ഡിസംബര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖമുള്ള കുളിര്‍ നമ്മെ തഴുകുന്നതായി എനിക്ക് തോന്നാറുണ്ട് കലെണ്ടറില്‍ നോക്കുംബോളും മറ്റെല്ലാ മാസങ്ങളെക്കാളിലും ഒരു രാജകീയത ഡിസംബര്‍ മാസത്തിനുണ്ട് എന്ന് ഞാന്‍ ചിന്തിച്ചിരുന്നു ,
ഡിസംബര്‍ പിറക്കുമ്പോള്‍ കുഞ്ഞുന്നാളില്‍ മനസ്സിലേക്ക് ഓടിയെത്തിയിരുന്നത് ക്രിസ്തുമസും ,ക്രിസ്തുമസ് ട്രീയും ഒക്കെയായിരുന്നു, ക്രിസ്തുമസ് പരീക്ഷ എന്നറിയപ്പെട്ടിരുന്ന മിഡ്ടേം പരീക്ഷ എന്ന ഒരു കടമ്പ ഡിസംബര്‍ മാസത്തില്‍ ഉണ്ടായിരുന്നു എങ്കിലും ,അതിലുപരിയായി സന്തോഷം തരുന്ന കാര്യങ്ങളായി കരോളും, സാന്താക്ലോസും,പടക്കങ്ങളും ,കേക്കുകളും ഒക്കെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.
ഡിസംബര്‍ പിറക്കുമ്പോള്‍ തന്നെ അമ്മയോട് സ്റ്റാര്‍ വാങ്ങുന്നതിനെ കുറിച്ചു പറഞ്ഞു തുടങ്ങും, ഉള്ള വരുമാനത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ഒറ്റയ്ക്ക് പാടുപെടുന്ന അമ്മക്ക് സ്റ്റാര്‍ ഒക്കെ അധിക ചിലവുകള്‍ ആയിട്ടായിരുന്നു തോന്നിയിരുന്നത് , എങ്കിലും ക്രിസ്തുമസ് അടുത്തു വരുമ്പോള്‍ അമ്മ സ്റ്റാര്‍ വാങ്ങി തന്നിരുന്നു, ആദ്യമായി ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ തൂക്കിയത് സ്റ്റാര്‍ അല്ലായിരുന്നു ഒരു മത്തങ്ങ പോലത്തെ ഷേപുള്ള ഒന്നായിരുന്നു അത് മഞ്ഞു കൊണ്ട് നനഞ്ഞു പോവാതെ വരാന്തയില്‍ ഇലെക്ട്രീഷന്‍ മണിയെ കൊണ്ട് തൂക്കിയിടുവിച്ചു, അത് ആദ്യമായി പ്രകാശിച്ചു കണ്ടപ്പോള്‍ ഞാനും ചേട്ടനും സന്തോഷത്താല്‍ തുള്ളിച്ചാടിയത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട് ,
വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായി, അമ്മയും എന്നോടൊപ്പം ഇവിടെ,ഡിസംബര്‍ മാസം കടന്നു വരുമ്പോള്‍ അമ്മ കുട്ടികളുമായി ചേര്‍ന്ന് ക്രിസ്തുമസ് ട്രീ അലങ്കരിച്ചിരുന്നു ,കേക്കുകള്‍ ഉണ്ടാക്കിച്ചുകൊണ്ട് വരുമ്പോള്‍ അത് പള്ളിക്കുള്ളത്,കുഷ്ടരോഗ ആശുപത്രിക്കുള്ളത്, അങ്ങനെ ഓരോന്നായി തരം തിരിച്ചിരുന്നത് അമ്മയായിരുന്നു .
ഈ തവണ പതിവുകള്‍ ഒക്കെ തെറ്റി ,ഡിസംബര്‍ എന്ന മാസം പിറന്നപ്പോള്‍ എനിക്ക് പഴയ ഉത്സാഹം തോന്നിയില്ല ,കുട്ടികളും മൂകര്‍ ആയിരുന്നു അവര്‍ക്കറിയാം ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇല്ല ,കേക്ക് ഉണ്ടാക്കില്ല സ്റ്റാര്‍ തൂക്കുന്നില്ല ട്രീ അലങ്കരിക്കുന്നില്ല, ഇവക്കൊക്കെ മുന്നില്‍ നിന്നിരുന്ന അമ്മ ഇന്ന് ഞങ്ങളോടൊപ്പം ഇല്ല, എന്‍റെ മുഖ പുസ്തക സുഹൃത്ത് Shamz kizhadayil എഴുതിയ കവിത പോലെ ,
മരിച്ചു പോവുമ്പോൾ
ഒന്നും കൊണ്ട് പോവില്ല്യാന്നു
ആരാണ് പറഞ്ഞത് ...?
അമ്മേടെ മുഖത്തെ പുഞ്ചിരി
നെറയെ പൂക്കളുള്ള സാരി
കഴുത്തിലെ താലി
അടുപ്പിൻ കലത്തിലെ ചോറ്
അമ്മു കുട്ടീടെ ,
കണിക്കൊന്ന
വിഷു കൈനീട്ടം
തിരുവാതിര
ഊഞ്ഞാൽ
അത്തപ്പൂക്കളം
ഓണക്കോടി
പിറന്നാൾ
കാവിലെ ഉത്സവം
പ്ലാവിലപ്പാത്രങ്ങൾ
കണ്ണ് ചിമ്മി തുറക്കുന്ന കളിപ്പാവ
പിന്നെ,
ചൂടുള്ള നെഞ്ചിന്റെ തൊട്ടിൽ
എല്ലാം കൊണ്ടാണ് അച്ഛൻ
കവിളിൽ ഇരു നീർച്ചാലുകൾ
വരച്ചുവെച്ച് കടന്നുപോയത്..
ഷംസിന്റെ കവിതയില്‍ അച്ഛനാണു കവിളില്‍ നീര്‍ച്ചാലുകള്‍ വരച്ചുകടന്നു പോയതെങ്കില്‍ എന്‍റെ കവിളിൽ നീർച്ചാലുകൾ വരച്ചുവെച്ച് കടന്നുപോയത് അമ്മയാണ്. വിഷുക്കൈ നീട്ടത്തിനും കാവിലെ ഉത്സവത്തിനുമൊക്കെ പകരം ക്രിസ്തുമസും ഈസ്റ്ററും ഓണവുമൊക്കെ നിറമില്ലാത്തവയായി.
എങ്കിലും അമ്മ കാട്ടി തന്ന ചില വഴികളുണ്ട് ഈ ആഘോഷവേളകളില്‍ ചെയ്യേണ്ടത്,സമൂഹത്തിലെ ബലഹീനര്‍ക്കൊപ്പം കഴിവതും ആഘോഷങ്ങള്‍ പങ്കിടണം എന്ന് എന്നും അമ്മ ഓര്‍മ്മിപ്പിച്ചിരുന്നു,കഴിഞ്ഞ ദിവസം അങ്ങനെയുള്ള ഒരു പറ്റം ആളുകള്‍ക്കിടയില്‍ കടന്നു ചെല്ലാനും,അവര്‍ക്ക് ക്രിസ്തുമസ് പാട്ടുകള്‍ പാടികൊടുത്ത് അവരോടൊപ്പം സന്തോഷം പങ്കിട്ടു കേക്ക് മുറിച്ചു വിതരണം നടത്തുവാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു, കൂടെയില്ലെങ്കിലും ദൂരത്തിരുന്നു അമ്മയുടെ ആത്മാവ് സന്തോഷിക്കുന്നു എന്ന് ഞങ്ങള്‍ അറിയുന്നു.
അമ്മയില്ലാത്ത എന്റെ ആദ്യ ക്രിസ്തുമസ് അതിനു പഴയ ക്രിസ്തുമസുകളുടെ അത്ര നിറം പോര, ഇനിയുള്ള ക്രിസ്തുമസുകള്‍ക്കും ആഘോഷങ്ങള്‍ക്കും എത്രയൊക്കെ നിറം ചാര്‍ത്താന്‍ സ്രെമിച്ചാലും അമ്മ കൂടെ കൊണ്ടുപോയ ചില നിറങ്ങള്‍ എന്നും ഒരു കുറവായി നില്‍ക്കും,എങ്കിലും കാലചക്രം മുന്നോട്ടുരുളും പല ഓര്‍മ്മകളും കാലയവനികക്ക് പിന്നില്‍ മറയും എന്നെനിക്കറിയാം എങ്കിലും അമ്മ ചാര്‍ത്തി തന്ന നിറങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ എന്നും തെളിഞ്ഞു നില്‍ക്കട്ടെ എന്ന് ആശിക്കുന്നു,പ്രാര്‍ത്ഥിക്കുന്നു.
“എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്‍റെയും ഐശ്വര്യത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍ നേരുന്നു”
നിങ്ങളുടെ ക്രിസ്തുമസ് എന്നും വര്‍ണ്ണങ്ങള്‍ നിറഞ്ഞവയാവട്ടെ .
( ജോഷി കുര്യന്‍ പോള്‍ )
No comments:
Post a Comment