Saturday, April 12, 2014

പനി

കുറച്ചു മാസങ്ങളായി അസുഖങ്ങള്‍ ഒന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥന ആയിരുന്നു, അസുഖങ്ങള്‍ സാധാരണ വരുമ്പോള്‍ നാല്‍പതുകളില്‍ നടക്കുന്ന ഞാന്‍ അറിയാതെ തന്നെ മാനസ്സികമായി പ്രായം കുറഞ്ഞൊരു കൊച്ചുകുഞ്ഞാവും,ആ കുഞ്ഞു ഇടയ്ക്കിടെ കരയും മൂളും ഞരങ്ങും, ആ കുഞ്ഞിനെ ഇടക്കിടെ വന്നു നെറ്റിയിൽ തൊട്ടു പനി നോക്കുവാനും,തലയിലൊന്നു തഴുകുവാനും, ചിലപ്പോള്‍ ആ തലയെടുത്ത് മടിയില്‍ വച്ച് "ഹേ ഒന്നുമില്ലെടാ" എന്ന് പറഞ്ഞു തഴുകി ആശ്വസിപ്പിക്കുവാനും അവന്‍റെ അമ്മയുണ്ടായിരുന്നു , അങ്ങനെ ആ തഴുകല്‍ ഏറ്റു കിടക്കുമ്പോള്‍ ഇടക്കൊരോ പനി വന്നിരുന്നെങ്കില്‍ എന്നു ആശിച്ചിരുന്നു.എന്നാൽ ഇപ്പോൾ ചെറിയ പനിക്കോൾ കണ്ടാലെ മരുന്നു കഴിച്ചു, ഒരു ദിവസം പൊലും കിടപ്പിലാവാതെ ഓഫീസിൽ പോകുവാൻ ശ്രെമിച്ചിരുന്നു. കാരണം ഇന്നു ഈ കുഞ്ഞിനെ തഴുകി തലോടാൻ ആളില്ല എന്ന തിരിച്ചറിവു, അഥവാ കിടന്നു പോയാൽ ആ തലോടൽ കിട്ടാതെ എഴുന്നേൽക്കാൻ സാധിക്കില്ല എന്ന ഭയം ഒക്കെയാവാം,

എന്നാൽ ആ പ്രാര്‍ഥനകളെ ഒക്കെ തോല്‍പ്പിച്ച് അവസാനം പനി എന്നില്‍ പിടിമുറുക്കി കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി തീര്‍ത്തും അടിപ്പെട്ടു പോയി, അങ്ങനെ കിടക്കെ മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നു പഴയതുപോലെ കൊച്ചുകുഞ്ഞിന്റെ സ്വഭാവം കാണിക്കരുത് ഭാര്യയേയും മക്കളെയും വിഷമിപ്പിക്കരുത് എന്നൊക്കെ, എന്നാല്‍ എപ്പോഴൊക്കെയോ പനി കൂടി നിന്ന രാത്രിയുടെ ഏതോ യാമത്തില്‍ ഉറപ്പുകള്‍ ഒക്കെ എവിടെയോ പോയ്മറഞ്ഞു ഞാന്‍ ആ കൊച്ചുകുട്ടിയായി ഞരങ്ങുവാനും മൂളുവാനും തുടങ്ങി പിന്നെ മയക്കത്തിലേക്ക് വഴുതി വീണു ഇടയ്ക്കു ഞെട്ടിയുണരുമ്പോള്‍ പക്ഷെ ഞാന്‍ അമ്മയുടെ മടിയില്‍ ആയിരുന്നു, എന്‍റെ നെറ്റിയിലും തലയിലുമൊക്കെ ആ തഴുകല്‍ ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ആ തഴുകലിന്‍റെ സുഖത്തില്‍ ഞാന്‍ മയങ്ങി കിടന്നു അപ്പോഴും ആ കൈകളുടെ സ്നേഹതഴുകലുകള്‍ എന്‍റെ ശിരസ്സിലൂടെ ഒഴുകുന്നത്‌ ഞാനറിഞ്ഞു,ഇടയ്ക്കെപ്പോഴോ ബോധത്തിലേക്ക്‌ വന്ന ഞാന്‍ അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... അമ്മയുടെ മുഖത്തിനു ഇപ്പോള്‍ എന്‍റെ ഭാര്യയുടെ നല്ല മുഖസാദൃശ്യം എന്ന് അത്ബുദത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു....

No comments:

Post a Comment