കെയായി എന്നാലും ഇടക്കൊക്കെ വരും ,വരുമ്പോളൊക്കെ നിങ്ങടെ കാര്യങ്ങളൊക്കെ തിരക്കും ,നീ വന്നിട്ടുണ്ടെന്നറിഞ്ഞു കാണാന്‍ കുത്തിയിരിക്കുവാരുന്നു ഞാന്‍ പിന്നെ പറഞ്ഞു അവന്‍ രാത്രി മുഴുവന്‍ യാത്രകാരണം ഉറക്കിളച്ചു വന്നതാ എങ്ങനാ വിളിച്ചുണര്‍ത്തുന്നെ രാവിലെ ഇങ്ങു വാ അപ്പോള്‍ കാണാം എന്ന്,

എന്‍റെ ഓര്‍മ്മകളുടെ ഏഴയലത്തുപോലും ഇല്ലാതിരുന്ന സരോജിനിയെ പെട്ടെന്നെനിക്കൊര്‍മ്മ വന്നു ,നാടിനോട് വിട പറഞ്ഞിട്ട് രണ്ടുപതിറ്റാണ്ടില്‍ ഏറെയായി അതിനിടയില്‍ അവധിക്ക് പോയപ്പോളൊന്നും അവരെ കണ്ടതായി എനിക്കോര്‍മ്മയില്ല പക്ഷെ എന്‍റെ ഗ്രാമത്തിന്‍റെ നിഷ്കളങ്ക സ്നേഹം ഞാന്‍ അറിയുകയായിരുന്നു, ചിലപ്പോള്‍ കരുതാം കാണുമ്പോള്‍ എന്‍റെ കയ്യില്‍ നിന്നും കിട്ടുന്ന ഒരു നൂറു രൂപ നോട്ടിനു വേണ്ടിയാണ് അവര്‍ ഇരുന്നത് എന്ന് ,അല്ല ഇന്നതിന്റെ ആവശ്യം അവര്‍ക്കില്ല മക്കളൊക്കെ അത്യാവശ്യം നല്ല നിലയില്‍ ആയിരിക്കുന്നു ,പക്ഷെ കുഞ്ഞുന്നാള് മുതല്‍ അടുത്തറിയുന്ന ആ കുഞ്ഞിനോടുള്ള അതേ സ്നേഹം ഇന്നും അവരുടെ മനസ്സില്‍ അതെ അളവില്‍ നില്‍ക്കുന്നതുകൊണ്ടാണ് ,പക്ഷെ എനിക്ക് അടുത്ത ദിവസവും അവരെ കാണുവാന്‍ സാധിച്ചില്ല എന്നത് ഇപ്പോള്‍ ഒരു ചെറു സങ്കടമായി മനസ്സില്‍ കിടക്കുന്നു...

ഇതുപോലെ നമ്മുടെ ഓര്‍മ്മകളില്‍ ചാരം മൂടി മറഞ്ഞു കിടക്കുന്ന, നമ്മെ സ്നേഹിക്കുന്ന എത്രയോ സ്നേഹ കനലുകള്‍ ഉണ്ടാവാം ഗ്രാമങ്ങളില്‍...
ഈ നന്മ മരങ്ങളാണ് എന്നെ ഇന്നും ആ ഗ്രാമത്തെ നെഞ്ചോട്‌ ചേര്‍ത്തു നിര്‍ത്തുന്ന കാരണങ്ങളിലൊന്ന്....

തിരുവാര്‍പ്പിലെ മഴക്കാലം .

മഴക്കാലമായാല്‍ തിരുവാര്‍പ്പിലെ പെണ്‍മണികളുടെ നടപ്പ് കാണാന്‍ ഒരു ചേലാണ് ,നീളന്‍ പാവാട തുമ്പുകള്‍ കണ്ണക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് അല്പം നാണത്തോടെ ചില്‍ ചില്‍ എന്ന് പാദസ്വര മൊട്ടുകളുടെ ശബ്ദവുമായി ഒരു കയ്യില്‍ കുടയും ചൂടി ഒരു സൌന്ദര്യത്തോടെയുള്ള നടപ്പാണത് .

ആണ്‍കുട്ടികള്‍ അങ്ങനല്ല ആന കരിമ്പിന്‍കാട് കണ്ടതുപോലെയാണ് നടപ്പ് , വഴിയില്‍ തളം കെട്ടി നില്‍ക്കുന്ന മഴവെള്ളം ചവിട്ടിത്തെറിപ്പിച്ച് അല്ലെങ്കില്‍ അതില്‍ കാലുകള്‍ കൊണ്ടൊരു പടക്കം പൊട്ടിച്ചു ഒരു പോക്ക് ...അല്പം മുതിര്‍ന്ന, പാടത്ത് വേലയ്ക്കു പോകുന്ന സ്ത്രീകള്‍ ആവട്ടെ തങ്ങളുടെ പ്രാരാബ്ദങ്ങളോട് പിണങ്ങി ,കവലയില്‍ അന്തിക്കള്ള് ഒരു കുപ്പി അകത്താക്കി നില്‍ക്കുന്ന കെട്ടിയവന്മാരോടുള്ള ദേഷ്യം മുഴുവന്‍ വഴിയിലെ വെള്ളത്തില്‍ ചവിട്ടിത്തെറിപ്പിച്ചാണവര്‍ നടക്കുന്നത്......................

പെന്മണികള്‍ സന്ധ്യയോടടുത്തു ക്ഷേത്രത്തില്‍ തൊഴാനായി തങ്ങളുടെ പട്ടുപാവാടയുടെ തുമ്പില്‍ ചെളിയും വെള്ളവും പറ്റാതെ സൂക്ഷിച്ച് അമ്പലനടയിലെത്തും. അമ്പലത്തിനടുത്തെ ഇടവഴി മണ്ണ് നിറഞ്ഞതാണ്‌, മഴയില്‍ നനഞ്ഞ മണലിനോട് കളി പറഞ്ഞുകൊണ്ട് അവരുടെ കാലുകളിലെ പാദസ്വരങ്ങള്‍ കുണുങ്ങി ചിരിച്ചുകൊണ്ട് പോകുന്നത് കാണാന്‍ ഒരു ചേലാണ്, അമ്പലത്തിനു മുന്നിലെ ആമ വിളക്കില്‍ തിരികള്‍ തെളിച്ചുകൊണ്ടവര്‍ നില്‍ക്കുമ്പോള്‍ അകത്തു നിന്നും ശ്രീകൃഷ്ണ ഭഗവാന്‍ അവരെ കാണുവാന്‍ വെളിയില്‍ വരുമായിരിക്കണം അത്രയ്ക്ക് സുന്ദരങ്ങളായ ദൃശ്യമാണത്.......
 
വെള്ളിയാഴ്ച സന്ധ്യകളില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കയ്യില്‍ മെഴുകുതിരിയും തലയില്‍ നെറ്റുമായി കവലയിലെ കുരിശിന്‍ തോട്ടിയിലെത്തും ഓശാനപ്പെരുന്നാളിനു പള്ളികളില്‍ വാഴ്ത്തുന്ന കുരുത്തോല പോലെ സുന്ദരികളായാണവര്‍ വരുന്നത് കുരിശിന്‍ തോട്ടിക്കു മുന്നില്‍ മെഴുകുതിരികള്‍ തെളിച്ച് കണ്ണുകളടച്ചു ഭക്തി നിര്‍ഭരമായി നില്‍ക്കുന്ന അവരെ കണ്ടാല്‍ കന്യാ മറിയത്തിനെ പോലെ തോന്നിച്ചിരുന്നു ...
ഈ സുന്ദരങ്ങളായ ദൃശ്യങ്ങള്‍ നിര്‍ന്നിമേഷരായി കണ്ടു നില്‍ക്കാന്‍ ആണ്‍കുട്ടികള്‍ അമ്പലത്തിനടുത്തെയും കവലയിലെയും കടകളിലും വഴിവക്കിലുമോക്കെയായി കൂട്ടുകൂടി നിന്നിരുന്നു ,ഓരോരുത്തര്‍ ഓരോ സുന്ദരികളെയും തങ്ങളുടെയെന്നു കരുതി നിശബ്ദമായി പ്രണയിച്ചിരുന്നു , വരുമ്പോളോ തിരികെ പോകുമ്പോളോ തങ്ങളുടെ സുന്ദരികളുടെ ഒരു കടാക്ഷമോ ഒരു ചെറു പുഞ്ചിരിയോ ലഭിച്ചിരുന്നുവെങ്കില്‍ ഹൃദയത്തിലൊരു പഞ്ചവാദ്യം മുഴങ്ങുമായിരുന്നു................

വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ നാട്ടിലെത്തിയപ്പോള്‍ പഴയതുപോലെ സന്ധ്യക്ക്‌ അമ്പലത്തിലെക്കോ കുരിശിങ്കലെക്കോ പാദസ്വരങ്ങള്‍ കിലുക്കി നടന്നു വരുന്ന ഒരു പെണ്‍കുട്ടിയെ പോലും കാണുവാന്‍ സാധിച്ചില്ല ,പാദസ്വരങ്ങളുടെ കൊഞ്ചലുകള്‍ ഇപ്പോള്‍ ആക്ടീവയും ,പ്ലെഷരും , മാരുതിയും ഒക്കെ സ്വന്തമാക്കിയതിന്‍റെ പരിഭവത്തിലായിരുന്നു തിരുവാര്‍പ്പിലെ മണ്‍തരികളും ....................................

Wednesday, June 25, 2014

അവള്‍........

.......അവസാനം അവളെ കണ്ടു പിരിഞ്ഞ ദിവസം അയാളോര്‍ത്തു.. .

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ദിനം, വെയില്‍ ചായുന്ന സായാഹ്നത്തിന്റെ ചരിവിലൂടെ പതിയെ നടന്നു നീങ്ങുമ്പോള്‍, അത്രനാളും സംസാരിച്ചു സംസാരിച്ചു തങ്ങള്‍ക്കു ഇനിയൊന്നും പറയുവാനില്ലാതായിട്ടാണോ എന്നറിയില്ല മൌനമായിരുന്നു അന്ന് തങ്ങള്‍ക്കിടയില്‍...

കോഫീ ഹൌസില്‍ കാപ്പികുടിക്കുവാനായി കയറി അടുത്തടുത്തിരിക്കുമ്പോള്‍ പഴയ ക്രോമപ്ടന്‍ ഫാന്‍ മുരളിച്ചയോടെ കറങ്ങി അവളുടെ മുടിയിഴകളെ പറത്തി തന്‍റെ മുഖത്ത് തൊടീച്ചപ്പോള്‍ ഇന്ദ്രിയങ്ങളില്‍ പച്ചവെളിച്ചെണ്ണയുടെ മണം പരന്നു... അധികം വൈകാതെ തന്നെ അവിടെ നിന്നും കാപ്പി കുടിച്ചിറങ്ങി വഴിയിലെക്കിറങ്ങിയപ്പോള്‍ സന്ധ്യയുടെ സൌവര്‍ണം അവളുടെ മുടിയിഴകളില്‍ നിറം പടര്തുവാന്‍ തുടങ്ങി വെണ്ണ നിറമുള്ള അവളുടെ കഴുത്തില്‍ കിടന്നിരുന്ന മുത്തുമാല തിളങ്ങി... മെല്ലെ ആ കഴുത്തില്‍ ഒന്ന് ചുംബിച്ചു യാത്ര പറഞ്ഞു പിരിയണം എന്നു തനിക്കു തോന്നി, അത് മനസ്സിലാക്കിയിട്ടാവാം അവള്‍ പറഞ്ഞു

“വേണ്ടാത്ത ചിന്തകള്‍ ഒന്നും വേണ്ട ഈ ദിവസങ്ങള്‍ പെട്ടെന്നങ്ങോടിപ്പോകും, വീണ്ടും നേരില്‍ കാണുന്നത് വരേയ്ക്കും ഓര്‍ത്തിരിക്കുവാന്‍ നമുക്കിടയില്‍ ഒരുപാട് കാര്യങ്ങളില്ലേ ഓര്‍മ്മയില്ലെങ്കില്‍ ഇതാ ഇത് വച്ചോളൂ നമ്മുടെ ഓരോ നിമിഷങ്ങളും വാക്കുകളായി പകര്‍ത്തിയ എന്‍റെ ഡയറി ഇത് വായിച്ചു തീരുമ്പോള്‍ നാം വീണ്ടും കണ്ടുമുട്ടും അത് വരേയ്ക്കും നല്ല കൊച്ചായി ഇരുന്നോണം രണ്ടോ മൂന്നോ വയസ്സുകള്‍ക്കിളപ്പമായിട്ടും മുതിര്‍ന്ന ഒരു പെണ്ണിനെപോലെ അവള്‍ തന്നോട് പറയുന്നത് ഇപ്പോളും കണ്മുന്നില്‍ കണ്ടതുപോലെ അയാള്‍ തലകുലുക്കി,

ബസിലേക്ക് കയറും മുന്‍പ് തന്‍റെ കൈപിടിച്ചവള്‍ ചോദിച്ചു, ‘”പേടിയുണ്ടോ”?

ആണുങ്ങള്‍ക്ക് പേടിയോ? പോടീ എന്ന് പറയുന്നതിന് പകരം വായില്‍ വന്നത് “അല്പം” എന്നാണു

എന്തിനാ പേടിക്കുന്നെ ?

"ഈ യാത്രയോടെ എന്നില്‍ നിന്നും നീ ഓടിയോളിച്ചാലോ ?
എന്നെയുപെക്ഷിച്ച്...... തന്‍റെ ശബ്ദത്തില്‍ അല്പം കൊഞ്ചലുണ്ടായിരുന്നു...ആണുങ്ങള്‍ ഇങ്ങനെ കൊഞ്ചുമോ തനിക്കു തന്നെ ഇപ്പോള്‍ നാണം തോന്നുന്നു"....

"ഞാന്‍ എങ്ങും പോവില്ല" –നീണ്ടു മെലിഞ്ഞ അവളുടെ വിരലുകള്‍ നീട്ടി എന്‍റെ മുടിയിഴകള്‍ക്കിടയിലൂടെ വിരലോടിച്ചുകൊണ്ടവള്‍ പറഞ്ഞു ...

ചിലപ്പോള്‍ അവളുടെ സ്പര്‍ശനം ഒരു ചുംബനത്തിന്റെ നിര്‍വൃതിയാണ് തന്നിരുന്നത്..

കൈവീശി കാട്ടിയവള്‍ ബസിലേക്ക് കയറി !!!

ഒരു നിമിഷം കഴിഞ്ഞ നിമിഷങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന താന്‍ എന്തോ വീണ്ടു വിചാരമെന്നപോലെ അവള്‍ കയറിയ ബാസിനുള്ളിലേക്ക് തന്നെ കയറി അവളുടെ തൊട്ടടുത്ത സീറ്റിലിരുന്ന തന്നെ അവള്‍ കുസൃതിയുള്ള പുഞ്ചിരിയോടെ നോക്കി....

എന്ത് ഭംഗിയായിരുന്നാ ചിരിക്ക്...... അടുത്ത സ്റ്റോപ്പില്‍ നിര്‍ബന്ധിച്ചു തന്നെ ഇറക്കി വിടുംബോളും ആ പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു......

പിന്നെ... അയാള്‍ വേദനയോടെ തലകുടഞ്ഞു ... ഞാന്‍ എങ്ങും പോവില്ല എന്നു വാക്ക് തന്നവള്‍ താന്‍ പേടിച്ചപോലെ തന്നെ ഒരു യാത്രപോലും പറയാതെ........

Friday, June 20, 2014

പ്രണയസുഗന്ധം ....

കോട്ടയത്തെ പ്രശസ്ത ജൌളിക്കടയില്‍ കുട്ടികള്‍ക്ക് ഡ്രെസ്സ് വാങ്ങുവാനായി ഞാന്‍ കടന്നു ചെന്നപ്പോളാണ് യാദൃശ്ചികമായി "ആനിനെ" കാണുന്നത് പഴയ രൂപത്തിന് വലിയ വ്യത്യാസങ്ങള്‍ ഒന്നുംതന്നെ പറയുവാനില്ല, അല്പം തടിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്നു എന്ന് മാത്രം. ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി "ഹേയ് തെറ്റിയിട്ടില്ല ആന്‍ തന്നെ".. കുട്ടികളുടെ തുണികള്‍ക്കിടയില്‍ തിരഞ്ഞുകൊണ്ടിരുന്ന അവള്‍ പെട്ടെന്ന് മുഖം ഉയര്‍ത്തി നോക്കിയത് എന്‍റെ നേരേ, ഒരുനിമിഷം അവളെ തന്നെ ശ്രെദ്ധിച്ചു നിന്ന എന്‍റെ മിഴികളുമായി ആ നോട്ടമോന്നുടക്കി പെട്ടെന്ന് ഒരു പരിഹാസ ഭാവത്തില്‍ മുഖം കൊട്ടി തിരിഞ്ഞ ആള്‍ എന്തോ സംശയം തോന്നിയിട്ടെന്നപോലെ വീണ്ടും തിരിഞ്ഞു നോക്കി അവളുടെ ഭാവപ്രകടനം എന്നില്‍ ഒരു പുഞ്ചിരി സൃഷ്ടിച്ചിരുന്നു ആ പുഞ്ചിരിയോടെ നിന്ന എന്നെ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ അവള്‍ അടുത്തേക്ക്‌ വന്നു

അല്പം സംശയത്തോടെ.. ജോണ്‍....ജോണല്ലേ?

പുഞ്ചിരിയോടെ ഞാന്‍ മറുപടി കൊടുത്തു "അതെ ആന്‍ മേരി വര്‍ഗീസേ"

"അമ്പടാ അപ്പോള്‍ അറിഞ്ഞിട്ടും മിണ്ടാതെ നില്‍ക്കുവാരുന്നു അല്ലെ? പണ്ടത്തെ പോലെ തന്നെ തോളില്‍ ചെറിയോരടി തന്നുകൊണ്ട് അവള്‍ ചോദിച്ചപ്പോള്‍ നേര്‍ത്ത ചിരിയോടെ ഞാന്‍ നിന്നു"

ഒറ്റവായില്‍ തന്നെ നൂറു ചോദ്യങ്ങള്‍ അവള്‍ ചോദിച്ചു ,ഭാര്യ കുട്ടികള്‍ , ജോലി ????

അങ്ങനെ തുരുതുരാന്നു വന്നു ചോദ്യങ്ങള്‍ എല്ലാത്തിനും മറുപടി കൊടുത്ത് നില്‍ക്കെ അവളുടെ കെട്ടിയവന്‍ കടന്നുവന്നു ,

അവള്‍ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി ഇത് എന്‍റെ ഹസ് പേര് ജോഷുവാ ബിസിനെസ് ആണ് , ഇത് എന്‍റെ ബാച്ച്മേറ്റ് ജോണ്‍ വര്‍ഗീസ്‌ ഇപ്പോള്‍ ദുബായിലാണ്,

യാത്ര പറഞ്ഞു പിരിഞ്ഞിട്ടും അന്നുമുഴുവന്‍  ആ കൂടിക്കാഴ്ച എന്‍റെ മനസ്സില്‍ എന്തോ ഒരു നോവ് ആയി നിന്നു...

വൈകിട്ട് എന്‍റെ മുറിയിലെ കട്ടിലില്‍ പ്രണയ ഗാനങ്ങളും കേട്ടു കിടക്കുമ്പോള്‍ അവള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് കടന്നുവന്നു,

കോട്ടയം പട്ടണത്തിലെ പേരുകേട്ടതും ഏക വിമന്‍സ്കോളേജുമാണ് ബി സി എം കോളേജ്. രാവിലെ എട്ടര മണിയോടടുത്തും വൈകുന്നേരം നാലുമണിയോടടുത്തും കോളെജിനു മുന്നിലുള്ള വഴികള്‍ വര്‍ണ്ണാഭമാവും. പല വര്‍ണ്ണങ്ങളിലുള്ള മിഡിയും ടോപും ചുരിദാറും ജീന്‍സും ഒക്കെയായി തരുണീമണികള്‍ കിളിക്കൊഞ്ചലുകളുമായി ഒഴുകി നീങ്ങും കുറച്ചു സുന്ദരികള്‍ എതിര്‍വശത്തെ കത്തോലിക്കാ പള്ളിയുടെ കുരിശിന്തോട്ടിയില്‍ തലവഴി ചുന്നി പുതച്ചു പ്രാര്‍ഥനാ നിര്‍ഭരരായി നില്‍ക്കുന്നത് കാണാം, മിക്സെഡ് കൊളെജായ ബസേലിയസിലെ സുന്ദരന്മാര്‍ ഈ സമയത്ത് തന്നെ ആ വഴികളിലൂടെ കൂട്ടമായി വരാറുണ്ട് ആരും മനപ്പൂര്‍വ്വം കിളിക്കൊഞ്ചലുകള്‍ കേള്‍ക്കുവാന്‍ വരുന്നതല്ല അവരും കോളേജു സമയം കഴിഞ്ഞു വീടുകളിലേക്ക് മടങ്ങുന്ന വഴിയാണ് പക്ഷെ അവരെ കാണുമ്പോള്‍ കിളിക്കൊഞ്ചലുകള്‍ ഷേക്സ്പിയരുടെയും ഷെല്ലിയുടെയും കടിച്ചാല്‍ പൊട്ടാത്ത ആംഗലേയ സാഹിത്യത്തിലാവും. അത് കേട്ടുകഴിയുമ്പോള്‍ ഞങ്ങള്‍ ഈ നാട്ടുകാരല്ലാ എന്ന ഭാവത്തില്‍ വളരെ നല്ല അച്ചടക്കത്തോടെ ആണ്‍കുട്ടികള്‍ ഓരം ചേര്‍ന്ന് നടന്നു പോകും പൂവാലന്‍ എന്ന വാക്കിന്‍റെ അര്‍ഥം പോലും അവര്‍ക്കറിയാമെന്ന് തോന്നില്ല ആ പോക്ക് കണ്ടാല്‍. അവളുടെയൊക്കെ ഒടുക്കത്തെ ഒരിന്ഗ്ലീഷ് എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് നടന്നു നീങ്ങുമ്പോഴും അവന്‍റെ കണ്ണുകള്‍ ആ കൂട്ടത്തിലുള്ള "സുന്ദരികളിലതി സുന്ദരിയെ" തപ്പിയെടുത്തിട്ടുണ്ടാവും.

അങ്ങനെ വളരെ ദിവസങ്ങള്‍ ഷെല്ലിയെയും ഷേക്ക്‌സ്പിയരെയും കേട്ടു കേട്ടു ഞാന്‍ മനസ്സുകൊണ്ട് സ്വന്തമാക്കിയവളായിരുന്നു ആന്‍ മേരി വര്‍ഗീസ്, കാഞ്ഞിരപ്പള്ളിക്കാരന്‍ വറീച്ചന്‍റെ മൂന്നുമക്കളില്‍ ഇളയവള്‍ ‍, കണ്ടാല്‍ നല്ല പച്ചക്കരിമ്പ് പോലെ കടിച്ചു തിന്നാന്‍ തോന്നുന്നവള്‍ എന്നാണു അവളെ കുറിച്ച് ആദ്യം തോന്നിയത് പിന്നീട് പാലപ്പത്തിന്റെ നിറത്തിലും പാലപ്പൂവിന്റെ സുഗന്ധവുമോക്കെയായി ഒരുപാട് വര്‍ണ്ണനകള്‍ ഞാന്‍ മനസ്സില്‍ നടത്തിയിട്ടുണ്ട്.അവള്‍ പഠിക്കുന്ന കോളേജില്‍ പഠിക്കാന്‍ പറ്റാഞ്ഞതിനാല്‍ അവള്‍ പഠിക്കുന്ന ട്യൂഷന്‍ സെന്ററില്‍ ഞാനും ചേര്‍ന്നു ആനിന്റെ ഹോസ്റെലിനടുത്ത് തന്നെയാണത് , രാവിലെ കോളെജിനു മുന്‍പ് ഒരുമണിക്കൂര്‍ ട്യൂഷന്‍,ഞങ്ങള്‍ ഒന്നരമണിക്കൂര്‍ മുന്‍പേ എത്തും ഹോസ്റെലിനു മുന്നില്‍ അരമണിക്കൂറോളം വാചകമടിച്ചു നില്‍ക്കെ അവളും കൂട്ടുകാരികളും വരുമ്പോള്‍ ഒന്നിച്ചു ഞങ്ങള്‍ ക്ലാസ്സിലേക്ക് പോയിരുന്നു പക്ഷെ രണ്ടു വര്ഷം ഒരുമിച്ചു ട്യൂഷന്‍ പഠിച്ചിട്ടും സ്വതവേ വായാടിയായ ആനിനോട് നല്ല സൗഹൃദം പുലര്‍ത്തിയിട്ടും ഒരിക്കലും മനസ്സിലെ പ്രണയം തുറന്നു പറയാന്‍ തനിക്കായില്ല പിന്നീട് ജോലിയും ജീവിത പ്രാരാബ്ദങ്ങലുമോക്കെയായി നാടും രാജ്യവും വിടുമ്പോള്‍ പറയാത്ത പ്രണയം ഒരു സുഖകരമായ ഓര്‍മ്മയായി ഉള്ളില്‍ അവശേഷിച്ചിരുന്നു ...
ഒരു സുഹൃത്ത് മദ്യപാന സദസ്സില്‍ വച്ച് പറഞ്ഞതുപോലെ ......

"പൊളിഞ്ഞ പ്രണയം ചീഞ്ഞ മുല്ലപ്പൂ പോലെയാണ്,അത് എത്ര കാലം വേണമെങ്കിലും ആരുമറിയാതെ ഫ്രിഡ്ജില്‍ ഒളിപ്പിച്ചു വക്കാം ഓരോ തവണ തുറക്കുമ്പോഴും ദുര്‍ഗന്ധം പുറത്തു വരും " എന്നാല്‍ പറയാതെ പോയ പ്രണയം അങ്ങനെയല്ല

"ചിത്രപ്പൂട്ടുള്ള അറകളിലെ പൊന്നും വെള്ളിയും രത്നങ്ങളും പോലെയാണവ,കാലം ചെല്ലുന്നതിനോപ്പം അവയുടെ തിളക്കവും സുഗന്ധവും ഒക്കെ കൂടും "

സൂപെര്‍സ്റ്റാറുകള്‍

മമ്മുക്കാ ലാലേട്ടാ നിങ്ങള്‍ക്കിപ്പോ ഞങ്ങള് വെറും പ്രവാസികള്..... സ്മരണ വേണം സ്മരണ....................................

നിങ്ങളേ സൂപെര്സ്ടാര്‍ ആക്കിയെച്ചാ ഞങ്ങള് നാട്ടീന്നു പോന്നത് ഇന്നിപ്പോ നിങ്ങള്‍ക്കാ സ്നേഹമോന്നുമില്ലേലും ഞങ്ങള്‍ക്കത് മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളാ, നിങ്ങടെ പടങ്ങളുടെ റിലീസിംഗ് ദിനങ്ങളൊക്കെ അനുപമേടെം ആനന്ദിന്റെം അഭിലാഷിന്റെമോക്കെ ഗേറ്റ് ചാടിയും മതിലു ചാടിയും ഉരുണ്ടുവീണും ദേഹത്തെ തൊലി കളഞ്ഞുമോക്കെയാ ഞങ്ങള് നിങ്ങളെ നിങ്ങളാക്കിയത്...

പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് പുതു പടങ്ങള്‍ റിലീസാവുന്ന ദിനത്തില്‍ തന്നെ കാണണം എന്നതൊരു നിര്‍ബന്ധ ബുദ്ധിയാരുന്നു അതിനുവേണ്ടി എന്ത് കഷ്ടത സഹിക്കാനും ഒരു പ്രയാസവുമില്ലാരുന്നു എത്ര വെളുപ്പിന് വേണേലും എഴുനേറ്റു ട്യൂഷനുന്ടെന്നു അമ്മയോട് കള്ളവും പറഞ്ഞു തീയേറ്ററിന്റെ വാതുക്കല്‍ പോയി ക്യൂ നില്‍ക്കുമായിരുന്നു

എന്നാല്‍ വീട്ടില്‍ അമ്മ റേഷന്‍ കടയില്‍ നിന്നും മണ്ണെണ്ണയോ പഞ്ചസാരയോ വാങ്ങിവരാന്‍ പറഞ്ഞാല്‍ ഞാനുഴപ്പും.. ഒഹ് എന്നെക്കൊണ്ടൊന്നും മേല അവിടുത്തെ മുടിഞ്ഞ ക്യൂവില്‍ പോയി നില്‍ക്കാന്‍...... ആകെ പത്തോ പന്ത്രണ്ടോ പേരാവും റേഷന്‍ കടയില്‍ ഒരുമിച്ചുണ്ടാവുക അവിടുത്തെ ക്യൂ വലിയ കഷ്ടപ്പാടാണ് നൂറു കണക്കിനാളുകള്‍ ഇടിച്ചു നില്‍ക്കുന്ന പടത്തിന്റെ ടിക്കെറ്റ് ക്യൂവില്‍ ഇടിച്ചുകയറാന്‍ ഭയങ്കര ത്രില്ലും. അന്ന് റേഷന്‍ കടക്കാരന്‍ രവിച്ചേട്ടന്‍ ആദ്യം റെഷന്കാര്ട് പതിപ്പിക്കുന്നവര്‍ക്ക് വല്ലോ സിനിമാ ടിക്കെട്ടും സമ്മാനം എന്ന് വല്ലോം പരസ്യം ചെയ്തിരുന്നേല്‍ ചിലപ്പോള്‍ പോയി ഇടിച്ചു നിന്നേനെ... പിന്നേ..നമ്മളെ പഞ്ചാരേം തീറ്റിച്ചു മണ്ണെണ്ണവിളക്കിന്റെ പ്രകാശോം കാണിക്കണമെന്നു രവിചെട്ടനെന്താ നിര്‍ബന്ധമല്ലേ.....പിന്നെ അമ്മ അയല്‍വക്കത്തെ ആരെയേലും വിട്ടു ഈ സാധനങ്ങള്‍ വാങ്ങിപ്പിക്കും.

പോകാന്‍ കഴിയുകേലാത്തതിന്റെ പിന്നില്‍ മറ്റൊരു രഹസ്യം കൂടിയുണ്ട് നാട്ടിലെ കാണാന്‍ കൊള്ളാവുന്ന ഒറ്റ പെണ്‍കുട്ടികള്‍ റേഷന്‍ കടയില്‍ വരാറില്ല വരുന്നതെല്ലാം അന്നന്നത്തെ അന്നത്തിനു കൂലി വേല ചെയ്തു വിയര്‍പ്പോടെ അപ്പം ഭക്ഷിക്കാന്‍ അരിവാങ്ങാന്‍ വരുന്ന കഷ്ടപ്പാടിന്റെ കരുവാളിപ്പ് മുഖത്തും ശരീരത്തും ബാധിച്ച കുറച്ചു സ്ത്രീകളായിരുന്നു, അന്ന് അധ്വാനത്തിന്റെയോ വിയര്‍പ്പിന്റെയോ വിലയറിയാത്ത നമുക്കുണ്ടോ അവരുടെ വിയര്‍പ്പുമണം സഹിക്കാനുള്ള മനസ്സ് ...

പറഞ്ഞു വന്നത് സിനിമാ കാര്യമാണല്ലോ അന്ന് ഞങ്ങള്‍ വെളുപ്പിന് റിസര്‍വേഷന്‍ ചെയ്യാന്‍ ക്യൂ നിന്നും പറ്റിയില്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് ടിക്കെറ്റെടുക്കാന്‍ ഇടിച്ചു നിന്നും ഒക്കെയാണ് ആദ്യ ദിവസങ്ങളില്‍ പടങ്ങള്‍ കണ്ടിരുന്നത്‌ അതിന്‍റെ കൂടെ അല്പം ബ്ലാക്കില്‍ ടിക്കെറ്റടിയുടെ പണിയും ഞങ്ങള്‍ കാണിച്ചിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യം , ഇന്നത്തെ തലമുറയോട് ഇക്കാര്യത്തില്‍ എനിക്ക് ഉള്ളില്‍ അസൂയ ആണേലും അവന്മാരോട് പറയുമ്പോള്‍ പറയുന്നത് നേരെ തിരിച്ചാ, നീയൊന്നും പടം കാണാന്‍ ഇടിച്ചു കുത്തി ടിക്കറ്റ്‌ എടുത്തിട്ടില്ലല്ലോ അതിന്‍റെ സുഖം ഒന്ന് വേറെ തന്നെയാ അതിനൊരു ത്രില്ലോണ്ട്...

പക്ഷെ മനസ്സില്‍ പറയുന്നത് '"ഫാഗ്യവാന്മാര്‍" ഞങ്ങടെ കാലത്ത് ഈ ഓണ്‍ലൈന്‍ ബുക്കിങ്ങോ മൊബൈല്‍ കോള്‍ വഴിയുള്ള ബുക്കിങ്ങോ ഒന്നുമില്ലാരുന്നു എന്തോരം ഇടീം തെറീം കേട്ടാ ഒരു ടിക്കെട്ടെടുത്തിരുന്നത് എന്നറിയാമോടാ ന്യൂ ജെനെരെഷന്‍ മക്കളേന്നാ....

ഉപദേശി.............

നമ്മില്‍ പലരും പ്രണയിച്ചിട്ടുള്ളവരാവാം,ചിലപ്പോള്‍ പ്രണയം തകര്ന്നവരുണ്ടാവാം ,ചിലപ്പോള്‍ നോട്ടങ്ങളിലും ഭാവങ്ങളിലും കൂടി മനസ്സിലാക്കി എന്നാല്‍ പ്രണയം പരസ്പരം പറയാന്‍ പറ്റാതെ കടന്നു വന്നവരാവാം എന്തായാലും വണ്‍സൈഡ് പ്രണയമെങ്കിലും ഉണ്ടാവത്തവര്‍ ആരും കാണില്ല, അങ്ങനെ ആരേലും ഉണ്ടെങ്കില്‍ അവരെ ഞാന്‍ മനുഷ്യനായി കാണുന്നില്ല ....

പ്രണയസീന്‍ ഞാന്‍ ആദ്യമായി കണ്ടത് ഏതു സിനിമയില്‍ ആണെന്ന് കൃത്യമായി എനിക്കോര്‍മ്മയില്ല എങ്കിലും പുറകോട്ടു തിരിഞ്ഞു ഓര്‍മ്മകളുടെ ഊടുവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഭാര്യ എന്ന സിനിമയിലാണോ അതോ അതിനും മുന്‍പ് കണ്ട ഏഴാം കടലിനക്കരെ എന്ന സിനിമയിലാണോ എന്നെനിക്കറിയില്ല പക്ഷെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു പ്രണയ സിനിമ "ഞാന്‍ ഏകനാണ്" എന്ന മധു-പൂര്‍ണ്ണിമ ചിത്രമാണ് അതിലെ മധുവിനെ കൂടാതുള്ള നായക കഥാപാത്രം ആരെന്നു ഇന്നോര്‍മ്മയില്ല പക്ഷെ അതിലെ "ഓ മൃദുലേ ഹൃദയ മുരളിയിലോഴുകി വാ " എന്ന ഗാനം നല്ല ഓര്‍മ്മയാണ് വീടിനടുത്തുള്ള കിളിരൂര്‍ ഷാജി എന്ന ഓലകൊട്ടകയിലിരുന്നാണ് ഞാന്‍ ആ പടം കണ്ടത്.. പ്രണയമെന്നത് സന്തോഷവും വേദനയും വിട്ടുകൊടുക്കലും മനസ്സിലാക്കലുകളുമൊക്കെയാണെന്നു കുറച്ചു കൂടുതല്‍ നാടകീയമായിട്ടാണങ്കിലും അന്നത്തെ സിനിമകള്‍ പറഞ്ഞിരുന്നു...

കാലങ്ങള്‍ കഴിഞ്ഞു മനുഷ്യന്‍ ഫാസ്റ്റ് ആയി സഹായത്തിനു വിവര സാങ്കേതിക വിദ്യകള്‍ ധാരാളമായി സിനിമകളുടെ പ്രമേയങ്ങള്‍ക്കും മാറ്റങ്ങള്‍ വന്നു പ്രണയം മനസ്സിലാക്കലുകളും വിട്ടുകൊടുക്കലുകളും എന്ന സ്ഥാനത്തു അട്ജെസ്റ്റ്മേന്റുകളും തട്ടിയെടുക്കലുകളും ആയി ഇപ്പോള്‍ അത് തട്ടിപ്പറിക്കലുകളും വലിച്ചെറിയലുകലുമായി മാറിയിരിക്കുന്നു.

ഈ സിനിമകളിലെപോലെയോ അല്ലെങ്കില്‍ അതിലും വേഗതയിലോ നമ്മുടെ അടുത്ത തലമുറകളും പ്രണയത്തെ സ്വന്തമാക്കുവാനും വലിച്ചെറിയുവാനും വളരെ മുന്നിലായി കഴിഞ്ഞിരിക്കുന്നു ,പ്രണയം എന്നത് വിവാഹത്തിന് മുന്‍പുള്ളത് എന്നല്ല ഉദ്ദേശിച്ചത്, വിവാഹിതരായ പ്രണയജോഡികളും നിസ്സാര കാര്യങ്ങളുടെ പേരില്‍ തങ്ങളുടെ പ്രണയം വലിച്ചെറിഞ്ഞു രണ്ടു എതിര്‍ നിരകളിലെ പടയാളികളെ പോലെ നില്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു.

ദശരഥം എന്ന സിനിമയില്‍ ലാലേട്ടന്‍റെ കഥാപാത്രം "ഇത് എന്റെ ജീവിതം ഇത് ഞാന്‍ ഫുട്ബാള്‍ പോലെ തട്ടിക്കളിക്കും വലിച്ചെറിയും" എന്നൊക്കെ പറയുന്നതുപോലെ നമുക്കും പറയുവാന്‍ സാധിക്കും .
വലിച്ചെറിയുവാനും,തട്ടിക്കളിക്കുവാനും പൊട്ടിച്ചു കളയുവാനും സാധിക്കും, അപ്പനമ്മമാര്‍ക്ക് പോലും ഒരു പരിധി കഴിഞ്ഞാല്‍ അതില്‍ നിങ്ങളെ സഹായിക്കുവാനോ ഉപദേശിക്കുവാനോ കഴിയില്ല, ചില ഇടങ്ങളിലെങ്കിലും അവരുടെ ഇടപെടലുകള്‍ കാര്യങ്ങള്‍ വഷളാക്കാന്‍ കാരണമായും തീരാറുണ്ട്,

പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് മനസ്സിലാക്കലുകള്‍ ഇല്ലാത്തിടത്താണ് നിസ്സാര പ്രശ്നങ്ങളെ അനാവശ്യ ചിന്തകളും ഇടപെടലുകളും കൂടുതല്‍ വഷളാക്കിക്കൊണ്ടിരിക്കും.. ഒരു പ്രശനം നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഉടലെടുത്താല്‍ അതിനെ കുറിച്ച് നൂലിഴ കീറി ചിന്തിചും മറ്റുള്ളവരുടെ അഭിപ്രായം തേടിയും പോകും മുന്‍പ് അല്പസമയം ഒരു സ്വയ ചിന്തനത്തിനു സ്രെമിക്കുക,അതിനു ശേഷം പരസ്പരം സംസാരിക്കുക നമ്മില്‍ നിന്നും വന്ന വാക്കുകളോ പ്രവര്തിയോ പങ്കാളിയെ വേദനിപ്പിച്ചു എങ്കില്‍ ഈഗോ വിട്ടു ക്ഷമ ചോദിക്കുവാന്‍ തയ്യാറാവുക, പങ്കാളിയിലാണ് തെറ്റെങ്കില്‍ അത് ആള്‍ക്ക് മനസ്സിലായിട്ടില്ല എങ്കില്‍ ചൂണ്ടി കാണിക്കുക ഇങ്ങനൊരു വാക്ക് അല്ലെങ്കില്‍ പ്രവര്‍ത്തി നിന്നില്‍ നിന്നും വന്നു അതെന്നെ വേദനിപ്പിച്ചു എന്നത് പങ്കാളിക്ക് മനസ്സിലാക്കി കൊടുക്കുക അല്പമെങ്കിലും പ്രണയം നിങ്ങള്‍ക്കിടയില്‍ അവശേഷിക്കുന്നു എങ്കില്‍ പ്രശ്നങ്ങള്‍ അവിടെ തീരും . ഈ മാര്‍ഗ്ഗം പരീക്ഷിക്കാതെ പലരും ഇന്നത്തെ യുവത്വത്തിന്റെയും വരുമാനത്തിന്റെയും ബന്ധുബലങ്ങളുടെയും അഹങ്കാരത്തില്‍ തങ്ങളുടെ സ്വന്തം ജീവിതത്തെ പന്തുപോലെ തട്ടുന്നതും ,കടലാസ്സുപോലെ കീറിക്കളയുന്നതും കണ്ണാടിപോലെ പൊട്ടിച്ചു കളയുന്നതുമൊക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ട് ട്ടൊ .................

# ഇത് ആരെയും ഉദ്ദേശിച്ചോ പ്രത്യേകാല്‍ ആര്‍ക്കും വേണ്ടിയോ എഴുതിയതല്ല... ചുമ്മാ ഒന്ന് ഉപദേശിയാകാന്‍ സ്രെമിച്ചതാണ് ആരും തെറി വിളിക്കല്ലേ

റേഡിയോ..

കാലങ്ങള്‍ കഴിഞ്ഞാലും ചില ഓര്‍മ്മകള്‍ , ചില കാര്യങ്ങള്‍ ഒക്കെ നമ്മെ പിന്തുടര്ന്നുകൊണ്ടിരിക്കും ചിലപ്പോള്‍ വേദനിപ്പിക്കും ചിലപ്പോള്‍ ചെറു ചിരി സമ്മാനിക്കും അങ്ങനെ ഒരു ഓര്‍മ്മയാണ് ഇത്

പാട്ട് എന്ന് കേട്ടാല്‍ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഒരു റേഡിയോ ആണ് "ടെലിറാടിന്റെ" ഒരു വാല്‍വ് റേഡിയോ....അച്ചയുടെ പ്രിയപ്പെട്ട റേഡിയോ , അമ്മ നിധിപോലെ അത് സൂക്ഷിച്ചു ഉപയോഗിച്ചിരുന്നു. ആ റേഡിയോ പോലെ തന്നെ അച്ചയുടെ വാച്ച് ,ഉടുപ്പുകള്‍ അങ്ങനെ കുറെ കൊച്ചു കൊച്ചു സ്വകാര്യ നിധികള്‍ അമ്മയുടെ ശേഖരത്തില്‍ ഉണ്ടായിരുന്നു ഒപ്പം നിറം പച്ചയോ നീലയോ എന്ന് വ്യക്തമായി അറിയാന്‍ പറ്റാത്ത വിധത്തിലുള്ള പുറച്ചട്ടയോടുകൂടിയ ഒരു ഡയറിയും. ഈ സാധനങ്ങളുടെയെല്ലാം പുറകില്‍ അമ്മക്ക് കുറെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു കല്യാണം കഴിഞ്ഞു അച്ചയുമായുള്ള എസ്റ്റേറ്റ് ജീവിതവും അവിടെ വച്ചു ഉറുമ്പ് അരിമണികള്‍ സൂക്ഷിക്കുന്നതുപോലെ ഓരോ ചില്ലിത്തുട്ടും സൂക്ഷിച്ചുവച്ചു വാങ്ങിയ ഓരോ സാധനങ്ങളും, അത് വാങ്ങുവാന്‍ പോയ ദിവസങ്ങളിലെ കാര്യങ്ങളും അങ്ങനെ ഒരുപാട് ഓര്‍മ്മകള്‍ ഇവയുടെയൊക്കെ പുറകില്‍ ഉണ്ടായിരുന്നു.

അമ്മയുടെ ദിവസം തുടങ്ങുന്നത് തന്നെ ആ റേഡിയോയില്‍ നിന്നും അതിരാവിലെ വന്നിരുന്ന സുവിശേഷ പ്രസംഗങ്ങള്‍ കേട്ടുകൊണ്ടായിരുന്നു, ആ റേഡിയോയിലൂടെയാണ് ഞാന്‍ പ്രാദേശിക വാര്‍ത്തകളും,കൌതുക വാര്‍ത്തകളും വായിക്കുന്ന രാമചന്ദ്രന്‍ സാറിനെയും,ചായക്ക് പാലില്ലാതെ വിഷമിച്ചിരുന്ന ലീലാമ്മയെയും മൈക്കിള്‍സ് ടീയേയും ,യേ ആകാശവാണി സംപ്രതിവാര്തായാ സുനന്താ പ്രവാചകാ ബലദേവാനന്ധസാഗരായേയുമൊക്കെ പരിചയപ്പെടുന്നത്..അന്നൊക്കെ ഈ റേഡിയോയുടെ ഉള്ളില്‍ കയറിയിരിക്കുന്ന ആളുകള്‍ എങ്ങിനെയാണ് ,എതുവഴിയാണ് ഇതിനകത്ത് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് എന്ന സംശയം ആയിരുന്നു മനസ്സില്‍, എന്‍റെ ഒട്ടു മിക്ക സംശയങ്ങളും അമ്മ പരിഹരിചിരുന്നെങ്കിലും ചില സംശയങ്ങള്‍ക്കുത്തരം ഇല്ലാത്തപ്പോള്‍ ഈര്‍ക്കിലി ചൂലിലെ ഈര്‍ക്കിലുകള്‍ കാട്ടി എന്‍റെ സംശയങ്ങളെ അമ്മ ഇല്ലാതാക്കിയിരുന്നു...

മുതിര്‍ന്നു വരുംതോറും സംശയങ്ങള്‍ തീര്‍ക്കുവാന്‍ അമ്മയുടെ പ്രിയപ്പെട്ട റേഡിയോയില്‍ ഞാന്‍ എന്‍റെ മെക്കാനിക്ക് പണികള്‍ ആരംഭിച്ചു, അങ്ങനെ ആ റേഡിയോയില്‍ നിന്നും അവസാനം കേട്ടത് " ബന്ധുവാര് ശത്രുവാര് " എന്ന ഗാനമാണ് അത് പാടിക്കൊണ്ടിരിക്കെ ഞാന്‍ അതിന്റെ പുറകുവശം തുറന്നു അകത്തെ വാല്‍വുകളുടെ എണ്ണം എടുക്കുന്നതിനിടയില്‍ കയ്യിലിരുന്ന സ്ക്രൂ ഡ്രൈവര്‍ എങ്ങോ കൊണ്ടു ഉച്ചത്തില്‍ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് (എന്നെ ചീത്തവിളിച്ചതാവാം) വാല്‍വുകള്‍ പതിയെകണ്ണുകളടച്ചു റേഡിയോ നിശബ്ദമായി പിന്നെ കുറച്ചുനാള്‍ പാറെക്കാട്ടില്‍ സണ്ണിചേട്ടന്‍റെ റിപ്പയറിങ്ങ് കടയില്‍ അത് വിശ്രമിച്ചു പിന്നീട് ചികിത്സിച്ചിട്ട്‌ കാര്യമില്ലാത്ത രോഗിയെ വീട്ടിലേക്കു കൊണ്ടുപോയ്ക്കൊള്ളാന്‍ ഡോക്ടര്‍മാര്‍ പറയും പോലെ സണ്ണിചേട്ടന്‍ ഞങ്ങളുടെ പ്രിയപ്പെട്ട റേടിയോയെയും കൈയ്യൊഴിഞ്ഞു...

തിരികെ കിട്ടിയ റേഡിയോയില്‍ പൂര്‍വ്വാദികം ഭംഗിയായി ഞാന്‍ എന്‍റെ പരീക്ഷണങ്ങള്‍ തുടര്‍ന്ന്കൊണ്ടിരുന്നു ആദ്യം അതിലെ വാല്‍വുകള്‍ ഓരോന്നായി ഞാന്‍ ഊരി, അവസാനം അതിലെ സ്പീക്കര്‍ ഊരി ഞാന്‍ വലിയൊരു മണ്‍‌കുടത്തിനുള്ളില്‍ വച്ച് കുഞ്ഞമ്മാച്ചന്‍ തന്ന പഴയ ഒരു നാഷണല്‍ പനാസോണിക്കിന്റെ സ്ടീരിയോയുമായി ഘടിപ്പിച്ച് നല്ല "ഗുമ്മില്‍" പാട്ട് കേള്‍ക്കാന്‍ തുടങ്ങി, ആ കുടത്തില്‍ നിന്നും ഉയര്‍ന്ന ഓരോ "ഗുമ്മും" തന്‍റെ നെഞ്ചത്താണ് തട്ടിയിരുന്നത് എന്ന് അമ്മയൊരിക്കല്‍ പറഞ്ഞപ്പോളാണ് ഞാന്‍ ചെയ്തതു എത്ര വലിയ പാതകം ആണ് എന്ന് എനിക്ക് മനസ്സിലായത്‌.....

നിവിയാ ക്രീം

രാവിലെ ഒരുക്കമെല്ലാം കഴിഞ്ഞു ഓഫീസിലേക്ക് പുറപ്പെടാന്‍ തുടങ്ങുമ്പോളാണ് കയ്യിലെ ചര്‍മ്മം മൊരുമൊരാന്നു വരണ്ടിരിക്കുന്നപോലെ തോന്നിയത്,അതുകണ്ടപ്പോള്‍ ഒരു വൈക്ലബ്യം ഓഫീസില്‍ ചെന്ന് കഴിഞ്ഞാല്‍ രാവിലെ ഗേറ്റ് കടക്കുമ്പോള്‍ മുതല്‍ കുറെ ഏറെ ഷേക്ക്‌ഹാന്‍ഡ് നടത്തി വേണം സീറ്റില്‍ എത്താന്‍ ഈ വരണ്ട കൈ എന്നെ നാണം കെടുത്തും അപ്പളെ വിളിച്ചു

''മോളേ അച്ചക്ക് നിങ്ങടെ ഏതേലും ക്രീം കൊണ്ടേ തന്നേ''

മകള്‍ അകത്തു നിന്നും പതിയെ ക്രീം 21 എന്നോ മറ്റൊ പേരുള്ള ഒരെണ്ണം കൊണ്ടുവന്നു അതില്‍ നിന്നും അല്പമെടുത്ത് കൈകളില്‍ പുരട്ടിയപ്പോള്‍ കൈകള്‍ നല്ല സുന്ദരന്‍ കൈകളായി
"മൊരുമൊരുപ്പോക്കെ മാറി നല്ല മമ്മൂട്ടി കൈകള്‍" എനിക്ക് തന്നെ എന്‍റെ കൈകളോട് മതിപ്പ് തോന്നി.

ഓഫീസിലേക്ക് പുറപ്പെട്ട കൂട്ടത്തില്‍ എന്റെ മനസ്സിലേക്ക് പഴയൊരു ക്രീം കഥ കയറി വന്നു. കഥയിലെ നായകന്‍ കോട്ടയംകാരന്‍ , മൂന്നോ നാലോ പെങ്ങന്മാരുടെ ഒരു പുന്നാര ആങ്ങള സോജന്‍, പഠിച്ചത് എക്സ്റേ ടെക്നിഷ്യന്‍ കോഴ്സ്, ജോലിയായി വന്നത് ഡല്‍ഹിയില്‍. പെങ്ങന്മാര്‍ എല്ലാവരുമൊക്കെ തന്നെ ജെര്‍മ്മനി ,ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ വരവിലും കുഞ്ഞനിയന് വേണ്ടി ധാരാളം വിദേശ സാദനങ്ങള്‍ എത്തിക്കും അതില്‍ ഏറ്റവും പ്രധാനമായത് നിവിയ ക്രീമാണ് അത് ഒരു ചെറിയ ബാഗ് നിറയെ കാണും .

ഡല്‍ഹിയില്‍ തണുപായാലും ചൂടായാലും നല്ല തണുത്ത വെള്ളത്തില്‍ തന്നെയാണ് ഞങ്ങളെല്ലാം കുളിച്ചിരുന്നത് അസ്സഹനീയ തണുപ്പാകുമ്പോള്‍ എങ്ങാനും വെള്ളം ചൂടാക്കിയാലായി, ബാച്ച്ലര്‍ ജീവിതത്തില്‍ വെള്ളം ചൂടാക്കി കളയാന്‍ നമുക്കുണ്ടോ സമയം, സോജന്‍ പക്ഷെ കുളിക്കാന്‍ പോലും സമയം കളയാറില്ലായിരുന്നു അവിടെയാണ് നിവിയ ക്രീമിന്റെ ഗുണം,

രാവിലെ ജോലിക്ക് പോകാനിറങ്ങും മുന്‍പ് തോര്തുമുടുത്തു നിന്നുകൊണ്ട് ഒരു ചെറിയ പാത്രം നിവിയാ ക്രീം വാരി ദേഹം മുഴുവന്‍ പൂശും അതിനു ശേഷം തലയിലും ഏതോ ഹെയര്‍ ക്രീമും പുരട്ടി ഒരുങ്ങി ഒരു അഴകിയ രാവണന്‍ പുഞ്ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്തു അവനിറങ്ങും ഇവനെ കുളിക്കുവാന്‍ സഹമുറിയന്മാര്‍ നിര്‍ബന്ധിക്കുമ്പോള്‍ അവന്‍റെ സ്ഥിരം ഡയലോഗാണ്
"കുളിക്കാന്‍ മടിയുണ്ടായിട്ടല്ല പക്ഷെ ആദ്യ കപ്പു വെള്ളം ദേഹത്തോട്ടു വീഴുംബോളുണ്ടാകുന്ന ആ ഒരു തണുപ്പ് ഓര്‍ത്താല്‍ എങ്ങനെ കുളിക്കും "

അതിനു പരിഹാരം നിര്‍ദേശിച്ചത് ഞങ്ങളുടെ സുഹൃത്ത്‌ സുനില്‍ ആയിരുന്നു

"സോജാ നീ കുളിക്കാന്‍ കേറുമ്പോള്‍ ആദ്യ കപ്പു വെള്ളം ടോയിലെറ്റില്‍ ഒഴിച്ച് കളഞ്ഞേക്കണം ,രണ്ടാമത്തെ കപ്പു വെള്ളംതോട്ടു കുളിക്കാന്‍ തുടങ്ങിയാല്‍ മതി"
രാവിലെ ഒരു ക്രീം അങ്ങനെ പഴയ ചില ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടുവന്നു , സോജനിപ്പോള്‍ കുടുംബമായി ഇന്‍ഗ്ലണ്ടിലോ മറ്റൊ ആണ് ,അവിടുത്തെ തണുപ്പ് കാലത്തും അവനു നിവിയാ ക്രീമിന് മുട്ടു വരാതിരിക്കട്ടെ എന്ന പ്രാര്‍ഥനമാത്രമേ ഈ പഴയ സുഹൃത്തിനുള്ളൂ ..................

Monday, June 9, 2014

വിശ്വാസങ്ങള്‍ മതങ്ങള്‍

നാലാം ക്ലാസിലെ വല്യവധി സമയത്താണ് അമ്മയുടെ അപ്പാപ്പന്റെ ഭാര്യ അതായത് ഞങ്ങടെ കുഞ്ഞപ്പച്ചന്റെ അമ്മച്ചി മരിക്കുന്നത്, നെര്യന്ത്രയിലെ ചാക്കോചെട്ടനാണ് മരണ വിവരം വീട്ടില്‍ വന്നു അറിയിക്കുന്നത് കേട്ടയുടനെ അമ്മ വെട്ടിയിട്ട വാഴപ്പിണ്ടി പോലെ താഴെ വീണു,അന്ന് ഞങ്ങള്‍ വല്യമ്മാച്ചന്റെ വീട്ടിലാരുന്നു കുഞ്ഞമ്മാച്ചന്റെ കല്യാണം കഴിഞ്ഞ് അധിക ദിവസങ്ങള്‍ ആയിരുന്നില്ല ,പെട്ടെന്ന്‍ കുഞ്ഞമ്മായി അമ്മയെ താങ്ങി മുഖത്തു വെള്ളമോഴിച്ചുണര്‍ത്തി ,പിന്നെ എല്ലാം പെട്ടെന്നായിരുന്നു പൂവാണിലെ കാറ് വന്നു ,അമ്മയും അപ്പച്ചനും പിന്നെയും ആരൊക്കെയോ ആ കാറില്‍ കയറി കുഞ്ഞപ്പച്ചന്റെ വീട്ടിലേക്കു പോയി ,ഞങ്ങള്‍ കുട്ടികളെയും കൂട്ടി കുഞ്ഞമ്മാച്ചനും അമ്മായിയും പുറകെ ആണ് പോയത് ,അന്ന് അവിടെ അമ്മച്ചിയുടെ അടക്കം കഴിഞ്ഞ അന്ന് രാത്രിയോടെയാണ് കുഞ്ഞപ്പച്ചന്റെ മൂത്ത മകന്‍ തന്കചായനും ഭാര്യയും വീട്ടില്‍ എത്തുന്നത് അവരുടെ കല്യാണം ഡല്‍ഹിയില്‍ വച്ചായിരുന്നു ആന്റി ആദ്യമായി വീട്ടിലേക്കു വരിക ആയിരുന്നു ,മലയാളം ചില വാക്കുകള്‍ മാത്രമറിയാവുന്ന ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ആന്റിയെ ഒരു അത്ബുധത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത് പലപ്പോഴും ആന്‍റി അടുത്ത് വിളിച്ചു ഓരോന്ന് ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ചിരിക്കിടയാക്കി അല്ലെങ്കില്‍ ഒന്നും മനസ്സിലാവാതെ ഒരു വിഢിചിരിയുമായി ഞാന്‍ നിന്നു,

പതിയെ പതിയെ ആന്‍റി ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടവളായി മാറി, അവധി കഴിഞ്ഞു തിരിച്ചു പോയതിനു ശേഷവും അമ്മയുടെ പേരില്‍ അരികുകളില്‍ മഞ്ഞയും കാപ്പിപ്പൊടികളറും ചേര്‍ന്ന ബോര്ടെരോടുകൂടിയ ഡല്‍ഹി താജ് മഹല്‍ ഹോട്ടെലിന്റെ ലെറ്റര്‍പാടുകളില്‍ വന്നിരുന്ന ഇങ്ങ്ലീഷ്‌ കത്തുകള്‍ ഞങ്ങളെ ആന്റിയോട്‌ കൂടുതല്‍ അടുപ്പിച്ചു ആ അടുപ്പമാണ് വര്‍ഷങ്ങള്‍ക്കു ശേഷം പഠനത്തിനായി ഡല്‍ഹിയിലേക്കു വണ്ടി കയറാന്‍ എനിക്ക് കാരണമായത്‌, ഇവിടെത്തിയ കാലം മുതല്‍ അമ്മാച്ചനോടും ആന്റിയോടും ഒപ്പമുണ്ടായിരുന്ന ആന്റിയുടെ ഡാഡിയും മമ്മിയും അടുത്തൊക്കെ തന്നെയായി താമസിച്ചിരുന്ന സഹോദരങ്ങളുമൊക്കെ എനിക്കും ഞാന്‍ അവര്ക്കും പ്രിയപ്പെട്ടവരായി ,എല്ലാവരെയും സ്നേഹത്തോടെ ഒരുമിപ്പിച്ചു നിര്‍ത്തുവാന്‍ ആന്റിയുടെ കഴിവ് അപാരം തന്നെ ആയിരുന്നു വന്ന കാലം മുതല്‍ ഒരു അമ്മയുടെ സ്നേഹത്തോടെ എന്നെ സ്നേഹിക്കുകയും ശാസിക്കുകയും ഒക്കെ ചെയ്തുവന്ന ആന്റി എനിക്ക് അമ്മയെ പോലെ തന്നെ പ്രിയപ്പെട്ടവള്‍ ആയിരുന്നു, എന്‍റെ ജീവിതത്തിലെ ഓരോ വിശേഷപ്പെട്ട ദിനങ്ങളിലും എന്നെ തേടിയെത്തിയിരുന്ന ആദ്യ ഫോണ്കോള്‍ എന്നും ആന്റിയുടെതായിരുന്നു,എന്‍റെ മക്കള്‍ക്കും മോളിമമ്മി എന്നു പറഞ്ഞാല്‍ ജീവനായിരുന്നു. വീട്ടിലെത്തിയാല്‍ കുട്ടികളോടൊപ്പം അവരുടെ പ്രായത്തിലേക്ക് ഇറങ്ങി ചെല്ലുമായിരുന്നു ആന്റി ഇന്ന് ഒരു ഓര്‍മ്മയായി മാറിയിരിക്കുന്നു,

കഴിഞ്ഞ ഒരാഴ്ചക്കാലമായി ഹോസ്പിറ്റലിനു വെളിയില്‍ കാത്തിരിക്കുമ്പോള്‍ പലപ്പോഴും, ഒരേ മതത്തിലെ ഒരേ വിശുദ്ധ ഗ്രന്ഥം തന്നെ ഫോളോ ചെയ്യുന്ന മനുഷ്യര്‍ പലപ്പോഴും അതിലെ ഓരോ വാക്കുകളെയും പലതായി വ്യാഖ്യാനിച്ചു എത്ര കോമാളികള്‍ ആവുന്നു എന്ന ചിന്ത ആയിരുന്നു ,മരുന്നുപയോഗിക്കാതിരിക്കുവാനും ഉപയോഗിക്കുവാനും മനുഷ്യന്‍ വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകള്‍ വെച്ച് തര്‍ക്കിക്കുന്നു ആന്റിയും അമ്മാച്ചനും അവരുടെ വിശ്വാസവും മരുന്നുപയോഗിക്കേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചപ്പോള്‍ ആന്‍റി ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് പതിയെ പതിയെ നീങ്ങുന്നത്‌ വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു, അവസാനം ആന്റി അനുഭവിക്കുന്ന വേദനകള്‍ കണ്ടു നില്‍ക്കാന്‍ സഹിക്കവയ്യാതെ അവരുടെ എതിര്‍പ്പിനെ മറികടന്നു ആന്റിയുടെ സഹോദരനും ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍ബന്ധമായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞങ്ങള്‍ക്ക് കൂടുതലായി ഒന്നും പ്രതീക്ഷിക്കുവാനില്ലായിരുന്നു എങ്കിലും അവസാന നിമിഷങ്ങളില്‍ എങ്കിലും വേദന അറിയാത്തൊരു മരണം അവര്‍ക്ക് ലഭിക്കട്ടെ എന്ന ചിന്ത ആയിരുന്നു ഞങ്ങളെ അതിനു പ്രേരിപ്പിച്ചത്, അതുപോലെ തന്നെ ഒന്നുമറിയാതെ ആന്‍റി കടന്നു പോയി, ഞങ്ങളുടെ മനസ്സില്‍ സ്നേഹത്തിന്‍റെ രൂപം അവശേഷിപ്പിച്ചു കടന്നു പോകുമ്പോളും ഞങ്ങള്‍ക്ക് ആ മരണം തന്ന നഷ്ടം വളരെ വലുതാണ്‌ ഒരാന്റിയെ അല്ല ഒരമ്മയെ ആണ് എനിക്കും കുടുംബത്തിനും നഷ്ടമായത്... മനുഷ്യനെ വെറും കൊമാളിയാക്കുന്ന ഇതുപോലുള്ള മത വിശ്വാസങ്ങളെയും മതങ്ങളെയും ഇന്ന് ഞാന്‍ അത്യധികം വെറുക്കുന്നു, കാലങ്ങളായി മനുഷ്യനെ വിഡ്ഢികള്‍ ആക്കികൊണ്ടിരിക്കുന്ന, വരിഞ്ഞു കെട്ടിക്കൊണ്ടിരിക്കുന്ന ഈ ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ മനസ്സ് വെമ്പുന്നു, മതങ്ങളില്ലാത്ത,മനുഷ്യത്വമുള്ള പച്ച മനുഷ്യരായി ജീവിക്കാന്‍ സാദിക്കുന്ന ഒരു തലമുറ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു .....

Saturday, May 24, 2014

സഹയാത്രികര്‍............

യാത്രയില്‍ ഇടയ്ക്കു വച്ച് പരിചയപ്പെട്ട്, തുടര്‍ന്നൊരുമിച്ച് ഒരേ ലക്ഷ്യത്തിലേക്ക് യാത്രയാവാമെന്നു തീരുമാനിച്ചവര്‍ ഇടയിലെപ്പോഴോ അറിയാതെ വഴി പിരിഞ്ഞു പോകുമ്പോള്‍ ഒരു നൊമ്പരമുണ്ട് ,തുടര്‍ന്നുള്ള യാത്രയില്‍ കുറെ ദൂരം പിരിഞ്ഞവരെ കുറിച്ചുള്ള ഓര്‍മ്മ നമ്മെ വല്ലാതെ പിന്തുടര്‍ന്നേക്കാം ,പിന്നീട് എപ്പോഴോ പുതു വഴിയാത്രക്കാരെ കണ്ടുമുട്ടുകയും പഴയ സഹായാത്രക്കാരനെ മറവിയുടെ ആഴങ്ങളിലെക്കല്ലെങ്കിലും ഹൃദയത്തിലെ ഏതോ അറയില്‍ ഒളിപ്പിച്ചു വച്ച്, പുതിയ സുഹൃത്തുമായി യാത്ര തുടരുകയും ചെയ്യും പക്ഷെ ഇടക്കെപ്പോഴെങ്കിലും ആ അറ തുറന്നു പഴയ ഓര്‍മ്മകള്‍ ഒരു മുള്ളായി ഹൃദയത്തിലെങ്ങോ തുളഞ്ഞു കയറുന്നത് അനുഭവപ്പെടും.....അങ്ങനെ യാത്ര തുടരുന്ന അവസരത്തില്‍ വീണ്ടുമൊരു തിരുവില്‍ പഴയ സഹചാരിയെ കണ്ടുമുട്ടിയാല്‍ ?? ആ പഴയ ചങ്ങായിക്കും നമ്മെപ്പോലെ തന്നെ പുതിയ സഹചാരിയെ കിട്ടിയിട്ടുണ്ട് എങ്കില്‍ ആ കൂടിക്കാഴ്ചക്ക് വലിയ തീവ്രതകള്‍ ഉണ്ടാവില്ല....... ഇടയ്ക്കിടെ അറയില്‍ നിന്നും തുറന്നു വന്നു കുത്തി നോവിച്ചിരുന്ന മുള്ളുകള്‍ക്ക് പിന്നീട് കുത്തി വേദനിപ്പിക്കാന്‍ സാധിക്കുകയുമില്ല മാത്രമല്ല അവ തലോടലുകള്‍ പോലെ സുന്ദരമാവുകയും ചെയ്യും...........

ശുദ്ധന്‍

പരനാറി പ്രയോഗത്തെ അത് പറഞ്ഞയാളുടെ ശുദ്ധതയും നന്മയും കൊണ്ടാണ് പ്രയോഗിച്ചത് എന്ന് പാര്‍ട്ടി പത്രം വാഴ്തുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു.

ഇതുപോലെ പണ്ടൊരു ശുദ്ധനെ എനിക്ക് പരിചയമുണ്ടായിരുന്നു അദ്ദേഹവും വായെടുത്താല്‍ "താ യും ,മായും ,പൂ യും അങ്ങനെ മലയാള നിഘണ്ടുവില്‍ കടന്നു കയറാത്ത പലവാക്കുകളും പുട്ടിനിടയില്‍ തെങ്ങാപീരപോലെ തിരുകി കയറ്റിയെ സംസാരിക്കുമായിരുന്നുള്ളൂ ആള്‍ക്ക് പത്തറുപത്തഞ്ചു വയസായി സ്ഥലവും കാലവുമോന്നും നോക്കാതെ ഈ സ്വഭാവം തുടര്‍ന്നുകൊണ്ടേയിരുന്നു , 

ആയിടക്കു പള്ളിയില്‍ പുതിയ വികാരി ചാര്‍ജെടുത്തു, ഇദ്ധേഹത്തിന്റെ ഈ സംസാര രീതി കണ്ടു വികാരി അദ്ദേഹത്തെ ഒരുപാടുപദേശിച്ചു ,അച്ചായ പ്രായമൊക്കെ ആകുവല്ലേ ഇനിയെങ്കിലും ഈ രീതിയിലുള്ള സംസാരങ്ങളൊക്കെ ഒഴിവാക്കി നല്ല വര്‍ത്തമാനം പറയുവാന്‍ സ്രെമിക്ക് അല്പം അത്മീയതിയില്‍ ഇനിയുള്ള കാലമെങ്കിലും ജീവിക്ക് ,ഒരാഴ്ച ഒന്ന് സ്വയം തിരുത്താന്‍ സ്രെമിച്ചിട്ടു അടുത്ത ഞായറാഴ്ച വന്നു കുമ്പസാരിച്ചു ഖുര്ബ്ബാന കൈക്കൊള്ളു ... 

അച്ചായന്‍ കാര്യങ്ങളൊക്കെ സമ്മതിച്ചു പോയി ,അടുത്ത ഞായറാഴ്ച പള്ളിയിലെത്തി , കുമ്പസാരിക്കാന്‍ അച്ചന്റെ മുന്നില്‍ മുട്ട് കുത്തി ഇരുന്നു ..അച്ചന്‍ സ്ഥിരം പല്ലവി പോലെ " കഴിഞ്ഞ കുംബസാരത്തിനു ശേഷം ദൈവമുന്പാകെചെയ്ത തെറ്റുകള്‍ പാപങ്ങളില്‍ നിന്നുമുള്ള മോചനത്തിനായി ഏറ്റുപറഞ്ഞു ദൈവത്തോട് നിരപ്പാവാനുള്ള സമയമാണ് , അച്ചായന്‍ ചെയ്ത തെറ്റുകള്‍ ഏറ്റു പറഞ്ഞാലും .............

അതിപ്പോ അച്ചോ അങ്ങനെ പറഞ്ഞാല്‍ ഞാനൊരു " മ--രും " ചെയ്തിട്ടില്ല പിന്നെ അച്ഛന്‍ പറഞ്ഞതുകൊണ്ട് വന്നു എന്ന് മാത്രം .....

ആ അച്ചന്‍ ആ അച്ചായനെ പിന്നെ ഉപടെഷിക്കാനെ പോയില്ല ,ചോദിക്കുന്നവരോട് അച്ചന്‍ പറയും ഓ ആ അചായനൊരു ശുദ്ധഗതിക്കാരനാ ......

ഓർമ്മതൻ വാസന്ത നന്ദന തോപ്പിൽ

ഓഫീസിൽ നിന്നിറങ്ങിയപ്പോൾ മഴ ഒരുമാതിരി നല്ല വിധം ചാറുന്നുണ്ടായിരുന്നു,വകവെക്കാതെ നമ്മുടെ ഇരുചക്രവാഹനമായ എൻഫീൽഡിൽ യാത്രയായി മഴ നനഞ്ഞു നീങ്ങവെ ഓർമ്മകൾ ഘൊഷയാത്ര പൊലെ കടന്നു വന്നു പതിയ പഴയ കാലത്തേക്കു, പഴയ കാലമെന്നു പറഞ്ഞാൽ ആ ചുവന്ന ബി എസ്‌ എ എസ്‌ എൽ ആർ സൈകിൾ കാലത്തേക്കു മനസ്സു പാഞ്ഞു, ആ ഓർമ്മയിൽ 
"ഓർമ്മതൻ വാസന്ത നന്ദന തോപ്പിൽ ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം" 
 പാട്ടും പാടി രസിച്ചു ബൈകിൽ കൈവിട്ടു, കൈകൾ വായുവിൽ വിരിച്ചു പിടിച്ചു വരവേ നേരേ ഡൽഹി പോലീസിന്റെ വായിലേക്ക്, "പോയല്ലോ രൂപാ ഇരുന്നൂറു" ദൈവമേ എന്നു കരുതി വണ്ടി സൈടൊതുക്കി ഹെൽമെറ്റ്‌ ഊരി ചെന്നപ്പോൾ പോലീസുകാരനൊരു ആക്കിയ് ചിരി മേനേ സോചാ കോയി ലൌണ്ടാ ഹോഗാ ആപ് ഭായിസാബ് ഐസേ ?കോൻസാ ഫിലിംകി യാദ്‌ മേ ദാ? ഞാൻ അല്പംചമ്മലോടെ മൊഴിഞ്ഞു മലയാളം ഫിലിം ദാ!! പോലീസുകാരൻ അൽപം കലാബോദമുള്ള മനുഷ്യനായിരുന്നു ,ഒരു ആക്കിയ ചിരിയോടെടെ അയാളെന്നോടു പറഞ്ഞു ::::ഹോതാ ഹേ ഭായി സാബ് ഹോതാ ഹേ ഇസ് മൗസം മേ ഹോതാ ഹേ മഗർ ഹാത്ത് ചോട്കെ നഹി ,നഹിതോ ബാബിജി കോ മുഷ്കിൽ ഹോ ജായേഗാ ,ചലോ !! ഞാനൊരു നിമിഷം അവനെ തന്നെ നോക്കി നിന്ന് ഇവൻ പോലീസുകാരൻ തന്നോ? എന്റെ നോട്ടം കണ്ടയാൾ പറഞ്ഞു ചലോ ബായിസാബ് കോയി ബാത് നഹി !! അവനൊരു നന്ദിയും പറഞ്ഞു ഞാൻ പതിയെ ഓർമ്മകളിൽ നിന്നും വര്തമാനകാലത്തിലേക്ക് വണ്ടിയോടിച്ചു നീങ്ങി!!!!!""