Sunday, January 13, 2013

എന്‍റെ ഗ്രാമം .....തിരുവാര്‍പ്പ്

തിരുവാര്‍പ്പിനെ കുറിച്ചു പറഞ്ഞതില്‍ കൊച്ചുപാലം കവലയില്‍ മാത്രം നില്‍കയാണ് നമ്മള്‍ അവിടെ നിന്നും നമുക്ക് മുന്‍പോട്ടു ഒന്ന് സഞ്ചരിക്കാം ശിവരാമന്‍ കുഞ്ഞു ചേട്ടന്‍റെ ചായക്കടയും,രാമന്‍റെ കടയും ഒക്കെ പിന്നിട്ടു മുന്‍പോട്ടു നടക്കുമ്പോള്‍ ഇടതുവശത്താണ് തിരുവാര്‍പ്പിന്‍റെ സ്വന്തം ഹോമിയോ ഡോക്ടര്‍ ആയ ലാലിന്‍റെ വീട്,കുഞ്ഞുന്നാള് മുതലേ ലാലിന്‍റെ പഞ്ചാരമുട്ടായി ഗുളിക കഴിക്കാത്ത ആരും തന്നെ തിരുവാര്‍പ്പില്‍ ഉണ്ടാവില്ല എപ്പോള്‍ കണ്ടാലും വെള്ള ഉടുപ്പും,വെള്ള മുണ്ടും ഉടുത്താണ് ലാലിനെ കാണാന്‍ സാധിക്കുക,സ്വന്തം വീട്ടുമുറ്റത്താണ് മരുന്ന് കട എങ്കിലും അദ്ദേഹം ആ വേഷത്തില്‍ മാത്രമേ വെളിയില്‍ കണ്ടിരുന്നുള്ളൂ,അതിനു കുറച്ചു പുറകില്‍ കവലയില്‍ തന്നെ ഇടതുവശത്താണ് “ദേവീസദനം” അത് എന്നെ പഠിപ്പിച്ച മണി സാറിന്‍റെ വീടാണ് ,മുറ്റത്തു ഒരു മാവ് നില്‍പുണ്ട് വീടിനു ചുറ്റും ഒരു കൊച്ചു വരാന്തയുണ്ട് ആ വരാന്തയില്‍ നിന്നും തിണ്ണയിലേക്ക് കയറുന്നു അവിടെ നിന്നും അകത്തേക്ക് നാലുപാളി കതകു.തിണ്ണയിലെ നീലകളര്‍ ഭിത്തിയില്‍ “ദേവീസദനം” എന്നെഴുതിയിരിക്കുന്നു,മണിസാറിന്‍റെ അനുജന്‍ ഉണ്ണിചേട്ടന്‍ അന്ന് പട്ടാളത്തിലാണ്,ആ മുറ്റത്തു ഒരുപാട് ഓടികളിച്ചിട്ടുണ്ട് ഞങ്ങള്‍....ഈ ലാല്‍ ഡോക്ടറുടെ വീടും കഴിഞ്ഞു മുന്നോട്ടു ചെല്ലുമ്പോള്‍ ആദ്യ വളവില്‍ ഇടതുവശത്താണ് നാരായണന്‍റെ ബാര്‍ബര്‍ഷോപ്പ് വെള്ളമുണ്ടുമുടുത്തു ഉടുപ്പിടാതെ സ്വതവേ മെലിഞ്ഞ ശരീരം അല്പം കൂടി വളച്ചു പിടിച്ചു നിന്ന് മുടിവെട്ടുന്ന നാരായണന്‍റെ രൂപം ഓര്‍മ യില്‍ ഇപ്പോളുമുണ്ട് അടുത്തായി രാജുവിന്‍റെ കറങ്ങുന്ന കസേരയുള്ള കട വന്നപ്പോളും അപ്പച്ചന്‍ നാരായണന്‍റെ അടുത്തെ ഞങ്ങളുടെ മുടി വെട്ടിക്കുമായിരുന്നുള്ളൂ,കസേരയുടെ കൈകള്‍ക്ക് മുകളില്‍ ഒരു പലക വിലങ്ങനെ വച്ച് അതില്‍ കയറ്റി ഇരുത്തി,വെള്ളത്തുണി കഴുത്തിന്‌ ചുറ്റും കെട്ടി ശരീരത്തു മുടി വീഴാതെ പുതപ്പിച്ചിരുത്തി മുടിവെട്ടാന്‍ തുടങ്ങുന്ന സമയം ,തല തിരിച്ചു കൂടെ വന്നവരെ നോക്കാന്‍ ശ്രെമിക്കുമ്പോള്‍ നാരായണന്‍ ബലമായി തല തിരിച്ചു വക്കും. ആ ബാര്‍ബര്‍ഷോപ്പിനു പുറകിലായിട്ടാണ് തങ്കപ്പന്‍റെ വീട്, "റേഡിയോ തങ്കപ്പന്‍" എന്ന് പറഞ്ഞാലേ ആളുകള്‍ അറിയൂ,വളവു കഴിഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ പാറേകാട്ടിലേ അവറാച്ചന്‍ ചെട്ടന്‍റെ പലചരക്ക് കട, ആ കടയില്‍ എപ്പോള്‍ നോക്കിയാലും രണ്ടു മൂന്നുപേര്‍ കാണും,കാരണം ചെല്ലുന്നവരെ പെട്ടെന്നൊന്നും അവറാച്ചന്‍ചെട്ടന്‍ പറഞ്ഞു വിടില്ല,ഒരു സാധനം എടുക്കുന്നതിനിടയില്‍ പത്തു പ്രാവശ്യം ഓരോ വര്‍ത്തമാനം പറഞ്ഞു നില്കും ..ഇറാക്ക് കുവൈറ്റ്‌ യുദ്ധകാലത്ത് അവറാച്ചന്‍ചെട്ടന്‍റെ അതി പ്രശസ്ത ഡയലോഗ് എനിക്കോര്‍മ്മഉണ്ട് ഇന്നും. സവാളയുടെ വില കൂടിയതിനെ പറ്റി ചോദിച്ചപ്പോള്‍ അത് പിന്നെ "ഇറാക്ക് കുവൈറ്റ്‌ യുദ്ധം നടക്കുവല്ലേ അവിടുന്നിപ്പോള്‍ സവാള വരുന്നില്ല" അതുകൊണ്ടാണെന്നു ചിരിയുടെ ഒരു പൊട്ടുപോലുമില്ലാതെ പറയുവാന്‍ അവറാച്ചന്‍ചേ്ട്ടനു മാത്രമേ സാധിക്കൂ.....ഈ കാര്യങ്ങള്‍ പറയുമ്പോള്‍ ഓര്‍ക്കുന്നു അന്ന് കൊച്ചുപാലം തിരുവാര്‍പ്പ് റോഡ്‌ ടാര്‍ ചെയ്തിട്ടില്ല. ഉരുളന്‍ കല്ലുകളും ചെമ്മണ്ണും ആയുള്ള റോഡ്‌.....,ഒരു വളവുകൂടി കഴിഞ്ഞു മുന്നോട്ടു ചെല്ലുമ്പോള്‍ സ്വാമിയാര്‍ മ‌ഠം,അതിനു ശേഷം ശിവന്‍ കോവില്‍(ശിവന്റെപേരിലുള്ള അമ്പലം),ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ആനയോട്ടം നടത്തിയിരുന്നത് അമ്പലകുളത്തിന്‍റെ മുന്നില്‍ നിന്നും ശിവന്‍കോവില്‍ വരെ ആയിരുന്നു..........."തിരുവാര്‍പ്പ് അമ്പലത്തിലെ ഉത്സവകാലം മനസ്സില്‍ നിന്നും മാറാതെ നില്കു്ന്ന ഓര്‍മ്മ യാണ്" വലിയവധി കാലമായ ഏപ്രില്‍ മാസത്തിലാണ് ഉത്സവം 10ദിവസം,തിരുവാര്‍പ്പിന്‍റെ മുഴുവന്‍ ആഘോഷ കാലമാണത്, ആനകളും, എഴുന്നള്ളിപ്പും, ചെണ്ടമേളവും, വിളക്കെടയും ഒക്കെയായി ഒരു കൊഴുപ്പാണ് ആ ദിവസങ്ങള്‍ , വിളക്കെട എന്നാല്‍ 5 വയസ്സില്‍ താഴെയുള്ള ഹിന്ദു കുടുംബങ്ങളിലെ പെണ്കുട്ടികള്‍ ദിവസവും നോമ്പ് നോറ്റു കസവ് ചേലയോക്കെഉടുത്തു,സര്‍വ്വാഭരണ വിഭൂഷകളായി, എണ്ണയൊഴിച്ച് തെളിയിക്കാവുന്ന മൂന്നു കുഴി വിളക്കോട് കൂടി തടിപ്പിടിയുമായുള്ള വിളക്കുമേന്തി കൃഷ്ണനെ പൂജിക്കുവാനായി പ്രദിക്ഷിണമായി ക്ഷേത്രത്തിലേക്ക് നീങ്ങുന്നു ആ കാഴ്ച,അതൊന്നു കാണേണ്ടത് തന്നെ.നേരം നന്നേ വെളുക്കുന്ന സമയത്തു ഈ കുരുന്നുകള്‍ ഉണര്‍ന്നു അമ്പലകുളത്തില്‍ മുങ്ങി തുവര്‍ത്തി അമ്പലത്തിലേക്ക് പോകുന്നു,അങ്ങനെ ഒരു പെണ്കുട്ടി ഒരിക്കല്‍ കുളിക്കുവനിറങ്ങി,പിന്നീട് ആ കുട്ടിയുടെ മൃതദേഹം പോലും ലഭിച്ചില്ല,നല്ല സുന്ദരിയായ ഒരു പെണ്കുഞ്ഞായിരുന്നു അവള്‍,കൃഷ്ണന്‍ അവളെ മോഹിച്ചു കൊണ്ടുപോയി എന്നൊരു കഥയായ് തിരുവാര്‍പ്പില്‍ പ്രചാരമുണ്ട്,എന്റെ ഓര്‍മ്മ ശെരിയെങ്കില്‍ ഇന്നും ആ കുഞ്ഞിന്‍റെ തറവാട്ടിലേക്ക് ഉത്സവസമയത്തു ക്ഷേത്രത്തില്‍ നിന്ന്,ആനയും അമ്പാരിയും ഒക്കെയായി ചെന്ന് കാണിക്ക കൊടുക്കുന്ന പതിവുണ്ട്.അമ്പലകുളത്തിനും,അമ്പലത്തിനും നടുവിലൂടെയാണ് റോഡ്‌ കടന്നു പോകുന്നത് ആ റോഡില്‍ നിന്നും അമ്പലത്തിനും,തിരുവാര്‍പ്പി ലെ,-അല്ല കോട്ടയം ജില്ലയിലെ തന്നെ- കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവായിരുന്ന R.Kമേനോന്‍ സാറിന്‍റെ വീടിനും, അമ്പലത്തിന്‍റെ ഊട്ടുപുരക്കും ഇടയിലൂടെ ഉള്ള വഴിയിലൂടെ അമ്പലത്തിന്റെ മുന്‍ വശത്തു എത്തുന്നു,അങ്ങോട്ട്‌ ചെല്ലുമ്പോള്‍ വലതു വശത്ത് ഒരു തയ്യല്‍കടയും,അതിനു ശേഷം അശോകന്‍റെ പീടികയും പിന്നീട് പാര്‍ട്ടി ഓഫീസും ഉണ്ട്,അവിടെ നിന്നും അല്പം മുന്‍പിലായി സോമന്‍റെ ചായക്കട.. ഇന്നത്‌ "ഹോട്ടല്‍ അമ്പാടി" എന്നപേരില്‍ മോഡേണ്‍ ആയിരിക്കുന്നു,അവിടെ നിന്നും അമ്പലത്തിനു മുന്നിലൂടെ തന്നെ പടിഞ്ഞാട്ടെക്ക് നടക്കുമ്പോള്‍ വലതു വശത്താണ് “നിര്‍മ്മലാ ആശുപത്രി” തിരുവാര്‍പ്പി ല്‍ ആകെയുണ്ടായ ഒരു ആശുപത്രി അന്നു അതാണ്‌, ആശുപത്രിക്ക് അന്ന് കാഞ്ഞിരത്തിലും ബ്രാഞ്ച് ഉണ്ടായിരുന്നു, തിരുവാതുക്കലുള്ള ആശുപത്രിയുടെ ബ്രാഞ്ച് ആണ് ഇത് രണ്ടും... വൈകിട്ട് മാത്രമേ ഡോക്ടര്‍ വരൂ, അവിടുത്തെ ഡോക്ടര്മാര്‍ ആയിരുന്ന ജോസഫ്‌ ഡോക്ടറെയും, വിനോദു ഡോക്ടറെയും നല്ല പരിചയം ആണ്,കാരണം കുഞ്ഞിലെ മുതലേ ഓരോ പ്രശനങ്ങളാല്‍ ഞാന്‍ അവിടുത്തെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു.അതിനെപറ്റി പിന്നീട് പറയാം, അന്ന് തിരുവാര്‍പ്പിലൂടെ കാറില്‍ സഞ്ചരിക്കുന്ന ചുരുക്കം ചിലരില്‍ രണ്ടു വ്യക്തികളായിരുന്നു ഈ ഡോക്ടര്‍മാര്‍ ജോസഫ്‌ ഡോക്ടറിന് ഒരു അംബാസിഡര്‍ കാറും വിനോദു ഡോക്ടറിന് ഒരു ഫീയറ്റും ആണുണ്ടായിരുന്നത്,ഈ നിര്‍മല ആശുപത്രിയുടെ മുന്‍പിലാണ് വോളീബോള്‍ കോര്‍ട്ട്,ഈ വോളീബോള്‍ കോര്‍ട്ടിലും അല്പം ഉയര്‍ന്നാണ് അമ്പലപ്പറമ്പ് ,ഒരു സ്ടെപ്പു പോലെ ആണ് അവിടെ, നീളന്‍ കരിങ്കല്ലുകള്‍കൊണ്ട് അവിടെ ഒരു സ്ടെപ്‌ ഉണ്ട് കൊര്ട്ടിന്‍റെ ഇടതു വശത്തായി പടിഞ്ഞാട്ടെക്ക് പോകുന്ന വഴി ,ആ വഴിയുടെ സൈഡില്‍ നിന്നും സ്ടെപ്പിനായി പാകിയിരിക്കുന്ന രണ്ടാമത്തെ കല്ലില്‍ "ഇഴഞ്ഞു പോകുന്ന ഒരു പാമ്പിന്‍റെ പടം കൊത്തിവച്ചിട്ടുണ്ട്"......., കുഞ്ഞുന്നാളില്‍ ആ കല്ലിന്‍റെ അടുത്ത് പോകാന്‍ ഉള്ളില്‍ ഭയം ആയിരുന്നു,അന്നൊക്കെ എല്ലാവര്‍ഷവും വോളീബോള്‍ ടൂര്‍ണമെന്‍റെു നടക്കുമായിരുന്നു. പൂഞ്ഞാര്‍ ടീമും,പോലീസ്‌ ടീമും,തിരുവാര്‍പ്പിന്‍റെ സ്വന്തം ടീമും ഒക്കെ മാറ്റുരക്കുന്ന അതി വാശിയേറിയ മല്‍സരങ്ങള്‍...... അതൊരു ആവേശം തന്നെ ആയിരുന്നു,.....കോര്‍ട്ടു കഴിഞ്ഞു കുറച്ചുകൂടി മുന്നിലേക്ക്‌ ചെല്ലുമ്പോള്‍ വലതുവശത്ത് പോലീസ്‌ എയിഡു പോസ്റ്റ്‌ പക്ഷെ അവിടെ,ഉത്സവ സമയത്തും, വോളീബോള്‍ ടൂര്‍ണമെന്‍റെു സമയത്തും അല്ലാതെ ഒരിക്കലും പോലീസ്‌ ഉണ്ടാവാറില്ല, അതിന്‍റെ ആവശ്യവും ഉണ്ടായിരുന്നില്ല അത്ര സാധുക്കളും സ്നേഹം നിറഞ്ഞവരുമായിരുന്നു എന്റെ ഗ്രാമ നിവാസികള്‍.ഉത്സവ സമയത്ത് സന്ധ്യ കഴിഞ്ഞാല്‍ അമ്പലത്തിനു മുന്‍പിലുള്ള ഈ മൈതാനത്തും, വോളീബോള്‍ കോര്‍ട്ടിലും വഴിയിലുമെല്ലാം ആളുകള്‍ തിങ്ങി നിറയും,എല്ലാ ദിവസവും നല്ല നല്ല പ്രോഗ്രാമുകള്‍ ഉണ്ടാവും,ബാലെ,കഥാപ്രസംഗം,നാടകം,കഥകളി,അങ്ങനെ പത്തുദിവസവും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടാവും,അവധി സമയം ആയിരുന്നതിനാല്‍ നാടകവും മറ്റും കാണുവാന്‍ ഞങ്ങള്‍ കുട്ടികളും അയല്‍വക്കത്തുള്ള ചേട്ടന്മാരുടെ കൂടെ പോകുമായിരുന്നു,അല്പം മുതിര്‍ന്നുകഴിഞ്ഞപ്പോള്‍ പിന്നെ കൂട്ടുകാരുമായി വെളുക്കപ്പുറം വരെ നാടകവും മറ്റും കണ്ടു നടന്നത് മറക്കാന്‍ പറ്റില്ല.രാജന്‍ പി ദേവിന്‍റെ കാട്ടുകുതിര,ആദിത്യമങ്കലം ആര്യവൈദ്യശാല,എന്നീ നാടകങ്ങളും വി.ഡി രാജപ്പന്‍റെ ചികയുന്ന സുന്ദരി എന്ന കഥാപ്രസംഗവും ഒക്കെ ഈ അമ്പലമുറ്റത്തുഇരുന്നാണ് ഞാന്‍ കണ്ടതും,കേട്ടതും. തിരുവാര്‍പ്പ് എന്ന് പറയുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നതും,ഈ അമ്പലവും പരിസരങ്ങളുമാണ്.........എന്റെ കുട്ടികള്‍ക്ക് ഇവയെല്ലാം ഒന്ന് കാട്ടികൊടുക്കണം എന്ന് ആഗ്രഹംഉണ്ടെങ്കിലും ഒരിക്കലും ഉത്സവ സമയത്ത് നാട്ടില്‍ എത്താന്‍ പറ്റാറില്ല......... ഇവയെല്ലാം സുഖമുള്ള ഓര്‍മ്മകളായി നിലനില്‍ക്കുന്നു ...............

ജോഷി കുര്യന്‍ പോള്‍

No comments:

Post a Comment