Friday, February 28, 2014

ബാല്യത്തിന്റെ നഷ്ട്ടങ്ങള്‍


മധ്യവേനല്‍ അവധിക്കാലം എന്നും ഒരു ഉത്സവമായിരുന്നു,സ്കൂള്‍ ഉള്ള ദിവസങ്ങളില്‍ വെളുപ്പിനെഴുന്നേറ്റു പഠിക്കുവാന്‍ അമ്മ വിളിക്കുമ്പോള്‍ ഞരങ്ങിയും മൂളിയും ,പുതപ്പു വീണ്ടും ദേഹത്തേക്ക് ഒന്നുകൂടി വലിച്ചിട്ടു “ട” വരച്ചു ചുരുളും, പിന്നെ പൂവരശു കമ്പുകൊണ്ട് അമ്മയുടെ വക ചൂടന്‍ മരുന്ന് കിട്ടുമ്പോള്‍ ചാടി എഴുന്നേറ്റിരുന്നപോലെ അല്ല ,

ആരും വിളിക്കാതെ തന്നെ അതികാലത്തെ ഉണരുന്നു,ബ്രെഷില്‍ പേസ്റ്റും തേച്ചു നേരെ ആറ്റുകടവിലെക്കൊരു ഓട്ടമാണ്,ചെല്ലുമ്പോള്‍ കൂട്ടുകാരായ സന്തോഷും, ബിജുവും ഒക്കെ കാണും കടവില്‍ ,പിന്നെ ഒരു തകര്‍പ്പാണു മുങ്ങാം കുഴിയിടലും ,നീന്തല്‍ മത്സരവും , കരക്കുള്ള കളികള്‍ പോലെ തന്നെ വെള്ളത്തിലെ കളികളും അനന്തമായി നീളും അവസാനം ആരുടെയെങ്കിലും അമ്മമാര്‍ വടിയുമായിട്ടെത്തുമ്പോള്‍ ആണ് കരക്ക്‌ കയറിയിരുന്നത് ,അന്ന് ആറ്റുവക്കില്‍ എവിടെ നിന്നും ആറ്റിലേക്ക് കുതിച്ചു ചാടാന്‍ ഒരു ഭയവും തോന്നിയിരുന്നില്ല , തുണിയുണ്ടോ ഇല്ലയോ എന്നതൊന്നും ഒരു പ്രശ്നമായിരുന്നില്ല ബെര്ത്ടെയ് സ്യൂട്ടില്‍ തന്നെ ആയിരുന്നു ആറ്റിലെ ഞങ്ങളുടെ തകര്‍ക്കലുകള്‍ അധികവും ,

ഇപ്പോളാണ് തോന്നുന്നത് ആ ബാല്യം തന്നെ മതിയായിരുന്നു ,ജാതിസ്പര്‍ദകളോ,ലിംഗ ബേധങ്ങളോ ഉച്ച നീചത്വങ്ങളോ ഒന്നും ബാധിക്കാതിരുന്ന ഒരു മനസ്സിന്റെ ഉടമ ആയിരുന്ന ആ ബാല്യത്തിലെ ഞാന്‍ തന്നെ ആയിരുന്നാല്‍ മതിയായിരുന്നു എനിക്ക്,

വീണ്ടുമൊരു മധ്യവേനല്‍ അവധി അടുത്തുകൊണ്ടിരിക്കുകയാണ് , ബാല്യത്തിലെ പഴയ തകര്‍പ്പുകളുടെ ആരവം ചെവികളില്‍ മുഴങ്ങുന്നു മാവുകളില്‍ കയറിയിരുന്നു ഉപ്പും മുളകും ചേര്‍ത്തു മാങ്ങ തിന്നതും , കമ്പിളി നാരകത്തിന്റെ മുകളില്‍ കയറി കളിക്കൂട്ടുകാരികളെ സര്‍ക്കസ് കാണിക്കുന്നതിനിടയില്‍ ഉടുമുണ്ടഴിഞ്ഞു വീണു പൂര്‍ണ്ണ സ്വതന്ത്രനായി നിന്നപ്പോള്‍ ചമ്മിയ ചമ്മലുമെല്ലാം ഓര്‍മ്മ വരുന്നു, ആ ഓര്‍മ്മകള്‍ ഇന്നൊരു പുഞ്ചിരിയായി ചുണ്ടില്‍ തത്തിക്കളിക്കുന്നു,

വര്‍ഷാവസാന പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും നല്ല വിജയവും ഒപ്പം തിമിര്‍ത്തു രസിക്കാനുള്ള ഒരു മധ്യവേനലവധിക്കാലവും മുന്നമേ തന്നെ ആശംസിക്കുന്നു ,

ജോഷി

No comments:

Post a Comment