Friday, March 8, 2013

"ചാക്കൊച്ചായന്‍റെ വിശേഷങ്ങള്‍"

"ചാക്കൊച്ചായന്‍"  ഞങ്ങളുടെ  നാട്ടിലെ ഒരു ബഹുമുഖ പ്രതിഭ ആണ് ,എന്ത് കാര്യത്തിനും  മുന്നിട്ടിറങ്ങാന്‍ ചാക്കൊച്ചായനുണ്ട് . ആളൊരു നല്ല സരസ്സനുമാണ് പറയുന്ന കാര്യങ്ങളിലെ ആന്തരിക തമാശകള്‍ മനസ്സിലാക്കാന്‍ പറ്റുന്നത്  ചാക്കൊച്ചായന്‍റെ  സംസാരശൈലി  അറിയാവുന്നവര്‍ക്ക് മാത്രം,അതോടൊപ്പം ആളൊരു ക്ഷിപ്ര കോപിയുമാണ് .

പള്ളിയിലെ  എല്ലാവിധ പ്രവര്‍ത്തനങ്ങളിലും ചാക്കൊച്ചായന്‍ മുന്നില്‍ തന്നെയുണ്ട്,പാട്ടുകാരന്‍,സണ്ടേസ്കൂള്‍,യുവജനപ്രസ്ഥാനംപ്രാര്‍ത്ഥനായോഗം  ,തുടങ്ങി പള്ളിയിലെ എന്ത് കാര്യത്തിനും ചാക്കൊച്ചായനാണ് ആശാന്‍, സണ്ടേസ്കൂള്‍ വാര്‍ഷികത്തിന് കുട്ടികളെ പരിചമുട്ടുകളി ,മാര്‍ഗ്ഗം കളി ,കഥാപ്രസംഗം ,പ്രസംഗം പാട്ട് ഇവയൊക്കെ അഭ്യസിപ്പിക്കുന്നതും ചാക്കൊച്ചായന്‍റെ നേതൃത്വത്തില്‍, ഇവയെല്ലാം കൂടാതെ  ചാക്കൊച്ചായന്‍ ഒരു കൊണ്ഗ്രെസ് അനുഭാവി ,അത്യാവശ്യം പൊതുകാര്യം അങ്ങനെ എല്ലാ കാര്യത്തിലും ചാക്കൊച്ചായന്‍റെതായ സംഭാവനകള്‍ പുള്ളി  നല്‍കാറുണ്ട് .മനുഷ്യ ജീവിതത്തിന്‍റെ ചെറിയ കാലയളവില്‍ തങ്ങളാലാകുന്ന ഉപകാരങ്ങള്‍,മറ്റുള്ളവര്‍ക്ക് ചെയ്യണം എന്നതാണ് ചാക്കൊച്ചായന്‍റെ പോളിസി .ചാക്കൊച്ചായന്‍ പള്ളിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു പ്രവര്‍ത്തിച്ചു നാട്ടിലെ ക്ലെബ്ബുകള്‍ക്കു വേണ്ടി നാടകമെഴുതിയാലും ബൈബിള്‍ നാടകമായി മാറിപ്പോകും. അങ്ങനെയൊരു പരാതി മാത്രമാണ് നാട്ടുകാര്‍ക്ക് ചാക്കൊച്ചായനെപ്പറ്റി പറയുവാനുള്ളൂ ,എല്ലാ തവണയും ചാക്കൊചായന്‍ വാക്ക് പറയും അടുത്ത തവണ ഞാന്‍ നല്ല കിടിലന്‍ കഥ തരാം ,അതും ആനുകാലിക  പ്രസക്തിയോടെയുള്ള പ്രാദേശിക സംഭവ വികാസങ്ങള്‍ നിറഞ്ഞ കഥ , പക്ഷെ അടുത്ത തവണയും എഴുതി വരുമ്പോള്‍കഥയിലെ നായകന്‍ ജെയിംസിനു കര്‍ത്താവിനോട് സാമ്യവും  നായിക അന്നമ്മക്ക് മഗ്ദാലക്കാരതി മറിയമിനോടും , നായകന്‍റെ  പിതാവ് കുഞ്ചെറിയാ ചേട്ടന് ഔസേപ്പ് പിതാവിന്‍റെ സാമ്യവും,അമ്മ അമ്മിണി ചേച്ചിക്ക് കന്യാമറിയത്തിന്‍റെ   സാമ്യവും  ഒക്കെ വരുമെന്ന് മാത്രം.  ഡയലോഗുകളും ഒരു ബൈബിള്‍ ചുവ നിറഞ്ഞത് ആവും.

അങ്ങനെ  പള്ളിയുടെയും ,നാട്ടുകാരുടെയും ഒക്കെ കണ്ണിലുണ്ണിയായി ചാക്കൊച്ചായന്‍ വിലസുന്ന സമയത്താണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത് , ചാക്കൊച്ചായനിലെ കൊണ്ഗ്രെസ്സുകാരന്‍ ഉണര്‍ന്നു ,തേങ്ങിക്കരഞ്ഞുകൊണ്ട് അതിരാവിലെ  കവലയിലേക്ക് എത്തി,കവലയില്‍ ആകെ വിഷണ്ണരായി നില്‍ക്കുന്ന യൂത്തന്മാരുടെ അടുത്തേക്ക് ഓടിയെത്തി ചാക്കൊച്ചായന്‍ വാവിട്ടു നിലവിളിച്ചു, മക്കളെ പോയല്ലോടാ , ചാക്കൊച്ചായന്‍റെ പ്രകടനത്തില്‍ അന്തം വിട്ട യൂത്തന്മാര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു തങ്ങളുടെ  സങ്കടവും നാട്ടുകാരെ അറിയിച്ചു , കരച്ചില്‍ ഒക്കെ ഒട്ടൊന്നു ശമിച്ചപ്പോള്‍, ചാക്കൊച്ചായന്‍ തിരക്കി "മക്കളെ പന്തലിടെണ്ടേ? സമൂഹ പ്രാര്തനവേണ്ടേ ? യൂത്തന്മാര്‍ ഒരുമിച്ചു പറഞ്ഞു "വേണം അച്ചായാ,ഞങ്ങള്‍ പടുതായും കാലുമൊക്കെ  എടുത്തുവരാം" അച്ചായന്‍ അന്നേരം മറ്റുള്ളവരെ കൂടെ കൂട്ടിക്കോ ,എല്ലാവരും കര്‍മ്മനിരതരായി പെട്ടെന്ന് തന്നെ  കവലയില്‍ ഒരു ചെറിയ പന്തല്‍ ഇട്ടു ,മൈക്ക് സെറ്റ്‌ വന്നു ,ചാക്കോച്ചായന്‍ അപ്പോള്‍ തന്നെ ഓടിപ്പോയി ബൈബിളും പാട്ട് പുസ്തകവും കൊണ്ടുവന്നു,ചന്ദ്രന്‍ചേട്ടന്‍ അതുകണ്ട് ഓടിച്ചെന്നു ഭാഗവതം കൊണ്ടുവന്നു സര്‍വ്വമത പ്രാര്‍ത്ഥന എന്ന്  വിചാരിച്ചെങ്കിലും ക്രിസ്ത്യാനി ഹിന്ദു പ്രാര്‍ത്ഥനമാത്രമേ നടന്നുള്ളൂ ,കൊണ്‍ഗ്രെസ്സുകാരനായ ഒരു മുസ്ലീമിനെ തപ്പി നടന്നിട്ട് കിട്ടിയില്ല , ചന്ദ്രന്‍ചേട്ടന്‍,ഭാഗവതം വായിക്കുന്ന സമയം ചാക്കോച്ചായന്‍ പന്തലിലിരുന്നു    എന്തൊക്കെയോ കുത്തിക്കുറിക്കുന്നു ,ഓ ഈ ചാക്കൊച്ചായാന്‍ ഈ സമയത്ത് അത്യാവശ്യമായിട്ടു ഇതെന്തോന്നാ ഈ എഴുതുന്നത്‌ എന്ന്  ആളുകള്‍ വിചാരിച്ചു , അതിനുത്തരവും ഉടനെ തന്നെ  ആളുകള്‍ അറിഞ്ഞു ...

ചന്ദ്രന്‍ ചേട്ടന്‍ വായന നിര്‍ത്തിയ ഉടനെ ,മൈക്ക് തന്‍റെ മുന്നിലേക്ക്‌ നീക്കി വച്ച്  ചാക്കോച്ചായന്‍ ഒരു ചെറിയ മുഖവുര പ്രസംഗം നടത്തി  അത് ഇപ്രകാരമായിരുന്നു "പ്രിയ നാട്ടുകാരെ  ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന നമ്മുടെ പ്രിയങ്കരനായ രാജീവ് ഗാന്ധി ഇന്ന് ഒരു ബോംബു സ്ഫോടനത്തിലൂടെ കൊല്ലപ്പെട്ടു നമ്മെ വിട്ടു പിരിഞ്ഞുപോയ കാര്യം  നാം  ഓരോരുത്തരും അറിഞ്ഞല്ലോ ?ഇലെക്ഷന്‍ പ്രചാരണത്തിനായി നമ്മുടെ നാട്ടില്‍ വന്നപ്പോളും സുരക്ഷാ ജീവനക്കാരെ  വിട്ടു ജനങ്ങളുടെ  ഇടയിലേക്ക് നടന്നു വരാന്‍ സ്രെമിക്കുന്ന രാജീവിനെ നാം കണ്ടു, അന്നേ ഇതൊരു അപകടം പിടിച്ച രീതി ആണല്ലോ എന്ന് എന്‍റെ അന്തരംഗം എന്നോട് മന്ത്രിച്ചിരുന്നു,പക്ഷെ അത് അദ്ദേഹത്തോട് പറയണം എന്ന് എനിക്ക് തോന്നിയില്ല അതില്‍ ഇന്ന് ഞാന്‍ വ്യസനിക്കുന്നു , ആ വ്യസനത്തില്‍ നിന്നും ആ സുന്ദരവധനനായ ,സുസ്മേരവധനനായ  രാജീവിനെ സ്മരിച്ചുകൊണ്ട് ഞാന്‍ ഈ പന്തലില്‍ ഇരുന്നു ഇപ്പോള്‍ എഴുതിയ ഒരു പാട്ട്  ഇവിടെ ആലപിക്കുകയാണ് . നിങ്ങള്‍ ഏവരും അത് ഏറ്റു ചൊല്ലുക " ഇത്രയും പറഞ്ഞു  ചാക്കൊച്ചായന്‍ തന്‍റെ ക്ഷിപ്ര കവിത  ചൊല്ലുവാന്‍ ആരംഭിച്ചു "

                    "കൊണ്ഗ്രെസ് ഐയുടെ  അദ്ധ്യക്ഷനായി വാണരുളിയോന്‍ 
                     രാജീവ്‌ ഗാന്ധി വഞ്ചനയാല്‍ കൊല്ലപ്പെട്ടല്ലോ
                    ശ്രീപെരംബതൂര്  മണ്ണില്‍ വോട്ടുതേടി താന്‍
                    പോയ നേരം ബോംബു പൊട്ടി കൊല്ലപ്പെട്ടല്ലോ "

ഇങ്ങനെ വാഴ്ത്തിടുന്നൂ ,വാഴ്ത്തിടുന്നൂ വഴ്ത്തിടുന്നൂ ഞാന്‍ എന്ന ക്രിസ്ത്യന്‍ പാട്ടിന്‍റെ ട്യൂണില്‍ ചാക്കോച്ചായനെഴുതിയ  വരികള്‍ ചോല്ലിക്കൊണ്ടിരിക്കെ   ചാക്കൊച്ചായന്‍ മോഹാലസ്യപ്പെട്ടു  വീണു ,ആദ്യം അമ്പരന്ന യൂത്തന്മാര്‍ അടുത്ത കടയില്‍ നിന്നും വട്ടുസോഡാകുപ്പി ഒന്നെടുത്തു പൊട്ടിച്ചു ചാക്കൊച്ചായന്‍റെ മുഖത്തേക്ക് നല്ല  ശക്തിയില്‍ തന്നെ ചീറ്റിച്ചു .. പെട്ടെന്ന് " ഫാ  ഏത് നായിന്‍റെ മോനാടാ" മുഖത്തു  വെള്ളം ചീറ്റിക്കുന്നത് എന്നും ചോദിച്ചു  ചാക്കൊച്ചായന്‍ ഉണര്‍ന്നു , പക്ഷെ മൈക്ക് ഓണ്‍ ആയിരുന്നതുകൊണ്ടും  കവലയില്‍ നാല് വശത്തേക്കും  ഒന്നൊന്നര കിലോമീറ്റര്‍ ദൂരത്തോളം കോളാമ്പി മൈക്ക് വച്ച് കേട്ടിയിരുന്നതുകൊണ്ടും നാട്ടുകാര് മുഴുവനും  ചാക്കൊച്ചായന്‍റെ അനുഗ്രഹീത ഭാഷ കേട്ട് ഞെട്ടി , പക്ഷെ  ഇതൊന്നും മനസ്സിലാവാതിരുന്ന  ചാക്കൊച്ചായന്‍ ഉണര്‍ന്നു മുഖവും തുടച്ചു  ബൈബിള്‍ വായന തുടങ്ങി

 ""ദൈവമേ എന്‍റെ വായിലെ വചനങ്ങളെ നീ ഇഷ്ട്ടപ്പെടെണമേ "" 

എന്ന് തുടങ്ങുന്ന സങ്കീര്‍ത്തനം വായിച്ചതും  ,ചാക്കൊച്ചായന്‍റെ തൊട്ടടുത്തിരുന്ന  ചന്ദ്രന്‍ ചേട്ടന്‍ "ഹ ഹ ഹ" എന്ന് ആര്‍ത്തൊരു ചിരിയും ചിരിച്ചു എഴുന്നേറ്റതും അത് മൈക്കിലൂടെ കേട്ട ജനം ഒന്നടങ്കം ചിരിച്ചതും അങ്ങനെ  ദുഃഖ പ്രാര്‍ത്ഥന ഒരു തമാശായി മാറിയതും,   അന്ന് ഒന്നും മനസ്സിലാകാതെ ചാക്കൊച്ചായന്‍ ഇരുന്നതും എന്‍റെ കണ്മുന്നില്‍ മായാതെ നില്‍ക്കുന്നു .ഞങ്ങളുടെ പ്രിയങ്കരനായ ചാക്കൊച്ചായന്‍റെ കൂടുതല്‍ രസകരങ്ങളായ കാര്യങ്ങള്‍ ഇനിയുമൊരുപാടുണ്ട് അവ പിന്നീട് എപ്പോളെങ്കിലും  ഇവിടെ പങ്കു വക്കാം ......

ജോഷി കുര്യന്‍ പോള്‍

No comments:

Post a Comment