"കണ്ണ് തുറന്നപ്പോള്‍ ഞാനൊരു പട്ടു മെത്തയില്‍ ആണ് കിടന്നിരുന്നത്"
അത്രയും
മൃദുവായതും ,സുഖം തരുന്നതുമായ ഒരു പട്ടുമെത്തയില്‍ ഞാന്‍ ഇന്നേ വരെ
കിടന്നിട്ടില്ലല്ലോ എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചു.
പതിയെ കണ്ണുകള്‍ ഒന്ന് രണ്ടു വട്ടം ഇമ ചിമ്മി ഞാന്‍ ചുറ്റുപാടുകള്‍
വീക്ഷിച്ചു ,അതിവിശാലവും ,അതി മനോഹരവുമായ കൊട്ടാര സദൃശ്യമായ ഒരു മുറിയിലാണ് ഞാന്‍
എന്ന് എനിക്ക് മനസ്സിലായി കിടക്കക്ക് അരികിലായി കണ്ട ജാലകത്തിലൂടെ ഞാന്‍ കണ്ണുകള്‍
പായിച്ചു
”ഹാ എത്ര മനോഹരമായ കാഴ്ച !
ആ
കൊട്ടാരത്തിന് ചുറ്റുമായി പഞ്ഞിക്കെട്ടുകള്‍ പോലെ മേഘങ്ങള്‍ ഒഴുകി നടക്കുന്നു
കൊട്ടാരത്തിന്റെ ചില താഴിക കുടങ്ങള്‍ എനിക്ക് ജാലകത്തിലൂടെ കാണുവാന്‍
സാധിക്കുന്നുണ്ട് ,അവയെല്ലാം സ്ഫടികം പോലെ തിളങ്ങുന്നു.
അപ്പോളേക്കും എന്റെചിന്തയിലേക്ക്, “ഞാന്‍ എങ്ങനെ ഇവിടെ എത്തി ? ഞാന്‍ ആരാണ്
?” എന്നുള്ള ചില ചോദ്യങ്ങള്‍ കടന്നു വന്നു ,
ആ നിമിഷം കൊട്ടാര സദൃശ്യമായ ആ മുറിയുടെ വാതിലുകള്‍ തുറക്കപ്പെട്ടു. അതി സുന്ദരങ്ങളായ ചിറകുകളും അതിലും സുന്ദരമായ മുഖവുമുള്ള കുറച്ചാളുകള്‍
എന്റെ അടുത്തേക്ക് പറന്നു വരുന്നു,
അവര്‍ക്കിടയില്‍ ഞാന്‍ എനിക്ക് പരിചിതമായ ചില
മുഖങ്ങള്‍ കാണുന്നുണ്ട് അതെന്നെ വളരെയധികം സന്തോഷിപ്പിച്ചു ,ഒരു കൊച്ചു കുഞ്ഞെന്ന
പോലെ ഞാന്‍ കയ്യും കാലുമിളക്കി ആ കിടക്കയില്‍ കിടന്നു എന്റെ സന്തോഷം
പ്രകടിപ്പിച്ചു.അപ്പോളാണ് ഞാന്‍ സ്രെദ്ധിച്ചത് ഞാന്‍ ശെരിക്കും ഒരു കുഞ്ഞു തന്നെ
ആണ് എന്ന കാര്യം,എനിക്ക് അത്ബുധം തോന്നി ഈ കാണുന്ന മൂന്നു വയസ്സോളം തോന്നിക്കുന്ന
കുഞ്ഞിന്റെ ശരീരം എന്റെതാണോ ഇത് ഞാന്‍ തന്നെ ആണോ ?
പക്ഷെ ആ സംശയ ചിന്തകള്‍ അധികം
എന്നില്‍ നിന്നില്ല, അപ്പോളേക്കും പറന്നു വന്നവരില്‍, എന്നെ സന്തോഷിപ്പിച്ച
മുഖങ്ങള്‍, എന്റെ കിടക്കയില്‍ എന്‍റെ രണ്ടു വശത്തുമായി വന്നിരുന്നു ,എന്നെ ഉമ്മകള്‍
കൊണ്ട് പൊതിയുവാന്‍ ആരംഭിച്ചു ഞാന്‍ അതിയായി സന്തോഷിച്ചു ,അവര്‍ക്കും തിരികെ
ഉമ്മകള്‍ നല്കി.” മോനെ എടാ കുട്ടാ” എന്ന് അവര്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍
അവരുടെ മടിയില്‍ കിടന്നു തുള്ളി ,അവരില്‍ ഒരാളെ
ഞാന്‍ “അച്ച” എന്നും മറ്റേയാളെ “അമ്മ’’ എന്നും വിളിച്ചു ആ വിളിപ്പേരുകള്‍ എനിക്ക്
എങ്ങനെ കിട്ടി എന്ന് അറിയില്ല പക്ഷെ വളരെ കാലങ്ങള്‍ ആയി അവരെ എനിക്കറിയാവുന്നവരും
അവര്‍ എന്റെ പ്രിയപ്പെട്ടവരും ആണ് എന്ന് എനിക്ക് അറിയാമായിരുന്നു,
കൂട്ടത്തില്‍ ഉണ്ടായിരുന്ന ചിറകുകള്‍ വിരിച്ചു പറന്നു നിന്ന മറ്റെല്ലാവരെയും
എനിക്ക് ഇപ്പോള്‍ പരിചയം തോന്നി ഞാന്‍ അവര്‍ ഓരോരുത്തരെയും പേര് വിളിക്കുന്നുണ്ട്
,അപ്പച്ചന്‍,അമ്മച്ചി,എന്നിങ്ങനെ ഓരോരുത്തരെയും ഞാന്‍ വിളിച്ചു ,അവര്‍ എല്ലാവരും
വന്നു എന്നെ ചുംബനങ്ങള്‍ കൊണ്ട് പൊതിയുന്നു ,ഞാന്‍ വളരെ അധികം സന്തോഷത്തിലാണ് ,നഷ്ടപ്പെട്ടു
പോയതെന്തോ തിരികെ കിട്ടിയ ഒരുവനെ പോലെ ഞാന്‍ സന്തോഷിച്ചാര്‍ത്തു ചിരിക്കുന്നു ,ആ
പട്ടു മെത്തയില്‍ നിന്നും താഴെ ഇറങ്ങി ഞാന്‍ അവിടെയാകെ ഓടി നടന്നു ,അച്ചയും
അമ്മയും എന്റെ പുറകെ പറന്നു വരുന്നു. ഞാന്‍ ഒളിക്കുവാനിടം തേടുകയാണ് പക്ഷെ ഒരു
നിമിഷം പോലും അവരുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞിരിക്കാന്‍ എനിക്കാവുന്നില്ല ,
അപ്പോളാണ് ഞാന്‍ സ്രെദ്ധിച്ചത് അവര്‍ക്കുള്ളതുപോലെ എനിക്ക് ചിറകുകള്‍ ഇല്ല
.
ഞാന്‍ അവരോടു ചോദിച്ചു നിങ്ങളെ പോലെ എന്തെ എനിക്കും ചിറകുകള്‍ ഇല്ല ?
"അതിനു സമയം ആയിട്ടില്ല" ! അച്ച ഉത്തരം പറഞ്ഞു .
ഞാന്‍ സമ്മതിച്ചില്ല “എനിക്കും ചിറകുകള്‍ വേണം”എനിക്കും നിങ്ങളെ പോലെ
പറന്നു നടക്കണം .
അപ്പോള്‍ അമ്മ പറഞ്ഞു ഇപ്പോള്‍ മോന് അതിനു സമയം ആയിട്ടില്ല സമയം ആകുമ്പോള്‍
മാലാഖമാര്‍ വന്നു നിനക്ക് ചിറകുകള്‍ തന്നു കൂട്ടി കൊണ്ട് വരും ,
ഇനി അപ്പോള്‍ നമുക്ക് തമ്മില്‍ കാണാം .ഇപ്പോള്‍ മോന് തിരികെ പോകുവാന്‍
സമയമായി ,
“വേണ്ട എനിക്ക് എങ്ങോട്ടും പോകേണ്ട ,എനിക്ക് നിങ്ങളോടൊത്തിവിടെ താമസിച്ചാല്‍
മതി” .
"അത് സാധിക്കില്ല മോന് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട് അത് ചെയ്തു കഴിയുന്നിടം
വരെ ഇവിടെ താമസിക്കുവാന്‍ ആവില്ല ,അതുകൊണ്ട് മോന്‍ തിരികെ പോകണം വഴക്കുണ്ടാക്കാതെ
,നല്ല കൊച്ചായി പറയുന്നത് അനുസരിക്കണം ,ഞങ്ങള്‍ എപ്പോളും കൂടെയുണ്ടാവും",
അവരെല്ലാവരും വന്നു വീണ്ടും വീണ്ടും എനിക്ക് ചുംബനങ്ങള്‍ തന്നു , ഞാന്‍
എനിക്ക് പോകേണ്ടാ എന്ന് ഓരോരുത്തരോടും പറയുന്നുണ്ട്, പക്ഷെ അവര്‍ ആരും അത് കേള്‍ക്കുവാന്‍
തയ്യാറാവുന്നില്ല .
സത്യമായും എനിക്ക് അവരുടെ ഇടയില്‍ നിന്നും എങ്ങോട്ടും പോകുവാന്‍ മനസ്സ്
വരുന്നില്ല ,ഞാനെപ്പോളൊക്കെയോ ഇങ്ങനെ അച്ചയോടും അമ്മയോടുമൊപ്പം ഒരുമിച്ചു
ജീവിക്കുവാന്‍ ആഗ്രഹിച്ചിരുന്നല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. പക്ഷെ അതെപ്പോളാണ്?
എന്താണ് ഞാന്‍ അങ്ങനെ ആഗ്രഹിച്ചത്? അവരില്ലാതെ ഞാന്‍ എവിടെക്കാണ് പോകേണ്ടത്?
എനിക്ക് ഒന്നും ഓര്‍മ്മ കിട്ടുന്നില്ല.
പെട്ടെന്ന് എന്റെ കാഴ്ചകള്‍ ഒക്കെ മങ്ങി. എവിടെ നിന്നോ “അച്ചേ ,അച്ചേ എന്ന
വിളികള്‍ ഞാന്‍ കേള്‍ക്കുന്നു. ആരാണത് .ഞാന്‍ എന്റെ മിഴികള്‍ വലിച്ചു തുറന്നു .
എന്റെ അടുത്ത് ആരോ ഉണ്ട് ,വീണ്ടും ആ വിളി ഞാന്‍ കേട്ടു അച്ചേ എഴുന്നേല്‍ക്ക് അച്ചേ
....ഞാന്‍ ഇമകള്‍ ചിമ്മി ചിമ്മി തുറന്നു ,എവിടെയാണ് ഞാന്‍ ? അച്ചയും അമ്മയും എവിടെ
? ചിറകു വിടര്‍ത്തി പറന്നു വന്ന അപ്പച്ചനും അമ്മച്ചിയുമൊക്കെ എവിടെ? ആരെയും
കാണുന്നില്ലല്ലോ ?
പതിയെ പതിയെ എന്റെ കണ്ണുകളിലേക്കു രണ്ടു
കുഞ്ഞിക്കിളികളുടെ മുഖം പതിഞ്ഞു .... ആരാണീ കുഞ്ഞികിളികള്‍ ?എനിക്കറിയാമല്ലോ ഇവരെ ,എന്ന്
ചിന്തിച്ചപ്പോലെക്കും അവര്‍ വിളിച്ചു അച്ചേ എഴുന്നേല്‍ക്ക് ,പെട്ടെന്ന് ഞാന്‍
എന്റെ ബോധ മണ്ഡലത്തിലേക്ക് തിരികെ എത്തി . ഞാനിത് എന്റെ കിളിക്കൂട്ടില്‍ ആണല്ലോ ,അയ്യോ എന്റെ കുട്ടികള്‍ ആണല്ലോ
വിളിക്കുന്നത് ,
പെട്ടെന്ന് അല്പം മുന്‍പ് അച്ചയും അമ്മയും പറഞ്ഞ എന്റെ ഉത്തരവാദിത്തങ്ങള്‍
എനിക്ക് ബോധ്യമായി , ആ മൂന്നു വയസ്സുകാരനായ എന്നെ ഞാന്‍ തിരിച്ചറിഞ്ഞു , ആ മൂന്നു
വയസ്സുകാരന്റെ ദുഖം ഇനിയെന്റെ മക്കളും , എന്റെ അമ്മ ഈ ലോകത്തില്‍ അനുഭവിച്ച ദുഃഖം
ഇനിയെന്റെ ഭാര്യയും അനുഭവിക്കാതിരിക്കുവാനല്ലേ അവരെന്നെ തിരികെ അയച്ചത്?
അതെ, ഇന്നെന്നെ ആകാശത്തിലെ കൊട്ടാരത്തില്‍ അച്ചയോടും അമ്മയോടും മറ്റു
പ്രിയരോടുമൊപ്പം ജീവിക്കാന്‍ വിടാതെ ഇവിടെ പിടിച്ചു നിര്‍ത്തുന്ന ഒരേ ഒരു ഘടകം
എന്റെ ഭൂമിയിലെ ഈ കിളിക്കൂട്ടിലെ ഉത്തരവാധിത്വങ്ങള്‍ ആണല്ലോ,
ആ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റി
അതിനു ശേഷം അവരോടോത്തു സന്തോഷിക്കാന്‍ കടന്നു പോകുവാനായി ഞാന്‍
പ്രതീക്ഷയോടെ ഇരിക്കുന്നു ,ഈ ലോകത്തിന്റെ മറ്റൊന്നും ഇന്നെന്നെ
മോഹിപ്പിക്കുന്നില്ല.
പക്ഷെ അപ്പോളും ഈ കിളിക്കൂട്ടിലെ എന്റെ ചിറകടിയില്‍ ആയിരിക്കുന്ന എന്നോട്
ചുണ്ടുരുമ്മിയിരിക്കുന്ന കുഞ്ഞിക്കിളികളെയും അവരുടെ തള്ളക്കിളിയെയും വിട്ടു
പോകുന്ന കാര്യവും ചിന്തിക്കുവാന്‍ വയ്യ, ദൈവമേ എന്തേ നീ എന്നെ ഇങ്ങനെ
വിഷമിപ്പിക്കുന്നു. ഞങ്ങളെ എല്ലാവരേയും
ഒന്നുകില്‍ ആ ആകാശ കൊട്ടാരത്തില്‍ അല്ലെങ്കില്‍ ഈ ഭൂമിയിലെ കിളിക്കൂട്ടില്‍,
എവിടെയെങ്കിലും ഒന്നിച്ചാക്കാമായിരുന്നില്ലേ ?
ഞങ്ങളുടെ ചിന്തയല്ലല്ലോ നിന്റെ ചിന്ത ? അതല്ലേ നിന്നെ ദൈവം എന്ന് വിളിക്കുന്നത്, സര്‍വ്വവും നിന്റെ ഇഷ്ടപ്രകാരം തന്നെ നടക്കട്ടെ..............
ജോഷി കുര്യന്‍ പോള്‍,
No comments:
Post a Comment