Monday, May 22, 2017

We are meaning making machines

വീണ്ടും ജനനം എന്ന വാക്കോ അല്ലെങ്കില്‍ പുനര്‍ജനനം എന്ന വാക്കോ കേള്‍ക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ അത് തങ്ങളുടെ മാത്രം ഏരിയ ആണെന്നോ അല്ലെങ്കില്‍ അതിന്‍റെ ദാതാക്കള്‍ തങ്ങള്‍ ആണെന്നോ ഉള്ള ഒരു നിഗമനത്തിലൂടെയാണ് പലപ്പോഴും പ്രതികരിക്കുന്നത്,ഈ ഭൂമുഖത്തുള്ള ഓരോ മനുഷ്യനും അവന്‍റെ സാധാരണ ജീവിതത്തില്‍ നിന്നും ഒരു പുനര്‍ജനനം ഉണ്ടാവുന്നത് നല്ലതാണ് അത് അവനെ കരുത്തനാക്കും,

പല ചിന്തകളും വാക്കുകളിലൂടെ പറഞ്ഞു മറ്റൊരാളെ മനസ്സിലാക്കുവാനും സാധിക്കില്ല.എങ്കിലും ഇവിടെ എന്‍റെ ചില ചിന്തകള്‍ നിങ്ങളോട് പങ്കുവക്കുകയാണ് ഞാന്‍.

സാധാരണയായി മനുഷ്യര്‍ തങ്ങളുടെ ജീവിതം നയിക്കുന്നത് പലപ്പോഴും തങ്ങളുടെ ഇന്നലെകളുടെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ആവും. മനുഷ്യന്‍ ഇന്നനുഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ ഇന്നലകളുടെ ദാനം (ഭൂതകാലം)എന്ന് നാം പറയാറുണ്ട്‌ ,നമുക്ക് ലഭിച്ച പഠനം ,കുടുംബം,ബന്ധുക്കള്‍ ,വളര്‍ന്ന സമൂഹം എന്നിങ്ങനെയൊക്കെയുള്ള കാരണങ്ങളാല്‍ നമുക്ക് കിട്ടിയതാണ് നമ്മുടെ ഇന്ന്‍(വര്‍ത്തമാനകാലം) എന്ന് നാം പറയും

എന്നാല്‍ തികച്ചും റാഡിക്കല്‍ ആയ ഒരു കാര്യം ഞാന്‍ പറയുന്നു, "നമ്മുടെ ഇന്നലെകള്‍ അല്ലെങ്കില്‍ ഭൂതകാലത്തിന് നമ്മുടെ ഇന്നിനെ അഥവാ വര്‍ത്തമാനകാലത്തെ ആവിഷ്കരിക്കുന്നതില്‍ യാതൊരു പങ്കുമില്ല. പിന്നെ എന്താണ് നമ്മുടെ ഇന്നിനെ ആവിഷ്കരിക്കുന്നത്? സ്വാഭാവികമായും നമുക്ക് സംശയം ഉണ്ടാവാം.

"നാം ജീവിക്കാന്‍ പോകുന്ന നാളെകള്‍ (ഭാവി) ആണ് നമ്മുടെ ഇന്നുകളെ create ചെയ്യുന്നത്" എന്ന് ഞാന്‍ പറയും.

തര്‍ക്കം ഉണ്ടാവാം ... ഒരു ചെറിയ ഉദാഹരണത്തിലൂടെ ഞാന്‍ എന്‍റെ ചിന്ത വിശദമാക്കാം.

ഒരു വെള്ളിയാഴ്ച അല്ലെങ്കില്‍ ശനിയാഴ്ച വൈകുന്നേരം നിങ്ങള്‍ ഓഫീസില്‍ ഇരിക്കുന്നു , അടുത്ത ദിവസങ്ങള്‍ അവധിയാണ്. നാം ജോലി എല്ലാം തീര്‍ത്തു കൃത്യ സമയത്തിനു പോകുവാനുള്ള തയ്യാറെടുപ്പില്‍ ആണ്. അപ്പോള്‍ ബോസ്സ് കടന്നു വരുന്നു കുറെ ജോലികള്‍ പറഞ്ഞെല്‍പ്പിക്കുന്നു അത്യാവശ്യമായി ചെയ്തു തീര്‍ക്കേണ്ടത്. നമ്മുടെ അവസ്ഥ എന്താവും ? ആകെ മൂഡ്‌ ഓഫ്‌ ആയി ബോസ്സിനെ മനസ്സില്‍ ചീത്ത വിളിച്ച് നമ്മള്‍ ജോലി ചെയ്യാന്‍ തുടങ്ങും കുടുംബവുമായി വെളിയില്‍ പോകാം എന്ന് വാക്ക് പറഞ്ഞിരുന്നു എല്ലാം നശിപ്പിച്ചു ആകെ ദേഷ്യത്തോട് കൂടി നാം ജോലി ചെയ്യുന്നു,

അല്പം കഴിയുമ്പോള്‍ ബോസ് വീണ്ടും കടന്നു വരുന്നു ഇപ്പോള്‍ കയ്യില്‍ രണ്ടു ടിക്കെറ്റ് ഉണ്ട് ,അത് മേശപ്പുറത്തു വച്ചിട്ട് പറയുന്നു "ഇത് കഴിഞ്ഞ ക്വാര്‍ട്ടെറില്‍ നമ്മുടെ കമ്പനിക്കുണ്ടായ ലാഭത്തിന് കമ്പനി തരുന്ന ഗിഫ്റ്റ് ആണ് നിനക്കും ഭാര്യക്കും ഗോവയില്‍ പോയി വരാനുള്ള ടിക്കെറ്റ് ഒപ്പം ഒരാഴ്ച ഹോട്ടെല്‍ താമസം മറ്റു ചിലവുകള്‍ എല്ലാം കമ്പനി വക".  ഇപ്പോള്‍ നമ്മുടെ ജോലിയിലുള്ള മൂഡ്‌ എങ്ങനെ ആവും? നേരത്തെ ശപിച്ചുകൊണ്ടു ചെയ്തിരുന്ന ജോലി ഇപ്പോള്‍ വളരെ സന്തോഷത്തോടു കൂടി ചുണ്ടില്‍ ചിലപ്പോള്‍ ഒരു മൂളിപ്പാട്ടുമായ് നാം ചെയ്യുന്നു.

ഇനി അല്പം മുന്നോട്ടു നോക്കാം നാം ഗോവയില്‍ ആണ് ബീച്ചിലും മറ്റുമൊക്കെയായി അടിച്ചുപൊളിച്ചു നടക്കുന്നു അങ്ങനെ ബീച്ചില്‍ ഇരിക്കെ ഭാര്യുടെ ബാഗില്‍ നിന്നും വെളിയിലേക്ക് നീണ്ടു നില്‍ക്കുന്ന ടിക്കെറ്റ് കാണുന്നു ,എടുത്തു നോക്കുമ്പോള്‍ ഓര്‍ക്കുന്നു നാളെ വൈകിട്ട് മടക്കമാണ്, അപ്പോള്‍ നമ്മുടെ മൂഡ്‌ എങ്ങനാവും? അല്പം മ്ലാനത വരുന്നു വീണ്ടും അതെ ഓഫീസ് അതേ തിരക്കുകള്‍ യന്ത്രം കണക്കുള്ള ജീവിതം.നമ്മള്‍ മൂഡിയാവുന്നു.

ഇപ്പോള്‍ രണ്ടു സന്ദര്‍ഭങ്ങള്‍ നാം കാണുന്നു ,തികച്ചും ദേഷ്യമായി നാം ഇരുന്ന അവസ്ഥയില്‍ ഗോവയിലെക്കുള്ള ടിക്കെറ്റ് ലഭിച്ചപ്പോള്‍ നമ്മുടെ മൂഡ്‌ സന്തോഷമായി നാം ഇപ്പോള്‍ നല്ലതല്ലാത്ത അവസ്ഥയില്‍ ആണെങ്കിലും നാളെ വരാന്‍ പോകുന്ന ഗോവയേ ഓര്‍ത്ത് സന്തോഷം ഗോവയില്‍ ഇരിക്കുമ്പോള്‍ സന്തോഷത്തിന്‍റെ മൂഡില്‍ ഇരിക്കുമ്പോള്‍ തിരികെ അടുത്ത ദിവസം വന്നുചേരേണ്ട ഓഫീസ് ജീവിതത്തെ കുറിച്ച്ഓര്‍ത്ത് വിഷമം. അതാണ്‌ ഞാന്‍ പറഞ്ഞത് നമ്മുടെ ഇന്നുകള്‍ എങ്ങനെ എന്ന് തീരുമാനിക്കുന്നത് , ഇന്നലെകളല്ല വരാന്‍ പോകുന്ന നാളെകള്‍ ആണ് എന്ന്‍.
പിന്നെ എന്തുകൊണ്ടാണ് നമുക്ക് തോന്നുന്നത് നമ്മുടെ ഇന്നലെകള്‍ മൂലമാണ് നമ്മുടെ ഇന്നുകള്‍ അല്ലെങ്കില്‍ നമ്മുടെ വര്‍ത്തമാനകാലം create ചെയ്യപ്പെട്ടിരിക്കുന്നത് എന്ന്?. കാരണം നമ്മുടെ past പാസ്റ്റില്‍ അല്ല സ്ഥിതി ചെയ്യുന്നത് പിന്നെയോ futureല്‍ ആണ്.

എങ്ങനെ എന്ന് വിശദീകരിക്കാം

ചെറുപ്പത്തില്‍ സ്കൂളില്‍ എല്ലാവരുടെയും മധ്യത്തില്‍ ഒരു പാട്ട് പാടിയപ്പോള്‍ എല്ലാവരും ചിരിച്ചു നമ്മള്‍ അര്‍ഥം കൊടുത്തു എന്‍റെ പാട്ട് കൊള്ളില്ല ഇനി ആരുടേയും മുന്നില്‍ പാടരുത്. ക്ലാസ്സില്‍ ടീച്ചര്‍ ഒരു ചോദ്യം ചോദിച്ചപ്പോള്‍ എനിക്കറിയാം എന്ന് പറഞ്ഞു കയ്യുയര്‍ത്തി ആദ്യം ഉത്തരം വിളിച്ചു പറഞ്ഞതോ പോട്ടത്തെറ്റായിപ്പോയി, ക്ലാസ്സ് മുഴുവന്‍ ആര്‍ത്തു ചിരിച്ചു നാം തീരുമാനിച്ചു ഇനി ഒരിക്കലും 100%ഉറപ്പില്ലാതെ ആളുകളുടെ മുന്നില്‍ ഒന്നും പറയരുത്.അന്നുമുതല്‍ നമ്മുടെ self expression തീര്‍ന്നു.അത് പിന്നീടു നമ്മുടെ അന്തര്‍മുഖ സ്വഭാവത്തിലേക്കു നയിച്ചു.ഇങ്ങനെ നമ്മള്‍ തന്നെ കൊടുത്ത അര്‍ഥങ്ങള്‍ സത്യങ്ങള്‍ എന്ന് കരുതി നാം ജീവിക്കുകയാണ്.

നാം വെറും മഷീനുകളാണ് meaning making machines.ഒരാള്‍ നോക്കി ചിരിച്ചാല്‍ എന്തെങ്കിലും ചോദിച്ചാല്‍ സൂക്ഷിച്ചൊന്നു നോക്കിയാല്‍ ഒക്കെ നാം അതിനെല്ലാം അര്‍ഥങ്ങള്‍ ചിന്തിച്ചു കൂട്ടുകയാണ് എന്നിട്ട് ആ അര്‍ഥങ്ങള്‍ സത്യമെന്ന രീതിയില്‍ ജീവിക്കുവാന്‍ തുടങ്ങുന്നു, വര്‍ഷങ്ങളായി അത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.എങ്ങനെ നാം ഇങ്ങനെ ആയി എന്ന് ചോദിച്ചാല്‍ നമുക്കറിയില്ല കാരണം അവ നമുക്ക് blindspotsആണ്...ഇരുട്ടാണ്. ആ ഇരുട്ടിലേക്ക് പ്രകാശം ലഭിച്ചു കഴിയുമ്പോള്‍ ചില സത്യങ്ങള്‍ നാം തിരിച്ചറിയുവാന്‍ തുടങ്ങും അത് നമ്മെ കരുത്തരാക്കും .... അത് വലിയ ഒരു സത്യത്തിലെക്കാന് നമ്മെ നയിക്കുന്നത്.ആ സത്യം നമ്മെ ഒരു പുതിയ ജീവിതത്തിലേക്ക് വഴി നയിക്കും.

നമ്മുടെ ജീവിതത്തില്‍ മേല്പറഞ്ഞപോലെ ചില അനുഭവങ്ങള്‍ ഉണ്ടാവുന്നു അടുത്ത നിമിഷം അത് പാസ്റ്റ് ആയി മാറുന്നു പക്ഷെ നാം അതിനെ പാസ്റ്റില്‍ കളയുന്നില്ല നാം അതിനെ ഫ്യൂച്ചറില്‍ നിക്ഷേപിക്കുന്നു ,എനിക്ക് അങ്ങനെ ചെയ്തപ്പോള്‍ അന്ന്‍ അങ്ങനെ അനുഭവം ഉണ്ടായി അതുകൊണ്ട് ഇനി എന്‍റെ ജീവിതത്തില്‍ അങ്ങനെ സംഭവിക്കരുത്. അതായത് നമ്മുടെ പാസ്റ്റ് നമ്മുടെ ഫ്യൂച്ചറില്‍ നിറഞ്ഞിരിക്കുന്നു. ആ പാസ്റ്റിനെ ഫ്യൂച്ചറില്‍ നിന്നും തിരികെ പാസ്റ്റിലേക്ക് തന്നെ മാറ്റിക്കഴിയുമ്പോള്‍ നമ്മുടെ ഫ്യൂച്ചര്‍ നമുക്ക് empty ആയി കാണാം empty ആയ ഒരു സ്ഥലത്ത് നമുക്ക് എന്താണ് create ചെയ്യാന്‍ പറ്റുന്നത് ? anything  ഇല്ലേ , ഒഴിഞ്ഞ അവസ്ഥയില്‍ നമുക്ക് എന്തും സൃഷ്ടിക്കാം ,ഒരു ഒഴിഞ്ഞ കാന്‍വാസില്‍ നമുക്കിഷ്ടമുള്ള ചിത്രം വരക്കാന്‍ പറ്റുന്നത് പോലെ. അങ്ങനെ ഒഴിഞ്ഞ ഒരു അവസ്ഥ ഉണ്ടാകുമ്പോള്‍ ഒരു മനുഷ്യന്‍ ഒരുപാട് കരുത്തുള്ളവനായി മാറും , അവന്‍ ഒരു പുതിയ സൃഷ്ടി ആയി മാറാനും അത് കാരണമാവും.

എങ്ങനെയാണ് ആ ഒഴിഞ്ഞ അവസ്ഥയില്‍ എത്തുന്നത് ? അതാണ്‌ വാക്കുകളിലൂടെ വിശദമാക്കുവാന്‍ സാധിക്കാത്തത് അത് ഓരോ വ്യക്തിയും അനുഭവിച്ചു തന്നെ അറിയണം,

നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെ പോലെ ആയി തീരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് ക്രിസ്തു പറയുന്നത് നമുക്ക് ഇവിടെ കൂട്ടി വായിക്കാം ,ശിശുക്കള്‍ എങ്ങനെയുള്ളവരാണ്, അവര്‍ ഒഴിഞ്ഞ പാത്രങ്ങള്‍ അല്ലെ? അവര്‍ നമ്മില്‍ നിന്നും പ്രകൃതിയില്‍ നിന്നുമൊക്കെ ഓരോന്നും  പഠിക്കുകയാണ് അവരെ നാം എങ്ങനെ പഠിപ്പിക്കുന്നോ അങ്ങനെ ആയി മാറുന്നു ഒരു സംശയവും കൂടാതെ അവര്‍ വിശ്വസിക്കുന്നു. മനസ്സില്‍ ഒരു കപടതയും ഇല്ലാത്ത അവസ്ഥ ഒരു കാര്യത്തിനും അവര്‍ അര്‍ഥങ്ങള്‍ കൊടുക്കുന്നില്ല അവര്‍ ഒഴിഞ്ഞ കാന്‍വാസുകള്‍ ആണ് അങ്ങനെ ഒഴിഞ്ഞ കാന്‍വാസുകള്‍ ആയി മാറുക എന്നതാണ് പ്രധാനം......നമുക്കും അങ്ങനെ ആയി മാറാം, നാം തന്നെ കല്പിച്ച്ചുണ്ടാക്കുന്ന അര്‍ത്ഥങ്ങളാകുന്ന ചിലന്തിവലകള്‍ക്കുള്ളില്‍ കിടന്നു പിടയുന്ന നമുക്ക് അതില്‍ നിന്നും മാറി ഒഴിഞ്ഞ അവസ്ഥയില്‍ ജീവിതം മനോഹരമായി ജീവിക്കാം.

സ്നേഹത്തോടെ നിങ്ങളുടെ
ജോഷി കുര്യന്‍ പോള്‍ 

No comments:

Post a Comment