Tuesday, April 29, 2014

എന്‍റെ ദൈവം /നിന്റെ ദൈവം

എന്‍റെ നാട്ടിലെ ക്ഷേത്ര ഉത്സവ സമയത്ത് എന്‍റെ കളിക്കൂട്ടുകാര്‍ക്കൊപ്പം ഞാന്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമായിരുന്നു,എനിക്കതില്‍ ഒരു പ്രത്യേകതയും തോന്നിയിരുന്നില്ല അറിയാത്ത കാര്യങ്ങള്‍ കാണുന്നതിലുള്ള ഒരു അമ്പരപ്പ് ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആ അമ്പലത്തിനുള്ളിലെ ദൈവം വേറേതോ ദൈവമാണെന്നോ അവിടെ കയറുന്നത് വലിയ പാപമാണെന്നോ ഒന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല എന്റെയൊപ്പം എന്‍റെ കൂട്ടുകാര്‍ പള്ളികളിലും വന്നിരുന്നു തിരി കത്തിച്ചിരുന്നു പ്രാര്തിച്ചിരുന്നു അവര്‍ കണ്ണുകളടച്ചു പ്രാര്തിച്ചത് യേശുവിനോടാണോ കൃഷ്ണനോടാണോ എന്ന് എനിക്കറിയില്ല ഞാന്‍ ചോദിച്ചിട്ടില്ല .അവരും ,അമ്പലത്തിനുള്ളില്‍ കയറിയ ഞാന്‍ പ്രാര്തിച്ചത് ആരോടാണ് എന്ന് ചോദിച്ചിരുന്നില്ല പക്ഷെ ഒന്നറിയാം ഞങ്ങള്‍ക്കിടയില്‍ എന്‍റെ ദൈവം നിന്‍റെ ദൈവം എന്ന തര്‍ക്കം ഉണ്ടായിരുന്നില്ല,ഞങ്ങള്‍ കൂട്ടുകാര്‍ ആയിരുന്നു ദിവസവും തമ്മില്‍ കണ്ടില്ലെങ്കില്‍ വീടുകളില്‍ സ്വാതന്ത്ര്യത്തോടെ കയറിച്ചെന്നു തിരക്കുന്നവര്‍ ആയിരുന്നു ഞങ്ങള്‍ ഞങ്ങളുടെ മനസ്സാലും ബുദ്ധിയാലും ചിന്തിക്കുന്നവര്‍ മാത്രമായിരുന്നു ഞങ്ങള്‍ക്കുള്ളില്‍ വിഷ ചിന്തകള്‍ ഒന്നുമില്ലായിരുന്നു ....
ഞങ്ങള്‍ മുതിര്‍ന്നു ഞങ്ങളുടെ വിശ്വാസങ്ങളും ഞങ്ങളോടൊപ്പം വളര്‍ന്നു പരസ്പരം ഞങ്ങള്‍ ഇന്നും നല്ല സൌഹൃദം ഉള്ളവരാണെങ്കില്‍ കൂടി ഇന്ന് അവരോടൊപ്പം ക്ഷേത്രത്തിലേക്ക് കടക്കാന്‍ എനിക്ക് പഴയതുപോലെ സാധിക്കില്ല അവര്‍ക്കും എന്നോടൊപ്പം പള്ളിയിലേക്ക് കടന്നു വരാന്‍ സാധിച്ചു എന്ന് വരില്ല എനിക്കറിയാം എന്റെ പള്ളിക്കുള്ളില്‍ അവന്‍ വന്നാല്‍ ഒന്നുമുണ്ടാകാന്‍ പോകുന്നില്ല ഒരു ദൈവവും കൊപിക്കില്ല ആരും അവനെ എതിര്‍ക്കില്ല എന്ന് പക്ഷെ അവനു ആ ഉറപ്പു ചിലപ്പോള്‍ ഉണ്ടാവില്ല. എനിക്ക് ക്ഷേത്രത്തില്‍ കടക്കാന്‍ പേടി പോലെ തന്നെ അവനും ഉള്ളില്‍ പേടിയാവാം, കാരണം ഞങ്ങള്‍ ആരെയോ പേടിക്കുന്നു ആരാണത്? ഞങ്ങളെ പേടിപ്പിച്ചു നിര്‍ത്തുന്ന ആ ശക്തികളാണ് ഇന്ന് സമൂഹത്തില്‍ മതത്തിന്റെ പേരില്‍ വിദ്വേഷം വളര്‍ത്തുന്നത് അവര്‍ വെറും ന്യൂനപക്ഷമാണ് പക്ഷെ അവര്‍ ഭൂരിപക്ഷത്തെ പേടിയില്‍ നിര്‍ത്തിയിരിക്കുകയാണ് ,ശങ്കരനും കുര്യനും,മുഹമ്മദിനും തോമാസിനും പരസ്പരം പേടിയില്ല പക്ഷെ അവരുടെ വിശ്വാസത്തിന്‍റെ പേരിലുള്ള മുതലെടുപ്പുകളെ ചെറുക്കാന്‍ അവര്‍ക്കാവുന്നില്ല അവിടെയാണ് ഈ ന്യൂനപക്ഷം തങ്ങളുടെ വിഷം കുത്തിയിറക്കുന്നത് അതില്‍ ചില ശങ്കരന്മാരും ,തോമസുമാരും,മുഹമ്മുദുമാരും അറിയാതെ പെട്ടുപോകും അപ്പോള്‍ വിജയം വിശ്വാസങ്ങളുടെ പേരില്‍ മുതലെടുപ്പ് നടത്തുന്ന ആ ന്യൂനപക്ഷത്തിനാവും,അങ്ങനെ മുതലെടുപ്പ് നടത്തുന്ന ഒരു ന്യൂനപക്ഷം ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്നുവോ കേരളത്തില്‍ എന്ന സംശയമാണ് ഇന്ന് വാര്‍ത്തകളിലൂടെ പലതും കാണുമ്പോള്‍ തോന്നുന്നത് ,

ഇതൊക്കെ കാണുമ്പോള്‍ ആണ് ഒരു വിധത്തിലുമുള്ള മതത്തിന്‍റെ പേരിലുള്ള വിഷങ്ങള്‍ പുരളാതിരുന്ന മനസ്സിന്‍റെ ഉടമകള്‍ ആയിരുന്ന ആ ബാല്യം തന്നെ മതിയായിരുന്നു ഞങ്ങള്‍ക്കെന്നു തോന്നിപ്പോവുന്നത്.......

സിദ്ധന്‍...................

കുറച്ചു ദിവസം മുന്‍പ് എന്‍റെ സുഹൃത്തുമായി ഫോണില്‍ സംസാരിച്ചിരിക്കെ അവന്‍ ചോദിച്ചു എടാ ഒരു വേലക്കാരിയെ കിട്ടാനെന്താ വഴി? അതിനു നിനക്കിപ്പോള്‍ വേലക്കാരി എന്തിനാ കൊച്ചുങ്ങള്‍ ഒക്കെ മുതിര്‍ന്നില്ലേ ? സ്ഥിരം അല്ലടാ വന്നു പാത്രം കഴുകി വീടൊന്നു തൂത്തു തുടച്ചു പോകുന്ന ഒരെണ്ണം, ആ അതാണോ ? ഞങ്ങളുടെ ഇവിടെ വരുന്നതിനോടൊന്നു ചോദിച്ചു നോക്കാന്‍ വൈഫിനോട് പറയാം എന്ന് പറഞ്ഞു ഞാന്‍ പതിയെ സംഭാഷണം അവസാനിപ്പിച്ചു .

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സുഹൃത്ത് പറഞ്ഞു "വീട്ടില്‍ പുതിയ വേലക്കാരി വന്നിട്ട് ഒരാഴ്ചയായി വൈഫ് ഇതുവരെ പ്രശ്നങ്ങൾ ഒന്നുമുള്ളതായി പറഞ്ഞു കേട്ടില്ല,നിന്നോട് ഞാന്‍ അന്ന് പറയാഞ്ഞതാ ഇത് പത്താമാത്തെയോ പതിനൊന്നാമാത്തെയോ വേലക്കാരിയാണ് , മിക്കവാറും എല്ലാം മൂന്നു മാസത്തിനകം കട്ടേം പടോം മടക്കുകയാണ് പതിവ്, അങ്ങനെ പറയുമ്പോൾ നീ കരുതും എന്റെ വൈഫിനു അവരെ അട്ജെസ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടാണെന്ന്, ഒരിക്കലുമല്ല അവളൊരു പാവം അങ്ങനെ വലിയ ഭാവമൊന്നുമില്ല എങ്ങനെയും ദിവസോം പാത്രോം കഴുകി വീടും തൂത്തുവാരി തുടച്ചു തരുന്ന ഒരുത്തിയെ കിട്ടിയാൽ മതീന്നെ അതിനുള്ളൂ.പക്ഷെ ഈ വരുന്ന അവളുമാർക്കെല്ലാം മൂന്നുമാസം തികയും മുൻപ് "പുളിമാങ്ങാ" തിന്നണോന്നും പറഞ്ഞൊരു പോക്കാ പിന്നെ കുറച്ചുകാലം കഴിയുമ്പോൾ വരും ഒക്കത്തൊരു കുഞ്ഞുമായി ,ആ കുഞ്ഞിനെ കാണുമ്പോൾ വൈഫ് ആദ്യമൊക്കെ പിള്ളേരുടെ എന്തേലും പഴയ തുണികളും അല്പം പൈസയുമൊക്കെ കൊടുത്ത് പറഞ്ഞു വിടും പിന്നേയും പിന്നെയും വരുന്ന മിക്ക വേലക്കാരുടേയും സ്ഥിതി ഇതു തന്നെ ആയപ്പോൾ വരുന്ന കുഞ്ഞുങ്ങളെ ഒന്നു നോക്കിയിട്ട് ഓട്ടക്കണ്ണിട്ട് എന്നെയും നോക്കുന്നുണ്ടോ എന്നെനിക്കൊരു തോന്നൽ, വേലക്കാരികൾ വീട്ടിൽ വരുന്ന സമയത്ത് ഞാൻ ഓഫീസിൽ ആണ് എന്നുള്ള കാര്യം ഞാൻ അടിവരയിട്ടു നിന്നോട് പറയുകയാണ് എങ്കിലും അവളുടെ ആ നോട്ടം കാണുമ്പോള്‍ എനിക്കൊരു വല്ലാഴിക,എന്തുവാടാ ഇത്?

ഞാന്‍ പറഞ്ഞു നീ ഒരു ബോര്‍ഡു വെക്ക് കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്കൊരു ശാശ്വത പരിഹാരം "സിദ്ധന്‍ ............ന്നു നിന്‍റെ പേരും വച്ച്..... അല്ലാതെന്തു പറയാന്‍

Tuesday, April 22, 2014

പ്രവാസി / ഫോറിന്‍കാരന്‍

ഇന്ന് പ്രവാസി എന്ന് കേള്‍ക്കുമ്പോള്‍ ആ വാക്കിനു പഴയ ഫോറിന്‍കാരന്‍റെ ഗമ വരുന്നില്ല , പ്രവാസി എന്ന വാക്കിനു എന്തോ ഒരു കഞ്ഞിപ്പറ്റന്‍ എന്ന തോന്നലാണുണ്ടാക്കുന്നത് മറ്റൊന്നുംകൊണ്ടല്ല വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം ഉപയോഗിച്ച് പ്രവാസി എന്ന വാക്ക് ഒരു ദരിദ്രവാസിയായി മാറിയിരിക്കുന്നു. ഇത് എന്റെ തോന്നലാണ് ദയവായി പ്രവാസികള്‍ ക്ഷമിക്കുമല്ലോ?


എന്നാല്‍ പഴയ ഫോറിന്‍കാരന്‍ അങ്ങനെയല്ലായിരുന്നു ആ വാക്കിനു തന്നെ അത്തറിന്റെ സുഗന്ധമായിരുന്നു പളപള മിന്നുന്ന കുപ്പായങ്ങളുടെ തിളക്കമായിരുന്നു സംഗീതമൊഴുകുന്ന പാട്ടുപെട്ടികളുടെ ശബ്ദമായിരുന്നു

എന്‍റെ ചെറുപ്പത്തില്‍ ഇതുപോലൊരു ഫോറിന്‍കാരന്‍ അമ്മാച്ചന്‍ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വലിയൊരു ചാരകളറുള്ള പെട്ടിയും ചെറിയ ഒന്ന് രണ്ടു പെട്ടികളും ആയി വരുമായിരുന്നു, അന്ന് നെടുമ്പാശേരിയില്‍ വിമാനത്താവളം ഇല്ല കൊച്ചി നാവിക സേനയുടെ കീഴിലുള്ള വിമാനത്താവളത്തിലാണ് എത്തുന്നത് ,പൂവാണിലെ ഒരു പച്ച അമ്ബാസ്സിഡര്‍ കാര്‍ ആണ് ഈ ഫോരിന്‍കാരനെ കൊണ്ടുവരുവാനും തിരികെ കൊണ്ടുചെന്നാക്കാനും ഉണ്ടാവുക ,ചിലപ്പോള്‍ അമ്മായി ചോദിക്കും നീയും വരുന്നോടാ കുട്ടാ അങ്കിളിനെ കൊണ്ടുവരാന്‍? ചോദിക്കാന്‍ കാത്തു നില്‍ക്കും, ഞാന്‍ ഇട്ടിരിക്കുന്ന ഷേര്‍ട്ടും നിക്കറും പറിച്ചിട്ടിട്ടു കടവിലെക്കൊരു ഓട്ടമാണ് ചെന്ന് ചാടി മുങ്ങി കുളിച്ചു ഓടിവന്നു ഉള്ളതില്‍ നല്ല നിക്കറും ഉടുപ്പുമണിഞ്ഞു തയ്യാറായെത്തും അമ്മായീ ഞാന്‍ റെഡി കാറില്‍ കൊച്ചിവരെ പോകുവാന്‍ ഒരു ചാന്‍സ് കിട്ടുന്നത് അന്ന് വലിയൊരു കാര്യമായിരുന്നു ,കാറില്‍ ഒരു നീണ്ടയാത്ര എത്രയോ സ്ഥലങ്ങള്‍ കാണാം അടുത്ത ദിവസങ്ങളില്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ യാത്രയുടെ വിശേഷങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തു കൂട്ടുകാരോട് വര്‍ണ്ണിക്കാം അതിലുമൊക്കെ വലിയ ആവേശം അമ്മാചെനെയും കൂട്ടി തിരികെ വരുന്ന വഴിയില്‍ ഭക്ഷണം കഴിക്കാന്‍ വലിയ ഹോട്ടെലില്‍ കയറും അവിടെ അമ്മാച്ചന്റെ പെട്ടിയില്‍ ഒട്ടിച്ചിരിക്കുന്ന സ്ടിക്കെരില്‍ കാണുന്ന തലപ്പാവ് ധരിച്ച രാജാവിനെ പോലെ തോന്നിക്കുന്ന ആളെപ്പോലെ തന്നെയുള്ള ആള്‍ വാതില്‍ തുറന്നു തരും ,അന്നത്തേ വിചാരം അയാള്‍ വലിയപുള്ളിയാണ് പക്ഷെ ഫോറിന്‍കാരന്‍റെ മുന്നില്‍ അയാള്‍ ഒന്നുമല്ല എന്നായിരുന്നു.

കൂളിംഗ് ഗ്ലാസും വച്ച് തിളങ്ങുന്ന കുപ്പായവും ജീന്സുമോക്കെയിട്ടു വരുന്ന അങ്കിളിനെ നോക്കുന്നത് ഒരു ആരാധനാ ഭാവത്തോടെയാണ് ഇടക്കൊന്നു തൊട്ടു നോക്കും അപ്പോള്‍ അങ്കിള്‍ ചോദിക്കും എന്താടാ കുട്ടാ? ഞാന്‍ കണ്ണടച്ച് തോള് അടുപ്പിച്ചു "മ്ചും" എന്ന് വക്കും, സംസാരിക്കാന്‍ ഒരു വൈക്ലബ്യം ആണ് ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കും അമ്മായിയുടെ തോളില്‍ കയ്യിട്ടിരിക്കുന്ന അമ്മാച്ചനെ നോക്കുമ്പോള്‍ എനിക്ക് ചിലപ്പോള്‍ നാണം വരുമായിരുന്നു അപ്പോള്‍ ഞാന്‍ ജാലകത്തിലൂടെ വെളിയിലെ കാഴ്ചകള്‍ നോക്കി ഇരിക്കും അപ്പച്ചന്‍ അപ്പോള്‍ ഗൌരവത്തില്‍ മുന്നിലെ സീറ്റില്‍ ഡ്രൈവര്‍ക്ക് ചില നിര്‍ദേശങ്ങള്‍ ഒക്കെ കൊടുത്ത് ഇരിപ്പായിരിക്കും , അങ്ങനെ നീണ്ടയൊരു യാത്രക്ക് ശേഷം വീട്ടിലെത്തും, അന്ന് കുശലം പറച്ചിലുകല്‍ക്കൊക്കെ ശേഷം ഞങ്ങള്‍ കുട്ടികള്‍ ഉറക്കം പിടിക്കും, ഇടക്കുണരുമ്പോഴും ഊണ് മുറിയില്‍ വലിയവരെല്ലാവരുടെയും വര്‍ത്തമാനങ്ങള്‍ കേള്‍ക്കാം ,

അടുത്ത ദിവസം ആണ് ആ ചാരനിറമുള്ള പെട്ടി തുറക്കുന്നത് അതൊരു മായാജാല കാഴ്ചയായിരുന്നു പല വര്‍ണ്ണത്തിലുള്ള പളപള തിളങ്ങുന്ന തുണികള്‍, ഞങ്ങള്‍ക്കായുള്ള മഞ്ഞ നിറത്തില്‍ മൂട്ടില്‍ റബ്ബര്‍ വച്ച പെന്‍സില്‍ കൂടാതെ ആപ്പിള്‍ ,കാര്‍ അങ്ങനെ പല ഷേപ്പിലുള്ള റബ്ബറുകള്‍,കനം തീരെയില്ലാത്ത
പച്ചയും ,നീലയും ഒക്കെ വര്‍ണ്ണത്തിലുള്ള വള്ളിചെരുപ്പുകള്‍ അങ്ങനെ ഒരു വലിയ കടക്കുള്ളിലെ സാധനങ്ങള്‍ മുഴുവന്‍ ഉള്ള ഒരു പെട്ടിയായിരുന്നു അത്, പിന്നെ കുറച്ചുകാലത്തെക്കിനു അമ്മയ്ക്കും അമ്മച്ചിക്കും അമ്മായിക്കുമൊക്കെ മുല്ലപ്പൂവിന്‍റെ സുഗന്ധമായിരിക്കും, ഇന്നത്തെ ഏതു മുന്തിയ കൊളോണുകള്‍ക്കും ആ സുഗന്ധം കിട്ടുന്നില്ല അതുപോലെ ഒരു മണം എന്ന തോന്നല്‍ സൃഷ്ട്ടിക്കുവാന്‍ പോലും പറ്റുന്നില്ല....

കാലങ്ങള്‍ കഴിഞ്ഞു അമ്മാച്ചന്‍ ഫോറിന്‍കാരനില്‍ നിന്നും നാട്ടുകാരനായി,പക്ഷെ ഇപ്പോളും പഴയ ആ ചാര നിറമുള്ള വലിയ പെട്ടി ഞങ്ങളുടെ മായാജാലകാഴ്ച്ചകളുടെ ലോകം അതിന്‍റെ പഴയ പ്രതാപം ഞങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ അമ്മാചെന്റെ ബെഡ്റൂമിലെ ഷേടിനു മുകളില്‍ വിശ്രമിക്കുന്നു.അതിന്‍റെ പ്രതാപത്തെ വെല്ലുന്ന ഒരു ഫോറിന്‍കാരനേയും അവന്‍റെ പെട്ടിയും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല കാണുകയുമില്ല......

ചില യാഥാര്‍ത്യങ്ങള്‍

ജീവിതം ചിലപ്പോഴൊക്കെ വല്ലാതെ മടുപ്പിക്കും ,ചിലപ്പോള്‍ വല്ലാതെ സന്തോഷിപ്പിക്കും ചിലപ്പോള്‍ സങ്കടപ്പെടുത്തും...... ഇതെല്ലാം ചേരുന്നതിനെയാണല്ലോ ജീവിതമെന്ന് പറയുന്നത് ഇല്ലേ ?

വീഴ്ചകളുടെ അവസരത്തില്‍ ഒരുപാടുപദേശകര്‍ വരും എല്ലാത്തിനെയും പോസിറ്റീവായി കാണാന്‍ സ്രെമിക്കണം നഷ്ട്ടപ്പെട്ടതിനെയോര്‍ത്ത് വിലപിക്കരുത് ഇപ്പോള്‍ ഉള്ളത് നന്മ എന്ന് കരുതണം അതില്‍ സന്തോഷം കണ്ടെത്താന്‍ സ്രെമിക്കണം അങ്ങനെ ഒരുപാട് ഉപദേശങ്ങള്‍ ഇവയെല്ലാം കേള്‍ക്കുന്നവനും അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആവില്ല എന്നാല്‍ നിനക്ക് സംഭവിച്ചത് ഞങ്ങള്‍ അറിഞ്ഞു നിന്‍റെ ദുഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു എന്ന് ആത്മാര്‍ഥമായി അറിയിക്കുന്നവരും, സംഭവിച്ചതറിഞ്ഞു അവന്റെ വേദന കണ്ടു രഹസ്യമായി സന്തോഷിക്കുവാന്‍ കപട സ്വാന്ത്വനവുമായി എത്തുന്നവരും എന്ന രണ്ടു വിഭാഗം ആളുകള്‍ ഉണ്ടാവും ഈ ഉപദേശകരുടെ കൂട്ടത്തില്‍,രണ്ടാമത്തെ വിഭാഗമാണ്‌ അധികവും ,

അതിലുമൊക്കെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് വീട്ടുകാരുടെ ചിലപ്പോളത്തെ പിറുപിറുക്കലുകള്‍, ചില നിശ്വാസങ്ങള്‍ ചില മൂളലുകള്‍ ചില നോട്ടങ്ങള്‍ ഒക്കെതന്നെ .നല്ല ജോലി വരുമാനം നേട്ടങ്ങള്‍ ഒക്കെയുണ്ടായിരുന്നപ്പോള്‍ ഓരോ വരവിലും കൂടെ വന്നിരുന്ന ലഗേജുകളുടെ വലുപ്പം തൂക്കം ഇവയൊക്കെ കണ്ടിരുന്നപ്പോള്‍ വാചാലമായിരുന്ന പല വായ്കളും ഇന്ന് അവാര്‍ഡു സിനിമകള്‍ പോലെ മൌനം പാലിക്കുന്നത് കാണുമ്പോള്‍, തന്നിലുമധികം നഷ്ട്ടപ്പെട്ടതിനെയോര്‍ത്തു നിശ്വാസങ്ങള്‍ ഉതിര്‍ക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ തോന്നും, ഇവര്‍ ...തന്നെയാണോ അതോ തന്‍റെ ജോലി, സമ്പത്ത് തുടങ്ങിയവയെ ആണോ സ്നേഹിച്ചിരുന്നത് എന്ന്, ആണുങ്ങള്‍ക്ക് എന്തെങ്കിലും ഒക്കെ കാരണങ്ങള്‍ ഉണ്ടാക്കി വീട്ടിലെ ഈ ശോകമൂകാഭിനയങ്ങളില്‍ നിന്നും രക്ഷ നേടാം പക്ഷെ സ്ത്രീകള്‍?
ഇന്നലെ വരെ അവധികള്‍ക്കു വന്നു ചേരുമ്പോള്‍ ഇഷ്ട്ടം നോക്കി പലതും ചെയ്തു കൊടുത്തിരുന്ന, സ്വന്തം മകളെ പോലെ കരുതി സ്നേഹിക്കുന്നു എന്ന് പറഞ്ഞ അമ്മ ,അമ്മായിയമ്മയാവുന്നതും സഹോദരി നാത്തൂന്‍ ആയി മാറുന്നതും കണ്ടു അടുക്കളയുടെ ലോകത്തേക്ക് ഒതുങ്ങി ദുഃഖ സീരിയല്‍ നായികമാര്‍ ആയി മാറിപോകും.ഞങ്ങളിവിടെ ഒറ്റക്കെങ്ങനെയും കഴിഞ്ഞോളാം അവര്‍ അവരുടെ ഭാവി നോക്കിയാല്‍ മതി എന്നുള്ള വാക്കുകളില്‍ ഒന്ന് പോയി തന്നൂടെ എന്ന ധ്വനിയില്ലേ എന്ന സംശയം തോന്നിയാല്‍ അത് സംശയമല്ല,... മാസാമാസം വന്നിരുന്ന തുകയും അതുകൊണ്ട് വാങ്ങാന്‍ മനസ്സില്‍ കണക്കു കൂട്ടി വച്ചിരുന്ന റോഡരികിലെ പുരയിടവും മറ്റു ചിലര്‍ വാങ്ങിക്കൊണ്ടു പോകുന്നത് കാണുമ്പോള്‍.... ,പണത്തെ മാത്രം സ്നേഹിച്ചു ശീലിച്ച ചിലരുടെ യഥാര്‍ത്ഥ മുഖമാണ് അത് കാട്ടിത്തരുന്നത്

വിശപ്പിന്‍റെ രുചി

ഇന്ന് കുഴപ്പമില്ലാത്ത ജോലിയുണ്ട് സ്വന്തമെന്നു പറയാന്‍ ചിലതൊക്കെയുണ്ട്,ഇഷ്ട്ട ഭക്ഷണം കഴിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല പക്ഷെ എന്തൊക്കെ കഴിച്ചിട്ടും പണ്ട് ബാചെലെര്‍ ലൈഫില്‍ ജോലി ഇല്ലാതിരുന്ന അവസരത്തില്‍ കയ്യിലുണ്ടായിരുന്ന ചില്ലിക്കാശും,അടുക്കളയിലുണ്ടായിരുന്ന അരിയും ആട്ടയും തീര്‍ന്നു, കടംവങ്ങാന്‍ പറ്റിയ ആരുമില്ലാതിരുന്ന ഒരു ദിവസം പച്ചക്കറിത്തട്ടിന്റെ താഴെ ഒതുങ്ങിക്കിടന്ന മൂന്നു ഉരുളകിഴങ്ങുകള്‍ പുഴുങ്ങി മഞ്ഞളും ഉപ്പും ചേര്‍ത്തു തിന്നപ്പോള്‍ ഉണ്ടായ രുചി ഒന്നിനും കിട്ടുന്നില്ല............

തൃശൂര്‍

തൃശൂര്‍ എന്ന് കേട്ടാല്‍ പലര്‍ക്കും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പൂരവും വടക്കുംനാഥ ക്ഷേത്രവുമൊക്കെ ആയിരിക്കും , എന്നാല്‍ എന്‍റെ മനസ്സിലേക്ക് ആദ്യമെത്തുന്നത് വടക്കേച്ചിറ ബസ്ടാണ്ടും അതിനു മുന്നിലെ ആല്‍മരത്തറയും അവിടിരുന്നു വെടിവെട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സുഹൃത്ത് വലയത്തേയുമാണ്, പൂരപ്പറമ്പും ,രാഗം ,ജോസ് തീയെറ്ററുകളുമൊക്കെ അതിനു ശേഷം മാത്രമേ കടന്നു വരാറുള്ളൂ,

ചെട്ടനോപ്പം തൃശൂരിലേക്ക് എത്തിയപ്പോള്‍ കോളേജു അഡ്മിഷന്‍ സമയമൊക്കെ കഴിഞ്ഞു അതിനാല്‍ റെഗുലര്‍ കൊളെജുകളിലോന്നും അഡ്മിഷന്‍ ലഭിച്ചില്ല ,വടക്കെച്ചിറ ബസ്സ്ടാണ്ടിനു അടുത്തുള്ള ചിന്മയാ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ആകെയൊരു ബുദ്ധിമുട്ടായിരുന്നു പ്രീഡിഗ്രി രണ്ടുകൊല്ലം കോട്ടയം ബസേലിയസില്‍ തകര്‍ത്തടിച്ചിട്ടു ഇപ്പോള്‍ ഒരു പ്രൈവറ്റ് കോളേജില്‍ പഠിക്കേണ്ടി വന്നതിന്റെ ബുദ്ധിമുട്ട് നന്നായി അനുഭവപ്പെട്ടു,പക്ഷെ ആ ബുദ്ധിമുട്ടുകളെയെല്ലാം മറക്കുവാനും നീക്കിക്കളയുവാനും ഉതകുംവിധമുള്ള ഒരു സൌഹൃദ വലയം എനിക്കവിടെ ലഭിച്ചു ,ഒരു അപരിചിതനായി കടന്നെത്തിയ എന്നെ താമസ സ്ഥലമായ കൊമ്പഴയില്‍ നിന്ന് തന്നെ ലഭിച്ച റോബി എന്ന സുഹൃത്ത് കുറെയേറെ സുഹൃത്തുക്കളുമായി പരിചയപ്പെടുത്തി, പലരും സെന്റ്‌ തോമസ്‌ ,കേരളവര്‍മ്മ, കോളേജുകളില്‍ പഠിക്കുന്നവര്‍ ഒപ്പം ചിന്മയായില്‍ തന്നെ ഉള്ള ചിലരും,

ഞങ്ങള്‍ ക്ലാസ് കഴിഞ്ഞെത്തുമ്പോള്‍ ഞങ്ങളെ കാത്തു മറ്റുള്ള സുഹൃത്തുക്കള്‍ ബസ്സ്ടാണ്ടിലെ ആ ആല്മരത്തറയില്‍ ഉണ്ടാവും,അവിടെയിരുന്നു കുറെയേറെ നേരം കഥകള്‍ പറഞ്ഞു, എല്ലാവരും എത്തി കോറം തികഞ്ഞു കഴിഞ്ഞാണ് ഒരുമിച്ചു വീടുകളിലേക്ക് തിരിക്കുന്നത്,എല്ലാവരും പട്ടിക്കാട്,ചുവന്നമണ്ണ്,കൊമ്പഴ,പന്തലാംപാടം ഭാഗത്ത് നിന്നുള്ളവര്‍,

ഈ വെടിവട്ടത്തില്‍ ആദ്യകാലത്ത് എനിക്ക് വലിയ റോള്‍ ഒന്നുമില്ലായിരുന്നു മിക്കവാറും ഞാന്‍ കേള്‍വിക്കാരന്‍ ആയി ഇരിക്കും എല്ലാവരും ചിരിക്കുമ്പോള്‍ കൂടെ ചിരിക്കും,പലരും തൃശൂര്‍ ശൈലിയില്‍ പറയുന്നതൊക്കെ എനിക്ക് ഉത്സവങ്ങള്‍ക്ക് നെടുനീളന്‍ മാലപ്പടക്കത്തിനു തിരികൊളുത്തി പൊട്ടിക്കുന്നതുപോലെയാണ് തോന്നിയത് ഇടയ്ക്കിടെ ഗുണ്ട് പോട്ടുന്നതുപോലെ "'എന്തൂട്ടെടാ കന്നാലീന്നോ,അല്ലേല്‍ എന്തൂട്ടെടാ ശവീന്നോ" ഒക്കെ കേള്‍ക്കും അത് മാത്രം പിടികിട്ടും, അങ്ങനെ നാളുകള്‍ കഴിഞ്ഞു കേള്‍വിക്കാരനായിരുന്ന ഞാനും കളത്തില്‍ തനി തൃശൂര്‍ ശൈലിയില്‍ സംസാരിക്കാന്‍ തുടങ്ങി, ഇടയ്ക്കിടെ ഞാനും അമിട്ടുകള്‍ പൊട്ടിക്കുവാന്‍ പഠിച്ചു.ജീവിതത്തിലെ മറക്കാനാവാത്ത ഒരു നല്ല കാലഘട്ടം ആയിരുന്നു അത്, ആ ഓര്‍മ്മകളില്‍ പീച്ചി ഡാമിലെക്കു വെള്ളം ഒഴുകുന്ന ചെറുതെങ്കിലും ആഴമുള്ള ആ നദികളിലെ കുളിയും മീന്‍ പിടുത്തവും, കാട്ടില്‍ പോക്കും ഒക്കെയുണ്ട്.

വര്‍ഷങ്ങള്‍ കഴിഞ്ഞു പലരും പല വഴിക്കായി. അവിടെ നിന്ന് ഒരുമിച്ചു എയര്ഫോര്സ് ടെസ്റിന് പോയ റോബി ഇന്ന് അവന്റെ വിജയകരമായ എയര്ഫോര്സ് ജീവിതത്തില്‍ നിന്നും വിരമിച്ചു നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു,ബാക്കിയുള്ളവര്‍ ഒക്കെ എവിടെ എന്ന് പോലും അറിയില്ല അവിടുത്തെ ജീവിതത്തിനു ശേഷം ഡല്‍ഹിയിലത്തിയ ഞാന്‍ ഇന്നും ഇവിടെ തന്നെ നാടിനെയും പഴയ സുഹൃത്തുക്കളെയും ഒരിക്കലും തിരിച്ചു വരാത്ത ആ നല്ലകാലത്തെ സ്മരണകള്‍ അയവിറക്കിയും പഴയ ചങായിമാര്‍ ആരെങ്കിലും ഫേസ്ബുക്കിലുണ്ടോ എന്ന് ഇടയ്ക്കിടെ തിരഞ്ഞും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു,

കൊതി

"തറവാട് വീടിനു മുന്‍പില്‍ വേലിയോട് ചേര്‍ന്ന് തന്നെ രണ്ടു മാവുകള്‍ നിന്നിരുന്നു,നന്നായി കായ്ക്കുന്ന മാവുകള്‍, അതിലെ മാങ്ങക്ക് തേന്‍ മധുരമായിരുന്നു, താഴെ വീഴുന്ന പഴമാങ്ങകള്‍ അമ്മച്ചി എടുത്തു അരിപ്പെട്ടിക്കുള്ളില്‍ സൂക്ഷിച്ചു വക്കും,എന്നിട്ട് ഞങ്ങള്‍ കൊച്ചുമക്കള്‍ വരുമ്പോള്‍ എടുത്തു കഴുകി അതിന്റെ മൂക്ക് ചെത്തി കയ്യില്‍ തരും “ഈമ്പി കുടിച്ചോടാന്നും പറഞ്ഞു” മാങ്ങാ ചാര്‍ കൈകളിലെല്ലാം ആക്കി അത് നാവുകൊണ്ട് നക്കി തുവര്‍ത്തി ഈമ്പി കുടിച്ചിരുന്ന കാര്യമൊന്നും ഞാനിപ്പോള്‍ ഓര്‍ക്കുന്നുമില്ല എനിക്കൊട്ടു കൊതിയുമില്ല

"അമ്മിണി"

"അമ്മിണി"... അവള്‍ സുന്ദരിയായിരുന്നു.. ഒരു വിഷുവിന്‍റെ തലേന്നാള്‍ എന്റെ അമ്മയുടെയും മറ്റുള്ളവരുടെയും മുന്നില്‍ വച്ചു അവളെ എന്‍റെ കൈയ്യിലേക്ക് എല്പിച്ചപ്പോള്‍ അവളുടെ രക്ഷകര്‍ത്താക്കളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു, അവള്‍ നിശബ്ദയായിരുന്നു പക്ഷെ അവളുടെ കണ്ണുകളും തുളുമ്പി നില്‍ക്കുന്നത് ഞാന്‍ കണ്ടു,
വീട്ടിലേക്കുള്ള വഴിയിലെല്ലാം അവള്‍ നിശബ്ദയായിരുന്നു അന്നുവരെ ജീവിച്ചതില്‍ നിന്നും വ്യത്യസ്തമായി ഒരു പുതിയ വീട്ടിലേക്കു കടന്നു ചെല്ലുന്നതിന്റെ ആകുലതകളും ചിന്തകളുമാവാം ആ നിശബ്ദതക്കു പിന്നിലെന്ന് ഞാന്‍ ഊഹിച്ചു,അവളുടെ കഴുത്തില്‍ ഞാനണിയിച്ച ആ ചരട് ഒരു അലങ്കാരം പോലെ അവിടെ കിടക്കുന്നത് ഒരു ഗര്‍വ്വോടെ ഞാന്‍ വീക്ഷിച്ചു,ഞങ്ങള്‍ വീട്ടിലെത്തി അവളെ അമ്മയുടെ അടുത്തു വിട്ടു ഞാന്‍ പതിയെ വെളിയിലെക്കൊന്നിറങ്ങി,ഞാന്‍ തിരികെ എത്തുംബോളേക്കും അവള്‍ കിടന്നിരുന്നു, ശല്യപ്പെടുത്തണ്ട എന്ന് കരുതി ഞാനും കിടന്നു ,രാവിലെ അമ്മിണിയുടെ കരച്ചില്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ,ആകുലതയോടെ ഞാന്‍ എഴുന്നേറ്റു അടുക്കളയിലെത്തി, അമ്മ അവിടെയില്ല, എന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു ഞാന്‍ സ്റ്റീല്‍ കപ്പും എടുത്തു തൊഴുത്തിലേക്ക്‌ നടന്നു അമ്മ അപ്പോളവിടെ അമ്മിണിയെ കറക്കുകയായിരുന്നു അവള്‍ അല്പം കുറുമ്പ് കാട്ടുന്നുണ്ടായിരുന്നു എങ്കിലും അമ്മയുടെ തലോടലില്‍ അവള്‍ അടങ്ങി.
കറന്നെടുക്കുന്ന പശുവിന്‍ പാല്‍ അന്നേരമേ കുടിക്കുക എന്നത് പണ്ടേ എന്റെ ഒരു ശീലമായിരുന്നു..........................................

Saturday, April 12, 2014

ഒരു ഉത്സവ ഓര്‍മ്മ

ഞാന്‍ ആറില്‍
പഠിക്കുന്ന സമയം ഇതുപോലെ ഒരു ഏപ്രില്‍ മാസം തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറിയിരിക്കുന്നു പതിനാലാം തീയതി കൊടിയെറിയാല്‍ അടുത്ത പത്തു ദിവസത്തേക്ക് നാട് മുഴുവന്‍ ആ ഉത്സവ ലഹരിയിലാണ്, മിക്ക ദിവസങ്ങളിലും നല്ല പ്രോഗ്രാമ്മുകള്‍ ഉണ്ടാവും നാടകങ്ങള്‍ ,ബാലെ, ഗാനമേള തുടങ്ങി നിരവധി പരിപാടികള്‍ ആണ് ഉണ്ടാവുക സ്കൂള്‍ അവധി ദിനങ്ങള്‍ ആയതിനാല്‍ നല്ല നാടകങ്ങള്‍ ഗാനമേള തുടങ്ങിയവ ഉള്ളപ്പോള്‍ ഞാനും അയല്‍വക്കത്തെ കൂട്ടുകാരുമൊക്കെയായി പ്രോഗ്രാം കാണുവാന്‍ പോകും, ആദ്യം അമ്പലപ്പറമ്പില്‍ എത്തി ആദ്യം ചിന്തിക്കടകളുടെ മുന്നിലൂടെ എല്ലാം കണ്ടുകൊണ്ടൊരു നടപ്പാണ് പിന്നെയും മുന്നോട്ടു നീങ്ങി കിലുക്കികുത്തു പരിപാടികള്‍ നടത്തുന്നിടത്തോക്കെ ഒന്ന് എത്തി നോക്കി വീണ്ടും സ്റെജിനു മുന്നിലായി വന്നു സ്ഥാനം പിടിക്കും,

ചില ദിവസങ്ങളില്‍ ഞാന്‍ നേരത്തെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങും നേരെ കവലക്കടുത്തു തന്നെ താമസിക്കുന്ന അമ്മാച്ചന്റെ വീട്ടിലേക്കു,അന്ന് നാട്ടില്‍ എല്ലാ വീടുകളിലുമോന്നും ടി വി ആയിട്ടില്ല എന്റെ വല്യമ്മാച്ചന്‍ പ്രവാസ ജീവിതമൊക്കെ കഴിഞ്ഞു തിരിച്ചു വന്നതിന്റെ കൂടെ വന്ന സോണി ടി വിയും ,വി സി ആറും ഒപ്പം ഒരുപാട് ഇങ്ങ്ലിഷ് സിനിമകളുടെ കാസെറ്റും ഞങ്ങള്‍ കുട്ടികളെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു ജെംഗിള്‍ബുക്കും ,ബെന്‍ഹറും ,ടെന്‍ കമാന്റ്മെന്റ്സ്,അട്വെഞ്ചര്‍, പിന്നെ ഒരുപാട് wrestling മത്സരങ്ങളുമൊക്കെ ഞാന്‍ കാണുന്നത് ആ സമയത്താണ് അതുപോലെ തന്നെ ചില ഹൊറര്‍ സിനിമകളും അങ്കിളിന്റെ കളെക്ഷനില്‍ ഉണ്ടായിരുന്നു, നേരത്തെ അവിടെയെത്തി അവയിലേതെങ്കിലുമോന്നു കാണാന്‍ പറ്റിയാല്‍ കണ്ടിട്ട് നേരെ ഉത്സവ പറമ്പിലേക്ക് നീങ്ങും.

അങ്ങനെ അഞ്ചാം പുറപ്പാടിന്റെ അന്ന് അങ്കിളിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഒരു ഇങ്ങ്ലിഷ് മൂവി ഓടുകയാണ് പേരൊന്നും ഓര്‍മ്മയില്ല, കുറച്ചു ചെറുപ്പക്കാര്‍ ആണും പെണ്ണും ഒക്കെയായി എങ്ങോ ഒരു ടൂര്‍ പോകുന്നു അവര്‍ക്ക് വഴി തെറ്റിയും വണ്ടി കേടായും ഒക്കെ ഒരു കാട്ടിനുള്ളിലെ ബംഗ്ലാവില്‍ എത്തിച്ചേരുന്നു അതൊരു പ്രേതബംഗ്ലാവാണ് അവര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നതും രക്ഷപ്പെടുവാനായി ഇറങ്ങിയോടുന്നവരെ വന്മരങ്ങള്‍ വള്ളികള്‍ പോലെ കൈകള്‍ നീട്ടി ചുറ്റി വരിഞ്ഞു കൊല്ലുന്നതുമൊക്കെ പ്രമേയമായ ഒരു സിനിമ,
ആദ്യം എല്ലാവരില്‍ നിന്നും അല്പം മാറി മൊസൈക്ക് തറയില്‍ ഭിത്തിയില്‍ ചാരിയിരുന്നു സിനിമ കണ്ടു തുടങ്ങിയ ഞാന്‍ ഓരോ ഭാഗങ്ങള്‍ കഴിയുംതോറും മറ്റുള്ളവരുടെ അടുത്തേക്ക്‌ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു, എങ്ങനെയെങ്കിലും ഇതൊന്നു തീര്‍ന്നാല്‍ മതി എന്നെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും വെളിയില്‍ അതീവ ധൈര്യവാനെ പോലെ തന്നെ അഭിനയിച്ചു, അവസാനം പത്തു മണിയോടെ സിനിമ അവസാനിച്ചു പതിനൊന്നു മണിക്കാണ് അമ്പലത്തില്‍ ആലപ്പി ജൂബിലി തീയട്ടെര്സിന്റെ "ആദിത്യ മംഗലം ആര്യവൈദ്യശാല" എന്ന നാടകം, രാജന്‍ പി ദേവ് ആണ് പ്രധാന നടന്‍ കാണാന്‍ പോകണം എന്ന് ഉറപ്പിച്ചതാണ്,

ഞാന്‍ അവിടുന്നും ഇറങ്ങി അമ്പലപ്പറബിലേക്ക് നടന്നു. ദൂരെ നിന്നും മൈക്കിലൂടെ അനൌണ്‍സ്മെന്റുകള്‍ ഒക്കെ കേള്‍ക്കാം വഴിയൊക്കെ വിജനമെന്നു പറയാം, രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ അമ്പലത്തിനടുത്തല്ലാതെ കടകള്‍ ഒന്നും തുറന്നിരിക്കാറില്ല, മുന്നോട്ടു നടക്കുമ്പോള്‍ അറിയാതെ ഒരു ഭയം എന്നിലേക്ക് കടന്നു വന്നു എങ്കിലും കാര്യമാക്കാതെ മുന്നോട്ടു നീങ്ങി, സ്വാമിയാര്‍ മഠത്തിന്‍റെ അടുത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ഒരു ചങ്ങല കിലുക്കം, പേടി അതിന്‍റെ മൂര്‍ധന്യാവസഥയില്‍ എത്തി പിന്നെ ഒന്നും ചിന്തിച്ചില്ല ഞാന്‍ തിരിഞ്ഞോടി അങ്കിളിന്റെ വീടിനടുത്തെത്തിയപ്പോള്‍ അവിടെ ലൈറ്റ് അണച്ച് എല്ലാവരും കിടന്നു, വിളിച്ചാല്‍ നാണക്കേടാവും പേടിച്ചിട്ടാണെന്ന് അറിയുമല്ലോ?

എന്നാല്‍ പിന്നെ വീട്ടിലേക്കു പോകാം എപ്പോഴും നടക്കുന്ന വഴിയല്ലേ എന്ത് പേടിക്കാന്‍ ,പതിയെ നടന്നു മുന്നോട്ടു ചെല്ലുന്തോറും ഇരുട്ടിനു കട്ടി കൂടിക്കൊണ്ടിരുന്നു ആരോ എന്നെ പുറകെ അനുഗമിക്കുന്നു എന്ന ഒരു തോന്നല്‍ രണ്ടു വശത്തുമുള്ള വേലികമ്പുകള്‍ വള്ളികള്‍ പോലെ കൈകള്‍ നീട്ടി വരുന്നുണ്ടോ എന്നൊരു സംശയം , നടന്നു പോകുന്ന വഴി ഒരു അമ്മൂമ്മ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീടുണ്ട് യക്ഷിക്കാവും മറ്റുമുള്ള ഒരു പുരയിടം, അമ്മൂമ്മ മരിച്ചിട്ട് കുറച്ചു കാലമായി പുരയിടം ആകെ കാട് പിടിച്ചു കിടക്കുന്നു അവിടെത്തിയപ്പോള്‍ കണ്ണില്‍ കുത്തിയാല്‍ അറിയാത്ത വിധം ഇരുട്ട്, അല്പം ശങ്കിച്ചു നിന്നു, മുന്നോട്ടു പോകുവാന്‍ ധൈര്യം പോരാ പെട്ടെന്നാണ് ആ പുരയിടത്തില്‍ നിന്നും എന്തോ പാഞ്ഞു വന്നു എന്റെ മുന്നിലൂടെ ഓടി മറഞ്ഞത്, ഞാന്‍ തിരിഞ്ഞോടി കണ്ണും പൂട്ടിയുള്ള ഓട്ടമായിരുന്നു അത് ഇന്നെങ്ങാനും ആയിരുന്നുവെങ്കില്‍ ഞാന്‍ ലോക റിക്കോര്‍ഡുകള്‍ തകര്‍ത്തേനെ,

വീണ്ടും റോഡിലെത്തിയപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ അമ്പലത്തിലേക്കാവും, നടന്നു നീങ്ങുന്നു ഞാനും പതിയെ അവരുടെ പിന്നാലെ നീങ്ങി കുറേശെ ശ്വാസമോക്കെ നേരെയായി വന്നപ്പോള്‍ താഴെ കാലുകളില്‍ ഒരു നനവ്‌ പോലെ ഓടിയതുകൊണ്ട് വിയര്ത്തതാവാം കാച്ചട്ട വല്ലാതെ നനഞ്ഞിരുന്നു .............................

നഷ്ട സൌരഭ്യം

ചുണ്ണാംബു തേച്ച തളിർ വെറ്റിലയിലേക്കു ചെറു തരികളായി പൊടിച്ചെടുത്ത പാക്കും ഒപ്പം ചെറുകഷ്ണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന പുകയിലയും ചെർത്തു വായിലേക്കു വച്ചു കൊടുക്കുംബോൾ പല്ലില്ലാത്ത മോണ കൊണ്ടു കുഞ്ഞു വിരലുകളിൽ സ്നെഹത്തൊടെ കടിക്കുകയും പിന്നെ ചേർത്തു നിർത്തി എന്നെ മുത്തങ്ങൾ കൊണ്ടു മൂടുകയും ചെയ്തിരുന്ന മുത്തച്ചൻ എനിക്കുണ്ടായിരുന്നു അങ്ങനെ കിട്ടുന്ന മുത്തങ്ങൾക്കൊരു സൗരഭ്യമുണ്ടായിരുന്നു പുകയിലയുടെയും വിയർപ്പിന്റെയുമൊക്കെ ചേർന്ന സ്നേഹത്തിന്റെ സൗരഭ്യം, ഇന്നത്തെ തലമുറക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു സൗരഭ്യം...

സുഹൃത്ത്

ചെങ്ങളം ഗവ; സ്കൂളില്‍ പഠിക്കുമ്പോള്‍ എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു,മുന്നില്‍ നിന്നും രണ്ടാമത്തെ ബെഞ്ചില്‍ എന്നെ തൊട്ടു ചേര്‍ന്ന് രണ്ടാമതായി ഇരിക്കുമായിരുന്ന "ബൈജു". കരിവീട്ടിയുടെ നിറവും അതില്‍ പോളീഷെന്ന പോലെ എന്നും നിറയെ എണ്ണ തേച്ചു മിനുങ്ങി നല്ലെണ്ണയുടെ സുഗന്ധവും പേറി വന്നിരിക്കുമായിരുന്ന അവനെ അന്ന് ഞങ്ങളുടെ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ നേതാവും സ്കൂളിലെ തയ്യല്‍ ടീച്ചരുടെ മകളും അഹങ്കാരത്തിനു കയ്യും കാലും വച്ചവള്‍ എന്ന് തോന്നിക്കുന്ന ബിന്ദുവും സഖികളും കാക്കേ കാക്കേ എന്ന് വിളിച്ചു കളിയാക്കുമായിരുന്നു പക്ഷെ എത്ര കളിയാക്കിയാലും ഇരുന്നു ചിരിക്കുകയല്ലാതെ തിരിച്ചൊരു വാക്കും അവന്‍ പറഞ്ഞിരുന്നില്ല, പലപ്പോഴും കളിയാക്കലുകള്‍ കൂടുന്നു എന്ന് തോന്നുമ്പോള്‍ ഇനി കളിയാക്കിയാല്‍ ഞാന്‍ ടീച്ചറോട് പറഞ്ഞു കൊടുക്കും എന്ന എന്റെ ഭീഷണിയിലാണ് അവര്‍ ആ പരിപാടി നിര്‍ത്തിയിരുന്നത് പക്ഷെ എന്‍റെ സ്ഥിരം ഈ ഭീഷണികൊണ്ട് അവര്‍ക്ക് എന്നോടു നല്ല കലിപ്പുണ്ടായി എന്നതൊഴിച്ചാല്‍ പ്രത്യേകിച്ചു പ്രയോജനം ഒന്നുമുണ്ടായില്ല പഴയതുപോലെ തന്നെ അവരുടെ കളിയാക്കലുകള്‍ അനസ്യൂതം തുടര്‍ന്നുകൊണ്ടേയിരുന്നു,കൂടാതെ എന്നെയും ഒരു കളിയാക്കിപേരിട്ടു കളിയാക്കല്‍ ആരംഭിക്കുവാനും അത് കാരണമായി, ആദ്യമായി ബൈജുവിന്റെ മുഖത്തെ ചിരിമാഞ്ഞു അവന്‍ ഒരു സംഹാരരുദ്രനായി മാറുന്നത് അന്നാണ് ഞാന്‍ കണ്ടത് എന്നെ കളിയാക്കുവാന്‍ തുടങ്ങിയതും ബൈജു ബിന്ദുവിന്റെ നേരെ പാഞ്ഞടുത്തു നിനക്ക് ധൈര്യമുണ്ടേല്‍ ഒന്നൂടെ വിളിക്കെടി എന്നു പറഞ്ഞു കൈചൂണ്ടി വിറഞ്ഞു നില്‍ക്കുന്ന ബൈജുവിന്റെ മുഖം ഇന്നുമെനിക്ക്‌ നല്ല ഓര്‍മ്മയാണ്,

ആ തവണ ആ സ്കൂളില്‍ നിന്നും മാറിയ ഞാന്‍ ബൈജുവിനെ പിന്നെ കണ്ടിട്ടില്ല, "നിസ്വാര്‍ത്ഥ സുഹൃത്ത് ബന്ധം" എന്നൊക്കെ പലയിടത്തും വായിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമായിരുന്നു എണ്ണയില്‍ മിനുങ്ങി നീലയില്‍ വെള്ള കുത്തുകള്‍ ഉള്ള ഷേര്‍ട്ടും ,ഒപ്പം അവന്റെ കാലാണോ നിക്കറാണോ എന്ന് തിരിച്ചറിയാന്‍ മേലാത്ത പോലുള്ള കറുത്ത നിക്കറുമിട്ടു ആ കുശുമ്പി ബിന്ദുവിനു നേരെ കൈ ചൂണ്ടി നില്‍ക്കുന്ന ബൈജുവിന്‍റെ മുഖം...........................


ജോഷി

പനി

കുറച്ചു മാസങ്ങളായി അസുഖങ്ങള്‍ ഒന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥന ആയിരുന്നു, അസുഖങ്ങള്‍ സാധാരണ വരുമ്പോള്‍ നാല്‍പതുകളില്‍ നടക്കുന്ന ഞാന്‍ അറിയാതെ തന്നെ മാനസ്സികമായി പ്രായം കുറഞ്ഞൊരു കൊച്ചുകുഞ്ഞാവും,ആ കുഞ്ഞു ഇടയ്ക്കിടെ കരയും മൂളും ഞരങ്ങും, ആ കുഞ്ഞിനെ ഇടക്കിടെ വന്നു നെറ്റിയിൽ തൊട്ടു പനി നോക്കുവാനും,തലയിലൊന്നു തഴുകുവാനും, ചിലപ്പോള്‍ ആ തലയെടുത്ത് മടിയില്‍ വച്ച് "ഹേ ഒന്നുമില്ലെടാ" എന്ന് പറഞ്ഞു തഴുകി ആശ്വസിപ്പിക്കുവാനും അവന്‍റെ അമ്മയുണ്ടായിരുന്നു , അങ്ങനെ ആ തഴുകല്‍ ഏറ്റു കിടക്കുമ്പോള്‍ ഇടക്കൊരോ പനി വന്നിരുന്നെങ്കില്‍ എന്നു ആശിച്ചിരുന്നു.എന്നാൽ ഇപ്പോൾ ചെറിയ പനിക്കോൾ കണ്ടാലെ മരുന്നു കഴിച്ചു, ഒരു ദിവസം പൊലും കിടപ്പിലാവാതെ ഓഫീസിൽ പോകുവാൻ ശ്രെമിച്ചിരുന്നു. കാരണം ഇന്നു ഈ കുഞ്ഞിനെ തഴുകി തലോടാൻ ആളില്ല എന്ന തിരിച്ചറിവു, അഥവാ കിടന്നു പോയാൽ ആ തലോടൽ കിട്ടാതെ എഴുന്നേൽക്കാൻ സാധിക്കില്ല എന്ന ഭയം ഒക്കെയാവാം,

എന്നാൽ ആ പ്രാര്‍ഥനകളെ ഒക്കെ തോല്‍പ്പിച്ച് അവസാനം പനി എന്നില്‍ പിടിമുറുക്കി കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി തീര്‍ത്തും അടിപ്പെട്ടു പോയി, അങ്ങനെ കിടക്കെ മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നു പഴയതുപോലെ കൊച്ചുകുഞ്ഞിന്റെ സ്വഭാവം കാണിക്കരുത് ഭാര്യയേയും മക്കളെയും വിഷമിപ്പിക്കരുത് എന്നൊക്കെ, എന്നാല്‍ എപ്പോഴൊക്കെയോ പനി കൂടി നിന്ന രാത്രിയുടെ ഏതോ യാമത്തില്‍ ഉറപ്പുകള്‍ ഒക്കെ എവിടെയോ പോയ്മറഞ്ഞു ഞാന്‍ ആ കൊച്ചുകുട്ടിയായി ഞരങ്ങുവാനും മൂളുവാനും തുടങ്ങി പിന്നെ മയക്കത്തിലേക്ക് വഴുതി വീണു ഇടയ്ക്കു ഞെട്ടിയുണരുമ്പോള്‍ പക്ഷെ ഞാന്‍ അമ്മയുടെ മടിയില്‍ ആയിരുന്നു, എന്‍റെ നെറ്റിയിലും തലയിലുമൊക്കെ ആ തഴുകല്‍ ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ആ തഴുകലിന്‍റെ സുഖത്തില്‍ ഞാന്‍ മയങ്ങി കിടന്നു അപ്പോഴും ആ കൈകളുടെ സ്നേഹതഴുകലുകള്‍ എന്‍റെ ശിരസ്സിലൂടെ ഒഴുകുന്നത്‌ ഞാനറിഞ്ഞു,ഇടയ്ക്കെപ്പോഴോ ബോധത്തിലേക്ക്‌ വന്ന ഞാന്‍ അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... അമ്മയുടെ മുഖത്തിനു ഇപ്പോള്‍ എന്‍റെ ഭാര്യയുടെ നല്ല മുഖസാദൃശ്യം എന്ന് അത്ബുദത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു....