Thursday, February 9, 2023

നമ്മുടെ ജീവിതത്തില്‍ നിന്നും നാം മനുഷ്യരെ തള്ളിക്കളയാറുണ്ടോ?എന്തുകൊണ്ട്?

നാം ഓരോരുത്തരും ഒരുപാട് ആളുകളുമായി ബന്ധങ്ങള്‍ സൂക്ഷിക്കുന്നവരാണ്,കാരണം മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്.ആളുകളുമായി ബന്ധങ്ങള്‍ സൂക്ഷിക്കാതെ അവന് ജീവിതം സാധ്യമല്ല.എന്നാല്‍ നമുക്ക് ചുറ്റുമുള്ള നമ്മുടെ പ്രിയപ്പെട്ടവര്‍ എന്ന് നാം വിശ്വസിച്ചിരുന്നവര്‍ നമ്മോടു ചെയ്യുന്ന ഏതെങ്കിലും പ്രവര്‍ത്തിയുടെ പേരില്‍ ചിലപ്പോഴെങ്കിലും നാം ഇവര്‍ ഇനി എന്‍റെ ജീവിതത്തില്‍ വേണ്ട എന്ന് കരുതാറില്ലേ?അവര്‍ നമുക്ക് അത്രയും പ്രിയപ്പെട്ടവര്‍ ആവട്ടെ എങ്കിലും ചിലപ്പോള്‍ അവര്‍ നമ്മോടു ചെയ്യുന്ന,നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒരു പ്രവര്‍ത്തിയുടെ പേരില്‍ അല്ലെങ്കില്‍ അവര്‍ പ്രവര്‍ത്തിക്കുന്ന പല പ്രവര്‍ത്തികളുടെ പേരില്‍ നാം നമ്മുടെ ജീവിതത്തില്‍ നിന്നും എഴുതി തള്ളാറില്ലേ? 

 സ്കൂള്‍ കുട്ടികളോട് ചോദിച്ചാല്‍ അറിയാം പഠനത്തില്‍ സ്ഥിരം പുറകോട്ടാകുന്ന കുട്ടികളെ അധ്യാപകര്‍ എഴുതി തള്ളുന്ന കാര്യം.അങ്ങനെ സ്ഥിരം അവഗണന നേടുന്ന കുട്ടികള്‍ പതിയെ പതിയെ ആ ക്ലാസ്സ് മുറികള്‍ക്ക് തന്നെ വേണ്ടാത്തവനായി മാറുന്നു.പ്രിയപ്പെട്ടതായിരുന്ന മകന്‍ നമുക്ക് സമൂഹത്തില്‍ മാനക്കേടുണ്ടാക്കുന്ന ഒരു പ്രവര്‍ത്തി ചെയ്‌താല്‍ നാം അവനെ എഴുതി തള്ളാറില്ലേ? 

 പക്ഷെ എന്തുകൊണ്ടാണ് നാം നമുക്ക് അത്രയും പ്രിയപ്പെട്ടവര്‍ ആയിരുന്നിട്ടും ഇങ്ങനെ എഴുതി തള്ളുന്നത്? സ്നേഹം തന്നെയാണ് അതിനു കാരണം.ഏറ്റവും നമ്മള്‍ സ്നേഹിക്കുന്നവര്‍ നമ്മെ വിഷമിപ്പിക്കുംമ്പോഴാണ് നമുക്ക് ഏറ്റവും ദേഷ്യവും സങ്കടങ്ങളും ഉണ്ടാകുന്നത്.വഴിയെ പോകുന്ന ഒരുത്തന്‍ നമ്മെ എന്ത് പറഞ്ഞാലും നമ്മുടെ ഹൃദയത്തെ അത് വേദനിപ്പിക്കാറില്ല.കാരണം നമുക്കറിയാം ആ വ്യക്തിക്ക് നമ്മുടെ ജീവിതത്തില്‍ ഒരു പ്രാധാന്യവും ഉള്ള ആളല്ല എന്ന്.തത്കാലത്തേക്ക് അല്പം ദേഷ്യം തൊന്നിയെക്കാമെങ്കിലും അത് നമ്മുടെ ഹൃദയത്തെ വേദനിപ്പിക്കാറില്ല. എന്നാല്‍ നമ്മുടെ പ്രിയപ്പെട്ടവരെ നാം എത്രപെട്ടെന്നാണ് എഴുതി തള്ളുന്നത്. 

 ഒരു സംഭവം വായിച്ചതോര്‍മ്മ വരുന്നു വളരെയധികം സ്നേഹത്തോടെ ജീവിച്ച ദമ്പതികള്‍ ഒരാള്‍ക്കൊരാളെ ഒരുദിവസം പിരിഞ്ഞിരിക്കാന്‍ പോലും മേലത്തവിധം സ്നേഹത്തില്‍ ആയിരുന്നവര്‍,പൊടുന്നനെ ഒരുദിനം ഭര്‍ത്താവ് ജീവിതത്തില്‍ നിന്നും കടന്നു പോകുന്നു.അതിന്‍റെ വ്യഥയും പേറി ഭാര്യ ജീവിക്കുമ്പോള്‍ ഒരു ദിനം അവര്‍ക്കൊരു കത്ത് കിട്ടുന്നു.നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ വഞ്ചിക്കുകയായിരുന്നു അയാള്‍ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു അതില്‍ ഒരു കുട്ടിയും ഉണ്ട് എന്ന്.അതുവരെയുണ്ടായിരുന്ന ജീവിതത്തിലെ സ്നേഹത്തെയെല്ലാം മറന്നു അവര്‍ സെമിത്തേരിയിലെ കുഴിമാടത്തില്‍ വിതറിയിരുന്ന പൂക്കളെയെല്ലാം ചവിട്ടി തെറുപ്പിച്ചുകൊണ്ട്‌ അതിലേക്ക് ആഞ്ഞടിച്ചവര്‍ അലമുറയിട്ടു ചോദിക്കുകയാണ് "ഇത്രനാളും എന്നെ വഞ്ചിക്കുകയായിരുന്നു ഇല്ലേ" എന്ന്. ഒരു മേല്‍വിലാസമില്ലാത്ത കത്തിന്റെ പേരില്‍ ജീവിതാവസാനം വരെ സ്നേഹിച്ചിരുന്ന ഇണയെ വെറുക്കുകയാണ്.സ്നേഹത്തിന്‍റെ ആധിക്യമല്ലാതെ മറ്റെന്താണിത്? 

  സ്നേഹം ചിലപ്പോഴെങ്കിലും ക്രൂരമാവാറുണ്ട്, 

 "ഒഴിമുറി എന്ന ഒരു മലയാള ചിത്രമുണ്ട് നടന്‍ മധുബാല്‍ സംവിധാനം ചെയ്തത് അതിലെ നായകനായ ആസിഫലി അച്ഛനായ ലാലിന്‍റെ കഥാപാത്രത്തെ ഓര്‍ക്കുന്നത് ക്രൂരനായ ഒരച്ചനായാണ്.അവന്‍റെയും അമ്മയുടെയും ജീവിതത്തില്‍ നിന്നും അവന്‍ തള്ളിക്കളയാന്‍ ആഗ്രഹിക്കുന്ന ഒരാള്‍.കാരണം അവന്‍റെ ഓര്‍മ്മയില്‍ കുഞ്ഞുന്നാളില്‍ ജനലഴികളില്‍പിടിപ്പിച്ചു നിര്‍ത്തി തന്നെ ക്രൂരമായി തല്ലുന്ന ഒരച്ഛന്റെ മുഖമാണുള്ളത് അവന്‍ ചെയ്ത തെറ്റെന്തെന്നു പോലും അവനറിയില്ല.അതിനെ പറ്റി പറയുമ്പോള്‍ അവന്‍റെ അമ്മ പറയുന്നുണ്ട് "അച്ഛനു നിന്നോട് സ്നേഹമില്ല എന്ന് നീ ഒരിക്കലും പറയരുത്".കുഞ്ഞിലെ നിനക്ക് പിള്ളവാതമായിരുന്നു.എല്ലാ ചികിത്സകാരും കൈവിട്ടിട്ടും അച്ഛന്‍ തളര്‍ന്നില്ല. തമിഴ്നാട്ടിലുള്ള ഒരു വൈദ്യരെ തേടി പിടിച്ചു കൊണ്ടുവന്ന് നിന്നെ ചികിത്സിക്കുകയായിരുന്നു.കഠിന പപത്ഥ്യമായിരുന്നു വെള്ളം കുടിക്കുവാന്‍ പറ്റില്ല.നിന്‍റെ കരച്ചില്‍ സഹിക്കവയ്യാതെ അഥവാ ഞാനെങ്ങാനും വെള്ളം തന്നാല്‍ എന്നെയും തല്ലാന്‍ വരുമായിരുന്നു.വാതം വന്ന കൈകള്‍ അഴികളില്‍ പിടിച്ചു ഉയര്‍ത്തി ദിവസവും കുറെ നേരം നില്‍ക്കണമായിരുന്നു.വേദന കൊണ്ട് നീ കൈകള്‍ താഴ്തുംബോഴാണ് അച്ഛന്‍ നിന്നെ അടിച്ചിരുന്നത്.പക്ഷെ ഒന്ന് നീ ഓര്‍ക്കണം ഒരു നേരം പോലും മീന്‍ ഇല്ലാതെ ഭക്ഷണം കഴിക്കാത്ത നിന്‍റെ അച്ഛന്‍ നിന്‍റെ പത്ഥ്യകാലം അത്രയും നീ കഴിച്ച അതേ ഭക്ഷണം മാത്രമേ കഴിച്ചിട്ടുള്ളൂ. നിനക്ക് ക്രൂരം എന്ന് തോന്നിച്ച കാര്യങ്ങള്‍ എല്ലാം നിന്നോടുള്ള നിന്‍റെ അച്ഛന്റെ സ്നേഹമായിരുന്നു."   

അതേ ക്രൂരത നിറഞ്ഞ പെരുമാറ്റത്തിലും ഒളിപ്പിച്ചു വച്ച സ്നേഹം.ഇന്നത്തെ കാലത്ത് നമുക്ക് തോന്നാം അങ്ങനത്തെ സ്നേഹം കൊണ്ട് എന്ത് പ്രയോജനം?പക്ഷെ അത് പറയുമ്പോള്‍ നാം കാണേണ്ടത് അവര്‍ കടന്നു വന്ന അവരുടെ ജീവിത സാഹചര്യങ്ങളെ കൂടിയാണ്.എവിടെ... നമ്മില്‍ എത്രപേര്‍ക്കറിയാം നമ്മുടെ മാതാപിതാക്കള്‍ ജീവിച്ചു വന്ന കഠിന സാഹചര്യങ്ങളെ അല്ലേ? 

 ഒരാളെ ജീവിതത്തില്‍ നിന്നും തള്ളിക്കളയുമ്പോള്‍ അന്നുവരെ ആ വ്യക്തി നമ്മുടെ ജീവിതത്തിന്‍റെ ഏതെങ്കിലും ഒക്കെ അവസരത്തില്‍ നമുക്ക് പകര്‍ന്നു തന്ന സ്നേഹത്തെയും സ്നേഹാനുഭാവങ്ങളെയുമൊക്കെയാണ് തള്ളിക്കളയുന്നത്.ഏതൊക്കെയോ അവസ്ഥകളില്‍ സംഭവിച്ചുപോയ ഒരു തെറ്റിന്റെ പേരില്‍ ,അല്ലെങ്കില്‍ കുറെ തെറ്റുകളുടെ പേരില്‍,വാക്കുകളുടെ പേരില്‍ അന്നുവരേ നമുക്ക് ആരൊക്കെയോ ആയിരുന്ന ഒരാളെ തള്ളിക്കളയുക.ഉള്ളില്‍ വേദനയോടെയാണ് ചെയ്യുന്നതെങ്കിലും എത്ര ക്രൂരമാണ് അത്. 

 മൂന്നാവര്‍ത്തി തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ ഒരു ദേഷ്യവും കാണിക്കാതെ നീയെന്നെ സ്നേഹിക്കുന്നുവോ,സ്നേഹിക്കുന്നുവോ,സ്നേഹിക്കുന്നുവോ എന്നുള്ള മൂന്നു ചോദ്യത്തിലൂടെ പൊട്ടിക്കരയിച്ചു തിരികെ സ്നേഹാനുഭവത്തിലേക്ക് പ്രവേശിപ്പിക്കുന്നുണ്ട് ക്രിസ്തു...നാമാരും ക്രിസ്തുവല്ലല്ലോ ല്ലേ? 

 എത്രയൊക്കെ അഭിനയിച്ചു പൊലിപ്പിക്കാന്‍ ശ്രമിച്ചാലും ഏതൊരു മനുഷ്യനും പെട്ടെന്ന് മനസ്സിലാവുന്ന കാര്യം സ്നേഹമില്ലായ്മയാണ്.അതുപോലെതന്നെ കളങ്കമില്ലാത്ത, മറിച്ചൊന്നും പ്രതീക്ഷയില്ലാത്ത സ്നേഹം ഏതു കഠിന ഹൃദയനെയും പൊട്ടിക്കരയിക്കാന്‍ തക്ക ശക്തവുമാണ്.

  സ്നേഹം എന്ന വാക്ക് സകല മനുഷ്യരെയും ഈറന്‍ ആക്കുന്നത് എന്തുകൊണ്ടാണ്?നിഷ്കളങ്ക സ്നേഹം നമ്മുടെ കണ്ണുകളെ നിറക്കുന്നത് എന്തുകൊണ്ടാണ്?
അതിന്‍റെ ദാരിദ്ര്യം കൊണ്ടാവും.അതിന്‍റെ ലഭ്യതകുറവുകൊണ്ടാവാം.... 

 പ്രളയം ചുറ്റിലും നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒലിവിലയുമായി നോഹയുടെ പെട്ടകത്തിലേക്കു തിരികെ പറന്നെത്തുന്ന പ്രാവ് നല്‍കുന്നത് വെറും ഒലിവിലയല്ല ജീവിതത്തിലേക്കുള്ള പ്രതീക്ഷകളാണ്.ഒരു പ്രാവിന്‍ കൊക്കില്‍ ഒതുങ്ങുന്നത്ര സ്നേഹം പകരാന്‍ നമുക്ക് സാധിച്ചാല്‍ അത് ലഭിക്കുന്ന മനുഷ്യര്‍ക്ക്‌ ഏതു പ്രളയത്തെയും മറികടന്നു ജീവിതത്തിലേക്ക് കുതിക്കുവാനുള്ള പ്രതീക്ഷയാവും ലഭിക്കുന്നത്.ജീവിതത്തിലെ പ്രിയപ്പെട്ടവരെ തള്ളിക്കളയും മുന്‍പ് നമുക്ക് ഒരു നിമിഷം ചിന്തിക്കാം എന്‍റെ ഒരു നുള്ള് സ്നേഹത്തിന്റെ അഭാവം (അല്ലെങ്കില്‍ അവഗണിക്കത്തക്ക സ്നേഹക്കൂടുതല്‍) അവനെ/അവളെ പ്രളയത്തിലെക്കാണോ തള്ളിയിടുക എന്ന്.