Saturday, September 12, 2015

മടക്കം

യാത്ര കഴിഞ്ഞു തിരികെയെത്തിയ അന്ന് വൈകിട്ട് തന്നെ കോഫീ ഹൌസില്‍ വെച്ച് അരുന്ധതിയെ കണ്ടുമുട്ടി, കോഫീ ഹൌസിലെ എന്‍റെ സ്ഥിരം സീറ്റില്‍ അന്നത്തെ പത്രത്തില്‍ മുഖം താഴ്ത്തി ഇരുന്ന എനിക്കെതിരായി ആരോ

വന്നിരുന്നതായി തോന്നി മുഖമുയര്‍ത്തിയപ്പോള്‍ അവളാണ്, സ്വാഗതം ചെയ്തുകൊണ്ടുള്ള എന്‍റെ പുഞ്ചിരിക്കു പകരമായി കുറച്ചു സമയം എന്നെ കൂര്‍ത്ത നോട്ടം നോക്കിയിരുന്നുകൊണ്ട് അവള്‍ പറഞ്ഞു

"ദുഷ്ടനാണ്‌ നീ"  

നഗരത്തിലെ എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്,ആണ്‍ പെണ്‍ വേര്‍തിരിവുകളില്ലാതെ എന്തും പരസ്പരം ഷെയര്‍ ചെയ്യുന്ന കപടതയില്ലാതെ "സുഹൃത്ത്" എന്ന് പറയുവാന്‍ പറ്റിയ ആള്‍, അതാണ്‌ അരുന്ധതി.

നഗര ജീവിതത്തില്‍ നിന്നും ഇടക്കിടെയുള്ള എന്‍റെ ഒളിച്ചോട്ടത്തെപ്പറ്റി അരുന്ധതി ഇടയ്ക്കു തിരക്കാറുണ്ട്,ഒട്ടസൂയയോടെയാണവള്‍ പലപ്പോഴും എന്‍റെ യാത്രാനുഭവങ്ങളെ കേള്‍ക്കുന്നത്,എല്ലാത്തവണയും അവള്‍ പറയും

"ഇനിയുള്ള നിന്‍റെ യാത്രയില്‍ എന്നെക്കൂടി കൂട്ടെടാ, ഞാനും ഒരു മാറ്റത്തിനായി കൊതിക്കുന്നുണ്ട്".

എന്‍റെ യാത്രയെക്കുറിച്ചവള്‍ എപ്പോളും പറയുന്ന ഒരുദാഹരണമുണ്ട്

"മൂര്‍ഖനുമായുള്ള യുദ്ധത്തില്‍ വിഷം ശരീരത്തില്‍ പടരുന്നു എന്ന് തോന്നുമ്പോള്‍ പിന്‍വലിഞ്ഞു പോയി തനിക്കു മാത്രമറിയാവുന്ന ഏതൊക്കെയോ പച്ചില മരുന്നുകള്‍ തിന്ന്‍ പൂര്‍വ്വാധികം കരുത്തോടെ തിരികെ വരുന്ന കീരിയെ പോലെ, നിന്‍റെ നഗരത്തില്‍ നിന്നുള്ള  ഈ ഒളിച്ചോട്ടവും, വീണ്ടും ഏതൊക്കെയോ ഗ്രാമത്തിന്‍റെ വിശുദ്ധിയും പേറി കരുത്തോടെയുള്ള തിരിച്ചു വരവും എന്നെ ഒട്ടൊന്നുമല്ല കൊതിപ്പിക്കുന്നത്".

പലപ്പോഴും ഓര്‍ക്കും അടുത്ത തവണ അവളെയും കൂടെ കൂട്ടി വേണം യാത്രയെന്ന്‍, പക്ഷെ ഓര്‍മ്മകളെല്ലാം ഓടിയോളിച്ച് ശൂന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്ന ഏതോ നിമിഷങ്ങളിലാവും താന്‍ യാത്ര പുറപ്പെടുക,  സ്വയമറിയാതെ  ആരുടെയോ അദൃശ്യമായ നിയന്ത്രണങ്ങള്‍ക്ക് വിധേയനായപോലെ തുടങ്ങുന്ന യാത്രകളില്‍ അവളെ എങ്ങനെ കൂട്ടാന്‍?അവള്‍ക്കും അത് മനസ്സിലാവും, മാസങ്ങള്‍ക്ക് ശേഷമാവും താന്‍ ചിലപ്പോള്‍ തിരികെയെത്തുക ,

അത്ര നാളത്തെ വിരസമായ അവളുടെ സായന്തനങ്ങളുടെ ഓര്‍മ്മകളാണ് ഇപ്പോള്‍ ദേഷ്യമായി അവളില്‍ കാണുന്നതെന്നെനിക്കറിയാം,എന്നോടു മാത്രമല്ലേ അവള്‍ക്ക് ഇണങ്ങാനും പിണങ്ങാനും സന്തോഷം പങ്കിടുവാനുമൊക്കെ സാധിക്കൂ,

അവളുടെ ഭാഷയില്‍ മറ്റുള്ള ബന്ധങ്ങള്‍ എല്ലാം തന്നെ "മതലബീ രിശ്തെ"

"പിണക്കം കളയൂ ,നിന്‍റെ വിശേഷങ്ങള്‍ പറയൂ ആരു"...

ആരു എന്ന വിളിയില്‍ അവള്‍ എല്ലാം മറക്കുമെന്ന്‍ എനിക്കറിയാം, അവളുടെ പപ്പാ അവളെ വിളിച്ചിരുന്ന ഓമനപേരാണത്.

"വേണ്ടാ നീയെന്നെ അങ്ങനെ വിളിക്കണ്ട" എന്ന് പറഞ്ഞെങ്കിലും അവളുടെ സ്വരത്തിന് മൂര്‍ച്ച കുറഞ്ഞിരുന്നു.

അല്‍പ സമയം ഒന്നും മിണ്ടാതെ ഇരുന്നതിനു ശേഷം അവള്‍ ചോദിച്ചു

"എപ്പോള്‍ എത്തി"?

"പുലര്‍ച്ചെ". "ഉച്ച വരെ കിടന്നുറങ്ങി പിന്നെ എഴുനേറ്റു നിന്നേ കാണുവാനായി പോന്നു".

"ഓഹോ, ഞാന്‍ കോഫീ ഹൌസിലാണ് ജോലി ചെയ്യുന്നതെന്ന് താങ്കളോട് ആരാണ് പറഞ്ഞത്?

"എന്തായാലും നീ ഇവിടെ വരാതെ പോവില്ല എന്ന്‍ എനിക്ക് ഉറപ്പായിരുന്നു, അങ്ങനെ തന്നെയാണല്ലോ മുന്‍പ് എല്ലാ തവണയും നാം കണ്ടിട്ടുള്ളത്"

"ഓഹോ ഇനിയാവട്ടെ ആ പതിവ് ഞാന്‍ നിര്ത്തിത്തരാം, നീ എന്നെത്തേടി അലയും അടുത്ത തവണ"

"അതിന് അടുത്ത തവണ നമ്മള്‍ ഒരുമിച്ചല്ലേ യാത്ര പോകുന്നത്?

"ഓ ഇത് ഞാന്‍ എല്ലാത്തവണയും കേള്‍ക്കുന്നതാണല്ലോ"

"എന്നാല്‍ ഇതങ്ങിനെയല്ല അടുത്തമാസം അഞ്ചാം തീയതി നമ്മള്‍ പോകുന്നു"

"എങ്ങോട്ട്"? ഒട്ടൊരു ആകാംക്ഷയോടെയാണവള്‍ ചോദിച്ചത്

"അത് പറഞ്ഞാലേ നീ എന്റൊപ്പം വരൂ" ?

"അതല്ലെടാ അറിയുവാനുള്ള ആഗ്രഹം...ആകാംക്ഷ അങ്ങനെയെന്തോക്കെയോ,അല്ലാതെ നിന്‍റെ കൂടെ ഏതു നരകത്തിലേക്കും വരാന്‍ എനിക്കൊരു ഭയവുമില്ലാന്നു നിനക്കറിയരുതോ?

"എങ്കില്‍ കേട്ടോളൂ നമ്മള്‍ പോകുന്നത് എന്‍റെ സ്വന്തം ഗ്രാമത്തിലേക്ക്"

"ഏതു ,കേരളത്തിലേക്കോ? നീ സത്യമായിട്ടും പറയുന്നതാണോ ?

"അതേടീ ഡൌട്ടിംഗ് ലേഡീ"

"പോടാ കുരങ്ങാ, ഡൌട്ടിംഗ് ലേഡീ നിന്‍റെ പഴയ കാമുകി" എടാ പറഞ്ഞപോലെ അവളെ കാണുവാന്‍ പറ്റുമോ എനിക്കീ യാത്രയില്‍?

"അതറിയില്ല പക്ഷെ മറ്റു പലരെയും,പലതിനെയും നീ കാണും,എന്‍റെ വര്‍ണ്ണനകളിലൂടെ മാത്രമറിഞ്ഞ എന്‍റെ നാടിനെ നീ അനുഭവിച്ചറിയാന്‍ പോവുകയാണ്"

"ഹോ എന്‍റെ സന്തോഷം എനിക്കു നിന്നെ പറഞ്ഞറിയിക്കാന്‍ വയ്യ, നിന്‍റെ വര്‍ണ്ണനകളിലെ കൃഷ്ണ ക്ഷേത്രവും,ദേവീ ക്ഷേത്രങ്ങളും ആലും അമ്പലക്കുളവും തോടുകളും പാടങ്ങളും,രാമനും കൃഷ്ണനും വിജയനും, സോമന്‍റെ ചായക്കടയും അവിടുത്തെ പലഹാരങ്ങളുമൊക്കെ ഇതാ എനിക്ക് തൊട്ടടുത്തെത്തിയിരിക്കുന്നു. ഇനി പത്തു ദിനങ്ങള്‍ ഇല്ലേ.... ഹോ... കുറച്ചു കൂടി നേരത്തെ ആകാമായിരുന്നു.

"വേവുവോളം നിന്നാല്‍ ആറുവോളം കൂടി ക്ഷമിക്കരുതോടീ"?

"ഇനി ക്ഷമിച്ചു നില്‍ക്കാന്‍ വല്യ പാടാണ് മോനേ,ഒരിക്കല്‍ ആ ഗ്രാമത്തിലേക്ക് നീയെന്നെ കൊണ്ടുപോകുമെന്ന് ഞാന്‍ കരുതിയിരുന്നു.പതിയെ പതിയെ ആ പ്രതീക്ഷ എന്നില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു,ഇനി ഇതില്‍ ഒരു മാറ്റം സംഭവിച്ചാല്‍ നിന്നേ ഞാന്‍ കൊല്ലും പറഞ്ഞേക്കാം"

"ഇല്ല ഇനി മാറ്റമില്ല,നമ്മള്‍ പോകുന്നു.എന്‍റെ ഗ്രാമം എന്നെ കാത്തിരിക്കുന്നു അവിടെ, ഗ്രാമത്തിന്‍റെ വിളികള്‍ ഞാന്‍ കേള്‍ക്കുന്നു ഇനി കേട്ടില്ലാ എന്ന് നടിക്കാന്‍ എനിക്കാവില്ല."
==========================

"ഗ്രാമമേ ഞാന്‍ വരുന്നു, എന്നോടൊപ്പം ഒരു അതിഥിയും ഉണ്ട്,നിന്നേ കഥകളിലൂടെ മാത്രം കണ്ട് സ്നേഹിക്കുന്ന ഒരുവള്‍ അവള്‍ക്കു വേണ്ടിയാണ് ഈ വരവ്" അവള്‍ ഇത്രനാള്‍ നിന്നേ കാണുവാന്‍ കാത്തിരുന്നതുപോലെ ഇനിയുള്ള ദിവസങ്ങള്‍ അവള്‍ക്കായി നീയും ഒരുങ്ങി കാത്തിരിക്കൂ"

Friday, August 21, 2015

അമ്മയെന്ന പുണ്ണ്യം !!!!


അടുക്കളക്ക് നാലുപാളി കതകായിരുന്നു, അമ്മ അടുക്കളയില്‍ ഇല്ലാത്തപ്പോള്‍ താഴത്തെ രണ്ടു പാളി  അടഞ്ഞു കിടക്കും , പൂച്ചയും കോഴിയുമോന്നും കയറാതിരിക്കാന്‍ വേണ്ടിയാണെങ്കിലും ചില അവസരങ്ങളിലെങ്കിലും ചില കുടില ബുദ്ധികളായ പൂച്ചകളും കോഴികളുമൊക്കെ ഈ വാതില്‍ ഞങ്ങള്‍ക്കൊരു പ്രശ്നമല്ല എന്ന മട്ടില്‍ ചാടിയും പറന്നുമൊക്കെ കതകു പാളിയുടെ മുകളില്‍ എത്താറുണ്ട്. അമ്മ അടുത്ത മുറികളില്‍ എവിടെങ്കിലും ഉണ്ടെങ്കില്‍
"പോ പൂച്ചേ ഞാന്‍ ചൂലും കേട്ടെടുക്കും , "ഹ കോഴി മര്യാദക്കിറങ്ങിക്കോ" എന്നൊക്കെയുള്ള ചില ഒച്ചയിടലുകള്‍ വഴി വന്നതിലും വേഗത്തില്‍ അവ തിരികെ ചാടുന്നതും കാണാം. ഈ കോഴികളും പൂച്ചകളുമൊക്കെ വരുന്നതുപോലെയാണ് "ലൈലയും"  വരാറുള്ളത് എന്തെങ്കിലും അനക്കം കേട്ട് പൂച്ചയാണെന്നു കരുതി അമ്മ ചൂലും കെട്ടുമായി എത്തുമ്പോള്‍ ലൈല ഒരു പുഞ്ചിരിയോടെ അടുക്കളയില്‍ കാണും .

"എന്‍റെ ലൈലേ ഒന്ന് വിളിച്ചിട്ട് വരണം എന്ന് പറഞ്ഞാല്‍ നീ ഒരിക്കലും കേള്‍ക്കില്ല, മനുഷ്യനെ പേടിപ്പിക്കുമല്ലോ" ?എന്ന അമ്മയുടെ സ്ഥിരം ഡയലോഗ് കേള്‍ക്കുമ്പോഴും ലൈലയുടെ ചുണ്ടില്‍ ചിരി തന്നെ.

വന്നാല്‍ അടുക്കളയില്‍ പാത്രങ്ങള്‍ വല്ലതും ചാരം തേച്ചു  കഴുകുവാനുണ്ടെങ്കില്‍ അതൊക്കെയെടുത്തുകൊണ്ട് ലൈല വെളിയിലിറങ്ങും,കരി പിടിച്ച കലങ്ങളൊക്കെ നല്ല പളുപളാ മിന്നിച്ച് അടുക്കളയില്‍ തിരിച്ചെത്തുമ്പോള്‍ അമ്മക്കറിയാം ലൈല വന്നതെന്തിനെന്ന്‍ , പിഞ്ഞാണം നിറയെ ചോറും കറികളും വിളമ്പി കയ്യിലേക്ക് കൊടുക്കുമ്പോള്‍, എന്നത്തെയും പോലെ ലൈല പറയും ,

"ഉയ്യോ എനിക്കിത്രയോന്നും വേണ്ടേ, ഇതൊത്തിരിയുണ്ട്"

"അത് സാരമില്ല പതിയെ ഇരുന്നു കഴിച്ചാല്‍ മതി ലൈലേ" എന്ന് അമ്മ ,

അടുക്കള പടിയില്‍ പതിയെ ഇരുന്ന്‍ ലൈല കഴിക്കുമ്പോള്‍ അത് നോക്കി തൃപ്തിയോടെ ഊണുമുറിയിലേക്കുള്ള വാതില്‍പടിയില്‍ അമ്മയിരിക്കും. ചോറ് രണ്ടുരുള അകത്തേക്ക് ചെന്ന് കഴിയുമ്പോള്‍ ലൈല ചിണുങ്ങാന്‍ തുടങ്ങും,

"ചേച്ചീ  ഞാനെന്തിനാ ഇങ്ങനെ ജീവിക്കുന്നെ അതിയാനിന്നും പണിക്കു പോകാന്‍ പറ്റിയില്ല, ശ്വാസം മുട്ടലു മാറിയിട്ട് എന്നിനി പണിക്കു പോകും. ആകെയുണ്ടാരുന്ന അരിയെടുത്തു ചോറ് വെച്ച് വിളമ്പി വന്നപ്പോള്‍ എനിക്കു മാത്രമില്ല അങ്ങേരുടെ  പ്രായമായ തള്ളയാണേലും ഇത്തിരി ചോറ് കുറഞ്ഞാല്‍ ചീത്ത വിളിച്ചെന്‍റെ ചെവിട് പൊട്ടിക്കും, എത്രയെന്നു വെച്ചാ ആളുകളോട് കടം മേടിച്ചു ജീവിക്കുന്നെ?" ചേച്ചി  ഇവിടുന്നു തരുന്ന ഓരോ സഹായങ്ങള്കൊണ്ട് പട്ടിണി കിടക്കാതെ ഇപ്പൊ പോകുന്നു, എത്ര ദിവസം നനഞ്ഞിടം തന്നെ കുഴിക്കും " പിന്നെ മുള ചീന്തും പോലൊരു കരച്ചില്‍ പൊട്ടി വീഴും , അപ്പോള്‍ അമ്മ കപട ദേഷ്യത്തോടെ പറയും

"ലൈലേ ചോറിനു  മുന്നിലിരുന്നാണോ കരയുന്നെ?' ഞാന്‍ ലൈലക്കൊരു സഹായവും ചെയ്തിട്ടില്ല. ലൈല ഇവിടെ ചെയ്തു തരുന്ന ജോലിക്ക് കൂലി മാത്രമേ ഞാന്‍ തന്നിട്ടുള്ളൂ,നീ അതൊക്കെ സഹായമെന്ന് കരുതി നിന്‍റെ വേലക്കൂലി ഇനിയും ചോദിക്കാനുള്ള അടവെടുക്കുവാ ഇല്ലേ? അപ്പണി ഇവിടെ നടക്കൂല ,പെട്ടെന്ന് ചോറ് കഴിച്ചിട്ട് ആ പശൂനിത്തിരി പുല്ലു പറിച്ചിടാന്‍ നോക്ക്.

അത് കേള്‍ക്കുമ്പോള്‍ കണ്ണീരിനിടയിലൂടുള്ള ഒരു ചെറു ചിരിയോടെ ലൈല പെട്ടെന്ന് ഭക്ഷണം കഴിച്ചു തീര്‍ക്കും, പിന്നെ പറഞ്ഞ പണികളൊക്കെ ചെയ്തു തീര്‍ത്ത്

"ചേച്ചീ ഞാന്‍ പോകുവാണേ" എന്ന് വിളിച്ചു പറഞ്ഞു നടക്കുമ്പോള്‍ അമ്മ പിന്നില്‍ നിന്നും വിളിക്കും,

"നില്ല് ലൈലേ  ഇങ്ങു വന്നിട്ട് പോ, ഈ സമയത്ത് അമ്മ അരിപ്പെട്ടിയില്‍ നിന്നും അത്യാവശ്യം അരിയും അര മുറി തേങ്ങയും ,കറിവെക്കാനായി വെട്ടിവെച്ച കുലയില്‍ നിന്ന്‍ ഒരു പടല കായും ഒക്കെ കൂടി ഒരു പ്ലാസ്ടിക്കു കൂടിനുള്ളിലാക്കി കൊടുക്കും ,എന്നിട്ട് പറയും "പോയി ആ കിഴക്ക് വശത്തൂന്നിച്ചിരെ  കൊതുമ്പും ചൂട്ടുമൊക്കെ എടുത്തോണ്ട് പൊക്കോ ഇനി അതില്ലാന്നും പറഞ്ഞ് അടുത്തിടത്തോട്ടു കരഞ്ഞോണ്ട് പോകണ്ട"

ലൈല സന്തോഷത്തോടെ സാദനങ്ങളൊക്കെ എടുത്ത് ചൂട്ടും കൊതുമ്പും മടലുമോക്കെയടങ്ങുന്ന ഒരു ചെറിയ കെട്ടു തലയിലും ഏറ്റി നടന്നു പോകുമ്പോള്‍,

അമ്മ നെടുവീര്‍പ്പോടെ പറയും പാവം എത്ര നാളായി ദൈവമെ ഇവളുടെ ഈ കഷ്ടപ്പെടീല്‍,  ഇത് എന്ന് മാറ്റിക്കൊടുക്കും  നീ.....

അമ്മയുടെ ഇല്ലായ്മയില്‍ നിന്നും കൊടുത്ത ആ ചെറിയ സഹായങ്ങളെ ഞങ്ങള്‍ വലിയ പ്രാധാന്യമായിട്ടൊന്നും കണ്ടിട്ടില്ല, അമ്മയുടെ പോളിസി, അവര്‍ക്ക് കൊടുക്കുന്നത് വെറുതെ കൊടുക്കുന്നതായി തോന്നിപ്പിക്കാതെ അവരുടെ ജോലിക്കുള്ള കൂലി എന്ന നിലയില്‍ ആയിരുന്നു താനും...... .

പക്ഷെ ആ ചെറിയ കൂലികള്‍ അതിലേറെ സ്നേഹമായി വളര്‍ന്നു വരുമെന്ന് ആര് ചിന്തിച്ചു? അതിന്‍റെ വിലയറിഞ്ഞത് നാട്ടിലെത്തിയപ്പോള്‍ വര്‍ഷങ്ങള്‍ കൂടി ലൈല എന്ന ആ പഴയ ചെറുപ്പക്കാരിയെ വാര്‍ധക്യഅവസ്ഥയില്‍ വഴിയില്‍ വെച്ചു കണ്ടുമുട്ടിയപ്പോളാണ്.

അമ്മയുടെ വേര്‍പാടിന് ശേഷം ആദ്യമായി കാണുകയായിരുന്നു ലൈലയെ, എന്നെ മനസ്സിലായപ്പോള്‍ ഒരു പൊട്ടിക്കരച്ചിലോടെ അടുത്തു വന്നു കൈപിടിച്ച് ആ കയ്യില്‍ ഒരുമ്മ തന്നുകൊണ്ട് പറഞ്ഞു എന്‍റെ കുഞ്ഞേ എന്നാലും എനിക്കമ്മച്ചിയെ അവസാനമായി ഒന്ന് കാണാന്‍ പറ്റിയില്ലല്ലോ ? ഞാനറിഞ്ഞില്ല മോനെ... ആരും എന്നോടു പറഞ്ഞില്ല.... എന്നുംപറഞ്ഞു പഴയപോലെ തന്നെ ആ മുളചീന്തല്‍ കരച്ചില്‍ , ഒപ്പം അമ്മ ചെയ്തുകൊടുത്ത സഹായങ്ങളുടെ കണക്കുകള്‍ എല്ലാം നിരത്തി.
പിന്നെ എന്നോടു ചേര്‍ന്നുനിന്നുകൊണ്ട് "എന്‍റെ മക്കളേ നിങ്ങള്‍ക്കനുഗ്രഹങ്ങള്‍ മാത്രമേ ഉണ്ടാവൂ അമ്മച്ചിയുടെ മനസ്സ് അതുപോലെയാരുന്നു. എന്നും ഈശ്വരനെ വിളിക്കുമ്പോള്‍ നിങ്ങളെയും ഈ ലൈല ഓര്‍ക്കും അല്ലാത്തൊരു ദിവസവും ഇല്ലെനിക്ക്. മക്കള്‍ക്കറിയത്തില്ല  അമ്മച്ചി എനിക്കു ചെയ്തു തന്ന സഹായങ്ങളൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല...

അല്‍പ സമയം ചെറു ചിരിയോടെ എല്ലാം കേട്ടു നിന്നെങ്കിലും, എന്‍റെ അമ്മയെന്ന സാധാരണക്കാരിയായ സ്ത്രീയെ ഈ ആളുകള്‍ എങ്ങനെയൊക്കെ സ്നേഹിച്ചിരുന്നു എന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു, അവര്‍ക്ക് അമ്മയോടുള്ള  സ്നേഹം ഞങ്ങളിലേക്കും ഒഴുകിയിറങ്ങുന്നത് കണ്ടപ്പോള്‍ എനിക്കു വീണ്ടും മനസ്സിലായി,

അമ്മയുടെ മക്കളായി പിറക്കാന്‍ സാധിച്ചതാണ് ഞങ്ങളുടെ പുണ്ണ്യമെന്ന്.         

വിശുദ്ധത /വഞ്ചന ?

"ഓരോ കുഞ്ഞും വളരുന്നത് ചിലതിനെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ടാണ്,ഒരു സുപ്രഭാതത്തില്‍ കുഞ്ഞ് ആഹാരം വാരി തരുന്ന അമ്മയുടെ കൈ തള്ളി മാറ്റി പറയുന്നു  അമ്മ വാരി തരണ്ട ഇനി ഞാന്‍ തനിയെ കഴിച്ചോളാം.വസ്ത്രം അണിയിച്ചിരുന്ന അച്ഛനോട് പറയുന്നു വേണ്ടച്ഛാ ഇനി ഞാന്‍ തനിയെ ചെയ്തുകൊള്ളാം അപ്പോള്‍ അച്ഛനും അമ്മയും പറയുന്നു "എന്‍റെ കുഞ്ഞു വളര്‍ന്നു".
വളരുവാന്‍ ചിലതിനെയൊക്കെ തള്ളിക്കളയണമെന്നുള്ള അബദ്ധ ധാരണ കുഞ്ഞിന്‍റെ മനസ്സില്‍ രൂപപ്പെടുന്നു.പതിയെ അച്ഛനേയും അമ്മയെയും തള്ളിയ അവന്‍ കളിക്കൂട്ടുകാരനെ, ബന്ധുക്കളെ, വീടിനെ,ഒരിക്കലുണ്ടായിരുന്ന വിശുദ്ധ പ്രണയത്തെ, ഈശ്വരനെ അങ്ങനെ ഓരോന്നിനെയായി തള്ളിക്കളഞ്ഞുകൊണ്ട് മുന്നോട്ടു പോകുന്നു പക്ഷെ അപ്പോഴും ഈ തള്ളിക്കളഞ്ഞവയൊക്കെ ഒരു കനലായി അല്ലെങ്കില്‍ ഒഴുകുന്ന ഒരു പുഴയായി അവന്‍/അവള്‍  ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട്.അതാണ്‌ നോസ്ടാള്‍ജ്യ, ജീവിതത്തിന്‍റെ ഏതൊക്കെയോ നിമിഷങ്ങളില്‍ താന്‍ നെഞ്ചില്‍ സൂക്ഷിക്കുന്ന, മുന്‍പ് തള്ളിക്കളഞ്ഞവയിലേക്ക് നോസ്ടാല്‍ജ്യയിലെക്ക് മടങ്ങുവാന്‍ അതിയായ ആഗ്രഹം തോന്നും,  അവന്‍/അവള്‍ അതിലേക്കു തന്‍റെ മടക്കയാത്ര ആരംഭിക്കും, ആ നിമിഷത്തില്‍ അവന്‍റെ/അവളുടെ ആത്മീയത അവനില്‍/അവളില്‍  ആരംഭിക്കുകയായി. തള്ളിക്കളഞ്ഞവയിലേക്കുള്ള, നോസ്ടാല്‍ജ്യയിലേക്കുള്ള മടക്കയാത്രയാണ് ആത്മീയതയുടെ ആരംഭം".

അച്ചന്‍ ഞായറാഴ്ച പള്ളിയില്‍ ആത്മീയതയെക്കുറിച്ചുള്ള ധ്യാനപ്രസംഗം നടത്തുകയാണ്, ഏറ്റവും പിന്നില്‍ ഭിത്തിയിലേക്ക് ചാരിയിരുന്ന്‍ പ്രസംഗം കേട്ടിരുന്ന യാക്കോബിന്‍റെ മുഖത്തൊരു പുഞ്ചിരിയുണ്ട് കുറെ ദിവസങ്ങളായി മനസ്സില്‍ ഒരു ഭാരമായിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ആത്മീയതയായി മാറിയിരിക്കുന്നു.ദൈവമെ സ്തോത്രം.

കുറച്ചു ദിവസം മുന്‍പാണ് നെഴ്സറിക്കാലം മുതല്‍ ഒന്നിച്ചു പഠിച്ചിരുന്ന ജൂവെലിനെ വര്‍ഷങ്ങള്‍ക്കു ശേഷം ഫേസ്ബുക്ക് വഴി  വീണ്ടും കണ്ടു മുട്ടിയത്,അവളെ ഒരിക്കലും മറന്നിരുന്നില്ല എന്നതാണ് സത്യം ,പത്താം ക്ലാസ്സിനു ശേഷം വെവ്വേറെ ഇടങ്ങളിലായി പഠനമെങ്കിലും വിവരങ്ങള്‍ ഒക്കെ അറിഞ്ഞിരുന്നു, ഉള്ളിന്‍റെ ഉള്ളില്‍ അവളോടൊരിഷ്ടം സൂക്ഷിക്കുമ്പോഴും വെളിയില്‍ എന്നും  അനിഷ്ടമാണ് കാട്ടിയിരുന്നത്,അവളും അങ്ങിനെ തന്നെ ആയിരുന്നു, ക്ലാസ്സിലെ പഠിപ്പിസ്റ്റ് പെണ്ണിനോട് ഉഴപ്പന്മാരുടെ തലവനായവന് ഇഷ്ടം തോന്നിയിട്ടും കാര്യമില്ലെന്നുള്ളത് ആര്‍ക്കാണ് ഊഹിക്കാന്‍ പറ്റാത്തത്.എങ്കിലും താന്‍ കാട്ടിയിരുന്ന വികൃതിത്തരങ്ങളും കുസൃതികളുമെല്ലാം അവളുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ വേണ്ടി ആയിരുന്നുവന്നത് ആര്‍ക്കുമറിയാന്‍മേലാഞ്ഞ രഹസ്യമായിരുന്നു.അതെല്ലാം അവള്‍ ആസ്വദിച്ചിരുന്നുവെന്നും തന്‍റെയുള്ളിലെ അതെ മനോഭാവമായിരുന്നു അവള്‍ക്കുമന്നുണ്ടായിരുന്നതെന്നും ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം അറിഞ്ഞപ്പോള്‍ മനസ്സ് തേങ്ങി, ആ പഴയ പത്താം ക്ലാസ്സുകാരനായൊന്നു മാറാന്‍ മനസ്സ് കൊതിച്ചു, പക്ഷെ ആവില്ലല്ലോ ഇനിയൊരു തിരിച്ചു പോക്ക്. ഇന്ന് രണ്ടു പേരും കുടുംബസ്ഥരായി മാറി,തനിക്ക് സ്നേഹനിധിയായ ഒരു ഭാര്യയും രണ്ടു കണ്മണികളും ഉണ്ട്, അവള്‍ക്കും അതുപോലെ തന്നെ. അറിയാം തങ്ങള്‍ക്ക്.

പക്ഷെ ജീവിതത്തിലെ ആദ്യ പ്രണയം, വിശുദ്ധിയോടെ,നൈര്‍മല്യതയോടെ തങ്ങളുടെ ഹൃദയത്തിന്‍റെ ഉള്ളറകളില്‍ സൂക്ഷിച്ചിരുന്നത് തിരിച്ച് മറ്റെയാള്‍ക്കും  തോന്നിയിരുന്നു എന്ന് മനസ്സിലാവുമ്പോള്‍ ഉണ്ടാവുന്ന ഒരു ആനന്ദമുണ്ടല്ലോ,അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ആത്മീയാവബോധം കിട്ടിയവനെപ്പോലെയാവും മനസ്സപ്പോള്‍. കണ്ടുമുട്ടുന്ന സകല ജീവജാലങ്ങളോടും ഒരു വികാരം മാത്രം സ്നേഹം ...ഹാ എന്തോരാനന്ദകരമായ അവസ്ഥ.ഇത് പറഞ്ഞു ഫലിപ്പിക്കുവാന്‍ ആവില്ല അനുഭവിച്ചാല്‍ മാത്രമേ ഉള്‍ക്കൊള്ളാനാവൂ.

പക്ഷെ തങ്ങള്‍ ഇന്ന്‍ ആരാണെന്നും എന്താണെന്നുമുള്ള പൂര്‍ണ്ണ ബോധ്യത്തോട് കൂടിത്തന്നെയാണ് കാതങ്ങള്‍ അപ്പുറവും ഇപ്പുറവും ഇരുന്ന് ഇന്ന് തങ്ങള്‍ ചാറ്റിംഗ് ചെയ്യുന്നത് എങ്കിലും മനസ്സിന്‍റെയുള്ളില്‍ ഒരു ചെറിയ കുറ്റബോധം ഉടലെടുത്തിരുന്നു,അവളുടെ കോളുകള്‍ വരുമ്പോളുള്ള ഭാര്യയുടെ നോട്ടത്തില്‍ സംശയത്തിന്‍റെ നിഴലുകളുണ്ടോ? അവളോട്‌ താന്‍ തെറ്റാണോ ചെയ്യുന്നത്? തുടങ്ങിയ ചിന്തകള്‍ ആണ് അലട്ടിയിരുന്നത്.എന്നാല്‍ ഇന്ന്‍ അച്ചന്‍റെ പ്രസംഗത്തോടെ തനിക്കു മനസ്സിലായിരിക്കുന്നു ഇത് തന്‍റെ നോസ്റ്റാള്‍ജ്യയിലേക്കുള്ള മടങ്ങി പോക്കാണ് അത് ആത്മീയമാണ് ഒരിക്കലും തെറ്റിലേക്ക് വഴുതി വീഴാന്‍ സാധ്യതയില്ലാത്തത്ര വിശുദ്ധമാണത്.

അന്നത്തെ പഴയ നേഴ്സറികുട്ടികളെപ്പോലെ കളങ്കമില്ലാത്ത ഹൃദയത്തോടെയാണ് ഞങ്ങളിപ്പോള്‍, അന്നുമുതല്‍ പരസ്പരം പറയാതെ വെച്ചിരുന്ന പല കാര്യങ്ങളും ആ നിഷ്കളങ്കതയോടെ ഇന്ന് ഞങ്ങള്‍ പങ്കിടുന്നു അതിനെ മുതിര്‍ന്നു വരുമ്പോള്‍ വഴിതെറ്റിപ്പോകുന്ന കണ്ണുകള്‍കൊണ്ട് ആരും കാണരുതേ............ഞങ്ങള്‍ ഞങ്ങളുടെ ഗൃഹാതുരത്വത്തിന്‍റെ ആത്മീയതയിലൂടെ സഞ്ചരിക്കട്ടെ.