Monday, June 9, 2014

വിശ്വാസങ്ങള്‍ മതങ്ങള്‍

നാലാം ക്ലാസിലെ വല്യവധി സമയത്താണ് അമ്മയുടെ അപ്പാപ്പന്റെ ഭാര്യ അതായത് ഞങ്ങടെ കുഞ്ഞപ്പച്ചന്റെ അമ്മച്ചി മരിക്കുന്നത്, നെര്യന്ത്രയിലെ ചാക്കോചെട്ടനാണ് മരണ വിവരം വീട്ടില്‍ വന്നു അറിയിക്കുന്നത് കേട്ടയുടനെ അമ്മ വെട്ടിയിട്ട വാഴപ്പിണ്ടി പോലെ താഴെ വീണു,അന്ന് ഞങ്ങള്‍ വല്യമ്മാച്ചന്റെ വീട്ടിലാരുന്നു കുഞ്ഞമ്മാച്ചന്റെ കല്യാണം കഴിഞ്ഞ് അധിക ദിവസങ്ങള്‍ ആയിരുന്നില്ല ,പെട്ടെന്ന്‍ കുഞ്ഞമ്മായി അമ്മയെ താങ്ങി മുഖത്തു വെള്ളമോഴിച്ചുണര്‍ത്തി ,പിന്നെ എല്ലാം പെട്ടെന്നായിരുന്നു പൂവാണിലെ കാറ് വന്നു ,അമ്മയും അപ്പച്ചനും പിന്നെയും ആരൊക്കെയോ ആ കാറില്‍ കയറി കുഞ്ഞപ്പച്ചന്റെ വീട്ടിലേക്കു പോയി ,ഞങ്ങള്‍ കുട്ടികളെയും കൂട്ടി കുഞ്ഞമ്മാച്ചനും അമ്മായിയും പുറകെ ആണ് പോയത് ,അന്ന് അവിടെ അമ്മച്ചിയുടെ അടക്കം കഴിഞ്ഞ അന്ന് രാത്രിയോടെയാണ് കുഞ്ഞപ്പച്ചന്റെ മൂത്ത മകന്‍ തന്കചായനും ഭാര്യയും വീട്ടില്‍ എത്തുന്നത് അവരുടെ കല്യാണം ഡല്‍ഹിയില്‍ വച്ചായിരുന്നു ആന്റി ആദ്യമായി വീട്ടിലേക്കു വരിക ആയിരുന്നു ,മലയാളം ചില വാക്കുകള്‍ മാത്രമറിയാവുന്ന ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ആന്റിയെ ഒരു അത്ബുധത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത് പലപ്പോഴും ആന്‍റി അടുത്ത് വിളിച്ചു ഓരോന്ന് ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ചിരിക്കിടയാക്കി അല്ലെങ്കില്‍ ഒന്നും മനസ്സിലാവാതെ ഒരു വിഢിചിരിയുമായി ഞാന്‍ നിന്നു,

പതിയെ പതിയെ ആന്‍റി ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടവളായി മാറി, അവധി കഴിഞ്ഞു തിരിച്ചു പോയതിനു ശേഷവും അമ്മയുടെ പേരില്‍ അരികുകളില്‍ മഞ്ഞയും കാപ്പിപ്പൊടികളറും ചേര്‍ന്ന ബോര്ടെരോടുകൂടിയ ഡല്‍ഹി താജ് മഹല്‍ ഹോട്ടെലിന്റെ ലെറ്റര്‍പാടുകളില്‍ വന്നിരുന്ന ഇങ്ങ്ലീഷ്‌ കത്തുകള്‍ ഞങ്ങളെ ആന്റിയോട്‌ കൂടുതല്‍ അടുപ്പിച്ചു ആ അടുപ്പമാണ് വര്‍ഷങ്ങള്‍ക്കു ശേഷം പഠനത്തിനായി ഡല്‍ഹിയിലേക്കു വണ്ടി കയറാന്‍ എനിക്ക് കാരണമായത്‌, ഇവിടെത്തിയ കാലം മുതല്‍ അമ്മാച്ചനോടും ആന്റിയോടും ഒപ്പമുണ്ടായിരുന്ന ആന്റിയുടെ ഡാഡിയും മമ്മിയും അടുത്തൊക്കെ തന്നെയായി താമസിച്ചിരുന്ന സഹോദരങ്ങളുമൊക്കെ എനിക്കും ഞാന്‍ അവര്ക്കും പ്രിയപ്പെട്ടവരായി ,എല്ലാവരെയും സ്നേഹത്തോടെ ഒരുമിപ്പിച്ചു നിര്‍ത്തുവാന്‍ ആന്റിയുടെ കഴിവ് അപാരം തന്നെ ആയിരുന്നു വന്ന കാലം മുതല്‍ ഒരു അമ്മയുടെ സ്നേഹത്തോടെ എന്നെ സ്നേഹിക്കുകയും ശാസിക്കുകയും ഒക്കെ ചെയ്തുവന്ന ആന്റി എനിക്ക് അമ്മയെ പോലെ തന്നെ പ്രിയപ്പെട്ടവള്‍ ആയിരുന്നു, എന്‍റെ ജീവിതത്തിലെ ഓരോ വിശേഷപ്പെട്ട ദിനങ്ങളിലും എന്നെ തേടിയെത്തിയിരുന്ന ആദ്യ ഫോണ്കോള്‍ എന്നും ആന്റിയുടെതായിരുന്നു,എന്‍റെ മക്കള്‍ക്കും മോളിമമ്മി എന്നു പറഞ്ഞാല്‍ ജീവനായിരുന്നു. വീട്ടിലെത്തിയാല്‍ കുട്ടികളോടൊപ്പം അവരുടെ പ്രായത്തിലേക്ക് ഇറങ്ങി ചെല്ലുമായിരുന്നു ആന്റി ഇന്ന് ഒരു ഓര്‍മ്മയായി മാറിയിരിക്കുന്നു,

കഴിഞ്ഞ ഒരാഴ്ചക്കാലമായി ഹോസ്പിറ്റലിനു വെളിയില്‍ കാത്തിരിക്കുമ്പോള്‍ പലപ്പോഴും, ഒരേ മതത്തിലെ ഒരേ വിശുദ്ധ ഗ്രന്ഥം തന്നെ ഫോളോ ചെയ്യുന്ന മനുഷ്യര്‍ പലപ്പോഴും അതിലെ ഓരോ വാക്കുകളെയും പലതായി വ്യാഖ്യാനിച്ചു എത്ര കോമാളികള്‍ ആവുന്നു എന്ന ചിന്ത ആയിരുന്നു ,മരുന്നുപയോഗിക്കാതിരിക്കുവാനും ഉപയോഗിക്കുവാനും മനുഷ്യന്‍ വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകള്‍ വെച്ച് തര്‍ക്കിക്കുന്നു ആന്റിയും അമ്മാച്ചനും അവരുടെ വിശ്വാസവും മരുന്നുപയോഗിക്കേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചപ്പോള്‍ ആന്‍റി ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് പതിയെ പതിയെ നീങ്ങുന്നത്‌ വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു, അവസാനം ആന്റി അനുഭവിക്കുന്ന വേദനകള്‍ കണ്ടു നില്‍ക്കാന്‍ സഹിക്കവയ്യാതെ അവരുടെ എതിര്‍പ്പിനെ മറികടന്നു ആന്റിയുടെ സഹോദരനും ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍ബന്ധമായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞങ്ങള്‍ക്ക് കൂടുതലായി ഒന്നും പ്രതീക്ഷിക്കുവാനില്ലായിരുന്നു എങ്കിലും അവസാന നിമിഷങ്ങളില്‍ എങ്കിലും വേദന അറിയാത്തൊരു മരണം അവര്‍ക്ക് ലഭിക്കട്ടെ എന്ന ചിന്ത ആയിരുന്നു ഞങ്ങളെ അതിനു പ്രേരിപ്പിച്ചത്, അതുപോലെ തന്നെ ഒന്നുമറിയാതെ ആന്‍റി കടന്നു പോയി, ഞങ്ങളുടെ മനസ്സില്‍ സ്നേഹത്തിന്‍റെ രൂപം അവശേഷിപ്പിച്ചു കടന്നു പോകുമ്പോളും ഞങ്ങള്‍ക്ക് ആ മരണം തന്ന നഷ്ടം വളരെ വലുതാണ്‌ ഒരാന്റിയെ അല്ല ഒരമ്മയെ ആണ് എനിക്കും കുടുംബത്തിനും നഷ്ടമായത്... മനുഷ്യനെ വെറും കൊമാളിയാക്കുന്ന ഇതുപോലുള്ള മത വിശ്വാസങ്ങളെയും മതങ്ങളെയും ഇന്ന് ഞാന്‍ അത്യധികം വെറുക്കുന്നു, കാലങ്ങളായി മനുഷ്യനെ വിഡ്ഢികള്‍ ആക്കികൊണ്ടിരിക്കുന്ന, വരിഞ്ഞു കെട്ടിക്കൊണ്ടിരിക്കുന്ന ഈ ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ മനസ്സ് വെമ്പുന്നു, മതങ്ങളില്ലാത്ത,മനുഷ്യത്വമുള്ള പച്ച മനുഷ്യരായി ജീവിക്കാന്‍ സാദിക്കുന്ന ഒരു തലമുറ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു .....

No comments:

Post a Comment