Friday, April 12, 2013

എന്നാലും എന്‍റെ രാജേന്ദ്രാ.....



കല്യാണം കഴിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് നിര്‍ബന്ധമാരുന്നു ,എന്നാല്‍ ആയിക്കോട്ടെ എന്നും കരുതി അവധിയുമെടുത്തു  നാട്ടില്‍ ചെന്നപ്പോള്‍ മുതല്‍ വീട്ടുകാരെ ഇടയ്ക്കിടെ  ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു  എനിക്ക്  ആകെ ഒരുമാസമേ അവധിയുള്ളൂ കേട്ടോ കേട്ടോന്നു .പക്ഷെ അവര്‍ അത് കേട്ടതായി  ഭാവിച്ചില്ല ,

 രണ്ടാഴ്ച കഴിഞ്ഞിട്ടും  ഒരു പെണ്ണിനെ പോലും കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചില്ല ,വീണ്ടും ഞാന്‍ ഓര്‍മ്മിപ്പിച്ചു  ലീവ് ഇനി രണ്ടാഴ്ച്ചകൂടിയെ ഉള്ളൂ .അപ്പോളേക്കും എന്‍റെ സുഹൃത്ത്‌ എബിയുടെ  കല്യാണം ഉറപ്പിച്ചു എന്നും അറിഞ്ഞു ,ഞാന്‍ ഇരട്ടി സങ്കടത്തിലായി  ദൈവമേ  ഓഫീസിലും ,അയല്‍വക്കത്തും എല്ലാം  കെട്ടാന്‍ പോവാ  പെണ്ണിനേം കൊണ്ടേ തിരിച്ചു വരൂ  എന്നും പറഞ്ഞു പോന്നിട്ടു  ഒരു പെണ്ണുകാണല്‍ പോലും നടക്കുന്നില്ലല്ലോ ? അപ്പോള്‍ വലിയ അമ്മാച്ചന്‍റെ വക ഒരു  കൊട്ടും

" നിനക്ക്  മൂക്കില്‍ പല്ലൊന്നും കിളുത്തില്ലല്ലോ ഇത്തവണ നടന്നില്ലേല്‍ അടുത്ത വരവിനു ആവാം." 

ആകെ വിഷമിച്ച ഞാന്‍ പറഞ്ഞു. ഇല്ല  "പെണ്ണ് കെട്ടിയിട്ടല്ലാതെ ഞാന്‍ തിരിച്ചു പോകുന്നില്ല" ,

അതെന്നാടാ ?

"കല്യാണം  ഉറച്ചു എന്നും പറഞ്ഞാ അവധി ഒക്കെ എടുത്തു പോന്നത്  ഇനി ചെന്ന് വീണ്ടും കല്യാണം എന്ന്  പറയാന്‍ പറ്റില്ല" ഞാന്‍ ചെറു ചമ്മലോടെ പറഞ്ഞു .

എന്തായാലും  അധികം താമസിയാതെ ഒന്ന് രണ്ടാലോചനകള്‍ വന്നു അത് രണ്ടും  ഡല്‍ഹിയില്‍ ജോലി ഉള്ള  പെണ്‍കുട്ടികള്‍,ഒരാള്‍ഏതോ എയര്‍വെസിലും ,അടുത്തയാള്‍ ഗവണ്‍മെന്‍റ് ഹോസ്പിറ്റലില്‍ സ്റ്റാഫ്‌ നേര്‍സും ,രണ്ടുപേരും തലേന്നും പിറ്റേന്നുമായി നാട്ടില്‍ എത്തും വരുന്ന ദിവസം തന്നെ രണ്ടു പേരെയും പോയി കാണുവാന്‍ തീരുമാനിച്ചു ,അങ്ങനെ മെയ്‌ 12നു ആദ്യ പെണ്ണ് കാഴ്ചക്ക് പോയി,ഉച്ച ഊണ് കഴിഞ്ഞു കാപ്പി കുടിയുടെ സമയത്ത് അവിടെ എത്താം  എന്ന കണക്ക് കൂട്ടലില്‍ ഒരു കാര്‍ നിറച്ചു ആളുകള്മായി  അവിടെ ചെന്നിറങ്ങി ,കാര്യം നടന്നാല്‍ "ഫാവി" അമ്മായിഅപ്പന്‍ ആകണ്ട ആളെ കണ്ടപ്പോള്‍ നല്ല പൊക്കവും  അതിനനുസരിച്ച് വണ്ണവും ഒക്കെയുള്ള  ഒരു  ഒത്ത മനുഷ്യന്‍,അപ്പോള്‍ എനിക്ക് പെണ്ണിനെകുറിച്ചൊരു  മുന്‍ധാരണ തോന്നി  , 6അടി 2 ഇഞ്ചുകാരനായ  എനിക്ക് പറ്റിയ  പൊക്കം കാണും പെണ്ണിന് , കാണാനും നന്നായാല്‍ മതിയാരുന്നു ,പക്ഷെ  എന്നെ കണ്ടതും പെണ്ണിന്റെ  വീട്ടുകാരുടെ ഒക്കെ മുഖത്ത് അല്പം  ഭാവ മാറ്റം കണ്ടപ്പോള്‍ എനിക്ക് അല്പം പന്തികേട് തോന്നി ,എന്തായാലും കാത്തിരുന്ന മുഹൂര്‍ത്തം എത്തി  .

 "കാപ്പി കുടിക്കാന്‍ വിളിച്ചു"

കാപ്പി എടുത്തു തരുന്നിടത്തു പെണ്‍കുട്ടി എത്തി  ,ഞാന്‍ ഒന്നേ  നോക്കിയുള്ളൂ ,എന്‍റെ സകല  പ്രതീക്ഷകളും  തകര്‍ന്നുതരിപ്പണം ആയി , പെണ്ണിന്‍റെ മുഖ സൌന്ദര്യമല്ല എന്നെ തകര്‍ത്തത് അത് വേണ്ടുവോളം ഉണ്ടായിരുന്നു  , ആ ഉയരം  ആയിരുന്നു പ്രതീക്ഷ നശിപ്പിച്ചത് . എന്തായാലും എല്ലാവരുടെയും  നിര്‍ബന്ധത്തിനു  വഴങ്ങി ഞങ്ങള്‍ അടുത്തടുത്ത്‌ നിന്ന് പൊക്കം ഒന്ന് നോക്കി  എന്‍റെ വയര്‍ ലെവലിലെ പെണ്‍കുട്ടി  എത്തുന്നുള്ളൂ, ഏതോ അത്ബുധ ജീവിയുടെ അടുത്ത് നിന്നതുപോലെ  ഒരു ഭാവം പെണ്ണിന്‍റെ മുഖത്തു കാണാം ,അപ്പോള്‍ എന്‍റെ ചേട്ടത്തി പറഞ്ഞു

"കൊച്ചുമോനെ അതും  ഒന്നരയടി പൊക്കമുള്ള ഒരു ചെരിപ്പിട്ടിട്ടാണ് അത്തറ്റം എത്തിച്ചത്" ,  

അങ്ങനെ അത് ചീറ്റി .

അടുത്ത ദിവസം അടുത്ത പെണ്ണിനെ കാണുവാന്‍ തയ്യാറെടുതിരിക്കുന്നു, കേരള എക്സ്പ്രെസ്സ്  ലേറ്റ് ആവല്ലേ എന്ന് പ്രാര്‍ഥിച്ചു ഇരുപ്പാണ് ഞാന്‍ ,അതില്‍ പെങ്കൊച്ച് വന്നു വീട്ടില്‍ എത്തിയിട്ട് വേണം എനിക്ക് പോയി കാണാന്‍, അങ്ങനെ കൊച്ചു വീട്ടില്‍ എത്തി എന്ന അറിയിപ്പ് ലഭിച്ചപ്പോള്‍ പതിയെ അങ്ങോട്ട്‌ യാത്ര ആയി ,അവിടെ എത്തി ആ വീടും പരിസരവും ഒക്കെ കണ്ടപ്പോള്‍ തന്നെ എനിക്കൊരു  അടുപ്പം തോന്നി ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബ വീട് , വീട്ടിലോട്ടു കേറി ചെല്ലുന്ന വഴിക്ക് വലതു വശത്തായി ഒരു  പശു തൊഴുത്തു  അതില്‍ ഒന്ന് രണ്ടു പശുക്കള്‍, മുറ്റത്തു പേര ചാമ്പ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ എല്ലാം കൊണ്ടും എനിക്ക് പരിസ്സരം  ഇഷ്ടമായി ,ഇനി പെണ്ണിനെ കൂടി  ഒന്നിഷ്ടപ്പെട്ടു പെണ്ണിന് എന്നെയും ബോധിച്ചാല്‍ കാര്യം ഓക്കേ,എന്തായാലും സമയം കളയാതെ  പെണ്ണിനെ കാണാന്‍ വിളിച്ചു ,വന്നു  ഞങ്ങളുടെ മുന്നില്‍ നിന്ന്  ഒരു  പുഞ്ചിരി തൂവി,

എന്‍റെ  ദൈവമേ " ആ ഒരൊറ്റ പുഞ്ചിരിയില്‍" ഞാന്‍ വീണു.

ഞങ്ങളെ ഒറ്റയ്ക്ക് സംസാരിക്കാന്‍ ആക്കി ബാക്കിയുള്ളവര്‍ വെളിയില്‍ കടന്നു ,എന്താണ് സംസാരിച്ചത് എന്നൊന്നും ഓര്‍മ്മയില്ല !എന്തോ പറഞ്ഞു  പെണ്‍കൊച്ചും എന്തൊക്കെയോ പറഞ്ഞു  ആ പുഞ്ചിരിയുടെ ഒരു മായിക വലയത്തില്‍ ആയിരുന്നു അപ്പോളും ഞാന്‍, വെളിയിലിറങ്ങിയ ഉടന്‍ ചേട്ടന്‍ ( കസിന്‍ വക്കീല്‍ )   വന്നു ചോദിച്ചു എന്നാ പറയുന്നു ,?

ഞാന്‍ "ആ" ,

 അങ്ങനെയല്ല കൃത്യമായി പറ ഇവരോട് ഇപ്പോളെ കാര്യം പറഞ്ഞിട്ട് പോകാം .

ഞാന്‍ ചാടിപ്പറഞ്ഞു ഓക്കേ എനിക്ക് ഓക്കേ .

 ചേട്ടച്ചാര്‍ അപ്പോളെ കാര്യം പറഞ്ഞു ബാക്കി കാര്യങ്ങള്‍ വീട്ടില്‍ ചെന്നിട്ട് അറിയിക്കാം എന്നും പറഞ്ഞു പോന്നു പിന്നെ കാര്യങ്ങള്‍ ഒക്കെ ശട പടാ ശട പടാന്നു നീങ്ങി ,മെയ്‌ 13 നു കാണാന്‍ പോയ പെണ്ണിനെ മെയ്‌ 20നു ഞാന്‍ കെട്ടി എന്‍റെ വീട്ടിലെത്തിച്ചു.

പിന്നെ  അത്യാവശ്യം വിരുന്നൂണും ഒക്കെ നടത്തി  ഒരാഴ്ചകൂടി നീട്ടിയെടുത്ത  അവധിക്കും ശേഷം ഡല്‍ഹിക്ക്  തിരിച്ചു , നേരെ  എന്റെ ഫ്ലാറ്റിലേക്ക്  അവിടെ നിന്നും  പ്രിയതമക്ക്  ജോലിക്ക് പോയി വരവ് ബുദ്ധിമുട്ടായതിനാല്‍ പുള്ളിക്കാരിയുടെ ഹോസ്പിറ്റലിനടുത്തായി  ഒരു ഫ്ലാറ്റെടുത്തു  അങ്ങോട്ട്‌ മാറി .മധുവിധു നാളുകള്‍ നല്ല സന്തോഷത്തോടെ കടന്നു പോകുന്നു ,അങ്ങനെയിരിക്കെ ഒരു ദിവസം  പ്രിയതമയുടെ കൂട്ടുകാരിയും  ഭര്‍ത്താവും കൂടി ഞങ്ങളെ കാണുവാന്‍ വീട്ടില്‍ വന്നത് . വന്നു അവരുമായി  വര്‍ത്തമാനം ഒക്കെ പറഞ്ഞിരുന്നപ്പോള്‍,TVയില്‍ എന്തൊക്കെയോ  സീരിയലുകള്‍ ഒക്കെ  ഓടിക്കൊണ്ടിരുന്നത്  സൌണ്ട് കുറച്ചു വച്ചിരുന്നു  ഇടയ്ക്കു  സീരിയലുകലെ വിമര്‍ശിച്ചുമൊക്കെ  ഞങ്ങള്‍ ആണുങ്ങള്‍ ഇരുന്നു .''ഫാര്യയും" കൂട്ടുകാരിയും  അകത്തെ മുറിയില്‍ ഇരുന്നു അവരുടെതായ വര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്നു ,കുറച്ചു സമയം കഴിഞ്ഞു അവര്‍ പോകാനിറങ്ങി ,വാതുക്കല്‍ എത്തിയ കൂട്ടുകാരി തിരിഞ്ഞു എന്റെ ഫാര്യയോടു അല്പം സ്വകാര്യമായി

 "നിനക്കെന്നാ തോന്നുന്നു  രാജേന്ദ്രന്‍ വരുമെന്ന് എന്റെ മനസ്സ് പറയുന്നു"

ഇത്രയും ഞാന്‍ കേട്ടു, എന്‍റെ ഫാര്യ എന്താണ് മറുപടി പറഞ്ഞത് എന്ന് ഞാന്‍ കേട്ടില്ല . അവര്‍ യാത്ര പറഞ്ഞു പോയി.

ആ സമയം മുതല്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി ,

 '"ആരാ  ഈ രാജേന്ദ്രന്‍?

ഇത്ര  നാളായിട്ടും അങ്ങനെ ഒരാളെ കുറിച്ച് 'ഫാര്യ " പറഞ്ഞില്ലല്ലോ? ഇനി പഴയ  ചുറ്റിക്കളി വല്ലോം ആയിരുന്നോ? അവള്‍ കൂട്ടുകാരിയോട് എന്താ ഒതുക്കത്തില്‍ പറഞ്ഞത് ? ഞാന്‍ കേള്‍ക്കും എന്ന് ആവുമോ ?

നൂറു സംശയങ്ങള്‍  തലപൊക്കാന്‍ തുടങ്ങി ,എനിക്കാകെ ഭ്രാന്ത് പിടിക്കുന്ന  അവസ്ഥയിലെത്തി ,ഭാര്യോടു ചോദിക്കാന്‍ ഒരു കുറച്ചില്‍, ഇനി  സംശയിക്കുന്ന  ഒന്നുമല്ലെങ്കില്‍ ആകെ ചമ്മും ,പിന്നെ തുടക്കത്തിലേ  സംശയക്കാരന്‍ എന്ന  പേരും വീഴും ,എന്താ ചെയ്യുക ? എന്‍റെ സമാധാനം  പോയെന്നു പറഞ്ഞാല്‍ മതിയല്ലോ , രാത്രിയില്‍ ഭാര്യ ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ട്  വിശപ്പില്ല വേണ്ട എന്ന് പറഞ്ഞു കിടന്നു ,

അവള്‍ ഒരുപാട് നിര്‍ബന്ധിച്ചു "വാ കുറച്ചു കഴിച്ചിട്ട് കിടക്കു "

ഞാന്‍ ഒഴിഞ്ഞുമാറി  "വല്ലാത്ത തലവേദന  ഒന്നും വേണ്ട " 

ഞാന്‍ സ്രെദ്ധിച്ചു അവര്‍ വന്നു പോയപ്പോള്‍ മുതലാണല്ലോ  ഈ തലവേദന ? എന്താ കാര്യം?

ഞാന്‍ ഹേ  ഒന്നുമില്ല  അവര് വന്നതുകൊണ്ട്  തലവേദന വരന്‍ പാടില്ലാന്നാണോ ?  അങ്ങനെ പറഞ്ഞു  തിരിഞ്ഞു കിടന്നു .

പാവം  ഫാര്യയും  ഒന്നും കഴിക്കാതെ ,കയറി കിടന്നു , ഞാന്‍ തിരിഞ്ഞും മറിഞ്ഞും  കിടക്കുകയാണ് .ഉറക്കം വരുന്നില്ല .കണ്ണടച്ചാല്‍ രാജേന്ദ്രന്‍ പല രൂപത്തില്‍ കടന്നു വരും . അതില്‍ ഏതാണ് ശെരിക്കും രാജേന്ദ്രന്‍ എന്ന് മനസ്സിലാക്കാന്‍ ഞാന്‍ ഒരുപാട്  ചിന്തിച്ചു, ഒരു പിടിയുമില്ല .

കുറെ നേരമായപ്പോള്‍ ഇനി കാര്യമറിയാതെ കിടക്കാന്‍ പറ്റില്ല എന്നായപ്പോള്‍ ഒരു വിഢിചിരിയോടെ  അവളോട് ചോദിച്ചു

ആരാടീ  ഈ  രാജേന്ദ്രന്‍?

അവളുടെ മുഖഭാവത്തില്‍ എന്തേലും മാറ്റം വരുന്നുണ്ടോ  എന്ന് സ്രെദ്ധിച്ചാണ് ഞാന്‍ ചോദിച്ചത്.

രാജെന്ദ്രനോ? അതാരാ എനിക്കറിയില്ലല്ലോ? അവള്‍ ഉത്തരം പറഞ്ഞു .

ഞാന്‍ പറഞ്ഞു അതെ  നിന്‍റെ കൂട്ടുകാരി ,പോകാനിറങ്ങാന്‍ നേരം ഒരു  രാജേന്ദ്രന്‍ വരുമെന്ന് പറയുന്നകേട്ടു , അതാരാ ?

ഇത്രയുമായപ്പോള്‍ അവള്‍ ഒറ്റച്ചിരി  ചിരിച്ചു ,ഞാനും കൂട്ടത്തില്‍ ഒരു വിഢിചിരി ചിരിച്ചു കിടന്നു ,ചിരി ഒന്നോതുങ്ങിയപ്പോള്‍ അവള്‍

അപ്പൊ  ഇതാരുന്നല്ലേ തലവേദന ?
.
ഹേ  അത് തലവേദന ശെരിക്കും ഉണ്ടാരുന്നു ,ഇത് ഇപ്പോള്‍ ഞാന്‍ ഓര്‍ത്തപ്പോള്‍ ചോധിചൂന്നു  മാത്രം ഞാന്‍ ബലഹീനമായി  പ്രതിരോധിച്ചു .

അവള്‍ ചിരിച്ചുകൊണ്ട്  പറഞ്ഞു " എന്‍റെ  അച്ചായാ  എന്നോട് വേണോ  ഈ  ഒളിച്ചുകളി " അപ്പൊ മോന്‍റെ  തലവേദന  കൊള്ളാല്ലോ  ഇതും പറഞ്ഞു അവള്‍ വീണ്ടും  ചിരിയാണ് .

ഇത്രയുമായപ്പോള്‍  എനിക്ക് സഹി കെട്ടു, "കിളിക്കാതെ കാര്യം പറയെടീ" ...

"അത് സൂര്യാ TVയിലെ  ഒരു സീരിയലിലെ കഥാപാത്രമാ ,രാജേന്ദ്രന്‍, ഞങ്ങള്  ഹോസ്റ്റലില്‍ വച്ച് സ്ഥിരം കണ്ടോണ്ടിരുന്നതാ , സീരിയലില്‍ പുള്ളി  പട്ടാളത്തില്‍വച്ച് കാണാതായി , മരിച്ചു എന്ന രീതിയിലാ കഥ  അതിനെ കുറിച്ച് പറഞ്ഞതാ  രാജേന്ദ്രന്‍ വരുമെന്ന് ",

 ഇത്രയും പറഞ്ഞു ഭാര്യ വീണ്ടും ചിരി തുടര്‍ന്നു,ഞാന്‍ പതിയെ ചമ്മിയ മുഖത്തോടെ ഓ അതാണോ ,എനിക്ക് തോന്നിയാരുന്നു  എന്നും പറഞ്ഞു  തിരിഞ്ഞു കിടന്നു .

സീരിയലിന്‍റെ പേരു ,അത് ഞാനിപ്പോള്‍ മറന്നു . പക്ഷേആ സീരിയലില്‍ അവസാനം രാജേന്ദ്രന്‍ വന്നപ്പോള്‍ അവള്‍ എന്നെ വിളിച്ചു കാണിച്ചു

"ദേ ഞങ്ങള്‍ അന്ന് പറഞ്ഞില്ലേ  രാജേന്ദ്രന്‍ വരുമെന്ന് ,കണ്ടോ വന്നത് "

എന്നാലും എന്‍റെ രാജെന്ദ്ര നീ  ഒരു  പോക്ക് പോയത് കൊണ്ട് ,അന്ന് തുടങ്ങി ഇന്നുവരെ  നിന്‍റെ  പേരില്‍ കളിയാക്കല്‍ സഹിക്കേണ്ടത് ഞാനാ  എന്നൊരു ഡയലോഗും കാച്ചി ഞാന്‍അവിടുന്നും വലിഞ്ഞു ......

 എങ്കിലും ഇന്നും  ഇടയ്ക്കിടെ എനിക്കിട്ടു കൊട്ട്  തരാന്‍ അവള്‍ രാജേന്ദ്രനെ എടുത്തുപയോഗിക്കാറുണ്ട്,ഒരു ഇളിഭ്യ ചിരിയോടെ ഞാന്‍ പതിയെ സ്ഥലം കാലിയാക്കും .....

ജോഷി  കുര്യന്‍ പോള്‍








Monday, April 8, 2013

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍...............

അജയനൊരു നിഗൂഡ പ്രണയമുണ്ടായിരുന്നു ,ഞങ്ങള്‍ കൂട്ടുകാരെ പോലും അറിയിക്കാതെ ഹൃദയത്തിന്‍റെ ഉള്ളിലെ ഒരു കൊച്ചു ചെപ്പിനുള്ളില്‍ പൂട്ടിട്ട് സൂക്ഷിച്ചിരുന്ന ഒരു പ്രണയം ,ഞങ്ങള്‍ ആരും ഇല്ലാത്തപ്പോള്‍, അവന്‍ ഒറ്റക്കുള്ളപ്പോള്‍ അവനാ ചെപ്പ്  തുറന്നു പ്രണയത്തെ  വെളിയിലെടുക്കും താലോലിക്കും ,വീണ്ടും  തിരികെ സൂക്ഷ്മതയോടെ വച്ച്  ഒന്നും അറിയാത്ത ഭാവത്തില്‍ ഞങ്ങളോടൊപ്പം നടക്കും .ഈ കള്ളനും പോലീസും കളി കുറച്ചുനാള്‍ തുടര്‍ന്നു ,ഞങ്ങളോടുപോലും  വെളിപ്പെടുത്താത്ത പ്രണയവുമായി അജയന്‍ നാളുകള്‍ നീക്കികൊണ്ടിരിക്കെ ഒരു നാള്‍ അവന്റെ  താമസ സ്ഥലത്ത് എത്തിയ എന്നെ അമ്പരപ്പിച്ചുകൊണ്ട്  അവനാ രഹസ്യം  എന്നോട് പറഞ്ഞു ,ഞാനൊരാളെ  പ്രേമിക്കുന്നെടാ ,

എന്‍റെ അമ്പരപ്പിന് ഒരു കാരണം  ഉണ്ടായിരുന്നു ജീവിതത്തില്‍ പെണ്‍കുട്ടികളുമായി ഒരിക്കലും തുറന്നു സംസാരിക്കാത്ത  അജയന്‍ ഒരു പ്രണയത്തില്‍ ആണെന്ന് പറഞ്ഞാല്‍ അത് അമ്പരപ്പിക്കുന്നത്‌ തന്നെ ആയിരുന്നു ,അജയനെ കുറിച്ച് പറഞ്ഞാല്‍ എന്റെ ഒരു അടുത്ത സുഹൃത്ത്‌ മറ്റു ചെറുപ്പക്കാരുടെ പോലെ  ബാച്ചിലര്‍ ജീവിതത്തിലെ ഒരുപാട്  മേളങ്ങളും താളങ്ങളും ഇല്ലാത്ത മാന്യനായ ,മിതഭാഷിയായ ഒരു നല്ല ചെറുപ്പക്കാരന്‍.അവന്‍ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോള്‍ അത് ആരെന്നരിയാനുള്ള ഉത്കടമായ വാഞ്ചയില്‍ ഞാന്‍ അവനോടു ചോദിച്ചു "ആരാടാ ആ ഭാഗ്യവതി ? അവന്‍ വെറുതെ ചിരിച്ചുകൊണ്ട് പറഞ്ഞു "നീ അറിയും" ങേ  ഞാനറിയുന്ന  കുട്ടിയോ ? അതെ നീ അറിയുന്ന കുട്ടി , അവനു ചിരിയാണ് അപ്പോളും , ഞാന്‍ ദേഷ്യപ്പെട്ടു "വെറുതെ മനുഷ്യനെ വടിയാക്കാതെ കാര്യം പറയെടാ" അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു "ആതിര"
"ങേ  ആതിരയോ?" എന്‍റെ വാ പൊളിഞ്ഞ പടി ഇരുന്നു
 "വാ അടച്ചു വക്കടാ  അല്ലേല്‍ ഈച്ച കേറും" എന്ന അജയന്‍റെ  തമാശ കേട്ടപ്പോളാണു ഞാന്‍ അമ്പരപ്പിനാല്‍ തുറന്ന  എന്റെ വായ്‌ അടച്ചത്.

നീ തമാശ പറയുവല്ലല്ലോ ? ഞാന്‍ ചോദിച്ചു ,അതിനും അവന്‍ ചിരിച്ചുകൊണ്ട് "അല്ല നിന്നോട് ഞാന്‍ ഇതുപോലൊരു കാര്യം തമാശയായി പറയും എന്ന് നീ കരുതുന്നുണ്ടോ? കൂടാതെ ഇതില്‍ മുന്നോട്ടു നിനക്ക് നല്ല ഒരു റോളും  വഹിക്കാനുണ്ട്,  അവന്‍റെ  ഈ പറച്ചിലില്‍ ഞാന്‍ ഇടിവെട്ടെറ്റവനെപോലെ  നിന്നു. അതിനു കാരണങ്ങള്‍ ഉണ്ട് അത് പറയുന്നതിന് മുന്‍പ്  ഈ പ്രണയം എങ്ങനെ മൊട്ടിട്ടു എന്നത് അവനില്‍ നിന്നും ഒന്ന് അറിയാനായി ഞാന്‍ ചോദിച്ചു ഇതെങ്ങനെ സംഭവിച്ചു നീ എന്നോട്  ഒരക്ഷരം പോലും വിടാതെ  മുഴുവനും പറ അപ്പോള്‍ ആലോചിക്കാം  റോള് വഹിക്കണോ വേണ്ടയോന്നു .

ആതിര,  അജയന്‍ താമസിക്കുന്ന അതെ ബ്ലോക്കിലെ തന്നെ ഒരു ഫ്ലാറ്റില്‍ താമസം  അവളുടെ  സൌന്ദര്യത്തെ കുറിച്ച് എങ്ങനെയാണ് വര്‍ണ്ണിച്ചു എഴുതേണ്ടത് എന്ന് എനിക്കറിയില്ല,തുളസിക്കതിര്‍ പോലെ എന്നൊക്കെ  എഴുത്തുകാര്‍ വര്‍ണ്ണിച്ചു പറയുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയിരിക്കുന്ന  രൂപം  ആതിരയെ പോലെയുള്ള  പെണ്‍കുട്ടികളുടെയാണ് എന്നത് ഒരു സത്യം,  നല്ല വൃത്തിയായി സാരി ഉടുത്തു ഭൂമിക്ക് വെദനിക്കുമോ എന്ന രീതിയില്‍ നടന്നു പോകുന്ന ആതിര എന്ന പെണ്‍കുട്ടി  ഒരിക്കല്‍ പോലും എന്നോട് സംസാരിച്ചിട്ടില്ല  അജയനുമായും  അവള്‍ ഒരിക്കലും സംസാരിച്ചു  ഞാന്‍ കണ്ടിട്ടില്ല ,ഇടക്കെപ്പോളൊക്കെയോ കണ്ടപ്പോള്‍, മുല്ല മൊട്ടുകള്‍ പോലുള്ള  ആ പല്ലുകള്‍ അല്പം കാട്ടിയുള്ള  ഓരോ  പുഞ്ചിരികള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത് ,എപ്പോളോ ഞാന്‍   അജയനോട് പറഞ്ഞതും ഓര്‍ക്കുന്നു  ഈ  കുട്ടി ഒരു  ക്രിസ്ത്യാനികുട്ടി  ആയിരുന്നു എങ്കില്‍ അജയാ ഞാനിവളെ  എന്‍റെ  വാമഭാഗം ആക്കിയേനെ ,എന്തായാലും  ഒരു മിശ്ര വിവാഹം നടത്തുവാനുള്ള നട്ടെല്ലോ  വീട്ടുകാരെ  വെറുപ്പിക്കുവാനുള്ള മനസ്സോ ഇല്ലാതിരുന്നതിനാല്‍ അതിനെ കുറിച്ച്  ഒട്ടും തന്നെ ചിന്തിച്ചിരുന്നില്ല .അവള്‍ ഇവിടെ താമസിച്ചിരുന്നത്  ഒരു ബന്ധുവിന്റെ  കുടുംബത്തോടൊപ്പം ആയിരുന്നു എന്നത് അറിയാം ,കാരണം ആ കുടുംബനാഥനെ  ഞങ്ങള്‍ക്ക് നല്ല പരിചയം ഉണ്ടായിരുന്നു ,അത്യാവശ്യം നല്ലൊരു മദ്യപാനി,  മിക്ക ദിവസവും  ഓഫീസില്‍ നിന്നും വൈകി എത്തിയിരുന്ന  അയാള്‍ ഫ്ലാറ്റിന്‍റെ പടികള്‍ കയറുമ്പോള്‍ തന്നെ അയല്‍വക്കത്തുള്ളവര്‍ എല്ലാം അറിഞ്ഞിരുന്നു ,കാരണം നല്ല മലയാളം  "സരസ്വതീ" കീര്‍ത്തനങ്ങള്‍ ആലപിച്ചാണ് ആ മാന്യദേഹം ദിവസവും വന്നിരുന്നത്.

പലപ്പോഴും അജയന്‍റെ മുറിയില്‍ അവന്‍റെ  കൈപുണ്ണിയത്തിന്‍റെ സ്വാധറിഞ്ഞു  ഭക്ഷിക്കാനായി  വൈകുന്നേരങ്ങളില്‍ ചെല്ലുന്ന അവസരങ്ങളില്‍ അവന്‍റെ മുറിയുടെ ബാല്‍ക്കണിയില്‍ നിന്നു  ഈ ദൃശ്യം  പലയാവര്‍ത്തി കണ്ടിട്ടുണ്ട് ,അപ്പോളോക്കെയും  ആതിര ആ ബാല്‍ക്കണിയില്‍ വന്നു  കുനിഞ്ഞ ശിരസ്സുമായി ഇരിക്കുന്നതും സ്രെദ്ധിച്ചിട്ടുണ്ട്,അപ്പോള്‍ അജയന്‍ അകത്തുനിന്നും വിളിക്കും

 "എടാ ഇങ്ങു കയരിപ്പൊരു ,"നമ്മള്‍ അറിഞ്ഞെന്നു ആ കുട്ടി  അറിയേണ്ട ,അവര്‍ക്കതൊരു നാണക്കെടാവും  .

ഈ പറച്ചിലിന് പിന്നില്‍ ഇങ്ങനെയൊരു നിഗൂഡത ഒളിഞ്ഞിരുന്നു എന്ന് എനിക്ക്  ഇപ്പോളാണ് മനസ്സിലായത്‌ .കേട്ടോടാ  എന്ന എന്‍റെ  പറച്ചിലിനും ഉത്തരമായി  അവനു ചിരി മാത്രം ,ഞാന്‍ വീണ്ടും അക്ഷമനായി

"അജയാ നീ  കിളിചോണ്ടിരിക്കാതെ കാര്യം പറ"

 അജയനതിനുത്തരം തരുവാനായി  എന്‍റെ  അടുത്ത് വന്നിരുന്നു , എന്നിട്ട് മെല്ലെ  അക്കഥ  പരയുവാനാരംഭിച്ചു, ദിവസേന ജോലിക്ക്  പോകുവാനിറങ്ങുന്ന  അവസരങ്ങളില്‍ ആദ്യ കാലങ്ങളില്‍ പലപ്പോഴും ,യാദൃശ്ചികമായി  ബസ്‌ സ്ടോപ്പിലേക്ക് ഒരുമിച്ചു  നടന്നു പോകുന്ന  അവസരങ്ങള്‍ ഉണ്ടായി ,പല ആവര്‍ത്തി ഇങ്ങനെ കണ്ടപ്പോള്‍ ഇടക്കൊരു  പുഞ്ചിരിയില്‍ മാത്രം  പരസ്പരം പരിചയപ്പെട്ടു ,എന്തൊക്കെയോ മിണ്ടണം എന്ന് എന്റെ ഉള്ളില്‍ ആശ ജനിച്ചിരുന്നു എങ്കിലും എന്നിലെ പേടിതോണ്ടന്‍ മനസ്സ്  അതിനു ധൈര്യപ്പെട്ടില്ല, അങ്ങനെ ദിവസങ്ങള്‍ മുന്നോട്ടു  നീങ്ങി കഴിവതും  ആതിര ഇറങ്ങുന്ന  സമയത്ത് തന്നെ ഇറങ്ങുവാന്‍ ഞാനും സ്രെമിച്ചു.   എന്നുംനീ പറഞ്ഞ ആ  "മുല്ലമൊട്ട്  പുഞ്ചിരി" ലഭിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു തുടങ്ങി,അവളുടെ  വൃത്തിയായുള്ള സാരി ഞൊറിഞ്ഞുടുത്തുള്ള ആ വരവ് കാണുവാന്‍ തന്നെ ഒരു ചന്തം  ആയിരുന്നു അങ്ങനെ എപ്പോളോ ഞാന്‍ തിരിച്ചറിഞ്ഞു  ആതിരയെ ഞാന്‍ സ്നേഹിക്കുന്നു . പക്ഷെ ഒരിക്കലും ഞാന്‍ അത് അവളോട്‌ പറഞ്ഞില്ല , ഞങ്ങളുടെ പുഞ്ചിരി സൌഹൃധം തുടര്‍ന്ന് പോന്നു ,നാളുകള്‍ പോകെ പോകെ  ഒരു ദിവസം പോലും തമ്മില്‍ കാണാതിരിക്കുവാന്‍  രണ്ടു പേര്‍ക്കും സാധ്യമല്ല എന്ന സ്ഥിതിയിലായി ,ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍ ഒരാള്‍ മറ്റൊരാളുടെ വരവ് കാത്തു നില്‍ക്കുവാന്‍ ആരംഭിച്ചു ,കണ്ണുകള്‍ കൊണ്ട് എന്തെ  താമസിച്ചു  എന്ന  ചോദ്യങ്ങള്‍ പരസ്പരം ചോദിക്കുവാന്‍ ആരംഭിച്ചു,അങ്ങനെ ഒരു ദിനം.

  ഞാന്‍ പനിച്ചു കിടന്നത്  നീ ഓര്‍മ്മിക്കുന്നില്ലേ ? അവനെന്നോട് ചോദിച്ചു ,ഞാന്‍ പറഞ്ഞു ആ നീ പനിച്ചു കിടന്നതോന്നും ഓര്‍ക്കാന്‍ സമയമില്ല നീ കാര്യം പറ . ആ പനിച്ചു കിടന്ന ദിവസം ഞാന്‍ ഓഫീസില്‍ പോകേണ്ട സമയം ആയപ്പോള്‍ അവള്‍ കാത്തു നില്‍ക്കുമല്ലോ എന്ന് കരുതി ഞാന്‍ പതിയെ താഴേക്കിറങ്ങി  നിന്നു .എന്‍റെ തയ്യാറാവാതെയുള്ള  നില്പും  ,മുഖത്തെ ക്ഷീണ ഭാവവും  സ്രെദ്ദ്ധിച്ച  അവള്‍ എന്ത് പറ്റി എന്ന് കണ്ണുകളാല്‍ ചോദിച്ചു ,നെറ്റിയില്‍ കൈവച്ചു പനി എന്ന് ഞാന്‍ അതിനുത്തരം നല്‍കി, അത് കണ്ടിട്ട്  അവളുടെ മുഖം വാടുന്നതു ഞാന്‍ കണ്ടു ,ഞാന്‍ കുഴപ്പമില്ല  പോക്കോ എന്ന് കണ്ണുകള്‍ കൊണ്ട്  പറഞ്ഞു,അവള്‍ മടിച്ചു മടിച്ചു നടന്നു ഇടക്കിടെ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയുള്ള  ആ നടപ്പ് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു അവളും എന്നെ സ്നേഹിക്കുന്നുണ്ട് ,അല്ലെങ്കില്‍ ആ മുഖത്ത്  ഇതുപോലൊരു ഭാവം ഉണ്ടാവില്ലല്ലോ,അവള്‍ പോയതിനു ശേഷം  ഞാന്‍ വന്നു കിടന്നു ഒരു  മയക്കം മയങ്ങി, ഇടക്കെപ്പോളോ കതകില്‍ ഒരു മുട്ട് കേട്ട് ഉണര്‍ന്നു ചെന്ന് കതകു തുറന്നപ്പോള്‍ കയ്യില്‍ ഒരു  പാത്രവും ഒക്കെയായി അവള്‍ മുന്നില്‍.ഒരു നിമിഷത്തേക്ക് ഞാന്‍ സ്വപ്നം കാണുകയാണോ എന്ന്  എനിക്ക് തോന്നി അമ്പരന്നു അതെ പടി നിന്നു, അപ്പോള്‍ അവള്‍ ആദ്യമായി  എന്നോട്  മിണ്ടി

"അല്പം  കഞ്ഞിയാണ് ഇത്  അകത്തോട്ടു വച്ചിട്ട്  പാത്രം എനിക്ക് തിരിച്ചു തരാമോ ?"

എന്റെ മനസ്സില്‍ ഒരായിരം വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങി ആതിര എനിക്കായി  ഭക്ഷണം വച്ച് കൊണ്ട് വന്നിരിക്കുന്നു ,ഞാന്‍ അവളില്‍ നിന്നും  പാത്രം വാങ്ങി അവളോട്‌ പറഞ്ഞു  വാ കേറി വാ ,"വേണ്ട  ഞാനിവിടെ നിന്നോളാം ,പെട്ടെന്ന് പാത്രം താ, പിന്നെ പനി ഇപ്പോള്‍ എങ്ങനെയുണ്ട് ?

ഞാന്‍ പറഞ്ഞു  കുറവുണ്ട് .. ഡോക്ടറെ കണ്ടിരുന്നോ? ഇല്ല .. ഞാന്‍ പാരസെറ്റമോള്‍ കഴിച്ചു കിടന്നു കുറഞ്ഞില്ലെന്കില്‍ വൈകിട്ട്  ഡോക്ടറെ  കാണാം എന്ന് കരുതി , അപ്പോളാണ് എനിക്ക്  ഓര്‍മ്മ വന്നത്  അവള്‍ ഓഫീസിലേക്ക് പുറപ്പെട്ടിട്ടു  ഇപ്പോള്‍ എങ്ങനെ ?

 ഞാന്‍ ചോദിച്ചു  അപ്പോള്‍ "ആതിര ഓഫീസിലേക്ക് പോയിട്ട് ?"

 അവള്‍ മുഖം കുനിച്ചു നിന്ന് പറഞ്ഞു  "അല്പം  താമസിച്ചേ ചെല്ലൂ  എന്ന് വിളിച്ചു പറഞ്ഞു , അല്ലെങ്കില്‍ ഇന്ന്  ഒന്നും  കഴിക്കാതെ  ഇവിടെ കിടക്കും എന്ന് തോന്നി "

ഞാന്‍ നന്ദിയായി ഒരു വാക്കും പറഞ്ഞില്ല അവളുടെ മുഖത്തേക്ക്  കൃതഞ്തയുടെ ഒരു നോട്ടം മാത്രം നല്കി  ,ആ കഞ്ഞിയും അതോടൊപ്പം ഉണ്ടായിരുന്ന ,അച്ചാറും പപ്പടവും അകത്തു എന്റെ പാത്രത്തിലേക്ക് മാറ്റി ,അവള്‍ കൊണ്ടുവന്ന  പാത്രം കഴുകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ വെളിയില്‍ നിന്നും വിളിച്ചു പറഞ്ഞു ,കഴുകേണ്ട ഞാന്‍ കഴുകിക്കൊള്ളാം, എങ്കിലും  ആ പാത്രം കഴുകി  ഞാന്‍ അവള്‍ക്കു മടക്കി കൊടുത്തപ്പോള്‍ അവള്‍ സ്നേഹത്തിന്റെ സ്വരത്തില്‍ എന്നെ  ശാസിച്ചു ,

കഴുകേണ്ട എന്ന് പറഞ്ഞതല്ലേ ? തണുത്ത വെള്ളത്തില്‍ തൊടാതിരിക്കാനാണ് പറഞ്ഞത്, പനി മാറണ്ടേ?

ഞാന്‍ മനസ്സില്‍ കരുതി "വേണ്ട ഇങ്ങനെ നീ ദിവസവും  എന്റെ അടുക്കല്‍ വന്നു സ്നേഹത്തോടെ ശാസിക്കുമെന്കില്‍ ഈ പനി മാറാതിരിക്കാനായി നേര്ച്ച നേരും ഞാന്‍", അത് തുറന്നു പറയാനുള്ള  ധൈര്യം എനിക്ക് അപ്പോളും  ഉണ്ടായില്ല ,

അവള്‍ പതിയെ  യാത്ര ചോദിച്ചു എന്നാല്‍ ഞാന്‍ പൊക്കോട്ടെ ? പനി കുറയുന്നില്ലെങ്കില്‍ ഡോക്ടറെ കാണണം ,കൂട്ടുകാരനെ വിളിക്കാംആയിരുന്നില്ലേ ?

നിന്നെയാണ് ഉദ്ദേശിച്ചത് എന്ന്  എനിക്ക് മനസ്സിലായി ,നീ  ഓര്‍ക്കുന്നില്ലേ  അന്ന് വൈകിട്ട് ഒട്ടും മേലാതെ പനിച്ചു കിടന്നപ്പോള്‍ നീ വന്നു എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത് ?അജയന്‍ എന്നോട് ചോദിച്ചു , ഇപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നു  അവനെ  ഞാന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി മരുന്ന് വാങ്ങി കൊടുത്തു തിരികെ റൂമില്‍ എത്തിച്ചു അവനു ഭക്ഷണം  റെഡിയാക്കി കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ "ഉച്ചക്കത്തെ കഞ്ഞിയുണ്ട് നീ  ഒന്ന് വെള്ളമൊഴിച്ചു തിളപ്പിച്ച്‌ തന്നാല്‍ മതി എന്ന് അവന്‍ പറഞ്ഞതും ,

 ആ കഞ്ഞിയുടെ പിന്നില്‍ ഇങ്ങനെയൊരു പ്രേമ കഥയുണ്ട് എന്ന്  അന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലല്ലോടാ  ദുഷ്ടാ ,എന്ന എന്‍റെ പറച്ചിലിന് അവന്‍ ചിരിച്ചുകൊണ്ട് ,എടാ അതിനു പ്രേമം  എന്ന് ഇതുവരെ  രണ്ടു പേരും പറഞ്ഞിട്ടില്ലല്ലോ എന്ന് .

പിന്നെ നീ ഇത്ര നാള്‍ ആയിട്ടും എന്ത് പറഞ്ജോണ്ടിരിക്കുവാ ?

ഞങ്ങള്‍ കണ്ണുകള്‍ തമ്മില്‍ കഥപറയുന്നു,  നീ കേട്ടിട്ടില്ലേ ,കണ്ണും കണ്ണും  തമ്മില്‍ തമ്മില്‍ കഥകള്‍കൈമാറും  അനുരാഗമേ ...... എന്ന പാട്ട് ?

ഞാന്‍  അതിനു മറുപടി ആയി  അവനോടു പറഞ്ഞു നീ  കണ്ണുകള്‍ കൊണ്ട് കഥയും പറഞ്ഞിരുന്നോ ,അവസാനം അവളെ വല്ലോവനും കെട്ടിക്കൊണ്ടു പോകുമ്പോള്‍ സുമംഗലീ നീ ഓര്‍മ്മിക്കുമോ ...... എന്നും പാടി നടക്കാം .

അതിനാണ്  ഞാന്‍ ആദ്യമേ നിന്റെ സഹായം ആവശ്യപ്പെട്ടത് , ഇനിയാണ് നിന്റെ റോള്‍,എനിക്കുറപ്പാണു  അവളും എന്നെ സ്നേഹിക്കുന്നു എന്നത് ,എങ്കിലും ഇതുവരെ  പരസ്പരം  പറയാത്ത സ്ഥിതിക്ക്  നീ  അവളുമായി സംസാരിക്കണം ,അവളുടെ താല്പര്യത്തിനു അനുസരിച്ച്  വീട്ടുകാരോട് സംസാരിക്കാന്‍ നീ തന്നെ മുന്‍കൈ എടുക്കണം .

അജയന്‍ എന്റെ റോള്‍ മുന്നമേ ആവശ്യപ്പെട്ടത്  ഇതിനാനെന്നു ഞാന്‍ ഊഹിച്ചിരുന്നു,പക്ഷെ  നല്ല  മദ്യപാനിയും  അത്യാവശ്യം  "സരസ്വതി" പദപ്രയോഗക്കാരനുമായ  അവളുടെ  ബന്ധുവായ  ആ മനുഷ്യനോട് ഒരിക്കല്‍ അതിന്റെ  പേരില്‍  മലയാളി അസോസിയേഷന്‍റെ  ഒരു പ്രോഗ്രാമ്മില്‍ വച്ച്  ഒരു ഉടക്ക്  നടത്തേണ്ടി വന്നതിന്റെ  ജാള്യത എനിക്കുണ്ട് ,പ്രത്യേകിച്ചും  ഒരു വിവാഹ ആലോചനയ്ക്ക്  തുടക്കം കുറിച്ച്  ചെല്ലുമ്പോള്‍ തന്നെ  ആ മനുഷ്യനില്‍ നിന്നും , അതുപോലെ എന്തെങ്കിലും സംസാരം  ഉണ്ടായാല്‍ ? എന്‍റെ ദേഷ്യ സ്വഭാവത്തില്‍ ചിലപ്പോള്‍  പോയ കാര്യം മറന്നു ഞാന്‍ അയാളോടു ഉടക്കി പോരും  അതാണ്‌  എന്റെ ഭയം...

അജയന്‍ പറഞ്ഞു ,നീ എന്തായാലും  ആദ്യം അവളോട്‌ സംസാരിക്കു ,അതിനു ശേഷം നമുക്ക്  വീട്ടുകാരോട് സംസാരിക്കുന്നത്  എങ്ങനെ വേണം എന്ന് തീരുമാനിക്കാം ,

അടുത്ത ദിവസം ബൈക്ക്‌  ഉപേക്ഷിച്ചു ഞാന്‍ ,അജയനും ആതിരയും പോകുന്ന  ചാര്‍ട്ടേട് ബസില്‍ തന്നെ  കയറി  എന്‍റെ ഓഫീസ്‌ റൂട്ട് അല്ലാതിരുന്നിട്ടു കൂടി  ആ ബസില്‍ കയറി അന്ന് അവരെ  ഒന്നിപ്പിക്കാനുള്ള  പദ്ധതിയുടെ  ആദ്യ പടി തുടങ്ങുവാന്‍ ഞാന്‍ തീരുമാനിച്ചു , ആതിര ഇറങ്ങിയ സ്റ്റോപ്പില്‍ ഞാനും ഇറങ്ങി അജയന്‍ ഇറങ്ങിയിട്ട്  അല്പം മാറി നിന്നു ,

ഞാന്‍ അവളുടെ അടുത്ത് ചെന്ന്  പറഞ്ഞു "ആതിര  തിരക്കുണ്ടോ? എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു"

 അതിനു അവള്‍ " ഇന്ന്  പതിവില്ലാത്ത ആളെ ബസില്‍ കണ്ടപ്പോളേ  എനിക്ക് തോന്നിയിരുന്നു  ഇത് എന്തോ  കരുതിയുള്ള വരവ് ആണെന്ന് "

ഞാന്‍ ചിരിച്ചു .

 "തല്‍കാലം  അജയന്‍ അവിടെ നില്കട്ടെ  നമുക്ക് അല്പം  നടന്നുകൊണ്ട് സംസാരിക്കാം" ,ഞാന്‍ പറഞ്ഞു ...

അത് സമ്മതിച്ചു അവള്‍ എന്നോടൊപ്പം പതിയെ നടന്നു , ഞാന്‍ എങ്ങനെ  ആരംഭം ഇടണം എന്ന ചെറിയ ഒരു  സംശയത്തില്‍ ആയിരുന്നു, മനസ്സില്‍ പല  രീതിയില്‍ റിഹെര്സലുകള്‍ നടത്തി ഒന്നും അങ്ങോട്ട്‌ ശരിയാവുന്നില്ല ,അല്പം നിമിഷങ്ങള്‍ അങ്ങനെ കടന്നു പോയി  അവസാനം  രണ്ടും കല്പിച്ചു ഞാന്‍ അവളോട്‌ ചോദിച്ചു

 " ആതിരക്ക് എന്നെ  ഇഷ്ടമാണോ?"

ങേ , അവള്‍ ചോദ്യം ഇഷ്ടമാകാതെ  കൂര്‍പ്പിച്ചു എന്നെ  നോക്കി , ഞാന്‍ പെട്ടെന്ന്  പിണഞ്ഞ  അബദ്ധം മനസ്സിലാക്കി ,

ഓ സോറി ,സോറി ആതിരക്ക്  അജയനെ ഇഷ്ടമാണോ  ?

എന്നിട്ടും അവള്‍ അത്ര  വിശ്വാസമാവാത്ത വിധം എന്നെ  സൂക്ഷിച്ചു നോക്കി നില്‍ക്കയാണ്, ഞാന്‍ പറഞ്ഞു  ആതിര തെറ്റിദ്ധരിക്കരുത് ,അജയന് വേണ്ടിയാണ് ഞാന്‍ ചോദിച്ചത് പെട്ടെന്ന്  ചോദിച്ചപ്പോള്‍ മാറിപോയതാണ് ,

എന്റെ ചമ്മലും വെപ്രാളവും ഒക്കെ കണ്ടു അബദ്ധം പറ്റിയതാണെന്ന്  അവള്‍ക്കു മനസ്സിലായി ,ഒരു ചെറിയ പുഞ്ചിരി ആ മുഖത്ത് ഞാന്‍ കണ്ടു , ദൈവമേ രക്ഷപെട്ടു ..ഞാന്‍ മനസ്സില്‍ പറഞ്ഞു .

അപ്പോള്‍ ആതിര ചിരിച്ചുകൊണ്ട് പറഞ്ഞു, പറ്റിയ കൂട്ടുകാരനെയാണല്ലോ ,കാര്യം പറയാന്‍ വിട്ടത് ? ഞാന്‍ പറഞ്ഞു ഒരു അബദ്ധം ഒക്കെ ഏത് പോലീസിനും പറ്റുവേലെ ? ആതിര കാര്യം  പറഞ്ഞില്ല ......

അജയന്‍ എന്താണ് പറഞ്ഞത് ? അവള്‍ ഒരു മറു ചോദ്യം എന്നോട് ചോദിച്ചു,

അവന്‍ പറഞ്ഞത് നിങ്ങള്‍ക്ക്  പരസ്പരം ഇഷ്ടമാണ്  എന്നാണു

അങ്ങനെ ഉറപ്പിച്ചു പറഞ്ഞോ? അവള്‍ ഒന്ന് കൂടി ചോദിച്ചു ..പക്ഷെ അവളുടെ മുഖത്ത് ഒരു  സന്തോഷത്തിന്റെ  ഭാവം   ഞാന്‍ കണ്ടു, ഞാന്‍ വീണ്ടും പറഞ്ഞു അവനു ഉറപ്പാണ്  എന്നാണു പറഞ്ഞത് .

 എങ്കില്‍ പിന്നെ എന്തിനു ഇങ്ങനെ ഒരു  ചോധ്യതിനായി  കൂട്ടുകാരനെ വിട്ടു?

ഞാന്‍ പറഞ്ഞു  ഇത് ചോദിക്കുക  എന്നതല്ല  മുഖ്യ വിഷയം , ഇത് അതിന്റെ മുന്‍ കുറിയായി  ഞാന്‍ ചോദിച്ചു  എന്ന് മാത്രം , ഇഷ്ടമെന്കില്‍ പിന്നെ നമുക്ക് മുന്നോട്ടുള്ള കാര്യങ്ങള്‍ ആലോചിക്കണ്ടേ ,ആരോടാണ്  സംസാരിക്കേണ്ടത് , ........ചേട്ടനോട്  സംസാരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ ? ആളുമായി എനിക്ക്  അത്ര  രസം പോരാ...

അതിനു  അവള്‍ ഒന്ന് രണ്ടു നിമിഷതെക്കിനു  ഒന്നും പറഞ്ഞില്ല ,അതിനു ശേഷം  എന്നോട് ചോദിച്ചു , അജയന്റെ വീട്ടില്‍ സമ്മതം ആകുമോ?

 എന്തെ  സമ്മതം ആവാതിരിക്കാന്‍, നിങ്ങള്‍ ഒരേ സമുദായം രണ്ടു പേരും ഒരുപോലെ പഠിപ്പും ജോലിയുമുള്ളവര്‍ പിന്നെ  സാമ്പത്തികമായി ഒരുപാട് ഉയര്ന്നതോന്നുമല്ല അജയന്റെ കുടുംബവും ,ഒരു സാധാരണ കുടുംബം അവനും ഒരു അനുജനും നല്ല വീട്ടുകാര്‍,അവന്റെ ഇഷ്ടം ആ അച്ഛനും അമ്മയും  തള്ളിക്കളയില്ല  എന്ന് എനിക്ക് ഉറപ്പുണ്ട് ..ഞാന്‍ പറഞ്ഞു ,

അതോടെ അവള്‍ക്കു സമാധാനമായി എന്ന് തോന്നി, അവള്‍ പറഞ്ഞു ഇവിടെ  ഞാന്‍ ചേച്ചിയോട് സൂചിപ്പിച്ചിട്ടു എന്ത് വേണം എന്ന് പറയാം , ഇയാള്‍ ഇങ്ങനെ ഒരു ആലോചന കൊണ്ട് വന്നതായിട്ടെ ഞാന്‍ പറയൂ ...

അങ്ങനെ അവളും എന്നെ ബ്രോക്കെര്‍ ആക്കി ,എന്തായാലും പിന്നീട് എല്ലാം പെട്ടെന്ന് തന്നെ ആയിരുന്നു ,നാട്ടില്‍ വീട്ടുകാര്‍ തമ്മില്‍ പരസ്പരം കണ്ടു  വിവാഹം ഉറപ്പിച്ചു , ഞാനും മറ്റു സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ പോയിരുന്നു ,.... ഇന്നും  ആ ജോടികള്‍  പരസ്പര സ്നേഹത്തില്‍ കണ്ണുകള്‍ കൊണ്ടും  അല്ലാതെയും കഥകള്‍ പറഞ്ഞു  ഇണപ്രാവുകളെ പോലെ ജീവിക്കുന്നു   

ആ വിശുദ്ധമായ ഒരു പ്രണയത്തില്‍ ഒരു നല്ല സുഹൃത്തായി നിന്നുകൊണ്ട് അവരെ  ഒന്നിപ്പിക്കാന്‍ സാധിച്ചതിലുള്ള  സന്തോഷം ,അത് ഇന്നും  അവരുടെ ജീവിതത്തില്‍ ഏത് കാര്യത്തിനും അവര്‍ എനിക്ക്   പ്രാധാന്യം  നല്കികൊണ്ട് പ്രകടിപ്പിക്കുന്നു, അവരുടെ സന്തോഷകരമായ  ജീവിതത്തിനു ഞാന്‍ ഒരു കാരണം ആണല്ലോ എന്നത് എന്നെയും സന്തോഷിപ്പിക്കുന്നു............ഇതിലും നല്ല ഒരു പ്രണയം  ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല ,എന്റെ വാക്കുകള്‍ അവരുടെ  പ്രണയത്തിന്റെ തീവ്രത അതെ പടി പകര്‍ത്തുവാന്‍ സാധിച്ചിട്ടില്ല  എന്നാണു  ഞാന്‍ കരുതുന്നത് .......

ജോഷി  കുര്യന്‍ പോള്‍







Monday, April 1, 2013

ചില "കത്തിടപാടുകാര്‍"

 'സാബു' പോസ്റ്റ്മാന്‍ ആയി കടന്നു വന്നപ്പോള്‍ ഞങ്ങളുടെ കരയിലെ ഒട്ടു മിക്ക യുവതികളുടെ മാതാപിതാക്കള്‍ക്കും അത് അത്ര ഇഷ്ടമായില്ല എന്നത്  പരസ്യമായ രഹസ്യം ,അതോടൊപ്പം അവിവാഹിതര്‍ ആയ ചില ചെറുപ്പക്കാരും സാബുവിനെ അല്പം പകയോടെ ആണ് കണ്ടിരുന്നത് ,തങ്ങളുടെ സാമ്രാജ്യത്തില്‍ അതിക്രമിച്ചു കയറിയ ശത്രുവിനെപോലെ  ആണ് പലരും അവനെ കണ്ടത് . സാബുവിനെ കണ്ടാല്‍ അത്യാവശ്യം സുമുഖന്‍, നല്ല സരസമായ  സംഭാഷണം ,നല്ല ചിരി, ഇങ്ങനെയുള്ള ചെറുപ്പക്കാരന്‍ കത്ത് കൊടുക്കുന്ന യുവതികളുടെ വീട്ടില്‍ പ്രത്യേകാല്‍ നല്ല തമാശകള്‍ ഒക്കെ പറഞ്ഞു ചിരിച്ചു വര്‍ത്തമാനം പറയുന്നത് കണ്ടതോടെ  ആ ശത്രുത കൂടി വന്നതല്ലാതെ ഒട്ടും കുറഞ്ഞില്ല .

 സാബു കത്തുകളുമായി കടന്നു വന്നത് യുവതികളായ  പെണ്‍കുട്ടികള്‍  ഉള്ള വീട്ടിലെ മാതാപിതാക്കള്‍ക്ക്  അല്പം  ഉള്‍ഭയം സൃഷ്ടിച്ചു എന്നത്  പരമാര്‍ത്ഥമായ കാര്യമാണ് .അവരുടെ ഭയത്തിനു  അടിസ്ഥാനമായ ചില കാര്യങ്ങള്‍ സംഭവിച്ചിരുന്നു എന്നതും സത്യം മാത്രം ,നാട്ടിലെ ചില യുവതികളുടെ  സ്വപ്നത്തിലെത്തുന്ന  ഗന്ധര്വ്വനായി അവന്‍ മാറി,കാരണം  അന്ന് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമ പത്മരാജന്‍ സാര്‍ ഇറക്കിയ സമയം ആയിരുന്നു .    ചില യുവതികള്‍ക്ക്  മിക്ക ദിവസങ്ങളിലും  കത്തുകള്‍ ലഭിച്ചു തുടങ്ങി ,പലപ്പോഴും  കത്തുകള്‍ വാങ്ങിയ യുവതികള്‍ നാണത്തോടെ അവയെ ബ്ലൌസുകള്‍ക്കുള്ളിലേക്ക് തിരുകി ഇടം വലം നോക്കി ആരും കണ്ടില്ലെന്നു  ഉറപ്പാക്കി പോകുന്നത്  പല സ്ഥലങ്ങളിലും ഇരുന്നു ഞങ്ങളില്‍ പലരും കാണുവാന്‍ ഇടയായിട്ടുണ്ട്, കത്തുകള്‍ വാങ്ങി നാണത്തോടെ ഓടുന്ന സുന്ദരികളുടെ പാദസരങ്ങള്‍ അതിലും നാണത്തോടെ കിണുങ്ങുന്നത് കേട്ട്  .ഞങ്ങള്‍ അല്പം അസൂയയോടെ സാബുവിനെ കണ്ടിട്ടുണ്ട് , പോസ്റ്റുമാന്‍ കത്ത് കൊടുത്തെന്ന പേരില്‍ ഒരു വിവാദം  സൃഷ്ട്ടിക്കാന്‍ ആവാതെ പല  വണ്‍സൈഡ്  കാമുകന്മാരും  വിഷമിച്ചിരുന്നു, മറ്റുചിലര്‍ ബുദ്ധി പൂര്‍വ്വമായി സാബുവുമായി ചങ്ങാത്തത്തില്‍ എത്തിച്ചേരുവാന്‍ സ്രെമിച്ചു .ചിലര്‍ വിജയിച്ചു കാരണം അവരുടെ  സ്വപ്ന സുന്ദരികളില്‍ സാബുവിന് താല്പര്യമില്ലായിരുന്നതാവാം ,മറ്റു ചിലര്‍ പരാജയപ്പെട്ടു അവരുടെ സുന്ദരികളെ സാബു നോട്ടമിട്ടിരുന്നതാവാം കാരണം .  അങ്ങനെയുള്ളവരോട് സാബു വളരെ മാന്യനായി അലപം  ഉപദേശം കൊടുക്കുവാനും മറന്നില്ല ,ഇതൊന്നും ശെരിയല്ല അങ്ങനെ ഒന്നും ചിന്തിക്കരുത് ഇതെന്‍റെ  ചോറാണ് ,.ഇതില്‍ ഞാന്‍ കപടത കാട്ടില്ല എന്നൊക്കെയുള്ള വാക്കുകള്‍ ഇട്ടു അമ്മാനമാടി സാബു ഒരു ഞാണിന്മേല്‍ കളി നടത്തിയിരുന്നു.

എന്തായാലും  കള്ളന്മാരെക്കാളിലും ,പിടിച്ചു പറിക്കാരെക്കാളിലും അധികമായി  ചിലര്‍ സാബുവിനെ പേടിച്ചിരുന്നു ,രഹസ്യമായി ചിലരെങ്കിലും ,മുന്‍ പോസ്ടുമാനായ വേണു ചേട്ടനെ പുകഴ്ത്തി പറഞ്ഞിരുന്നു .വേണു ചേട്ടന്‍ എന്നാ മുന്‍ പോസ്റ്റുമാനെ കുറിച്ച് പറഞ്ഞാല്‍, എന്‍റെ കുഞ്ഞുന്നാള്‍ മുതല്‍ ഞങ്ങളുടെ നാട്ടില്‍ സകല യുവതിയുവാക്കള്‍ക്കും ആബാലവൃദ്ധം ജനങ്ങള്‍ക്കും  കത്ത് കൊടുത്തിരുന്ന  ആള്‍ ആണ്  വേണുചേട്ടന്‍,പ്രത്യേകിച്ച് ഒരു  വികാരവും പ്രകടിക്കാത്ത  മുഖ ഭാവവുമായി ഉടുപ്പിന്റെ  പിറകില്‍ കൊളെറില്‍ തൂക്കിയിട്ട  കാലന്‍ കുടയുമായി ,കയ്യില്‍ പിടിച്ചിരിക്കുന്ന  ഡയറി പോലൊരു ബാഗില്‍ കത്തുകളും അടുക്കി ദിവസേന വേണുചേട്ടന്‍ കിലോമീറ്ററുകള്‍ നടന്നു  ഞങ്ങളുടെ  വീടുകളില്‍ കത്തുകള്‍എത്തിക്കുമായിരുന്നു ,ഇന്‍ലാന്‍ഡ്‌  കത്തുകളും, കവറുകളും,നീലയും ചുവപ്പും ബോര്ടെരോട് കൂടിയ  എയര്‍മെയില്‍ കവേരുകളും ഒക്കെ വേണുചേട്ടന്‍ വീട് വീടാന്തരം കയറിയിറങ്ങി കൈമാറിയിരുന്നു . അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കത്തിടപാടുകളില്‍ അദ്ദേഹം ഒരിക്കലും ഒരു വീഴ്ച വരുത്തിയതായി അറിയുവാന്‍ ഇടയായിട്ടില്ല ,പ്രത്യേകിച്ചും  ഞങ്ങളുടെ അക്കരെ കരയിലെ  പോസ്റ്റ്മാനെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍.

അയ്യപ്പന്‍ എന്നായിരുന്നു അടുത്ത കരയിലെ  ആ പോസ്റ്മാന്‍റെ  പേര്. അയ്യപ്പന്‍ ഒരു  ദൈവത്തിന്റെ പേര്‍ ആണ് എങ്കിലും ആ വിധ ഒരു ഗുണങ്ങളും അയ്യപ്പനില്‍ ദര്‍ശിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല ,ഇരുപത്തിനാല് മണിക്കൂറും താമരയായിരുന്നു  അയ്യപ്പന്‍,അതായത്  'വെള്ളത്തില്‍" തന്നെ ,ജോലി സമയങ്ങളിലും മദ്യപിച്ചല്ലാതെ  അയ്യപ്പനെ ഞങ്ങള്‍ കാണാറില്ലായിരുന്നു ,ആ സ്വഭാവം തന്നെ തന്‍റെ ഔദ്യോഗിക ചുമതലകളില്‍ വീഴ്ച വരുത്തുവാന്‍ കാരണമായി , ആ നാളുകളില്‍ പട്ടാളത്തിലും,വിദേശങ്ങളിലും ഒക്കെയായിരുന്ന ചെറുപ്പക്കാര്‍ തങ്ങളുടെ  സഹധര്‍മ്മിണികള്‍ക്ക്  സ്നേഹത്തില്‍ ചാലിച്ച ഉമ്മകളും ,കുസൃതി കലര്‍ന്ന  കൊച്ചു വര്‍ത്തമാനങ്ങളുമെല്ലാം ,കത്തുകളിലൂടെയാണ് കൈമാറിയിരുന്നത് ,അങ്ങനെയുള്ള കത്തുകള്‍ അയ്യപ്പന്‍ ഒരു വഷള ചിരിയോടെ ആണ് വീടുകളില്‍ എത്തിച്ചിരുന്നത് .അങ്ങനെ കത്തുകള്‍ ലഭിക്കുന്ന ചെറുപ്പക്കാരികളോട്  ഇടയ്ക്കിടെ ഓരോ ആവശ്യങ്ങള്‍ പറഞ്ഞു അയ്യപ്പന്‍ പണം വാങ്ങിയിരുന്നു ,കൊടുക്കാത്തവരുടെ കത്തുകള്‍ മനപ്പൂര്‍വ്വം  വൈകിക്കുകയോ ,കൊടുക്കാതിരിക്കുകയോ ചെയ്തിരുന്നു ,ചിലപ്പോള്‍ നദിക്ക്  അക്കരെയുള്ള  വീട്ടില്‍ നിന്ന് കൊണ്ട് ഇക്കരെയിലേക്ക്    കത്തിനുള്ളില്‍ ഒരു കല്ല്‌ വച്ച് ചുരുട്ടി എറിഞ്ഞു കൊടുത്തിരുന്നു ,ചില അവസരങ്ങളില്‍ കല്ല്‌ മാത്രം അക്കരെ എത്തുകയും കത്ത് ആറ്റില്‍ ഒഴുകുകയും ചെയ്യുന്നതിന് ഞങ്ങള്‍ സാക്ഷികള്‍ ആയിട്ടുണ്ട്‌,അങ്ങനെയുള്ള ചില കത്തുകള്‍ ലഭിച്ച ചെറുപ്പക്കാരായ ചിലര്‍ അവ വായിച്ചു കോള്‍മയിര്‍ കൊള്ളുക പതിവായിരുന്നു  .ആറ്റില്‍ പതിക്കുന്ന കത്തുകളെ നോക്കി വിഷണ്ണരായി നില്‍ക്കുന്ന  യുവതികളോട് അയ്യപ്പന്‍ പറഞ്ഞിരുന്നത് ,സാരമില്ല  മോളെ  അവന്‍ നാളെയും കത്ത്  അയക്കുമല്ലോ എന്നായിരുന്നു .പ്രിയതമന്‍റെ ഹൃദയം അതുപോലെ തന്നെ വാക്കുകളാക്കി പകര്‍ത്തിയ  ആ കത്തുകളെ നോക്കി  ധീര്‍ഘ നിശ്വാസം വിട്ടിരുന്ന യുവതികളുടെ  മുന്നില്‍ അല്പം ഇമേജു ലഭിക്കാനായി ചിലര്‍ ആറ്റില്‍ ചാടി നീന്തി കത്ത് എടുത്തു  കൊടുത്തിരുന്നു , അത് കിട്ടുമ്പോള്‍ അവളുടെ നന്ദിയോടെയുള്ള  ഒരു നോട്ടം,  അതിനായി എത്ര വട്ടം വേണമെങ്കിലും  ആറ്റില്‍ ചാടുവാന്‍ തയ്യാറായ  ഒരു  കൂട്ടം ചെറുപ്പക്കാര്‍ ആ പരിസരങ്ങളില്‍ കറങ്ങി നടന്നിരുന്നു .

ഇങ്ങനെ  സ്വഭാവത്തില്‍ രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു കത്തിടപാടുകാര്‍ആയിരുന്നു ഞങ്ങളുടെ കുഞ്ഞുന്നാള്‍ മുതല്‍ ഞങ്ങള്‍ കണ്ടു വന്നത് ,അവരില്‍ അയ്യപ്പന്‍ എപ്പോളോ  പിടിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തു , അപ്പോളും വേണുചേട്ടന്‍ തന്റെ സ്ഥായിയായ നിര്‍വ്വികാര ഭാവത്തില്‍ കത്തുകള്‍ കൈമാറി തന്റെ ജോലി തുടര്‍ന്ന് വന്നു അങ്ങനെ കാലങ്ങള്‍ കടന്നു പോകെ വേണുചേട്ടനു പ്രമോഷന്‍ ആയി ഒപ്പം എങ്ങോട്ടോ സ്ഥലം മാറ്റവും  ,പകരംഎത്തിയതാണ്  സാബു. തന്റെ കത്തിടപാടുകള്‍ നടത്തിയ പല യുവതികളും ഒരു യാത്ര പോലും പറയാതെ  വിവാഹിതരായി പോകുന്നതിനു  സാബു സാക്ഷിയായി നിന്നു ,എങ്കിലും  സാബുവിന്‍റെ  വിധിയില്‍ സങ്കടം തോന്നിയത് കൊണ്ടോ ,തന്റെ കുടുംബത്തിലെ  അവസ്ഥയില്‍ വിവാഹം എന്നത് ഒരു സ്വപ്നമായി മാത്രം അവശേഷിക്കും എന്ന് തോന്നിയിട്ടോ,സാബുവിലും ഉയര്‍ന്ന ജാതിയില്‍ പെട്ട  ഒരു പെണ്‍കുട്ടി  അവനെ സ്നേഹിക്കുകയും ,ഒരു സുപ്രഭാതത്തില്‍ നാട്ടുകാരെ  ഞെട്ടിച്ചുകൊണ്ട്  അവള്‍ സാബുവിനോപ്പം  ഒളിച്ചോടി അവന്റെ ജീവിത സഖിയായി മാറുകയും ചെയ്തു .

അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട  കത്തിടപാടുകള്‍ക്ക്  അന്ത്യം കുറിച്ചുകൊണ്ട്  സാബു വിവാഹിതനായി ,മറ്റു പല യുവതികളുടെയും മാതാപിതാക്കളുടെ നെഞ്ചിലെ  തീ ഫയര്‍എന്‍ജിന്‍ ഇല്ലാതെ തന്നെ അണഞ്ഞു,ഭാഗവാന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം  ആ പെണ്‍കുട്ടിയുടെചിത്രവും  ചിലരുടെ മനസ്സില്‍ ഇടം നേടി .ഇന്ന്  രണ്ടു പേരും  ഭാവിയിലെ മറ്റൊരു  റോമിയോയുടെ  മാതാപിതാക്കളായി  ഞങ്ങളുടെ  കരയില്‍ വാണരുളുന്നു .

ജോഷി  കുര്യന്‍ പോള്‍