Monday, September 23, 2013

ചില പ്രണയ കഥകള്‍ ......




പ്രണയം അതൊരു സുഖമുള്ള വികാരമാണ്.ഒരു അനുഭൂതിയാണ്. എപ്പോഴൊക്കെയെങ്കിലും ഒരുവന്‍ ആ അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ടാവാം. അങ്ങനെ തോന്നാത്തവര്‍ മനുഷ്യന്‍റെ വികാരവിചാരങ്ങള്‍ ഉള്ളവര്‍ ആവില്ല എന്നാണു എന്‍റെ തോന്നല്‍. ഈയുള്ളവനും അതുപോലെയുള്ള പല അവസ്ഥകളിലൂടെ കടന്നു വന്നിട്ടുണ്ട്. ഇന്ന് തിരിഞ്ഞു അവയെകുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ ചുണ്ടില്‍ ഒരു നറു പുഞ്ചിരിയായി വിരിയുന്ന സുഖമുള്ള ചില ഓര്‍മ്മകള്‍.....

എന്‍റെ പ്രണയങ്ങള്‍ എല്ലാം തന്നെ എന്‍റെ ഹൃദയത്തിനുള്ളില്‍ ഒളിപ്പിച്ചവയായിരുന്നു.ആ സുഖ അനുഭൂതികളെ ഒരിക്കലും ഞാന്‍ വെളിയിലേക്ക് പകര്‍ന്നിരുന്നില്ല .ചില അടുത്തസുഹൃത്തുക്കള്‍ക്ക് അങ്ങനെയുള്ള എന്‍റെ ചില അനുഭൂതികളെ കുറിച്ച് മനസ്സിലായെങ്കിലും
അവര്‍ മനസ്സിലാക്കിയതും വളരെക്കുറച്ചു മാത്രം, എന്‍റെ പരിമിതികള്‍ മനസ്സിലാക്കി ഞാന്‍എന്നിലേക്ക് തന്നെ ഒരുപാട് ഒതുങ്ങിയിരുന്നു അപ്പോളും മനസ്സില്‍ ഞാന്‍ അമ്മൂമ്മക്കഥകളില്‍ കുതിരപ്പുറമേറിവരുന്ന രാജകുമാരനായി  എന്നെത്തന്നെ സങ്കല്പ്പിച്ചിരുന്നു, ആ സങ്കല്പങ്ങള്‍ആയിരുന്നു എന്‍റെ സ്വന്തം എന്ന് പറയുവാന്‍ എനിക്കുണ്ടായിരുന്നത് ,ആ സങ്കല്‍പ്പങ്ങളില്‍ഞാന്‍ പല നായികമാരുടെയും നായകന്‍ ആയി.ഞാന്‍ പല സാഹസങ്ങളും കാട്ടി........


പ്രണയം മനസ്സില്‍ ആദ്യം തോന്നിയ കാലത്ത് മനസ്സില്‍ കയറിയ ഒരു സുന്ദരി ....അവള്‍ സ്കൂളിലേക്കുള്ള എന്‍റെ ബസ്‌ യാത്രയില്‍ പാതിവഴിയിലൊരു സ്റ്റോപ്പില്‍ കൂട്ടുകാരികളുമായി സംസാരിച്ചുകൊണ്ട് അവരുടെ ഒരു മുതിര്‍ന്ന സഹോദരിയെ പോലെ നില്‍ക്കുന്നതാണ് ആദ്യമായി ഞാന്‍ കാണുന്നത്, കുളിച്ചു നനവാര്‍ന്ന നീളമുള്ള മുടിയിഴകള്‍ അവള്‍ വിടര്‍ത്തിയിട്ടിരിക്കയായിരുന്നുഅന്ന്. കണ്ട മാത്രയിലെ എന്‍റെ ഉള്ളില്‍ തോന്നിയ വികാരത്തിനെ എന്ത് പേരിട്ടു വിളിക്കണം എന്ന് എനിക്കിപ്പോളും അറിയില്ല. , അവള്‍, ഞാന്‍ യാത്ര ചെയ്യുന്ന ബസില്‍ തന്നെ കയറിയിരുന്നുവെങ്കില്‍ എന്ന് മനസ്സില്‍ ആശിച്ചെങ്കിലും, അങ്ങനെയുണ്ടായില്ല.ബസ്‌ സ്റ്റോപ്പില്‍ നിന്നും നീങ്ങുന്നതിനു തൊട്ടുമുന്‍പ് അവള്‍ മിഴികള്‍ ഉയര്‍ത്തി ബസിന്‍റെ നേര്‍ക്ക്‌ ഒന്ന് നോക്കി ,അവളെ തന്നെ ശ്രെദ്ധിച്ചു നിന്നിരുന്ന എനിക്ക്, അവള്‍ എന്നെയാണ് നോക്കിയതെന്നു തോന്നി. ഞാന്‍ ഏതൊക്കെയോ സ്വപ്ന ലോകത്തിലൂടെ പറന്നു ബസ്‌ പിന്നെയും സ്റ്റോപ്പുകള്‍ പിന്നിട്ടു ലക്ഷ്യ സ്ഥാനത്തു എത്തിയെങ്കിലും ഏതോ മായാലോകത്തില്‍ എത്തിയവനെപ്പോലെ ഞാന്‍ അതില്‍ തന്നെയിരുന്നു, "എറെങ്ങടാ ചെറുക്കാ സ്കൂളില്‍ പോകാനെറങ്ങിയതല്ലേ രാവിലെ?" എന്നുള്ള കണ്ടക്ട്രുടെ ശബ്ദമാണെന്നെ ആ സ്വപ്ന ലോകത്തു നിന്നും യാഥാര്‍ത്യത്തിലേക്ക് എത്തിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒക്കെ ആ ബസില്‍ തന്നെയാക്കണം യാത്ര എന്ന് ഞാന്‍ നിശ്ചയിച്ചു ,കഴിവതും മിക്ക ദിവസങ്ങളിലും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു. .ദിവസങ്ങള്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു ഞാന്‍ എന്‍റെ സ്വപ്നങ്ങളിലേറിയ യാത്രയും തുടര്‍ന്ന് കൊണ്ടിരുന്നു.വര്‍ഷാവസാന പരീക്ഷ കടന്നെത്തി പരീക്ഷാ കാലത്ത് എന്‍റെ മനസ്സ് ആകെ കലുഷിതമായിരുന്നു. അവധിക്കാലം എങ്ങനെ തീര്‍ന്നു കിട്ടും എന്നുള്ള ചിന്തയിലായിരുന്നു. .അവധിക്കാലത്ത് പരീക്ഷാ ഫലം അറിയുന്നതില്‍ കൂടുതല്‍ ഞാന്‍ ഉത്കണ്ഠപ്പെട്ടത് എന്‍റെയും അവളുടെയും സ്കൂള്‍ തുറക്കുന്നതെന്നാണ് എന്നതിനെക്കുറിചായിരുന്നു.ജയവും പരാജയവും എന്നെ ബാധിക്കുന്ന വിഷയങ്ങള്‍ അല്ല എന്ന് എനിക്ക് തോന്നി.അങ്ങനെ കാത്തു കാത്തിരുന്ന ആ ദിനം വന്നു ഞാന്‍ പത്താംതരത്തിലേക്ക് കടന്നു. ആദ്യദിനം ഞാന്‍ എന്റെ സ്ഥിരം ബസില്‍ തന്നെ യാത്രയായി അവളെ കാണാറുള്ള സ്റ്റോപ്പ്‌ എത്തുവാന്‍ എന്റെ മനസ്സ് ധൃതികൊണ്ടു,..ഓരോ സ്റ്റോപ്പിലും ബസ്‌ നിര്‍ത്തുമ്പോള്‍ ഞാന്‍ ഡ്രൈവറെയും, കയറുകയും ഇറങ്ങുകയും ചെയ്യുന്ന ജനത്തെയും മനസ്സാലെ ശപിച്ചു.അങ്ങനെ ഒരു ദീര്‍ഘയാത്രയുടെ അവസാനം എന്നപോലെ എന്നെയും വഹിച്ചുകൊണ്ടുള്ള ബസ്‌ ആ സ്ടോപ്പിലെത്തി എന്‍റെ മിഴികള്‍ അതീവ ജാഗ്രതയോടെ അവളെ തേടി, പക്ഷെ എനിക്കെവിടെയും അവളെ കാണുവാന്‍ സാധിച്ചില്ല,എന്‍റെ മനസ്സിനെ അതീവ ദു;ഖത്തിലാഴ്ത്തി എന്‍റെ സ്വപ്ന സുന്ദരി എവിടെ പോയ്‌ ?ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നു. അടുത്ത ദിനങ്ങളിലൊന്നും അവളെ കണ്ടെത്തുവാന്‍ എനിക്ക് സാധിച്ചില്ല. അങ്ങനെ നിരാശയോടെ ബസിറങ്ങി സ്കൂളിലേക്ക് നടന്ന ഞാന്‍ സ്കൂളിനടുത്തുള്ള കോളേജിനു മുന്നിലെത്തിയപ്പോള്‍ .....അതാ അവള്‍ ..കൂട്ടുകാരികളുമായി നടന്നു നീങ്ങുന്നു സ്കൂള്‍ യൂണിഫോമിലല്ല, കളര്‍ഡ്രെസ്സും ധരിച്ചു നീങ്ങുന്ന അവളെ കണ്ടപ്പോള്‍ എന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം വെള്ളത്തില്‍ വരച്ച വരകള്‍ പോലെയെന്ന് ഞാന്‍ മനസ്സിലാക്കി.മുന്നോട്ടുള്ള ദിനങ്ങള്‍ വിദൂരതയിലേക്ക് കണ്ണും നട്ടു ഒരു നിരാശാ കാമുകനെപ്പോലെ, വളരാത്ത താടിരോമങ്ങള്‍ ഉണ്ടെന്നു സങ്കല്‍പ്പിച്ചു ഞാന്‍ തടവി നിന്നു...അങ്ങനെ ആ “ഒരുവശ"പ്രണയ”ത്തിനു അന്ത്യമായി....അവള്‍ കോളേജിലും ഞാന്‍ സ്കൂളിലും പഠനം തുടര്‍ന്നു.

ദിവസങ്ങള്‍ മാസങ്ങള്‍ ആയും മാസങ്ങള്‍ വര്‍ഷമായും മാറിയപ്പോള്‍ ഞാനും പത്താം തരം കടന്നു, കോളേജില്‍ എത്തി. അവള്‍ പഠിക്കുന്ന കോളേജിലും പട്ടണത്തിലെ മറ്റൊരു കോളേജിലും പ്രവേശനം ലഭിച്ച ഞാന്‍, അവളില്ലാത്ത കോളേജു തന്നെ തിരഞ്ഞെടുത്തു.മനസ്സിലിപ്പോള്‍ അവള്‍ എന്നെ വഞ്ചിച്ചു എന്ന തോന്നലിലാണ് ഞാന്‍. അങ്ങനെ സ്കൂള്‍ കുട്ടിയില്‍ നിന്നും കോളേജു കുമാരന്‍ ആയി. കോളേജിലേക്ക് പോകുന്നതിനു മുന്‍പ് ഞാന്‍ മനസ്സില്‍ കരുതി ഇനിയൊരു പ്രണയം വേണ്ട വഞ്ചനയുടെ പ്രതീകങ്ങളായ പെണ്‍കുട്ടികളുമായി ഇനിയൊരു ചങ്ങാത്തം വേണ്ട .....

പക്ഷെ എന്‍റെ നിശ്ചയത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ പ്രണയമെന്നവികാരം എന്നെ അനുവദിച്ചില്ല, കോളേജിലെത്തി അധികം കാലമാവുന്നതിനു മുന്‍പ് തന്നെ ഞാന്‍ വീണ്ടും പ്രണയിക്കുവാനാരംഭിച്ചു.എന്‍റെ ക്ലാസ്സില്‍ തന്നെയുള്ള ഒരു സുന്ദരി.......അക്കൌണ്ടെന്‍സി ക്ലാസുകളില്‍ ഞാന്‍ സ്വപ്നലോകത്തെ പൂന്തോട്ടങ്ങളില്‍ അവളുമോന്നിച്ചു സൊറപറഞ്ഞിരുന്നു,ഇക്കണോമിക്സ് ക്ലാസ്സില്‍ പ്രോഫെസ്സര്‍ കനിവുള്ളവന്‍ ആയിരുന്നതിനാല്‍ ഹാജര്‍ തന്നു എന്നെ സ്വപ്നം കാണുവാന്‍ വെളിയിലെക്കയച്ചിരുന്നു.പക്ഷെ ക്ലാസ് മുറിയിലിരുന്നു കാണുന്ന സ്വപ്നത്തിന്‍റെ അത്ര സുഖം വെളിയിലെവിടെയും കിട്ടാതിരുന്നതുമൂലം ഞാന്‍ വീണ്ടും സ്വപ്നം കാഴ്ചകള്‍ ക്ലാസ്സില്‍ തന്നെയാക്കി.അങ്ങനെ സ്വപ്നം കണ്ടും കൂടെ അല്പം രാഷ്ട്രീയ അണിയായും പ്രവര്ത്തിച്ചു പഠനം എന്ന എന്‍റെ ഉത്തരവാദിത്തം ഞാന്‍ മറന്നു. ആദ്യ വര്‍ഷ പരീക്ഷയില്‍ ഒരു വിഷയത്തിനും രണ്ടക്ക മാര്‍ക്കുപോലും വാങ്ങുവാന്‍ എനിക്ക് സാധിച്ചില്ല. എങ്കിലും ആ അഹങ്കാരം എന്നെ തെല്ലും ബാധിച്ചില്ല. അടുത്ത വര്‍ഷവും ഞാന്‍ പഴയ രീതിയില്‍ തന്നെ സ്വപ്നം കാണലും രാഷ്ട്രീയ അണിയായും ഒക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.എന്നാല്‍ മറുവശത്ത് അവള്‍ ഇതൊന്നുമറിയാതെ നന്നായി പഠിച്ചുകൊണ്ടിരുന്നു എന്നാണു എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്.വഞ്ചനഎന്നത് സ്ത്രീകളുടെ പര്യായമായി ഞാന്‍ ഉറപ്പിച്ചു.ഞാന്‍ അവളെ സ്വപ്നം കണ്ടിരിക്കുമ്പോള്‍ അതൊന്നുമോര്‍ക്കാതെ അവള്‍ പഠിത്തത്തില്‍ മാത്രം ശ്രെദ്ധിക്കുകയോ? വഞ്ചന തന്നെ ...അതെന്നില്‍ വാശിയുണര്‍ത്തി.ഞാന്‍ പഠനത്തില്‍ സ്രെദ്ധ കേന്ദ്രീകരിക്കാന്‍ സ്രെമിച്ചു പക്ഷെ ബുക്കുകള്‍ പുത്തന്‍ പോലെ തന്നെയിരിക്കുന്നു. അവ തുറന്നു വായിച്ചിട്ട് എനിക്കൊന്നും മനസ്സിലാവുന്നില്ല.അപ്പോളും അവള്‍ ആ ബുക്കിനുള്ളില്‍ വന്നു നൃത്തമാടി.അതെന്നില്‍ വാശിയേറ്റി.ഞാന്‍ കൂടുതല്‍ പരിശ്രമിച്ചു.അങ്ങനെ ക്ലാസുകള്‍ തീരാറായി..പരസ്പരം വിട ചൊല്ലുവാന്‍ ഓരോരുത്തരും ആരംഭിച്ചു. എന്നെപ്പോലെ "ഒരുവശ"പ്രണയത്തില്‍ ആല്ലാതിരുന്ന എന്‍റെ ക്ലാസിലെ ചില കൂട്ടുകാര്‍ അവരുടെ പ്രണയിനികളോടോന്നിച്ചു വാകമരച്ചുവട്ടിലും,ലാബുകളുടെ ഇടനാഴികളിലുമൊക്കെ ചേര്‍ന്നിരുന്നു കണ്ണീരോഴുക്കുവാന്‍ തുടങ്ങി.അതൊക്കെയൊരു ഗൂഡസ്മിതതോടെ ഞാന്‍ ആസ്വദിച്ചു.അങ്ങനെ ക്ലാസുകള്‍ തീരുവാനുള്ള അവസാന ദിനങ്ങളിലെക്കെത്തി.പലരും ഓട്ടോഗ്രാഫുകള്മായെത്തി എന്തൊക്കെയോ ഞാനും കുത്തിക്കുറിച്ചു. എന്‍റെ ഓട്ടോഗ്രാഫിലും എല്ലാവരും എന്തൊക്കെയോ എഴുതിയിരുന്നു.പലതും ഞാന്‍ ശ്രെദ്ധിച്ചില്ല.മനസ്സ്‌ എവിടൊക്കെയോ ആയിരുന്നു എന്തൊക്കെയോ നഷ്ടമാവുന്നപോലൊരു നോവ്‌. അങ്ങനെ അവസാന ദിനം വന്നെത്തി.എല്ലാവരും പരസ്പരം യാത്ര പറഞ്ഞു.ഓരോരുത്തരോടും യാത്ര പറഞ്ഞു പിരിഞ്ഞ ഞാന്‍ അവളോടുമാത്രം ഒന്നും ചൊല്ലാതെ യാത്രയായി. വാതിലിന്നരികിലെത്തിയപ്പോള്‍ പിന്നില്‍ നിന്നുമൊരു വിളികേട്ട് ഞാന്‍ നിന്നു. അത് അവള്‍ ആയിരുന്നു......എന്നോട് മാത്രമെന്തേ യാത്ര പറയാതെ പോവുന്നു എന്നൊരു ഭാവം ആ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തു,ആ കണ്ണുകള്‍ അല്പം തുളുമ്പിയിട്ടുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. ഒന്ന് രണ്ടു നിമിഷത്തേക്ക് ഒന്നുമുരിയാടാതെ രണ്ടു പേരും നിന്നു.ഒടുവില്‍ ഞാന്‍ തന്നെ മൌനം ഭഞ്ജിച്ചു,...............പോട്ടേ... പറ്റിയാല്‍ വീണ്ടും കാണാം. അതെന്തേ അങ്ങനെ പറഞ്ഞത് ? അടുത്ത വര്‍ഷവും ഇവിടെ തന്നെ ചേരില്ലേ ?അവള്‍ ചോദിച്ചു. ജയിക്കുമെന്ന് തന്നെ ഉറപ്പില്ല,രണ്ടു വര്‍ഷത്തെ പേപ്പറുകള്‍ മുഴുവന്‍ എഴുതിയെടുക്കണം.അപ്പോള്‍ ഒന്നും പറയുവാന്‍ പറ്റില്ല..... ഞാന്‍ പറഞ്ഞു. ഇല്ല മനസ്സിരുത്തി പഠിച്ചാല്‍ ജയിക്കും ഇനി പരീക്ഷക്ക് ഒന്നരമാസമില്ലേ? നന്നായി പഠിക്കണം,ജയിക്കണം ഇവിടെ തന്നെ വന്നു ചേരണം. അവള്‍ പറഞ്ഞത് ഒരു തലകുലുക്കലോടെ സമ്മതിച്ചു ഞാന്‍ നടന്നു നീങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു യുദ്ധം നടക്കുകയായിരുന്നു,എന്തേ അവള്‍ അങ്ങനെ എന്നോട് പറഞ്ഞു? എന്‍റെ സ്വപ്‌നങ്ങള്‍ അവള്‍ അറിഞ്ഞിരുന്നോ?അവള്‍ എന്നില്‍ നിന്നും എന്തോ കേള്‍ക്കുവാന്‍ പ്രതീക്ഷിച്ചിരുന്നോ? ഞാന്‍ ആകെ നിലാവത്തഴിച്ചുവിട്ട കോഴിയെ പോലെ ആയി.. ഒന്നും പറയുവാനോ പ്രവര്‍ത്തിക്കുവാനോ പറ്റാത്ത അവസ്ഥയില്‍ ഞാന്‍ നടന്നു.മനസ്സില്‍ അപ്പോള്‍ ചിന്ത പഠിക്കണം പരീക്ഷ പാസ്സാകണം എന്ന് മാത്രം .... അക്കൌണ്ടന്‍സി ഒരു വക തലയില്‍ കയറിയിട്ടില്ല .എന്ത് ചെയ്യും അപ്പോളാണ് ഓര്‍ത്തത്‌ കൂട്ടുകാരില്‍ ചിലര്‍ ഞങ്ങളുടെ പ്രോഫെസ്സറുടെ അടുത്ത് സ്ടഡീലീവിന്‍റെ സമയത്ത് ട്യൂഷന് പോകുന്ന കാര്യം പറഞ്ഞിരുന്നത് നേരെ പ്രോഫെസ്സറുടെ അടുത്തേക്കോടി ...സാറേ എനിക്കും ട്യൂഷന്‍ വേണം. ആദ്യം സമ്മതിക്കാതിരുന്ന പ്രോഫെസ്സര്‍ എന്‍റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ക്ക് മുന്നില്‍ കനിവുള്ളവനായി,അടുത്ത ഒന്നര മാസക്കാലം പഠനത്തിന് വേണ്ടി മാത്രം മാറ്റിയ കാലമായിരുന്നു.രാത്രി 10 മണി മുതല്‍ 12 മണി വരെ ആയിരുന്നു ട്യൂഷന്‍ ഞാനും എന്‍റെ കുഞ്ഞുന്നാള്‍ മുതലുള്ള സുഹൃത്തുമായവനുമൊന്നിച്ചാണ് ട്യൂഷന് പോയിരുന്നത്. അങ്ങനെ പഠനത്തിന്‍റെ കാലം അവസാനിച്ചു.പരീക്ഷയെത്തി. എന്തായാലും   രണ്ടു വര്‍ഷത്തെ വിഷയങ്ങളും എഴുതി ഞാന്‍ കാത്തിരുന്നു റിസല്‍ട്ടിനായി.... അങ്ങനെ ആ ദിനവും വന്നെത്തി ഫലമറിയുവാനായി പ്രസ്‌ ക്ലെബ്ബില്‍ ചെന്ന ഞാന്‍ ജയിക്കുമെന്നുറപ്പുള്ള  എന്‍റെ സുഹൃത്തിന്‍റെ റോള്‍ നമ്പര്‍ ആദ്യം കാട്ടി, അവിടിരുന്ന ആള്‍ നോക്കിയിട്ട് ആ ജയിച്ചു സെക്കന്‍ഡ്‌ ക്ലാസ്സ്‌ ഉണ്ട് എന്ന് പറഞ്ഞു. സന്തോഷത്തോടെ വീണ്ടും ഞാന്‍ ഈ നമ്പര്‍ കൂടി ഒന്ന് നോക്കണേ സാര്‍ എന്‍റെ കൂട്ടുകാരന്‍റെ ആണ് എന്ന് പറഞ്ഞു എന്‍റെ നമ്പര്‍ നല്‍കി വളരെ നേരം തിരഞ്ഞിട്ടും കാണാത്തതുപോലെ അദ്ദേഹം വീണ്ടും തിരയുന്നപോലെ തോന്നിയപ്പോള്‍ ഞാന്‍ ചോദിച്ചു തൊറ്റോ സാറേ? പെട്ടെന്ന് തലയുയര്‍ത്തി അദ്ദേഹം ഇല്ല സുഹൃത്തും ജയിച്ചിട്ടുണ്ട് കേട്ടോ എന്ന് പറഞ്ഞു, ആ ഒരു നിമിഷം അത് എത്ര വലിയൊരു സന്തോഷമാണ് എനിക്ക് നല്‍കിയത് എന്ന് പറഞ്ഞറിയിക്കാനാവില്ല. ആരോടൊക്കെ ഞാന്‍ കടപ്പെട്ടിരിക്കുന്നു ഈ വിജയത്തിന്,...ദൈവത്തോട്പ്രോഫസ്സറോടു,സുഹൃത്തുക്കളോട്,വീട്ടുകാരോട്, പിന്നെ......അവളോട്‌.......

ഒരു വാക്ക് പാലിക്കാന്‍ പറ്റിയെങ്കിലും വീണ്ടും അവിടെ തന്നെ ചേരണം എന്ന ആ വാക്ക് പാലിക്കാന്‍ എനിക്ക് സാധിച്ചില്ല അവിടെ ഞാന്‍ അഡ്മിഷന്‍ നേടിയെങ്കില്‍ പോലും തുടര്‍ന്ന് അവിടെ പഠിക്കുവാന്‍ എനിക്ക് സാധിച്ചില്ല. ആ നാട്ടില്‍ നിന്ന് തന്നെ ഞാന്‍ മാറി. പിന്നീട് ഒരിക്കല്‍ പോലും അവളെ ഞാന്‍ കണ്ടിട്ടില്ല,പക്ഷെ ആ യാത്രപറച്ചില്‍ ദിനത്തെ സംഭാഷണങ്ങള്‍ ഒരു സ്വപ്നമായി എന്നില്‍ വളര്‍ന്നിരുന്നു ....വര്‍ഷങ്ങള്‍ക്കു ശേഷം എപ്പോളോ നാട്ടില്‍ അവധിക്കെത്തിയപ്പോള്‍ എന്‍റെ അലമാരക്കുള്ളില്‍നിന്നും ലഭിച്ച ആ ഓട്ടോഗ്രാഫിനുള്ളില്‍ അന്ന് ഞാന്‍ കാണാതിരുന്ന അവളുടെ വാചകങ്ങള്‍ എന്നെ നോക്കി എന്തൊക്കെയോ പറയുന്നുവെന്ന് തോന്നി. ഒന്നുകൂടി സൂക്ഷിച്ചു വായിച്ചപ്പോള്‍ അവള്‍ എന്നെ,...."കൂടെ ജനിക്കാതെ പോയ ഒരു "സഹോദരനായി" കാണുന്നു എന്നാണു എഴുതിയിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി.......വീണ്ടും വഞ്ചന.... ദൈവമേ ഈ വഞ്ചനകള്‍ ഏറ്റ്‌വാങ്ങുവാനാണോ നീയെന്നെ ഇനിയും ബാക്കി വച്ചിരിക്കുന്നത് എന്ന് ഞാന്‍ ഒരു ദേഷ്യത്തോടെ ഓര്‍ത്തു .....കുറച്ചു നാളുകള്‍ ആയി മനസ്സില്‍ ഞാന്‍ ചിന്തിച്ചു കൂട്ടിയ കാര്യങ്ങള്‍ എല്ലാം വെറും പാഴ്ചിന്തകള്‍ ആയിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി.....വീണ്ടും ഞാന്‍ പ്രതിജ്ഞ ചെയ്തു "ഇനിയൊരു പ്രണയമില്ല"......പക്ഷെ മനുഷ്യന്‍ ബലഹീനനല്ലേ പ്രതിജ്ഞകള്‍ ചിലപ്പോള്‍ തെറ്റിച്ചുപോവില്ലേ........ഞാനും മനുഷ്യനല്ലേ........................?


ജോഷി കുര്യന്‍ പോള്‍

2 comments:

  1. ഒരു ആറു മുതല്‍ പത്താം ക്ലാസ്സ് വരെ മനസ്സില്‍ തോന്നുന്ന വികാരമാണ് യഥാര്‍ത്ഥ പ്രണയം എന്നെനിക്കു തോന്നുന്നു . മുതിര്‍ന്നു വരും തോറും പ്രണയത്തിലെ വിശുദ്ധി ചോര്‍ന്നു പോകുന്നുതായി തോന്നാറുണ്ട് . ഫസ്റ്റ് പാരഗ്രാഫില്‍ പറഞ്ഞമാതിരിയുള്ള ഒരു നോട്ടമുണ്ടാല്ലോ .... എന്റെ പോന്നു സാറേ പിന്നെ വേറൊന്നും കാണാന്‍ പറ്റില്ല :)))

    ReplyDelete
    Replies
    1. /മുതിര്‍ന്നു വരും തോറും പ്രണയത്തിലെ വിശുദ്ധി ചോര്‍ന്നു പോകുന്നുതായി തോന്നാറുണ്ട്/ സത്യം...തീരെ കുറഞ്ഞ ശതമാനം മാത്രമാണ് മുതിര്‍ന്നതിനു ശേഷവും ആത്മാര്‍ത്ഥമായി പ്രണയിക്കുന്നത് കാണാറുള്ളത് .....

      Delete