കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ പ്രദേശത്തു കള്ളന്മാര് അവരുടെ പണി
നല്ല രീതിയില്‍ നടത്തികൊണ്ടിരിക്കുന്നു
,ഞങ്ങളുടെ അപ്പാര്‍ടുമെന്റിലെ രണ്ടു ഫ്ലാറ്റുകളില്‍ അവര്‍ മോഷണം നടത്തി കഴിഞ്ഞു,
രണ്ടു വീട്ടിലും ഉറങ്ങി കിടന്ന ആളുകളെ എന്തോ മണപ്പിച്ചു മയക്കി ശബ്ദം കേട്ടാലും
ഉണരാത്ത വിധം മുന്‍കരുതല്‍ എടുത്താണ് അവരുടെ കലാപരിപാടി നടത്തിയത് എന്ന്
സംശയിക്കുന്നു ,കാരണം രണ്ടു വീട്ടിലും ആളുകള്‍ സാധാരണ ഉണരുന്നതിലും വളരെ വൈകിയാണ്
അടുത്ത പ്രഭാതത്തില്‍ ഉണര്‍ന്നത് . കാര്യമായിട്ടൊന്നും തടഞ്ഞില്ലെങ്കിലും അത്യാവശ്യം
പണവും വിലയുള്ള മൊബൈലുകളും കള്ളന്
കൊണ്ടുപോയി , ജീവന് തിരിച്ചു കിട്ടിയല്ലോ അത് തന്നെ വലിയ കാര്യം ,കേരളത്തില്‍
എങ്ങാനുമാരുന്നേല് ചിലപ്പോള്‍ രാവിലെ ഉണരുമ്പോള്‍ തല തന്നെ കാണില്ലാരുന്നു.
ഈ സംഭവങ്ങള്‍ അറിഞ്ഞപ്പോള്‍, അടുത്ത രാത്രിമുതല്‍ എന്റെ ഉറക്കം കുറഞ്ഞു
,രാത്രിയില്‍ ചെറിയ ശബ്ദം കേട്ടാല്‍ ഉടന്‍ ചാടി എഴുന്നേറ്റു പതിയെ മുറിക്കുള്ളില്‍
ഒക്കെയൊന്ന് കറങ്ങി നോക്കി വാതിലിന്റെ കുറ്റിയും പൂട്ടും ഒക്കെ ശെരിയാണോ എന്നോക്കെയോന്നു
പരിശോദിച്ചു കുഴപ്പമില്ല എന്ന് ഉറപ്പു വരുത്തി വീണ്ടും കിടക്കും,പിന്നെ കിടന്നാല്‍
നിദ്രാദേവി വൈകിയേ കടന്നു വരൂ ,
അങ്ങനെ നിദ്രാദേവിയുടെ വരവും പ്രതീക്ഷിച്ചു കിടക്കെ തൊട്ടടുത്തു നിന്നും ഒരു
ശബ്ദം എനിക്ക് താരാട്ട് പാട്ടായി കൂട്ടുണ്ടാവും മറ്റാരുമല്ല “എന്റെ ഹൃദയം മോഷ്ടിച്ചവളുടെ
സംഗീതമാണത്” നല്ല താളത്തോടെ ഒരേ ലെവലില്‍
ആരോഹണവും അവരോഹണവും ഒരു വ്യത്യാസവുമില്ലാതെ എന്റെ പ്രിയപ്പെട്ടവള്‍ എനിക്കായ്
പാടും ,ആ താരാട്ടും കേട്ടു പഞ്ഞിയുണ്ടാരുന്നെങ്കില് "ഈയര്‍ ഫോണ്‍" ആക്കാമായിരുന്നു
എന്ന് ചിന്തിച്ചു കിടക്കെ ,ഓര്‍മ്മയില്‍ മറ്റു ചില കള്ളന്മാര് കടന്നു വന്നു .
എന്റെ ഓര്‍മ്മയിലെ ആദ്യത്തെ കള്ളന് ഞാന്‍ തന്നെയാവാം ..അത് എന്ത്
കട്ടതിനാണ് എന്നറിയില്ല ആരൊക്കെയോ “എടാ കൊച്ചു കള്ളാ” എന്ന് വിളിച്ച ഓര്‍മ്മകള്‍
ഉണ്ട്. അല്പം മുതിര്‍ന്നപ്പോള്‍ അമ്മ അലമാരിക്കുള്ളില്‍ പൂട്ടി വച്ചിരുന്ന ബേക്കറി പലഹാരങ്ങള്‍
മോഷ്ടിച്ചുകൊണ്ട് ഞാന്‍ ആ വിളി അന്വര്‍ത്ഥമാക്കുവാന്‍ തുടങ്ങി, അമ്മ എത്ര തന്നാലും
അത് തീര്‍ത്തതിനു ശേഷം അമ്മയറിയാതെ ഒന്നെങ്കിലും മോഷ്ടിച്ച്ചില്ല എങ്കില്‍ എനിക്ക്
ത്രുപ്തിയില്ലാത്ത കാലമായിരുന്നു അത് .
അടുത്തതായി ഈ കൊച്ചു കള്ളാ വിളി
ഞാന്‍ കേള്‍ക്കുന്നത് ,ഞങ്ങളുടെ അടുത്ത വീട്ടിലെ വേലിക്കല് ഒരു സന്ധ്യാ സമയത്താണ്,സന്ധ്യവരെ
കൂട്ടുകാരുമൊത്ത് പഞ്ചായത്തു പറമ്പിലെ കളികള്‍ക്ക് ശേഷം വീട്ടിലേക്കു വരുമ്പോള്‍, അടുത്ത
വീട്ടിലെ വെലിക്കിറമ്പില് ഒരു ചെറു അനക്കം ,അത് കണ്ടപ്പോള്‍ എന്നിലെ ധൈര്യവാന് ഒന്ന്
വിറച്ചു ,പതിയെ നിന്നുകൊണ്ട് എന്താണ് അനക്കം എന്ന് ശ്രെദ്ധിച്ചു. അപ്പോള്‍
ചെറുതായി ആരുടെയോ സംസാരം കേള്‍ക്കാം എന്തായാലും പാമ്പും ചേമ്പും ഒന്നുമല്ല
പേടിക്കേണ്ട എന്ന് കരുതിയപ്പോള്‍ ആണ് എന്റെ മനസ്സിലേക്ക് ആ ചിന്ത കടന്നു വന്നത്
ആരാണ് ഈ വേലിയിറമ്പില്‍ ഈ സന്ധ്യാ സമയത്ത് സ്വകാര്യം പറയുന്നത്?
എന്റെ ചെവികള്‍ ഏതു
ചെറു ശബ്ദത്തെയും പിടിച്ചെടുക്കത്തക്കവിധം ഞാന്‍ കൂര്‍പ്പിച്ചു
അപ്പോള്‍ കേള്‍ക്കാം
“മോളേ നീ ആ കൈ ഇങ്ങോട്ട് താ...ഞാന്‍ ഇട്ടു തരാം എന്റെ മുത്തല്ലേ”
‘’ങേ ഇത് നല്ല പരിചയമുള്ള ശബ്ദമാണല്ലോ എന്ന് കരുതവേ വേലിക്കപ്പുറത്തു
നിന്നും ഒരു കിളിനാദം ഞാന്‍ കേട്ടു
“അങ്ങനെയിപ്പം വേണ്ട എന്റെ ‘കൊച്ചു കള്ളാ’ വേല കയ്യിലിരിക്കട്ടെ”
ഇതു ഞങ്ങടെ ഉമ ചേച്ചിയുടെ ശബ്ദമാണല്ലോ ?
അപ്പോള്‍ ആദ്യം കേട്ട പുരുഷ ശബ്ദം
ആരുടെയാണ് ?എന്നിലെ അന്വേഷകന് അതറിയാന്‍ തിടുക്കമായി പതിയെ ശബ്ദം കേള്പിക്കാതെ
ഞാന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് കൂടുതല്‍ അടുത്തു.ഇപ്പോള്‍ എനിക്ക് ആളെ മനസ്സിലായി
ഉമ ചേച്ചിയുടെ ആങ്ങള ഉത്തമന് ചേട്ടന്റെ സുഹൃത്ത് സദന് ചേട്ടന് ആണത്,
സദന് ചേട്ടന്റെ കയ്യില്‍ എന്ത് കള്ളത്തരമാണുള്ളത് ?ഉമേച്ചി എന്തിനാണ്
സദന് ചേട്ടനെ “കൊച്ചുകള്ളാ എന്ന് വിളിച്ചത്?എന്നൊക്കെ സംശയം തോന്നിയെങ്കിലും
അവരുടെ ‘”കള്ളത്തരം” എനിക്കെന്തോ ഒരു നാണം പോലുള്ള വികാരം സംമാനിച്ചതിനാല് ഞാന്‍
പതിയെ അവിടെ നിന്നും പിന്മാറി വീട്ടിലേക്കു നടന്നു ,
എങ്കിലും എന്തിനാണ് സദന്
ചേട്ടനെ ഉമേച്ചി “കൊച്ചുകള്ളാ” എന്ന് വിളിച്ചത് എന്ന സംശയം കുറച്ചു നാളേക്ക് എന്റെ
ഉള്ളില്‍ കിടന്നു വട്ടം കറങ്ങിയിരുന്നു ,പിന്നീട് അവരുടെ കല്യാണം നടന്നപ്പോള്‍
എനിക്ക് മനസ്സിലായി ഉമേച്ചിയുടെ ഹൃദയം കട്ടതുകൊണ്ടാണ് സദന്ചേട്ടനെ ഉമേച്ചി കൊച്ചുകള്ളാ
എന്ന് വിളിച്ചതെന്ന്.
പിന്നെ എന്റെ ഒരു കൂട്ടുകാരന് കള്ളനെ ആണ് എനിക്ക് ഓര്‍മ്മ വന്നത്,
സുനില്‍ എന്ന എന്റെ സുഹൃത്തിനെ വീട്ടുകാരുടെ മുന്നില്‍ ഒരു കൊച്ചു കള്ളന്
ആക്കുന്നതിനു പിറകില്‍ ഒരു “കള്ളി” ഉണ്ടാരുന്നു, എന്റെ മിത്രത്തിന്റെ കോളേജു
പഠനകാലം ,കോളേജില്‍ അന്ന് ഷിഫ്റ്റ് സമ്പ്രദായം രാവിലത്തെ ഷിഫ്ടും കഴിഞ്ഞു
വീട്ടില്‍ എത്തിയിരുന്ന അവനു ഒരു ദിവസം ഒരു ഫോണ്‍ കോള്‍ വരുന്നു,
സുനിലല്ലേ ?
“അതെ ,ആരാണ് സംസാരിക്കുന്നത്” ?
“എന്നെ മനസ്സിലായില്ലേ” ?”എന്റെ സ്വരം
കേട്ടിട്ട് എന്നെ മനസ്സിലായില്ലേ” ?
അല്പം കുസൃതി കലര്‍ന്ന ചോദ്യം
ആരാണ് പ്രണയ കഥയിലെ നായികമാരെ പോലെ നാണവും കുസൃതിയും ഒക്കെ കലര്‍ന്ന
ഭാവത്തില്‍ ഈ ചോദ്യം ചോദിക്കുന്നത്, സുനിലിന് അല്പം അമ്പരപ്പ് തോന്നി ,
“ഹലോ ഞാനല്പം തിരക്കില്‍ ആണ് ,ആരാണെന്ന് പറയൂ
അത്യാവശ്യമല്ലെങ്കില്‍ പിന്നീട് വിളിക്കൂ”
അല്പം ജാഡയില് അവന് പറഞ്ഞു
“ഒരു മിനിട്ട്... സുനില്‍ ഫോണ്‍ വക്കരുതെ”.
“തേരേ മേരെ സപ്നേ അബ് ഏക് രംഗ് ഹേ.........”
ജഹാം ഭീ ലേ ജായെ രാഹേ ഹം സംഗ് ഹേ”
“ചന്ദ്രന് മോഹിച്ച പെണ്ണെ നക്ഷത്രം നിന്നെ
വിളിച്ചു
ഈ മാളികക്കുള്ളില്‍ നീയും മോഹങ്ങള്‍ രാവാട
നെയ്യും .
മംഗല്യ സൂത്രത്തിലുണ്ടോ മാനസങ്ങള്‍ക്കുള്ള ബന്ധം....
നാമിന്നീയൊന്നായതെന്തേ ......
തേരേ മേരെ സപ്നേ അബ് ഏക് രംഗ ഹേ.........”
സുനിലിന്റെ ചെവിയിലേക്ക് ഈ ഗാനം ഒഴുകിയെത്തി
ശ്രവണ സുന്ദരമായ ആ സ്വരം കേട്ടു സുനില്‍ അതില്‍
ലയിച്ചു നില്കെ
“ബൈ” എന്ന് പറഞ്ഞവള്‍ ഫോണ്‍ കട്ട് ചെയ്തു
ഐസ്ക്രീം ആഗ്രഹിച്ചിരുന്നവന് പാവക്കാ ജ്യൂസ് കിട്ടിയപോലെ
സുനിലിന്റെ മുഖം വാടി
എന്നാലും ആരാവും ആ പെണ്ണ് ? എന്നെ പാട്ട് പാടി
കേള്പിച്ച് ആരെന്നു പറയാതെ പോയവള്‍?
സുനില്‍ ചിന്തയിലായി ,ആരാവും അവള് ?
ഫോണ്‍ വന്നത് മുതല്‍ ഗഹനമായ ചിന്തയില്‍ ആയിരുന്ന
മകനെ സുനിലിന്റെ അമ്മ സ്രെദ്ധിച്ചു
എന്ത് പറ്റിയെടാ ? എന്താ ഇത്ര ആലോചന ,ആരാ
വിളിച്ചത്?
ഹേ ,ഒന്നുമില്ലമ്മേ അതൊരു ഫ്രെണ്ട് ആരുന്നു .
പക്ഷെ ,അടുത്ത ദിവസവും കൃത്യം അതെ സമയത്ത് തന്നെ
ഫോണ്‍ വന്നു ,ഇന്ന് ഫോണ്‍ എടുത്തത് അമ്മയായിരുന്നു ,
സുനിലിനുള്ള കോള്‍ ആണെന്ന് കണ്ടു അമ്മ അവനെ
വിളിച്ചു ഫോണ്‍ കൊടുത്തു
പക്ഷെ ടീച്ചര്‍ ആയ അമ്മ, പെണ്‍കുട്ടിയാണ്
വിളിച്ചത് എന്ന് കണ്ടു അല്പം സ്രെദ്ധ കൊടുത്തിരുന്നു.
ഇന്നും പതിവുപോലെ തന്നെ അതേ പാട്ട് പാടി
കേള്പിച്ചതിനു ശേഷം അവള് താന്‍ ആരെന്നു വെളിപ്പെടുത്താതെ ബൈ പറഞ്ഞു .
തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത് തുടര്‍ന്നു
സ്ഥിരം ഒരേ സമയത്ത് വന്നുകൊണ്ടിരുന്ന ഫോണ്‍കോള്‍ അമ്മയും കുഞ്ഞു
പെങ്ങളും പതിയെ സ്രെദ്ധിക്കാന്‍ തുടങ്ങി ,ജനലിന്റെ മറവില്‍ നിന്നും വാതിലിനു
മറഞ്ഞു നിന്നും ഒക്കെ എന്താണ് സംസാരം എന്ന് അവര്‍ കേള്‍ക്കുവാന്‍ നോക്കി ,പക്ഷെ
സുനില്‍ ഒന്നും സംസാരിച്ചു കാണുന്നില്ല
കുഞ്ഞു പെങ്ങള് ചില ഡയലോഗുകള്‍ വിട്ടു
പരീക്ഷിച്ചു നോക്കി
ചില കള്ളന്മാരുടെ വിചാരം കണ്ണടച്ചു
പാലുകുടിച്ചാല്‍ ആരും അറിയില്ലെന്നാ .
അമ്മയും ഇടക്ക് ആരാടാ “കള്ളാ” ഈ നാലുമണി കള്ളി,ഞാന്‍
കുറച്ചു ദിവസമായി കാണുന്നു
എന്നൊക്കെ
ചോദിച്ചു എങ്കിലും അവനതൊക്കെ ഒരു ചിരിയില്‍ ഒതുക്കി .
അങ്ങനെ കുറച്ചു കാലം കിളിപ്പാട്ട് കേള്പിച്ച്
,സുനിലിന് കള്ളന് എന്ന പേരും സമ്പാദിച്ചു കൊടുത്തവള്‍,
സുനിലിന്റെ ഹൃദയത്തില്‍ നുള്ളു
കിട്ടിയപോലെ ഒരു ചെറിയ വേദനയും സമ്മാനിച്ചു ആ “കള്ളി” പെട്ടെന്നൊരുനാള്‍ വിളി നിര്‍ത്തി.കുറച്ചു
നാള് ആ നുള്ളിന്റെ വേദന ഉണ്ടായിരുന്നെങ്കിലും കാലം ആ കള്ളിയുടെ ഓര്‍മ്മകളെ അവനില്‍
നിന്നും മായ്ച്ചു.
ചിലപ്പോള്‍ ഈ കുറിപ്പ് കാണുമ്പോള്‍ ആവാം ഇനി അവന് അവളെ ഓര്‍ക്കുന്നത്
.
പിന്നെയും പല പല കള്ളന്മാര് പല പല ഭാവത്തിലും രൂപത്തിലും കടന്നു വന്നു കൊണ്ടിരിക്കെ
എന്റെ ചെവിയില്‍ ഒരു മന്ത്രണം പോലെ ഒരു സ്വരം.
"കൊച്ചുകള്ളാ" എന്താ ഇന്ന് ഉറങ്ങാതെ ആരേം സ്വപ്നം കണ്ടു കിടക്കുവാ ?
ഇടയ്ക്കു പാട്ട് നിര്‍ത്തിയ എന്റെ കള്ളി ആയിരുന്നത്
ഇനിയും കള്ളന്മാരെ ചിന്തിച്ചു കിടന്നാല്‍ സ്വയം കള്ളനാവും എന്ന് മനസ്സിലാക്കിയ ഞാന്‍
"നിന്നെയല്ലാതെ ആരെ ഞാന്‍ സ്വപ്നം കാണാന്‍' എന്നൊരു നമ്പരും പാസാക്കി സകല കള്ളന്മാര്ക്കും മനസ്സാല്‍ ശുഭരാത്രി ആശംസിച്ചു പുതപ്പിനടിയിലേക്കു വലിഞ്ഞു .......
ജോഷി കുര്യന് പോള്‍
"Kochukallan" kidu chila nagna satyangal arinjadil santhosham......
ReplyDeleteഹ ഹ ഹ
ReplyDelete