Tuesday, December 10, 2013

ജോനാഥാനും ഡ്രാക്കുളയും പിന്നെ മാത്യുവും




കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ജീവിതത്തിലെ പല കാര്യങ്ങളും മറവിയുടെ ഭാണഡക്കെട്ടിനുള്ളില്‍ ആയി പോകുന്നു,വെറുതെ ഇരിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ ഇന്ന് കുറവായിക്കൊണ്ടിരിക്കുന്നതിനാല്‍ ഓര്‍മ്മകളിലൂടെയുള്ള യാത്രയും കുറവാണ്, എങ്കിലും തിരക്കേറിയ പട്ടണത്തിലെ വഴികളിലൂടെ രാവിലെയും വൈകിട്ടുമുള്ള യാത്രാ സമയത്ത് പലപ്പോഴും പഴയ ചില ഓര്‍മ്മകളിലൂടെ കടന്നു പോകാറുണ്ട്,യാത്രാ വേളകളില്‍ കണ്ണില്‍ പെടുന്ന ചില മുഖങ്ങള്‍ എന്നോ പരിചിതര്‍ ആയിരുന്ന ചില ആളുകളുടെ  ഓര്‍മ്മകള്‍ എന്നില്‍ ഉണര്‍ത്താറുണ്ട്.

ഇന്നലെ പെട്ടെന്ന് വണ്ടിക്കു മുന്നിലൂടെ ഓടി റോഡ്‌ മുറിച്ചു കടക്കാന്‍ സ്രെമിച്ച ഒരു മുഖം കണ്ടപ്പോള്‍ പെട്ടെന്ന് എന്റെ ഉള്ളിലേക്ക് കടന്നുവന്നത് സ്കൂള്‍ കാലത്ത് എന്നെ പഠിപ്പിച്ച ജോണ്‍ സാറിന്‍റെ രൂപം ആയിരുന്നു, സൂക്ഷിച്ചു നോക്കിയാല്‍ അയാളില്‍ ജോണ്‍ സാറുമായി വലിയ സാദൃശ്യം ഒന്നുമില്ല ,പക്ഷെ പെട്ടെന്നുള്ള ഏതോ ഒരു കാഴചയില്‍ എനിക്കങ്ങനെ തോന്നി .

ജോണ്‍ സാര്‍, പട്ടണത്തിലെ സ്കൂളില്‍ ഏഴാംതരത്തിലാണ് അദ്ദേഹം എന്നെ പഠിപ്പിക്കുവാന്‍ തുടങ്ങിയത്.എന്റെ ക്ലാസ് ആയ B ഡിവിഷനിലെ ക്ലാസ്ടീച്ചര്‍ ആയിരുന്നു അദ്ദേഹം , ഞങ്ങളുടെ ക്ലാസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ തുടക്കത്തിലെ മുറി ഞങ്ങളുടെ ക്ലാസ്, അതിനു ശേഷം സ്കൂളിലെ ഉച്ചക്കഞ്ഞി മുറി ,പിന്നെ 7c .അങ്ങനെ മൂന്ന് മുറികള്‍ ഉള്ള കെട്ടിടത്തില്‍ ഞങ്ങള്‍ കടന്നു ചെന്നപ്പോള്‍ എന്റെ നാട്ടുകാരനും എന്റെ സുഹൃത്തുമായ മാത്യു ഏഴാം ക്ലാസ്സില്‍ ഒരു വര്ഷം കൊണ്ട് പഠിച്ചു തീര്‍ക്കാന്‍ പറ്റാത്ത ഭാഗങ്ങള്‍ കൂടി തീര്‍ത്തിട്ടെ മുന്നോട്ടുള്ളൂ എന്ന് പ്രഖ്യാപിച്ചു അവിടെ ഉണ്ടായിരുന്നു,

 അവന്‍ എന്നോട് ആദ്യമേ പറഞ്ഞു 

“നിന്നിലും പ്രായത്തില്‍ മുതിര്ന്നവനാണ് ഞാന്‍ ആ ഒരു ബഹുമാനം ഒക്കെ എനിക്ക് തന്നോണം അല്ലെങ്കില്‍ അത് നിനക്ക് ദോഷമായിരിക്കും”
ഞാന്‍ തല കുലുക്കി അത് സമ്മതിച്ചു ,

അതിനു ശേഷം അവന്‍ പറഞ്ഞു നീ ഈ ക്ലാസ്സില്‍ വന്നത് നന്നായി ,ഇത് അല്ലെങ്കില്‍ അപ്പുറത്തെ c ഡിവിഷന്‍ ഇത് രണ്ടുമാണ് ഏഴാം തരത്തിലെ ഏറ്റവും മികച്ച ക്ലാസുകള്‍ ,

“അതെന്താ മാത്യൂ  അങ്ങനെ” ? ഞാന്‍ എന്റെ സംശയം ചോദിച്ചു 

“അതങ്ങനാ ,നിനക്ക് രണ്ടു ദിവസം കഴിയുമ്പോള്‍ മനസ്സിലാവും” .

ബഹുമാനക്കൂടുതല്‍ കൊണ്ട് ,ഞാന്‍ അവനോടു കൂടുതല്‍ ഒന്നും ചോധിച്ചില്ല,രണ്ടു ദിവസം കാത്തിരുന്നാല്‍ കാര്യം അറിയാമല്ലോ....

ബെല്ലടിച്ചു, എല്ലാവരും അവരവര്‍ തിരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ മര്യാദരാമന്മാര്‍ ആയി ഇരുപ്പുറപ്പിച്ചു,  ആ നിശബ്ദതക്കു നടുവിലേക്ക് ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ ആയ ജോണ്‍ സാര്‍ കടന്നു വന്നു 

കണ്ടാല്‍ നല്ല സുമുഖന്‍ ,സുന്ദരമായ ചിരി, ചീവിയോതുക്കിയ തലമുടികള്‍, അതില്‍ ഒന്നുപോലും ഇല്ല അനുസരണം ഇല്ലാതെ എഴുന്നു നില്‍ക്കുന്നത് .വൃത്തിയായി ഇസ്തിരിയിട്ട് ചുളിവുകള്‍ നിവര്‍ത്തിയ ഷേര്‍ട്ടും പാന്‍റസും ഒറ്റ നോട്ടത്തിലെ എനിക്ക് സാറിനോടൊരു മതിപ്പ് തോന്നി ,എന്റെ ക്ലാസ് ടീച്ചര്‍ ആവാന്‍ പറ്റിയ ഗമയുണ്ട് സാറിനു, 

അപ്പോളേക്കും പുറകിലെ ബെഞ്ചില്‍ ഇരുന്ന മാത്യു എന്നെ തോണ്ടി, 

എന്താ ? ഞാന്‍ തിരിഞ്ഞു കൊണ്ട് ചോദിച്ചു .
  
‘”ഇതാണ് കട്ടിങ്ങ് കുട്ടപ്പന്‍’” ആദ്യം തന്നെ സാറിന്റെ ഇരട്ടപേര്‍ അവന്‍   പറഞ്ഞു തന്നു ,എന്നിട്ട് താനെന്തോ വലിയ ആള്‍ ആണെന്ന ഭാവത്തില്‍ ഇരുന്നു .പക്ഷെ അവന്‍ അത്രയ്ക്ക് അങ്ങ് ഞെളിഞ്ഞത് എനിക്ക് സുഖിച്ചില്ല ഞാന്‍ പറഞ്ഞു
 
“അതെനിക്കറിയാം നേരത്തെ തന്നെ” 

ഇപ്പോള്‍ അവന്റെ മുഖത്തേ ആ വലിയ ഭാവത്തില്‍ അല്പം വ്യത്യാസം വന്നു,അതെന്നെ അല്പം സന്തോഷിപ്പിച്ചു.

പോകെ പോകെ മാത്യു പറഞ്ഞ “നല്ല ക്ലാസിന്റെ” ഗുട്ടന്‍സ് എനിക്ക് പിടി കിട്ടി ,ഒരു 12മണി അടുക്കുമ്പോള്‍ ക്ലാസ്സിനുള്ളില്‍ നല്ല ഒരു സുഗന്ധം പരക്കും.ഉച്ചക്കഞ്ഞി മുറിയില്‍ പയര്‍ ഉലര്തുന്നതിന്റെ സുഗന്ധമാണത്,..പതിയെ പതിയെ അടുക്കള കാര്യം നോക്കുന്ന ഏലിയാമ്മ ചേച്ചിയെ കൈമണി അടിച്ചു ഉച്ചക്ക് അല്പം പയര്‍കറി ഞങ്ങളും വാങ്ങി പൊതിച്ചോറിനൊപ്പം കഴിക്കുമായിരുന്നു,വീട്ടില്‍ നിന്നും ഇടക്ക് കൊണ്ട് വരുന്ന ഇറച്ചിക്കറി ,മീന്‍ വറുത്തത് മുതലായവയിലും ഒക്കെ രുചികരമായിരുന്നു അന്ന് ആ പയറുകറി എന്ന് തോന്നിയിരുന്നു.
മാത്യുവിന്‍റെ  സീനിയര്‍ ചമച്ചില്‍ ദിവസം പ്രതി കൂടിക്കൊണ്ടിരുന്നു എന്നാല്‍ ഒരു ദിനം മാത്യുവിനൊരു  പറ്റു പറ്റി അതോടെ ആള്‍ ശെരിയായി

ഒരു വെള്ളിയാഴ്ച് ദിവസം അവസാന പീരിയഡ് ECA (Extra Caricular Activity) ആണ് ,സാധാരണ ECA യില്‍ ഞങ്ങള്‍ ഓരോരുത്തരും എന്തെങ്കിലും പാട്ട് പാടും, കഥ പറയും ,ചിലര്‍ പ്രസംഗിക്കും അങ്ങനെ എന്തെങ്കിലും ഒക്കെയായിരുന്നു ,അന്ന് പക്ഷെ ജോണ്‍ സാര്‍ കടന്നു വന്നത് നല്ല ഒരു മൂഡില്‍ ആരുന്നു , കടന്നു വന്നയുടനെ ഞങ്ങളോട് ചോദിച്ചു എല്ലാ ECA ക്കും നീയൊക്കെ അല്ലെ കഥ പറയുന്നതും പാട്ട് പാടുന്നതും
ഇന്ന് ഞാന്‍ ഒരു കഥ പറയട്ടെ ?

ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു സാറ് പറ

ശെരി എല്ലാവരും സ്രെദ്ധിച്ചിരിക്കണം ... 

ഓക്കേ 

ഒരു നിമിഷം എല്ലാവരെയും ഒന്ന് വീക്ഷിച്ച ശേഷം സാര്‍ പറഞ്ഞു തുടങ്ങി .

“ലണ്ടന്‍ നഗരത്തില്‍ അഭിഭാഷകനായി ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്‍ ജോനാഥാന്‍ എന്നാണു പേര്‍ ,തന്റെ ജോലിയുടെ ഭാഗമായി പട്ടണത്തില്‍ നിന്നും വളരെ ദൂരെയുള്ള ഒരു സ്ഥലത്തെ ഒരു പ്രഭുവിനെ കാണുവാനായി പുറപ്പെടുന്നു ,തീവണ്ടിയില്‍ ആണ് യാത്ര

,തീവണ്ടി എന്ന് കേട്ടപ്പോളെ മാത്യു പുറകില്‍ ഇരുന്നു തീവണ്ടിയുടെ ശബ്ദം ഉണ്ടാക്കുവാന്‍ തുടങ്ങി അത് സാറിനു ഇഷ്ടപ്പെട്ടു ,അത്രയ്ക്ക് യോജിക്കും വിധമാണ് മാത്യു ആ ശബ്ദം അനുകരിച്ചത്,  
         
സാര്‍ അവനെ മുന്നിലേക്ക്‌ വിളിച്ചു എന്നിട്ട് പറഞ്ഞു “ഇനി കഥയില്‍ കടന്നു വരുന്ന ഓരോ വണ്ടികളുടെയും മൃഗങ്ങളുടെയും ഒക്കെ ശബ്ദം നീ ഇവിടെ നിന്ന് കേള്പ്പിച്ചോണം”

 മാത്യു ഒരു അവാര്‍ഡ് കിട്ടിയ ഭാവത്തോടെ ഞങ്ങളെ നോക്കി, 

എനിക്ക് അവനോടു അല്പം അസൂയ തോന്നി. പതിയെ ഞാനും സീറ്റില്‍ ഇരുന്നുകൊണ്ട് തീവണ്ടിയുടെ ശബ്ദം ഉണ്ടാക്കി ,ഉടനെ സാറിന്റെ ഗര്‍ജ്ജനം വന്നു ഇനി ഒരുത്തനെങ്കിലും ശബ്ദം കേള്പിച്ചാല്‍ ക്ലാസ്സില്‍ നിന്നും ഇറക്കി വിടും ....
ഞാന്‍ ചമ്മിയ മുഖത്തോടെ ഇരുന്നു .

സാര്‍ വീണ്ടും കഥ തുടര്‍ന്നു... നിര്‍ദിഷ്ട സ്ഥലത്ത് ജോനാഥാന്‍ തീവണ്ടി ഇറങ്ങിയപ്പോള്‍ വൈകുന്നേരമായി , തീവണ്ടി ആപ്പീസിനു വെളിയില്‍ ഇറങ്ങിയ ജോനാഥാന്‍ ഒരു  കുതിരവണ്ടി പിടിച്ചു ഏതെങ്കിലും നല്ല ഹോട്ടലില്‍ കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടു ,കുതിരവണ്ടി മുന്നോട്ടു നീങ്ങി ,

ഒപ്പം മാത്യു  ടപ്പ്,ടപ്പ് ,ടപ്പ്‌ എന്ന ശബ്ദം ഉണ്ടാക്കി കുതിര വണ്ടി പോകുന്ന പ്രതീതി സൃഷ്ടിച്ചു ,

ഹോട്ടലില്‍ ചെന്നിറങ്ങിയ ജോനാഥാന്‍ ഒരു മുറി വാടകക്കെടുത്തു കുളിയും കാര്യങ്ങളുമൊക്കെ കഴിഞ്ഞു വസ്ത്രം മാറി യാത്രക്ക് തയ്യാറായി വീണ്ടും താഴെ എത്തി ,അപ്പോള്‍ മാനേജര്‍ സ്ഥാനത്തു ഇരുന്ന സ്ത്രീയോട് (അവര്‍ ആ ഹോട്ടലിന്റെ ഉടമയുടെ ഭാര്യ ആണ്), ഡ്രാക്കുള പ്രഭുവിന്റെ  കൊട്ടാരത്തിലേക്കുള്ള വഴിയും അങ്ങോട്ട്‌ പോകുന്നതെങ്ങനെ എന്നും ഒക്കെ ചോധിച്ചു മനസ്സിലാക്കി അപ്പോള്‍ തന്നെ പോകുവാന്‍ തയ്യാറെടുത്തു 
,ആ സ്ത്രീ ജോനാഥാനെ വിലക്കി ഇന്ന് വെള്ളിയാഴ്ച ദിവസം ഇന്ന് ആ വഴിക്ക് പോകുന്നത് അപകടമാണ് ,ആത്മാക്കള്‍ വിഹരിക്കുന്ന താഴ്വരയാണവിടെക്കുള്ള വഴിയില്‍ ,പോകരുത്
ജോനാഥാന്‍ പക്ഷെ ചെവിക്കൊണ്ടില്ല, രണ്ടു കുതിരയെ പൂട്ടിയ ഒരു കുതിരവണ്ടിയില്‍ ജോനാഥാന്‍ അവിടേക്ക് യാത്ര തുടങ്ങി 

മാത്യുവിന്റെ ടപ്പ് ടപ്പ് ടപ്പ് ഒപ്പം മുഴങ്ങിക്കൊണ്ടിരുന്നു
ഇപ്പോള്‍ ക്ലാസ് മുഴുവന്‍ ശ്രെദ്ധയോടെ ഇരിക്കുകയാണ് ,

ദുര്ഗ്ഗടമായ വഴികളിലൂടെ കുതിരവണ്ടി ചീറിപായുന്നു,ഇരുട്ട് പരന്നിരിക്കുന്നു അവിടവിടങ്ങളില്‍ നിന്നും ചീവീടിന്റെ ശബ്ദങ്ങളും ഒപ്പം ചെന്നായ്ക്കളുടെ മുരള്‍ച്ചയും കേള്‍ക്കുന്നു ,ജോനാഥാനെ അല്പം ഭയം ഗ്രസിക്കുവാന്‍ തുടങ്ങി (ഞങ്ങളും പേടിച്ചാണിപ്പോള്‍ ഇരിക്കുന്നത്) 

പെട്ടെന്ന് നാല് കുതിരയെ കെട്ടിയ ഒരു വണ്ടി മിന്നല്‍ പോലെ പാഞ്ഞു വന്നു ജോനാഥാന്‍ വന്ന വണ്ടിയുടെ മുന്നില്‍ നിര്‍ത്തി ,അതില്‍ നിന്നും ഡ്രാക്കുള പ്രഭു ഇറങ്ങി ജോനാഥാനെ സ്വീകരിച്ചു തന്റെ വണ്ടിയിലേക്ക് ക്ഷണിച്ചു, ഹസ്തദാനം നടത്തിയപ്പോള്‍ ഉരുക്ക് പോലുള്ള കൈകള്‍ ആണ് പ്രഭുവിന്റെതെന്നു ജോനാഥാന് തോന്നി ,പ്രഭു തന്നെ ജോനാഥാന്‍റെ പെട്ടിയും എടുത്തു തന്റെ വണ്ടിക്കുള്ളില്‍ വച്ചു യാത്രയായി 

വന്നതുപോലെ തന്നെ പ്രഭുവിന്റെ കുതിരവണ്ടി അതിവേഗം പാഞ്ഞു പോയി ,അത് ചെന്ന് നിന്നത് അവിടിവിടങ്ങളില്‍ ഇടിഞ്ഞു വീഴാന്‍ തുടങ്ങിയ ഒരു കൊട്ടാരത്തിനു മുന്നിലായിരുന്നു ,അവിടിറങ്ങി പ്രഭു ജോനാഥാനെ കൊട്ടാരത്തിലേക്ക് ആനയിച്ചു , 

പിറ്റേന്ന് പ്രഭാതത്തില്‍ ഉണര്‍ന്നു ജോനാഥാന്‍ ഷേവ് ചെയ്തുകൊണ്ടിരിക്കെ ഡ്രാക്കുള പ്രഭു പിന്നില്‍ വന്നു
എന്നാല്‍ പ്രഭുവിന്റെ രൂപം മുന്നിലെ കണ്ണാടിയില്‍ പതിഞ്ഞിരുന്നില്ല

പുറകില്‍ എന്തോ അനക്കം കണ്ടു തിരിഞ്ഞ ജോനാഥാന്‍ പ്രഭുവിനെ കണ്ടു ഞെട്ടി ബ്ലേഡിനാല്‍ മുഖം മുറിഞ്ഞു ,

രക്തം പടരുന്നത്‌ കണ്ട ഡ്രാക്കുള പ്രഭുവിന്റെ കണ്ണുകളില്‍ ഒരു ഭീകരഭാവം നിറഞ്ഞു ,പ്രഭുവിന്റെ കൈകള്‍ ജോനാഥാന് നേരെ നീണ്ടു ................
“ഠിം ഠിം  ഠിം” പെട്ടെന്ന് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മണി അടിച്ചു

സ്കൂള്‍ സമയം കഴിഞ്ഞു എന്നതിന്റെ അറിയിപ്പ് മണി മുഴക്കിയത് കേട്ടു സാറിനു അടുത്തു നിന്നിരുന്ന മാത്യുവിന്റെ ഞെട്ടല്‍ ഞങ്ങള്‍ എല്ലാവരും വ്യക്തമായി കണ്ടു ...

എല്ലാവരും ചിരിച്ചു പക്ഷെ മാത്യു  ഡ്രാക്കുളയുടെ കയ്യില്‍ അകപ്പെട്ട ജോനാഥാനെ പോലെ വിളറി വെളുത്തു നില്‍ക്കുന്ന ഭാവം  അത് ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല 
..അതിനു ശേഷം വന്ന രണ്ടു പ്രവര്‍ത്തി ദിനങ്ങളില്‍ മാത്യുവിന് പനിയായിട്ട് ക്ലാസ്സില്‍ വരാനും സാധിച്ചില്ല എന്നത് ഇന്നൊരു നറു ചിരിയോടെ ഞാന്‍ ഓര്‍ക്കുന്നു 

...............................വീണ്ടും അടുത്ത ECA പീരിയഡ് വരെ കാത്തിരിക്കേണ്ടി വന്നു ഞങ്ങള്‍ക്ക് ഡ്രാക്കുള കഥ മുഴുവന്‍ കേള്‍ക്കാന്‍ ..............  

ജോഷി കുര്യന്‍ പോള്‍ .    



No comments:

Post a Comment