Saturday, April 12, 2014

ഒരു ഉത്സവ ഓര്‍മ്മ

ഞാന്‍ ആറില്‍
പഠിക്കുന്ന സമയം ഇതുപോലെ ഒരു ഏപ്രില്‍ മാസം തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറിയിരിക്കുന്നു പതിനാലാം തീയതി കൊടിയെറിയാല്‍ അടുത്ത പത്തു ദിവസത്തേക്ക് നാട് മുഴുവന്‍ ആ ഉത്സവ ലഹരിയിലാണ്, മിക്ക ദിവസങ്ങളിലും നല്ല പ്രോഗ്രാമ്മുകള്‍ ഉണ്ടാവും നാടകങ്ങള്‍ ,ബാലെ, ഗാനമേള തുടങ്ങി നിരവധി പരിപാടികള്‍ ആണ് ഉണ്ടാവുക സ്കൂള്‍ അവധി ദിനങ്ങള്‍ ആയതിനാല്‍ നല്ല നാടകങ്ങള്‍ ഗാനമേള തുടങ്ങിയവ ഉള്ളപ്പോള്‍ ഞാനും അയല്‍വക്കത്തെ കൂട്ടുകാരുമൊക്കെയായി പ്രോഗ്രാം കാണുവാന്‍ പോകും, ആദ്യം അമ്പലപ്പറമ്പില്‍ എത്തി ആദ്യം ചിന്തിക്കടകളുടെ മുന്നിലൂടെ എല്ലാം കണ്ടുകൊണ്ടൊരു നടപ്പാണ് പിന്നെയും മുന്നോട്ടു നീങ്ങി കിലുക്കികുത്തു പരിപാടികള്‍ നടത്തുന്നിടത്തോക്കെ ഒന്ന് എത്തി നോക്കി വീണ്ടും സ്റെജിനു മുന്നിലായി വന്നു സ്ഥാനം പിടിക്കും,

ചില ദിവസങ്ങളില്‍ ഞാന്‍ നേരത്തെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങും നേരെ കവലക്കടുത്തു തന്നെ താമസിക്കുന്ന അമ്മാച്ചന്റെ വീട്ടിലേക്കു,അന്ന് നാട്ടില്‍ എല്ലാ വീടുകളിലുമോന്നും ടി വി ആയിട്ടില്ല എന്റെ വല്യമ്മാച്ചന്‍ പ്രവാസ ജീവിതമൊക്കെ കഴിഞ്ഞു തിരിച്ചു വന്നതിന്റെ കൂടെ വന്ന സോണി ടി വിയും ,വി സി ആറും ഒപ്പം ഒരുപാട് ഇങ്ങ്ലിഷ് സിനിമകളുടെ കാസെറ്റും ഞങ്ങള്‍ കുട്ടികളെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു ജെംഗിള്‍ബുക്കും ,ബെന്‍ഹറും ,ടെന്‍ കമാന്റ്മെന്റ്സ്,അട്വെഞ്ചര്‍, പിന്നെ ഒരുപാട് wrestling മത്സരങ്ങളുമൊക്കെ ഞാന്‍ കാണുന്നത് ആ സമയത്താണ് അതുപോലെ തന്നെ ചില ഹൊറര്‍ സിനിമകളും അങ്കിളിന്റെ കളെക്ഷനില്‍ ഉണ്ടായിരുന്നു, നേരത്തെ അവിടെയെത്തി അവയിലേതെങ്കിലുമോന്നു കാണാന്‍ പറ്റിയാല്‍ കണ്ടിട്ട് നേരെ ഉത്സവ പറമ്പിലേക്ക് നീങ്ങും.

അങ്ങനെ അഞ്ചാം പുറപ്പാടിന്റെ അന്ന് അങ്കിളിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഒരു ഇങ്ങ്ലിഷ് മൂവി ഓടുകയാണ് പേരൊന്നും ഓര്‍മ്മയില്ല, കുറച്ചു ചെറുപ്പക്കാര്‍ ആണും പെണ്ണും ഒക്കെയായി എങ്ങോ ഒരു ടൂര്‍ പോകുന്നു അവര്‍ക്ക് വഴി തെറ്റിയും വണ്ടി കേടായും ഒക്കെ ഒരു കാട്ടിനുള്ളിലെ ബംഗ്ലാവില്‍ എത്തിച്ചേരുന്നു അതൊരു പ്രേതബംഗ്ലാവാണ് അവര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നതും രക്ഷപ്പെടുവാനായി ഇറങ്ങിയോടുന്നവരെ വന്മരങ്ങള്‍ വള്ളികള്‍ പോലെ കൈകള്‍ നീട്ടി ചുറ്റി വരിഞ്ഞു കൊല്ലുന്നതുമൊക്കെ പ്രമേയമായ ഒരു സിനിമ,
ആദ്യം എല്ലാവരില്‍ നിന്നും അല്പം മാറി മൊസൈക്ക് തറയില്‍ ഭിത്തിയില്‍ ചാരിയിരുന്നു സിനിമ കണ്ടു തുടങ്ങിയ ഞാന്‍ ഓരോ ഭാഗങ്ങള്‍ കഴിയുംതോറും മറ്റുള്ളവരുടെ അടുത്തേക്ക്‌ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു, എങ്ങനെയെങ്കിലും ഇതൊന്നു തീര്‍ന്നാല്‍ മതി എന്നെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും വെളിയില്‍ അതീവ ധൈര്യവാനെ പോലെ തന്നെ അഭിനയിച്ചു, അവസാനം പത്തു മണിയോടെ സിനിമ അവസാനിച്ചു പതിനൊന്നു മണിക്കാണ് അമ്പലത്തില്‍ ആലപ്പി ജൂബിലി തീയട്ടെര്സിന്റെ "ആദിത്യ മംഗലം ആര്യവൈദ്യശാല" എന്ന നാടകം, രാജന്‍ പി ദേവ് ആണ് പ്രധാന നടന്‍ കാണാന്‍ പോകണം എന്ന് ഉറപ്പിച്ചതാണ്,

ഞാന്‍ അവിടുന്നും ഇറങ്ങി അമ്പലപ്പറബിലേക്ക് നടന്നു. ദൂരെ നിന്നും മൈക്കിലൂടെ അനൌണ്‍സ്മെന്റുകള്‍ ഒക്കെ കേള്‍ക്കാം വഴിയൊക്കെ വിജനമെന്നു പറയാം, രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ അമ്പലത്തിനടുത്തല്ലാതെ കടകള്‍ ഒന്നും തുറന്നിരിക്കാറില്ല, മുന്നോട്ടു നടക്കുമ്പോള്‍ അറിയാതെ ഒരു ഭയം എന്നിലേക്ക് കടന്നു വന്നു എങ്കിലും കാര്യമാക്കാതെ മുന്നോട്ടു നീങ്ങി, സ്വാമിയാര്‍ മഠത്തിന്‍റെ അടുത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ഒരു ചങ്ങല കിലുക്കം, പേടി അതിന്‍റെ മൂര്‍ധന്യാവസഥയില്‍ എത്തി പിന്നെ ഒന്നും ചിന്തിച്ചില്ല ഞാന്‍ തിരിഞ്ഞോടി അങ്കിളിന്റെ വീടിനടുത്തെത്തിയപ്പോള്‍ അവിടെ ലൈറ്റ് അണച്ച് എല്ലാവരും കിടന്നു, വിളിച്ചാല്‍ നാണക്കേടാവും പേടിച്ചിട്ടാണെന്ന് അറിയുമല്ലോ?

എന്നാല്‍ പിന്നെ വീട്ടിലേക്കു പോകാം എപ്പോഴും നടക്കുന്ന വഴിയല്ലേ എന്ത് പേടിക്കാന്‍ ,പതിയെ നടന്നു മുന്നോട്ടു ചെല്ലുന്തോറും ഇരുട്ടിനു കട്ടി കൂടിക്കൊണ്ടിരുന്നു ആരോ എന്നെ പുറകെ അനുഗമിക്കുന്നു എന്ന ഒരു തോന്നല്‍ രണ്ടു വശത്തുമുള്ള വേലികമ്പുകള്‍ വള്ളികള്‍ പോലെ കൈകള്‍ നീട്ടി വരുന്നുണ്ടോ എന്നൊരു സംശയം , നടന്നു പോകുന്ന വഴി ഒരു അമ്മൂമ്മ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീടുണ്ട് യക്ഷിക്കാവും മറ്റുമുള്ള ഒരു പുരയിടം, അമ്മൂമ്മ മരിച്ചിട്ട് കുറച്ചു കാലമായി പുരയിടം ആകെ കാട് പിടിച്ചു കിടക്കുന്നു അവിടെത്തിയപ്പോള്‍ കണ്ണില്‍ കുത്തിയാല്‍ അറിയാത്ത വിധം ഇരുട്ട്, അല്പം ശങ്കിച്ചു നിന്നു, മുന്നോട്ടു പോകുവാന്‍ ധൈര്യം പോരാ പെട്ടെന്നാണ് ആ പുരയിടത്തില്‍ നിന്നും എന്തോ പാഞ്ഞു വന്നു എന്റെ മുന്നിലൂടെ ഓടി മറഞ്ഞത്, ഞാന്‍ തിരിഞ്ഞോടി കണ്ണും പൂട്ടിയുള്ള ഓട്ടമായിരുന്നു അത് ഇന്നെങ്ങാനും ആയിരുന്നുവെങ്കില്‍ ഞാന്‍ ലോക റിക്കോര്‍ഡുകള്‍ തകര്‍ത്തേനെ,

വീണ്ടും റോഡിലെത്തിയപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ അമ്പലത്തിലേക്കാവും, നടന്നു നീങ്ങുന്നു ഞാനും പതിയെ അവരുടെ പിന്നാലെ നീങ്ങി കുറേശെ ശ്വാസമോക്കെ നേരെയായി വന്നപ്പോള്‍ താഴെ കാലുകളില്‍ ഒരു നനവ്‌ പോലെ ഓടിയതുകൊണ്ട് വിയര്ത്തതാവാം കാച്ചട്ട വല്ലാതെ നനഞ്ഞിരുന്നു .............................

No comments:

Post a Comment