Tuesday, July 30, 2013

ദേ.....മനുശേനെ .....

പതിവ് പോലെ അന്നും ഓഫീസില്‍ നിന്നും ഇറങ്ങി നമ്മുടെ രാജകീയ വാഹനമായ എന്‍ഫീല്‍ടു ബുള്ളറ്റില്‍ വീട്ടിലേക്കു  തിരിച്ചു , എല്ലാ ദിവസത്തെ പോലെ അന്നും  സഹധര്‍മ്മിണിയുടെ ഫോണ്‍ അധികം താമസിയാതെ  എത്തി

"ഇറങ്ങിയോ "?

"ആഹ് ഇറങ്ങി" 

"വരുമ്പോള്‍ കറിവക്കാന്‍ വല്ലതും വാങ്ങിച്ചോണ്ട് വരണേ",

"ശരി"

"ആഹ് പിന്നെ ആട്ട തീര്‍ന്നു, പിള്ളേര്‍ക്ക് ബൂസ്റ്റു തീര്‍ന്നു ,കടയില്‍ കേറി  അരിയും കൂടെ വാങ്ങിച്ചോ, പിന്നെ കേറുമ്പോള്‍ തീപ്പെട്ടി വാങ്ങാന്‍ മറക്കണ്ട  ,പിന്നൊരു വിം ബാറും"

"ഇത്രേം മതിയോ "? ഒരു കട മുഴുവന്‍ വാങ്ങാന്‍ ഇവള്‍ക്ക് പറയാമാരുന്നല്ലോ എന്ന് മനസ്സില്‍ കരുതി ഞാന്‍ ചോദിച്ചു.

"ഇപ്പോള്‍ ഇത്രേ ഓര്‍ക്കുന്നുള്ളൂ ,കടേല്‍ വന്നിട്ട് വിളിക്ക് അപ്പോള്‍ പറയാം വേറെ വല്ലതും ഉണ്ടേല്‍"

 "എന്റെ ദൈവമേ  ഞായറാഴ്ച  സൂപര്‍മാര്‍ക്കെറ്റില്‍ പോകാന്‍ പറഞ്ഞിട്ട്  ഞാന്‍ പോകാതിരുന്നതിന്റെ  കലിപ്പ് മുഴുവന്‍ ഇന്ന് ലിസ്റ്റ് ആയിട്ട് വരുമല്ലോ ,എന്നും കരുതി ഞാന്‍ യാത്ര തുടര്‍ന്നു.

അപ്പോള്‍ അടുത്ത വിളി,ഇനിയെന്താണോ വരാന്‍ പോകുന്നതെന്നോര്‍ത്തു ഞാന്‍ ഫോണ്‍ എടുത്തു .

"പിന്നെ അമ്മ പറയുന്നു  നല്ല മീന്‍ വല്ലോം കിട്ടിയാല്‍ മേടിചോളാന്‍"

"അതെന്നാടീ സാധാരണ ഞാന്‍ അഴുക്കു മീന്‍ ആണോ വാങ്ങിക്കാറു"?

"അല്ല നല്ല തുണ്ടം മീന്‍ വല്ലോം ഉണ്ടെങ്കില്‍ മതി എന്ന് വച്ച് പറഞ്ഞതാ "

ഹൂം ..ശരി

യാത്ര തുടര്‍ന്നൂ , പോകുന്ന വഴിയില്‍ തന്നെയുള്ള മീന്‍ മാര്‍ക്കെറ്റില്‍ ആദ്യം കയറി ,നെന്മീന്‍ കിട്ടി അതും വാങ്ങി വീണ്ടും  യാത്ര തുടര്‍ന്നു ,

വീടിന്നടുത്തുള്ള  മലയാളി കടയില്‍ എത്തി ,അരി,ആട്ട ,തുടങ്ങി  ആവശ്യപ്പെട്ട  പ്രകാരം ഉള്ള  സാധനങ്ങള്‍ ഒക്കെ  വാങ്ങി ,ബൈകില്‍  ഇടതും വലതും  പെട്രോള്‍ ടാങ്കിന്റെ പുറത്തും ഒക്കെയായി  സ്ഥാപിച്ചു വീട്ടിലേക്കു...

താഴെ പാര്‍കിങ്ങില്‍ ബൈക്ക് പാര്‍ക്ക്‌ ചെയ്തു ബുദ്ധിമുട്ടി സാധനങ്ങള്‍ ഒക്കെ ചുമന്നു ,ഫ്ലാറ്റില്‍ എത്തി ഓരോന്നായി താഴെ വച്ചു.
"ഫാര്യ" ഓരോന്നും നോക്കുന്നുണ്ട് 'പറഞ്ഞ  സാധനങ്ങള്‍ എല്ലാം ഉണ്ടോ '
അവളുടെ കണ്ണുകള്‍ പെട്ടെന്ന് കണ്ടു പിടിച്ചു പച്ചക്കറി വാങ്ങിച്ചിട്ടില്ല .

പച്ചക്കറി ഒന്നും വാങ്ങിച്ചില്ലേ ?

'ബൈകില്‍ ഒരു വിധത്തില്‍ കൊണ്ടുവന്നു ,ചുവന്നു തെറ്റിച്ചു  വീട്ടിലെത്തിക്കാന്‍ പെട്ട പാട്  എനിക്കറിയാം അപ്പോളാണ് അവളുടെ പച്ചക്കറി "

ഞാന്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ,

പതിയെ തലയും കുനിച്ചു  അവള്‍ പോറുപൊറുത്തു

"മിഴിച്ചു നോക്കുന്നതെന്തിനാ രാവിലെ പിള്ളേര്‍ക്ക് പൊതി കൊടുത്തു വിടാന്‍ എന്തേലും ഉണ്ടാക്കാന്‍ എനിക്കാ പാട് ''

ഞാന്‍ വീണ്ടും ഒന്ന് നോക്കി , കനത്തില്‍ ഒന്ന് മൂളി ചവിട്ടി തുള്ളി  അകത്തേക്ക് നടന്നു .

ഇത്രയും നേരം സംഭവം എല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന മക്കളില്‍ മൂത്തവള്‍ക്കു  അച്ചയോടു  'സഹതാപം" തോന്നി ,ഇത്രയും  സാധനങ്ങള്‍ ചുവന്നു തെറ്റിച്ചു വീട്ടില്‍ കൊണ്ട് വന്ന അച്ചയോട് അമ്മ പച്ചക്കറി വാങ്ങിച്ചില്ല  എന്ന പേരില്‍  ചോദ്യം ചെയ്തത് അവള്‍ക്കു ഒട്ടും ഇഷ്ടമായില്ല ,

 ഞാന്‍ അകത്തേക്ക് പോയി എന്ന് കണ്ടപ്പോള്‍ അവള്‍ നേരെ അമ്മയുടെ അടുത്ത് ചെന്ന് അമ്മയോട്

 " അമ്മെ  അച്ചയും ഒരു "മനുശേനാ" കേട്ടോ എന്നൊരു ഡയലോഗു കാച്ചി .

അകത്തു മസ്സില് പിടിച്ചു നിന്നിരുന്ന എന്റെ കാതുകളിലും ഈ ഡയലോഗിന്റെ  മുറി വന്നു വീണു ,അതോടെ എന്റെ മസ്സില് പിടുത്തവും ദേഷ്യവുമെല്ലാം പമ്പ കടന്നു. ഒരു ചെറു ചിരിയുമായി നിന്നിരുന്ന എന്റെ അടുത്തേക്ക്  "ഫാര്യയും' ഒരു ചിരിയുമായി കടന്നെത്തി ,

"കേട്ടോ  മകള് പറഞ്ഞത് '"?

പിന്നെ അവിടൊരു കൂട്ടച്ചിരിയായി .. രമേഷിനെയും ഉമ്മന്‍ ചാണ്ടിയെ പോലെയും  പിരിമുറുക്കത്തില്‍ നിന്നിരുന്ന  ഞങ്ങളുടെ ഇടയില്‍ ഹൈ കമാണ്ട് ഇടപെട്ടത് പോലെ  ,മകളുടെ ഇടപെടല്‍ മഞ്ഞുരുകാന്‍ കാരണമായി .

മോളുടെ  "മനുശേന്‍" എന്ന പറച്ചില്‍ എന്നില്‍ കൊച്ചുന്നാളിലെ ചില ഓര്‍മ്മകള്‍ കൊണ്ടുവന്നു .

 നാട്ടില്‍ ഞങ്ങളുടെ വീടിന്നടുത്ത്‌ തന്നെയുള്ള  ഒരു വീടാണ് കളരി പറമ്പ് ,അവിടുത്തെ  കുഞ്ഞൂഞ്ഞു ചേട്ടനും  പെണ്ണമ്മ ചേടത്തിക്കും മക്കള്‍ നാല് മൂത്തയാള്‍ എല്സികുട്ടി ചേച്ചി ,മോളികുട്ടിചേച്ചി ,കൊച്ചുമോന്‍ ,പിന്നെ പൊന്നമ്മ .ഇവരെല്ലാവരും എന്നെക്കാളിലും മൂത്തവര്‍ ആണ് അതില്‍ എല്സികുട്ടി ചേച്ചി  എന്റെ ട്യൂഷന്‍ ടീച്ചറും, അതിലുപരി ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയും ആയിരുന്നു ( ചേച്ചി ഈ ലോകത്തോട് വിട പറഞ്ഞിട്ട് കുറച്ചു വര്‍ഷങ്ങള്‍ ആയി ) ചേച്ചി മാത്രമല്ല അവരെല്ലാവരും തന്നെ ഞങ്ങള്‍ക്ക് സഹോദരങ്ങളെ പോലെ ആയിരുന്നു .
അന്ന് അവരുടെ വീട് ഓല മേഞ്ഞിരുന്ന  ഒന്നായിരുന്നു ,ആ കാലഘട്ടത്തില്‍ വര്‍ഷാ വര്‍ഷങ്ങളില്‍ ഓല മാറ്റി പുര പുതുക്കി മേഞ്ഞിരുന്ന അവസരങ്ങളില്‍ അയല്‍വക്കത്തുള്ള  ആളുകള്‍ ഒക്കെ ചേര്‍ന്ന് ഒരു ആഘോഷമായിട്ടാണ്‌ അത്  നടത്തിയിരുന്നത് ,ആണുങ്ങള്‍ പുര മേച്ചിലും  പണികളുമൊക്കെയായി കൂടുമ്പോള്‍ പെണ്ണുങ്ങള്‍ എല്ലാവരും ചേര്‍ന്ന് കപ്പ പുഴുങ്ങുകയും ,ചമ്മതി ചാലിക്കുകയും കട്ടന്‍ കാപ്പി  അനത്തുകയും ഒക്കെയായി കൂടും, അങ്ങനെ രസകരമായ ഒരു അനുഭവം ആണ്, നല്ല നല്ല തമാശകളും കഥകളും ഒക്കെ  ഈ അവസരത്തില്‍ കേള്‍ക്കാം   ,ഞങ്ങള്‍ കുട്ടികളും ഈ സംരംഭത്തില്‍ പൂര്‍ണ്ണ മനസ്സോടെ എന്നും പങ്കെടുത്തിരുന്നു കാരണം കുഞ്ഞൂഞ്ഞു ചേട്ടന്‍ സ്വതവേ  തമാശക്കാരന്‍ ആണ്  അപ്പോള്‍ ഇങ്ങനെ എല്ലാവരും കൂടി ചേരുന്ന  അവസരത്തില്‍ നല്ല കിടിലന്‍ തമാശകള്‍ ഉണ്ടാവും എന്ന് ഞങ്ങള്‍ക്കറിയാം അത് കേള്‍ക്കാന്‍ ഞങ്ങളും ഞങ്ങളാല്‍ ആവുന്ന സഹായമൊക്കെ ചെയ്തു അവിടെ കൂടും .

പണിയൊക്കെ നടക്കുന്നതിനിടയില്‍ പെണ്ണമ്മ ചേട്ടത്തി എല്ലാവര്ക്കും കട്ടന്‍ കാപ്പിയുമായി വന്നു  കുഞ്ഞൂഞ്ഞു ചേട്ടനെ വിളിക്കും ,

"ദേ മനുശേനെ"

കുഞ്ഞൂഞ്ഞു ചേട്ടന്‍ കേട്ട  ഭാവം നടിക്കില്ല

വീണ്ടും വിളി വരും  "ദേ .. ദേ മനുശേനെ ''

അപ്പോളേക്കും കുഞ്ഞൂഞ്ഞു ചേട്ടന്‍ തിരിഞ്ഞുആകെ  ദേഷ്യം കാണിച്ചു ചോദിക്കും

എടി  കല്യാണം കഴിഞ്ഞിട്ട്  പത്തിരുപത്തഞ്ചു കൊല്ലം കഴിഞ്ഞു ,മക്കള് നാലായി , നിനക്കിപ്പോളും ഞാന്‍ മനുഷ്യനാണോന്നു  സംശയമാ ഇല്ലേ ?

അപ്പോള്‍ പെണ്ണമ്മ ചേടത്തി നാണത്തോടെ ... ഓ  ഈ മനുശേന്‍റെ  ഒരു കാര്യം .പോ.. അവിടുന്ന്  പിള്ളേര് കേക്കും .

കണ്ടോ അവള് പിന്നേം  "ദേ മനുശേനേന്നേ" വിളിക്കൂ ... എടൊ രവി  തന്റെ ഭാര്യ തന്നെ  എന്താടോ വിളിക്കുന്നത്‌ ?

"അത് കുഞ്ഞൂഞ്ഞു ചേട്ടാ ..രവിചേട്ടാന്നാ" ...

"അയ്യോടാ നീ അങ്ങ് പറഞ്ഞാല്‍ മതി ..ചേട്ടാന്നാണന്നു  ..നീ  കുടി കഴിഞ്ഞു വരുമ്പോള്‍ ഞങ്ങളിവിടെ കേള്‍ക്കുന്നതല്ലേ  അവള് നിന്നെ "കാലമാടാന്നു' വിളിക്കുന്നത്‌ ...

എല്ലാവരും ചേര്‍ന്ന്  ഒരു പൊട്ടിച്ചിരി ..രവി ചമ്മി വിളറിയ മുഖവുമായി  ആ ചിരിയില്‍ പങ്കു ചേര്‍ന്ന്  പറയും "ഓ ഈ കുഞ്ഞൂഞ്ഞു ചേട്ടന്റെ ഒരു തമാശ"

തമാശാണോടാ  സത്യമല്ലേ പറഞ്ഞത് ? ഇല്ലേ ഓമനേ ..നീ  സ്നേഹം കേറുമ്പോള്‍ രവിയെ വിളിക്കുന്ന പേരല്ലേ ഞാന്‍ പറഞ്ഞത് ?

അപ്പുറത്തിരുന്നു  കപ്പ പൊളിച്ചു കൊണ്ടിരുന്ന  രവിയുടെ ഭാര്യ ഒമാനയോടാണ് ചോദ്യം

ഓ ഞാനങ്ങനെയൊന്നും വിളിക്കാറില്ല  ഈ  കുഞ്ഞൂഞ്ഞു ചേട്ടന്റെ ഒരു കാര്യം ...

ആഹാ ഇപ്പോള്‍ കെട്ടിയോനും കെട്ടിയോളും  ഒന്നായി... കാര്യം പറഞ്ഞ  ഞാന്‍ മണ്ടനും ..ആഹ് നടക്കട്ട് നടക്കട്ട്  .

അപ്പോള്‍ എടി "ഫാര്യേ'' ഇനിയെങ്കിലും നീ എന്നെ മനുഷ്യനായിട്ട്‌ അംഗീകരിച്ചു  തരണം , ഈ ..മനുശാ... മനുശാ എന്ന്  സംശയത്തോടെയുള്ള  വിളി നിര്‍ത്തണം  ഓമന രവിയെ വിളിക്കുന്ന പോലെ വേണേല്‍ ചേട്ടാന്നു  വിളിച്ചോ ..

ഓ പിന്നെ ..ഒന്ന് പൊ മനുശേനെ ...വീണ്ടും പെണ്ണമ്മ  ചേട്ടത്തിക്ക് നാണം ....

അപ്പോള്‍ രത്നമ്മ  വിളിച്ചു ചോദിച്ചു .."കുഞ്ഞൂഞ്ഞു ചേട്ടാന്നോ അതോ  ഓമന വിളിച്ച പോലെ "കാലമാടന്‍ ചേട്ടാന്നോ" ?

അതൊരു കൂട്ടചിരിക്കിടയാക്കി .................

അങ്ങനെ എന്റെ  കൊച്ചിന്റെ "മനുശ്യന്‍" പറച്ചില്‍ എന്നെ കുട്ടിക്കാലത്തെ  നല്ല  ചില ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ടുപോയി..

ജോഷി കുര്യന്‍ പോള്‍











Tuesday, July 16, 2013

ചില സമരചിന്തകള്‍

 ചില സമരചിന്തകള്‍

കുറച്ചു നാളുകളായുള്ള ജോലിത്തിരക്കുകള്‍ മൂലം പല കുറിപ്പുകളും തുടക്കം ഇട്ട സ്ഥലങ്ങളില്‍ തന്നെ നില്‍ക്കുകയാണ് ,എന്തൊക്കെയോ എഴുതണം എന്ന് കരുതി തുടങ്ങിയവ മുന്നോട്ടു പോകാനാവാത്ത വിധം പലവിധ തടസ്സങ്ങള്‍ നേരിട്ട് നില്‍ക്കുന്നു , സരിതോര്‍ജത്തില്‍ തട്ടി നില്‍ക്കുന്ന കേരളത്തിലെ അവസ്ഥയാണിപ്പോള്‍ എനിക്കും .സരിതോര്‍ജം  പറഞ്ഞപ്പോള്‍ നാട്ടിലെ സമരങ്ങള്‍ ഓര്‍മ്മയിലെത്തി അങ്ങനെ ഓര്‍മ്മകളിലൂടെ  സഞ്ചരിക്കവേ  എന്റെ വിദ്ധ്യാര്‍ത്ഥി ജീവിത കാലഘട്ടത്തിലെ  സമരങ്ങളിലൂടെ ഒക്കെ  മനസ്സ് അതിവേഗം പാഞ്ഞു .... അങ്ങനെ ഞാന്‍ ചെന്ന് നിന്നത്  എന്റെ  സ്കൂള്‍ മുറ്റത്താണ് .കോട്ടയം സി എം എസ് കോളേജു ഹൈസ്കൂള്‍ മുറ്റത്തു ചൂളമരങ്ങളുടെയും അരണ മരങ്ങളുടെയും ഇടയിലൂടെ  ചൂളം വിളിച്ചെത്തുന്ന കാറ്റേറ്റ് നില്‍ക്കുകയാണ് എന്റെ മനസ്സ്......

കാക്കി നിക്കറും വെള്ള ഷെര്‍ട്ടും ധരിച്ചു കുറെ കുട്ടികള്‍ നടന്നു വരുന്നുണ്ട്  ആ കൂടെ ഞാനും എന്റെ കൂട്ടുകാരന്‍ എബി, അച്ചന്‍കുഞ്ഞു, സജീവ്  തുടങ്ങിയവരോക്കെയുണ്ട്  ഞങ്ങളുടെ സംസാര വിഷയം ഇന്ന് കടന്നു വന്നേക്കാവുന്ന  സമരത്തെ കുറിച്ചാണ്,  നന്ദാവനം  പോലീസ്ക്യാമ്പില്‍ എസ് എഫ് ഐ  പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു കേരളമൊട്ടാകെ  വിധ്യാര്ത്ഥികള്‍ പഠിപ്പ് മുടക്കല്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ,രാവിലെ ബസിറങ്ങി സ്കൂളിലേക്ക് നടന്നു  പോന്ന വഴിയില്‍ വച്ച് തന്നെ  സി എം എസ് കോളേജിലെ വിദ്ധ്യാര്‍ത്ഥിനേതാവും  ഞങ്ങളുടെ നാട്ടുകാരനും ആയ അനില്‍ ചേട്ടനോട് സമരം വരും എന്ന് ഉറപ്പു വാങ്ങിയാണ് ഞങ്ങള്‍ പോന്നിട്ടുള്ളത് , അനില്‍ ആരാണെന്ന് ഒന്ന് പരിചയപ്പെടുത്താം  ഇന്നദ്ദേഹം  അഡ്വക്കേറ്റ് അനില്‍ കുമാര്‍ ആണ് അതോടൊപ്പം  രാഷ്ട്രീയത്തിലും ജില്ലാ തലത്തില്‍ നേത്രുത്വ നിരയില്‍ തന്നെ , മുന്‍ തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡെന്റും  കോട്ടയം ജില്ലയിലെ  ഒരു പ്രധാന കമ്മ്യൂണിസ്റ്റു നേതാവും ആയിരുന്ന  ആര്‍ കെ മേനോന്‍ സാറിന്റെ മകന്‍, അച്ഛനെപോലെ തന്നെ രാഷ്ട്രീയത്തില്‍ താനും ശോഭിക്കും എന്ന് വിളിച്ചറിയിക്കുന്ന വിധം വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ തന്റെ വാക്ചാതുരി കൊണ്ട് സുഹൃത്തുക്കളെയും അനുയായികളെയും സൃഷ്ടിച്ചു മുന്നേറുന്ന ആ അനില്‍ സഖാവിലാണ് ഞങ്ങള്‍ കൊച്ചനുയായികളുടെ  പ്രതീക്ഷ മുഴുവന്‍, അങ്ങനെ  പല നിര്‍ണ്ണായക  അവസരങ്ങളിലും ( സാറുമ്മാരുടെ  ചോദ്യങ്ങള്‍ചോദിക്കുന്ന ദിവസങ്ങളില്‍നിന്നും )ഒരു ദേവദൂതനെപോലെ അനില്‍സഖാവ് ഞങ്ങളെ രക്ഷിച്ചിട്ടുണ്ട്.ചൂണ്ടു വിരല്‍ നെറ്റിക്ക് നേരെ മുട്ടിച്ചു വായുവില്‍ ആ കൈ വീശി ആവേശത്തോടെ മുദ്രാവാക്യങ്ങള്‍ വിളിച്ചു മുന്നില്‍ നിന്ന് നയിച്ചെത്തുന്ന ആ വിദ്ധ്യാര്‍ഥിനേതാവിനെ  അന്നേ എല്ലാവരും സ്രെദ്ധിച്ചിരുന്നു,  ഇന്ന്  ചിന്താഗതിയില്‍ അദ്ധേഹത്തിന്റെ  പാര്‍ടിയില്‍ അല്ല അനുഭാവം പുലര്‍ത്തുന്നത് എങ്കില്‍പോലും  അദ്ദേഹം ഞങ്ങളുടെ നിയോജക മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിയായി മത്സരിക്കുവാനിറങ്ങിയാല്‍ അരയുംതലയും മുറുക്കി അദ്ദേഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ അവധിഎടുത്തു ഞാന്‍ നാട്ടിലെത്തും അത്രയ്ക്കുണ്ട്  അദ്ദേഹത്തോട് നന്ദി ..എത്രയോ ചൂരലുകളുടെ  വായ്തുമ്പില്‍ നിന്നാണ് അദ്ദേഹം എന്നെ രക്ഷിചിട്ടുള്ളത്....

അങ്ങനെ സമരങ്ങള്‍ക്കായി സി എം എസ്  കോളേജിലെ ചേട്ടന്മാരുടെ പ്രതീക്ഷയില്‍ ആശ്രയിച്ചു  മുന്നോട്ടു നീങ്ങിയ ഞങ്ങള്‍ പത്താം തരത്തില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ സ്കൂളിലും യൂണിയന്‍ ആരംഭിക്കുവാനുള്ള  കാര്യങ്ങള്‍  ആയി ,അതിനു സ്കൂളില്‍ പ്രധാന പങ്കു വഹിച്ചത്  എന്റെ  സഹപാഠി ആയിരുന്ന പ്രമോദ് ചന്ദ്രന്‍ ആയിരുന്നു ,അങ്ങനെ ആദ്യ തിരഞ്ഞെടുപ്പ് സ്കൂളില്‍ നടക്കാന്‍ പോകുന്നു അദ്ദ്യം ക്ലാസ്സുകളില്‍ നിന്നും  മത്സരിച്ചു ജയിക്കണം,  അതിനു ശേഷം ആ ജയിച്ചവരില്‍ നിന്നും  തിരഞ്ഞെടുക്കുന്നവരാണു സ്കൂള്‍ ലീഡര്‍ തുടങ്ങി പ്രധാന സ്ഥാനങ്ങളില്‍ എത്തുന്നത്‌. ആദ്യം ക്ലാസ്സില്‍ നിന്നും  സ്ഥാനാര്‍ഥി ആകുവാനുള്ള  സ്രേമം ഞാന്‍ ആരംഭിച്ചു .. സുഹൃത്തുക്കളോട്  എടാ നമുക്ക്  അവനെ സ്ഥാനാര്‍ഥി ആക്കിയാലോ ഇവനെ ആക്കിയാലോ  എന്നൊക്കെ ചോദിച്ചു തുടങ്ങി , ചോദിക്കുന്നത് മറ്റൊന്നിനും അല്ല  അവര്‍ പറയണം  വേണ്ട നീ നില്‍ക്കു എന്ന് ... പക്ഷെ പലരുടെ പേര് പറഞ്ഞു നടന്നിട്ടും  ആരുംഎന്നോട് സ്ഥാനര്‍ത്ഥിയാകാന്‍ ആവശ്യപ്പെടുന്നില്ല  ,അപ്പോള്‍ കളം ഒന്ന് മാറ്റി ചവിട്ടി.....ഒരുമിച്ചു നില്‍ക്കുമ്പോള്‍ മറ്റു ക്ലാസ്സുകളിലെ സുഹൃത്തുക്കളോട് പറയാന്‍ തുടങ്ങി  ഞങ്ങളുടെ ക്ലാസ്സില്‍ ആരും മത്സരിക്കാന്‍ തയ്യാറല്ല  അവസാനം ഞാന്‍ തന്നെ നില്‍ക്കേണ്ടി വരും എന്നാണു തോന്നുന്നത് എന്ന് ... ഈ  ബുദ്ധി പ്രയോഗിച്ചിട്ടും അധികമാരും  ഒന്നും പറഞ്ഞില്ല  ഒന്ന് രണ്ടു പേര്‍ പറഞ്ഞു  അതുമതി നീ തന്നെ നില്‍ക്ക് എന്ന് ... ആ സന്തോഷത്തില്‍ തിരഞ്ഞെടുപ്പിന് പേര് നല്‍കി  അപ്പോളാണ്  അറിഞ്ഞത്   ക്ലാസില്‍ നിന്നും  ജോബി എന്നൊരുവനും  ഗോവിന്ദന്‍ എന്ന മറ്റൊരുവനും  കൂടി മത്സരിക്കാന്‍ പേര് നല്‍കിയിരിക്കുകയാണ് എന്ന് , സംഭവം പന്തികേട്‌ ആണെന്ന് മണത്ത ഉടന്‍ ഞാന്‍ അടവ് മാറ്റി  എന്റെ സകല  പിന്തുണയും  ഗോവിന്ദനു നല്കി  കാരണം മറ്റൊന്നുമല്ല  ഗോവിന്ദന്‍ അല്പം നമ്മുടെ പാര്‍ടിയുടെ അനുഭാവിയും  ഒപ്പം  വല്ലപ്പോഴും  നമ്മളെ  ഗൌവ്നിച്ചു  ഐസ്ക്രീം  ആയും മറ്റു ചില പ്രലോഭന സാമഗ്രികള്‍ ഒക്കെയായി കരുതുന്നവനും ആണ് ... ഇതൊക്കെയാണെങ്കിലും  അവന്‍ എന്റെ  സ്ഥാനം തട്ടിയെടുക്കുന്നു എന്ന  ഒരു  അസൂയയോടെ ആണ് ഞാന്‍ വീക്ഷിച്ചിരുന്നത്‌,അങ്ങനെ ഇലെക്ഷന്‍ ദിനം   വന്നെത്തി  വോട്ടിംഗ് നടക്കേണ്ട ദിനത്തില്‍ ഞാന്‍ നമ്മുടെ  പാര്‍ട്ടിയുടെ  അനുഭാവികള്‍ എന്നുറപ്പുള്ള  സുഹൃതുക്കളുടെ ചെവിയില്‍, "ഗോവിന്ദന്‍ കാലുവാരും  അവനിപ്പോളെ  മറ്റെപ്പാര്‍ട്ടിക്കാരോടാണ്  കൂട്ട്  അതുകൊണ്ട് അവനെ ജയിപ്പിക്കണോ  എന്ന് ചിന്തിക്കൂ" ...ഞാന്‍ നോമിനേഷന്‍ പിന്‍വലിച്ചിട്ടില്ല"  എന്നും കൂടെ പറഞ്ഞു ഒരു  കുതികാല്‍ വെട്ടല്‍ നടത്തി  ..ഇന്ന് ചിന്തിക്കുമ്പോള്‍ രാഷ്ട്രീയത്തിലെ എന്റെ ആദ്യ  കാലുമാറ്റം. ..പക്ഷെ ചീറ്റിപ്പോയി .  എനിക്ക് വോട്ടു ചെയ്യും എന്ന് ഞാന്‍ കരുതിയ  ആരും തന്നെ  എനിക്ക് കുത്തിയില്ല . എന്റെ വോട്ടും  ഒപ്പം  ആര്‍ക്കോ അബദ്ധം പറ്റി ചെയ്ത  രണ്ടു വോട്ടും  ചേര്‍ത്ത്  ആകെ മൂന്നു വോട്ട്  എനിക്ക്, ഗോവിന്ദന്‍ ജോബിയെക്കാള്‍  പതിനഞ്ചോളം വോട്ടിന്റെ  ഭൂരിപക്ഷത്തില്‍ വിജയിച്ചു . ഞാന്‍ അപ്പോള്‍ തനി രാഷ്ട്രീയക്കാരന്‍ ആയി , ക്ലാസില്‍ ഡയലോഗ് വിട്ടു ആരാടാ എനിക്ക് വോട്ടു ചെയ്തത് ? ഞാന്‍ നേരത്തെ പറഞ്ഞതല്ലേ  എന്റെ വോട്ടു  ഗോവിന്ദനു ചെയ്യണം എന്ന് ? ഞാന്‍ പോലും എനിക്ക് വോട്ടു ചെയ്തില്ല, അപ്പോള്‍ ആരാടാ മൂന്നു വോട്ടു എനിക്ക് ചെയ്തു ഗോവിന്ദന്റെ ഭൂരിപക്ഷം കുറച്ചത്?

അന്ന് തനിക്കിട്ടു പാരപണിയാന്‍ ഇവന്‍ സ്രെമിച്ചു എന്നറിയാത്ത ഗോവിന്ദന്‍, എന്നെ ഉത്തമ സുഹൃത്തായി  കരുതി  തന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്  ഞാനാനെന്നുള്ള  ഉത്തമ വിശ്വാസത്തില്‍  എന്തിനും ഏതിനും എന്നെ  ഒപ്പം കൂട്ടിയിരുന്നു ... അങ്ങനെ ഒരു  സമരകാലം...  സ്കൂളില്‍ പ്രമോദു ചന്ദ്രന്റെ  നേതൃത്വത്തില്‍  സമരം വിജയിപ്പിചിട്ടുള്ളതല്ലാതെ  ഞങ്ങള്‍ തനിയെ ഒരു സമരവും  നടത്തിയിട്ടില്ല  അപ്പോളും  കോളേജിലെ  ചേട്ടന്മാരെ തന്നെ ആശ്രയിച്ചാണ്ഞങ്ങളുടെ പാര്‍ട്ടിയുടെ നിലനില്പ് ... അന്ന് സമരം ഇറക്കുവാനുള്ള  സഹായം അഭ്യര്‍ഥിച്ചു  ഞാനും ഗോവിന്ദനും കൂടി  അസ്സെമ്ബ്ലിയുടെ സമയത്ത്  കോളേജിലെ ചേട്ടന്മാരെ കാണുവാന്‍ ഓടി , അവിടെ ചെന്ന് അവരെ കണ്ടപ്പോളാണ് ഇന്ന് സമരം ഇല്ല എന്ന്  അറിയുന്നത് സമരം ഉണ്ട് എന്ന പ്രതീക്ഷയില്‍ ആണ് അസ്സെംബ്ളി സമയത്ത്  ചാടിയത് തിരിച്ചു ചെല്ലുമ്പോള്‍ എന്തായാലും  ക്ലാസ്  തുടങ്ങും പിടുത്തം വീണത്‌ തന്നെ  സമരം ആയിരുന്നെങ്കില്‍ ക്ലാസ് ടീച്ചര്‍ ആയ  അമ്മാചെന്റെ  മുന്നില്‍ പെടേണ്ട എന്ന ധൈര്യം ആയിരുന്നു എന്നെ ഇതുവരെ മുന്നോട്ടു നയിച്ചത്  ,ഇതൊരുമാതിരി  ചതിയായിപോയി ചേട്ടന്മാരെ എന്ന്  പറഞ്ഞു ഞാനും ഗോവിന്ദനും കൂടി  ഓടിപാഞ്ഞ്  സ്കൂളില്‍ എത്തിയപ്പോള്‍  ക്ലാസുകള്‍ ആരംഭിച്ചിരുന്നു .. കയ്യിലിരുന്ന നീല കൊടി  രണ്ടെണ്ണം ചുരുട്ടി  ഞാന്‍ പാന്റിനും ചന്തിക്കും ഇടയില്‍ തിരുകി ,ക്ലാസ്സിലെത്തി  , പഠിപ്പിച്ചുകൊണ്ടിരിക്കുന്ന  ക്ലാസ്  ടീച്ചര്‍ ആയ  അമ്മാച്ചനെ നോക്കി  വെളിയില്‍ നിന്നു ഒന്ന് മുരടനക്കി.  ചൂരല്‍ കയ്യിലെടുത്തു ഞങ്ങളെ അടുത്തേക്ക് വിളിച്ച  സാര്‍ ചോദിച്ചു എവിടെ പോയിരിക്കുവാരുന്നു ?

ഞാന്‍ ചാടിക്കയറി പറഞ്ഞു  ജേക്കബ് സാറിന്റെ വീട്ടില്‍ പോയതാ ..

എന്തിനു ?

സ്കൂള്‍ മാഗസിന്‍ കൊടുക്കാന്‍ ...

പക്ഷെ ഞങ്ങളുടെ ഏതോ ശത്രു പറഞ്ഞു വിവരം നേരത്തെ അറിഞ്ഞ അമ്മാചെന്‍  ഗോവിന്ദനിട്ടു രണ്ടു അടിയും എനിക്കിട്ടു  അഞ്ചടിയും തന്നു , ആദ്യ അടി  ചന്തിക്ക് വീണപ്പോള്‍ കേട്ട  ശബ്ദത്തില്‍ എന്തോ പന്തികേട്‌ തോന്നിയ  അമ്മാചെന്‍ എന്നെ  ചോദ്യം ചെയ്തു പിന്നില്‍ നിന്നും തൊണ്ടി മുതല്‍ കണ്ടെടുത്തു  അതിന്റെ ദേഷ്യത്തില്‍ ആയിരുന്നു  അടുത്ത  അടികള്‍, അന്നത്തെ ദിവസം  ശെരിയായ വിധത്തില്‍ ബെഞ്ചില്‍ ഇരുന്നു പഠിക്കുവാന്‍ എനിക്ക് സാധിച്ചില്ല  അത്രയ്ക്ക് പരിതാപകരമായിരുന്നു  എന്റെ 'പിന്നിലെ "അവസ്ഥ ...



ചിന്തിച്ചു ചിന്തിച്ചു  അങ്ങനെ ഒരുപാട് ദൂരം പോയി  ഇനിയുള്ള ചിന്തകള്‍  പിന്നീടാവാം .....

ജോഷി കുര്യന്‍ പോള്‍