Thursday, December 4, 2014

അച്ചായന്‍റെ സ്വപ്‌നങ്ങള്‍



കാലത്തെഴുന്നേറ്റാലുടന്‍  വരാന്തയില്‍ ഇട്ടിരിക്കുന്ന ചാരുകസേലയില്‍ കിടന്ന് അന്നത്തെ പത്രം മുഴുവന്‍ അരിച്ചു പെറുക്കി വായിക്കുകയാണെന്‍റെ ആദ്യ പണി, കസാലയില്‍ വന്നിരിക്കുന്ന ഉടന്‍ ഒരു ഗ്ലാസ് കട്ടന്‍ മധുരം കൂട്ടി ആനി കൊണ്ടെത്തരും,അതിനു ശേഷവും പത്രവായനക്കിടയില്‍ രണ്ടു മൂന്നാവര്‍ത്തി  ഞാന്‍  അകത്തേക്ക് നോക്കി ആനിയേന്നൊരു വിളി വിളിക്കും.  ആ വിളി കേള്‍ക്കുമ്പോള്‍.......
"അച്ചായന് കാപ്പികുടി ഇത്തിരി കൂടുതലാ,അതുപോലെ  ഇച്ചിരെ നേരം തെറ്റിയാലെന്നാ കുഴപ്പമാ വരാന്‍ പോകുന്നെ വിളിച്ചങ്ങ്‌ കൂവുവല്ലേ ആനിയേ..കൂനിയേ ” 

കയ്യില്‍ നല്ല കട്ടന്‍ കാപ്പിയുടെ ഗ്ലാസ്സുമായി കപട ദേഷ്യം കാട്ടി  ആനി കടന്നു വരും , കാപ്പി കപ്പു കൈമാറുമ്പോള്‍ ആ കയ്യില്‍ പിടിച്ചു ഇവിടെ ഇരിയെടി എന്നും പറഞ്ഞു മടിയില്‍ പിടിച്ചിരുത്താന്‍ നോക്കും ഞാന്‍, 

"ഓ വയസാന്‍ കാലത്ത് നിങ്ങക്കെന്തിന്‍റെ കേടാ മനുഷ്യാന്നും" പറഞ്ഞു നാണത്തോടെ അവള്‍ അകത്തേക്കോടും 

ഓടുന്ന  അവളുടെ പുറകും നോക്കി വൈക്ലബ്യത്തോടിരിക്കുന്ന എന്നെ വാതിലിന്നരികെ ചെന്ന് നാക്ക് നീട്ടി കൊഞ്ഞനം കുത്തി കാട്ടിക്കൊണ്ട് അവള്‍ അകത്തേക്ക് പോകുമ്പോള്‍, ചെറു ചിരിയോടെ കാപ്പി മോന്തി  ഞാന്‍ മുറ്റത്തേക്കു നോക്കിയിരിക്കും . അങ്ങനെയിരിക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ നയന മനോഹരങ്ങളാണ്  

മുറ്റം നിറയെ പ്ലാസ്റ്റിക് പായില്‍ ഉണങ്ങാനിട്ടിരിക്കുന്ന കൊപ്ര ,അല്പം കുരുമുളക് ,തെക്കുവശത്തെ അഴയില്‍ ഞാന്നു കിടന്നുണങ്ങുന്ന അന്നത്തെ നാലോ അഞ്ചോ റബ്ബര്‍ഷീറ്റുകള്‍, വടക്ക് വശത്തെ കൊച്ചുപുരയില്‍ പുകയടിപ്പിക്കാനിട്ടിരിക്കുന്ന  ഷീറ്റുകള്‍, മുറ്റം കഴിഞ്ഞു രണ്ടു നടയിറങ്ങി പറമ്പിലേക്ക് ചെല്ലുമ്പോള്‍ അച്ചായോ വാ എന്ന് തലയാട്ടി വിളിക്കുന്ന റബ്ബര്‍ മരങ്ങള്‍, “ഞങ്ങളുമിവിടുണ്ടേ എന്നോര്‍മ്മിപ്പിക്കാന്‍ വേണ്ടി  ഓലകള്‍ ഇളക്കി ശബ്ദമുണ്ടാക്കുന്ന കായ്ഫലമുള്ള തൈ തെങ്ങുകള്‍ , ആനി അടുക്കള വരാന്തയിലേക്കിറങ്ങി "ബാ ബാ ബ  ബ്ബ ബബ്ബ" എന്ന് വിളിക്കുമ്പോള്‍ ഓടിയടുക്കുന്ന പത്തോ പതിനഞ്ചോ കോഴിപ്പിടകള്‍, അവരുടെ ഭര്‍ത്താക്കന്മാരായി വിലസുന്ന നാലോ അഞ്ചോ പൂവന്മാര്‍, ഷെഡില്‍ കിടക്കുന്ന ഒരു ചെറിയ എസ് യു വി  (ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ കസിന്‍സിന്‍റെ കൂടെയോ സുഹൃത്തുക്കളുടെ കൂടെയോ എനിക്കും ആനിക്കും ഏതേലും കുന്നും മലയും കയറി ഒന്ന് രണ്ടു ദിവസം അടിച്ചു പൊളിക്കാന്‍ പോകാന്‍  എസ് യു വി തന്നെയാ നല്ലത് )
അങ്ങനെ ഓരോന്നോര്‍ത്തു കിടക്കെ ആനി അകത്തു നിന്നും വിളിച്ചു പറഞ്ഞു 

“അച്ചായാ നാളെ ഞായറാഴ്ചയാ രാവിലെ നേരത്തെ പള്ളിയില്‍ പോണം തുണി തേക്കാനുള്ളതൊക്കെ ഇന്നേ ചെയ്തു വെക്കണം അല്ലേല്‍ കാലത്തെ കിടന്നു മുണ്ടില്ല ,ജുബ്ബ തേച്ചില്ല എന്നൊന്നും പറഞ്ഞു സമയം കളയല്ല് നേരത്തേ പറഞ്ഞേക്കാം”  

ഞായറാഴ്ച ദിവസം രാവിലെ ഞാന്‍ വെള്ള ജുബ്ബയും മുണ്ടുമുടുത്തും, ആനി വെള്ള കോട്ടന്‍ സാരിയുടുത്തും ഭക്തി നിര്‍ഭരരായിട്ടാണ് പള്ളിയിലേക്ക് പോകുന്നത് , പോകുന്ന വഴിയില്‍ 

"അച്ചായാ പള്ളിയില്‍ ചെന്നാല്‍ അകത്തു കേറി നിന്നോണം ,പള്ളി മുറീലല്ല കുര്‍ബ്ബാന നടക്കുന്നത്" 

എന്ന പതിവുപദേശം ആനി മുടക്കില്ല, പ്രയോജനമില്ല എന്നറിഞ്ഞിട്ടും അത് പറയാതിരിക്കാന്‍ അവള്‍ക്ക് കഴിയില്ല,
പള്ളിയില്‍ നിന്നും തിരികെ വരും വഴി കവലയിലെ കോള്‍ഡ് സ്റ്റോറെജില്‍ മരിച്ചു മരവിച്ചിരിക്കുന്ന പോത്തിറച്ചി ഒരു കിലോ വാങ്ങും, എനിക്ക് കൊളെസ്ട്രോള്‍ ആണേലും ആനി വഴക്കുണ്ടാക്കുമെങ്കിലും "ഞായറാഴ്ച എനിക്ക് പോത്ത് രണ്ടു കഷ്ണം കൂട്ടണം അല്ലേല്‍ ഒരിതില്ലന്നേ" എന്ന് ഞാന്‍ പറയും കാരണം മറ്റൊന്നുമല്ല ഞാനങ്ങനെ നിര്‍ബന്ധം പിടിച്ചു വാങ്ങിയില്ലേല്‍ ആനി ഇതൊന്നും കൂട്ടത്തില്ലെന്നേ!!!

ഞായറാഴ്ച പള്ളിയില്‍ നിന്നും വന്നു ഊണൊക്കെ കഴിഞ്ഞാലൊരു മയക്കം പതിവാ കഴിഞ്ഞ ഞായറാഴ്ച  ഉച്ച മയക്കം കഴിഞ്ഞെഴുന്നേറ്റൊരു കട്ടനും കുടിച്ചിരിക്കുമ്പോള്‍ ഗേറ്റിനു വെളിയില്‍ വികാരിയച്ചന്‍റെ തലവെട്ടം കണ്ടു അപ്പോളെ ഞാന്‍ ആനിയോടു  പറഞ്ഞു  

"ആനിയേ ഈ മാസത്തെ ഷീറ്റിന്‍റെ കാശ് പോയെടിയേന്നു"
അല്പം ഉറക്കെ അങ്ങനെ പറഞ്ഞ എന്നെ നോക്കി 70mm ചിരിയുമായി കടന്നു വന്ന അച്ചനും കപ്യാരും കമ്മറ്റിക്കാരും , വര്‍ത്തമാനത്തില്‍ എന്നെ ജാക്കി വെക്കാതെ തന്നെ ഒരുപാട്  പൊക്കാന്‍ നോക്കീട്ടും എനിക്കനക്കമില്ലെന്നു കണ്ടു ആനിയുടെ മുഖത്തേക്ക് ദയനീയമായി നോക്കിക്കൊണ്ടച്ചന്‍

"നിങ്ങളൊക്കെ സഹായിച്ചില്ലേല്‍ നമ്മുടെ പാരീഷു ഹാള്‍ പണി എങ്ങനെ നടക്കും"?, "വരാന്‍ പോകുന്ന കൊച്ചുമകന്‍റെ മാമ്മോദീസാ ചടങ്ങ് പുതിയ പാരീഷ് ഹാളില്‍ വെച്ചു നടത്തണമെന്നു ആനി ചേച്ചിക്ക് ആഗ്രഹമില്ലേന്നൊരു ചോദ്യം  ?"

 അച്ചന്‍ ആനിയുടെ വീക്ക്‌ പോയിന്‍റൊയ മക്കള്‍-കൊച്ചുമക്കള്‍ ഭാഗത്ത് തന്നെ ആക്രമണം നടത്തിയത്  കണ്ടപ്പോളേ ഞാന്‍ എഴുനേറ്റു പോയി ചെക്കുബുക്കെടുത്തു ഒപ്പിട്ടു തുകയെഴുതി അച്ചന്‍റെ കയ്യില്‍ കൊടുത്തു, അല്ലേല്‍  ആനിയുടെ ചെക്കുബുക്കില്‍ ഒപ്പ് വീണാല്‍ തുക ഇരട്ടിയായി പോകുമെന്ന് എനിക്കറിയാമല്ലോ... 

അച്ചനും കൂട്ടരും ഇറങ്ങിയപ്പോളാണ്  മൂത്ത മകളും മരുമോനും കൊച്ചുമക്കളും കൂടിയുള്ള വരവ് പിന്നെയൊരു തകര്പ്പാരുന്നു, ആനിക്ക് പിന്നെ എന്നാ ഉണ്ടാക്കിയാലും പോര പോരാന്നൊരു തോന്നലാ.
"അച്ചായോ കവലേ പോയിത്തിരി അത് വാങ്ങി വാ ഇത് വാങ്ങി വാ എന്നൊക്കെ പറഞ്ഞവള്‍ എന്നെക്കൊണ്ടെന്തേലുമൊക്കെ വാങ്ങിപ്പിക്കും , പഴയ റോയല്‍ എന്ഫീല്‍ടില്‍ കൊച്ചുമകനേം മുന്നില്‍ വെച്ചു ഞാന്‍ കവലയില്‍ പോകുന്ന കൂടെ പട്ടാളം തോമയുടെ വീട്ടില്‍ കയറി മുന്തിയ ഒരെണ്ണം വാങ്ങി എന്ഫീല്ടിന്റെ ബോക്സില്‍ ഒളിപ്പിച്ചു , ആനി അറിഞ്ഞാല്‍ കുഴപ്പമാ വീട്ടില്‍ ഈ സാധനം കേറ്റാനവള്‍ സമ്മതിക്കുവേല പിന്നെ "മരുമോന്‍ വരുമ്പോള്‍ അവന്‍റെ കൂടോരെണ്ണം അടിച്ചില്ലേല്‍ എന്തോന്നമ്മായിഅപ്പന്‍" അവള്‍ക്കിത് വല്ലോം അറിയാമോ. മരുമോന്‍ അടിക്കുമെങ്കിലും  എന്‍റെ മുന്നില്‍ നിന്നൊന്നും അടിക്കുവേല കേട്ടോ, ഞാന്‍ ഒഴിച്ച് വെച്ചേച്ച് അടുക്കള വഴി ഒരു ചുറ്റല്‍ കഴിഞ്ഞു വരുമ്പോള്‍ ഗ്ലാസ്സ് കാലിയാക്കിയിട്ടുണ്ടാവും ,അടുക്കളയില്‍ കേറി കറങ്ങി വന്ന കൂട്ടത്തില്‍ ആനി ഉലര്‍ത്തി വെച്ചിരുന്ന പോത്തൊരു ഡവറായില്‍ കോരിക്കൊണ്ടാണ് ഞാന്‍ പോന്നത് അതും കൊണ്ടേ അവനു കൊടുക്കുമ്പോള്‍ " ഓ വേണ്ടച്ചായാ എന്ന് ബഹുമാനത്തോടെ പറയുന്ന മരുമോന്‍, അവന്‍റെ ബഹുമാനം കണ്ടപ്പോള്‍ എന്‍റെ മനം കുളിര്‍ത്തു ..
അത് കഴിഞ്ഞു പതിയെ ഒരെണ്ണം കനത്തിലോഴിച്ച് വെള്ളവും ചേര്‍ത്ത് ചുണ്ടോടടുപ്പിച്ചതാണ് ഞാന്‍ അപ്പോളാണ് 

"നിങ്ങള് മനുഷ്യാ ആ കൊച്ചിനേം നശിപ്പിക്കുമല്ലോന്നുള്ള" അലര്‍ച്ച
അതുകേട്ടു കേട്ട് ഞെട്ടി ഗ്ലാസ് കയ്യീന്ന് പോയി കൂടെ കൈ തട്ടി കുപ്പിയും ആകെ ബഹളമയമായിരുന്നു നോക്കുമ്പോള്‍ ഈറ്റപ്പുലിപോലെ ആനി
“ഞാന്‍ അവനു കൊടുത്തില്ലെടീ സത്യായിട്ടും കൊടുത്തില്ല എന്നുള്ള പറച്ചില്‍ പക്ഷെ അവളുണ്ടോ കേള്‍ക്കുന്നു അവള് തിരിഞ്ഞ് ചൂലുമായി വരുന്നത് കണ്ടപ്പോള്‍ ഞാന്‍ കണ്ണുകളടച്ചു ദൈവമേ ഇവളെന്നെ ഇന്ന് ചൂലിനടിക്കുമോ? ആനീ വേണ്ട...... ആനീ വേണ്ടാ ഞാന്‍ പതിയെ പുറകോട്ടു മാറിക്കൊണ്ട് പറഞ്ഞുകൊണ്ടിരുന്നു   

പെട്ടെന്ന് എന്നെയാരോ പിടിച്ചു കുലുക്കിയതായിട്ടെനിക്ക് തോന്നി ഞാന്‍ കണ്ണുകള്‍ പതിയെ തുറന്നു... ആനി മുന്നിലുണ്ട് പക്ഷെ അവള്‍ക്കിപ്പോ ഒട്ടും പ്രായം തോന്നുന്നില്ല ങേ ഇതെന്തല്‍ബുദം... ഞാന്‍ അവളെ അത്ബുടത്തോടെ നോക്കുന്നത് കണ്ടു അവള്‍ ചോദിച്ചു 

“എന്നാ പറ്റി മനുഷ്യാ ഉറക്കത്തില്‍ കിടന്ന്‍ ആനീ വേണ്ട, ആനീ വേണ്ടാന്നൊക്കെ പറയുന്നേ” ?

ഞാന്‍ പെട്ടെന്ന് ചുറ്റും നോക്കി അടുത്തു കുപ്പിയുമില്ല മരുമോനുമില്ല നാട്ടിലെ വീടുമില്ല മുറ്റത്തെ കൊപ്രയും ഷീറ്റുകളുമോന്നുമില്ല,ഞാനിപ്പോ എന്‍റെ ഫ്ലാറ്റിലാണ് പിള്ളേര്‍ ആണേല്‍ സ്കൂളില്‍ പോകാനൊരുങ്ങുന്നു ,ഞാനൊന്നൂടെ നോക്കി ങ്ങേ അപ്പോള്‍ ഈ അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന ഇവളുമാരെയാണോ ഞാന്‍  കെട്ടിച്ചതും കൊച്ചുമക്കളുമായി നടന്നതും ഒക്കെ............... 

“എന്‍റെ കര്‍ത്താവേ ഞാന്‍ കണ്ടത് സ്വപ്നമാരുന്നോ ? ഹാ പോയല്ലോ എല്ലാം ന്നാലും ന്‍റെ കര്‍ത്താവേ പാരീഷു ഹാള് പണിക്കു വേണേല്‍ ഞാന്‍ കാശിനീം തരാരുന്നല്ലോ ഈ ചതി എന്നോട് വേണ്ടാരുന്നു”...എന്‍റെ നാടും വീടും റബ്ബര്‍ഷീറ്റും ,കുരുമുളകും കുപ്പീം എല്ലാം പോയല്ലോ!!!!!!!!!!

ജോഷി പുച്ചന്താലില്‍

 

No comments:

Post a Comment