തണുപ്പുകാലമാണെങ്കിലും ചൂടുകാലമാണെങ്കിലും രാവിലെ ഏഴു മണിക്ക് കുട്ടികള്‍ക്ക് സ്കൂളിലേക്ക് പുറപ്പെടണം,അധികം താമസിയാതെ തന്നെ എനിക്ക് ഓഫീസിലേക്കും ,മോര്‍ണിംഗ് ഡ്യൂട്ടി ആണെങ്കില്‍ പ്രിയതമയെ ഹോസ്പിറ്റലില്‍ കൊണ്ടാക്കിയിട്ടുവേണം എനിക്ക് പോകുവാന്‍ അങ്ങനെയുള്ള ദിവസങ്ങളില്‍ ആള്‍ രാത്രിയിലെ ശട്ടം കെട്ടും രാവിലെ എന്നെ വിട്ടിട്ടെ പോകാവൂ ,...രാവിലെ അഞ്ചു മണിയാവുമ്പോള്‍ അലാറം അടിക്കുന്നത് ചില ദിവസങ്ങളില്‍ ഞാന്‍ കേള്‍ക്കും, കേട്ടാലും അറിയാത്ത ഭാവത്തില്‍ കിടക്കും. അല്പം കഴിയുമ്പോള്‍ സഹധര്‍മിണി എഴുന്നേറ്റു പോകുന്നത് ഞാന്‍ അറിയും .
വെളുപ്പാന്‍കാലത്തെ തണുപ്പില്‍ കമ്പിളിക്കുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ട് ഞാന്‍ കട്ടിലില്‍ "S" എന്ന ഇംഗ്ലീഷ് അക്ഷരം വരക്കും ,ആറുമണിക്ക് മുന്‍പായി എന്‍റെ പാവം ഭാര്യ കട്ടന്‍കാപ്പിയുമായി വന്നു എന്നെ വിളിച്ചുണര്‍ത്തും ,ജോഷിച്ചായാ എഴുന്നേല്‍ക്കു ,പിള്ളേരെ വിളിച്ചുണര്‍ത്തു ,താമസിച്ചാല്‍ സ്കൂള്‍ ബസ് പോകുമെ ,ഒന്ന് രണ്ടു വട്ടത്തെ വിളിയോടെ ഞാന്‍ പതിയെ കണ്ണ് തിരുമ്മി എഴുന്നേല്‍ക്കും ഇനി കിടന്നാല്‍ എനിക്ക് പണിയാവും, സ്കൂള്‍ ബസ് പോയാല്‍ പിന്നെ പത്തു പന്ത്രണ്ടു കിലോമീറ്റര്‍ അപ്പുറമുള്ള സ്കൂളില്‍ കുട്ടികളെ കൊണ്ടെ ആക്കിയിട്ട് എനിക്ക് ഓഫീസില്‍ പോകേണ്ടി വരും ,എങ്ങനെയൊക്കെ നോക്കിയാലും ലേറ്റ് ആവും ബോസ്സിന്‍റെ വളിച്ച കമ്മെന്‍റ് കേള്‍ക്കേണ്ടി വരും .അതിലും നല്ലത് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണുന്നതാണല്ലോ, രണ്ടും ഒരേ വികാരം തോന്നിപ്പിക്കുമെന്നതിനാല്‍ രണ്ടിനും അവസരമുണ്ടാവല്ലേ എന്ന് പ്രാര്‍ഥിച്ചു എഴുന്നേറ്റു കുട്ടികളുടെ മുറിയില്‍ എത്തി ഒരു വിധത്തില്‍ അവരെ വിളിച്ചുണര്‍ത്തും .
വെളുപ്പിനുള്ള തണുപ്പില്‍ അവരോടു ഈ ചെയ്യുന്നത് ഒരു ക്രൂരത ആണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് എങ്കിലും ആ ഭാവം കുട്ടികളുടെ അടുത്ത് കാണിച്ചാല്‍ അവര്‍ അത് മുതലാക്കാന്‍ സ്രെമിചെന്കിലോ എന്ന ഒരു ചിന്തയാല്‍ അല്പം ഗൌരവ ഭാവത്തിലാണ് ഞാന്‍ രാവിലെ അവരെ വിളിച്ചുണര്‍ത്തുന്നത് .രാവിലെ കുട്ടികളെ ഒരുക്കി സ്കൂള്‍ ബസില്‍ കയറ്റി വിടുക എന്നത് എന്റെ ഡ്യൂട്ടിയാണ് ,അത് കൃത്യമായി ചെയ്യുവാന്‍ എന്നെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുക എന്നത് ഭാര്യയുടെ ഡ്യൂട്ടിയും .
രാവിലത്തെ തണുപ്പിലും ചൂട് വെള്ളത്തില്‍ ദിവസവും കുളിച്ചു സ്കൂളില്‍ പോകണം എന്നത് ഞങ്ങളെക്കാള്‍ അധികം കുട്ടികള്‍ക്ക് നിര്‍ബന്ധം,അങ്ങനെ കുളി കഴിഞ്ഞെത്തുന്ന രണ്ടുപേരെയും,യൂണിഫോം അണിയിച്ചു തയ്യാറാക്കി പ്രാര്‍ത്ഥിപ്പിച്ചു ( അത് പിള്ളേരുടെ അമ്മച്ചിയുടെ ഡ്യൂട്ടി ) സ്കൂള്‍ ബസില്‍ കയറ്റിവിടുക എന്ന "ഭാരിച്ച" ഉത്തരവാദിത്തം എനിക്കാണ് ,സ്കൂള്‍ ഉള്ള എല്ലാ ദിവസവും അത് കൃത്യമായി ചെയ്തു വരുന്നു, അങ്ങനെഅവരെ തയ്യാറാക്കുവാന്‍ എനിക്ക് ഇഷ്ടവുമാണ് ,
അവരെ തയ്യാറാക്കി സ്കൂള്‍ബാഗും എടുത്തു ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഞാനും അറിയാതെ ആ പഴയ സ്കൂള്‍ കാലത്തേക്ക് ഏത്തപ്പെടാറുണ്ട് ,നേര്‍സറികാലത്ത് അമ്മയോടോന്നിച്ചു പോയതും ,പിന്നീട് അപ്പാപ്പനും,അപ്പച്ചനും ,ജ്യെഷ്ട്ടനും ഒക്കെയോപ്പം സ്കൂളിലേക്ക് പോയിട്ടുള്ളതും എല്ലാം ഓര്‍മ്മ വരും. മുതിര്‍ന്നു വന്നപ്പോള്‍ പല കൂട്ടുകാരുടെയും സ്കൂള്‍ ആവശ്യങ്ങള്‍ക്ക് അവരുടെ അച്ഛന്മാര്‍ കടന്നു വരുമ്പോള്‍ എവിടെയൊക്കെയോ ഒരു വിങ്ങല്‍ തോന്നിയിട്ടുണ്ട് എന്നത് സത്യം.ഇന്ന് കുട്ടികളെ സ്കൂളിലേക്ക് യാത്രയാക്കുമ്പോള്‍ കുട്ടികളുടെ നെറ്റിയില്‍ ഉമ്മ കൊടുക്കേ എന്‍റെ നെറ്റിയിലും ഒരു തണുത്ത സ്പര്‍ശം അനുഭവപ്പെടാറുണ്ട്എനിക്ക്, ഒരു സ്നേഹത്തിന്റെ തലോടല്‍ തഴുകി കടന്നുപോയതായി എനിക്ക് തോന്നാറുണ്ട്,അകലങ്ങളില്‍ എങ്ങോ ഇരുന്നു എന്നെ വീക്ഷിക്കുന്ന കണ്ണുകള്‍ ഉണ്ടെന്നു എനിക്ക് തോന്നാറുണ്ട്.
ഇന്നും രാത്രി കാലങ്ങളില്‍ ഞാന്‍ നക്ഷത്രങ്ങളുടെ ഇടയില്‍ വേറിട്ട് നിന്നെന്നെ നോക്കുന്ന അച്ചയെന്ന നക്ഷത്രത്തെ തിരയാറുണ്ട്. മോനെ എന്നുള്ള ആര്‍ദ്രമായ ഒരു വിളി അപ്പോള്‍ കേട്ടുവോ എന്ന് എനിക്ക് തോന്നാറുണ്ട്.ഒരു ഇളം കാറ്റ് എന്നെ തഴുകി കടന്നു പോകുമ്പോള്‍ എന്റെ മൂര്‍ദ്ധാവിലാരോ ചുംബിച്ചതായി തോന്നും. കുഞ്ഞുന്നാളില്‍ അമ്മ കഥയില്‍ പകര്‍ന്നു തന്ന, ആകാശത്തിലെ നക്ഷത്രമായി കടന്നു വരുന്ന അച്ചയാവാം അത്. അമ്മച്ചി പറഞ്ഞു തന്ന കഥയിലെ സ്വര്‍ഗ്ഗത്തിലെ രാജകുമാരനായി എന്‍റെ അച്ച എന്നെ കാണുവാന്‍ വരുന്നതാവാം ,കുഞ്ഞുന്നാളില്‍ കണ്ട ആ സ്വപ്‌നങ്ങള്‍ വീണ്ടും ഞാന്‍ കാണുവാന്‍ ആശിക്കുന്നു,പക്ഷെ ഒരിക്കലും സ്വപ്നങ്ങളില്‍ ഇപ്പോള്‍ അച്ച കടന്നു വരുന്നില്ല ,എന്തെ കുട്ടിക്കാലത്തു മാത്രം എന്നെ അടുത്ത് കണ്ടാല്‍ മതിയാരുന്നോ അച്ചക്ക് എന്ന് സങ്കടപ്പെടാറുണ്ട് ഞാന്‍,അച്ചയെ ഓര്‍ക്കുമ്പോള്‍ അറിയാതെ ഞാന്‍ ആ മൂന്നു വയസ്സുകാരന്‍ ആയി പോകും , ഈയിടെയായി മനസ്സ് ആ മൂന്നു വയസ്സുകാരന്‍ ആയി തന്നെ നില്‍കാന്‍ ആഗ്രഹിക്കുന്നു ,
കുഞ്ഞായിരുന്നപ്പോള്‍ എന്‍റെ അച്ഛ എനിക്ക് ഒരുപാടുമ്മകള്‍ തന്നിട്ടുണ്ടാവാം ,എന്നെ സ്നേഹിച്ചു കൊതി തീര്‍ന്നിട്ടുണ്ടാവില്ല ,ഇന്ന് പത്തു വയസ്സോളമായ എന്റെ കുട്ടികളെ വിട്ടുപിരിഞ്ഞു ഒരു ദിവസം നില്‍ക്കുമ്പോള്‍ എന്‍റെ ഉള്ളില്‍ ഒരു നൊമ്പരമാണ്. അപ്പോള്‍ മൂന്നു വയസ്സുള്ള എന്നെയും ഏഴു വയസ്സുകാരന്‍ ജ്യെഷ്ടനെയും വിട്ടു പിരിയാന്‍ അച്ച എത്ര ദുഖിച്ചിട്ടുണ്ടാവം?അങ്ങനെ ചിന്തിക്കുമ്പോള്‍ ദൈവം ഒരു ക്രൂരന്‍ ആണെന്നെനിക്ക് തോന്നാറുണ്ട് ,എനിക്ക് കിട്ടേണ്ട സ്നേഹത്തെ , എന്‍റെ ജീവിതത്തിന്‍റെ പല തിരുവുകളില്‍ എനിക്ക് ആവശ്യമായിരുന്ന അച്ചയുടെ സാന്നിദ്ധ്യം ,അച്ചയുണ്ടായിരുന്നെന്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയ നിമിഷങ്ങള്‍, എല്ലാം എന്തിനാണ് ദൈവം എന്നില്‍ നിന്നും തട്ടിപ്പറിച്ചത്.
അങ്ങനെ ചിന്ത വഴിമാറി പോകുന്ന അവസരങ്ങളില്‍ കുഞ്ഞുന്നാളില്‍ എന്നോട് ദൈവത്തിന്റെ പദ്ധതികള്‍ പറഞ്ഞു തന്ന ഒരു പുരോഹിതനെ ഞാന്‍ ഓര്‍ക്കും ,അദ്ദേഹം ഒരു അനാഥാലയം നടത്തുവാന്‍ ചുമതലയുള്ള അച്ചനായിരുന്നു ,അദ്ദേഹം പറഞ്ഞ കഥ ഇതായിരുന്നു ഈ ലോകത്തില്‍ കടന്നു വന്ന ഉടനെ തന്നെ അനാഥരക്കപ്പെട്ടു ദൈവ സന്നിധിയിലേക്ക് കടന്നു പോയ ഒരുപാട് കുട്ടികള്‍ ഉണ്ട് ,ജീവനോടെ ഇവിടെ അനാഥരാക്കപ്പെട്ടവരെ നോക്കുവാന്‍ എന്നെപ്പോലെയുള്ള അനേകമാളുകള്‍ ഉണ്ട് ,പക്ഷെ സ്വര്‍ഗ്ഗത്തിലേക്ക് കടന്നു പോയ അനാഥക്കുട്ടികളെ നോക്കുവാന്‍ അവിടെ ധാരാളമായി സ്നേഹിക്കാന്‍കഴിവുള്ള ആളുകളെ ദൈവം തിരഞ്ഞെടുക്കും ,അങ്ങനെയാണ് മോന്‍റെ അച്ചയെയും ദൈവം തിരഞ്ഞെടുത്തു കൊണ്ടുപോയത് ,മോനെ ഒരുപാട് സ്നേഹിക്കാന്‍ അമ്മയുണ്ടല്ലോ അതുകൊണ്ടാണ് അച്ചയെ ദൈവം ആ കുട്ടികള്‍ക്കായി തിരഞ്ഞെടുത്തത് . അച്ചന്‍ പറഞ്ഞ കഥ വിശ്വസിച്ചു ഞാന്‍ ഇടയ്ക്കിടെ സ്വര്‍ഗ്ഗത്തിലെ കുട്ടികളെ പറ്റി അമ്മയോട് സംശയങ്ങള്‍ ചോദിച്ചിരുന്നു ,പിന്നീട് മുതിര്‍ന്നു വന്നപ്പോള്‍ കാര്യങ്ങള്‍ താനേ മനസ്സിലാക്കിയപ്പോള്‍ അച്ചനോട് ദേഷ്യം തോന്നിയിരുന്നെങ്കിലും ഇന്ന് എനിക്ക് തോന്നുന്നു ഇത്ര തന്മയത്വമായി ഒരു കുഞ്ഞിനെ ദൈവസ്നേഹം പറഞ്ഞു കൊടുക്കാന്‍,അവന്റെ സങ്കടം മാറ്റുവാന്‍ ആ കഥ തന്നെ വേണമായിരുന്നു എന്ന് ...
ഇന്നെന്‍റെ കുട്ടികളുടെ മുന്നില്‍ ഒരു പരിധിയില്‍ കൂടുതല്‍ ഞാന്‍ സ്നേഹം പ്രകടിപ്പിക്കുന്നില്ല, എന്‍റെ ഭാര്യഇടയ്ക്കു പരാതി പറയും കുട്ടികള്‍ക്ക് നേരിട്ട് ഒരു കാര്യം അച്ചയോടു പറയാന്‍ പേടിയാണ് ,കുറച്ചു സ്നേഹത്തോടെ അവരോടൊപ്പം ഇരുന്നു കൂടെ ? സത്യം ഇതാണ് ഒരുപാട് സ്നേഹിക്കുന്നത് കണ്ടാല്‍ ദൈവം അവരുടെ അച്ചയെയും ആ സ്വര്‍ഗ്ഗത്തിലെ കുട്ടികള്‍ക്ക് വേണ്ടി തിരഞ്ഞെടുത്താലോ ? എനിക്കവരോടൊപ്പം ജീവിച്ചു കൊതി തീര്‍ന്നില്ല ,ഞാന്‍ അനുഭവിച്ച സങ്കടങ്ങള്‍, അറിയാതെ വേണം അവര്‍ വളരുവാന്‍ അതിനു എനിക്ക് അവരോടൊപ്പം ജീവിക്കണം... ദൈവമേ എന്നെയിപ്പോള്‍ നീ ആ വേലക്കായി തിരഞ്ഞെടുക്കല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നത് തെറ്റാണെങ്കില്‍ പൊറുക്കേണമേ ,എന്റെയിഷ്ടമല്ല പിതാവേ അങ്ങയുടെ ഇഷ്ടം തന്നെ എന്നില്‍ നിറവേറണമേ ..............
ജോഷി കുര്യന്‍ പോള്‍