ബൈബിളില്‍ മനുഷ്യരുടെ ഭാഷ പലതാക്കിയതിനെക്കുറിച്ച് പറയുന്ന ഒരു സംഭവമുണ്ട് (ഉല്പത്തി 11ല്‍). ഒരേ ഭാഷയായിരുന്ന ജനത്തിന്റെ ഭാഷ പലതായി കലക്കി കളഞ്ഞതിനാല്‍ അതിനു ബാബേല്‍ എന്ന് പേരായി.
ഇന്ന് നമ്മുടെ പല വീടുകളും ഈ ബാബേലിന്റെ അനുഭവത്തിലാണ്, വീടിനുള്ളില്‍ വസിക്കുന്നവര്‍ക്ക് പരസ്പരം ഭാഷകള്‍ മനസ്സിലാവുന്നില്ല ,ഭാര്യയുടെ ഭാഷ ഭര്‍ത്താവിനു മനസ്സിലാവുന്നില്ല ,ഭര്‍ത്താവിന്റെ ഭാഷ ഭാര്യക്ക് മനസ്സിലാവുന്നില്ല ,അപ്പന്റെയും അമ്മയുടെയും ഭാഷ മക്കള്‍ക്ക് മനസ്സിലാവുന്നില്ല മക്കളുടെ ഭാഷ മാതാപിതാക്കള്‍ക്കും മനസ്സിലാവുന്നില്ല . ഇങ്ങനെ ഒരവസ്ഥയിലാണ് പല വീടുകളും. എന്നാല്‍ ബൈബിള്‍ തന്നെ പറയുന്ന മറ്റൊരു അനുഭവം കൂടിയുണ്ട്, അങ്ങനെയുള്ള വീടുകളും ഒത്തിരി ഉണ്ട് ,ഏതു ഭാഷ പറഞ്ഞാലും കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാവുന്ന പെന്തക്കൊസ്തിയുടെ അനുഭവം(അ.പ്ര 2).
അടുത്ത ദിവസം പരിചയപ്പെട്ട ഒരു ചെറുപ്പക്കാരന് അവന്റെ വീടെന്ന ബാബേലനുഭവത്തെ പെന്തക്കൊസ്തിയുടെ അനുഭവമാക്കി മാറ്റുവാന്‍ പറ്റിയ സന്തോഷം പങ്കുവെക്കുകയായിരുന്നു,
"ഓര്‍മ്മ വെച്ച കാലം മുതല്‍ അപ്പന് പട്ടാളത്തില്‍ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്, അപ്പനും അമ്മയും തമ്മില്‍ സ്വരചേര്‍ച്ച നല്ലതായിരുന്നതിനാല്‍ അപ്പന് ഒറ്റക്കും അമ്മയും മക്കളും നാട്ടിലുമായിട്ടായിരുന്നു ജീവിതം,അപ്പന് ആര്‍മിയിലും അമ്മ വീട്ടിലും ബ്രിഗേഡിയര്‍.
അപ്പന് ആര്‍മിയില്‍ നിന്നും വിരമിച്ചു വീട്ടിലെത്തിയപ്പോളും അമ്മ വീട്ടിലെ ബ്രിഗേഡിയര്‍ സ്ഥാനത്ത് വിരമിക്കാതെ തുടര്‍ന്നു,അപ്പന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അമ്മ കുറ്റം കണ്ടെത്തിയിരുന്നു,അപ്പനുമായി അധികം അറ്റാച്ച്മെന്റ് ഇല്ലാതെ വളര്‍ന്ന മക്കള്‍ക്കും അമ്മ പറയുന്നതിലാണ് ശരിയെന്നു തോന്നിയിരുന്നു. മക്കളും എല്ലാക്കാര്യങ്ങള്‍ക്കും അപ്പനെ കുറ്റപ്പെടുത്തി.അപ്പന് തന്റെ ലോകത്തിലേക്ക് സ്വയം ചുരുങ്ങി,അപ്പോളും കുറ്റപ്പെടുത്തലുകള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് മകന് ഒരു ട്രാന്‍സ്ഫെര്‍മേഷന്‍ സെമിനാറില്‍ പങ്കെടുക്കുവാനിടയായത്, കാര്യങ്ങളെ കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടില്‍ കാണുവാനുള്ള ഒരു ശക്തി അവനു ലഭിച്ചു സെമിനാറിന്റെ അവസാന ദിനം അവന് വീട്ടിലെത്തിയപ്പോള്‍ അത്താഴ മേശയില്‍ പതിവ് പോലെ അപ്പനെതിരെയുള്ള കുറ്റപ്പെടുത്തലുകള്‍, അന്ന് പക്ഷെ അതിലെ ശരികെടുകള്‍ അവനു കാണുവാന്‍ സാധിച്ചു, അവന് അമ്മയോടും സഹോദരിയോടും ഒരു നിമിഷം തങ്ങളുടെ വാദങ്ങള്‍ നിര്‍ത്തിയിട്ട് താന്‍ പറയുന്നതൊന്നു ശ്രദ്ധിക്കുവാന്‍ ആവശ്യപ്പെട്ടു, ശേഷം പറഞ്ഞു തുടങ്ങി, ഈ കാര്യത്തില്‍ അപ്പന് തെറ്റുകാരനല്ല ഇതിലെന്നപോലെ പല അവസരങ്ങളിലും അപ്പന് തെറ്റുകാരനല്ലായിരുന്നു നാം പലപ്പോഴും കാരണമില്ലാതെ അപ്പനെ കുറ്റക്കാരനാക്കുകയായിരുന്നു ,ഒരു നിമിഷം ഊണ് മുറിയില്‍ ഒരു നിശബ്ദത നിറഞ്ഞു.അമ്മ വിശ്വസിക്കാനാവാത്തതുപോലെ മകനെ നോക്കി, അവന് അമ്മയോട് പതിയെ പറഞ്ഞു ശരിയല്ലേ അമ്മെ ഒന്ന് ചിന്തിക്കൂ, അവന് ചില പഴയ കാര്യങ്ങള്‍ പറഞ്ഞു അമ്മയും സഹോദരിയും കണ്ണീരോടെ സമ്മതിച്ചു ശെരിയാണ് നീ പറഞ്ഞത് ശെരിയാണ് ,
അപ്പന് ഒരു സ്തംഭനാവസ്ഥയില്‍ ആയിരുന്നു താന്‍ എന്താണ് കേള്‍ക്കുന്നത് തനിക്കനുകൂലമായി ഒരു ശബ്ദം ഈ വീട്ടില്‍ നിന്നുയരുകയോ? മകന് അപ്പനോട് പറഞ്ഞു "പപ്പാ അങ്ങ് കടന്നുപോയ അനുഭവങ്ങള്‍ എത്ര കഠിനമായിരുന്നു എന്ന് എനിക്കിപ്പോള്‍ മനസ്സിലാക്കുവാനാകുന്നുണ്ട് എത്ര ക്രൂരമായിരുന്നു അതെന്ന് വ്യക്തതയോടെ കാണുവാനാകുന്നുണ്ട്,ആ നിമിഷങ്ങളെ തിരികെ കൊണ്ടുവരുവാന്‍ എനിക്കാവില്ല പക്ഷെ ഇനിയുള്ള ദിവസങ്ങള്‍ അതുപോലുള്ളവ ആയിരിക്കില്ലെന്ന ഉറപ്പു മാത്രം ഞാന്‍ നല്‍കാം, അപ്പന്റെ കണ്ണുകള്‍ നിറഞ്ഞു അദ്ദേഹത്തിന് ഒരു വാക്ക് പോലും ശബ്ദിക്കാനായില്ല ,തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് മകന്റെ അടുത്തു ചെന്ന് അവനെ കെട്ടിപ്പുണര്‍ന്നുകൊണ്ട് പറഞ്ഞു "താങ്ക്യു മൈ സണ്‍......താങ്ക്യു.. ഇതുമതി ഒരിക്കലെങ്കിലും ഇങ്ങനൊന്ന് കേള്‍ക്കുവാന്‍ സാധിച്ചല്ലോ, ഇതുമതിയെനിക്ക് ഇനിയുള്ള കാലം കഴിച്ചു കൂട്ടുവാന്‍". അവസാന വാചകം പറഞ്ഞപ്പോള്‍ ശത്രുക്കളുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പോലും പതറാതെ നിന്നിരുന്ന ആ പഴയ ബ്രിഗേഡിയര്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പി കരഞ്ഞുപോയി. .
നാട് മുഴുവന്‍ ആദരിക്കുന്ന വ്യക്തിത്വങ്ങള്‍ ആണെങ്കിലും സ്വന്തം വീടെന്ന ഇത്തിരി ഇടത്തില്‍ സ്ഥാനം ഉണ്ടാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അവരുടെ നേട്ടങ്ങള്‍ എല്ലാം പരാജയമായി മാറാന്‍ ഒരു നിമിഷം മതി, ടോള്‍സ്റ്റോയിയുടെ ചരിത്രം നമുക്കറിയാം, വലിയ എഴുത്തുകാരന് ച്ക്രവര്ത്തികള്ക്ക് തുല്യനായി ആദരിക്കപ്പെട്ടവന് പക്ഷെ വീടെന്ന ഇത്തിരി ഇടത്തില്‍ തനിക്ക് ഇടമില്ലാതെയായി.പനിച്ചു വിറയ്ക്കുന്ന ഒരു രാത്രിയില്‍ ഭാര്യയുമായി പിണങ്ങി പുറത്തെ തണുപ്പിലൂടെ നടന്നു പോയ ആ വലിയ മനുഷ്യനെ പിന്നെ കാണുന്നത് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ ഒരു ബെഞ്ചില്‍ കിടക്കുന്ന അനാഥ ശവമായിട്ടാണ്.
വീണ്ടും നമുക്ക് കാണാം വീടെന്ന ഇത്തിരി സ്ഥലം ലോകം കണ്ട വലിയൊരു ക്രൂരനെ എങ്ങനെ സൃഷ്ടിച്ചു എന്ന്, ഹിറ്റ്ലരുടെ ഓര്‍മ്മയില്‍ അദ്ദേഹത്തിന്റെ പിതാവ് അതിക്രൂരനായിരുന്നു വീട്ടിലെത്തുമ്പോള്‍ അയാള്‍ കൊച്ചു ഹിറ്റ്ലെരുടെ വിരലുകളില്‍ ബൂട്സിട്ട് ചവിട്ടിയിരുന്നു ഒരു ആന്റിയുള്ളതിനാണെങ്കില് അംഗവൈകല്യവും ഒപ്പം ഭ്രാന്തും ,ഭ്രാന്തു മൂക്കുന്ന അവസരങ്ങളില്‍ അവര്‍ കൊച്ചു ഹിറ്റ്ലറെ ആക്രമിക്കുവാനായിട്ടോടിച്ചിരുന്നു. വളര്‍ന്ന് വന്നപ്പോള്‍ അധികാരം കിട്ടിയപ്പോള്‍ അവന് ആദ്യം ചെയ്തത് സെമിത്തേരിയിലെ അപ്പന്റെ കുഴിമാടം വണ്ടിയില്‍ വന്ന് ഇടിച്ചു പൊളിക്കുകയായിരുന്നു,കൂടാതെ തന്റെ അധികാരത്തിനു കീഴിലുള്ള ദേശത്ത് അംഗവൈകല്യമോ ഭ്രാന്തോ ഉള്ള ഒരാളെ പോലും വച്ചു വാഴിക്കരുതെന്ന് കല്പനയും പുറപ്പെടുവിച്ചു,ജര്‍മ്മന്‍കാരനായ ഒരു പ്രഭുവിന് യഹൂദയായ വേലക്കാരിയില്‍ ജനിച്ചതാണ് തന്റെ പിതാമഹന് എന്ന സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ അയാളെക്കൊണ്ട് ചെയ്യിച്ചതെന്തൊക്കെയെന്നും നാം ചരിത്രത്തില്‍ വായിക്കുന്നു. വീടുകള്‍ ബാബേല്‍ ആവുന്നതിന്റെ പരിണിത ഫലങ്ങളാണ് ഇതൊക്കെ.
വീടുകല്ക്കുള്ളിലെ പ്രശ്നങ്ങളെ നമ്മുടെ മാത്രം കാഴ്ചപ്പാടില്‍ കാണാതെ അടുത്തയാളുടെ സ്ഥാനത്തു നിന്നുകൊണ്ട്കൂടി ഒന്ന് കാണുവാന്‍ ശ്രമിക്കുക, പലപ്പോഴും ആ ഒരു കാഴ്ച പല ബാബേല്‍ അനുഭവങ്ങളുള്ള വീടുകളെയും പെന്തക്കൊസ്തിയുടെ അനുഭവങ്ങളാക്കി മാറ്റുവാന്‍ സാധിച്ചേക്കാം .അങ്ങനെയുള്ള സന്തോഷത്തിന്റെ വീടുകളാവട്ടെ നമുക്ക് ചുറ്റിലും എന്ന പ്രാർത്ഥനയോടെ.
സ്നേഹത്തോടെ നിങ്ങളുടെ ജോഷി .
വളരെ ഭംഗിയായിരിക്കുന്നു.
ReplyDelete