Thursday, December 4, 2014

അച്ചായന്‍റെ സ്വപ്‌നങ്ങള്‍



കാലത്തെഴുന്നേറ്റാലുടന്‍  വരാന്തയില്‍ ഇട്ടിരിക്കുന്ന ചാരുകസേലയില്‍ കിടന്ന് അന്നത്തെ പത്രം മുഴുവന്‍ അരിച്ചു പെറുക്കി വായിക്കുകയാണെന്‍റെ ആദ്യ പണി, കസാലയില്‍ വന്നിരിക്കുന്ന ഉടന്‍ ഒരു ഗ്ലാസ് കട്ടന്‍ മധുരം കൂട്ടി ആനി കൊണ്ടെത്തരും,അതിനു ശേഷവും പത്രവായനക്കിടയില്‍ രണ്ടു മൂന്നാവര്‍ത്തി  ഞാന്‍  അകത്തേക്ക് നോക്കി ആനിയേന്നൊരു വിളി വിളിക്കും.  ആ വിളി കേള്‍ക്കുമ്പോള്‍.......
"അച്ചായന് കാപ്പികുടി ഇത്തിരി കൂടുതലാ,അതുപോലെ  ഇച്ചിരെ നേരം തെറ്റിയാലെന്നാ കുഴപ്പമാ വരാന്‍ പോകുന്നെ വിളിച്ചങ്ങ്‌ കൂവുവല്ലേ ആനിയേ..കൂനിയേ ” 

കയ്യില്‍ നല്ല കട്ടന്‍ കാപ്പിയുടെ ഗ്ലാസ്സുമായി കപട ദേഷ്യം കാട്ടി  ആനി കടന്നു വരും , കാപ്പി കപ്പു കൈമാറുമ്പോള്‍ ആ കയ്യില്‍ പിടിച്ചു ഇവിടെ ഇരിയെടി എന്നും പറഞ്ഞു മടിയില്‍ പിടിച്ചിരുത്താന്‍ നോക്കും ഞാന്‍, 

"ഓ വയസാന്‍ കാലത്ത് നിങ്ങക്കെന്തിന്‍റെ കേടാ മനുഷ്യാന്നും" പറഞ്ഞു നാണത്തോടെ അവള്‍ അകത്തേക്കോടും 

ഓടുന്ന  അവളുടെ പുറകും നോക്കി വൈക്ലബ്യത്തോടിരിക്കുന്ന എന്നെ വാതിലിന്നരികെ ചെന്ന് നാക്ക് നീട്ടി കൊഞ്ഞനം കുത്തി കാട്ടിക്കൊണ്ട് അവള്‍ അകത്തേക്ക് പോകുമ്പോള്‍, ചെറു ചിരിയോടെ കാപ്പി മോന്തി  ഞാന്‍ മുറ്റത്തേക്കു നോക്കിയിരിക്കും . അങ്ങനെയിരിക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ നയന മനോഹരങ്ങളാണ്  

മുറ്റം നിറയെ പ്ലാസ്റ്റിക് പായില്‍ ഉണങ്ങാനിട്ടിരിക്കുന്ന കൊപ്ര ,അല്പം കുരുമുളക് ,തെക്കുവശത്തെ അഴയില്‍ ഞാന്നു കിടന്നുണങ്ങുന്ന അന്നത്തെ നാലോ അഞ്ചോ റബ്ബര്‍ഷീറ്റുകള്‍, വടക്ക് വശത്തെ കൊച്ചുപുരയില്‍ പുകയടിപ്പിക്കാനിട്ടിരിക്കുന്ന  ഷീറ്റുകള്‍, മുറ്റം കഴിഞ്ഞു രണ്ടു നടയിറങ്ങി പറമ്പിലേക്ക് ചെല്ലുമ്പോള്‍ അച്ചായോ വാ എന്ന് തലയാട്ടി വിളിക്കുന്ന റബ്ബര്‍ മരങ്ങള്‍, “ഞങ്ങളുമിവിടുണ്ടേ എന്നോര്‍മ്മിപ്പിക്കാന്‍ വേണ്ടി  ഓലകള്‍ ഇളക്കി ശബ്ദമുണ്ടാക്കുന്ന കായ്ഫലമുള്ള തൈ തെങ്ങുകള്‍ , ആനി അടുക്കള വരാന്തയിലേക്കിറങ്ങി "ബാ ബാ ബ  ബ്ബ ബബ്ബ" എന്ന് വിളിക്കുമ്പോള്‍ ഓടിയടുക്കുന്ന പത്തോ പതിനഞ്ചോ കോഴിപ്പിടകള്‍, അവരുടെ ഭര്‍ത്താക്കന്മാരായി വിലസുന്ന നാലോ അഞ്ചോ പൂവന്മാര്‍, ഷെഡില്‍ കിടക്കുന്ന ഒരു ചെറിയ എസ് യു വി  (ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ കസിന്‍സിന്‍റെ കൂടെയോ സുഹൃത്തുക്കളുടെ കൂടെയോ എനിക്കും ആനിക്കും ഏതേലും കുന്നും മലയും കയറി ഒന്ന് രണ്ടു ദിവസം അടിച്ചു പൊളിക്കാന്‍ പോകാന്‍  എസ് യു വി തന്നെയാ നല്ലത് )
അങ്ങനെ ഓരോന്നോര്‍ത്തു കിടക്കെ ആനി അകത്തു നിന്നും വിളിച്ചു പറഞ്ഞു 

“അച്ചായാ നാളെ ഞായറാഴ്ചയാ രാവിലെ നേരത്തെ പള്ളിയില്‍ പോണം തുണി തേക്കാനുള്ളതൊക്കെ ഇന്നേ ചെയ്തു വെക്കണം അല്ലേല്‍ കാലത്തെ കിടന്നു മുണ്ടില്ല ,ജുബ്ബ തേച്ചില്ല എന്നൊന്നും പറഞ്ഞു സമയം കളയല്ല് നേരത്തേ പറഞ്ഞേക്കാം”  

ഞായറാഴ്ച ദിവസം രാവിലെ ഞാന്‍ വെള്ള ജുബ്ബയും മുണ്ടുമുടുത്തും, ആനി വെള്ള കോട്ടന്‍ സാരിയുടുത്തും ഭക്തി നിര്‍ഭരരായിട്ടാണ് പള്ളിയിലേക്ക് പോകുന്നത് , പോകുന്ന വഴിയില്‍ 

"അച്ചായാ പള്ളിയില്‍ ചെന്നാല്‍ അകത്തു കേറി നിന്നോണം ,പള്ളി മുറീലല്ല കുര്‍ബ്ബാന നടക്കുന്നത്" 

എന്ന പതിവുപദേശം ആനി മുടക്കില്ല, പ്രയോജനമില്ല എന്നറിഞ്ഞിട്ടും അത് പറയാതിരിക്കാന്‍ അവള്‍ക്ക് കഴിയില്ല,
പള്ളിയില്‍ നിന്നും തിരികെ വരും വഴി കവലയിലെ കോള്‍ഡ് സ്റ്റോറെജില്‍ മരിച്ചു മരവിച്ചിരിക്കുന്ന പോത്തിറച്ചി ഒരു കിലോ വാങ്ങും, എനിക്ക് കൊളെസ്ട്രോള്‍ ആണേലും ആനി വഴക്കുണ്ടാക്കുമെങ്കിലും "ഞായറാഴ്ച എനിക്ക് പോത്ത് രണ്ടു കഷ്ണം കൂട്ടണം അല്ലേല്‍ ഒരിതില്ലന്നേ" എന്ന് ഞാന്‍ പറയും കാരണം മറ്റൊന്നുമല്ല ഞാനങ്ങനെ നിര്‍ബന്ധം പിടിച്ചു വാങ്ങിയില്ലേല്‍ ആനി ഇതൊന്നും കൂട്ടത്തില്ലെന്നേ!!!

ഞായറാഴ്ച പള്ളിയില്‍ നിന്നും വന്നു ഊണൊക്കെ കഴിഞ്ഞാലൊരു മയക്കം പതിവാ കഴിഞ്ഞ ഞായറാഴ്ച  ഉച്ച മയക്കം കഴിഞ്ഞെഴുന്നേറ്റൊരു കട്ടനും കുടിച്ചിരിക്കുമ്പോള്‍ ഗേറ്റിനു വെളിയില്‍ വികാരിയച്ചന്‍റെ തലവെട്ടം കണ്ടു അപ്പോളെ ഞാന്‍ ആനിയോടു  പറഞ്ഞു  

"ആനിയേ ഈ മാസത്തെ ഷീറ്റിന്‍റെ കാശ് പോയെടിയേന്നു"
അല്പം ഉറക്കെ അങ്ങനെ പറഞ്ഞ എന്നെ നോക്കി 70mm ചിരിയുമായി കടന്നു വന്ന അച്ചനും കപ്യാരും കമ്മറ്റിക്കാരും , വര്‍ത്തമാനത്തില്‍ എന്നെ ജാക്കി വെക്കാതെ തന്നെ ഒരുപാട്  പൊക്കാന്‍ നോക്കീട്ടും എനിക്കനക്കമില്ലെന്നു കണ്ടു ആനിയുടെ മുഖത്തേക്ക് ദയനീയമായി നോക്കിക്കൊണ്ടച്ചന്‍

"നിങ്ങളൊക്കെ സഹായിച്ചില്ലേല്‍ നമ്മുടെ പാരീഷു ഹാള്‍ പണി എങ്ങനെ നടക്കും"?, "വരാന്‍ പോകുന്ന കൊച്ചുമകന്‍റെ മാമ്മോദീസാ ചടങ്ങ് പുതിയ പാരീഷ് ഹാളില്‍ വെച്ചു നടത്തണമെന്നു ആനി ചേച്ചിക്ക് ആഗ്രഹമില്ലേന്നൊരു ചോദ്യം  ?"

 അച്ചന്‍ ആനിയുടെ വീക്ക്‌ പോയിന്‍റൊയ മക്കള്‍-കൊച്ചുമക്കള്‍ ഭാഗത്ത് തന്നെ ആക്രമണം നടത്തിയത്  കണ്ടപ്പോളേ ഞാന്‍ എഴുനേറ്റു പോയി ചെക്കുബുക്കെടുത്തു ഒപ്പിട്ടു തുകയെഴുതി അച്ചന്‍റെ കയ്യില്‍ കൊടുത്തു, അല്ലേല്‍  ആനിയുടെ ചെക്കുബുക്കില്‍ ഒപ്പ് വീണാല്‍ തുക ഇരട്ടിയായി പോകുമെന്ന് എനിക്കറിയാമല്ലോ... 

അച്ചനും കൂട്ടരും ഇറങ്ങിയപ്പോളാണ്  മൂത്ത മകളും മരുമോനും കൊച്ചുമക്കളും കൂടിയുള്ള വരവ് പിന്നെയൊരു തകര്പ്പാരുന്നു, ആനിക്ക് പിന്നെ എന്നാ ഉണ്ടാക്കിയാലും പോര പോരാന്നൊരു തോന്നലാ.
"അച്ചായോ കവലേ പോയിത്തിരി അത് വാങ്ങി വാ ഇത് വാങ്ങി വാ എന്നൊക്കെ പറഞ്ഞവള്‍ എന്നെക്കൊണ്ടെന്തേലുമൊക്കെ വാങ്ങിപ്പിക്കും , പഴയ റോയല്‍ എന്ഫീല്‍ടില്‍ കൊച്ചുമകനേം മുന്നില്‍ വെച്ചു ഞാന്‍ കവലയില്‍ പോകുന്ന കൂടെ പട്ടാളം തോമയുടെ വീട്ടില്‍ കയറി മുന്തിയ ഒരെണ്ണം വാങ്ങി എന്ഫീല്ടിന്റെ ബോക്സില്‍ ഒളിപ്പിച്ചു , ആനി അറിഞ്ഞാല്‍ കുഴപ്പമാ വീട്ടില്‍ ഈ സാധനം കേറ്റാനവള്‍ സമ്മതിക്കുവേല പിന്നെ "മരുമോന്‍ വരുമ്പോള്‍ അവന്‍റെ കൂടോരെണ്ണം അടിച്ചില്ലേല്‍ എന്തോന്നമ്മായിഅപ്പന്‍" അവള്‍ക്കിത് വല്ലോം അറിയാമോ. മരുമോന്‍ അടിക്കുമെങ്കിലും  എന്‍റെ മുന്നില്‍ നിന്നൊന്നും അടിക്കുവേല കേട്ടോ, ഞാന്‍ ഒഴിച്ച് വെച്ചേച്ച് അടുക്കള വഴി ഒരു ചുറ്റല്‍ കഴിഞ്ഞു വരുമ്പോള്‍ ഗ്ലാസ്സ് കാലിയാക്കിയിട്ടുണ്ടാവും ,അടുക്കളയില്‍ കേറി കറങ്ങി വന്ന കൂട്ടത്തില്‍ ആനി ഉലര്‍ത്തി വെച്ചിരുന്ന പോത്തൊരു ഡവറായില്‍ കോരിക്കൊണ്ടാണ് ഞാന്‍ പോന്നത് അതും കൊണ്ടേ അവനു കൊടുക്കുമ്പോള്‍ " ഓ വേണ്ടച്ചായാ എന്ന് ബഹുമാനത്തോടെ പറയുന്ന മരുമോന്‍, അവന്‍റെ ബഹുമാനം കണ്ടപ്പോള്‍ എന്‍റെ മനം കുളിര്‍ത്തു ..
അത് കഴിഞ്ഞു പതിയെ ഒരെണ്ണം കനത്തിലോഴിച്ച് വെള്ളവും ചേര്‍ത്ത് ചുണ്ടോടടുപ്പിച്ചതാണ് ഞാന്‍ അപ്പോളാണ് 

"നിങ്ങള് മനുഷ്യാ ആ കൊച്ചിനേം നശിപ്പിക്കുമല്ലോന്നുള്ള" അലര്‍ച്ച
അതുകേട്ടു കേട്ട് ഞെട്ടി ഗ്ലാസ് കയ്യീന്ന് പോയി കൂടെ കൈ തട്ടി കുപ്പിയും ആകെ ബഹളമയമായിരുന്നു നോക്കുമ്പോള്‍ ഈറ്റപ്പുലിപോലെ ആനി
“ഞാന്‍ അവനു കൊടുത്തില്ലെടീ സത്യായിട്ടും കൊടുത്തില്ല എന്നുള്ള പറച്ചില്‍ പക്ഷെ അവളുണ്ടോ കേള്‍ക്കുന്നു അവള് തിരിഞ്ഞ് ചൂലുമായി വരുന്നത് കണ്ടപ്പോള്‍ ഞാന്‍ കണ്ണുകളടച്ചു ദൈവമേ ഇവളെന്നെ ഇന്ന് ചൂലിനടിക്കുമോ? ആനീ വേണ്ട...... ആനീ വേണ്ടാ ഞാന്‍ പതിയെ പുറകോട്ടു മാറിക്കൊണ്ട് പറഞ്ഞുകൊണ്ടിരുന്നു   

പെട്ടെന്ന് എന്നെയാരോ പിടിച്ചു കുലുക്കിയതായിട്ടെനിക്ക് തോന്നി ഞാന്‍ കണ്ണുകള്‍ പതിയെ തുറന്നു... ആനി മുന്നിലുണ്ട് പക്ഷെ അവള്‍ക്കിപ്പോ ഒട്ടും പ്രായം തോന്നുന്നില്ല ങേ ഇതെന്തല്‍ബുദം... ഞാന്‍ അവളെ അത്ബുടത്തോടെ നോക്കുന്നത് കണ്ടു അവള്‍ ചോദിച്ചു 

“എന്നാ പറ്റി മനുഷ്യാ ഉറക്കത്തില്‍ കിടന്ന്‍ ആനീ വേണ്ട, ആനീ വേണ്ടാന്നൊക്കെ പറയുന്നേ” ?

ഞാന്‍ പെട്ടെന്ന് ചുറ്റും നോക്കി അടുത്തു കുപ്പിയുമില്ല മരുമോനുമില്ല നാട്ടിലെ വീടുമില്ല മുറ്റത്തെ കൊപ്രയും ഷീറ്റുകളുമോന്നുമില്ല,ഞാനിപ്പോ എന്‍റെ ഫ്ലാറ്റിലാണ് പിള്ളേര്‍ ആണേല്‍ സ്കൂളില്‍ പോകാനൊരുങ്ങുന്നു ,ഞാനൊന്നൂടെ നോക്കി ങ്ങേ അപ്പോള്‍ ഈ അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന ഇവളുമാരെയാണോ ഞാന്‍  കെട്ടിച്ചതും കൊച്ചുമക്കളുമായി നടന്നതും ഒക്കെ............... 

“എന്‍റെ കര്‍ത്താവേ ഞാന്‍ കണ്ടത് സ്വപ്നമാരുന്നോ ? ഹാ പോയല്ലോ എല്ലാം ന്നാലും ന്‍റെ കര്‍ത്താവേ പാരീഷു ഹാള് പണിക്കു വേണേല്‍ ഞാന്‍ കാശിനീം തരാരുന്നല്ലോ ഈ ചതി എന്നോട് വേണ്ടാരുന്നു”...എന്‍റെ നാടും വീടും റബ്ബര്‍ഷീറ്റും ,കുരുമുളകും കുപ്പീം എല്ലാം പോയല്ലോ!!!!!!!!!!

ജോഷി പുച്ചന്താലില്‍

 

വിജയേട്ടന്‍ പറഞ്ഞ കഥ

സൌഹൃദ സദസ്സിലെ വെടിവട്ടത്തില്‍ അന്ന് എല്ലാവരും ഇരിക്കെ കണ്ണനാണ് ആ ടോപിക് എടുത്തിട്ടത്       "പ്രണയം" ,

“പ്രണയത്തിലധിഷ്ടിതമാണ് ജീവിതം, ആരെയെങ്കിലും അല്ലെങ്കില്‍ എന്തിനോടെങ്കിലും പ്രണയമില്ലാത്ത മനുഷ്യരുണ്ടോ? അപ്പോള്‍ നമുക്കിന്നു പ്രണയത്തെ കുറിച്ച് സംസാരിക്കാം ഓരോരുത്തരും തങ്ങളുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഏറ്റവും പഴയ പ്രണയം ഇവിടെ പറയണം”

കണ്ണന്‍ നിബന്ധന വെച്ചപ്പോള്‍ എല്ലാരും അംഗീകരിച്ചു , ഓരോരുത്തരും തങ്ങളുടെ ഓര്‍മ്മകളിലെ ആദ്യ പ്രണയത്തെ തേടി അല്‍പ സമയം മൌനമായിരുന്നു....

അല്പം കഴിഞ്ഞപ്പോള്‍ വിജയേട്ടന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ എഴുനേറ്റു മേശക്കരികിലേക്ക് നടന്നു ,എല്ലാവരുടെയും കണ്ണുകള്‍ വിജയേട്ടന് പിന്നാലെ പോയി, അതുവരെ കഴുത്തു പിരിയാതിരുന്ന ബക്കാര്‍ഡിയുടെ പിടലിക്ക് കൈ വെച്ച് വിജയേട്ടന്‍ എന്നെയൊന്നു നോക്കി ആ നോട്ടത്തിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായി, ഞാന്‍ എഴുനേറ്റു ഫ്രിട്ജിനുള്ളില്‍ നിന്നും മൂന്നു നാല് പച്ച മുളകും ഒരു നാരങ്ങയുമെടുത്തു കഴുകി ഒരു സോസറിലാക്കി മേശയില്‍ വെച്ചു ഒപ്പം തണുത്ത വെള്ളവും, വിജയേട്ടന്‍ പതിയെ അതിലൊരു മുളകെടുത്തു നടുവേ കീറി ഗ്ലാസ്സിലെക്കിട്ടു ശേഷം ചെറുനാരങ്ങയുടെ ഒരു ചെറിയ മുറിയെടുത്തു ഗ്ലാസ്സിലേക്ക്‌ രണ്ടുതുള്ളി ഇറ്റിച്ചു, ശേഷം ആ നാരങ്ങാ മുറിയും ഗ്ലാസ്സിലേക്കിട്ടു പിന്നെ കുപ്പിയെടുത്ത് ഗ്ലാസ്സിന്‍റെ പകുതിയില്‍ കൂടുതല്‍ ബക്കാര്‍ഡി നിറച്ചു ഒട്ടും ധൃതിയില്ലാതെ വെള്ളക്കുപ്പിയെടുത്ത് ശേഷിക്കുന്ന ഭാഗത്ത്‌ വെള്ളവും നിറച്ചു ആ ഗ്ലാസ്സുമായി പതിയെ ജനാലക്കരികിലേക്ക് നീങ്ങി ,വെളിയിലേക്ക് നോക്കിക്കൊണ്ട്‌ ഒന്നു സിപ് ചെയ്ത ശേഷം ഗ്ലാസ് ജനല്‍പ്പടിയില്‍ വെച്ച് തിരിഞ്ഞു ഞങ്ങളെ നോക്കി.... ഒരു വിളറിയ ചിരി ആ ചുണ്ടില്‍ വിരിഞ്ഞിരുന്നു ...

എല്ലാവരും സ്രെദ്ധിച്ചിരിക്കുകയാണ് ,വിജയേട്ടന്റെ കഥകള്‍ക്ക് ഒരു വശീകരണ ശക്തിയുണ്ട് അറിയാതെ നാം അതിലെ കഥാപാത്രങ്ങലായ് മാറും അതുകൊണ്ടുതന്നെ വിജയേട്ടന്റെ കഥ കേള്‍ക്കാന്‍ എല്ലാവര്ക്കും താത്പര്യമാണ്.....

വിജയേട്ടന്‍ മെല്ലെപ്പറഞ്ഞു ആ ആദ്യ പ്രണയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇവന്‍ എരിഞ്ഞിറങ്ങുംപോലെ ഒരു നീച്ചലാണെനിക്ക്...തെറ്റ് ചെയ്തു പിടിക്കപ്പെട്ടൊരു കുട്ടിയുടെ അവസ്ഥയിലാവുമെന്റെ മനസ്സ്.. വീണ്ടും തിരിഞ്ഞ് ഒരു സിപ് കൂടി എടുത്ത ശേഷം വിജയെട്ടനൊരു സിഗരറ്റിനു തീകൊളുത്തി ജനലിനു വെളിയിലേക്ക് പുക ഊതി വിട്ടുകൊണ്ട് പതിയെ പറഞ്ഞു തുടങ്ങി........

"അന്ന് ഞാന്‍ നാട്ടിലെ ഗവ; ഹൈസ്കൂളില്‍ പഠിക്കുകയാണ് ,പഠിക്കുക എന്ന് പറഞ്ഞാല്‍ സ്കൂളില്‍ പോകുന്നുണ്ട് എന്നാല്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അവധി ആയിരിക്കും കാരണം അമ്മാവന്‍റെ പുരയിടത്തില്‍ എന്തെങ്കിലും പണിയുണ്ടാവും മറ്റു പണിക്കാരോടൊപ്പം ഞാനും അവരില്‍ ഒരാളാവും, അത്രയും കുറച്ചു അമ്മ കഷ്ട്ടപ്പെട്ടാല്‍ മതിയല്ലോ എന്ന ചിന്ത ആയിരുന്നു.എന്ന് കരുതി അമ്മാവനൊരു ക്രൂരനൊന്നും അല്ലാരുന്നു കേട്ടോ അതിനൊക്കെ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോ.. പക്ഷെ അമ്മാവനൊരു മകളുണ്ടായിരുന്നു ഞങ്ങളുടെ രീതിയില്‍ പറഞ്ഞാല്‍ എന്‍റെ മുറപ്പെണ്ണ്‍, പക്ഷെ ഞാനൊരിക്കലും ആ രീതിയില്‍ ചിന്തിച്ചിട്ടുമില്ല അതിനുള്ള യോഗ്യതയൊട്ടെനിക്കില്ലായിരുന്നു താനും, അവള്‍ക്കു പക്ഷെ എന്നെക്കാണുന്നത് കലിപ്പായിരുന്നു, പണിക്കു ചെല്ലുംബോളൊക്കെ ഒറ്റയ്ക്ക് കിട്ടിയാല്‍ എന്തെങ്കിലും ക്രൂരമായ പരിഹാസ വാക്കുകള്‍ പറയാതെ അവള്‍ വിട്ടിരുന്നില്ല, പലപ്പോഴും ഹൃദയത്തില്‍ ആഴത്തിലുള്ള മുറിപ്പാടുകള്‍ വീഴ്ത്തുന്നവയായിരുന്നു അവളുടെ വാക്കുകള്‍, പക്ഷെ ഒരിക്കലും ഞാന്‍ ആരോടും ഒരു പരാതിയും പറഞ്ഞിരുന്നില്ല.

ഇങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോളാണ് അമ്മാവന്‍റെ വീടിനു തൊട്ടടുത്തുള്ള വീട്ടിലെ, എന്‍റെ തൊട്ടു താഴെ ക്ലാസ്സില്‍ പഠിക്കുന്ന റേച്ചലിനെ ഞാന്‍ സ്രെദ്ധിക്കാന്‍ തുടങ്ങിയത്, പലപ്പോഴും അമ്മാവന്‍റെ പുരയിടത്തില്‍ പണിയെടുക്കുന്ന അവധി ദിവസങ്ങളില്‍ അവളെന്നെ സ്രെദ്ധിക്കുന്നത് ഞാന്‍ മനസ്സിലാക്കി, നോട്ടം തമ്മില്‍ കൂട്ടി മുട്ടുമ്പോള്‍ അവള്‍ എനിക്കായൊരു പുഞ്ചിരി പൊഴിച്ചിരുന്നു,അത്ര മനോഹരമായി ഒരു പെണ്ണിന് പുഞ്ചിരിക്കാന്‍ കഴിയുമെന്നു അന്നാണെനിക്ക് മനസ്സിലായത്‌, പക്ഷെ തിരികെ ഒരു പുഞ്ചിരി കൈമാറുവാന്‍ പോലുമുള്ള ഒരു ആത്മ വിശ്വാസം അന്നെനിക്കുണ്ടായിരുന്നില്ല, ഞാന്‍ നോട്ടം മാറ്റി രക്ഷപ്പെടുകയായിരുന്നു പതിവ് ,പക്ഷെ ഒരു ദിവസം അവള്‍ സ്കൂളില്‍ വെച്ച് എന്‍റെ മുന്നില്‍ വന്നു

"വിജയേട്ടനെന്താ എന്നോട് ദേഷ്യം ? എന്നൊരു ചോദ്യവുമായി, ഞാന്‍ പെട്ടെന്ന് പറഞ്ഞു

"ഹേ ഇല്ല ഒന്നുമില്ല"

പിന്നെന്തേ ഒന്നു ചിരിച്ചു കാട്ടാന്‍ പോലും ഇത്ര മടി?

എന്നില്‍ നിന്നും ഒരു വിളറിയ ചിരി പിറന്നു ,മറ്റൊന്നും പറയുവാന്‍ എനിക്കില്ലായിരുന്നു ,പതിയെ പതിയെ ആ സൗഹൃദം വളര്‍ന്നു ഇടക്കൊക്കെ ഒരു പുഞ്ചിരി, സ്കൂളില്‍ വെച്ച് രണ്ടു വാക്ക് സംസാരം, അങ്ങനെ ആരുമറിയാതെ ഞങ്ങളുടെ രണ്ടുപെരുടെയുള്ളിലും എന്തോ ഒരു വികാരം വളര്‍ന്നു വരുന്നുണ്ടായിരുന്നു. രാത്രിയുടെ യാമങ്ങളില്‍ ഞാനാ വികാരത്തെ മനസ്സിലിട്ടു താലോലിച്ചു അതെന്നോടൊപ്പം വളര്‍ന്നുകൊണ്ടിരുന്നു.......

വര്‍ഷങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു ഞാന്‍ ഡിഗ്രി കഴിഞ്ഞ് ജോലിയന്വേഷിക്കുന്ന കാലം,ഒരു ഞായറാഴ്ച പള്ളിയില്‍ നിന്നും മടങ്ങി വന്ന അവള്‍ നേരെ എന്‍റെ കൊച്ചു കുടിലിലേക്ക് വന്നു, അമ്മ അമ്മാവന്‍റെ വീട്ടിലായിരുന്നു മുറ്റത്തു നിന്നുകൊണ്ടവള്‍ സംസാരിച്ചു,

വിജയേട്ടന് ജോലി എന്തെങ്കിലുമായോ?

ഇല്ല ശ്രമിക്കുന്നു

അവളുടെ മുഖം ചെറുതായി വാടുന്നത് കണ്ടു ഞാന്‍ തിരക്കി,

എന്താ റേച്ചല്‍ ?

ഇല്ല,ചോദിച്ചൂന്നു മാത്രം ,അമ്മെ തിരക്കിയതായി പറ ഞാന്‍ പോട്ടെ....

ശരി

രണ്ടു ചുവടു നടന്നിട്ട് അവള്‍ തിരിഞ്ഞു നിന്നു എന്നിട്ട് മെല്ലെ പറഞ്ഞു,

വീട്ടില്‍ എനിക്ക് ചില ആലോചനകള്‍ ഒക്കെ വരുന്നുണ്ട്.. പക്ഷെ ഞാന്‍ വിജയേട്ടന് ജോലി ആവുന്നത് വരെ പിടിച്ചു നില്‍ക്കും...

എന്നിട്ട് പ്രതീക്ഷയോടെ അവള്‍ എന്‍റെ മുഖത്തേക്ക് നോക്കി
ഒരു പുഞ്ചിരികൊണ്ട് ഞാനവളെ സമാധാനിപ്പിച്ച് യാത്രയാക്കി

പക്ഷെ ജോലി കിട്ടുന്നതിനു മുന്നേ തന്നെ എല്ലാം തകിടം മറിഞ്ഞു ,അവളുടെ പക്ഷത്തു നിന്നല്ല, അവള്‍ വരുന്ന ആലോചനകള്‍ ഓരോന്നും തന്ത്രപരമായി ഒഴിവാക്കിക്കൊണ്ടിരുന്നു ,പക്ഷെ ഒരു ദിവസം അമ്മാവന്‍ വീട്ടിലേക്കു വിളിപ്പിച്ചപ്പോള്‍ പുരയിടത്തിലെ എന്തെങ്കിലും പണിക്കായിരിക്കും എന്നാണു കരുതിയത്‌ പക്ഷെ എന്‍റെ ജീവിതത്തെ എന്‍റെ സ്വപ്നങ്ങളെ തകിടംമറിച്ച ഒരു വിളി ആയിരുന്നു അത്

അമ്മയും അമ്മായിയും അമ്മാവന്‍റെ അടുത്തുണ്ടായിരുന്നു മുഖവുരയില്ലാതെ അമ്മാവന്‍ വിഷയത്തിലേക്ക് കടന്നു നിന്‍റെ വിവാഹക്കാര്യം സംസാരിക്കാനാണ് ഞാന്‍ നിന്നെ വിളിപ്പിച്ചത്...ഞാനൊരു നിമിഷം അന്ധാളിച്ചു പെട്ടെന്നിങ്ങനെ ഒരു സംസാരം അതും ജോലിയൊന്നും ആയിട്ടുമില്ല???

അതമ്മാവാ ജോലി എന്തെങ്കിലും ആയിട്ട്..........

ജോലി ഒക്കെ ആവുമ്പോള്‍ ആവട്ടെ ഇവിടെ ഇപ്പോള്‍ ജോലി ചെയ്യാതെ തന്നെ ജീവിക്കാനുള്ള വകയുണ്ടല്ലോ ?എനിക്കുള്ളതെല്ലാം അവള്‍ക്കുള്ളതല്ലേ? എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് രണ്ടാള്‍ക്കും

ങ്ങേ ..ഒരു നിമിഷം ഞാന്‍ ഞെട്ടിപ്പോയി ,അമ്മാവന്‍ പറഞ്ഞു വരുന്നത് ????

അത് തന്നെ വനജയും നീയും തമ്മിലുള്ള കല്യാണക്കാര്യം തന്നെ, നിന്നോട് പറഞ്ഞിട്ട് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം എന്ന് കരുതി, നിനക്ക് എതിര്‍പ്പോന്നുമില്ലല്ലോ ല്ലേ ?

അമ്മാവന്‍ എന്‍റെ മുഖത്തേക്ക് നോക്കി ഞാന്‍ ഞെട്ടലില്‍ നിന്നും വിമുക്തനായിരുന്നില്ല എങ്കിലും പറഞ്ഞൊപ്പിച്ചു...

വനജക്ക് നല്ല ആലോചനകള്‍ വരുമല്ലോ അമ്മാവാ അവള്‍ക്കിഷ്ടമുള്ള ഒരു കല്യാണം നടത്തു ,അവള്‍ക്കെന്നെ കണ്ണിനു പിടിക്കത്തില്ല,അമ്മാവന് ആകെയൊരു ,മകളല്ലെയുള്ളൂ അവളുടെ ഇഷ്ടം ചോദിച്ചു അങ്ങനെയൊരു കല്യാണം നടത്തിക്കൊടുക്കമ്മാവാ.....

"ഞാന്‍ അതാണ്‌ ചെയ്യുന്നത് ,അവളുടെ ഇഷ്ടം അവള്‍ നിന്‍റെ അമ്മായിയോട് പറഞ്ഞു അതിനു ഞങ്ങള്‍ എതിര് നില്‍ക്കുന്നില്ല"

ഇപ്പോള്‍ ഞാന്‍ അത്യധികം ഞെട്ടി..വനജ ആവശ്യപ്പെട്ടിട്ടാണീ ആലോചനയെന്നോ ? ഇതില്‍ നിന്നും എങ്ങനെ തലയൂരും? എന്നെ കണ്ടാല്‍ കുത്ത് വാക്കുകള്‍ പറയുന്നവള്‍ എന്‍റെ ഹൃദയത്തെ ഒരുപാട് മുറിപ്പെടുത്തിയവള്‍ എനിക്കാലോചിക്കുവാനേ സാധിക്കുന്നില്ല കൂടാതെ വര്‍ഷങ്ങളായി എന്‍റെയുള്ളില്‍ ഞാന്‍ താലോലിക്കുന്ന എന്‍റെ സ്വപ്നം, എനിക്കായി കാത്തിരിക്കുന്ന എന്‍റെ റേച്ചല്‍, അവളെ മറന്നുകൊണ്ടിതിനു സമ്മതിക്കാന്‍ എനിക്കെങ്ങനെ സാധിക്കും ?

ഞാന്‍ ഒന്നും മിണ്ടാതെ വനജയുടെ മുറിയിലേക്ക് നടന്നു ,എന്നെ കണ്ടയുടനെ അവള്‍ ചോദിച്ചു

"ആഹാ പണിക്കാരന്‍ എപ്പോള്‍ വന്നു? ഇന്നെന്താ പറമ്പില്‍ പണിയൊന്നുമില്ലേ ?"

ഇവള്‍ പഴയ പടി തന്നെ അപ്പോള്‍ അമ്മാവന്‍ പറഞ്ഞത് ? എനിക്കൊന്നും മനസ്സിലായില്ല... പിന്നെ രണ്ടും കല്‍പ്പിച്ച് ഞാനവളോട് തിരക്കി,

"അമ്മാവന്‍ ചില കാര്യങ്ങള്‍ പറഞ്ഞു അത് ശരിയാണോന്നറിയാനാ ഞാന്‍ വന്നത്"....

"ഞാനെന്നാ ജ്യോത്സരോ അമ്മാവന്‍ പറഞ്ഞത് ശരിയാണോന്നു പറയാന്‍"

.....വീണ്ടും അവള്‍ പഴയ ലൈനില്‍ തന്നെ

അല്ല അമ്മാവന്‍ പറഞ്ഞു വനജ ഞാനുമായിട്ടുള്ള കല്യാണത്തിനായി പറയുന്നു എന്ന്...എന്നെ ഇത്ര വെറുക്കുന്ന വനജ എന്തിനാണ് അങ്ങനെ പറഞ്ഞത് ?

പെട്ടെന്നവളുടെ മുഖം മാറി ,വിജയേട്ടനെ ഞാന്‍ വെറുക്കുന്നു എന്നാരാ വിജയേട്ടനോട് പറഞ്ഞത്?

അവളുടെ കണ്ണുകള്‍ ഇപ്പോള്‍ പെയ്യും എന്ന നിലയിലായി.......... ഞാനാകെ അമ്പരപ്പിലും

ഇത്രയും പറഞ്ഞു വിജയേട്ടന്‍ വീണ്ടും ജനാലപ്പടിയില്‍ നിന്ന് ഗ്ലാസ് കയ്യിലെടുത്തു പതിയെ പതിയെ രണ്ടു സിപ് ഇറക്കി ,വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് ഞങ്ങളെ നോക്കി, എല്ലാവരും അക്ഷമരായി ഇരിക്കുകയാണ്.... വിജയേട്ടന്‍ പതിയെ തുടര്‍ന്നു

വനജ.... അവളെന്നെ ഞെട്ടിച്ചു കളഞ്ഞു ,തിരിച്ചറിവായ കാലം മുതല്‍ അവള്‍ എന്നെ പ്രണയിക്കുകയായിരുന്നു ,പക്ഷെ അവളതു പ്രകടിപ്പിച്ചിരുന്നത് പരിഹാസത്തിലൂടെ ആയിരുന്നു ,ഞാന്‍ ഒരു പണിക്കാരനായി അവിടെ ചെല്ലുന്നത് അവള്‍ക്കിഷ്ടമാല്ലായിരുന്നു അതിനാണവള്‍ അങ്ങനെ ചെയ്തിരുന്നത് ...

പൊട്ടി ...അവള്‍ കരുതി പരിഹസിച്ചാല്‍ അത് കേട്ടു ഞാന്‍ പണിക്കു ചെല്ലാതാവുമെന്നു ,

അവള്‍ക്കറിയില്ലല്ലോ അവിടെയല്ലെങ്കില്‍ മറ്റെവിടെയെങ്കിലും പണിക്കുപോയാലെ എനിക്ക് പഠിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ എന്നത് അപ്പോള്‍ സ്വന്തക്കാരുടെ പണിക്കാരന്‍ ആവുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതിയതാണ് എന്ന്,
 പഠിക്കുക എന്ന എന്‍റെ ആഗ്രഹത്തെ തോല്‍പ്പിക്കാന്‍ അവളുടെ പരിഹാസങ്ങള്‍ക്കാവില്ലായിരുന്നു എന്ന് ...

അവള്‍ ഏല്‍പ്പിച്ച സകല മുറിവുകളും ഒരു നിമിഷംകൊണ്ട് എന്നില്‍ നിന്നും മാഞ്ഞു പോയ്‌ പക്ഷെ വലിയൊരു മുറിവ് ഇപ്പോള്‍ എനിക്കവള്‍ തന്നു... റേച്ചല്‍ അവളെ മറന്ന് വനജയെ ഞാനെങ്ങനെ സ്വീകരിക്കും

പക്ഷെ മിക്ക പ്രേമകഥകളിലെയും പോലെ അവസാനം അമ്മയുടെയും ,അമ്മാവന്റെയും വനജയുടെയുമൊക്കെ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ എന്നെ തന്നെ ചതിച്ചു , വനജയെ കെട്ടി അമ്മാവന്‍റെ സ്വത്തിനു അവകാശിയായി...
 വിജയേട്ടന്റെ ചുണ്ടിലൊരു പുച്ഛ ചിരി വിരിഞ്ഞു

"റേച്ചല്‍ അവള്‍..... അവളൊരു ഞെട്ടലില്‍ ആയിരുന്നു കുറച്ചു നാളേക്ക്..... പിന്നീടാണ് അവള്‍ എന്നെ ഞെട്ടിച്ചത്!!!!!!! എന്‍റെ മണവാട്ടിയാകാന്‍ ഒരുങ്ങിയിരുന്നവള്‍ ക്രിസ്തുവിന്‍റെ മണവാട്ടിയായി..........

ശേഷം പലതവണ കണ്ടെങ്കിലും അവളുടെ മുഖത്തേക്ക് നോക്കുവാന്‍ എനിക്ക് ശക്തിയുണ്ടായിട്ടില്ല...

ഇന്നും കുറ്റബോധത്തോടെയല്ലാതെ അവളെ ഓര്‍ക്കുവാന്‍ എനിക്ക് സാധിക്കില്ല,

ന്യായീകരിക്കാന്‍ സ്രെമിച്ചാല്‍ പലതുമുണ്ട് ഒരിക്കലും പ്രണയിക്കുന്നു എന്ന് ഞാനോ അവളോ പറഞ്ഞിട്ടില്ല പക്ഷെ സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചങ്ങനെ പറയാന്‍ എനിക്കാവില്ലല്ലോ " ആ സഭാ വസ്ത്രത്തില്‍ അവളെ കാണുമ്പോഴൊക്കെ ഞാനെന്ന പുരുഷന്‍ ചെറുതായി ചെറുതായി ഒരു ക്രിമിയായ് മാറാറുണ്ട്...

ഇതാണെന്‍റെ പ്രണയം ആരോടും പറയാതെ മനസ്സില്‍ മാത്രം ഞാനിതുവരെ സൂക്ഷിച്ച എന്‍റെ നഷ്ടപ്രണയം അല്ല ഞാന്‍ നഷ്ടപ്പെടുത്തിയ പ്രണയം ......................

വിജയേട്ടന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞങ്ങളില്‍ ആകെയൊരു മൂകത പടര്‍ന്നു ,പിന്നെ മറ്റാര്‍ക്കും തന്നെ അന്ന് അവരുടെ പ്രണയം പറയുവാനുള്ള മൂഡ്‌ ഉണ്ടായില്ല പലരും ബക്കാര്‍ഡിയില്‍ തങ്ങളുടെ വേദനകളെ മുക്കിക്കൊന്നു!!!!

സൌഹൃദത്തിന്റെ മരണങ്ങള്‍

സൌഹൃദങ്ങള്ളുടെ ജനനം പലവിധമുള്ള പോലെ തന്നെ സൌഹൃദങ്ങളുടെ മരണവും പലവിധമാണ് കാര്‍ഡിയാക് അറെസ്റ്റ്‌ പോലെ ഒറ്റ നിമിഷംകൊണ്ടുള്ള മരണമുണ്ട് ,ഇനിയൊന്നു സാവധാനമാണ്‌ വാര്‍ധക്യത്തില്‍ മെല്ലെ മെല്ലെ വരുന്ന മരണം പോലെ കത്തുകളും ഫോണ്‍വിളികളും കുറഞ്ഞു കുറഞ്ഞു വരും.....
ജീവിതം പറയാനും കേള്‍ക്കാനുമുള്ളതാണെന്നു പഠിപ്പിച്ചത് ഒരു സുഹൃത്തായിരുന്നു, ഞങ്ങളുടെ സൌഹൃദമായിരുന്നു ആ പാഠം പകര്‍ന്നു തന്നത്, പക്ഷെ മുകളില്‍ പറഞ്ഞതുപോലെ ആ സൌഹൃദത്തിന് കാര്‍ഡിയാക് അറെസ്റ്റ്‌ മൂലം പെട്ടെന്നൊരുനാള്‍ മരണം സംഭവിച്ചു,
വര്‍ഷങ്ങള്‍ക്കു ശേഷം അതേ സൌഹൃദം വീണ്ടും പെട്ടെന്നൊരുനാള്‍ പുനര്‍ജനിച്ചു വന്നു, ഇടിയും, മിന്നലും ഒപ്പം തുള്ളിക്കൊരുകുടം എന്നപോലെ പെയ്തുമായിരുന്നു അത് പുനര്‍ജനിച്ചു വന്നത്, ആ പെയ്ത്ത് കുറച്ചു നാളേക്ക് നീണ്ടു നിന്നിരുന്നു, അപ്പോഴും അറിയാമായിരുന്നു ഈ പെയ്ത്ത് എപ്പോള്‍ വേണമെങ്കിലും നിലക്കാമെന്ന് ,കരുതിയിരുന്നപോലെ തന്നെ അത് നിലച്ചു പക്ഷെ ഇത്തവണ കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നില്ല മെല്ലെ മെല്ലെയുള്ള മരണമായിരുന്നു അത് ,
ഇപ്പോള്‍ ഇടക്കൊക്കെ ഒരു പുഞ്ചിരികൊണ്ടു ആ സൌഹൃദത്തിന്റെ ജഡത്തിനു പുഷ്പചക്രം സമര്‍പ്പിക്കാറുണ്ട് ഞങ്ങള്‍........

കടപ്പാടുകളുടെ വിജയങ്ങള്‍

എന്‍റെ സ്കൂള്‍ പഠന കാലത്ത് ഞങ്ങളുടെ സ്കൂളില്‍ എല്ലാ ക്ലാസ്സുകളിലും വര്‍ഷാവസാന പരീക്ഷക്ക്‌ മുന്നായി 15പൈസ വിലയുള്ള ഒരു പോസ്റ്റ്‌ കാര്‍ഡ് സ്വന്തം അഡ്രെസ്സ് എഴുതി ക്ലാസ് ടീച്ചറിനെ ഏല്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു, വര്‍ഷാവസാന പരീക്ഷയുടെ റിസള്‍ട്ടും അടുത്ത വര്ഷം ഇരിക്കേണ്ട ക്ലാസ്സും ഡിവിഷനും ആ പോസ്റ്കാര്‍ഡില്‍ രേഖപ്പെടുത്തി തിരികെ വരുമായിരുന്നു, അതില്‍ പച്ച മഷികൊണ്ട് ചിലപ്പോള്‍ ഫസ്റ്റ് ക്ലാസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും, 5 മുതല്‍ 9വരെയുള്ള ക്ലാസ്സുകളില്‍ എന്‍റെ പോസ്ടുകാര്‍ഡില്‍ ഒന്നോ രണ്ടോ പ്രാവശ്യം അങ്ങനെ പച്ച മഷിയിലെഴുതിയ ആ വാക്ക് കടന്നു കൂടിയിട്ടുണ്ട്. ബാക്കി കൊല്ലങ്ങളില്‍ കാര്‍ഡ് എഴുതി പോസ്റ്റ്‌ ചെയ്ത മാഷിന്‍റെ കയ്യില്‍ "പച്ച മഷിയുള്ള പേന ഇല്ലാതിരുന്നത്" മൂലമാവാം രേഖപ്പെടുത്താഞ്ഞത്‌
"ഫസ്റ്റ്ക്ലാസ്" വലിയ സംഭവമായിരുന്ന കാലമാണത്. അന്ന് പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുട്ടികളെ കുറിച്ച് മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നത്
"കണ്ടോടാ അവന്‍ എല്ലാത്തിനും ഫസ്റ്റ്ക്ലാസ്സാ അങ്ങനെ പഠിക്കണം" എന്നായിരുന്നു,
എന്‍റെ സ്കൂള്‍ കാലത്തും ഇന്നും എന്നെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണ് കണക്ക്, ഈ കണക്കാണ് പത്താംക്ലാസ്സില്‍ എനിക്ക് ഫസ്റ്റ്ക്ലാസ് നിഷേധിച്ചത് കേവലം കൈവിരലുകളില്‍ എണ്ണാവുന്ന മാര്‍ക്കുകള്‍ക്ക് അത് നഷ്ട്ടപ്പെടുത്തിയപ്പോള്‍ കണക്കിനെ ഞാന്‍ വല്ലാതെ വെറുത്തുപോയ്, അതെന്നെ തിരിച്ചും വെറുത്തുകാണും പിന്നീടൊരിക്കലും അതെനിക്ക് വഴങ്ങിത്തന്നില്ല. എന്‍റെ പല കണക്കു കൂട്ടലുകളും തെറ്റാന്‍ തുടങ്ങിയത് അവിടെ നിന്നാവാം, അതോടെ ഞാന്‍ കണക്കുകള്‍ സൂക്ഷിക്കുന്ന സ്വഭാവം അവസാനിപ്പിച്ചു, അല്ലെങ്കിലും എന്‍റെ ജീവിതത്തിലെ കണക്കുകള്‍ അങ്ങനെ അക്കങ്ങളില്‍ എഴുതി സൂക്ഷിക്കെണ്ടാവയല്ലല്ലോ അവ കടപ്പാടുകള്‍ എന്ന ഗണത്തില്‍ വരുന്നവ ആയിരുന്നുവല്ലോ,
ജീവിതത്തിന്‍റെ ഓരോ തിരുവുകളിലും അങ്ങനെ കടപ്പെട്ടവര്‍ ഒരുപാടുണ്ട് സാമ്പത്തികമായുള്ള കടപ്പാടുകള്‍ മാത്രമല്ല, അതും ഉണ്ടെങ്കിലും അതിലും അധികമായ്‌ ഒരുപാട് കടപ്പാടുകള്‍ നിറഞ്ഞതാണ്‌ ഞങ്ങളുടെ ജീവിതം അതിനെ അക്കങ്ങളുടെ ഗുണന ഹരണ പട്ടികകളിലിട്ടു വില കൂട്ടുവാനോ കുറക്കുവാനോ ഞാനൊരുക്കമല്ല, അതിനാല്‍ തന്നെ ആവാം പലപ്പോഴും പലരുടെയും കണക്കു കൂട്ടലുകളില്‍ ഞങ്ങള്‍ പരാജിതര്‍ ആവുന്നത് അക്കങ്ങളെ സ്നേഹിച്ചു അവയെ പെരുപ്പിച്ചു മുന്നോട്ടു പോകുന്നവ്ര്‍ക്കാണിന്നു ഫസ്റ്റ്ക്ലാസ്, സോറി ഫസ്റ്റ് ക്ലാസ്സിന്‍റെ കാലം കഴിഞ്ഞല്ലോ അങ്ങനെയുള്ളവര്‍ക്കിന്ന് എല്ലാത്തിനും A+,
അങ്ങനെ കൂട്ടല്‍ കുറക്കല്‍ പേജുകളിലൊതുക്കി അക്കങ്ങളിലെഴുതി സൂക്ഷിക്കാന്‍ പറ്റാത്ത കടപ്പാടുകളെന്ന കണക്കിനെ തള്ളിക്കളയുവാന്‍ ഞങ്ങള്‍ക്കാവില്ല, അങ്ങനെയുള്ള ഫസ്റ്റ് ക്ലാസ്സുകളോ A+കളോ ഞങ്ങള്‍ക്കാവശ്യമില്ല പലരുടെയും കണ്ണില്‍ അതൊരു പരാജയമാവാം പക്ഷെ അങ്ങനെ പരാജിതനായി ജീവിക്കുന്നതിനും ഒരു സുഖമുണ്ട്, ആ സുഖം നഷ്ടപ്പെടുത്തുവാന്‍ ഇനിയും തയ്യാറല്ലാത്തതിനാല്‍ എന്‍റെ കണക്കുകളോടുള്ള വെറുപ്പ്‌ തുടരും, അത് മൂലം നഷ്ട്ടപ്പെടുന്ന ഫസ്റ്റ് ക്ലാസ്സുകളെയോര്‍ത്തു ഇന്നെനിക്കൊരു ദുഖവുമില്ല..................