കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഉച്ചക്ക് ശേഷം ഒരു മൂന്നു മണി ഒക്കെ ആയപ്പോള്‍ എനിക്ക് എന്റെ ജ്യേഷ്ടന്റെ ഒരു ഫോണ്‍ വന്നു
“എടാ ശിവരാമന്‍ കുഞ്ഞു ചേട്ടന്‍ മരിച്ചു പോയി”
“ങേ എപ്പോള്‍ ?”
“ഇന്നലെ രാത്രിയിലോ മറ്റൊ മരിച്ചു ഇപ്പോളാണു ഞാന്‍ അറിയുന്നത് ശവസംസ്കാരം മൂന്നരക്ക് എന്ന് പറഞ്ഞു ഞാനിനി അവിടെ ചെല്ലുമ്പോള്‍ താമസിക്കുമാല്ലോടാ ,എന്തായാലും വൈകിട്ട് അവിടെ പോകണം.”
വിവരം നേരത്തെ അറിയാന്‍ പറ്റാഞ്ഞതിലുള്ള വിഷമം ജ്യേഷ്ടന്റെ സംസാരത്തില്‍ നിന്നും മനസ്സിലായി ,
അന്ന് വൈകിട്ട് ജോലി കഴിഞ്ഞു ഞാന്‍ വീട്ടിലെത്തിയപ്പോള്‍ എന്റെ കസിന്റെ ഫോണ്‍
“ജോഷിച്ചായാ ശിവരാമന്‍ കുഞ്ഞു ചേട്ടന്‍ മരിച്ചു’”
“ഞാന്‍ ഉച്ചക്ക് അറിഞ്ഞിരുന്നെടാ ,ജോബിചായന്‍ വിളിച്ചു പറഞ്ഞിരുന്നു”
“എന്റെ ജോഷിച്ചായ ഞാന്‍ കഴിഞ്ഞ ദിവസം കൂടെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മയോട് ശിവരാമന്‍ കുഞ്ഞു ചേട്ടന് എന്നാ ഉണ്ടമ്മേ വിശേഷം എന്ന് തിരക്കിയതാ”
“പ്രത്യേകിച്ചു വിശേഷം ഒന്നുമില്ല എന്തെങ്കിലും ഉണ്ടായിരുന്നേല്‍ ചാച്ച പറഞ്ഞേനെ എന്നും അമ്മ പറഞ്ഞു ,അതുകൊണ്ട് അടുത്ത തവണ വരുമ്പോള്‍ കയറാം എന്ന് കരുതി പോന്നു ,ശോ അന്ന് തന്നെ കേറി ഒന്ന് കാണണ്ടതാരുന്നു”
“ങ്ങ്ഹാ സാരമില്ലടാ ,ഇതൊന്നും നമ്മുടെ കയ്യിലെ കാര്യങ്ങള്‍ അല്ലല്ലോ” എന്ന് പറഞ്ഞു ഞാന്‍ അവനുമായി പഴയ ചില ഓര്‍മ്മകളും പങ്കുവച്ചു സംഭാഷണം അവസാനിപ്പിച്ചു .
അതിനു ശേഷം ഇരുന്നു ഞാന്‍ ചിന്തിച്ചു ,ആരാണ് ശിവരാമന്‍ കുഞ്ഞു ചേട്ടന്‍ ,അദ്ദേഹത്തിന്റെ മരണത്തില്‍ ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് ഇത്ര വിഷമം തോന്നാന്‍, എന്താണ് ഞങ്ങള്‍ക്ക് അദ്ദേഹവുമായുള്ള ബന്ധം ?
നാട്ടുകാരനാണ് പണ്ട് ഞങ്ങളുടെ അപ്പച്ചന്റെ(അമ്മയുടെ പിതാവ്) ഉടമസ്ഥതയിലുള്ള കടമുറിയില്‍ വര്‍ഷങ്ങള്‍ ചായക്കട നടത്തിയിരുന്ന ആള്‍ അതിലപ്പുറം എന്ത്?
എന്തോ ഉണ്ടല്ലോ? മാനസികമായി എന്തോ ഒരു അടുപ്പം ഞങ്ങള്‍ക്ക് കുട്ടികള്‍ക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നു ,
ഒരു വാടകക്കാരന്‍ എന്നതിലുപരി ഞങ്ങളുടെ അപ്പച്ചന്റെ ഒരു സുഹൃത്ത് കൂടി ആയിരുന്നു അദ്ദേഹം , കുഞ്ഞുന്നാളില്‍ അപ്പച്ചന്റെ കൈ പിടിച്ചു മുടി വെട്ടാനും മറ്റും കവലയില്‍ എത്തുമ്പോള്‍ വാടകയോ മറ്റൊ വാങ്ങാന്‍ അപ്പച്ചെന്‍ ഞങ്ങളെയും കൂട്ടി ചായക്കടയില്‍ എത്തും,
അപ്പോള്‍ “ആഹാ ഇന്ന് കൊച്ചു മക്കളും ഒക്കെയായിട്ടാണല്ലോ ?”
എന്നൊരു കംമെന്റും പാസാക്കി ശിവരാമന്‍ കുഞ്ഞു ചേട്ടന്‍ നേരെ പലഹാരങ്ങള്‍ നിരത്തിയിരിക്കുന്ന അലമാരക്ക് നേരെ നടക്കും ,എന്നിട്ട് അതിന്റെ ചില്ല് പിടിപ്പിച്ച വാതിലുകള്‍ തുറന്നു ഞങ്ങളെ നോക്കും ,
“എന്താണ് മക്കളെ വേണ്ടത്? സുഖിയനോ അതോ പരിപ്പ് വടയോ ?”
“ഹേയ് ഒന്നും വേണ്ടെടോ അവന്മാര്‍ ഇപ്പൊ വീട്ടില്‍ നിന്ന് ബിസ്കറ്റും ഒക്കെ കഴിച്ചിട്ടു പോന്നെതാ”
അതിനു ഞാന്‍ പിള്ളേരോടല്ലേ ചോദിച്ചത്?മക്കള് പറ എന്താ വേണ്ടത് ?
ചില്ല് വാതില്‍ തുറന്നപ്പോള്‍ കടന്നു വന്ന ,വടയുടെയും സുഖിയന്റെയും ബോളിയുടെയുമെല്ലാം മണം മൂക്കിലടിച്ച് ആകെ ഒരു കൊതിയോടെ നില്‍ക്കുന്ന ഞങ്ങള്‍ അപ്പച്ചനെ ദയനീയമായി നോക്കും ,
“അപ്പച്ചാ ഒന്ന് സമ്മതിക്കൂ എന്ന യാചനയുണ്ട് ആ നോട്ടത്തില്‍”
ഞങ്ങളുടെ അത്രയും ദയനീയമായ നോട്ടം കാണുമ്പോള്‍ അപ്പച്ചെന്‍ ചിരിച്ചുകൊണ്ട് പറയും
“ഹും കൊതിയന്മാരുടെ നില്പ് കണ്ടില്ലേ , എന്താന്നു വച്ചാല്‍ മേടിച്ചോ”
അപ്പച്ചന്റെ സമ്മതം കിട്ടേണ്ട താമസം ഞാന്‍ ചാടിക്കയറി പറയും
“ശിവരാമന്‍കുഞ്ഞു ചേട്ടാ എനിക്ക് പരിപ്പ് വട മതി”
അടുത്തയാള്‍ സുഖിയന്‍,പരിപ്പുവട അങ്ങനെ അവരവര്‍ക്ക് ആവശ്യമുള്ള പലഹാരങ്ങള്‍ വാങ്ങി കഴിച്ചു സന്തോഷത്തോടെ തിരിച്ചു പോകും.
അന്നെന്ന പോലെ ഇന്നും പരിപ്പുവട എനിക്കേറെ പ്രിയപ്പെട്ട ഒരു പലഹാരമാണ് പക്ഷെ അന്നു ശിവരാമന്‍കുഞ്ഞു ചേട്ടന്റെ കടയില്‍ നിന്നും കഴിച്ചിട്ടുള്ള പരിപ്പ് വടയുടെ അത്ര രുചി ഇന്ന് ഒരിടത്തും ലഭിക്കാറില്ല ,
അല്പകാലത്തിനു ശേഷം എന്‍റെ വലിയ അമ്മാച്ചെന്‍(അമ്മയുടെ ആങ്ങള) ആ കട സ്ഥിതി ചെയ്യുന്ന പുരയിടത്തില്‍ തന്നെ വീടു പണി ആരംഭിച്ചു,അന്ന് അവധി സമയത്ത് അപ്പച്ചന്റെ കൂടെ ഞങ്ങളും വാര്‍ക്കയില്‍ വെള്ളം ഒഴിക്കാനും മറ്റും പോരും ,
“അന്നാണ് ആദ്യമായി കറന്റ് ഉണ്ടോ എന്നറിയാന്‍ ഹോള്ടെറില്‍ വിരലിട്ടു നോക്കിയാല്‍ വിവരം അറിയും എന്ന് ഞാന്‍ മനസ്സിലാക്കിയത്
“മോട്ടോര്‍ ഓണ്‍ ചെയ്യാന്‍ ചായക്കടയില്‍ നിന്നും താല്‍കാലികമായി വയര്‍ വലിച്ചു സ്ഥാപിച്ചിരുന്ന എക്ഷ്ടെന്‍ഷന്‍ ബോര്‍ഡില്‍ കറന്റ് ഉണ്ടോ ഇല്ലയോ എന്നറിയാന്‍ ഒരു ബള്‍ബ് ഫിറ്റ് ചെയ്തിരുന്നു ,അത് ആരോ അന്ന് എടുത്തോണ്ട് പോയി , ചായക്കടയില്‍ പ്ലഗ് കുത്തിയിട്ട് ശിവരാമന്‍ ചേട്ടന്‍ വിളിച്ചു ചോദിച്ചു മക്കളെ കറണ്ട് വന്നോ അവിടെ ,ഞാന്‍ നോക്കിയിട്ട് ബള്‍ബില്ല
“ഇതിപ്പോ എങ്ങനറിയും ശ്രീധരന്‍ പണിക്കാ എന്ന് ഞാന്‍ അവിടെ പണിതുകൊണ്ടിരുന്ന ആശാരിയോടു ചോധിച്ചു”.
“അതിനെന്നാ പാട് മോനെ ആ ബള്‍ബ് ഇട്ടിരുന്ന സ്ഥലത്ത് വിരലിട്ടു നോക്കിയാല്‍ പോരേ”
ശ്രീധരന്‍ പണിക്കന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു തന്റെ പണി തുടര്‍ന്നു .
കാര്യം ശെരി എന്ന് കരുതിയ ഞാന്‍ നേരെ ചെന്ന് ഹോള്ടെറില്‍ വിരലിട്ടു, അടിച്ചു തെറിച്ചു താഴെ വീണു ,ഇത് കണ്ടുകൊണ്ടു ഓടി വന്ന അപ്പച്ചെന്‍ നീ എന്തിനാടാ അതില്‍ പിടിക്കാന്‍ പോയത് എന്നും ചോദിച്ചു എന്നെ വഴക്ക് പറഞ്ഞു,
പെട്ടെന്ന് പേടിച്ചു പോയ ഞാന്‍ ഒന്നും മിണ്ടാതെ നിന്നു ,എന്റെ പേടിച്ച ഭാവവും മറ്റും കണ്ടു അപ്പച്ചന്‍ എന്നെ നേരെ ചായക്കടയില്‍ കൂട്ടി കൊണ്ട് പോയി
“എടൊ ഇവനൊരു പാലും വെള്ളോം എന്തേലും കടിയും കൊടുത്തേര്; ഒന്ന് കറന്റ് അടിച്ചു ആകെ പേടിച്ചിട്ടുണ്ട്”
അപ്പച്ചന്‍ അങ്ങനെ പറഞ്ഞപ്പോള്‍ എന്റെ സകല പേടിയും പോയി ഇങ്ങനാണേല്‍ എന്നും കറന്റ് അടി ഏല്‍ക്കാന്‍ ഞാന്‍ തയ്യാര്‍ എന്ന് മനസ്സില്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞു ,ഞങ്ങള്‍ മുതിര്‍ന്നു ,ശിവരാമാന്‍ കുഞ്ഞു ചേട്ടനും ചായക്കടയും വ്യത്യാസങ്ങള്‍ പ്രത്യേകിച്ചോന്നുമില്ലാതെ അതുപോലെ തന്നെ,
വ്യത്യാസം ഇല്ല എന്ന് പറയാന്‍ പറ്റില്ല പണ്ടില്ലാതിരുന്ന ഒരു ഭക്ഷണ പദാര്‍ത്ഥം കൂടി ശിവരാമന്‍ കുഞ്ഞേട്ടന്റെ ചായക്കടയിലും സ്ഥാനം പിടിച്ചു
“പൊറോട്ടാ”
ജീവിതത്തില്‍ ആദ്യമായി ഞാന്‍ പൊറോട്ടാ കഴിക്കുന്നതും ശിവരാമന്‍ കുഞ്ഞേട്ടന്റെ കടയില്‍ നിന്നുമാണ് , അത് നല്ല എരിവോട് കൂടിയ കിഴങ്ങ് കറിയും ചേര്‍ത്ത്. അവിടെ പോറോട്ടക്ക് ഒരിക്കലും ഇറച്ചിയോ മറ്റു മല്സ്യമാംസാദികളോ ഒരിക്കലും കറിയായിരുന്നില്ല എന്നാണു എന്റെ ഓര്‍മ്മ.
മുതിര്‍ന്നതിനു ശേഷം കേരളം വിട്ടതിനു ശേഷവും ,വല്ലപ്പോഴും ചെല്ലുന്ന അവധിക്കാലത്ത് , കവലയിലൂടെ കടന്നു പോകുമ്പോള്‍ കാശ് കൌണ്ടറില്‍ ഇരിക്കുന്ന ശിവരാമന്‍ കുഞ്ഞെട്ടനോട് രണ്ടു വാക്ക് മിണ്ടിയിട്ടെ പോയിരുന്നുള്ളൂ ,
അപ്പോളും ചോദിക്കും “മോനെ ഒരു ചായ എടുക്കട്ടെ’”?
വേണ്ട ശിവരാമന്‍കുഞ്ഞേട്ടാ എന്ന് സ്നേഹത്തോടെ പറഞ്ഞു നിരസിക്കുമ്പോള്‍
ഒരു ചിരിയോടെ പറയും “പണ്ട് അപ്പച്ചെന്‍ ഒന്ന് സമ്മതിക്കാന്‍ നോക്കി നില്‍ക്കുന്ന ആ നോട്ടം എനിക്കിപ്പോളും ഓര്‍മ്മയുണ്ട് ,അന്ന് ഇവിടുന്നു എന്തേലും കഴിക്കാതെ മക്കള് പോവില്ലാരുന്നു” ,
ഇപ്പൊ വേണ്ടാഞ്ഞിട്ടാ ചേട്ടാ ,ഞാന്‍ പിന്നെ മേടിച്ചോളാം എന്ന് പറഞ്ഞു നടന്നിറങ്ങുമ്പോള്‍ പഴയ വള്ളി നിക്കറുകാരന്‍ ആയി മാറും എന്റെ മനസ്സ് ,
അങ്ങനെ പ്രത്യേകിച്ച് ഞങ്ങളുടെ ആരുമല്ലാതിരുന്നിട്ടും ഹൃദയത്തിന്റെ ഉള്ളില്‍ ആരോ ആയി ഞങ്ങള്‍ കരുതിയിരുന്ന ശിവരമന്‍ കുഞ്ഞു ചേട്ടന്‍ കടന്നു പോയിരിക്കുന്നു,ഒപ്പം ഞങ്ങളുടെ നാവില്‍ ചെറുപ്പത്തില്‍ പകര്‍ന്നു തന്ന ഇനി ഒരിക്കലും ലഭിക്കാത്ത പലഹാരങ്ങളുടെ രുചികളും
ജോഷി കുര്യന്‍ പോള്‍
No comments:
Post a Comment